ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 6, ബുധനാഴ്‌ച

കോര്‍പറേറ്റുകളുടെ മോഡിസ്നേഹം


കോര്‍പറേറ്റുകളുടെ മോഡിസ്നേഹം

ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസികള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന നിര്‍ണായക സംഭവവികാസമാണിത്. വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ കൃത്യമായ വര്‍ഗതാല്‍പ്പര്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഒരു ദശാബ്ദമായി ഗുജറാത്തിലെ മുഖ്യമന്ത്രിപദവിയിലിരിക്കുന്ന മോഡി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏറ്റവും നല്ല സേവകനാണെന്ന് തെളിയിച്ചിട്ടുണ്ട്. മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മോഡലിനെ കോര്‍പറേറ്റ് മേഖല വര്‍ഷങ്ങളായി പുകഴ്ത്തുകയുമാണ്.

കോര്‍പറേറ്റ് മേഖലയ്ക്ക് അവരുടെ വ്യവസായസ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സബ്സിഡിയോടെ നല്‍കുന്ന പാക്കേജുകളും ഗുജറാത്ത് മാതൃകയെന്ന് വിളിക്കപ്പെടുന്ന "വികസനമാതൃക"യിലുണ്ട്. തുച്ഛമായ വിലയ്ക്കാണ് ഭൂമി നല്‍കുന്നത്. സബ്സിഡിയോടെ വൈദ്യുതിയും നികുതി ഇളവുകളും ഇവര്‍ക്ക് നല്‍കുന്നു. വന്‍കിട ബൂര്‍ഷ്വാസികള്‍ക്ക് അതിലാഭം കൊയ്യാനുള്ള അവസരം നരേന്ദ്രമോഡിയുടെ ഭരണം ഉറപ്പുനല്‍കുന്നു. ഇവര്‍ക്ക് വഴങ്ങാത്ത തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും കടുത്ത അടിച്ചമര്‍ത്തലിന് വിധേയരാക്കി വിനീതരാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തേക്കുള്ള സ്വകാര്യനിക്ഷേപത്തിന്റെ ഒഴുക്കും അവര്‍ നേടുന്ന ഉയര്‍ന്ന ലാഭവുമാണ് വികസനത്തിന്റെ "തിളക്കമാര്‍ന്" വശം. തൊഴിലാളികളുടെ യഥാര്‍ഥ കൂലി കുറഞ്ഞുവരുന്നതാണ് അതിന്റെ ഇരുണ്ട വശം. സാധാരണ ജനങ്ങള്‍ക്കായി എടുത്തുപറയത്തക്ക ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ നടപടികളൊന്നും ഗുജറാത്തില്‍ ഇല്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിലെ 48 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കുന്നില്ല. ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ പത്താംസ്ഥാനത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആറ് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ സാക്ഷരതാനിരക്കില്‍ ഗുജറാത്ത് അഞ്ചാംസ്ഥാനത്തുനിന്ന് ഏഴാംസ്ഥാനത്തേക്ക് വീണു. നേരത്തെ വന്‍കിട ബൂര്‍ഷ്വാസികള്‍ ഗുജറാത്തിലെ ഭരണത്തിനും നേതൃത്വത്തിനുമാണ് മോഡിയെ പുകഴ്ത്തിയത്.

എന്നാലിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വമേറ്റെടുക്കാനാണ് അവര്‍ മോഡിയെ പിന്തുണയ്ക്കുന്നത്. ജനുവരിയില്‍ അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ കോര്‍പറേറ്റ് മേധാവികള്‍ മോഡിയെ വാനോളം പുകഴ്ത്താന്‍ മത്സരിച്ചു. മുകേഷ് അംബാനി, അനില്‍ അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദനി, ശശി റൂയിയ, ആദി ഗോദ്റെജ് തുടങ്ങി പ്രധാന വ്യവസായപ്രമുഖരെല്ലാം അവിടെയെത്തി. റിലയന്‍സ്, ടാറ്റ, എസ്സാര്‍, അദനീസ്, ഗോദ്റെജ് എന്നീ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് ഇവര്‍. മോഡിയെ "രാജാക്കന്മാരുടെ രാജാവ"് എന്ന് വിശേഷിപ്പിച്ച അനില്‍ അംബാനി, മഹാത്മാഗാന്ധിയുമായും സര്‍ദാര്‍ പട്ടേലുമായും മോഡിയെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് മാതൃകയിലുള്ള വികസനം ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അമേരിക്ക- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ തലവന്‍ റോന്‍ സമ്മേഴ്സും ഈ ഉച്ചകോടയില്‍ പങ്കെടുത്തു. ഗുജറാത്തിന്റെ പുരോഗതിയെ "അത്യത്ഭുതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇവരോടൊപ്പം അണിചേര്‍ന്ന കോര്‍പറേറ്റ് മാധ്യമങ്ങളും നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ വികസനമാതൃകയെയും പുകഴ്ത്തി.

ഡല്‍ഹി സര്‍വകലാശാലയില്‍ മോഡി അടുത്തിടെ നടത്തിയ പ്രസംഗത്തിന് മുഖ്യ ദേശീയമാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തില്‍നിന്ന് ഇവരുടെ താല്‍പ്പര്യവും മനസ്സിലാക്കാം. യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ വര്‍ധിച്ച ആനുകൂല്യങ്ങളാണ് വന്‍കിട ബൂര്‍ഷ്വാസികള്‍ക്ക് ലഭിക്കുന്നത്. വന്‍കിട ബിസിനസുകാരെയും വിദേശമൂലധനത്തെയും പ്രീണിപ്പിക്കാന്‍ മന്‍മോഹന്‍സിങ്ങും പി ചിദംബരവും കഴിഞ്ഞ കുറച്ചുമാസങ്ങളായി വഴിവിട്ട് ശ്രമിക്കുകയാണ്. നികുതിവെട്ടിപ്പ് തടയാനുള്ള ഗാര്‍ ചട്ടങ്ങള്‍ യുപിഎ സര്‍ക്കാര്‍ തടഞ്ഞുവച്ചതിനര്‍ഥം കോര്‍പറേറ്റുകളും വന്‍കിട ബിസിനസുകാരും നടത്തുന്ന നികുതിവെട്ടിപ്പ് തടയാനുള്ള വഴി അടയ്ക്കുകയാണെന്നാണ്. മാത്രമല്ല, ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപവും അനുവദിച്ചു. 2009ന് ശേഷം മാത്രം 20 ലക്ഷം കോടിയുടെ ഇളവുകളാണ് വന്‍കിടക്കാര്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. ഇതൊക്കെ ചെയ്തിട്ടും വന്‍കിട ബൂര്‍ഷ്വാസികള്‍ തൃപ്തരല്ല. രക്തം മണത്ത ഇവര്‍ കൂടുതല്‍ ആവശ്യം ഉയര്‍ത്തുകയാണ്. മോഡി ഇവര്‍ക്ക് ബദല്‍മുഖമാകുന്നതും ഇതുകൊണ്ടുതന്നെ. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2002ല്‍ 2000 മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്ത സംഭവമൊന്നും വന്‍കിട ബൂര്‍ഷ്വാസികളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നില്ല. കൊടിയ ഹിന്ദുത്വശക്തികളുടെ പ്രതിനിധിയാണ് മോഡി. കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ധനമുതലാളിത്തത്തിനും പ്രധാനം അവരുടെ അതിലാഭം ഉറപ്പാക്കലും അതിനായി തടസ്സമേതുമില്ലാതെ രാജ്യത്തെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം നേടലുമാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍എസ്എസും മോഡിയെ പിന്തുണയ്ക്കും. അന്തിമമായി മോഡിയും സംഘ പ്രചാരകനാണ്. ആര്‍എസ്എസിന്റെ മുന്നണിയില്‍പെട്ട വിശ്വഹിന്ദുപരിഷത്ത് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചുകഴിഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ നടന്ന യോഗത്തില്‍ മോഡിയെ ഹിന്ദുത്വത്തിന്റെ മുഖമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്തിമഘട്ടത്തില്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നതില്‍ വന്‍കിട ബൂര്‍ഷ്വാസികള്‍ക്കുള്ള പങ്ക് പ്രസിദ്ധമാണ്. ജര്‍മനിയില്‍ സംഭവിച്ചത് അതാണ്. ഇന്ത്യയില്‍ അത്തരമൊരു പ്രതിസന്ധി ഭരണവര്‍ഗത്തിന് ഇതുവരെയും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. ഹിന്ദുത്വവര്‍ഗീയതയും വന്‍കിട ബൂര്‍ഷ്വാ പിന്തുണയും ചേര്‍ന്നുള്ള മിശ്രിതം അപകടകരമാണ്. വലതുപക്ഷ സ്വേച്ഛാധിപത്യത്തിലേക്ക് ഇത് വളര്‍ന്നാല്‍ അത് രാജ്യത്തെ അപകടത്തിലാഴ്ത്തുകയും ഐക്യം തകര്‍ക്കുകയും ചെയ്യും.

വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങളെ ദീര്‍ഘകാലമായി സേവിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും ഈ ഭീഷണിയെ നേരിടാനാകില്ല. തൊഴിലാളികളെയും കര്‍ഷകരെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് മാത്രമേ ഈ ഭീഷണിയെ നേരിടാനാകൂ. ഈ ബദല്‍ മാര്‍ഗമാണ് രണ്ട് ദിവസത്തെ പണിമുടക്കിലൂടെ തൊഴിലാളിവര്‍ഗം കാട്ടിത്തരുന്നത്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും സഞ്ചരിക്കുന്ന സംഘര്‍ഷ് സന്ദേശ് ജാഥയും എല്ലാ മതനിരപേക്ഷ ജനാധിപത്യ പുരോഗമനശക്തികളെയും സംഘടിപ്പിച്ച് നവഉദാരവല്‍ക്കരണ മുതലാളിത്തത്തിനും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കും ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 21 ഫെബ്രുവരി 2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ