കോടതിയിലെ മൊഴി പൊലീസ് തല്ലിപ്പറയിച്ചത്: പ്രധാനസാക്ഷി
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നാദാപുരം മജിസ്ട്രേട്ട് കോടതിയില്‍ മൊഴി കൊടുത്തത് പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതുകൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ ഒമ്പതാംസാക്ഷി ചൊക്ലി സമീറ ക്വാര്‍ട്ടേഴ്സിലെ ടി കെ സുമേഷ്. പ്രത്യേക അഡീഷണല്‍ കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെയാണ് നിര്‍ണായക മൊഴി. പൊലീസിനെ ഭയന്ന് സത്യമല്ലാത്ത കാര്യങ്ങളാണ് മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയത്. 10 ദിവസം തന്നെ കസ്റ്റഡിയില്‍വച്ച് പൊലീസ് ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ പറയുന്നതുപോലെ മൊഴി നല്‍കണമെന്നും ഇല്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നും പുറംലോകം കാണിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മൂന്നുദിവസം പട്ടിണിക്കിട്ടു. ഉറങ്ങാന്‍ സമ്മതിച്ചില്ല. അടിച്ചാണ് മൊഴി പഠിപ്പിച്ചത്. മജിസ്ട്രേട്ടിന് കൊടുക്കുന്ന മൊഴി തങ്ങള്‍ക്ക് കിട്ടുമെന്നും പുറത്തുവരുമ്പോള്‍ കണിച്ചുതരാമെന്നും ഭീഷണിയുണ്ടായി. ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയി പഴയ പത്രങ്ങള്‍ വായിച്ച് അത് എഴുതിയെടുക്കാന്‍ പറഞ്ഞു. ഉറക്കംതൂങ്ങിയാല്‍ അടികിട്ടുമെന്നും സുമേഷ് മൊഴി നല്‍കി.
സുമേഷിന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍: ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുപിറ്റേന്ന് മാഹി ചാലക്കരയിലെ തന്റെ തറവാട്ടുവീട്ടില്‍ പൊലീസ് പൂട്ടുപൊളിച്ച് അകത്തുകടന്നു. ഇതില്‍ പേടിച്ച് ചെന്നൈക്ക് പോയി. ചെന്നൈയില്‍നിന്ന് 2012 മെയ് 10നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് ബോര്‍ഡില്ലാത്ത ഇന്നോവ കാറില്‍ വയനാട് മേപ്പാടിയിലെ ഏതോ വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിച്ചു. പകല്‍ ഡിവൈഎസ്പി ഓഫീസിലും രാത്രി ക്യാമ്പ് ഓഫീസിലുമായിരുന്നു. മജിസ്ട്രേട്ടിന് കൊടുക്കാനുള്ള മൊഴി പഠിപ്പിച്ചത് ക്യാമ്പ് ഓഫീസിലാണ്. മജിസ്ട്രേട്ട് ചോദിക്കുമ്പോള്‍ പറയേണ്ട ഉത്തരങ്ങളും പഠിപ്പിച്ചു. മജിസ്ട്രേട്ടിനുമുമ്പാകെ ഹാജരാകാന്‍ സമന്‍സ് കിട്ടിയിട്ടില്ല. പൊലീസ് വിളിച്ചുവരുത്തിയതാണ്. പൊലീസ് ജീപ്പിലാണ് കോടതിയിലേക്ക് പോയതും തിരിച്ച് വടകരയിലേക്ക് വന്നതും. ഒരുദിവസമേ തടങ്കലില്‍ വച്ചുള്ളു എന്ന് മജിസ്ട്രേട്ട് മുമ്പാകെ മൊഴി കൊടുത്തത് പൊലീസ് പറഞ്ഞപ്രകാരമാണ്. കേസ് സംബന്ധിച്ച് മജിസ്ട്രേട്ടിനുമുമ്പില്‍ പറഞ്ഞ വിവരങ്ങള്‍ നേരിട്ട് അറിവുള്ള കാര്യമല്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മെയ് 12ന് വടകര ഡിവൈഎസ്പി മുമ്പാകെ മൊഴിയൊന്നും കൊടുത്തിട്ടില്ലെന്നും സുമേഷ് മൊഴിനല്‍കി.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മാഹി കോടതിയില്‍ ഒപ്പിടാന്‍ പോയത് ഇന്നോവ കാറിലാണെന്ന് സുമേഷ് മൊഴി നല്‍കിയതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുമേഷ് നിഷേധിച്ചു. സംഭവദിവസം രാത്രി കൊടി സുനി ഫോണില്‍ വിളിച്ച് ടി വി വാര്‍ത്ത കാണാന്‍ ആവശ്യപ്പെട്ടിട്ടില്ല. സിപിഐ എം നേതാവ് കുഞ്ഞനന്തനെ അറിയില്ല. കൊലയ്ക്ക് മൂന്നാഴ്ചമുമ്പ് സമീറ ക്വാര്‍ട്ടേഴ്സില്‍ വച്ച് സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നും ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശമുണ്ടെന്നും അനൂപ് വഴിയാണ് കരാര്‍ വന്നതെന്നും കൊടി സുനി അറിയിച്ചു എന്നു പറയുന്നതും ശരിയല്ല. അപ്രകാരം യാതൊരു മൊഴിയും നല്‍കിയിട്ടില്ല. കൊടി സുനിയും സംഘവും ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാര്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മൊഴി കൊടുത്തിട്ടില്ല. കൊല നടന്നത് സിപിഐ എം അറിവോടെയാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് ചമച്ച മൊഴികള്‍ എല്ലാം സുമേഷ് നിഷേധിച്ചു. ഇല്ലാത്ത മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയതെന്ന നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണ് കോടതിയില്‍ സുമേഷ് നടത്തിയ വെളിപ്പെടുത്തല്‍.
മൊഴിയാക്കിയത് പറയാത്ത കാര്യങ്ങള്‍
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി പ്രോസിക്യൂഷനെതിരെ. കൊലപാതക ഗൂഢാലോചന നേരിട്ട് അറിയുമെന്നുപറഞ്ഞ് ഹാജരാക്കിയ കേസ് രജിസ്റ്ററിലെ 16-ാം സാക്ഷിയും പ്രോസിക്യൂഷന്‍ ഒമ്പതാംസാക്ഷിയുമായ ടി കെ സുമേഷാണ് പ്രോസിക്യൂഷന്റെ വിസ്താരത്തില്‍ എതിരെ മൊഴിനല്‍കിയത്. സുമേഷില്‍നിന്ന് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്നത് ഭയന്ന പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. കോടതി ഇതംഗീകരിച്ചശേഷം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രോസ് വിസ്താരം നടത്തി.
താന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് നാദാപുരം മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത് പൊലീസ് പീഡനംമൂലമാണെന്നും സുമേഷ് പറഞ്ഞു. ചന്ദ്രശേഖരന്‍ കേസില്‍ ശാസ്ത്രീയ അന്വേഷണരീതിയാണ് അവലംബിച്ചത് എന്ന പൊലീസിന്റെയും മറ്റും വാദം സുമേഷിന്റെ മൊഴിയിലൂടെ പൊളിയുന്നതിന് കോടതി സാക്ഷിയായി. സുമേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് സ്ഥാപിക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമവും പാളി. മാഹി, പള്ളൂര്‍ മേഖലകളിലെ 14 കേസുകളില്‍ സുമേഷ് പ്രതിയാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിഭാഗം വിസ്താരത്തില്‍ 14ല്‍ 12 കേസിലും തന്നെ വെറുതെവിട്ടതായി സുമേഷ് മൊഴിനല്‍കി. ശിക്ഷിക്കപ്പെട്ട രണ്ടുകേസില്‍ അപ്പീലില്‍ ശിക്ഷ അസാധുവാക്കിയെന്നും സുമേഷ് വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ പത്താംസാക്ഷിയും വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് സെക്രട്ടറിയുമായ വി എസ് സൂരജ്കുമാറിനെയും ബുധനാഴ്ച വിസ്തരിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വിവരം 10.10ന് അറിഞ്ഞിട്ടില്ലെന്ന് സൂരജ്കുമാര്‍ മൊഴിനല്‍കി. പൊലീസ് രേഖപ്പെടുത്തിയതിന് വിരുദ്ധമായ മൊഴിയാണിത്. രാത്രി 11ന് ഭക്ഷണം കഴിച്ച് തിരിച്ച് ക്ലബ്ബില്‍ എത്തിയപ്പോഴാണ് ആരോ ഒരാള്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്നും സൂരജ്കുമാര്‍ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, സി ശ്രീധരന്‍ നായര്‍, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് സാക്ഷിവിസ്താരം നടത്തിയത്. ക്ലബ് പ്രസിഡന്റ് വി കെ ശിവരാമനെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാഴാഴ്ച 22 മുതല്‍ 25 വരെ സാക്ഷികളെ വിസ്തരിക്കും.
deshabhimani 070313
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ