WEDNESDAY, JANUARY 9, 2013
പഞ്ചസാരവില നിയന്ത്രണവും സര്‍ക്കാര്‍ കൈവിടുന്നു
ഇന്ധന സബ്സിഡി പൂര്‍ണമായും ഒഴിവാക്കുമെന്ന്പ്രഖ്യാപിച്ച യുപിഎ സര്‍ക്കാര്‍ ഇക്കൊല്ലം മറ്റൊരു ആഘാതംകൂടി ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുന്നു. പഞ്ചസാര മില്ലുകളില്‍നിന്ന് ലെവി പഞ്ചസാര ശേഖരിച്ച് റേഷന്‍കടകളിലൂടെ വിതരണംചെയ്യുന്ന സംവിധാനം നിര്‍ത്തണമെന്ന സി രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള നടപടി ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചസാരവില നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ലെവി പഞ്ചസാരയ്ക്ക് മില്ലുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിലയില്‍ രണ്ടു രൂപ വര്‍ധന വരുത്താനാണ് ആലോചന. ഇതിനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് 22 രൂപയായി ലെവി വില നിശ്ചയിക്കാനും ആലോചനയുണ്ട്. ഇക്കൊല്ലംതന്നെ അത് നടപ്പാക്കും.
മഹാരാഷ്ട്രകേന്ദ്രമായ പഞ്ചസാര ലോബി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തില്‍ ലെവി പഞ്ചസാരയുടെ വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. പഞ്ചസാര മില്ലുകള്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരയില്‍ 10 ശതമാനം ലെവിയായി സര്‍ക്കാരിലേക്ക് നല്‍കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. സര്‍ക്കാര്‍ 19.40 രൂപയ്ക്ക് മില്ലുകളില്‍ നിന്ന് പഞ്ചസാര വാങ്ങി കിലോഗ്രാമിന് 13.50 രൂപയ്ക്ക് റേഷന്‍കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നല്‍കുന്നു. ഇതിനായി വേണ്ടിവരുന്ന അധികച്ചെലവ് ഗവണ്‍മെന്റ് സബ്സിഡിയായി നല്‍കുകയാണ്. ഈ സംവിധാനം നിര്‍ത്തണമെന്നും പഞ്ചസാരക്കുമേലുള്ള നിയന്ത്രണം പൂര്‍ണമായും എടുത്തുകളയണമെന്നുമാണ് രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശ. ലെവി സംവിധാനം എടുത്തുകളഞ്ഞാല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പഞ്ചസാര കിട്ടാതാകും. പഞ്ചസാര മില്ലുകള്‍ക്ക് കോടികളുടെ അധികവരുമാനവും ലഭിക്കും.
റേഷന്‍കടകളിലൂടെ ഇപ്പോള്‍ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വില ഇരട്ടിയാക്കാനും ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇപ്പോഴത്തെ വില 13.50 രൂപയാണ്. ഇത് 23 രൂപയെങ്കിലുമാക്കാനാണ് നീക്കം. സബ്സിഡിയിനത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുക ഇതോടെ പൂര്‍ണമായും ലാഭിക്കാന്‍ കഴിയും. ലെവി പഞ്ചസാര ശേഖരണം നിര്‍ത്തലാക്കുന്നതോടെ പഞ്ചസാരയുടെ വില പൂര്‍ണമായും വിപണിയുടെ നിയന്ത്രണത്തിലാകും. ഇപ്പോള്‍ 42 മുതല്‍ 45 രൂപ വരെയാണ് ഒരു കിലോ പഞ്ചസാരയുടെ പൊതുവിപണിയിലെ വില. 27 ലക്ഷം ടണ്‍ പഞ്ചസാരയാണ് റേഷന്‍ കടകളിലൂടെ ഒരു വര്‍ഷം വിതരണം ചെയ്യുന്നത്. ലെവി സംവിധാനം അവസാനിപ്പിക്കുന്നതോടെ ഇന്നത്തെ വിപണി നിലവാരമനുസരിച്ച് 6000 കോടി രൂപയുടെ അധികവരുമാനം പഞ്ചസാര മില്ലുകള്‍ക്ക് ഒരു വര്‍ഷം ലഭിക്കും. ഇക്കൊല്ലം 2.30 കോടി ടണ്‍ പഞ്ചസാര ഉല്‍പാദനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.60 കോടി ടണ്‍ ആയിരുന്നു ഉല്‍പ്പാദനം. ആഭ്യന്തര ഉപഭോഗത്തിന് 2.2 കോടി ടണ്‍ മതിയാകുമെന്നാണ് ഏകദേശ കണക്ക്. ബീവറേജസ്, ഔഷധ നിര്‍മാണ വ്യവസായങ്ങള്‍ക്കും ഭക്ഷ്യസംസ്കരണ മേഖലയിലുമാണ് പഞ്ചസാരയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത്. ലോകത്തെ പഞ്ചസാര ഉല്‍പാദനത്തിന്റെ 17 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നാല് ശതമാനവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ