ബ്ലോഗ് ആര്‍ക്കൈവ്

2013, ജൂൺ 7, വെള്ളിയാഴ്‌ച

പ്രസീതിന്റെ മൊഴി കള്ളമെന്നതിന് രേഖകള്‍

പ്രസീതിന്റെ മൊഴി കള്ളമെന്നതിന് രേഖകള്‍

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് സ്ഥാപിക്കാന്‍ വിസ്തരിച്ച പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയുടെ മൊഴി കള്ളമെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍. വൊഡഫോണ്‍ കമ്പനി ഹാജരാക്കിയ ഒന്നാംസാക്ഷി കെ കെ പ്രസീതിന്റെ ഫോണ്‍ കോള്‍ രേഖകളാണ് കള്ളമൊഴി വ്യക്തമാക്കുന്നത്. കൊല നടന്ന 2012 മെയ് നാലിന് പ്രസീത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വൊഡഫോണ്‍ ആള്‍ട്ടര്‍നേറ്റീവ് നോഡല്‍ ഓഫീസര്‍ ഷഹീന്‍ എം കോമത്ത് ഹാജരാക്കിയ രേഖ തെളിയിക്കുന്നു. പിറ്റേന്ന് ഇന്നോവ കാര്‍ ചൊക്ലി പുനത്തില്‍മുക്കില്‍ കണ്ടെടുക്കുന്നതിന് സാക്ഷിയാണെന്നും മഹസറില്‍ ഒപ്പിട്ടുവെന്നും വടകര ഡിവൈഎസ്പി ഓഫീസിലെത്തി മൊഴി നല്‍കിയെന്നുമുള്ള പ്രസീതിന്റെ മൊഴി കളവാണ്. അന്ന് രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രസീത് പ്രവേശിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രസീതിന്റെ വീട് സ്ഥിതിചെയ്യുന്ന വെള്ളികുളങ്ങരയില്‍നിന്ന് മെഡിക്കല്‍ കോളേജില്‍വന്ന് തിരിച്ച് വീട്ടിലെത്തുന്നതുവരെയുള്ള ടവര്‍ ലൊക്കേഷന്റെ വിശദാംശമാണ് ഹാജരാക്കിയത്. പ്രസീതിന്റെ മൊഴി വിശ്വസനീയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലാണ് 9048014554 ഫോണ്‍ നമ്പറിന്റെ 2012 മെയ് 4 മുതല്‍ 9 വരെയുള്ള കോള്‍ റെക്കോഡ് ഹാജരാക്കിയത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷിയാണെന്നും അന്ന് രാത്രി 10.15 മുതല്‍ പിറ്റേന്ന് പകല്‍ 11.30 വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഓര്‍മയില്ലെന്നുമായിരുന്നു മൊഴി. മെയ് നാലിന് രാവിലെ 9.46 മുതല്‍ രാത്രി 11.33 വരെ പ്രസീത് വള്ളിക്കാട് ടവര്‍ പരിധിയില്‍ ഉണ്ടായിട്ടില്ല. വീടിനടുത്തുള്ള വെള്ളികുളങ്ങരയാണ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. 36 കോളുകളില്‍ എട്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഇന്‍കമിങ് കോളുകളാണെന്ന് 152-ാം സാക്ഷിയായ ഷഹീന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. രാത്രി 11.33നാണ് അവസാന കോള്‍ രേഖപ്പെടുത്തിയത്. പിറ്റേന്ന് പകല്‍ പതിനൊന്നരക്ക് പ്രസീത് വള്ളിക്കാട്ടെത്തുകയും ഇന്നോവ കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൊക്ലി പുനത്തില്‍മുക്കിലെത്തുകയും പകല്‍ മൂന്നിന് മഹസറില്‍ ഒപ്പിടുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വൈകിട്ട് ആറിന് വടകര ഡിവൈഎസ്പി ഓഫീസില്‍ വന്ന് പ്രസീത് മൊഴി നല്‍കിയെന്നും പ്രോസിക്യൂഷന്‍ സമര്‍ഥിച്ചിരുന്നു.

എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ വെള്ളികുളങ്ങരയിലാണ് പ്രസീതിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പിന്നീട് മടപ്പള്ളി, വടകര, പയ്യോളി, തിക്കോടി, വെള്ളിമാട്കുന്ന് വഴി മെഡിക്കല്‍ കോളേജില്‍ എത്തി തിരിച്ചുപോവുകയും ചെയ്തു. അന്നത്തെ 69 കോളുകളുടെ വിവരങ്ങളാണ് ഹാജരാക്കിയത്. കേസില്‍ ഉള്‍പ്പെട്ടതെന്ന് ആരോപണമുള്ള ഇന്നോവ കാര്‍ തിരിച്ചറിഞ്ഞു എന്ന പ്രസീതിന്റെ മൊഴിയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണിത്. സാക്ഷിയെ പ്രതിഭാഗത്തിനുവേണ്ടി പി വി ഹരി, കെ വിശ്വന്‍ എന്നിവര്‍ വിസ്തരിച്ചു. ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി വിസ്താരം നടത്തി

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ