ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ബലികഴിക്കാനല്ല ബാല്യം; പ്രതിരോധമുയര്‍ത്തി വനിതാറാലി

ബലികഴിക്കാനല്ല ബാല്യം; പ്രതിരോധമുയര്‍ത്തി വനിതാറാലി

അറിവ് നേടാന്‍ കൊതിക്കുന്ന പ്രായത്തെ വിവാഹത്തില്‍കുരുക്കുന്ന നെറികേടിനെതിരെ പെണ്‍മനസ്സിന്റെ പ്രതിരോധം. "പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്" എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥിനികളും യുവതികളും അമ്മമാരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന മലപ്പുറത്തെ മഹാറാലി പൗരോഹിത്യത്തിന് താക്കീതായി. ഇടതുപക്ഷ വനിതാകൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്.

വിവാഹപ്രായം കുറയ്ക്കണമെന്ന സാമുദായിക നേതൃത്വത്തിന്റെ തിട്ടൂരത്തിനെതിരെ ആയിരങ്ങള്‍ അണിനിരന്നു. ബാലികമാരെ പഠിക്കാന്‍ അനുവദിക്കൂ എന്ന് അവര്‍ പ്ലക്കാര്‍ഡുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും വിളിച്ചുപറഞ്ഞു. കലയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചവരുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ വി പി മന്‍സിയയുടെ നൃത്തത്തോടെയായിരുന്നു റാലിക്ക് തുടക്കം. ചെറുപ്രായത്തില്‍ ഭാര്യയും അമ്മയുമാക്കി തീര്‍ക്കുന്നവര്‍ക്കെതിരെയുള്ള പൊള്ളുന്ന ചോദ്യങ്ങളായിരുന്നു ആ ചുവടുകള്‍.

പകല്‍ മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച റാലിയിലേക്ക് വനിതകളുടെ ഒഴുക്കായിരുന്നു. നഗരവീഥിയെ പ്രകമ്പനംകൊള്ളിച്ച റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാല്യവിവാഹമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന് അവര്‍ പറഞ്ഞു. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ചില സ്ഥാപനങ്ങള്‍ ബാല്യവിവാഹങ്ങള്‍ നടത്തിയത്. ഇതിന് പ്രേരിപ്പിച്ചത് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണെന്നും പി കെ ശ്രീമതി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബദറുന്നീസ അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, എഴുത്തുകാരി സഹീറ തങ്ങള്‍, നിലമ്പൂര്‍ ആയിഷ, സുബൈദ ഇസ്ഹാഖ്, ഡോ. ഷംസാദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എ എം മാജിദ സമരപ്രഖ്യാപനം നടത്തി. കെ പി സുമതി സ്വാഗതവും പി സുചിത്ര നന്ദിയും പറഞ്ഞു

ഇല്ല, ഈ ഇരുണ്ട കാലത്തേക്ക്...

ഇരുണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കിന് കോപ്പുകൂട്ടുന്നവര്‍ക്കെതിരെ മലപ്പുറത്തിന്റെ പെണ്‍മനസ്സുണര്‍ന്നു. ബാല്യത്തെ കല്യാണക്കുരുക്കില്‍പ്പെടുത്തുന്ന സങ്കുചിത താല്‍പ്പര്യങ്ങളെ വിചാരണചെയ്ത് വനിതകളുടെ മഹാറാലി. ഇടതുപക്ഷ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ റാലി പ്രഖ്യാപിച്ചു പഠിക്കാനും അറിവിന്റെ പുതുലോകം തേടാനുമുള്ളതാണ് ബാല്യം. അതിനെ ചങ്ങലക്കിടരുത്.

ഞായറാഴ്ച ഉച്ചമുതലേ ജില്ലയുടെ വഴികള്‍ മലപ്പുറത്തേക്കായിരുന്നു. ബാല്യവിവാഹമെന്ന വിപത്തിനെതിരെ ഒന്നിക്കാന്‍ വനിതകള്‍ ഒഴുകി. പ്ലക്കാര്‍ഡും താക്കീതിന്റെ ജ്വാലാമുഷ്ടികളുമായി അവര്‍ നഗരവീഥിയെ പ്രകമ്പനംകൊള്ളിച്ചു. ബാലികമാര്‍, വിദ്യാര്‍ഥിനികള്‍, അമ്മമാര്‍... ഒരേമനസ്സോടെ എല്ലാവരും അണിനിരന്നു. പെണ്‍കുട്ടിയെ വെറും "ചരക്കാ"യി കാണുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ പോന്നതായിരുന്നു ഈ മഹാറാലി. പുരോഗമനാശയക്കാരായ വനിതാ സംഘടനകള്‍ക്കൊപ്പം നാടാകെ ചേര്‍ന്നു. മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാണ് റാലി ആരംഭിച്ചത്. കലക്ടറേറ്റിന് മുന്നില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മഹിളകള്‍ പ്രതിജ്ഞയെടുത്തു. "നാട് മാറിയതറിയാതെ നാട് വാഴുന്നവര്‍ ഇതറിയുക, പെണ്ണകത്തിന്റെ കണ്ണീര്‍ കാണാതെ കണ്ണടച്ചവര്‍ കേള്‍ക്കുക, ഇത് മലപ്പുറത്തിന്റെ പെണ്‍മനസ്സിന്റെ മുന്നറിയിപ്പ്, പെണ്‍കരുത്തിന്റെ താക്കീത് അനാചാരങ്ങളെ മുറുകെപ്പുണരാന്‍ ഒരുക്കമല്ലെന്ന വിളംബരം. പെണ്‍കുട്ടിയെ ചെറുപ്രായത്തിലേ പ്രാരബ്ധക്കാരിയാക്കുന്ന നിലപാടുകളെ തട്ടിമാറ്റി പൊതുയോഗവേദിയില്‍ മന്‍സിയയുടെ ചുവടുകള്‍. രാഷ്ട്രീയസാംസ്കാരികരംഗത്തെ പ്രമുഖര്‍ ബാല്യവിവാഹത്തിന്റെ വിപത്തുകളും അനുഭവങ്ങളും പങ്കുവച്ചു. അത് വരുംകാല പോരാട്ടത്തിന് കരുത്തായി. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ഫാത്തിമ ഇമ്പിച്ചിബാവ തുടങ്ങിയവരും പങ്കെടുത്തു.

വിട്ടുവീഴ്ചയില്ലാതെ പോരാടണം: പി കെ ശ്രീമതി

മലപ്പുറം: പതിനെട്ട് വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയുടെയും വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. പെണ്‍കുട്ടികള്‍ പതിനാറ് വയസില്‍ ഭാര്യയും മുപ്പത്തിരണ്ടാം വയസില്‍ അമ്മൂമ്മയും പിന്നീട് വിവാഹമോചിതയുമാകുന്നത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ബാല്യവിവാഹത്തിനെതിരെ ഇടതുപക്ഷ വനിതാകൂട്ടായ്മ മലപ്പുറത്ത് നടത്തിയ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു പി കെ ശ്രീമതി. പ

തിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം പാടില്ലെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടുണ്ട്. ഇ അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ കൈപൊക്കി അംഗീകരിച്ചാണ് 2006ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്. ഇതിനെ പാര്‍ലമെന്റ് അംഗങ്ങള്‍തന്നെ ചോദ്യംചെയ്യുന്നത് ശിക്ഷാര്‍ഹവും അപലപനീയവുമാണ്. നിയമം ഉണ്ടായിട്ടും ബാല്യവിവാഹങ്ങള്‍ തുടര്‍ക്കഥയാകുന്നു. മതസംഘടനകളും മുസ്ലിംലീഗ് നേതാക്കളും നിയമത്തെ ചോദ്യംചെയ്യാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യുന്നു. പെണ്‍കുട്ടികളെക്കുറിച്ച് മാത്രമാണ് ചില മതമേധാവികള്‍ക്ക് വേവലാതി. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ഒരു സ്ഥാപനം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അറബിക്ക് കല്യാണംകഴിച്ച് കൊടുക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണ് അവര്‍ക്ക് പ്രേരണയായത്. നിയമത്തെ കാറ്റില്‍പ്പറത്തുന്ന ഇത്തരമൊരു സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല. പെണ്‍കുട്ടികളെ പിന്നോട്ട് പിടിച്ചുവലിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. സ്ത്രീകള്‍ക്ക് മൂക്കുകയറിടണമെന്നാണ് മതമേധാവികളുടെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.

വിവാഹപ്രായം കുറയ്ക്കണമെന്ന നിലപാട് സ്ത്രീകള്‍ക്ക് വേണ്ടിയല്ല: ഡോ. ഷംസാദ് ഹുസൈന്‍

വിവാഹപ്രായം കുറയ്ക്കണമെന്ന മതമേധാവികളുടെ ആവശ്യം സ്ത്രീകള്‍ക്ക് വേണ്ടിയല്ലെന്ന് ഡോ. ഷംസാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സംഘടനകളുടെ വനിതാവിഭാഗങ്ങള്‍പോലും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മതത്തെ പുരുഷനുവേണ്ടി മാത്രമുള്ളതാക്കി മാറ്റുന്നത് സ്ത്രീകള്‍ അനുവദിച്ചുകൊടുക്കില്ലെന്നും അവര്‍ പറഞ്ഞു. പുരുഷമേധാവിത്വത്തിനെതിരെ പോരാടിയ പുത്തൂര്‍ ആമിനയടക്കമുള്ളവരുടെ പാരമ്പര്യമുള്ള നാടാണിതെന്നും അവര്‍ പറഞ്ഞു.

ഇത് പ്രവാചകനിന്ദ: കെ കെ ശൈലജ

പെണ്‍കുട്ടികളെ ബാല്യവിവാഹത്തിന്റെ ചങ്ങലയില്‍ തളയ്ക്കാനുള്ള ശ്രമം പ്രവാചക നിന്ദയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. ബാല്യവിവാഹത്തിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയും പുരുഷനും തുല്യനാണ് എന്ന് പറഞ്ഞ പ്രവാചകന്റെ പേരിലാണ് ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാന്‍ നീക്കം നടത്തുന്നത്. ഇരുട്ടിലാണ്ട് കിടന്നിരുന്ന അറബ് ജനതയെ വെളിച്ചത്തിലേക്ക് നയിച്ച വിപ്ലവസൂര്യനായിരുന്നു പ്രവാചകന്‍. അദ്ദേഹത്തിന്റെ പേരില്‍ സങ്കുചിത മതവാദം പ്രചരിപ്പിക്കാനാണ് ശ്രമം. ഇത് എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

താന്‍ അനാചാരത്തിന്റെ ഇര: നിലമ്പൂര്‍ ആയിഷ

പതിനാറാം വയസില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്നത് അപകടമാണെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. ഒരു പതിനാറുകാരിയ്ക്കും പുരുഷനെ തിരിച്ചറിയാനോ സമൂഹത്തില്‍ പക്വമായി ഇടപെടാനോ സാധിക്കില്ല. താന്‍ തന്നെ ഇതിന്റെ ഇരയാണ്. 13ാം വയസില്‍ കല്യാണം കഴിക്കേണ്ടിവന്നയാളാണ് താന്‍. ഇതില്‍നിന്നും രക്ഷനേടാന്‍ കയറില്‍ തൂങ്ങാനൊരുങ്ങിയപ്പോള്‍ പിന്തിരിപ്പിച്ചതും ജീവിക്കാന്‍ ധൈര്യ തന്നതും സഹോദരനാണ്. പിന്നീടാണ് "ജ്ജൊരു നല്ല മന്സനാകാന്‍ നോക്ക്" എന്ന നാടകത്തില്‍ അഭിനയിച്ചത്. പല നാടകവേദികളിലും അതിക്രമമുണ്ടായപ്പോള്‍ രക്ഷിച്ചത് ചുവപ്പുസേനയാണ്. ആ ചുവപ്പുസേനയുടെ പിന്നിലാണ് താനും കുടുംബവും ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്നത്. സ്ത്രീയെ ശിക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ