ടുണീഷ്യയില്‍ ഇടതുപക്ഷ നേതാവ് വധിക്കപ്പെട്ടു
Posted on: 07-Feb-2013 01:30 AM
ടൂണിസ്: രണ്ടുവര്‍ഷം മുമ്പ് അറബ് വസന്തം ആദ്യവിജയം വരിച്ച ടൂണീഷ്യയില്‍ പ്രമുഖ ഇടതുപക്ഷനേതാവ് വെടിയേറ്റുമരിച്ചു. പ്രതിപക്ഷ ഡെമോക്രാറ്റിക് പാട്രിയോട്ടിക് പാര്‍ടി സെക്രട്ടറി ജനറലും പാര്‍ടി ഉള്‍പ്പെട്ട ജനകീയമുന്നണിയുടെ നേതാക്കളില്‍ പ്രമുഖനുമായ ഷുക്രി ബിലായിദ് (48) ടൂണിസിലെ വീട്ടില്‍നിന്ന് ഇറങ്ങിയപ്പോഴാണ് അക്രമികള്‍ വെടിവച്ചത്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2011 ജനുവരിയില്‍ സ്വേച്ഛാധിപതി സൈനലബിദിന്‍ ബെന്‍ അലി ജനരോഷത്തില്‍ പുറത്തായശേഷം ഈ ഉത്തരാഫ്രിക്കന്‍ അറബ് രാജ്യത്ത് വധിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയനേതാവാണ് അഭിഭാഷകനും മനുഷ്യാവകാശ പോരാളിയുമായിരുന്ന ബിലായിദ്. ബിലായിദ് വധിക്കപ്പെട്ടതറിഞ്ഞ് ടൂണിസിലും അറബ് വസന്തത്തിന്റെ പ്രഭവകേന്ദ്രമായ സിദി ബൂസിദിലും മറ്റും ജനരോഷം അണപൊട്ടി. ഭരണസഖ്യം നയിക്കുന്ന ഇസ്ലാമിക കക്ഷിയായ എന്നഹ്ദയ്ക്കും പ്രധാനമന്ത്രി ഹമദി ജിബാലിക്കുമെതിരെ മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ആഭ്യന്തരമന്ത്രാലയം വളഞ്ഞ ജനങ്ങളുടെ എണ്ണം പെരുകിയതിനെ തുടര്‍ന്ന് പൊലീസ് അവിടേക്കുള്ള ഗതാഗതം തടഞ്ഞു. പ്രധാനമന്ത്രി ജിബാലിയും പ്രസിഡന്റ് മുന്‍സിഫ് മര്‍സൂകിയും കൊലപാതകത്തെ അപലപിച്ചു. ഫ്രാന്‍സിലായിരുന്ന പ്രസിഡന്റ് മര്‍സൂകി സന്ദര്‍ശനം വെട്ടിച്ചുരുക്കുകയും ഈജിപ്തില്‍ ഇസ്ലാമിക രാഷ്ട്രസംഘടനാ സമ്മേളനത്തിന് പോകാനിരുന്നത് ഉപേക്ഷിക്കുകയും ചെയ്തു. എന്നഹ്ദ പാര്‍ടിയുടെയും ഇസ്ലാമിക തീവ്രവാദികളുടെയും കടുത്ത വിമര്‍ശകനായിരുന്ന ബിലായിദിന് പതിവായി വധഭീഷണി ലഭിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ചയും വധഭീഷണി ലഭിച്ചു. ഇതൊന്നും കാര്യമാക്കാതെ അദ്ദേഹം മതനിരപേക്ഷ രാഷ്ട്രീയത്തിന് ജീവിതം സമര്‍പ്പിക്കുകയായിരുന്നു. എന്നഹ്ദ സഖ്യ സര്‍ക്കാര്‍ അമേരിക്കന്‍ പക്ഷത്തുള്ള ഖത്തര്‍ ഭരണാധികാരികളുടെ പാവയായി പ്രവര്‍ത്തിക്കുകയാണെന്ന് ബിലായിദ് വിമര്‍ശിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ തിയറ്ററുകള്‍ക്കും കലാപ്രകടനങ്ങള്‍ക്കും എതിരെ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ബെന്‍ അലിയുടെ പതനത്തെ തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടു ലഭിച്ച എന്നഹ്ദ പ്രസിഡന്റ് മര്‍സൂകിയുടെ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക്, എത്താകതുല്‍ എന്നീ മതനിരപേക്ഷകക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മന്ത്രിസഭയില്‍ നിന്ന് രണ്ട് ഇസ്ലാമികവാദികളെ പുറത്താക്കിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് മര്‍സൂകി ഞായറാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്ലാമിക തീവ്രവാദികളും മതനിരപേക്ഷവാദികളും തമ്മിലുള്ള സംഘര്‍ഷം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്നും മര്‍സൂകി കഴിഞ്ഞമാസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ