ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 21, ചൊവ്വാഴ്ച

ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്

ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്


തിരു: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകള്‍ ഇനി സ്വകാര്യകമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്. ആദ്യപടിയായി തിരുവനന്തപുരം-കൊച്ചി കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റകളും കൈമാറാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന കോര്‍പറേഷനുകളിലേക്കും മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും സ്വകാര്യവല്‍ക്കരണം താമസിയാതെ വ്യാപിപ്പിക്കുമെന്ന് അറിയുന്നു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ നവംബര്‍ 25ന് ചേര്‍ന്ന യോഗത്തിലാണ് കൊച്ചി-തിരുവനന്തപുരം കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ ഡാറ്റയും സാങ്കേതികസഹായവും കൈമാറണമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് ആവശ്യപ്പെട്ടത്. ഈ തീരുമാനം നടപ്പാകാത്തതിനെ തുടര്‍ന്ന്് അടിയന്തരമായി ഇവ കൈമാറണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ്്. കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ വിവരങ്ങളും തിങ്കളാഴ്ചയ്ക്കകം നല്‍കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ ജനന-മരണ, വിവാഹ രജിസ്ട്രേഷനുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സേവന സോഫ്റ്റ്വെയര്‍ വഴിയാണ്. 1970 മുതലുള്ള മുഴുവന്‍ രജിസ്ട്രേഷനുകളും ഏറെ ശ്രമകരമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റലൈസ് ചെയ്തത്. 99 ശതമാനം കാര്യക്ഷമതയുള്ള സേവന സോഫ്റ്റ്വെയറിന് രണ്ടുവട്ടം കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ "അക്സിഞ്ചര്‍" സോഫ്റ്റ്വെയര്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു തീരുമാനിച്ചതും സേവനയുടെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയായിരുന്നു. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ കോടികളുടെ ഇടപാടുള്ളതായി സംശയിക്കുന്നു. സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷനുകളുടെ ചുമതലപഞ്ചായത്ത് രജിസ്ട്രാറിനാണ്. പഞ്ചായത്ത് രജിസ്ട്രാര്‍ ഉള്‍പ്പെടെ അറിയാതെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ഡാറ്റകള്‍ കൈമാറുന്നത്. രജിസ്ട്രേഷന്‍ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് കൈമാറുന്നത് പല വിധത്തിലുള്ള തട്ടിപ്പിനും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്. രേഖകള്‍ പലവിധത്തിലും ദുരുപയോഗിക്കപ്പെടാനും സാധ്യതയേറെയാണ്. - See more at: http://www.deshabhimani.com/newscontent.php?id=407638#sthash.O98n64Vz.dpuf

എഎപി നേതാവിന്റെ ജാതി പ്രചാരണം വിവാദമാകുന്നു

എഎപി നേതാവിന്റെ ജാതി പ്രചാരണം വിവാദമാകുന്നു

 ആം ആദ്്മി പാര്‍ടിനേതാവ് കുമാര്‍ വിശ്വാസിന്റെ ജാതിപറഞ്ഞുള്ള പ്രചാരണം വിവാദമാകുന്നു. അമേഠി മണ്ഡലത്തില്‍ നടത്തിയ പൊതുയോഗങ്ങളിലെല്ലാം താന്‍ ബ്രാഹ്മണനാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞതാണ് വിവാദമാകുന്നത്. ബ്രാഹ്മണര്‍ വന്‍ സാമ്രാജ്യങ്ങളെ താഴെയിറക്കിയ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്. മഗധയില്‍ ഭരണം നടത്തിയ നന്ദ സാമ്രാജ്യത്തെ താഴെയിറക്കിയത് ബ്രാഹ്മണനും പണ്ഡിറ്റുമായ ചാണക്യനാണ്. താനും ബ്രാഹ്മണനാണ്. വന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കിയ ചാണക്യന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍- എന്നിങ്ങനെയാണ് കുമാറിന്റെ പ്രചരണം.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളപ്പരാതി സ്വയം മുറിവേല്‍പ്പിച്ച് ആശുപത്രിയിലായ ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളപ്പരാതി സ്വയം മുറിവേല്‍പ്പിച്ച് ആശുപത്രിയിലായ ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ചേലക്കര: ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ കിടന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ ചേലക്കര എസ്ഐ എം മഹേന്ദ്രസിംഹന്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും സിപിഐ എംþഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വീട് കയറി ആക്രമിക്കുകയും ചെയ്ത വടക്കാഞ്ചേരി മുന്‍സിഫ് കോടതിയിലെ ഗുമസ്തനും ആര്‍എസ്എസ് കാര്യവാഹകുമുള്‍പ്പെടുന്ന അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് പറഞ്ഞ് ചേലക്കര ഗവ.ആശുപത്രിയില്‍ പ്രവേശനം നേടിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പുലാക്കോട് പറക്കുന്നത്ത് രാജേഷ്(23), ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക നേതാവ് ചേലക്കോട് മാങ്ങോട്ടില്‍ സതീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.

ചേലക്കര പങ്ങാരപ്പിള്ളി കുട്ടാടന്‍ മേഖലയിലാണ് ആര്‍എസ്എസിന്റെ കപടമുഖം വെളിവാക്കുന്ന സംഭവം. കലാപം സൃഷ്ടിച്ച് മുതലെടുക്കാന്‍ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയിലെ ഗുമസ്ഥന്‍ വിനേഷിന്റെയും ആര്‍എസ്എസ് എളനാട് കാര്യവാഹക് ഷാജിയുടെയും നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. രാജേഷിന്റെ പുറത്ത് വെള്ളിയാഴ്ച രാത്രി മാരകായുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഡി വൈഎഫ്ഐ പ്രവര്‍ത്തകരായ പങ്ങാരപ്പിള്ളി കുട്ടാടന്‍ പൂരക്കപ്പറമ്പില്‍ നിഷാഭ്്,നിഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്ന് കണ്ടെത്തിയത്. കള്ളമൊഴി നല്‍കി ആശുപത്രിയില്‍ കഴിയുകയായിരുന്ന രാജേഷിനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്തു. നിരപരാധികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിട്ടയച്ചു.

കഴിഞ്ഞ ദിവസം പങ്ങാരപ്പിള്ളി കുട്ടാടന്‍ പ്രദേശത്ത് തൈപ്പൂയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഡിവൈഎഫ്ഐþസിപിഐ എം പ്രവര്‍ത്തകരെ അകാരണമായി ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് വാഹനങ്ങളിലെത്തിയ ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ കുട്ടാടന്‍ യൂണിറ്റംഗം തോട്ടത്തില്‍ അബു താഹിര്‍, നിഷാഭ്, നിഷാദ് എന്നിവരുടെ വീടുകള്‍ ആക്രമിച്ചത്. സംഭവത്തില്‍ അബുതാഹിറിനും(22) ഉപ്പ അബ്ദുള്‍ റഹ്മാന്‍(45),ഉമ്മ സല്‍മ(40)എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഈ കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പരാതിക്കാരായ ഡിവൈഎഫ്ഐക്കാരെ കുടുക്കാന്‍ സ്വയം മുറിവേല്‍പ്പിച്ച് കള്ളക്കഥയുണ്ടാക്കിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായ രണ്ടുപേരും.

deshabhimani

ഗണ്‍മാനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

ഗണ്‍മാനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

സലീംരാജിനെക്കുറിച്ച് പറഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരിശംകൊള്ളുമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സലീംരാജ് ഉള്‍പ്പെട്ടെ ഭൂമിതട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നതിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് മുഖ്യമന്ത്രി കലിതുള്ളിയത്. പ്രമേയത്തിന് അവതരണാനുമതി തേടിയ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും വിട്ടില്ല. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതോടെ തീപാറി.

ഭൂമിതട്ടിപ്പ് സംബന്ധിച്ച് പരാതി ഉയര്‍ന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അന്ന് നിങ്ങള്‍ (ഉമ്മന്‍ചാണ്ടി) പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ കുന്തംവിഴുങ്ങിയ മട്ടില്‍ ഇരിക്കുകയായിരുന്നില്ലേയെന്ന് കോടിയേരി തിരിച്ചടിച്ചു. കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരില്‍നിന്ന് കരംസ്വീകരിക്കാന്‍ ഇന്നുതന്നെ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി ചോദിച്ചു. ഇങ്ങനെ ചോദിക്കാനുള്ള മാനസികാവസ്ഥ എന്താണെന്ന് തനിക്കറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാനസികാവസ്ഥ പരിശോധിക്കാന്‍ ഒന്നിച്ച് ഡോക്ടറെ കാണാന്‍ തയ്യാറുണ്ടോയെന്ന് കോടിയേരി വെല്ലുവിളി ഉയര്‍ത്തിയതോടെ മുഖ്യമന്ത്രി പതറി. മുന്‍ ഗണ്‍മാനെക്കുറിച്ച് പറഞ്ഞാല്‍ വ്യക്തിപരമായി ആക്ഷേപിക്കുകയാണോയെന്ന് കോടിയേരി ആരാഞ്ഞതോടെ സഭ പ്രക്ഷുബ്ധമായി. "നാണമില്ലേ" എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും പ്രതിഷേധം ക്ഷണിച്ചുവരുത്തി.

ടി എന്‍ പ്രതാപന്റെ പരിസ്ഥിതിപ്രേമത്തിനെതിരെ ഭരണപക്ഷത്തുനിന്നുതന്നെ പൊട്ടിത്തെറിയുണ്ടായി. ജോസഫ് വാഴക്കനാണ് പ്രതാപനെതിരെ ആദ്യം വെടിയുതിര്‍ത്തത്. തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിച്ച് പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് സി മോയിന്‍കുട്ടി ആവശ്യപ്പെട്ടു. മലയോരകര്‍ഷകര്‍ കൈയേറ്റക്കാരാണെന്ന പ്രതാപന്റെ നിലപാടിനെ കെ കെ ജയചന്ദ്രനും ചോദ്യംചെയ്തു. പ്രതാപന്‍ കപടപരിസ്ഥിതിവാദിയാണെന്ന ആരോപണം ഉന്നയിച്ച സാജുപോളാകട്ടെ തെളിവ് നിരത്താനും തയ്യാറായിരുന്നു. യുവജന കമീഷന്‍ ബില്ലുമായി എത്തിയ മന്ത്രി പി കെ ജയലക്ഷ്മി സഹതാപം പിടിച്ചുപറ്റി. പണ്ടേ ദുര്‍ബല പോരാത്തതിന് തടിയനൊരു ബില്ലും എന്ന മട്ടിലായിരുന്നു മന്ത്രിയുടെ ബില്‍ അവതരണം. ബില്ലിന്റെ തലനാരിഴ കീറി പരിശോധനയാണ് ചര്‍ച്ചയില്‍ മുന്നിട്ടുനിന്നതെങ്കിലും രാഷ്ട്രീയചര്‍ച്ചയും കൗതുകം പകര്‍ന്നു.

കോണ്‍ഗ്രസിനേറ്റ ആം ആദ്മിയുടെ കുറ്റിച്ചൂല്‍ പ്രഹരത്തെക്കുറിച്ച് പി ശ്രീരാമകൃഷ്ണന്‍ പരാമര്‍ശിച്ചപ്പോള്‍ പാലോട് രവി വടികൊടുത്ത് അടിവാങ്ങാനെത്തി. ഡല്‍ഹിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോയെന്നായിരുന്നു പാലോട് രവിയുടെ ഇടയ്ക്കുകയറിയുള്ള ചോദ്യം. ഞങ്ങളുടെ ചൂല്‍കൊണ്ടുതന്നെ അടിവേണമെന്ന് എന്തിന് നിര്‍ബന്ധം പിടിക്കുന്നൂവെന്ന് ശ്രീരാമകൃഷ്ണന്‍ തിരിച്ചടിച്ചു. യുവത്വത്തിന്റെ അവകാശങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്ന ഒന്നും ബില്ലില്‍ ഇല്ലെന്ന് ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അകാലത്തില്‍ വാര്‍ധക്യം ബാധിച്ച യുവാവിനെപ്പോലെ പല്ലുകൊഴിഞ്ഞ് ശോഷിച്ച ഒരു ബില്‍... ഇതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തൊഴില്‍പ്രശ്നം അഭിമുഖീകരിക്കുന്ന കാര്യത്തില്‍ ബില്‍ പരാജയമാണെന്ന് ടി വി രാജേഷ് വ്യക്തമാക്കി.

യൂത്ത് കമീഷന്റെ ഘടന ഉടച്ചുവാര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, സ്വാശ്രയ കൊള്ള, തൊഴില്‍ അവകാശം... ഇങ്ങനെ അടിസ്ഥാനപരമായ ഒന്നിനെക്കുറിച്ചും ബില്ലില്‍ പരാമര്‍ശമില്ലെന്ന് ശ്രീരാമകൃഷ്ണന്‍. യുവാക്കള്‍ നേരിടുന്ന വെല്ലുവിളി നേരിടാന്‍ ബില്‍ പര്യാപ്തമല്ലെന്നായിരുന്നു ഇ ചന്ദ്രശേഖരന്റെ വാദം. വി എസ് സുനില്‍കുമാറിന്റെ ഊഴമെത്തിയതോടെ ബില്‍ചര്‍ച്ച സ്കൂള്‍കലോത്സവത്തിലെ തട്ടിപ്പിനെക്കുറിച്ചായി. ഗ്രേസ് മാര്‍ക്ക് നിര്‍ത്തിയാല്‍ യുവജനോത്സവം കെട്ടിപ്പൂട്ടുമെന്ന് സുനില്‍കുമാര്‍. പണാധിപത്യവും അഴിമതിയും സ്കൂള്‍കലോത്സവവേദിയിലും കൊടികുത്തി വാഴുകയാണെന്ന് ജി സുധാകരന്‍. അരിവയ്പുകാരും പട്ടിപിടിത്തക്കാരുംവരെ കലോത്സവത്തിന്റെ വിധികര്‍ത്താക്കളായി വരുന്നുണ്ടെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി.

സ്കൂള്‍ കലാമേളയിലെ അഴിമതിയും തട്ടിപ്പും സംബന്ധിച്ച് തെളിവ് തന്നാല്‍ നടപടി എടുക്കുമോയെന്നായിരുന്നു എ പ്രദീപ്കുമാറിന് അറിയേണ്ടിയിരുന്നത്. കലോത്സവത്തിലെ വിധിനിര്‍ണയത്തില്‍ വലിയ അഴിമതിയും സാമ്പത്തികതട്ടിപ്പും നടക്കുന്നുണ്ടെന്ന് പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. യുവജന കമീഷന്‍ ബില്ലില്‍ അഭിമാനംകൊള്ളാന്‍ ഷാഫി പറമ്പിലും എന്‍ ഷംസുദീനും വക കണ്ടെത്തി. മത്സ്യത്തൊഴിലാളി കടശ്വാസ കമീഷന്‍ ഭേദഗതിബില്ലിനെ "തീരെ ചെറുത്" എന്നാണ് മന്ത്രി കെ ബാബു വിശേഷിപ്പിച്ചത്. "നെത്തോലി ചെറിയ മീനല്ല" എന്നായിരുന്നു ഇതിന് സാജുപോളിന്റെ മറുവാദം. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന് ആശ്വാസം പകരാന്‍ ഒരു കമീഷനെ വയ്ക്കേണ്ട സ്ഥിതിയാണെന്ന് സാജുപോള്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ ഒരു നടപടിയുമില്ലെന്ന് എസ് ശര്‍മ കുറ്റപ്പെടുത്തി. മന്ത്രിമാരുടെ മറുപടിയെത്തുടര്‍ന്ന് ഇരുബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

കെ ശ്രീകണ്ഠന്‍ ദേശാഭിമാനി

ബാബുവിന് വിലക്കില്ല, കലയുടെ കോവിലില്‍

ബാബുവിന് വിലക്കില്ല, കലയുടെ കോവിലില്‍

 ഗുരുവായൂര്‍ ക്ഷേത്രനടയില്‍നിന്ന് അപമാനിതനായി മടങ്ങുമ്പോള്‍ ബാബുവിന്റെ ഇലത്താളത്തില്‍ കണ്ണീര്‍ വീണിരുന്നു. ഗുരുവായൂരില്‍ ജാതിയുടെ പേരില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കല്ലൂര്‍ ബാബുവിന് പക്ഷേ കലോത്സവവേദിയില്‍ അയിത്തമില്ല. ക്ഷേത്രമതിലകങ്ങളില്‍നിന്ന് ജനകീയ ഉത്സവവേദികളിലേക്ക് ഇറങ്ങിവന്ന പഞ്ചവാദ്യകലയുടെ പുതിയ ഉപാസകര്‍ ബാബുവിനെ തിരിച്ചറിഞ്ഞു. ഓടിയെത്തി വിശേഷങ്ങള്‍ ചോദിച്ചു. പെരിങ്ങോടിന്റെയും കടവല്ലൂരിന്റെയും കുട്ടികളുടെ സ്നേഹവായ്പില്‍ ബാബുവിന്റെ കണ്ണുനിറഞ്ഞു. അഭിമാനത്താല്‍ ശിരസ്സുയര്‍ത്തിയാണ് ബാബു പാലക്കാട്ടുനിന്ന് മടങ്ങിയത്.

ഈയിടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാനെത്തിയ ബാബുവിനെ ക്ഷേത്രാധികാരികള്‍ മടക്കി അയച്ചത്. കരിമ്പനകളുടെ നാട്ടിലെ കലോത്സവവേദിയില്‍ പഞ്ചവാദ്യത്തില്‍ പുതുമുറക്കാരുടെ പ്രകടനം കാണാനെത്തിയ ബാബുവിന് കലയിലെ ജാതിപ്പിശാചിനെക്കുറിച്ചുതന്നെയാണ് പറയാനുണ്ടായിരുന്നത്. കലോത്സവവേദിയില്‍ ജാതിയുടെയോ മതത്തിന്റെയോഅതിര്‍വരമ്പുകളില്ലാതെ കൂട്ടിക്കൂട്ടം ഒന്നിച്ചുനിന്ന് കൊട്ടിക്കയറുമ്പോള്‍ ബാബുവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ""ദളിതനായതുകൊണ്ടാണ് മഹാക്ഷേത്ര നടയില്‍നിന്ന് എന്നെ പുറത്താക്കിയത്. ജാതിഭ്രഷ്ട് ആദ്യമല്ല, കേരളത്തിന്റെ മഹത്തായ തൃശൂര്‍പൂരത്തില്‍നിന്നും വിലക്കിയിട്ടുണ്ട്. ഒരു തവണ വിളിച്ച തിരുവമ്പാടിക്കാര്‍ ജാതി മനസ്സിലാക്കി പിന്നീട് അടുപ്പിച്ചിട്ടില്ല""- ബാബു പറയുന്നു.

ഇത്തരം അനുഭവം നേരിട്ട പലരും കലാരംഗംതന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ടെന്നും താന്‍ ഉറച്ചുനില്‍ക്കുമെന്നും തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ ബാബു പറഞ്ഞു. ചൊവ്വാഴ്ച ഡിവൈഎഫ്ഐ ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പഞ്ചാവാദ്യത്തില്‍ ബാബു ഇലത്താളമിടും. ""അപ്പനപ്പൂപ്പന്‍മാരായി പകര്‍ന്നുതന്ന കലയാണ് ഇത്. എന്നെ മാത്രമല്ല ഈ കലയെക്കൂടിയാണ് അവര്‍ അപമാനിച്ചത്""- ബാബു പറഞ്ഞു.

വി ഡി ശ്യാംകുമാര്‍

ജാതി വിവേചനം നന്മയുടെ സെക്രട്ടറിയറ്റ് ധര്‍ണ

ഗുരുവായൂരമ്പലത്തില്‍ ജാതി പറഞ്ഞ് കലാകാരനു നേരെയുണ്ടായ തൊഴില്‍നിഷേധത്തിനും അവഹേളനത്തിനുമെതിരെ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന "നന്മ" സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഇത് ക്രിമിനല്‍ കുറ്റമായി കണ്ട് അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജാതിയുടെ പേരിലുള്ള വിവേചനം ഗുരുവായൂരിലെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ പലയിടങ്ങളിലും ചില കേന്ദ്രങ്ങള്‍ കലാകാരന്മാരോട് ഈ ചാതുര്‍വര്‍ണ്യസമീപനം കൈക്കൊള്ളുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇതിനെതിരെ സമൂഹ മനസാക്ഷിയുണര്‍ത്താന്‍ ജില്ലകള്‍തോറും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി ആറിന് സെക്രട്ടറിയറ്റ് നടയില്‍ കലകാരന്മാരുടെ പ്രതിഷേധ ധര്‍ണ നടത്താനും യോഗം നിശ്ചയിച്ചു.

സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മാധവന്‍ കുന്നത്തറ, രവി കേച്ചേരി, വില്‍സണ്‍ സാമുവേല്‍, അയിലം ഉണ്ണികൃഷ്ണന്‍, പി എന്‍ ഐ കരീം, സുരേഷ് ഒഡേസ, സുനില്‍ പാലക്കാട്, കെ എസ് വിജയന്‍, മനോമോഹന്‍ എന്നിവര്‍ സംസാരിച്ചു. അനുശോചിച്ചു തൃശൂര്‍: സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് എ കെ അബ്ദുള്ളയുടെ നിര്യാണത്തില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എം എസ് പ്രേംകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസ്, കെ എസ് ഡൊമിനിക്, സി എ ജോയ്, ടി കെ നിര്‍മലാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

ലോകസമ്പത്തിന്റെ പകുതി 85 പേരുടെ കൈവശം