ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 9, ബുധനാഴ്‌ച


Wednesday, February 15, 2012

ക്രിസ്തുവും കമ്യൂണിസവും

"മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്ന ക്രിസ്ത്യാനി മാര്‍ക്സിസവുമായി വളരെയൊന്നും ബന്ധമില്ലാത്ത പല ഭൗതിക തത്വശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നുമായിട്ടായിരിക്കാം ബന്ധം പുലര്‍ത്തുന്നത്. ഒരു ക്രിസ്ത്യാനി മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെട്ടാല്‍ അത് മാര്‍ക്സിന്റെ രചനകളെല്ലാം വായിച്ചിട്ടില്ലാത്തതു കൊണ്ടാവാം. ഈ എതിര്‍പ്പ് വെറും അജ്ഞതയുടെ ഒരു ലക്ഷണമാണ്. യഥാര്‍ഥത്തില്‍ ഞാനതു കാര്യമാക്കുന്നില്ല. മാര്‍ക്സിസത്തെ സംരക്ഷിക്കാനുള്ള കടപ്പാടൊന്നും എനിക്കില്ല. പക്ഷേ, ഒരു ക്രിസ്ത്യാനി കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. മാത്രമല്ല സംശയലേശമെന്യേ ഇതു നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദവുമാണ്".

മേല്‍കൊടുത്ത ഉദ്ധരണി മൂന്നാം ലോകരാജ്യങ്ങളിലെ പ്രമുഖ ബൈബിള്‍ വ്യാഖ്യാതാവും അഭിവന്ദ്യ വൈദികനും കൂടിയായ ഡോ. ജോസഫ് പൊര്‍ഫിമിയോ മിറാന്‍ഡയുടേതാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനയായ കമ്യൂണിസം ബൈബിളില്‍ എന്ന പുസ്തകത്തിലെ "ക്രിസ്തുമതം കമ്യൂണിസമാണ്" എന്ന ആദ്യ അധ്യായത്തിലെ ആദ്യ ഖണ്ഡികയിലാണ് ഇങ്ങനെ പറയുന്നത്.

തുടര്‍ന്ന് മറ്റൊരു ഭാഗത്ത് അദ്ദേഹം ഇതുകൂടി പറയുന്നു. "ക്രിസ്ത്യാനികളുടെ അഭാവത്തില്‍ , കമ്യൂണിസത്തിന്റെ ആശയം പ്രചരിപ്പുകൊണ്ട് മാര്‍ക്സിസ്റ്റുകള്‍ നമുക്കൊരു ഉപകാരം ചെയ്തുതരികയായിരുന്നു". ഇതില്‍ "ക്രിസ്ത്യാനികളുടെ അഭാവത്തില്‍" എന്ന പ്രയോഗം സവിശേഷ ശ്രദ്ധ നേടുന്നു.

സ്വയം ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന വലിയൊരു വിഭാഗവും അവര്‍ക്കു നേതൃത്വം കൊടുക്കുന്ന വലിയ ഇടയവൃന്ദവും നിലനില്‍ക്കെയാണ് അദ്ദേഹം "ക്രിസ്ത്യാനികളുടെ അഭാവ"ത്തിലെന്നു പറയുന്നത്. തന്റെ വിവാദ ക്രിസ്തുമത വിമര്‍ശഗ്രന്ഥമായ "ആന്റിക്രൈസ്റ്റ്"-ല്‍ "ലോകത്ത് ഒരൊറ്റ ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളു. അയാളാകട്ടെ കുരിശിലേറ്റപ്പെട്ടു" എന്ന ഫ്രഡറിക് നീത്ഷേയുടെ പരാമര്‍ശത്തിന് തുല്യമാണിത്. മിറാന്‍ഡാ പറയുന്നു: "കമ്യൂണിസം കൂടുതല്‍ പൂര്‍ണമാണെന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് ലോകത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വ്യാപൃതമാകുകയാണ് യുക്തിയുക്തമായ തീരുമാനം. പക്ഷേ അതിനുപകരം കമ്യൂണിസത്തെ ചെറുക്കാന്‍ സ്വയം സമര്‍പ്പിക്കുകയും അതു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ മരണംവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്ന് സഭ സ്വീകരിച്ച നടപടി. (കമ്യൂണിസം) പൂര്‍ണതയുടെ മാര്‍ഗമാണെന്ന സിദ്ധാന്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രവും സൈദ്ധാന്തികമായ ഒഴിഞ്ഞുമാറ്റവുമാണെന്ന് പ്രകടമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവു വേണ്ടതില്ല". -"കമ്യൂണിസം ബൈബിളില്‍" - പ്രോഗ്രസ് പബ്ലിക്കേഷന്‍ പേജ് 32.

കേരളത്തെ കമ്യൂണിസത്തില്‍നിന്ന് രക്ഷിക്കാന്‍ 1959ല്‍ വിമോചന മസരം നടത്തുകയും ഈ അടുത്തകാലത്ത് "രണ്ടാം വിമോചന സമരം" പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിക്കുകയും ചെയ്ത സഭയുടെ സ്വരത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിത്തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഡോ. മിറാന്‍ഡയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാകുന്നു. "സ്നേഹത്തിന്റെ വഴി, അഥവാ കുരിശിന്റെ വഴിയില്‍ , നീതിയുടെ ആധിപത്യമുള്ള സമൂഹത്തിലെത്താന്‍ ക്രിസ്തു അനുശാസിക്കുന്നു. മാനവികതയുടെ പ്രായോഗികതയാണ് ഈ ദര്‍ശനം. മാര്‍ക്സിസവും നീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് മനസ്സിലാക്കുന്നത്. നീതിയിലധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തില്‍ ക്രൈസ്തവദര്‍ശനവും മാര്‍ക്സിസവും തമ്മില്‍ യോജിക്കാവുന്നതാണ്". ക്രൈസ്തവ പ്രസിദ്ധീകരണമായ "സത്യനാദ"ത്തിന്റെ ചീഫ് എഡിറ്ററും കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനുമായ ഫോ. പോള്‍ തേലക്കാടില്‍നിന്ന് ഇങ്ങനെ മാറ്റത്തിന്റെ ഒരു ശബ്ദം കേള്‍ക്കാന്‍ ഇടയാകുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ ആദ്യവിപ്ലവകാരിയും രക്തസാക്ഷിയുമായി ക്രിസ്തുവിനെ ചിത്രീകരിച്ചതിനെതിരെ പരോക്ഷസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ക്രിസ്തുമത വിശ്വാസികളില്‍ ചിലരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫാ. തേലക്കാടിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇത് ഏറെ ആഹ്ലാദകരം തന്നെ. എന്നാല്‍ ഫാ. തേലക്കാടിന് ചില വിയോജിപ്പുകളുണ്ട്. അത് അദ്ദേഹം തുറന്നുപറയുന്നു.

"മാര്‍ക്സിന്റെ വഴി വര്‍ഗസമരത്തിന്റേതാണ്. ക്രൈസ്തവര്‍ സ്നേഹത്തിന്റെ വഴിയില്‍ പരസ്പരം കൂട്ടിയിണക്കി സാമൂഹ്യനീതിയുടെ പരിഷ്കരണം കൈവരിക്കാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം വര്‍ഗസമരം ഉപാധിയാക്കുന്നു. ഇതില്‍ കലാപമുണ്ട്. ഇവിടെയാണ് ക്രിസ്തുവും മാര്‍ക്സും വേര്‍പിരിയുന്നത്". ഈ പരാമര്‍ശത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നിശ്ചയമായും ആവശ്യമുണ്ട്. മാര്‍ക്സ് വര്‍ഗസമരത്തിന്റെ വഴിയിലൂടെ വര്‍ഗരഹിത സമൂഹമാണ് ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന വര്‍ഗരഹിത സമൂഹം!! ഇതുതന്നെയാണ് ക്രിസ്തു ദര്‍ശനമെന്ന് ചില ബൈബിള്‍ വ്യാഖ്യാതാക്കളും സ്ഥാപിക്കുന്നു. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നീ കല്പനകളെല്ലാം അനുസരിച്ചുവന്ന ഒരു ധനവാനോട് ക്രിസ്തു പറഞ്ഞു: "നിനക്കൊരു കുറവുണ്ട്; പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക." ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം വാടി. അയാള്‍ വിഷാദിച്ച് തിരികെപ്പോയി. കാരണം അയാള്‍ക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോടു പറഞ്ഞു.

"സമ്പത്തുള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്ക്കരം". അവന്റെ വാക്കുകള്‍ കേട്ട ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു. "കുഞ്ഞുങ്ങളേ! ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം". (മര്‍ക്കോസ് 10: 21-25). മത്തായി 19 : 23 - 30, ലൂക്കോസ്, 18 : 24 - 30 എന്നീ സുവിശേഷങ്ങളിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ബൈബിള്‍ വാക്യങ്ങളെ അധികരിച്ച് മിറാന്‍ഡാ പറയുന്നു "വര്‍ഗരഹിത സമൂഹം മാര്‍ക്സ് കണ്ടുപിടിച്ചതല്ല. ആവിഷ്ക്കരണം മാറ്റിനിറുത്തിയാല്‍ ആശയം അസന്ദിഗ്ധമായി യേശുവിന്റെ യഥാര്‍ഥവും ഏറ്റവും അഭിപ്രായൈക്യമുള്ളതുമായ പഠനത്തിലുള്ളതാണ്".

-കമ്യൂണിസം ബൈബിളില്‍ (പേജ് 35).

മാര്‍ക്സിസം വര്‍ഗസമരത്തെ ഉപാധിയാക്കുന്നതിനാലും അതില്‍ കലാപമുള്ളതിനാലുമാണ് അതിനോടു വിയോജിച്ചുകൊണ്ട് സഭ ക്രിസ്തുവിന്റെ "സ്നേഹവഴി" തെരഞ്ഞെടുത്ത് മാറി സഞ്ചരിക്കുന്നതെന്ന ഫാ. തേലക്കാടിന്റെ നിരീക്ഷണം തികച്ചും തെറ്റാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ന്നവന്‍ , താണവന്‍ എന്ന ഭേദമില്ലാതെ അംഗങ്ങളെയെല്ലാം "സഖാവെ" എന്ന് അഭിസംബോധന ചെയ്യുന്നു. മാര്‍ക്സിസത്തിന്റെ ഈ "സ്നേഹവഴി" അദ്ദേഹം കാണാതെ പോകുന്നത് എന്തുകൊണ്ട്? തേലക്കാട് പറയുന്ന "സ്നേഹാനുരഞ്ജനങ്ങളുടെ" വഴി മാത്രമല്ലല്ലോ ക്രിസ്തുവും സ്വീകരിച്ചിരുന്നത്. മാര്‍ക്സിസത്തില്‍ "സ്നേഹവഴി" ഇല്ല "കലാപവഴി" മാത്രമേയുള്ളു എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്ന സമീപനം ഫാ. തേലക്കാടിന്റേതു മാത്രമല്ല; സഭയുടെ നിലവിലുള്ള പൊതു സമീപനവുമാണത്. ഇത്തരം സങ്കുചിത വീക്ഷണങ്ങള്‍ ക്രിസ്തുവിനെ പ്രതി തിരുത്തേണ്ടത് സഭയുടെ സല്‍പ്പേരിന് സഹായകമാവുകയേയുള്ളു. പ്രപഞ്ചവിജ്ഞാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മനുഷ്യസ്നേഹികളായ കോപ്പര്‍നിക്കസ്, ബ്രൂണോ, ഗലീലിയോ തുടങ്ങിയ ശാസ്ത്രജ്ഞന്മാരെ, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഏതു ക്രിസ്തു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഇപ്പോള്‍ ചോദിച്ചിട്ടു കാര്യമില്ല എങ്കിലും സഭാ നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ തീരാക്കളങ്കങ്ങളായിരുന്നു ഈ ദാരുണ സംഭവങ്ങള്‍ .

ചെയ്ത തെറ്റുകള്‍ ഏറ്റുപറയാനും തിരുത്താനും സഭ എത്രയോ വൈകി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണോ സഭ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന സംശയം പരക്കെ ഉയരുന്നുണ്ട് എന്ന കാര്യം സഭാപിതാക്കള്‍ സമചിത്തതയോടെയും വിവേകത്തോടെയും കാണേണ്ടതല്ലേ, പുതിയ ജനാധിപത്യതിനു പൊരുത്തപ്പെടാത്ത ഏകാധിപത്യ പ്രവണതയുടെ ദുഷ്ടുകള്‍ വളരെ വൈകി മാത്രം പരിശോധിച്ച് തിരുത്തുന്നത് നിഷ്ഫലമാണല്ലോ. പുതിയ കാല മാനവികതയുമായി പൊരുത്തപ്പെടാന്‍ സന്നദ്ധമാണെങ്കില്‍ സഭ അടിയന്തരമായി ചെയ്യേണ്ടത് കമ്യൂണിസത്തോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ "കുരിശുയുദ്ധം" അവസാനിപ്പിക്കുക എന്നതാണ്. ക്രിസ്തുവിന്റേത് "സ്നേഹ അനുരഞ്ജനവഴി" മാത്രമാണെങ്കില്‍ ആ വഴി പിന്‍തുടര്‍ന്ന് സഭയ്ക്ക് എന്തുകൊണ്ട് മാര്‍ക്സിസവുമായി പൊരുത്തപ്പെട്ടുകൂടാ? മാര്‍ക്സും മാര്‍ക്സിസ്റ്റുകാരും കലാപകാരികളാണ് എങ്കില്‍ ക്രിസ്തുവും ക്രിസ്ത്യാനികളും കലാപകാരികളായിരുന്നിട്ടില്ലേ? അനീതികള്‍ക്ക് എതിരായിട്ടുള്ള കലാപങ്ങള്‍ക്ക് അയിത്തം കല്പിക്കേണ്ടതുണ്ടോ? "ഇരു ദര്‍ശനങ്ങള്‍ക്കും തമ്മില്‍ , ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നവഴികളില്‍ സഞ്ചരിക്കുന്ന സഹോദരങ്ങളുടെ പോരായി ഈ വൈരുധ്യത്തെ കാണാന്‍ കഴിയും. സഹോദരന്മാര്‍ തമ്മില്‍ പോരടിക്കുന്നതുപോലെ, പങ്കാളിത്തവും സഹകരണവും ആകാവുന്നതേയുള്ളു. അതിലേക്കുള്ള വഴി സുഗമമാക്കുക എന്ന ലക്ഷ്യമാണ് സിപിഐ എമ്മിന്റെ സമീപനമെങ്കില്‍ സ്വാഗതാര്‍ഹമാണ്"-ഫാ. തേലക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് അനുരഞ്ജനതിന്റെ സമീപനമാണ്. എന്നാല്‍ വ്യവസ്ഥാപിത സഭയുടെ സമീപനമായി അതു പരിണമിക്കുമോ എന്നതാണ് ഏറെ പ്രധാനം. സഭ ആഗോളാടിസ്ഥാനത്തില്‍ത്തന്നെ അടിത്തറയുള്ള ഒരു സ്ഥാപനമാണ്. നയപരമായിത്തന്നെയുള്ള ചില തിരുത്തലുകള്‍ക്ക് സഭ തയാറാകാതെ തേലക്കാടിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ?

നയപരമായി സഭ വരുത്തേണ്ട തിരുത്തലില്‍ ഏറെ പ്രധാനമായത് സംബന്ധിച്ച് ഡോ. മിറാന്‍ഡാ എഴുതിയതു നോക്കുക. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം നോക്കാന്‍ ധൈര്യപ്പെടാതിരുന്നതിനാല്‍ മാത്രമാണ് പാശ്ചാത്യന്റെ ചരിത്രം ക്രിസ്തുമതത്തിന്റെ ദുര്‍വ്യാഖ്യാനമായിപ്പോയത്... ഇങ്ങനെ വഴി മാറിപ്പോയതിന്റെ ഒരു ഫലം ക്രിസ്തുദര്‍ശനം പോലും അപ്രസക്തവും വിലയില്ലാത്തതുമായ പഠനങ്ങളുടെ കള്ളപ്രചാരമായിരിക്കുന്നു എന്നതാണ്. സുവിശേഷം പറയിക്കുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ടാകണമെങ്കില്‍ യേശുവിനെ മാധുര്യമൂറുന്ന അനുരഞ്ജകനായി സങ്കല്പിക്കുന്നത് നിറുത്തിയേ തീരൂ. യഥാര്‍ഥത്തില്‍ അവിടുന്ന് ഒരു മൂര്‍ച്ചയുള്ള മനുഷ്യനായിരുന്നു. സ്വയം പ്രചോദിതരായി, തന്നെ പിന്‍തുടരാനാഗ്രഹിച്ചുവന്ന ധനികരെ അവരുടെ വഴിയില്‍ മരവിപ്പിച്ചു നിര്‍ത്തിക്കൊണ്ട് "ആദ്യം പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കിയശേഷം എന്നെ പിന്‍തുടരുക" എന്നു പറഞ്ഞ യേശുവിനെക്കാള്‍ വിട്ടുവീഴ്ചയ്ക്ക് തയാറില്ലാത്ത ഒരാള്‍ ചരിത്രത്തില്‍ മറ്റാരെങ്കിലും ഉണ്ടോ? ഈ പ്രസ്താവനകള്‍ കര്‍ശനവും സമരോത്സുകവുമായ സ്വരത്തില്‍ മാത്രമല്ലാതെ ചെയ്തിരിക്കാന്‍ സാധ്യമല്ല - ധനത്തെപ്പറ്റി പറയുമ്പോള്‍ "അനീതിയുടെ കാശ്" (ലൂക്ക 16 : 9 - 11) എന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യന്റെ സ്വരത്തില്‍ ; പ്രീശന്മാരുടെയും നിയമജ്ഞരുടെയും നേര്‍ക്ക് "കപടവിശ്വാസികളെ!" എന്ന് ഏഴുപ്രാവശ്യം തുടര്‍ച്ചയായി (മത്തായി 23 : 13, 14, 15, 23, 25, 27, 29) ആക്രോശിച്ച മനുഷ്യന്റെ സ്വരത്തില്‍ , ദേവാലയത്തെപ്പറ്റി പരാമര്‍ശിക്കവെ കഠിനമായി "കല്ലിന്മേല്‍ കല്ല് ശേഷിക്കുകയില്ല" എന്നുപറയുന്ന മനുഷ്യന്റെ കര്‍ശനമായ സ്വരത്തില്‍ യേശുവിന് ഒരു വിപ്ലവകാരിയുടെ സ്വഭാവമായിരുന്നു. ഇതു നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു".-കമ്യൂണിസം ബൈബിളില്‍ (പേജ് 37 - 38)

ലോകചരിത്രത്തെ "മാനവികമായി" മാറ്റിത്തീര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത പ്രവാചകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും ജീവിതം വിലയിരുത്തുമ്പോള്‍ ഈ സവിശേഷതകളെല്ലാം സാമാന്യേന അവരിലൊക്കെ കണ്ടെത്താന്‍ കഴിയും. അവര്‍ സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ആള്‍രൂപങ്ങള്‍ ആയിരിക്കുന്നതോടൊപ്പം നീതികേടുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നവര്‍ കൂടിയായിരുന്നു എന്നു കാണാം. നീതികേടിനെതിരെ അനുരഞ്ജനം അനീതിക്ക് കൂട്ടുനില്‍ക്കല്‍ തന്നെയാണല്ലോ. സ്നേഹംകൊണ്ടും അനുരഞ്ജനം കൊണ്ടും മാത്രം മാറ്റി എഴുതപ്പെട്ടതല്ല ലോകചരിത്രം. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം" ഒഴിവാക്കാന്‍ അസമമായ സമ്പത്തു കൈയാളുന്നവര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ക്രിസ്തുവില്‍ അവര്‍ തെറ്റായി ആരോപിച്ച "അമിത സ്നേഹ അനുരഞ്ജനങ്ങളും വിപ്ലവരാഹിത്യവും". മാര്‍ക്സിസത്തെയും ക്രിസ്റ്റ്യാനിറ്റിയെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫാ. തേലക്കാട് അറിഞ്ഞോ അറിയാതെയോ പരാമര്‍ശിക്കുന്നത് തെറ്റായ ഇക്കാര്യം തന്നെയാണ്. "സ്നേഹത്തിനുവേണ്ടി പരാജയപ്പെടാനും കുരിശിലേറാനും യേശു പഠിപ്പിച്ച മാര്‍ഗമേ എനിക്കു സ്വീകാര്യമാവുകയുള്ളു" എന്നു പറയുന്ന ഫാ. തേലക്കാട് താന്‍കൂടി നേതൃത്വം കൊടുക്കുന്ന കേരള കത്തോലിക്കാ സഭാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം വിമര്‍ശനപരമായി ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും എന്നുമാത്രമേ പറയാനുള്ളു. സ്നേഹത്തിനുവേണ്ടി പരാജയപ്പെട്ട ക്രിസ്തുവിന്റെ പിന്‍മുറക്കാര്‍ "സ്നേഹത്തെത്തന്നെ പരാജയപ്പെടുത്തിയ" എത്രയോ അനുഭവകഥകള്‍ പറയാനുണ്ട്.... കേരളത്തിന്റെ "തിരുഹൃദയ"ത്തിനേറ്റ മായാത്ത മുറിപ്പാടുകളായി ഇപ്പോഴും അവ അവശേഷിക്കുന്ന കാര്യം അഭിവന്ദ്യനായ അദ്ദേഹത്തിനും അറിയാത്തതൊന്നുമല്ലല്ലോ. എന്തായാലും ഫാ. തേലക്കാട് ചൂണ്ടിക്കാട്ടുന്ന ഗൗരവപൂര്‍ണവും യുക്തിസഹവുമായ ചില നിരീക്ഷണങ്ങളെ സൂക്ഷ്മമായ വിലയിരുത്തലിനു തന്നെ വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "കാള്‍മാര്‍ക്സ് എന്ന മനുഷ്യന് ക്രൈസ്തവ പശ്ചാത്തലമുണ്ട്്. മാര്‍ക്സ് പറഞ്ഞതനുസരിച്ച് 1800 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിന്റെ സ്നേഹം പ്രാവര്‍ത്തികമായിട്ടില്ല. അതിന് സാമൂഹ്യപരിഷ്കരണത്തിന് വേണ്ട ഊര്‍ജം ഇല്ല. അതുകൊണ്ട് മാര്‍ക്സ് വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ചു. എന്നാല്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെയുള്ള സാമൂഹ്യ പരിഷ്കരണവും വിജയിച്ചിട്ടില്ല. സ്നേഹം എപ്പോഴും വിജയിക്കുന്നില്ല"".

തികച്ചും തുറന്ന മനസ്സോടെയുള്ള ഈ മാനവിക നിരീക്ഷണങ്ങളെ മുന്‍വിധികള്‍ കൂടാതെതന്നെ നാം നോക്കിക്കാണേണ്ടതുണ്ട്. അതിനു 2000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതലുള്ള ക്രൈസ്തവ ചരിത്രത്തിന്റെ പരിശോധന ആവശ്യവുമാണ്. 160-170 വര്‍ഷത്തിന്റെ മാത്രം പഴക്കമുള്ള മാര്‍ക്സിസത്തിന്റെ പരിശോധന താരതമ്യേന എളുപ്പവുമാണ്. 1800 വര്‍ഷംകൊണ്ട് നേടാന്‍ കഴിയാത്തത് 170 വര്‍ഷങ്ങള്‍കൊണ്ട് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ. യേശുവിനെക്കുറിച്ചുള്ള കഥകള്‍ ഏറെയും രൂപപ്പെട്ടത് "പാഗന്‍" മതവിശ്വാസത്തില്‍ നിന്നാണ്. സുമേറിയന്‍ ദൈവമായ "ഡുമൂസ്" കുഞ്ഞാട്, ദൈവത്തിന്റെ പുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ ദേവന്‍ പീഡാനുഭവങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെട്ടെന്നും സംസ്കാരശേഷം മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റെന്നും കഥ പ്രചരിച്ചിരുന്നു. ബാബിലോണിയക്കാരുടെ "താമൂസ്" ദേവന്‍ "കന്യക"യില്‍നിന്ന് ജനിച്ചവന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഈ ദൈവവും പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി മരിച്ചെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്നും മറ്റൊരു കഥയുണ്ട്. ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയ്ക്ക് ഈ ദേവന്റെ കഥയുമായി ബന്ധമുണ്ട്. "ഇറ്റസ്" എന്ന ദൈവം "നല്ല ഇടയന്‍" എന്നാണ് അറിയപ്പെട്ടിരുന്നത്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളിലെല്ലാം പീഡിതരായി കൊല്ലപ്പെട്ടവരും ഉയര്‍ത്തെഴുന്നേറ്റവരുമായ നിരവധി ദൈവങ്ങളെക്കുറിച്ചുള്ള കഥകള്‍ നിറയെ കേള്‍ക്കാം. വിവിധങ്ങളായ ഈ മതവിശ്വാസങ്ങളെക്കുറിച്ച് അഗാധ ജ്ഞാനം നേടിയ വ്യക്തിയായിരുന്നു പൗലോസ്. അദ്ദേഹമാണ് ഇവയിലെ ആശയങ്ങളും പദപ്രയോഗങ്ങളും സമ്പ്രദായങ്ങളുമെല്ലാം ക്രിസ്തുമതത്തിലേക്ക് സന്നിവേശിപ്പിച്ചതെന്ന് എച്ച് ജി വെല്‍സ് പറയുന്നു. പൗലോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദ്യകാല ക്രിസ്തീയ സഭ നിരവധി ആശയവൈരുധ്യങ്ങളെ നേരിട്ടിരുന്നു. ക്രിസ്തുമതത്തിന്റെ അടിത്തറയായി കരുതപ്പെട്ടിരുന്ന ഓരോ ആശയങ്ങളും അന്ന് വെല്ലുവിളിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ബിഷപ്പുമാരും പുരോഹിതന്മാരുംഉള്‍പ്പെടുന്ന "സത്യവിശ്വാസ സംരക്ഷകരുടെ" ഏകസഭ രൂപപ്പെട്ടത്. നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ വേണ്ടി ഇറേനിയൂസിന്റെ നേതൃത്വത്തില്‍ നാലു കാനോനിക സുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം വിഷം പോലെ വര്‍ജ്യമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ വാലന്റീനിയന്‍ ഗ്നോസ്റ്റിക്കുകള്‍ ഇത് അംഗീകരിക്കുവാന്‍ തയാറായില്ല. ജ്ഞാനസ്നാനം, കൂദാശ, പ്രാര്‍ഥന എന്നിവയെല്ലാം യഥാര്‍ഥ ജ്ഞാനത്തിന്റെ ആരംഭം മാത്രമാണെന്ന് പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ഇടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇത് "സത്യവിശ്വാസ സംരക്ഷകരായ" ഇറേനിയൂസിന്റെ നേതൃസഭയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശന കവാടമായി ഉയര്‍ത്തി പ്രചരിപ്പിച്ച ഈ സഭ ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ആഴമേറിയ ജ്ഞാനാന്വേഷണങ്ങള്‍ക്ക് ഒരിടവും നല്‍കിയിരുന്നില്ല. ഇക്കാലത്ത് റോമാസാമ്രാജ്യം ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്തുമതം ശക്തിപ്പെടുകയും വിഗ്രഹപൂജയോടൊപ്പം ചക്രവര്‍ത്തി പൂജയും അസ്തമിച്ചു തുടങ്ങുകയുമായിരുന്നു. തന്റെ സിംഹാസനം ഉറപ്പിക്കാന്‍ വേണ്ടി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തീയ സഭയുടെ സഹകരണം തേടി. ഇഋ 313 ല്‍ മിലാന്‍ ശാസനയിലൂടെ കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുമതത്തെ റോമിന്റെ അംഗീകൃത മതമായി പ്രഖ്യാപിച്ചു.

"ക്രിസ്തു ശിഷ്യതുല്യനായി" തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി ക്രിസ്തീയ സഭയെ അദ്ദേഹം ആവോളം പ്രീണിപ്പിച്ചു. "ഒരു ദൈവം ഒരു സഭ" എന്ന അജന്‍ഡ നടപ്പാക്കുകയും ചെയ്തു. യാഥാസ്ഥിതിക സഭാവിശ്വാസം തന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്ന് ചക്രവര്‍ത്തി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ട് ക്രിസ്തുവിന് ദൈവിക പരിവേഷം നല്‍കാത്ത ഒരു ചിന്തയെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. ക്രിസ്തുവിനെ പൂര്‍ണമായും അംഗീകരിച്ചിരുന്ന അരിയൂസിനെപ്പോലുള്ള ഉജ്വല ചിന്തകര്‍ , പക്ഷേ യേശുവിനെ പൂര്‍ണ ദൈവമായി അംഗീകിക്കാന്‍ തയാറായില്ല. "നശ്വരനായ മഹാനായൊരു പ്രവാചകന്‍" എന്ന പദവി നല്‍കാനേ അരിയൂസ് തയാറായുള്ളു. അരിയൂസ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര ചിന്തകരെ ചക്രവര്‍ത്തി ഉന്മൂലനം ചെയ്തു. ഒപ്പം "പള്ളിമത"ത്തെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. യേശുവിന്റെ മാനുഷിക അംശങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കിയിരുന്ന എല്ലാ ഗ്രന്ഥങ്ങളും നശിപ്പിക്കുകയും നിരോധിക്കുകയും ചെയ്തു. പൂര്‍വാധികം ശക്തനായി മാറിയ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളോടെ സഭയും വളരെവേഗം ശക്തിപ്രാപിച്ചു. ചക്രവര്‍ത്തിയുടെ പിന്‍ബലത്തില്‍ സഭ സ്വത്തുവകകള്‍ വാരിക്കൂട്ടി. ബിഷപ്പുമാരെയും പുരോഹിതന്മാരെയും ചക്രവര്‍ത്തിക്കു തുല്യം അധികാരം കയ്യാളുന്നവരായി വാഴിച്ചു. ഇതിനു സഹായകങ്ങളായ നിയമങ്ങള്‍ തന്നെ രൂപപ്പെടുത്തി.....

ഇങ്ങനെയൊക്കെ സഭയുടെ അധികാരം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോടെ ക്രിസ്തുമതത്തിന്റെ സര്‍ഗാത്മകശേഷിയും ആന്തരികസത്തയും ചോര്‍ന്നുപോയി. യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറമുള്ള ആശയതലത്തിനു യാതൊരു പ്രസക്തിയും ഇല്ലാതെയായി. ഏകശിലാ ശാസനകള്‍ക്കും ചോദ്യംചെയ്യപ്പെടാനാവാത്ത ഇടയലേഖനങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്ന ഒരു "ആള്‍ക്കൂട്ട മതമായി" ക്രിസ്തുമതം അധഃപതിച്ചു. അജ്ഞരും സ്വാര്‍ഥരും അക്രമാസക്തക്കാരുമായ ഒരു വലിയ അനുയായി വൃന്ദം രൂപപ്പെട്ടപ്പോള്‍ ഗ്നോസ്റ്റിക്കുകള്‍ ഒറ്റപ്പെട്ടുപോയി. അവര്‍ അസംഘടിതരായി ചെറുസംഘങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയി. സ്നേഹം, ത്യാഗം തുടങ്ങിയ കര്‍മമാര്‍ഗത്തിന് ശോഷണം സംഭവിക്കുകയും, ആചാരക്രമങ്ങള്‍ മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. ചിന്താ സ്വാതന്ത്ര്യം അനുവദിക്കാത്ത ഏതു പ്രസ്ഥാനത്തിനും നേരിടുന്ന ദുര്‍ഗതിയാണിത്. ഫാ. തേലക്കാട് പറയുമ്പോലെ "സ്നേഹം എപ്പോഴും വിജയിക്കുന്നില്ല" എന്ന ഒരു സാമാന്യ പ്രസ്താവനയില്‍ ചുരുക്കി ഒതുക്കാവുന്നതല്ല ക്രിസ്തുവിന്റെ ഭൗതിക രക്തസാക്ഷിത്വം. ഇതൊക്കെക്കൊണ്ടാണല്ലോ ക്രിസ്തുമതത്തിലെ പഴയ ഗ്നോസ്റ്റിക്കുകളുടെ പിന്‍മുറക്കാര്‍ "വിമോചനത്തിന്റെ ദൈവശാസ്ത്രവു"മായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അധീശ ഭരണവര്‍ഗത്തിന്റെ തണലില്‍ പഴയകാലത്തെപ്പോലെ സ്വതന്ത്രചിന്തകളെയും ജനാധിപത്യ ബോധത്തെയും ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രതയിലാണ് സഭാനേതൃത്വം ഇപ്പോഴും ഉള്ളത്. ലാറ്റിന്‍ അമേരിക്കയിലെ മൂന്നാം ലോകരാജ്യങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ത്തന്നെ ശക്തിപ്പെട്ടുവരുന്ന "വിമോചനത്തിന്റെ ദൈവശാസ്ത്രത്തെ" കേരളത്തിലെ പുരോഗമന പശ്ചാത്തലം ഉപയോഗപ്പെടുത്തി കേരളത്തിലെ സഭാനേതൃത്വം ഉള്‍ക്കൊള്ളേണ്ടതല്ലേ? എന്നാല്‍ സ്ഥിതി നേരെമറിച്ചാണ്. സഭാനേതൃത്വത്തില്‍ പലരും ഇതൊന്നും അറിഞ്ഞ ഭാവമേ നടിക്കാറില്ല. ഡോ. ജെ പി മിറാന്‍ഡയെപ്പോലുള്ളവരുടെ ദൈവശാസ്ത്ര കൃതികള്‍ ഘണ്ഡനാഭിപ്രായ പ്രകടനത്തിനു വേണ്ടിയെങ്കിലും ഒന്നു മറിച്ചുനോക്കാനുള്ള സന്മനസ്സ് കാട്ടേണ്ടതല്ലേ? ഈ ലേഖനത്തിലെ മുഖ്യപ്രതിപാദ്യ വിഷയമായ ഫാ. തേലക്കാടിന്റെ സംവാദാത്മക സമീപനമെങ്കിലും സഭാനേതൃത്വം പൊതുവെ പ്രകടിപ്പിക്കേണ്ടതല്ലേ? ഫാ. തേലക്കാട് ആശങ്കകളുടെ മുനനീട്ടിക്കൊണ്ടാണെങ്കിലും ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ സംവാദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്ന് സന്തോഷപൂര്‍വം പറയേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "പ്രദര്‍ശന വിജയത്തെതുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ വിശദീകരണം ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുന്നതിന്റെ സൂചനയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അത് മതവിശ്വാസത്തിന് ആതിഥേയത്വം നല്‍കുന്നതിലേക്കുള്ള വാതില്‍ തുറക്കലാണെന്ന് കരുതട്ടെയോ? മാര്‍ക്സിസം മതവിശ്വാസം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. അതു കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവും അദ്ദേഹത്തിന്റെ ദര്‍ശനവും ഏതു പരിധിവരെ മാര്‍ക്സിസത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന സംശയം സ്വാഭാവികമായും നിലനില്‍ക്കുന്നു". ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുമോ എന്നതിനൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് സഭാനേതൃത്വം ഉയരുമോ എന്നതാണ് ആ ചോദ്യം. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നതിനെക്കാള്‍ ഏറെ, ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായി ക്രിസ്തുമതത്തെ സ്ഥാപനവല്‍ക്കരിക്കുക എന്നതിലായിരുന്നല്ലോ സഭ എക്കാലവും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നാല്‍ "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്ന് സഭ പൊതുവെ പറഞ്ഞുവരുന്ന സാമാന്യ പ്രസ്താവനയ്ക്കും അപ്പുറം മാനങ്ങളുണ്ട് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. "അന്വേഷിപ്പിന്‍ , കണ്ടെത്തും" എന്ന ക്രിസ്തുവചനത്തെ ഉള്‍ക്കൊള്ളേണ്ടത് മനുഷ്യസ്നേഹികളായ അന്വേഷകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം. ദൗര്‍ഭാഗ്യത്തിന് "വിശ്വാസികള്‍" അന്വേഷകരായി ഉയര്‍ന്നപ്പോഴൊക്കെ "മതനിന്ദ" എന്ന ഖഡ്ഗമുയര്‍ത്തി അന്വേഷണങ്ങളുടെയും അന്വേഷകരുടെയും ഗളഛേദം ചെയ്ത ചരിത്രമാണ് സഭയ്ക്കുള്ളത്. അപ്പോള്‍ സഭയ്ക്കുതന്നെ ക്രിസ്തുവിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടി വരും. ഇനി മാര്‍ക്സിസത്തിന് എങ്ങനെ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു നോക്കാം.

"പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിനു പുണ്യം കിട്ടാന്‍ വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായത്" എന്നു പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് ക്രിസ്തുവിനെ ഉള്‍ക്കൊണ്ടിരുന്നത്. സഭാസംഘടനകളുടെ പുതുരൂപങ്ങളായി മാറിയ "ഇടവക"കളെക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ക്രിസ്തുവിനെ ഉള്‍ക്കൊണ്ട ആദ്യകാല ക്രൈസ്തവ യോഗങ്ങളെന്നും അവയ്ക്ക് സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായിട്ടാണ് കൂടുതല്‍ സാമ്യമുള്ളതെന്നും ഏണസ്റ്റ് രെനാന്‍ പറയുമ്പോള്‍ , സഭയുടെ ഇടവകയെക്കാള്‍ എന്തുകൊണ്ടും ക്രിസ്തുവോട് അടുത്തുനില്‍ക്കുന്നത് മാര്‍ക്സ് കെട്ടിപ്പടുത്ത തൊഴിലാളി സംഘടനകളാണെന്നു വരുന്നു. "മറ്റേതൊരു വിപ്ലവ പ്രസ്ഥാനവും പോലെ ക്രിസ്തുമതവും സ്ഥാപിച്ചത് ബഹുജനങ്ങളാണ്" എന്ന് എംഗല്‍സ് അര്‍ഥശങ്കക്കിടയില്ലാതെ പറയുന്നുണ്ട്. എംഗല്‍സ് "ആന്റിഡ്യൂറിംഗി"ല്‍ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നു. "എല്ലാവിധ ആളുകളുടെയും സമത്വമെന്നത് പ്രാചീനര്‍ക്കിടയില്‍ ഭ്രാന്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നുമാത്രമല്ല അത് കുറ്റകരവുമായിരുന്നു. സ്വാഭാവികമായും ക്രൈസ്തവ ലോകത്തില്‍ അതിന്റെ ആദ്യനാമ്പുകള്‍ പുറത്തു കണ്ടപ്പോള്‍തന്നെ അവയ്ക്കെതിരായ മര്‍ദനമുറകള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ക്രൈസ്തവ ലോകത്തില്‍ ആദ്യമാദ്യം എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നില്‍ സമന്മാരാണെന്ന ഒരു നിഷേധാത്മക സമത്വം ഉണ്ടായിരുന്നു. കുറെക്കൂടി സങ്കുചിതമായി യേശുവിന്റെ അനുഗ്രഹത്താലും രക്തത്താലും പാപമോചനം കിട്ടിയ എല്ലാ ദൈവസന്തതികളുടെയും സമത്വമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. രണ്ടായാലും അത് അടിമകളുടെ മതമെന്ന നിലയ്ക്കുള്ള ഭ്രഷ്ടരും നിസ്വരും പീഡിതരും മര്‍ദിതരുമായ ആളുകളുടെ മതമെന്ന നിലയ്ക്കുള്ള ക്രൈസ്തവസഭയുടെ പങ്കില്‍ വേരൂന്നിയതായിരുന്നു.

ക്രിസ്തുമതം വിജയിച്ചതോടെ ഈ പരിഗണന പിന്നിലേക്ക് തള്ളപ്പെടുകയും പ്രാഥമികമായ പ്രാധാന്യം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യാഥാസ്ഥിതികരും പാഷണ്ഡന്മാരും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് ആവുകയും ചെയ്തു". ഇങ്ങനെ ക്രിസ്തുവിനെയും ക്രിസ്റ്റ്യാനിറ്റിയെയും അത് അര്‍ഹിക്കുന്ന പരിഗണനകളോടെ ആണ് മാര്‍ക്സിസം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ സംഘടിത സഭ എങ്ങനെ അതു ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് ലഭിക്കുന്നത് സര്‍ഗാത്മക രചനകളില്‍ നിന്നാണ്. ദസ്തയോവിസ്കി, ഡാവിഞ്ചി, ടോള്‍സ്റ്റോയി, സരമാഗു, ഖലീല്‍ ജിബ്രാന്‍ , കസാന്‍ത്സാക്കീസ് തുടങ്ങി ഫിലിപ്പ് പുള്‍മാന്‍ വരെയുള്ള പ്രഗത്ഭമതികള്‍ സഭയുടെ "തടങ്കലി"ലായ ക്രിസ്തുവിനെ വിമോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദസ്തയോവിസ്കിയുടെ "ഉഗ്രനായ മതദ്രോഹ വിചാരകന്‍" എന്ന ഉപാഖ്യാനം ഏറ്റവും നല്ല ഉദാഹരണമാണ്.

റോമാ സഭയുടെ മതദ്രോഹ വിചാരകനായ കര്‍ദിനാള്‍ തടവിലാക്കപ്പെട്ട യേശുവിനോടു ചോദിക്കുന്നു. "നീ അവജ്ഞാപൂര്‍വം നിരസിച്ചതിനെ ഞങ്ങള്‍ ഏറ്റുവാങ്ങി... ഞങ്ങള്‍ റോമാസാമ്രാജ്യവും സീസറിന്റെ ഉടവാളും സ്വീകരിച്ചു. ലോകത്തിന്റെ ഏക ഛത്രാധിപതികള്‍ ഞങ്ങളാണെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെ തടസ്സപ്പെടുത്താന്‍ നീ എന്തിനു വന്നു?.. ഞങ്ങളുടെ സാമ്രാജ്യം സ്ഥാപിതമാകും. ഞാന്‍ പറയുന്നു, ഞങ്ങളെ തടസ്സപ്പെടുത്തിയ കുറ്റത്തിന് നിന്നെ ദഹിപ്പിക്കാന്‍ പോകുന്ന ചിതയ്ക്ക് തീ കൂട്ടാന്‍ ഞാന്‍ ഒരു അടയാളം നല്‍കുന്ന മാത്രയില്‍ ഓടിക്കൂടുന്ന ആ അനുസരണയുള്ള സമൂഹത്തെ നാളെ നീ കാണാന്‍ പോകുകയാണ്". അതെ! സത്യത്തെ ക്രൂശിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ സഭയ്ക്കുവേണ്ടി ഓടിക്കൂടുന്ന അനുസരണയുള്ള ഒരു ന്യൂനപക്ഷസമൂഹം "മതേതര മാനവികതയ്ക്കു" മുന്‍തൂക്കമുള്ള കേരളത്തില്‍പ്പോലും ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. "മതമില്ലാത്ത ജീവന്" എതിരായും "അവസാനത്തെ അത്താഴ"ത്തിന്റെ പേരില്‍ ആരോ പ്രതിഷ്ഠിച്ച പരസ്യപ്പലകയ്ക്ക് എതിരായും ഓടിക്കൂടി തെരുവില്‍ പ്രകടനം നയിക്കുന്ന ആള്‍ക്കൂട്ടം ആദര്‍ശശാലിയായ ഒരു വിപ്ലവ പ്രതീകത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ