രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്
ഇന്ത്യന്‍ ക്രിക്കറ്റില്‍ ബോളിംഗിന്റെ കാര്യത്തില്‍ എന്നും സ്പിന്‍ ബോളിംഗിന് ഒരു സവിശേഷസ്ഥാനമുണ്ട്. പേസ് ബോളിംഗിന്റെ കാര്യത്തില്‍ വലിയ ദൌര്ബല്യങ്ങള് കാട്ടുന്ന ഇന്ത്യന്‍ ബോളിംഗ് നിര എന്നും അതിന്റെ വിജയങ്ങള്‍ക്ക്, പ്രത്യേകിച്ച് ടെസ്റ്റ് വിജയങ്ങള്‍ക്ക് സ്പിന്നിന്റെ കുത്തിത്തിരിവുകളെയാണ് ആശ്രയിച്ചിട്ടുള്ളത്.
ഇന്ത്യയ്ക്ക് എക്കാലവും നല്ല പേസ് ബോളര്മാരെക്കെയുണ്ടായിട്ടുണ്ട്. റോജര്‍ ബിന്നിയിലും കപില്‍ ദേവിലും തുടങ്ങി, ജവഗല്‍ ശ്രീനാഥിലും ഇന്ന് സഹീര്‍ ഖാനിലും വന്നുനില്ക്കുന്ന പേസ് മികവുകാര് നമ്മുടെ അഭിമാനം തന്നെയാണ്. എന്നാല്‍ ഇങ്ങനെ ചിലര്ക്കപ്പുറം പേസ് ബോളര്‍മാര്‍ തങ്ങളുടെ സ്ഥിരത നിലനിര്‍ത്തുന്നത് നാം കാണാനാശിച്ച് നിരാശരായ ചിത്രമാണ്.
തുടക്കത്തില്‍ അത്യദ്ഭുകരമായ പ്രതീക്ഷ ജനിപ്പിച്ച് പിന്നീട് നിറം മങ്ങിപ്പോയവരാണ് ഏറെയും. പ്രത്യേകിച്ച് ഈയടുത്ത കാലത്ത് ജ്വലിച്ചുയര്‍ന്ന അജിത് അഗര്‍ക്കറും ലക്ഷ്മിപതി ബാലാജിയും ഇര്ഫാന് പഠാനും ഇശാന്ത് ശര്‍മയും മുതല്‍ മുനാഫ് പട്ടേലും വരുണ്‍ ആറോണും വരെ. ഇവരില്‍ പലരും ടീമിനകത്തും പുറത്തുമായി ആയുസ്സും കരിയറും കഴിച്ചുകൂട്ടുന്നു.
സഹീര്‍ ഖാന് മാത്രമാണ് സ്ഥിരതയും മികവിന്റെ മേന്മയും മൂര്ച്ചപ്പെടുത്തിയെടുത്തത്. പരിക്കിന്റെ പതിവുപല്ലവികള്‍ ആ കളിക്കാരനു ബാദ്ധ്യതയുമാകുന്നു.
എന്നാല്‍ സ്പിന്നിന്റെ കാര്യത്തില്‍ എന്നും ഇന്ത്യ മുന്നിലായിരുന്നു. ഉപഭൂഖണ്ഡത്തിലെ നാലു ക്രിക്കറ്റ് ടീമുകളെയും ഇക്കാര്യത്തില്‍ ഒന്നിച്ചുകാണാം. പാക്കിസ്ഥാനില്‍ നിന്നു അബ്ദള്‍ ഖാദര്‍ മുതല്‍ തുടങ്ങി സഖ്ലൈന് മുഷ്താഖിലും മുഷ്താഖ് അഹമ്മദിലും ഷഹീദ് അഫ്രീദിയിലും കൂടി മുന്നോട്ടുവരുന്ന നിര. ശ്രീലങ്കയില്‍ എക്കാലത്തെയും ഇതിഹാസതാരമായി കണക്കാക്കാവുന്ന മുത്തയ്യ മുരളീതരനില് നിന്ന് ബാറ്റണ്‍ സ്വീകരിച്ചുവരുന്ന അജാന്ത മെന്‍ഡിസും സൂരജ് റണ്ദിവും ഒക്കെ. ബംഗ്ലാ കടുവകളും സ്പിന്‍ ബോളിംഗുകൊണ്ട് എതിരാളികളെ ചുരുട്ടിക്കെട്ടാവുന്നവര് തന്നെ.
ഇന്ത്യന്‍ സ്പിന്‍ ബോളിംഗില്‍ എക്കാലത്തും മഹാരഥന്മാരായ കളിക്കാരുണ്ടായിരുന്നു. ബിഷന്‍ സിംഗ് ബേദി, പ്രസന്ന, വെങ്കിട്ട രാഘവന് തുടങ്ങിയവരില്‍ ആരംഭിക്കുന്ന ആ നിര ഇടക്കാലത്ത് വേണ്ടത്ര പ്രതിഭാശേഷിയുള്ള പിന്മുറക്കാരില്ലാതെ വലഞ്ഞിരുന്നു. എണ്‍പതുകളില്‍ മനീന്ദര്‍ സിംഗിലൂടെയാണത് തുടര്‍ന്നത്. പിന്നീട്, അനില്‍ കുംബ്ലേയെന്ന മാന്ത്രികതാരം രംഗത്തുവന്നു.
ഇടക്കാലത്ത് നരേന്ദ്ര ഹിര്വാനിയെയും അയ്യൂബിനെയും പോലുള്ള സ്പിന്നര്‍മാര്‍ രംഗത്തുവരികയും ഞെട്ടിക്കുന്ന തുടക്കം നേടുകയും ചെയ്തെങ്കിലും അവര്‍ക്കാര്‍ക്കും ആ തുടക്കത്തിന്റെ മോഹനത തുടരാനായില്ല. അനില്‍ കുംബ്ലേക്കൊപ്പം വെങ്കിടപതി രാജുവും പിന്നീട് രാജേഷ് ചൌഹാനും ഒരു പരിധിവരെ മികവു കാട്ടി. അനില്‍ കുംബ്ലേയുടെ യുഗം അതിന്റെ ചാഞ്ഞുവീഴലിലേക്കു സംക്രമിക്കുമ്പോഴേക്കും ഹര്ഭജന് സിംഗ് എത്തി.
ഇപ്പോള്‍ ഈ നിരയില്‍ പുതിയ താരസൌഭാഗ്യമായിത്തീരുകയാണ് രവിചന്ദ്ര അശ്വിന്. ബേദിയിലും പ്രസന്നയിലും മുതല്‍ മനീന്ദറിലും രാജുവിലും വരെയുള്ള കുത്തിതിരിപ്പുകാരില് കാണാത്ത ഒരു സൌഭാഗ്യം കൂടിയുണ്ട് അശ്വിന്. അത്യാവശ്യം ബാറ്റുചെയ്യാനുള്ള കഴിവ്.
കുംബ്ലേയിലാണ് സ്പിന്‍ ബോളര്‍മാരില്‍ ഒരു ഓള്‍റൌണ്ട് മികവിന്റെ മിന്നലാട്ടം കാണുന്നത്. ഏകദിനത്തിലും ടെസ്റ്റിലും അരഡസനിലേറെ കളികളില്‍ കുംബ്ലേയുടെ ബാറ്റ് വിജയം കൊണ്ടുവന്നിട്ടുണ്ട്. ടെസ്റ്റില്‍ ശതകമിടാനും കുംബ്ലേക്കായി. ഹര്ഭജന് സിംഗ് പിഞ്ച് ഹിറ്ററായി ശോഭിച്ചിട്ടുണ്ടെങ്കിലും വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നില്ല. ചൌഹാന് ചില സിക്സറുകള്‍ തൊടുത്ത് വിസ്മയം ജനിപ്പിച്ചിട്ടുണ്ട്.
ഇവരേക്കാളൊക്കെ മികച്ച ബാറ്റ്സ്മാനാണ് രവിചന്ദ്ര അശ്വിന്. പന്തേറില്‍ കാട്ടുന്ന അതേ ക്ഷമയും പോരാട്ടവീര്യവും അശ്വിന്റെ ബാറ്റിലും സമ്മേളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടെസ്റ്റ് ശതകം നേടാനും ആ കളിക്കാരനു തുടക്കകാലത്തുതന്നെ സാധിച്ചു.
ഹര്ഭജന് സിംഗിന്റെ പെരുമാറ്റദൂഷ്യം സൃഷ്ടിച്ച വിടവിലാണ് സത്യത്തില്‍ അശ്വിന് ടീമിലെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഹര്ഭജന് ഒരു തിരിച്ചുവരവു സ്വപ്നം പോലും നിഷേധിച്ചുകൊണ്ട് അശ്വിന് ടീമിന്റെ നെടുന്തൂണായിരിക്കുന്നു. ഇനി വരാന്‍ സാധിച്ചാല്‍ തന്നെ ഹര്ഭജന് ടീമിലെ രണ്ടാം സ്പിന്നറുടെ സീറ്റിനായി മത്സരിച്ചേപറ്റൂ. അവിടെയും രവീന്ദ്ര ജഡേജയും പ്രഗ്യാന്‍ ഓജയും മികവോടെ നില്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ