ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

കോണ്‍ഗ്രസ്-തീവ്രവാദി സഖ്യം: ത്രിപുരയില്‍ ആശങ്ക പടരുന്നു


കോണ്‍ഗ്രസ്-തീവ്രവാദി സഖ്യം: ത്രിപുരയില്‍ ആശങ്ക പടരുന്നു
വി ബി പരമേശ്വരന്‍
Posted on: 06-Feb-2013 02:10 AM
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പത്തു ദിവസംമാത്രം ബാക്കിയിരിക്കെ തീവ്രവാദബന്ധമുള്ള ഐഎന്‍പിടിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമോ എന്ന ഭയം ജനങ്ങളും സുരക്ഷാസേനയും പങ്കുവയ്ക്കുന്നു. പിസിസി അധ്യക്ഷന്‍ സുധീപ്റോയ് ബര്‍മന്റെ സഹോദരന്‍ സന്ദീപ് റോയ് ബര്‍മനെ തീവ്രവാദബന്ധം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം പിടികൂടിയതോടെ ഈ ഭയം കൂടുതല്‍ ശക്തമായി. ജലാരിയയിലെ ചെമ്പക് നഗറിലെ സന്ദീപ് റോയ് ബര്‍മന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിര്‍മാണ ഫാക്ടറിയില്‍നിന്ന് വിദേശ നിര്‍മിത പിസ്റ്റള്‍, തിരകള്‍, നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി)യുടെ ലെറ്റര്‍ഹെഡ്, ബംഗ്ലാദേശി കറന്‍സി എന്നിവ കണ്ടെടുത്തിരുന്നു. ജനുവരി 28ന് ഈ ഭാഗത്ത് തെരച്ചില്‍ നടത്തവെ അര്‍ധസൈനിക സേനാവിഭാഗമായ അസംറൈഫിള്‍സിന്റെ പൊലീസ് നായ ഫാക്ടറിയിലേക്ക് ഓടിക്കയറിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. തുടര്‍ന്ന് സന്ദീപ് റോയ് ബര്‍മനെയും രണ്ട് ഇഷ്ടിക ഫാക്ടറി തൊഴിലാളിയെയും അസം റൈഫിള്‍സ് അറസ്റ്റ്ചെയ്ത് പൊലീസിനു കൈമാറി. പിസിസി അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ ഉടന്‍തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സഹോദരന്‍ നിഷ്കളങ്കനാണെന്ന് അവകാശപ്പെട്ടു. സിപിഐ എം അദ്ദേഹത്തെ കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ചു.

തീവ്രവാദബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബര്‍മന്‍ പ്രതികരിച്ചതേയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാകട്ടെ ജലാരിയ പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീട്ടിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. എന്നാല്‍, കോണ്‍ഗ്രസ് പിടിക്കപ്പെട്ടിരിക്കുകയാണെന്നും തീവ്രവാദികളുമായുള്ള അവരുടെ ഗൂഢാലോചന പരസ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സന്ദീപ് റോയ് ബര്‍മന് കോണ്‍ഗ്രസുമായി ബന്ധമില്ലെങ്കില്‍ എന്തിനാണ് അയാള്‍ക്കുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നയിച്ചതെന്നും അദ്ദേഹം ചോദിച്ചു. പിസ്റ്റളും ആയുധങ്ങളും കണ്ടെടുത്തതിനേക്കാള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ ഉന്നത ബന്ധങ്ങളാണ് ജനങ്ങളെയും സുരക്ഷാ സേനയെയും ആശങ്കയിലാഴ്ത്തിയത്. പിസിസി അധ്യക്ഷന്‍ സുധീപും സഹോദരന്‍ സന്ദീപും മുന്‍മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്റെ മക്കളാണ്. 1998ല്‍ തീവ്രവാദസംഘടനയായ ടിയുജെഎസിന്റെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും പിന്തുണയോടെ അരങ്ങേറിയ തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ മുഖ്യമന്ത്രിയായ സുധീര്‍ രഞ്ജന്‍ മജുംദാറിനെ താഴെയിറക്കി 1992ലാണ് സമീര്‍ രഞ്ജന്‍ മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയില്‍ 325 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ തവണ ബിനാല്‍ഘട്ട് മണ്ഡലത്തില്‍ തോറ്റ സമീര്‍ രഞ്ജന്‍ ഇതേ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നു. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ നേതാവ് ധനുകൊലായിയെ രണ്ടു മാസം മുമ്പ വന്‍തുകയുമായി ബിഎസ്എഫ് അറസ്റ്റ്ചെയ്തിരുന്നു. ബംഗ്ലാദേശ് തീവ്രവാദികള്‍ക്ക് നല്‍കാനാണ് ഈ തുകയെന്നാണ് ധനുകൊലായ് വെളിപ്പെടുത്തിയത്. നേരത്തെ രണ്ടു തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നും അയാള്‍ വെളിപ്പെടുത്തി. സുധീപ് രഞ്ജന്‍ ബര്‍മന്റെ എംഎല്‍എ ഹോസ്റ്റലിലുള്ള ഒന്നാംനമ്പര്‍ മുറിയില്‍വച്ചാണ് 25 ലക്ഷം നല്‍കിയതെന്നും ധനുകൊലായ് വെളിപ്പെടുത്തി. തീവ്രവാദസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ഡോള്‍ഫിന്‍ കൊലായിയെയും പൊലീസ് അറസ്റ്റ്ചെയ്തു. ബംഗാളികളും ആദിവാസികളും തമ്മിലുള്ള ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു. ബംഗാളി- ആദിവാസി ഐക്യം നിലനില്‍ക്കുന്നിടത്തോളം ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ