ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ദല്ലാളിനെ വെല്ലുന്ന ദല്ലാള്‍പണി

ദല്ലാളിനെ വെല്ലുന്ന ദല്ലാള്‍പണി



തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ആയിരം രൂപ അടയ്ക്കണം. അത്രയും പണം മുടക്കുന്നയാള്‍ക്ക്, പ്രധാനപ്പെട്ട എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും പ്രതിനിധികളെ മുന്നിലിരുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാം എന്നാണ് നടപ്പുരീതി. അങ്ങനെയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാറില്ല. വിഷയം പത്രത്തിന്റെ നയത്തിനു വിരുദ്ധമാണെങ്കില്‍പ്പോലും ചെറിയ വാര്‍ത്ത കൊടുക്കും; അതാണ് മര്യാദ. ബുധനാഴ്ച തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റേതായിരുന്നു.

 മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാണ് ജോമോന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഭയ കേസുമുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച നിരവധി വ്യവഹാരങ്ങളുടെ ഒരുപക്ഷത്ത് നിന്ന ജോമോന് വിമര്‍ശകരേറെയുണ്ടെങ്കിലും അദ്ദേഹം എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കുറവല്ല. മുമ്പ് മലയാള മനോരമ ജോമോന്റെ പേര് വാര്‍ത്തയില്‍ പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. ആ വിലക്ക് സമീപകാലത്ത് കാണാനില്ല. എന്നാല്‍, വ്യാഴാഴ്ച മലയാള മനോരമ പത്രം നോക്കിയപ്പോള്‍ ജോമോന്റെ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് ഒരുവരി വാര്‍ത്തപോലും കാണാഞ്ഞത് ആശ്ചര്യകരമായി.

 വാര്‍ത്താസമ്മേളനം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് "നന്ദകുമാറിനെ സഹായിക്കുന്നത് തിരുവഞ്ചൂര്‍: ജോമോന്‍" എന്ന തലക്കെട്ടിലാണ്. "നന്ദകുമാറുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമുണ്ട്. ഇത് കാരണമാണ് ഡാറ്റാസെന്റര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ വിജ്ഞാപനം ഇറക്കാതിരിക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയിലെ ചില ജഡ്ജിമാരുമായി ബന്ധമുണ്ടെന്നും അനുകൂലവിധി മേടിച്ചുതരാമെന്നു പറഞ്ഞും തട്ടിപ്പുനടത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍." എന്ന് ജോമോന്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്. ദല്ലാള്‍ എന്നറിയപ്പെടുന്ന ദുരൂഹ കഥാപാത്രം ടി ജി നന്ദകുമാറും സംസ്ഥാനപൊലീസ് മന്ത്രിയും തമ്മിലുള്ള ബന്ധം രേഖാമൂലം തുറന്നുകാട്ടി ഒരാള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അതീവ ഗൗരവമുള്ള സംഗതിയാണ്. നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെപ്പോലും കേസെടുത്തും ഭീഷണിപ്പെടുത്തിയും, സര്‍ക്കാര്‍ജീവനക്കാരെങ്കില്‍ സസ്പെന്‍ഡ് ചെയ്തും പീഡിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അത്തരം സാഹചര്യത്തിനു മധ്യത്തില്‍ നിന്നുകൊണ്ടാണ്, ആഭ്യന്തര മന്ത്രി ഒരു വ്യവഹാരദല്ലാളിന്റെ പ്രിയതോഴനാണെന്നും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഇടപാടുകള്‍ അവര്‍ തമ്മിലുണ്ടെന്നും ഒരാള്‍ പരസ്യമായി പറയുന്നത്. ആ വാക്കുകള്‍ മനോരമ തമസ്കരിച്ചത് തിരുവഞ്ചൂരിനെതിരായ വലിയൊരു തെളിവുതന്നെ. മാധ്യമ മര്യാദയല്ല;
 യുഡിഎഫിന്റെ രക്ഷയാണ് മുഖ്യധര്‍മമെന്നു കരുതുന്ന ഒരു പക്ഷപാതിപ്പത്രത്തിന്റെ തമസ്കരണവിദ്യയിലും കൃത്യമായ രാഷ്ട്രീയലക്ഷ്യം കാണണമെന്നര്‍ഥം.

 ദല്ലാള്‍ നന്ദകുമാര്‍ സമീപനാളുകളില്‍ ദൃശ്യമാധ്യമങ്ങളിലെ പതിവുകാരനാണ്. ആദ്യമൊക്കെ നിഷേധിച്ചു എങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെകൂടി ദല്ലാളാണ് താനെന്ന് ഇപ്പോള്‍ മടികൂടാതെ സൂചിപ്പിക്കാന്‍ അയാള്‍ തയ്യാറാകുന്നുണ്ട്. ""എന്‍എസ്എസുമായി തിരുവഞ്ചൂര്‍ സൗഹൃദത്തില്‍ പോകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്."" എന്നാണ് നന്ദകുമാറിന്റെ ഒരഭിമുഖത്തിലുള്ളത്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനിക്ക് തെരഞ്ഞെടുപ്പുതന്ത്രം ഉപദേശിച്ചതുമുതല്‍ സ്വന്തമായി നടത്തുന്ന ക്ഷേത്രത്തിലേക്ക് വിവിഐപികളെ കെട്ടിയിറക്കി മാര്‍ക്കറ്റിങ് നടത്തുന്നതുവരെയുള്ള ധീരകൃത്യങ്ങള്‍ നന്ദകുമാറിന്റെ ഡേ ബുക്കിലുണ്ട്

. "എനിക്കുവേണ്ടി കേസുകളില്‍ ഹാജരാകുന്ന, പട്ന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് നാഗേന്ദ്ര റായി വേറാര്‍ക്കും വേണ്ടി ഹാജരാകാന്‍ പാടില്ലെന്ന് പറയാനാകുമോ? അവരൊക്കെ ദിവസക്കൂലിക്കാരാണ്." എന്ന് പറയാനുള്ള സങ്കോചമില്ലായ്മ. പത്താംക്ലാസ് പഠിച്ച് കെഎസ്യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുമൊപ്പം എറണാകുളം നഗരത്തില്‍ പത്രം ഓഫീസുകളിലും പ്രസ് ക്ലബ്ബുകളിലും കയറിയിറങ്ങി ജീവിച്ച ഭൂതകാലം. കോടികള്‍ മറിയുന്ന ബാങ്ക് അക്കൗണ്ട്; ആഡംബരക്കാറുകള്‍; ആഡംബര വസതി; സ്വന്തം നാട്ടിലെ ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ ചെയര്‍മാന്‍സ്ഥാനം; ബിസിനസ് ക്ലാസുകളിലെ യാത്രയും അംബാനിമാരെയും ജയലളിതയെയും മൗറീഷ്യന്‍ പ്രസിഡന്റിനെയും വിളിപ്പുറത്തെത്തിക്കാനുള്ള സ്വാധീനവും- ഇതൊക്കയാണ് നന്ദകുമാറിന്റെ വര്‍ത്തമാനം. 

ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന്റെ വിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനെക്കുറിച്ച് നന്ദകുമാറിന്റെ വിശദീകരണം ഇങ്ങനെ (ഇന്ത്യാ ടുഡേ ഒക്ടോബര്‍ 16): "" ഐസിഐസിഐ ബാങ്കില്‍ എന്റെ അക്കൗണ്ട് തുടങ്ങിയത് മന്‍മോഹന്‍സിങ് എന്ന പഞ്ചാബിയുടെ കടയുടെ വിലാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഷോപ്പിനടുത്തുവച്ചാണ് ഐസിഐസിഐ ബാങ്ക് എന്നെ ക്യാന്‍വാസ് ചെയ്തത്. ആ പഞ്ചാബിയായ കടക്കാരന്റെ പേര് ഞാന്‍ വിലാസമായി കൊടുത്തു."" ഇത്രയൊക്കെ "വലിയ മനുഷ്യനായ" ഈ നന്ദകുമാറിന് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുമായി എന്താണ് കാര്യം? "ജഡ്ജിമാരെവരെ സ്വാധീനിക്കാനാകുന്ന ദല്ലാള്‍ക്ക് സംസ്ഥാനത്തെ ഒരു ഊച്ചാളി മന്ത്രിയെ കൈയിലെടുക്കാന്‍ കഴിയുമെന്നതില്‍ അത്ഭുതമില്ലെന്ന്" കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞതിന്റെ പൊരുളെന്താണ്? എല്ലാം നോക്കിക്കാണുന്ന ജനങ്ങളുടെ മനസ്സില്‍ തികട്ടിനില്‍ക്കുന്ന ചോദ്യങ്ങളാണിവ. 

നാലു വിജിലന്‍സ് കേസുകളിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടുകേസുകളിലും ക്രൈംബ്രാഞ്ച് കേസിലും ആദായനികുതിവകുപ്പ് കേസിലും പ്രതിയായ വ്യക്തിയുമായി ആഭ്യന്തരമന്ത്രിക്ക് എന്താണ് വ്യക്തിപരമായി ബന്ധം എന്ന ചോദ്യമാണ് മനോരമ തമസ്കരിച്ച വാര്‍ത്താസമ്മേളനത്തില്‍ ജോമോന്‍ ഉന്നയിച്ചത്. നന്ദകുമാറിനെതിരായ പരാതികളും അന്വേഷണങ്ങളും എങ്ങുമെത്താത്തതെന്തുകൊണ്ടാണ്? നൂറുകോടി രൂപയിലധികം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയെന്ന കേസും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപരാതി അയച്ചകേസും സിബിഐ അന്വേഷണത്തിനു വിടാനുള്ള വിജ്ഞാപനം, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ കടുത്ത വിമര്‍ശമുയരുംവിധം പൂഴ്ത്തിവച്ച് നന്ദകുമാറിനെ സഹായിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രേരണയായ ഘടകമെന്താണ്? 

കോടതിയും ജഡ്ജിമാരുമാണ് നന്ദകുമാറിന്റെ ഇരകള്‍ എന്ന് ഇതിനകം വന്ന വാര്‍ത്തകളില്‍നിന്നും കേസുകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. നന്ദകുമാര്‍ ഭാരവാഹിയായ സ്വകാര്യ ക്ഷേത്രത്തില്‍ സ്വകാര്യ ദര്‍ശനത്തിനെത്തുന്നവരില്‍ പ്രമുഖ ന്യായാധിപന്മാരുണ്ട്. ജഡ്്ജിമാരുമായി ചങ്ങാത്തം കൂടാന്‍ മാത്രമല്ല, തനിക്കിഷ്ടപ്പെടാത്തവരെ ജഡ്ജിയാക്കാതിരിക്കാനും നന്ദകുമാര്‍ ഇടപെട്ടു എന്നാണ് ഒരു പരാതി. കേരള ഹൈക്കോടതി അഭിഭാഷകന്‍ (ഇപ്പോള്‍ ജഡ്ജി) സി കെ അബ്ദുള്‍ റഹീം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത്, അദ്ദേഹത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. സ്വന്തം പേരിലല്ല, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരുവച്ച് വ്യാജ ഒപ്പിട്ടാണ് ആ കൃത്യം നിര്‍വഹിച്ചത്. അതുചെയ്തത് നന്ദകുമാറാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ തെളിവുസഹിതം പരാതി നല്‍കിയതെന്ന് ജോമോന്‍ പറയുന്നു.

 ആ കേസും അവിഹിത സമ്പാദ്യക്കേസും സിബിഐ അന്വേഷണത്തിനു വിട്ട് 2012 ഫെബ്രുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അത് സിബിഐക്ക് കൈമാറാതിരിക്കാന്‍ തിരുവഞ്ചൂര്‍ കളിച്ചു. കേസുകളുടെ ബാഹുല്യംമൂലം അന്വേഷണം ഏറ്റെടുക്കാനാവില്ല എന്നുകാണിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സിബിഐയെക്കൊണ്ട് കത്തെഴുതിക്കുന്നിടംവരെ ഇടപെടല്‍ നീണ്ടു. സ്വന്തമായി ജോലിയുണ്ടെന്നോ നേരായ വരുമാന മാര്‍ഗമുണ്ടെന്നോ പറയാന്‍ കഴിയാത്ത ഒരാളാണ്, അമ്പരപ്പിക്കുന്ന ഈ ഇടപെടലുകളൊക്കെ നടത്തിയത്. അയാള്‍ എല്ലാ ആരോപണങ്ങളില്‍നിന്നും വഴുതിമാറി രക്ഷപ്പെടുന്നു. ഒരു കേസും ഫലപ്രദമായി അന്വേഷിക്കപ്പെടുന്നില്ല. മുന്നിലിരിക്കുന്നവരെ ചോദ്യശരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മാധ്യമപ്രമുഖര്‍പോലും മുഖത്തുനോക്കി കള്ളംപറയാനുള്ള അയാളുടെ പ്രാവീണ്യത്തില്‍ തോറ്റുപോകുന്നു. രാവിലെ ഡല്‍ഹിയിലും ഉച്ചയ്ക്ക് മുംബൈയിലും രാത്രി ദുബായിലുമെന്ന രീതിയില്‍ ബിസിനസ് ക്ലാസില്‍ പറക്കുന്ന അയാള്‍ക്കുമുന്നില്‍ നിയമങ്ങളും നിയമസംവിധാനങ്ങളും മുട്ടുമടക്കുന്നു.

 അമ്പതു ലക്ഷത്തിന്റെ ലോട്ടറിയടിച്ചാണ് താന്‍ പണക്കാരനായതെന്ന് പറഞ്ഞിരുന്ന നന്ദകുമാര്‍ ആ ലോട്ടറി എവിടെനിന്ന് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വയം വിശ്വാസ്യത തെളിയിക്കാനാവുന്നില്ല. ജുഡീഷ്യറിയോട് ഒട്ടിനില്‍ക്കുന്ന ആള്‍ എന്നു വരുത്തിത്തീര്‍ത്ത് നീതിപീഠത്തിനുനേരെയും അവിശ്വാസത്തിന്റെ ചെളിയെറിയുന്നു. നന്ദകുമാര്‍ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയും സംശയിക്കപ്പെടുന്നവരുടെ മുന്‍നിരയിലാണ്. വിളവുതിന്നുന്ന വേലിയെ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്താണ് മനോരമ വാര്‍ത്താസമ്മേളനം തമസ്കരിക്കുന്നത്. തിരുവഞ്ചൂര്‍ ഭയപ്പെടുന്നുണ്ട്- ദല്ലാള്‍ ബന്ധം പൂര്‍ണതോതില്‍ പുറത്തുവന്നാല്‍ താന്‍ ജനമധ്യത്തില്‍ വിവസ്ത്രനായി ആട്ടിയോടിക്കപ്പെടുന്ന അനുഭവത്തെ. ആ ഭയമാണ് മനോരമയുടെ തമസ്കരണത്തിലും വായിക്കാനാവുന്നത്.

ലാവ് ലിന്‍ കേസിലെ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി

ലാവ് ലിന്‍ കേസിലെ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി

ലാവ് ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി. സിബിഐയുടെ കുറ്റപത്രവും അഭിഭാഷകന്റെ വാദവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായത്തിനുള്ള ധാരണ കരാറാക്കിയാലുംനിയമസാധുതയില്ല. ധനസഹായം നല്‍കാമെന്ന് സമ്മതിച്ചത് കനേഡിയന്‍ ഏജന്‍സികളല്ലേയെന്ന് കോടതി ചോദിച്ചു. കനേഡിയന്‍ ഏജന്‍സികള്‍ നല്‍കിയ ഉറപ്പില്‍ ലാവ് ലിനുമായി കരാറിലേര്‍പ്പെടാനാവില്ല. നിലനില്‍ക്കാത്ത കരാറിന്റെ പേരില്‍ ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകുമോ എന്നും കോടതി ചോദിച്ചു.

പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് കുറ്റപത്രത്തില്‍ തന്നെ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഏത് സാഹചര്യത്തിലാണ് പിണറായി കേസില്‍ പ്രതിയായതെന്നും കോടതി ചോദിച്ചു. കരാറുണ്ടാക്കുന്ന സമയത്ത് പിണറായി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എംഒയു ഒപ്പുവെച്ച കാലത്തെ മന്ത്രിയായ കാര്‍ത്തികേയനെ കേസില്‍ നിന്ന് എങ്ങനെ ഒഴിവായെന്നും കോടതി ചോദിച്ചു.

കോടതിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതുനുസരിച്ച് ഉച്ചയ്ക്ക് ശേഷം പരിഗണിച്ച വിടുതല്‍ ഹര്‍ജി വിധിപറയാന്‍ നവംബര്‍ 5 ലേക്ക് മാറ്റി. മൊഴിയിലെ വ്യക്തിപരമായ അഭിപ്രായം വെച്ച് ഒരാളെ എങ്ങനെ പ്രതിയാക്കുമെന്നും ഭരണസംവിധാനങ്ങള്‍ക്ക് പറ്റിയ പോരായ്മയ്ക്ക് വ്യക്തികളെ പ്രതിചേര്‍ക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

deshabhimani

ബലികഴിക്കാനല്ല ബാല്യം; പ്രതിരോധമുയര്‍ത്തി വനിതാറാലി

ബലികഴിക്കാനല്ല ബാല്യം; പ്രതിരോധമുയര്‍ത്തി വനിതാറാലി

അറിവ് നേടാന്‍ കൊതിക്കുന്ന പ്രായത്തെ വിവാഹത്തില്‍കുരുക്കുന്ന നെറികേടിനെതിരെ പെണ്‍മനസ്സിന്റെ പ്രതിരോധം. "പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്" എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥിനികളും യുവതികളും അമ്മമാരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന മലപ്പുറത്തെ മഹാറാലി പൗരോഹിത്യത്തിന് താക്കീതായി. ഇടതുപക്ഷ വനിതാകൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്.

വിവാഹപ്രായം കുറയ്ക്കണമെന്ന സാമുദായിക നേതൃത്വത്തിന്റെ തിട്ടൂരത്തിനെതിരെ ആയിരങ്ങള്‍ അണിനിരന്നു. ബാലികമാരെ പഠിക്കാന്‍ അനുവദിക്കൂ എന്ന് അവര്‍ പ്ലക്കാര്‍ഡുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും വിളിച്ചുപറഞ്ഞു. കലയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചവരുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ വി പി മന്‍സിയയുടെ നൃത്തത്തോടെയായിരുന്നു റാലിക്ക് തുടക്കം. ചെറുപ്രായത്തില്‍ ഭാര്യയും അമ്മയുമാക്കി തീര്‍ക്കുന്നവര്‍ക്കെതിരെയുള്ള പൊള്ളുന്ന ചോദ്യങ്ങളായിരുന്നു ആ ചുവടുകള്‍.

പകല്‍ മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച റാലിയിലേക്ക് വനിതകളുടെ ഒഴുക്കായിരുന്നു. നഗരവീഥിയെ പ്രകമ്പനംകൊള്ളിച്ച റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാല്യവിവാഹമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന് അവര്‍ പറഞ്ഞു. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ചില സ്ഥാപനങ്ങള്‍ ബാല്യവിവാഹങ്ങള്‍ നടത്തിയത്. ഇതിന് പ്രേരിപ്പിച്ചത് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണെന്നും പി കെ ശ്രീമതി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബദറുന്നീസ അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, എഴുത്തുകാരി സഹീറ തങ്ങള്‍, നിലമ്പൂര്‍ ആയിഷ, സുബൈദ ഇസ്ഹാഖ്, ഡോ. ഷംസാദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എ എം മാജിദ സമരപ്രഖ്യാപനം നടത്തി. കെ പി സുമതി സ്വാഗതവും പി സുചിത്ര നന്ദിയും പറഞ്ഞു

ഇല്ല, ഈ ഇരുണ്ട കാലത്തേക്ക്...

ഇരുണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കിന് കോപ്പുകൂട്ടുന്നവര്‍ക്കെതിരെ മലപ്പുറത്തിന്റെ പെണ്‍മനസ്സുണര്‍ന്നു. ബാല്യത്തെ കല്യാണക്കുരുക്കില്‍പ്പെടുത്തുന്ന സങ്കുചിത താല്‍പ്പര്യങ്ങളെ വിചാരണചെയ്ത് വനിതകളുടെ മഹാറാലി. ഇടതുപക്ഷ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ റാലി പ്രഖ്യാപിച്ചു പഠിക്കാനും അറിവിന്റെ പുതുലോകം തേടാനുമുള്ളതാണ് ബാല്യം. അതിനെ ചങ്ങലക്കിടരുത്.

ഞായറാഴ്ച ഉച്ചമുതലേ ജില്ലയുടെ വഴികള്‍ മലപ്പുറത്തേക്കായിരുന്നു. ബാല്യവിവാഹമെന്ന വിപത്തിനെതിരെ ഒന്നിക്കാന്‍ വനിതകള്‍ ഒഴുകി. പ്ലക്കാര്‍ഡും താക്കീതിന്റെ ജ്വാലാമുഷ്ടികളുമായി അവര്‍ നഗരവീഥിയെ പ്രകമ്പനംകൊള്ളിച്ചു. ബാലികമാര്‍, വിദ്യാര്‍ഥിനികള്‍, അമ്മമാര്‍... ഒരേമനസ്സോടെ എല്ലാവരും അണിനിരന്നു. പെണ്‍കുട്ടിയെ വെറും "ചരക്കാ"യി കാണുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ പോന്നതായിരുന്നു ഈ മഹാറാലി. പുരോഗമനാശയക്കാരായ വനിതാ സംഘടനകള്‍ക്കൊപ്പം നാടാകെ ചേര്‍ന്നു. മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാണ് റാലി ആരംഭിച്ചത്. കലക്ടറേറ്റിന് മുന്നില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മഹിളകള്‍ പ്രതിജ്ഞയെടുത്തു. "നാട് മാറിയതറിയാതെ നാട് വാഴുന്നവര്‍ ഇതറിയുക, പെണ്ണകത്തിന്റെ കണ്ണീര്‍ കാണാതെ കണ്ണടച്ചവര്‍ കേള്‍ക്കുക, ഇത് മലപ്പുറത്തിന്റെ പെണ്‍മനസ്സിന്റെ മുന്നറിയിപ്പ്, പെണ്‍കരുത്തിന്റെ താക്കീത് അനാചാരങ്ങളെ മുറുകെപ്പുണരാന്‍ ഒരുക്കമല്ലെന്ന വിളംബരം. പെണ്‍കുട്ടിയെ ചെറുപ്രായത്തിലേ പ്രാരബ്ധക്കാരിയാക്കുന്ന നിലപാടുകളെ തട്ടിമാറ്റി പൊതുയോഗവേദിയില്‍ മന്‍സിയയുടെ ചുവടുകള്‍. രാഷ്ട്രീയസാംസ്കാരികരംഗത്തെ പ്രമുഖര്‍ ബാല്യവിവാഹത്തിന്റെ വിപത്തുകളും അനുഭവങ്ങളും പങ്കുവച്ചു. അത് വരുംകാല പോരാട്ടത്തിന് കരുത്തായി. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ഫാത്തിമ ഇമ്പിച്ചിബാവ തുടങ്ങിയവരും പങ്കെടുത്തു.

വിട്ടുവീഴ്ചയില്ലാതെ പോരാടണം: പി കെ ശ്രീമതി

മലപ്പുറം: പതിനെട്ട് വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയുടെയും വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. പെണ്‍കുട്ടികള്‍ പതിനാറ് വയസില്‍ ഭാര്യയും മുപ്പത്തിരണ്ടാം വയസില്‍ അമ്മൂമ്മയും പിന്നീട് വിവാഹമോചിതയുമാകുന്നത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ബാല്യവിവാഹത്തിനെതിരെ ഇടതുപക്ഷ വനിതാകൂട്ടായ്മ മലപ്പുറത്ത് നടത്തിയ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു പി കെ ശ്രീമതി. പ

തിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം പാടില്ലെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടുണ്ട്. ഇ അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ കൈപൊക്കി അംഗീകരിച്ചാണ് 2006ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്. ഇതിനെ പാര്‍ലമെന്റ് അംഗങ്ങള്‍തന്നെ ചോദ്യംചെയ്യുന്നത് ശിക്ഷാര്‍ഹവും അപലപനീയവുമാണ്. നിയമം ഉണ്ടായിട്ടും ബാല്യവിവാഹങ്ങള്‍ തുടര്‍ക്കഥയാകുന്നു. മതസംഘടനകളും മുസ്ലിംലീഗ് നേതാക്കളും നിയമത്തെ ചോദ്യംചെയ്യാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യുന്നു. പെണ്‍കുട്ടികളെക്കുറിച്ച് മാത്രമാണ് ചില മതമേധാവികള്‍ക്ക് വേവലാതി. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ഒരു സ്ഥാപനം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അറബിക്ക് കല്യാണംകഴിച്ച് കൊടുക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണ് അവര്‍ക്ക് പ്രേരണയായത്. നിയമത്തെ കാറ്റില്‍പ്പറത്തുന്ന ഇത്തരമൊരു സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല. പെണ്‍കുട്ടികളെ പിന്നോട്ട് പിടിച്ചുവലിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. സ്ത്രീകള്‍ക്ക് മൂക്കുകയറിടണമെന്നാണ് മതമേധാവികളുടെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.

വിവാഹപ്രായം കുറയ്ക്കണമെന്ന നിലപാട് സ്ത്രീകള്‍ക്ക് വേണ്ടിയല്ല: ഡോ. ഷംസാദ് ഹുസൈന്‍

വിവാഹപ്രായം കുറയ്ക്കണമെന്ന മതമേധാവികളുടെ ആവശ്യം സ്ത്രീകള്‍ക്ക് വേണ്ടിയല്ലെന്ന് ഡോ. ഷംസാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സംഘടനകളുടെ വനിതാവിഭാഗങ്ങള്‍പോലും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മതത്തെ പുരുഷനുവേണ്ടി മാത്രമുള്ളതാക്കി മാറ്റുന്നത് സ്ത്രീകള്‍ അനുവദിച്ചുകൊടുക്കില്ലെന്നും അവര്‍ പറഞ്ഞു. പുരുഷമേധാവിത്വത്തിനെതിരെ പോരാടിയ പുത്തൂര്‍ ആമിനയടക്കമുള്ളവരുടെ പാരമ്പര്യമുള്ള നാടാണിതെന്നും അവര്‍ പറഞ്ഞു.

ഇത് പ്രവാചകനിന്ദ: കെ കെ ശൈലജ

പെണ്‍കുട്ടികളെ ബാല്യവിവാഹത്തിന്റെ ചങ്ങലയില്‍ തളയ്ക്കാനുള്ള ശ്രമം പ്രവാചക നിന്ദയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. ബാല്യവിവാഹത്തിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയും പുരുഷനും തുല്യനാണ് എന്ന് പറഞ്ഞ പ്രവാചകന്റെ പേരിലാണ് ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാന്‍ നീക്കം നടത്തുന്നത്. ഇരുട്ടിലാണ്ട് കിടന്നിരുന്ന അറബ് ജനതയെ വെളിച്ചത്തിലേക്ക് നയിച്ച വിപ്ലവസൂര്യനായിരുന്നു പ്രവാചകന്‍. അദ്ദേഹത്തിന്റെ പേരില്‍ സങ്കുചിത മതവാദം പ്രചരിപ്പിക്കാനാണ് ശ്രമം. ഇത് എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

താന്‍ അനാചാരത്തിന്റെ ഇര: നിലമ്പൂര്‍ ആയിഷ

പതിനാറാം വയസില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്നത് അപകടമാണെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. ഒരു പതിനാറുകാരിയ്ക്കും പുരുഷനെ തിരിച്ചറിയാനോ സമൂഹത്തില്‍ പക്വമായി ഇടപെടാനോ സാധിക്കില്ല. താന്‍ തന്നെ ഇതിന്റെ ഇരയാണ്. 13ാം വയസില്‍ കല്യാണം കഴിക്കേണ്ടിവന്നയാളാണ് താന്‍. ഇതില്‍നിന്നും രക്ഷനേടാന്‍ കയറില്‍ തൂങ്ങാനൊരുങ്ങിയപ്പോള്‍ പിന്തിരിപ്പിച്ചതും ജീവിക്കാന്‍ ധൈര്യ തന്നതും സഹോദരനാണ്. പിന്നീടാണ് "ജ്ജൊരു നല്ല മന്സനാകാന്‍ നോക്ക്" എന്ന നാടകത്തില്‍ അഭിനയിച്ചത്. പല നാടകവേദികളിലും അതിക്രമമുണ്ടായപ്പോള്‍ രക്ഷിച്ചത് ചുവപ്പുസേനയാണ്. ആ ചുവപ്പുസേനയുടെ പിന്നിലാണ് താനും കുടുംബവും ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്നത്. സ്ത്രീയെ ശിക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.

deshabhimani

ക്ഷണിച്ചുവരുത്തിയ പ്രതിഷേധം - പ്രകാശ് കാരാട്ട്

ക്ഷണിച്ചുവരുത്തിയ പ്രതിഷേധം - പ്രകാശ് കാരാട്ട്

ആന്ധ്രപ്രദേശിലെ തീരദേശ ജില്ലകളും റായലസീമയും കഴിഞ്ഞ രണ്ടാഴ്ചയായി പ്രക്ഷുബ്ധമാണ്. സംസ്ഥാനത്തെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെതിരെ ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും സമരത്തിലാണ്. ജൂലൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സംസ്ഥാനത്തെ വിഭജിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ നാലിന് കേന്ദ്രമന്ത്രിസഭ തെലങ്കാന രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതിനുശേഷം തീരദേശ സീമാന്ധ്രയിലെയും റായലസീമയിലെയും ജനജീവിതം നിശ്ചലമായി. വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ വൈദ്യുതി കേന്ദ്രങ്ങള്‍ അടച്ചിട്ടു. ആശുപത്രികളിലെ അവശ്യ സര്‍വീസുകള്‍ക്കുപോലും വൈദ്യുതി ലഭ്യമല്ല.

ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനും ഹൈദരാബാദ് നഗരം അവരില്‍നിന്ന് കവരുന്നതിനുമെതിരെയാണ് സീമാന്ധ്രയിലെ ജനരോഷം മുഴുവന്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്ന തത്വത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് പാര്‍ടിയുടെ തീരുമാനം. സ്വാതന്ത്ര്യസമരകാലത്താണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉയര്‍ന്നത്. 1950 കളിലുണ്ടായ ശക്തമായ ജനകീയപ്രക്ഷോഭത്തിന്റെ ഫലമായാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍വിഭജിച്ചത്. ആന്ധ്രപ്രദേശ് സംസ്ഥാനം രൂപംകൊണ്ടതും ഇതിന്റെ ഫലമായിരുന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ഏതെങ്കിലും തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് സങ്കുചിതമായ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളുടെ ഭാഗമായാണ്. തീരദേശ ആന്ധ്രയിലെയും റായലസീമയിലെയും കോണ്‍ഗ്രസിന്റെ ജനസ്വാധീനമാകെ ജഗമോഹന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ഒലിച്ചുപോയി. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഈ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാകും. ആന്ധ്രപ്രദേശില്‍ 42 ലോക്സഭാസീറ്റാണുള്ളത്. ഇതില്‍ 35 ഉം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. തങ്ങളാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നു പറഞ്ഞ് നേട്ടംകൊയ്യാനും അതുവഴി തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മുനയൊടിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതുവഴി തെലങ്കാനയിലെ 17 ലോക്സഭാ സീറ്റില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) യുമായി സഖ്യം സ്ഥാപിച്ചോ, ടിആര്‍എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചോ ഈ ലക്ഷ്യംനേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009ലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖരറാവു അനിശ്ചിതകാല നിരാഹാര സമരം നടത്തിയ വേളയിലായിരുന്നു അത്. എന്നാല്‍, ഇതിനെതിരെ സീമാന്ധ്രയില്‍നിന്ന് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വാങ്ങി.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം എന്ന തത്വം ലംഘിക്കുക വഴി പണ്ടോറയുടെ പെട്ടിയാണ് കോണ്‍ഗ്രസ് തുറന്നത്. നിരവധിസംസ്ഥാന രൂപീകരണ ആവശ്യമാണ് അതിനുശേഷം ഉയര്‍ന്നത്. ഏകഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളെ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കും. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഫെഡറല്‍- ജനാധിപത്യ ഘടനയെ ക്ഷയിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു വിഷമവുമില്ല.

ബിജെപിയാകട്ടെ തുടക്കംമുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമെന്ന തത്വത്തിനെതിരാണ്. രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ ജനസംഘം എതിര്‍ത്തു. ഇപ്പോള്‍ ബിജെപിയാകട്ടെ നിരവധി ചെറിയ സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിവരുന്നു. ശക്തമായ കേന്ദ്രം അഥവ "അഖണ്ഡ ഭാരതം" എന്ന തങ്ങളുടെ ആശയം നടപ്പാകണമെങ്കില്‍ ചെറുതും ദുര്‍ബലവുമായ സംസ്ഥാനങ്ങളാണ് വേണ്ടതെന്ന് അവര്‍ കണക്കുകൂട്ടുന്നു.

വരുംദിവസങ്ങളില്‍ തെലുഗു ഭാഷ സംസാരിക്കുന്നവര്‍ക്കായുള്ള ഏക സംസ്ഥാനം നശിപ്പിക്കപ്പെടും. സംസ്ഥാനത്തിന്റെ വിഭജനം, നദീജലത്തിനും വൈദ്യുതിക്കും മറ്റ് വിഭവങ്ങള്‍ക്കുമായുള്ള തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കും. മൂലധനത്തിന്റെയും ബിസിനസിന്റെയും കേന്ദ്രമായ ഹൈദരാബാദിനെ വിഭജിക്കാന്‍ കഴിയില്ല. ഭാവി തര്‍ക്കത്തിനുള്ള ഉണങ്ങാത്ത മുറിവായി ഇത് മാറും.

ആന്ധ്രപ്രദേശ് നിയമസഭയുടെ അഭിപ്രായം തേടുമ്പോള്‍ ഭൂരിപക്ഷം എംഎല്‍എമാരും സീമാന്ധ്രയില്‍ നിന്നുള്ളവരായതിനാല്‍ സംസ്ഥാന വിഭജനത്തിനെതിരെ അവര്‍ അഭിപ്രായം രേഖപ്പെടുത്തും. ഭരണഘടനയനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യതയില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചാല്‍ സീമാന്ധ്രയിലെ ജനങ്ങള്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കും. ഇതോടെ സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും പീച്ചിച്ചീന്തപ്പെടും. ആന്ധ്രപ്രദേശില്‍ സിപിഐ എം മാത്രമാണ് ഐക്യ സംസ്ഥാനത്തിനായി തുടക്കംമുതല്‍ നിലകൊണ്ടത്. സിപിഐപോലും പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായാണ് നിലകൊണ്ടത്. ബൂര്‍ഷ്വാപാര്‍ടികളാകട്ടെ, ഈ വിഷയത്തില്‍ പ്രാദേശിക വികാരത്തിനൊപ്പംചേര്‍ന്ന് ഭിന്നസമീപനങ്ങള്‍ കൈക്കൊണ്ടു. ചിലര്‍ പ്രത്യേക തെലങ്കാന സംസ്ഥാനത്തെ പിന്തുണയ്ക്കുകയുംചെയ്തു.

സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം തെലുഗു സംസാരിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകരുന്നതില്‍ ഗൗരവമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നു. കടുത്ത ഭിന്നിപ്പ് ദൃശ്യമായിരിക്കെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന് രണ്ട് മേഖലകളിലെയും ജനങ്ങളുടെ സൗഹാര്‍ദത്തിനായി സിപിഐ എം നിലകൊള്ളും. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി രൂപംകൊണ്ട ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ വിഭജിക്കുന്ന സംഭവം രാജ്യത്തിന്റെ ജനാധിപത്യ പുനഃസംഘടനാ പ്രക്രിയക്ക് തിരിച്ചടിയാണ്. അതിന് ദൂരവ്യാപക ഫലങ്ങളുണ്ടാകും.

*
പ്രകാശ് കാരാട്ട്

കോടതിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെന്ന പ്രതിയെ

കോടതിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെന്ന പ്രതിയെ

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തുവെന്ന വിവരം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയതോടെ ഇനി ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അര്‍ഹതയില്ലാതായി. സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായ നാള്‍ മുതല്‍ തൊടുന്യായങ്ങള്‍ നിരത്തിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞും രഹസ്യങ്ങള്‍ മൂടിവെച്ചുമാണ് അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത്.

ഇതെല്ലാം തുറന്ന് കാട്ടി, ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് എജിയുടെ വെളിപ്പെടുത്തല്‍. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി അഴിമതിക്കേസില്‍പെട്ട് ചോദ്യം ചെയ്യലിന് വിധേയമായത്. അതീവ രഹസ്യമാക്കി വെച്ച ഈ വിവരം ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് എജിക്ക് വെളിപ്പെടുത്തേണ്ടി വന്നത്. ആരോപണവിധേയരായ എല്ലാവരേയും ചോദ്യം ചെയ്തുവെന്നാണ് എജി ആദ്യം പറഞ്ഞത്. അങ്ങിനെ പറഞ്ഞാല്‍പോരെന്നും പേര് പറയണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ പേര് വെളിപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിയില്ലെങ്കില്‍ പിന്നെന്തിന് ചോദ്യം ചെയ്തുവെന്ന കോടതിയുടെ ചോദ്യവും പ്രസക്തമാണ്. ശ്രീധരന്‍നായരുടെ സംശയനിവാരണത്തിനാണിതെന്ന പരിഹാസ്യമായ മറുപടിയായിരുന്നു എജിയുടേത്. ഇതുവരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത് ശ്രീധരന്‍ നായര്‍ക്ക് പരാതിയില്ലെന്നാണ്. ശ്രീധരന്‍ നായര്‍ക്ക് പരാതിയില്ലെന്ന് കോടതിയിലും പോലീസ് ബോധിപ്പിച്ചു. രഹസ്യമൊഴി മറച്ചുവെച്ചായിരുന്നു ഈ നാടകം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറയിലേയും സിസിടിവിയിലേയും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും ഉമ്മന്‍ചാണ്ടി പച്ചക്കള്ളം തുടര്‍ന്നു.

വെബ്ക്യാമറ ലൈവ് ആണെന്നും റെക്കോര്‍ഡ് ചെയ്യാറില്ലെന്നുമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലെന്ന മറ്റൊരു നുണയാണ് വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചത്. ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നത് സിപിഐ എം നിര്‍ദ്ദേശിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധിക്കാമെന്ന അടവ് വരെ ഉമ്മന്‍ചാണ്ടി പയറ്റി. ഒടുവിലിപ്പോള്‍ കോടതിയില്‍ സമ്മതിക്കുകയാണ് സിസിടിവി, വെബ്ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന്. അതും വളരെ വൈകിയ ശേഷം. എല്ലാ ദൃശ്യങ്ങളും നശിപ്പിച്ചുവെന്ന് ബോധ്യം വന്ന ശേഷമുള്ള മറ്റൊരു നാടകം. സോളാര്‍ തട്ടിപ്പ് കേസ് പുറത്ത് വന്നതുമുതല്‍ ഇത്തരം നുണകളുടെ മലവെള്ളപ്പാച്ചിലില്‍ കിടന്നുരുളുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ആദ്യം സരിതയെയും ബിജു രാധാകൃഷ്ണനെയും അറിയില്ലെന്ന് പറഞ്ഞു. പിന്നീട് അതുപൊളിഞ്ഞു. സരിത ഉമ്മന്‍ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്വന്നു. ബിജു രാധാകൃഷ്ണനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും ഇതുവരെ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം അന്വേഷണസമഘം മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നോ? സരിതയെ കുറിച്ച് പരാതി പറഞ്ഞ വിവരം മണിക്കൂറുകള്‍ക്കകം സരിത അറിഞ്ഞുവെന്ന പരാതിയെ കുറിച്ച് അന്വേഷിച്ചോ? ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡ് തട്ടിപ്പ് സംഘം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലെറ്റര്‍പാഡ് ഉപയോഗിച്ച് തയ്യാറാക്കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണോ എന്ന് ചോദ്യം ചെയ്തിട്ടുണ്ടോ? ലെറ്റര്‍പാഡ് ഇവര്‍ക്ക് കിട്ടിയെന്നതിനെ കുറിച്ചുള്ള പ്രതികരണമെന്ത്? തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തട്ടിപ്പുസംഘവുമായുള്ള ബന്ധമെന്ത്? തട്ടിപ്പ് സംഘം ക്ലിഫ് ഹൗസില്‍ വന്നിരുന്നോ? മുഖ്യമന്ത്രിയുമായി ബന്ധമുള്ള മറ്റാര്‍ക്കെങ്കിലും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടോ? ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്.

അധികാരക്കസേരയിലായതിനാല്‍ സല്യൂട്ട് അടിക്കുന്ന പോലീസുകാരോട് ഇതൊന്നും പറയേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അഥവാ അത്തരം അപ്രിയ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ പോലീസുകാര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഈ "ചോദ്യം ചെയ്യല്‍" പ്രഹസനമാണെന്നും പകല്‍ പോലെ വ്യക്തം.
(എം രഘുനാഥ്)

ചതിയനായ മുഖ്യമന്ത്രി രാജിവെയ്ക്കണം: വിഎസ്

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചതിയനാണെന്നും ചതിയുടെ വിവദാംശങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒളിഞ്ഞും ചരിഞ്ഞും നടക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടും. ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിലാണ് ചോദ്യം ചെയ്യലിന് ശേഷവും മുഖ്യമന്ത്രി നടക്കുന്നത്. എത്രയയും പെട്ടെന്ന് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ മുഖ്യന്ത്രി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി, മറച്ച് വെയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി, മറച്ച് വെയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം


ദേശാഭിമാനി

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി; മറച്ചുവയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം

തലശേരി: മാഹി റെയില്‍വെ സ്റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെത്തിയ വിവരം മറയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം കാട്ടി. ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചാനയിക്കുന്ന ചെക്ക്കേസ് പ്രതി ചെമ്പ്രയില്‍ ബഷീര്‍ഹാജിയെ ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റി പകരം തലശേരി എസ്ഐ എം പി ആസാദിനെ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തയ്യാറാക്കിയ ഈ കൃത്രിമചിത്രമാണ് "മാതൃഭൂമി" ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ അപമാനിതനായി നില്‍ക്കുന്ന മുഖ്യമന്ത്രിയെ ചെക്ക്കേസ് പ്രതി സ്വീകരിച്ചാനയിക്കുന്ന വാര്‍ത്ത വന്നാലുണ്ടാവുന്ന നാണക്കേട് ഭയന്നായിരുന്നു കോണ്‍ഗ്രസുകാരുടെ "ചിത്രവധം". 

സ്വകാര്യ ആവശ്യത്തിന് ശനിയാഴ്ചയാണ് മുഖ്യമന്ത്രി മാഹിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ബഷീര്‍ ഹാജിയടക്കമുള്ളവര്‍ ഷാള്‍ അണിയിച്ച് വരവേറ്റു. കെ പി നൂറുദ്ദീനും ഇ വത്സരാജ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലുണ്ടായിരുന്നു. ഇ വത്സരാജും ബഷീര്‍ഹാജിയും ഇടതും വലതുമായി നിന്ന് മുഖ്യമന്ത്രിയെ പുറത്തേക്ക് നയിച്ചു. മാഹിയിലെ സ്വകാര്യ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ് സ്വീകരണത്തിന്റെ ചിത്രമെടുത്തത്. മാധ്യമങ്ങള്‍ക്ക് ഈ ചിത്രം നല്‍കുംമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബഷീര്‍ഹാജിയെ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് കമ്പ്യൂട്ടറില്‍ ബഷീര്‍ഹാജി ചിത്രം വെട്ടി മാറ്റി. യഥാര്‍ഥ ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ നടക്കുന്ന തലശേരി എസ്ഐ ആസാദിന്റെ ചിത്രം ആ സ്ഥാനത്ത് വച്ചു. എന്നാല്‍ പിന്നാലെ വരുന്ന ആസാദിനെ നീക്കാന്‍ കത്രിമം കാണിച്ചവര്‍ മറന്നു. ഇതുമൂലം കൃത്രിമചിത്രത്തില്‍ ആസാദിനെ തൊട്ടുതൊട്ടായി രണ്ടിടത്തു കാണാം. ബഷീര്‍ഹാജിയുടെ ഇടതുകൈയുടെ ഭാഗവും നീക്കാന്‍ വിട്ടുപോയത് ചിത്രത്തില്‍ ശേഷിക്കുന്നു. ക്രിമിനല്‍ സംഘങ്ങളുമായി ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധമാണ് ഒരിക്കല്‍കൂടി വെളിപ്പെട്ടത്. 

അതേസമയം ചിത്രത്തില്‍ കൃത്രിമം കാണിച്ചത് ഐടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവും ഒരു ലക്ഷംരൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതീവരഹസ്യമായി കോണ്‍ഗ്രസ് നേതൃത്വം സൂക്ഷിച്ച യഥാര്‍ഥ ഫോട്ടോ പുറത്തായതോടെ സംഭവം ഒതുക്കാനുള്ള ശ്രമം തുടങ്ങി. ഈ മാസം മൂന്നിനാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ്പ്രസിഡന്റുകൂടിയായ ബഷീര്‍ഹാജിയെ ചെക്ക് സേില്‍ മാഹി കോടതി ഒരു വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.