ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും സൈനികേതര ആണവ സഹകരണത്തിനുള്ള നിര്‍ണായകമായ ആദ്യ വാണിജ്യകരാര്‍ ഒപ്പിട്ടു. ആണവ-പ്രതിരോധ മേഖലയില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുപക്ഷവും സൈനികേതര ആണവസഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഇന്ത്യയുടെ ആണവബാധ്യതാനിയമത്തെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ത്തതിനാലാണ് വാണിജ്യകരാര്‍ വൈകിയത്. ആണവബാധ്യതാ നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായതോടെയാണ് പുതിയ കരാറിന് അവസരമൊരുങ്ങിയത്. സൈനികേതര ആണവസഹകരണത്തില്‍ ഇരു രാജ്യവും ഇനിയും മുന്നോട്ട് പോകുമെന്ന് ഒബാമ പറഞ്ഞു. ആണവോര്‍ജരംഗത്ത് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും വ്യാവസായികമായി സഹകരിക്കാനുള്ള കരാറിനും അനുമതി നല്‍കിയെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും അറിയിച്ചു. അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ ഗുജറാത്തിലും ആന്ധ്രപ്രദേശിലും വാണിജ്യ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുഎസ് കമ്പനികളായ വെസ്റ്റിങ്ഹൗസിനും ജനറല്‍ ഇലക്ടിക്-ഹിറ്റാച്ചിക്കുമാണ് ഇതിന്റെ ചുമതല.

സാങ്കേതികവിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയുടെ ആണവോര്‍ജ നിയന്ത്രണ ഏജന്‍സിയും (എന്‍ആര്‍സി) ഇന്ത്യന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും ധാരണാപത്രം ഒപ്പിടും. പ്രതിരോധമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം നടത്താനും പുതിയ കരാറുകളില്‍ ഒപ്പിടാനും ധാരണയായി. വിദേശനിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉടമ്പടി വേഗത്തില്‍ ഒപ്പിടാനും തീരുമാനമായി. പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനം, ആഭ്യന്തര-സൈബര്‍ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കാനും ധാരണയിലെത്തി.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ