ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 13, ഞായറാഴ്‌ച

ഹ്രസ്വദൂര നിരക്ക് ഇരട്ടിയിലേറെ കൂട്ടി



SUNDAY, JANUARY 13, 2013

സ്ത്രീസമത്വത്തിനായുള്ള പോരാട്ടം സുപ്രധാനം: കാരാട്ട്



ഹൈദരാബാദ്: പിന്തിരിപ്പന്‍ശക്തികള്‍ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ സ്ത്രീ സമത്വത്തിനായുള്ള പോരാട്ടം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സുപ്രധാന അജന്‍ഡയായി മാറേണ്ടതുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പി സുന്ദരയ്യ ജന്മശതാബ്ദിയോടനുബന്ധിച്ച് ഹൈദരാബാദില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കുപിന്നിലെ മൂലകാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളാണ്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ സ്ത്രീകളുടെ പദവി അങ്ങേയറ്റം പിന്നിലാണ്. 178 രാജ്യങ്ങളിലെ സ്ത്രീപദവി സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് 134-ാം സ്ഥാനമാണ്. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ നിയമങ്ങള്‍ ശക്തമാക്കാനും പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനും സത്വരനീതി ഉറപ്പാക്കാനും നടപ ടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യചിന്തകളാണ് പ്രതിഫലിച്ചത്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ബലാത്സംഗങ്ങള്‍ നടക്കുന്നില്ലെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ അഭിപ്രായം പ്രതിഷേധാര്‍ഹമാണ്. ഈ പ്രസ്താവന വസ്തുതകളോടുള്ള പരിഹാസമാണ്. ദരിദ്രരായ ദളിത്-ആദിവാസി-കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ ഇന്ത്യയില്‍ അനുദിനം മാനഭംഗം ചെയ്യപ്പെടുന്നുവെന്നതാണ് സത്യം. ഇതൊന്നും കുറ്റകൃത്യമായി കാണാന്‍ തയ്യാറാവാത്ത ഭഗവതിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വര്‍ഗസ്വഭാവമാണ് പ്രതിഫലിപ്പിക്കുന്നത്.

മിശ്രവിദ്യാഭ്യാസം നിരോധിക്കണമെന്ന ചില മുസ്ലിം മൗലികവാദ സംഘടനകളുടെ നിര്‍ദേശവും അപലപനീയമാണ്. താലിബാനുമായാണ് ഇവര്‍ക്ക് സാമ്യം. ഹരിയാനയിലെയും രാജസ്ഥാനിലെയും ജാതിപഞ്ചായത്തുകളും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നത്. രാജ്യത്ത് സ്ത്രീകളെക്കുറിച്ചുള്ള സമീപനത്തില്‍ ഇത്തരം നിലപാടുകള്‍ക്കാണ് പ്രാമുഖ്യം. സ്ത്രീകളെ ചരക്കുകളായി കാണുന്ന മാധ്യമങ്ങളും പരസ്യങ്ങളും ഈ അവസ്ഥ രൂപപ്പെടുന്നതില്‍ ഏറെ പങ്കുവഹിക്കുന്നുണ്ട്-കാരാട്ട് പറഞ്ഞു. യോഗത്തില്‍ സിപിഐ എം ആന്ധ്ര പ്രദേശ് സംസ്ഥാന സെക്രട്ടറി ബി വി രാഘവുലുവും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സംസാരിച്ചു.

ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിത നഗരമല്ലെന്ന് സുപ്രീംകോടതി. അന്തസ്സോടെയും തുല്യതയോടെയും ബഹുമാനത്തോടെയും സ്ത്രീകളെ പരിഗണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ജ്യോതി സിങ്വധക്കേസിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കണമെന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

നിയമവിദ്യാര്‍ഥിനിയായ നിപുണ്‍ സക്സേന സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ദേശീയ വനിതാ കമീഷനും ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ പ്രത്യേക ബോര്‍ഡിന് രൂപംനല്‍കണമെന്ന 16 വര്‍ഷം മുമ്പത്തെ സുപ്രീംകോടതി വിധി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മോട്ടോര്‍വാഹന ചട്ടങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് പുതുക്കരുതെന്ന ഹര്‍ജിയിലെ ആവശ്യം പരിഗണിച്ചാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നോട്ടീസ്. സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനാകുംവിധം സുരക്ഷിത അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഡല്‍ഹിയില്‍ ഡിസംബര്‍ 16നുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ല. സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്-കോടതി നിരീക്ഷിച്ചു.

deshabhimani 130113

സ്മാര്‍ട്ട്സിറ്റി അനന്തമായി നീട്ടി ടീകോം സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത


സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കാതെ നിരന്തരം തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന ദുബായ് കമ്പനിക്കുപകരം പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ ദുരൂഹത. 6000 കോടി രൂപ ചെലവുവരുന്ന കൊച്ചി മെട്രോക്ക് വായ്പനല്‍കാന്‍ തയ്യാറുള്ള ജപ്പാന്‍ ധനകാര്യ ഏജന്‍സിയായ ജൈക്കയെപ്പോലും മാറ്റാന്‍ ആലോചിക്കുന്ന സര്‍ക്കാര്‍ നിരവധി സൗജന്യങ്ങള്‍ നല്‍കി നിര്‍മിക്കുന്ന സ്മാര്‍ട്ട്സിറ്റിയില്‍ ടീകോമിനുപകരം മറ്റൊരു കമ്പനിയെയും പരിഗണിക്കാന്‍ തയ്യാറല്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്മാര്‍ട്ട്സിറ്റി നിര്‍മാണം മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സിന് കൈമാറാനാണ് ഇപ്പോള്‍ ടീകോമിന്റെ ശ്രമം. കരാര്‍ പ്രകാരമുള്ള പദ്ധതി നിര്‍മാണം വൈകുന്നതുമൂലം നേരിടേണ്ടിവരാവുന്ന നിയമ നടപടികള്‍ മറികടക്കാനാണ് ടീകോമിന്റെ ഈ നീക്കമെന്ന് കരുതുന്നു. സംസ്ഥാന സര്‍ക്കാരുമായി പാട്ടക്കരാറിലെത്തിയശേഷവും സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മാണം വൈകിക്കാനാണ് ടീകോം ശ്രമിച്ചുകൊണ്ടിരുന്നത്.

2006ല്‍ യുഡിഎഫ് സര്‍ക്കാരുമായി കരാറിലെത്താന്‍ കഴിയാതിരുന്ന ടീകോം പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരുമായി നിസഹകരണത്തിലായിരുന്നു. ടീകോമും അവരുടെ മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സും നേരിട്ട കടുത്ത സാമ്പത്തികപ്രതിസന്ധി മറച്ചുവയ്ക്കാനായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി. സ്മാര്‍ട്ട്സിറ്റി ഭൂമിയില്‍ 12 ശതമാനം സ്വതന്ത്ര കൈവശാവകാശം ആവശ്യപ്പെട്ടായിരുന്നു ആദ്യം തര്‍ക്കം. ആകെയുള്ള 246 ഏക്കറില്‍ 30 ഏക്കറോളം സ്വതന്ത്രാവകാശത്തിന്റെ കാര്യത്തില്‍ പരിഹാരമുണ്ടാക്കി 2011 ഫെബ്രുവരി രണ്ടിന് കരാര്‍ ഒപ്പിടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സെസ് പദവിക്കുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയാണ് എല്‍ഡിഎഫ് അധികാരം ഒഴിഞ്ഞത്. കരാര്‍ പ്രകാരം ആദ്യ 18 മാസത്തിനുള്ളില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതാണ്. മൂന്നര ലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തി, 10,000 തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കണം. കരാറിനുശേഷം 23 മാസം പിന്നിടുമ്പോള്‍ പദ്ധതിയുടെ ഭാഗമായി ആകെ നിര്‍മിച്ചത് ഒരു സെയില്‍സ് പവിലിയന്‍ മാത്രമാണ്. കഴിഞ്ഞ ജൂണില്‍ ഇതിന്റെ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി 18 മാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കാന്‍പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ഇതിനിടെ സ്മാര്‍ട്ട്സിറ്റി പ്രദേശത്തിന് ഒറ്റ സെസ് വേണമെന്ന പുതിയ ആവശ്യം ടീകോം മുന്നോട്ടുവച്ചു. കേന്ദ്രം അത് തള്ളിയിട്ടും ടീകോം അതില്‍കടിച്ചുതൂങ്ങി നിര്‍മാണം താമസിപ്പിച്ചു. അതിനുമുമ്പ് കെഎസ്ഇബി വൈദ്യുതി ടവറിന്റെ പേരിലും തടസ്സവാദമുയര്‍ത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി അനിശ്ചിതമായി വൈകിക്കുന്ന ടീകോമിനെ സഹായിക്കാനാണ് അടുത്തയാഴ്ച വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും ദുബായിക്ക് പോകുന്നത്. പദ്ധതി ദുബായ് ഹോള്‍ഡിങ്സിന് കൈമാറുന്നത് പദ്ധതിയില്‍ പങ്കാളിയായ സര്‍ക്കാരിന്റെ അറിവോടെയല്ല. കമ്പനി മാറുമ്പോള്‍ പുതിയ കരാര്‍ വേണ്ടിവരും. നിലവിലെ കരാര്‍ ലംഘിച്ചതുമൂലമുള്ള നിയമപ്രശ്നങ്ങള്‍ അതോടെ തീരുമെന്നും ടീകോം കണക്കുകൂട്ടുന്നു. ടീകോമിന് സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞാണ് മാതൃസ്ഥാപനം പദ്ധതി ഏറ്റെടുക്കുന്നത്. ഇക്കാരണത്താല്‍ ടീകോമിന്റെ കീഴിലുള്ള ദുബായ് ഇന്റര്‍നെറ്റ്സിറ്റി, ദുബായ് മീഡിയാ സിറ്റി എന്നിവ മാതൃസ്ഥാപനം ഏറ്റെടുക്കുന്നില്ലെന്നതും ശ്രദ്ധേയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ടീകോം അനാസ്ഥ കാണിച്ചപ്പോള്‍ മറ്റു ചില വിദേശ-സ്വദേശ കമ്പനികളെ പ്രമോട്ടര്‍മാരാക്കുന്ന കാര്യം പരിഗണിച്ചിരുന്നു. എല്ലാ അനുകൂല സാഹചര്യങ്ങളുമൊരുങ്ങിയിട്ടും അനാസ്ഥ തുടരുന്ന ടീകോമിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

deshabhimani 130113

എണ്‍പതില്‍പ്പരം കള്ളക്കേസ് : വിറളിപൂണ്ട് സര്‍ക്കാര്‍


സംസ്ഥാന ജീവനക്കാരും അധ്യാപകരും തുടരുന്ന പണിമുടക്കിനെ തകര്‍ക്കാന്‍ കള്ളക്കേസുകളും അറസ്റ്റും ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളുമായി സര്‍ക്കാര്‍. നാലു ദിവസത്തിനുള്ളില്‍ എണ്‍പതില്‍പ്പരം കള്ളക്കേസാണ് പൊലീസ് എടുത്തത്. അറസ്റ്റ് ചെയ്ത വനിതാ ജീവനക്കാരെയടക്കം ജയിലിടച്ചു. നിരവധി പേരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്നൂറോളം പേര്‍ സസ്പെന്‍ഷന്‍ ഭീഷണിയിലാണ്.

തിരുവനന്തപുരം ജില്ലയില്‍ 13 കേസെടുത്തു. കൊല്ലം- മൂന്ന്, പത്തനംതിട്ട- മൂന്ന്, ആലപ്പുഴ- അഞ്ച്, കോട്ടയം- ഒമ്പത്, ഇടുക്കി- നാല്, എറണാകുളം- ഒമ്പത്, തൃശൂര്‍- നാല്, പാലക്കാട്- നാല്, മലപ്പുറം- മൂന്ന്, കണ്ണൂര്‍- എട്ട്, കാസര്‍കോട്- ഏഴ് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ എടുത്ത കേസ്. പണിമുടക്ക് ശക്തമായതില്‍ വിളറിപൂണ്ട സര്‍ക്കാര്‍, കേസുകളില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തുന്നത്. കോടതില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു. ഇതുമൂലം വനിതാ ജീവനക്കാര്‍ക്കും ജാമ്യം നിഷേധിക്കപ്പെടുന്നു.

പണിമുടക്കിന്റെ പ്രചാരണം ഏറ്റെടുക്കുക, പ്രകടനം നയിക്കുക, മുദ്രാവാക്യം മുഴക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമായിക്കണ്ട് കേസെടുക്കുകയാണ്. സമരാനുകൂല സംഘടനകളിലെ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലൂടെ നടന്നുപോയാലും കേസില്‍ പ്രതിയാകുന്നു. തിരുവനന്തപുരത്ത് നാലുപേരെ കേസില്‍പ്പെടുത്തി സസ്പെന്‍ഡ് ചെയ്തു. തൃശൂരില്‍ മൂന്നുപേരെയും. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 65 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. ഐടി@സ്കൂളില്‍ പ്രത്യേക പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച 34 അധ്യാപകരെ പിരിച്ചുവിടുകയും മാതൃസ്കൂളുകളിലേക്ക് അയക്കുകയും ചെയ്തു. ഗസറ്റഡ് ഉദ്യോഗസ്ഥരെപ്പോലും അകാരണമായി സസ്പെന്‍ഡ് ചെയ്യുന്നു, സ്ഥലംമാറ്റുന്നു. കേസില്‍ ഉള്‍പ്പെടുന്നവരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

ഐടി@സ്കൂളില്‍ 34 പരിശീലകരെ ഒഴിവാക്കി

തിരു: പണിമുടക്കിന്റെ പേരില്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് 34 പേരെ ഒഴിവാക്കിയ തീരുമാനം എസ്എസ്എല്‍സി പരീക്ഷ താറുമാറാക്കും. മലപ്പുറത്ത് നടക്കാനിരിക്കുന്ന സ്കൂള്‍ കലോത്സവവും താളംതെറ്റും. അഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും 29 വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയുമാണ് ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് ഒഴിവാക്കി മാതൃ സ്കൂളുകളിലേക്ക് തിരിച്ചയച്ചത്. ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ ഹാജരായില്ലെന്ന കാരണത്താലാണ് ഒഴിവാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, വ്യാഴാഴ്ച അതത് സ്കൂളില്‍ ഹാജരാകണമെന്നാണ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലുള്ളത്. പ്രത്യേക പ്രോജക്ടില്‍ 110 പേരാണുള്ളത്. ഇതില്‍ 72 പേരും പണിമുടക്കില്‍ അണിനിരന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

തൊഴില്‍ സമരം സമൂഹത്തിന് വേണ്ടിയും: അഹമ്മദ്കുട്ടി ഉണ്ണികുളം

കാസര്‍കോട്: ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം പറഞ്ഞു. കോര്‍പറേറ്റുകളുടെ ഇംഗിതത്തിന് വഴങ്ങി നടപ്പാക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും തൊഴിലാളി സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തത് അപലപനീയമാണ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന, തൊഴില്‍ സുരക്ഷ തുടങ്ങിയവ തൊഴിലാളികളുടെമാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ പ്രശ്നമാണ്. ഇത് അടുത്ത തലമുറയെകൂടി ബാധിക്കും. സാമൂഹ്യബാധ്യത നിറവേറ്റേണ്ടത് തൊഴിലാളി സമൂഹത്തിന്റെ ചുമതലയാണ്. ഫെബ്രുവരി 20, 21 തിയതികളില്‍ നടത്തുന്ന പണിമുടക്കിലൂടെ ആ ബാധ്യത ഏറ്റെടുക്കുകയാണെന്ന് അഹമ്മദ് കുട്ടി പറഞ്ഞു.

ശമ്പളവും പെന്‍ഷനും വികസനം മുടക്കുന്നു: ചെന്നിത്തല

കണ്ണൂര്‍: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിനാലാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നത്തില. ഇതുമൂലം വികസനം മുരടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നാല്‍പ്പതു വര്‍ഷത്തിനുശേഷം നടപ്പാക്കപ്പെടുന്ന പങ്കാളിത്ത പെന്‍ഷനുവേണ്ടിയാണ് പണിമുടക്ക്. ഇതിന് ജീവനക്കാരെ കിട്ടാതെവന്നപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് യാചിക്കുകയാണ്. എന്ത് എതിര്‍പ്പുണ്ടായാലും സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ പോവുകയാണ്. സമരവുമായി ബന്ധപ്പെട്ട അക്രമത്തിനെതിരെ കെപിസിസി ആഹ്വാനപ്രകാരം തിങ്കളാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിക്കും.

deshabhimani 130113

സിഐടിയു സംസ്ഥാനസമ്മേളനത്തിന് പ്രോജ്വല തുടക്കം


തൊഴിലാളികളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരെ സമരകാഹളമുയര്‍ത്തി സിഐടിയു 12-ാം സംസ്ഥാന സമ്മേളനത്തിന് പ്രോജ്വല തുടക്കം. അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച വരദരാജപൈയുടെ നാമധേയത്തില്‍ പ്രത്യേകം തയ്യാറാക്കിയ നഗറിലാണ് മൂന്നുനാള്‍ നീളുന്ന സമ്മേളനം.

ജാതി-മത-ഭാഷ-രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിന് ഏകമനസ്സോടെ അണിനിരക്കാനുള്ള ആഹ്വാനമായി സപ്തഭാഷാ സംഗമഭൂവില്‍ ആദ്യമായി നടക്കുന്ന സമ്മേളനം. ഭരണകൂടത്തിന്റെ ക്രിമിനല്‍ കാടത്ത നടപടികളെ വര്‍ഗഐക്യത്തിലൂടെ ചെറുക്കണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആഹ്വാനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യംചെയ്ത ഇതര തൊഴിലാളി സംഘടനാ നേതാക്കളും വര്‍ഗഐക്യത്തിന്റെ അനിവാര്യതയും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ എ അസീസ് എംഎല്‍എ, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ഭാര്‍ഗവന്‍പിള്ള എന്നിവരാണ് കൂട്ടായ പോരാട്ടത്തിന്റെ സന്ദേശം അഭിവാദ്യ പ്രസംഗത്തില്‍ പങ്കുവച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന്, രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സിഐടിയുവില്‍ അഫിലിയേറ്റ്ചെയ്ത 836 അംഗസംഘടനകളുടെ 14,51,170 അംഗങ്ങളെ പ്രതിനിധീകരിച്ച് 512 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികള്‍ക്ക് സ്വാഗതമോതി മുന്നാട് കലാക്ഷേത്രത്തിലെ കുട്ടികള്‍ ഗാനവും സംഗീത ശില്‍പവും അവതരിപ്പിച്ചു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എം സുധാകരന്‍ കണക്കും അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയ്ക്കുശേഷം ആരംഭിച്ച പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കെ കെ ദിവാകരന്‍(കണ്‍വീനര്‍), കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, വി എന്‍ വാസവന്‍, കെ എന്‍ ഗോപിനാഥന്‍, കെ കെ ജയചന്ദ്രന്‍, ജോര്‍ജ് കെ ആന്റണി എന്നിവര്‍ പ്രമേയ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. വി വി ശശീന്ദ്രന്‍(കണ്‍വീനര്‍), എസ് എസ് പോറ്റി, സി കൃഷ്ണന്‍, എ ഡി ജയന്‍ എന്നിവരാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങള്‍. മിനുട്സ് കമ്മിറ്റിയായി എം എം വര്‍ഗീസ്(കണ്‍വീനര്‍), വി പ്രഭാകരന്‍, എസ് ബി രാജു, അഡ്വ. സായികുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ വൈകിട്ട് നടന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.

സമരം വിജയിപ്പിക്കേണ്ടത് കടമ: തപന്‍സെന്‍

കാസര്‍കോട്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടത് തൊഴിലാളിവര്‍ഗത്തിന്റെയും പൊതുസമൂഹത്തിന്റെയും അനിവാര്യമായ കടമയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പറഞ്ഞു.

ജീവനക്കാര്‍ സമരംചെയ്യുന്നത് പുതിയ ആനുകുല്യങ്ങള്‍ക്കുവേണ്ടിയല്ല. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവകാശം സംരക്ഷിക്കാനാണ്. ഇത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. ഈ സമരം പരാജയപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഓരോ അവകാശസമരം വിജയിക്കുമ്പോഴും നേട്ടം പൊതുസമൂഹത്തിനാണ്. ഈ സമരം വിജയിപ്പിക്കാന്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തപന്‍സെന്‍ ആഹ്വാനം ചെയ്തു. കാസര്‍കോട് സ. വരദരാജ പൈ നഗറില്‍(നഗരസഭാ സന്ധ്യാരാഗം ഓഡിറ്റോറിയം) സിഐടിയു സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളോളം സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന മൗലിക അവകാശമാണ് പെന്‍ഷന്‍. ഈ പെന്‍ഷന്‍ ഫണ്ടാണ് വിദേശ ഏജന്‍സികള്‍ക്ക് ചൂതാട്ടത്തിന് തുറന്നുകൊടുക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണ് ഇവിടെ അടിച്ചേല്‍പിക്കുന്നത്. അവിടെ പെന്‍ഷന്‍ തുക നിക്ഷേപിച്ച സ്വകാര്യ ബാങ്കുകള്‍ പാപ്പരായപ്പോള്‍ തകര്‍ന്നത് തൊഴിലാളികളുടെ നിക്ഷേപമാണ്. ഇന്ത്യയില്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്ന തുക തട്ടിയെടുക്കാന്‍ കഴുകന്‍ കണ്ണുമായി ആ ശക്തികള്‍ നോക്കിയിരിപ്പുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് പറയാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. നിലവിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാകില്ലെന്ന് ഉറപ്പ് നല്‍കാനും കഴിയുന്നില്ല. മൂലധന ശക്തികള്‍ ലോകത്തെമ്പാടുമുളള സാമ്പത്തിക മേഖല കൊള്ളയടിക്കുകയാണ്. സാമ്പത്തിക, സാമൂഹ്യ മേഖലകളിലെല്ലാം ക്രിമിനല്‍വല്‍ക്കരണവും കാടത്തവും നടമാടുന്നു. ആഗോള മൂലധന ശക്തികളുടെ സമ്മര്‍ദത്തിന്റെ ഫലമായി നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയര്‍ന്നുവരുന്നത്. അതോടൊപ്പം പ്രത്യാക്രമണവും ശക്തമാക്കണം. ആഗോളവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ഫലമായി ഭീതിദമായ തോതില്‍ അഴിമതി വര്‍ധിച്ചു. വിലക്കയറ്റവും ഗുരുതരമായി. കോര്‍പ്പറേറ്റുകള്‍ക്ക് ഊഹക്കച്ചവടത്തിനും അവധിവ്യാപാരത്തിനും ഉല്‍പാദന മേഖല വിട്ടുകൊടുത്തതിന്റെ ദുരന്തമാണിത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഭീതിദമാംവണ്ണം പെരുകി. സമൂഹത്തില്‍ രൂപപ്പെടുന്ന ക്രിമിനല്‍വല്‍ക്കരണമാണ് ഇതിനുകാരണം. ഇതിനെയെല്ലാം ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്നും മുന്നില്‍ നിന്നത്. പോരാട്ടങ്ങള്‍ക്കിടയിലെ പിറകോട്ടടികള്‍ അതിജീവിച്ച് മുന്നേറാനും പ്രക്ഷോഭങ്ങളുടെ നായകത്വം വഹിക്കാനും ഇടതുപക്ഷത്തിന് കഴിയുമെന്ന് തപന്‍സെന്‍ പറഞ്ഞു.

വര്‍ഗീയതക്ക് കോണ്‍ഗ്രസ് സഹായം ആപല്‍ക്കരം: പിണറായി

കാസര്‍കോട്: മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് ഗൗരവമായി കാണണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാനാകൂ. ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിച്ച് പ്രതിരോധിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് വളമാകും. ഇടതുപക്ഷത്തിനേ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകൂ. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

കേരളത്തില്‍ എല്ലാ ജാതിമത ശക്തികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. മന്ത്രിമാര്‍ ആരായിരിക്കണമെന്നുപോലും തീരുമാനിക്കുന്നത് ജാതിസംഘടനാ നേതാക്കളാണ്. തന്നെ ശാസിക്കാന്‍ സമുദായ നേതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് ആഭ്യന്തരമന്ത്രി പറയുന്നിടത്തുവരെയെത്തി. കോണ്‍ഗ്രസ് നേതാവിനെ ഭള്ള് പറയാന്‍ ജാതി സംഘടനകള്‍ക്ക് അവകാശമുണ്ടെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ആഭ്യന്തര മന്ത്രിയെ ശാസിക്കാന്‍ എന്‍എസ്എസിന് എന്തധികാരമാണുള്ളത്. ബാബറിമസ്ജിദ് സംരക്ഷിക്കണമെന്ന് എല്ലാ പാര്‍ടിക്കാരും ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് കാണിച്ച അനാസ്ഥയാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കി. തുടര്‍ച്ചയായി വേട്ടയാടപ്പെട്ടു. ആര്‍എസ്എസ് അതിക്രമങ്ങള്‍ക്കിരയായവര്‍ പൊലീസ് അക്രമങ്ങള്‍ക്കും ഇരയായി. ഇതാണ് മതതീവ്രവാദികള്‍ മുതലെടുക്കുന്നത്. മനുഷ്യത്വരഹിത പ്രവര്‍ത്തനമാണ് മതതീവ്രവാദികള്‍ നടത്തുന്നത്. അന്യമതത്തില്‍പെട്ടവരോട് ചങ്ങാത്തം കൂടരുതെന്നുപോലും ഇവര്‍ അനുശാസിക്കുന്നു. കാസര്‍കോട് കലാപത്തില്‍ തീവ്രവാദബന്ധം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാദാപുരത്ത് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തിലും അന്വേഷണം വേണ്ടെന്നുവച്ചു. മാറാട് സംഭവത്തിലെ തീവ്രവാദബന്ധം അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തെയും പിരിച്ചുവിട്ടു. മത വിശ്വാസിക്ക് അതിനുസരിച്ചും അല്ലാത്തവര്‍ക്ക് അവരുടെ രീതിക്കും ജീവിക്കാന്‍ കഴിയണം-പിണറായി പറഞ്ഞു.

ട്രേഡ് യൂണിയന്‍ ഐക്യസന്ദേശവുമായി ഉദ്ഘാടന സമ്മേളനം

കാസര്‍കോട്: തൊഴിലാളി ഐക്യ സന്ദേശവുമായി സിഐടിയു സംസ്ഥാന സമ്മേളന വേദി. ഉദ്ഘാടന സമ്മേളനമാണ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും ഒന്നിച്ചു നീങ്ങേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചാണ് ഉദ്ഘാടകന്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ മുതല്‍ എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് ഉണ്ണിക്കുളംവരെ സംസാരിച്ചത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി ഭാര്‍ഗവന്‍, യുടിയുസി അഖിലേന്ത്യ സെക്രട്ടറി എ എ അസീസ് എംഎല്‍എ തുടങ്ങി കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്തെ സമുന്നതരാണ് സമ്മേളനത്തിന് എത്തിയത്.

കോര്‍പറേറ്റുകളുടെ സംരക്ഷകരായി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്ന് എല്ലാ നേതാക്കളും ഒരേസ്വരത്തില്‍ പറഞ്ഞു. രാഷ്ട്രീയ വിശ്വാസങ്ങള്‍ തൊഴിലാളി ഐക്യത്തിന് തടസ്സമാകരുതെന്നും തൊഴിലാളി സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചില രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിപ്രായം അവജ്ഞയോടെ തള്ളണമെന്നും നേതാക്കള്‍ പറഞ്ഞപ്പോള്‍ സദസ് കരഘോഷത്തോടെയാണ് ശ്രവിച്ചത്. ധനശക്തികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ഇളവ് നല്‍കുന്ന സര്‍ക്കാര്‍ തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും തുച്ഛ വരുമാനത്തില്‍പോലും കൈയിട്ട് വാരുകയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ സാമൂഹ്യ സുരക്ഷ അപകടത്തിലാണ്. ജീവനക്കാര്‍ക്ക് വാര്‍ധക്യത്തില്‍ ലഭിക്കുന്ന പെന്‍ഷനും ക്ഷേമപെന്‍ഷനും അനാവശ്യമാണെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമ്പോള്‍ അതില്‍നിന്ന് ട്രേഡ് യൂണിയനുകള്‍ക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മാറിനില്‍ക്കാനാവില്ല. ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തൊഴിലാളി യൂണിയന്‍ ഐക്യത്തിലെ നാഴികക്കല്ലായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടേത് തൊഴിലാളി പ്രസ്ഥാനങ്ങളോടുള്ള വെല്ലുവിളി: കാനം രാജേന്ദ്രന്‍

കാസര്‍കോട്: പങ്കാളിത്ത പെന്‍ഷനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമായി ചര്‍ച്ചക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെതിരായ ധിക്കാര സമീപനമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നുമണിക്കുശേഷം താന്‍ ഫ്രീയാണെന്നും ആര്‍ക്കും വന്ന് കാണാമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ മര്യാദയല്ല. ജനാധിപത്യത്തില്‍ ഒരു ഭരണാധികാരിക്കും ഇത് ഭൂഷണമല്ല. പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണ്. പുത്തന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയതോടെ നിയമനിര്‍മാണം കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനായി. ഇതിനെതിരെ പോരാടാന്‍ തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം വര്‍ഗരാഷ്ട്രീയത്തിനായി മുന്നേറണം- കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംഘടന കരുത്താര്‍ജിച്ചു

കാസര്‍കോട്: തൃശൂരില്‍ ചേര്‍ന്ന പതിനൊന്നാം സംസ്ഥാന സമ്മേളനത്തിനുശേഷം സിഐടിയു സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജിച്ചതായി പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. 1,14,589 പേര്‍ പുതുതായി സംഘടനയില്‍ അംഗങ്ങളായതായി സമ്മേളന നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എളമരം കരിം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2009ല്‍ 13,36,581 ആയിരുന്ന അംഗസംഖ്യ 14,51,170 ആയി വര്‍ധിച്ചു. അഫിലിയേറ്റ്ചെയ്ത അംഗസംഘടനകളുടെ എണ്ണം 833ല്‍ നിന്ന് 836 ആയി ഉയര്‍ന്നു. ഓഡിറ്റിങ്ങിന് വിധേയമാക്കിയ 2011 ഡിസംബര്‍ 31വരെയുള്ള കണക്കാണിത്. 2012 ജനുവരി മുതലുള്ള കണക്കുകൂടി ഉള്‍പ്പെടുത്തിയാല്‍ അംഗങ്ങളുടെ എണ്ണം 15 ലക്ഷത്തിലെത്തും.

വനിതാ അംഗങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. 2009ല്‍ 4,31,858 ആയിരുന്നത് 5,53,026 ആയി ഉയര്‍ന്നു. വനിതകള്‍ക്ക് സംഘടനയില്‍ കൂടുതല്‍ പദവികള്‍ നല്‍കും. ഇതര തൊഴിലാളി സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സമ്മേളനം ആസൂത്രണംചെയ്യും. ഫെബ്രുവരി 20, 21 തിയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ ഐഎന്‍ടിയുസിയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന കാലഘട്ടമെന്ന നിലയില്‍ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്.

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെ കണ്ണൂരില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളും സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് എളമരം കരിം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 130113

ഏഴാമതും ഇടതുപക്ഷത്തെ തെരഞ്ഞെടുക്കാന്‍ ത്രിപുര


ത്രിപുരയില്‍ ഏഴാംവട്ടവും ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ജനമൊരുങ്ങി. ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി സജ്ജമായി. ഇടതുമുന്നണിയുടെയും സിപിഐ എം വര്‍ഗബഹുജന സംഘടനകളുടെയും വന്‍ റാലികള്‍ ഡിസംബറില്‍ ത്രിപുരയില്‍ നടന്നു. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നിട്ടില്ല.

1978ലാണ് ത്രിപുരയില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ജനതയുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് 1988ല്‍ കോണ്‍ഗ്രസ്-ടിയുജെഎസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വാഴിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ത്രിപുര ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലാം ഇടതു സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ത്രിപുര ഭരിക്കുന്നത്. 1988ലെപ്പോലെ തീവ്രവാദ ആദിവാസി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുമുന്നണിയെ തോല്‍പ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഐഎന്‍പിടി (ഇന്‍ഡജീനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര) എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. ഈ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ നിരോധിക്കപ്പെട്ട നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയും രംഗത്തെത്തി. ഇവരുടെ രഹസ്യയോഗം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടന്നിരുന്നു. കോണ്‍ഗ്രസ് കൈകോര്‍ത്ത ആദിവാസി സംഘടനകള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ല. എന്നാല്‍, ആദിവാസികള്‍ക്കിടയില്‍ വിഘടനവാദത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തി ത്രിപുരയെ വീണ്ടും ചോരക്കളമാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ഇടതുമുന്നണി പ്രഖ്യാപിച്ച 59 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. ആരോഗ്യകാരണങ്ങളാല്‍ മൂന്ന് മുന്‍ മന്ത്രിമാരാടക്കമുള്ള ഏഴ് എംഎല്‍എമാര്‍ ഇക്കുറി മത്സരിക്കുന്നില്ല.

സിപിഐ എം 55 സീറ്റിലാണ് മത്സരിക്കുന്നത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതം. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്ലിസ്പുരിലും അഘോര്‍ ദേബ്ബ്രഹ്മ ആശാറാംഭരിയിലും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നീതിയില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ അഗര്‍ത്തലയിലെ കോണ്‍ഗ്രസ് ഭവന്‍ ഉപരോധിച്ചു. മൂന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കുക, ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിസിസി പ്രസിഡന്റ് സുധീപ്റോയ് ബര്‍മന്റെ എതിര്‍വിഭാഗം പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടിയിട്ടു. 2008ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം (92) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 സീറ്റില്‍ 49 എണ്ണം ഇടതുമുന്നണി നേടി.

2003ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാജ്യത്ത് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരായ ജനരോഷത്തെ ശക്തിപ്പെടുത്തുന്നതാകും ത്രിപുരയിലെ ജനവിധിയെന്ന് ഇടതുമുന്നണി വ്യക്തമാക്കുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ച "പരിബൊര്‍തന്‍" ആണ് ഇടതുമുന്നണിക്കെതിരെ ത്രിപുരയിലും കോണ്‍ഗ്രസിന് ആയുധം. പക്ഷേ, ഏതു വിധേനയും ഇടതുസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് സ്വന്തം പാളയത്തില്‍പ്പോലും ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 1988ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്-ടിയുജെഎസ് സര്‍ക്കാരിന്റെ ഭീകരവാഴ്ച ഓര്‍മയുള്ള ജനത അത്തരമൊരു സംവിധാനം മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുമില്ല.
(വി ജയിന്‍)


മണിക് സര്‍ക്കാര്‍ വീണ്ടും മത്സരിക്കും

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും 12 മന്ത്രിസഭാംഗങ്ങളും വീണ്ടും മത്സരിക്കും. അറുപതംഗ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പട്ടിക കണ്‍വീനര്‍ ഖഗന്‍ദാസും സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജന്‍ധറും വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചു. സിപിഐ എം 55 സീറ്റിലും ആര്‍എസ്പിയും സിപിഐയും രണ്ടു സീറ്റില്‍ വീതവും ഫോര്‍വേഡ് ബ്ലോക് ഒരു സീറ്റിലും മത്സരിക്കും. സ്ഥാനാര്‍ഥികളില്‍ അഞ്ച് വനിതകളുമുണ്ട്. 59 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സിപിഐയുടെ ഒരു സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.


deshabhimani 130113

ഹ്രസ്വദൂര നിരക്ക് ഇരട്ടിയിലേറെ കൂട്ടി


റെയില്‍വേ യാത്രാനിരക്ക് വര്‍ധന പ്രഖ്യാപിച്ചതിലും വളരെ അധികമാണെന്ന് ആദ്യ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹ്രസ്വദൂര യാത്രയ്ക്ക് നിരക്ക് ഇരട്ടിയിലേറെയാക്കി. എ സി ക്ലാസുകളില്‍ നിലവിലെ നിരക്കുകളുടെ ഇരട്ടിയിലേറെയാണ് വര്‍ധിപ്പിച്ച നിരക്ക്. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കൂട്ടിയാണ് ഹ്രസ്വദൂര യാത്രക്കാരെ കൊള്ളയടിക്കുന്നത്. മുഴുവന്‍ ക്ലാസുകളിലും ഇരുപത് ശതമാനം നിരക്കുവര്‍ധനയെന്ന് വ്യാഖ്യാനിച്ച റെയില്‍വേയാണ് ആദ്യം പുറത്തുവിട്ട കണക്കുകളില്‍തന്നെ വര്‍ധന ഇരട്ടിയിലേറെയാണെന്ന് വ്യക്തമാക്കുന്നത്.

മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസുകളിലെയും എല്ലാ ട്രെയിനുകളിലെയും എസി ത്രീ ടയറുകളിലെയും മിനിമം നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാകും. മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് കുറഞ്ഞ നിരക്ക് നിലവില്‍ 12 രൂപയാണ്. അത് 25 രൂപയാകും. ഈ നിരക്കില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം. എസി ത്രീ ടയറിലെ മിനിമം നിരക്ക് ഇപ്പോള്‍ 155 രൂപയുള്ളത് 380 രൂപയാകും. നേരത്തെ മിനിമം യാത്രാ ദൂരം 100 കിലോമീറ്ററായിരുന്നത് 300 കിലോമീറ്ററാക്കിയാണ് യാത്രക്കാരെ റെയില്‍വേ പിഴിയുന്നത്. എസി ചെയര്‍കാറില്‍ മിനിമം നിരക്ക് 120 രൂപയായിരുന്നത് 175 രൂപയാക്കി. 120ല്‍നിന്ന് കുറഞ്ഞ ദൂരം 150 കിലോമീറ്ററാക്കി.

സെക്കന്‍ഡ് ക്ലാസ് സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കി. വര്‍ധിപ്പിച്ച നിരക്കുകള്‍ ഏകീകരിക്കുമ്പോഴും യാത്രക്കാര്‍ക്ക് നഷ്ടം മാത്രം. ഒരു രൂപയില്‍ അവസാനിക്കുന്ന നിരക്കുകളില്‍ ഒരു രൂപ റെയില്‍വേ വേണ്ടന്നുവയ്ക്കും. 11 രൂപയാണെങ്കില്‍ ഒരു രൂപ വേണ്ടന്നുവയ്ക്കും. ആറു രൂപയാണ് നിരക്കെങ്കില്‍ അഞ്ചുരൂപയാക്കും. എന്നാല്‍ 2, 3, 4 രൂപയാണെങ്കില്‍ അഞ്ചും 7, 8, 9 രൂപയാണെങ്കില്‍ 10 രൂപയും ഈടാക്കും. ഈ ഇനത്തില്‍ റെയില്‍വേയ്ക്ക് ഒരു രൂപ നഷ്ടപ്പെടുമ്പോള്‍ യാത്രക്കാര്‍ക്ക് മൂന്നുരൂപ നഷ്ടമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ