ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 7, വ്യാഴാഴ്‌ച

ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം


ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം

ക്യൂബയില്‍ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യവാഴ്ച അവസാനിപ്പിക്കാന്‍ സായുധപോരാട്ടത്തിന് തുടക്കമിട്ട് യുവ വിപ്ലവകാരികളായ ഫിദല്‍ കാസ്ട്രോയും സഖാക്കളും 1953 ജൂലൈ 26ന് മൊണ്‍കാഡ സൈനിക താവളം ആക്രമിക്കുമ്പോള്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് ജനിച്ചിട്ടില്ല. വിഫലമായ മോണ്‍കാഡ ആക്രമണത്തിന്റെ ഒന്നാംവാര്‍ഷികം പിന്നിട്ട് രണ്ട് ദിവസവുംകൂടി കഴിഞ്ഞ് 54 ജൂലൈ 28നാണ് ഷാവേസ് ജനിച്ചത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും അനുപമമായ വിപ്ലവച്ചങ്ങാത്തങ്ങളില്‍ ഒന്നായി ഫിദലും ഷാവേസും തമ്മിലുള്ള ബന്ധം. മാര്‍ക്സും ഏംഗല്‍സും പോലെ, ഫിദലും ചെയും പോലെ ഫിദലും ഷാവേസും. ഗുരു-ശിഷ്യ ബന്ധത്തോട് ഉപമിക്കാവുന്ന ഈ വിപ്ലവസൗഹൃദം ലാറ്റിനമേരിക്കയെ മാറ്റിമറിച്ചത് ചരിത്രം.

അനീതിയും ചൂഷണവും അവസാനിപ്പിക്കാന്‍ സായുധവിപ്ലവത്തിന്റെ മാര്‍ഗം തേടിയവരാണ് ഇരുവരും. ദേശാഭിമാനബോധവും സോഷ്യലിസ്റ്റ് ചിന്തയുമായിരുന്നു ഇരുവര്‍ക്കും പ്രചോദനം. ദരിദ്രപക്ഷ-സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചു. അധികാരത്തിലെത്തിയശേഷം കൂടുതല്‍ ഇടതുപക്ഷത്തേക്ക് നീങ്ങിയവരാണ് ഇരുവരും. ഈ സമാനതകള്‍ക്ക് പുറമേ ചില വൈജാത്യങ്ങളും ഫിദലും ഷാവേസും തമ്മിലുണ്ടായിരുന്നു. ഫിദല്‍ സായുധപോരാട്ടത്തിലൂടെത്തന്നെ അധികാരത്തിലെത്തിയപ്പോള്‍ മാറിയ കാലത്ത്, നാല് പതിറ്റാണ്ടിനപ്പുറം തെരഞ്ഞെടുപ്പിലൂടെയാണ് ഷാവേസ് അധികാരത്തിലെത്തിയത്. ഫിദല്‍ കമ്യൂണിസ്റ്റായി മാറിയപ്പോള്‍ ഷാവേസ് സോഷ്യലിസ്റ്റായി തുടര്‍ന്നു. എന്നാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന ഷാവേസിന്റെ പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ എന്നും വഴികാട്ടി ഫിദലായിരുന്നു. ഒരര്‍ഥത്തില്‍ ഫിദലിന്റെ കണ്ടെത്തലായിരുന്നു ഷാവേസ്.

അമേരിക്കന്‍ പാവകളായി വെനസ്വേലയിലെ എണ്ണസമ്പത്ത് കൊള്ളയടിച്ചുവന്ന ഭരണവര്‍ഗ രാഷ്ട്രീയക്കാര്‍ക്കെതിരെ നാട്ടില്‍ പുകഞ്ഞ രോഷത്തിന്റെ പ്രതിഫലനമായിരുന്നു 1992ല്‍ വെനസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പട്ടാള ഓഫീസര്‍മാര്‍ നടത്തിയ സൈനിക വിപ്ലവശ്രമം. തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികം ജയിലിലായ ഷാവേസ് മോചിതനായശേഷം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വെറുമൊരു അട്ടിമറിക്കാരനെന്ന പ്രതിച്ഛായ മാറ്റാന്‍ നടത്തിയ ആ യാത്രയില്‍ അവസാനമാണ് ക്യൂബയില്‍ എത്തിയത്. എന്നാല്‍, ഷാവേസിനെത്തന്നെ അത്ഭുതപ്പെടുത്തിയ വരവേല്‍പ്പാണ് ഹവാനയില്‍ കാത്തിരുന്നത്. 94 ഡിസംബറില്‍ ക്യൂബയില്‍ ആദ്യമായി എത്തിയ ഷാവേസിനെ സാക്ഷാല്‍ ഫിദല്‍ കാസ്ട്രോ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞും നീണ്ട അവരുടെ സംഭാഷണത്തില്‍ ഫിദല്‍ ഷാവേസിന്റെ നിലപാടുകള്‍ ചോദിച്ചറിഞ്ഞു. തന്റെ അപാരമായ ജ്ഞാനത്താല്‍ ഫിദല്‍ ഷാവേസിനെ വീഴ്ത്തിക്കളഞ്ഞു. ഇക്കാര്യം ഷാവേസ് തന്നെ സ്നേഹത്തോടെ അനുസമരിച്ചിട്ടുണ്ട്. ഒന്നാംപേജില്‍ ഫിദല്‍ ഷാവേസിനെ ആലിംഗനംചെയ്ത് സ്വീകരിക്കുന്ന ചിത്രത്തോടെയാണ് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ ഗ്രാന്മ പിറ്റേന്ന് പുറത്തിറങ്ങിയത്. ഷാവേസ് ശ്രദ്ധിക്കപ്പെടേണ്ടയാള്‍ ആണെന്ന സന്ദേശം നല്‍കുകയായിരുന്നു കാസ്ട്രോ അതിലൂടെ.

രണ്ട് ദിവസം ഹവാനയില്‍ തങ്ങിയ ഷാവേസ് പോയിടത്തെല്ലാം വലിപ്പച്ചെറുപ്പവും പ്രോട്ടോക്കോളും നോക്കാതെ ഫിദല്‍ അനുഗമിച്ചു. പ്രശസ്തമായ ഹവാന സര്‍വകലാശാലയില്‍ ഇരുവരും ഒരേ വേദിയില്‍ പ്രഭാഷണം നടത്തി. ഇതോടെയാണ് ലാറ്റിനമേരിക്കന്‍ ഇടതുപക്ഷവൃത്തങ്ങളില്‍ ഷാവേസ് സ്വീകാര്യനായത്. 99ല്‍ ഷാവേസിന്റെ ആദ്യ സത്യപ്രതിജ്ഞാചടങ്ങില്‍ ഫിദല്‍ സംബന്ധിച്ചു. 40 വര്‍ഷത്തിനിടെ ഫിദലിന്റെ ആദ്യ വെനസ്വേല സന്ദര്‍ശനമായിരുന്നു അത്. 10 മാസം കഴിഞ്ഞ് വീണ്ടും ഫിദല്‍ വെനസ്വേലയിലെത്തി. ഇത്തവണ ഫിദലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവരടങ്ങുന്ന ക്യൂബന്‍ ടീമും ഷാവേസിന്റെ നേതൃത്വത്തില്‍ വെനസ്വേലന്‍ ടീമും തമ്മില്‍ പ്രശസ്തമായ ബേസ്ബോള്‍ മത്സരവും ഉണ്ടായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ നിരവധി കരാറുകളും ഒപ്പിട്ടു. 2011 ആഗസ്റ്റില്‍ തന്റെ 75-ാം പിറന്നാള്‍ ഷാവേസിനൊപ്പം ആഘോഷിക്കാനാണ് ഫിദല്‍ പിന്നെ കാരക്കാസില്‍ എത്തിയത്. അടുത്തവര്‍ഷമുണ്ടായ അട്ടിമറിശ്രമത്തെ ഷാവേസ് അതിജീവിച്ചതും ഫിദലിന്റെ സമയോചിത ഇടപെടലിലൂടെയായിരുന്നു. ശത്രുപക്ഷത്ത് ചേര്‍ന്ന സേനാവിഭാഗത്തിന്റെ കാവലില്‍ ഓഫീസില്‍ കുടുങ്ങിയ ഷാവേസിനേ അര്‍ധരാത്രിയോടെ കാസ്ട്രോ ഫോണില്‍ വിളിച്ചു. 73ല്‍ ചിലിയില്‍ അലന്ദെ ചെയ്തതുപോലെ സായുധ ചെറുത്തുനില്‍പ്പിനൊരുങ്ങി ആത്മാഹുതി ചെയ്യരുതെന്ന് ഫിദല്‍ ഉപദേശിച്ചു. അലന്ദെ ഒറ്റയ്ക്കായിരുന്നു. എന്നാല്‍, ഷാവേസ് ഒറ്റയ്ക്കല്ല. സൈന്യത്തില്‍ നല്ല പങ്കും ഷാവേസിനൊപ്പമുണ്ട് എന്ന് ഫിദല്‍ ഓര്‍മിപ്പിച്ചു. ഈ വാക്കുകളാണ് ഇരുട്ടില്‍ ദിശയറിയാതെ പതറിയ തങ്ങള്‍ക്ക് വഴിവെളിച്ചമായതെന്ന് ആ രാത്രി ഷാവേസിനൊപ്പമുണ്ടായിരുന്ന ഹോസെ വിസെന്റ് റംഗേല്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ ചാനലുകളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിച്ചും സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം തടഞ്ഞും അട്ടിമറിക്കാര്‍ ഷാവേസിന്റെ ഭരണം അവസാനിച്ചു എന്ന പ്രതീതിയുണ്ടാക്കിയപ്പോഴും രക്ഷകനായത് കാസ്ട്രോയാണ്. ഷാവേസ് രാജിവച്ചിട്ടില്ലെന്ന സത്യം ക്യൂബന്‍ ടെലിവിഷനിലൂടെ പുറംലോകത്തെ അറിയിക്കാന്‍ അദ്ദേഹത്തിന്റെ മരിയ ഗബ്രിയേലയ്ക്ക് ഫിദല്‍ അവസരമൊരുക്കി. തുടര്‍ന്ന് ഓരോ 30 മിനിറ്റ് ഇടവിട്ട് മരിയയെ വിളിച്ച് കാസ്ട്രോ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കൊണ്ടേയിരുന്നു. ഷാവേസ് യുഗം അവസാനിച്ചിട്ടില്ലെന്നറിഞ്ഞ് കൂടുതല്‍ ജനങ്ങള്‍ പ്രസിഡന്റിനെ രക്ഷിക്കാന്‍ കാരക്കാസിലേക്ക് ഒഴുകിയതോടെയാണ് അട്ടിമറിക്കാരുടെ പദ്ധതി പൊളിഞ്ഞത്. മേഖലയില്‍ ഫിദലിന്റെ രാഷ്ട്രീയ പിന്‍ഗാമിയായാണ് ഷാവേസിനെ നിരീക്ഷകര്‍ കണ്ടിരുന്നത്. ഫിദല്‍ തനിക്ക് പിതൃതുല്യനാണെന്ന് ഷാവേസ് പറയുമായിരുന്നു. പ്രായത്തിന്റെ അന്തരം തലമുറകളുടെ വിടവ് സൃഷ്ടിക്കാത്തതായിരുന്നു അവരുടെ സൗഹൃദം.


*
എ ശ്യാം ദേശാഭിമാനി 07 മാര്‍ച്ച് 2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ