ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ട്രെയിന്‍യാത്രക്കൂലി വീണ്ടും കൂട്ടും


ട്രെയിന്‍യാത്രക്കൂലി വീണ്ടും കൂട്ടും
പ്രത്യേക ലേഖകന്‍
Posted on: 07-Feb-2013 12:15 AM
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കൂലി വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. റെയില്‍വേ ബജറ്റിലാവും വര്‍ധന പ്രഖ്യാപിക്കുക. ജനുവരി ഒമ്പതിന് യാത്രക്കൂലി 30 ശതമാനത്തോളം വര്‍ധിപ്പിച്ചിരുന്നു. 6600 കോടി രൂപയുടെ അധികവരുമാനമാണ് ഇതുവഴി റെയില്‍വേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വന്‍കിട ഡീസല്‍ ഉപയോക്താക്കള്‍ക്ക് വില ലിറ്ററിന് 12 രൂപ വര്‍ധിപ്പിച്ചതുകാരണം ഈ വരുമാനം ഉണ്ടാകില്ലെന്ന് കണക്കാക്കിയ സാഹചര്യത്തിലാണ് വീണ്ടും നിരക്ക് വര്‍ധിപ്പിക്കുന്നത്.

ഇന്ധനവിലയില്‍ വരുന്ന വര്‍ധനയനുസരിച്ച് യാത്രാനിരക്കുകളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ റെയില്‍വേയ്ക്ക് സര്‍ക്കാര്‍അനുമതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 15ന് റെയില്‍വേ മേഖലാ ജനറല്‍ മാനേജര്‍മാരുടെ യോഗം റെയില്‍വേമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിരക്കുവര്‍ധനയുടെ വിശദാംശങ്ങള്‍ ഇതിനുശേഷം തീരുമാനിക്കും. ജനുവരി ഒന്‍പതിന് വരുത്തിയ വര്‍ധനയില്‍ വിവിധ ക്ലാസുകളിലായി കിലോമീറ്ററിന് രണ്ടു പൈസ മുതല്‍ പത്തു പൈസ വരെയാണ് കൂടിയത്. സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി സബര്‍ബന്‍ ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ടു പൈസയും നോണ്‍ സബര്‍ബന്‍ ട്രെയിനുകള്‍ക്ക് മൂന്നു പൈസയും വര്‍ധിച്ചു. മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലെ ഓര്‍ഡിനറി ക്ലാസിന് നാലു പൈസയും സ്ലീപ്പര്‍ ക്ലാസിന് ആറു പൈസയും കൂട്ടി. എസി ത്രീ ടയര്‍-കിലോമീറ്ററിന് 10 പൈസ, എസി ടൂ ടയര്‍-ആറു പൈസ, എസി ഫസ്റ്റ് ക്ലാസ്-10 പൈസ, എസി ചെയര്‍കാര്‍-10 പൈസ, എസി ഫസ്റ്റ് ക്ലാസ് എക്സിക്യൂട്ടീവ്-10 പൈസ എന്നിങ്ങനെ വര്‍ധിപ്പിച്ചു.

എസി ത്രീ ടയര്‍, എസി സെക്കന്‍ഡ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ് എക്സിക്യൂട്ടീവ്, എസി ചെയര്‍കാര്‍, എസി ഇക്കണോമി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ വരുത്തിയ 3.7 ശതമാനം നിരക്കുവര്‍ധനയ്ക്കു പുറമെയാണ് ജനുവരി ഒന്‍പതിന് വരുത്തിയ വര്‍ധന. റെയില്‍ ബജറ്റില്‍ വീണ്ടും വര്‍ധന വരുത്തുമ്പോള്‍ ആറ് മാസത്തിനിടയിലെ മൂന്നാമത്തെ വര്‍ധനയാകും അത്.
Print This News

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ