ചാണകവെള്ളം, നായ്ക്കുരണപ്പൊടി മനോരമവക
അധികാരത്തിന്റെ മത്ത് പിടിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും വെല്ലുവിളിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കടുത്ത അധിക്ഷേപവുമായി രംഗത്ത്. പണിമുടക്ക് നേരിടാന്‍ പൊലീസിനെയും ഗുണ്ടാസംഘങ്ങളെയും കയറൂരിവിട്ട യുഡിഎഫ് സര്‍ക്കാരിന് ജീവനക്കാരുടെ സംഘടിതശക്തിയെ തരിമ്പും ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആഭ്യന്തരമന്ത്രിക്ക് ജീവനക്കാരും അധ്യാപകരും വെറും "ഈച്ച"കള്‍മാത്രം. അധിക്ഷേപവും വെല്ലുവിളിയുമായി യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ നേരിടുമ്പോള്‍ ചാണകവെള്ളം, നായ്ക്കുരണപ്പൊടി, ചീമുട്ട, കരിഓയില്‍ തുടങ്ങിയവയുമായി "മലയാള മനോരമ"യും സജീവമാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് എല്ലാ എതിര്‍പ്പും തള്ളി മുന്നേറുന്നത് മലയാള മനോരമയുടെ സമനില തെറ്റിച്ചിരിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തമാണ് ഏതാനും ദിവസമായുള്ള പത്രത്തിന്റെ പ്രകടനം. ഒന്നാംപേജുമുതല്‍ എല്ലായിടത്തും മനോരമ നിറയെ ചാണകവെള്ളവും കരിഓയിലും ചീമുട്ടയും നായ്ക്കുരണപ്പൊടിയുമേ ഉള്ളൂ. മനോരമയില്‍ സഭ്യതയുടെ എല്ലാ അതിരും വിട്ടാണ് സമരത്തിനെതിരെ മനോരമയുടെ ഉറഞ്ഞുതുള്ളല്‍. സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ചാണകവും നായ്ക്കുരണപ്പൊടിയും വിതറിയും ചീമുട്ടയെറിഞ്ഞും മനോരമ യുഡിഎഫ് സര്‍ക്കാരിന് ഒത്താശചെയ്യുന്നു.
തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മനോരമയുടെ നായ്ക്കുരണപ്പൊടിച്ചൊറിച്ചിലിന് ഒറ്റ ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. അവിടെ ക്ലാസുകളില്‍ സമരക്കാര്‍ നായ്ക്കുരണപ്പൊടി വിതറിയെന്നും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ചൊറിച്ചിലെന്നുമാണ് മനോരമ പ്രചരിപ്പിച്ചത്. ഒരു വിദ്യാര്‍ഥിയുടെ ടിസി കിട്ടാത്ത ദേഷ്യത്തില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഇത് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, സമരരംഗത്തുള്ളവരെയാണ് മനോരമ പ്രതിക്കൂട്ടിലാക്കിയത്. സമരവുമായി ഈ സംഭവത്തിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. പണിമുടക്കില്‍ പങ്കെടുക്കുന്നവരില്‍ വലിയ വിഭാഗം ഈ പത്രത്തിന്റെ സ്ഥിരം വരിക്കാരാണ്. പണം കൊടുത്ത് പത്രം വാങ്ങുന്നവരെത്തന്നെയാണ് മനോരമ അപമാനിക്കുന്നത്.
പൊലീസിനെയും കെഎസ്യു വേഷം കെട്ടിയ ഗുണ്ടാസംഘങ്ങളെയും ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ചിട്ടും ജീവനക്കാരുടെ സമരവീര്യം തകര്‍ക്കാനായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയുടെ ഭാഷ മാത്രമേ കൈവശമുള്ളൂ. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്നതു മറന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. "ചര്‍ച്ചയില്ല", "ലീവെടുത്തവര്‍ തിരിച്ചുവരേണ്ടിവരില്ല" തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ സംഘടിതപ്രസ്ഥാനങ്ങളെ വിരട്ടിനിര്‍ത്താമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കുന്നു. മിനിമം പെന്‍ഷന്‍ കിട്ടുമോ, പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നത് ഏത് സ്ഥാപനത്തില്‍, പണം തിരികെ കിട്ടുമെന്ന് എന്താണുറപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഉത്തരംമുട്ടിയ മുഖ്യമന്ത്രി ചര്‍ച്ച നടത്തി ഇനിയും അവഹേളിതനാകാന്‍ താനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഭീഷണിയുടെ പാതയിലാണെങ്കില്‍ ആഭ്യന്തരമന്ത്രി ജീവനക്കാരെയും അധ്യാപകരെയും അപമാനിക്കുന്നു. അദ്ദേഹത്തിന് അവര്‍ ഈച്ചകളാണ്.ഈച്ചകളെ വെടിവയ്ക്കാറില്ലെന്ന "ഫലിത"മാണ് ആഭ്യന്തരമന്ത്രി കോട്ടയത്ത് എഴുന്നെള്ളിച്ചത്.
പണിമുടക്കിന് വലിയ ജനപിന്തുണ കിട്ടുന്നത് സര്‍ക്കാരിനെയും മനോരമ അടക്കമുള്ള യുഡിഎഫ് അനുകൂല മാധ്യമങ്ങളെയും പ്രകോപിപ്പിക്കുന്നു. ഹര്‍ത്താലുകളില്‍ പ്രസവത്തിന്റെ കണക്കെടുപ്പാണ് മനോരമയ്ക്ക് പ്രിയം. പണിമുടക്ക് തുടങ്ങിയശേഷമാകട്ടെ ചാണകവും നായ്ക്കുരണയുമൊക്കെയാണ് പഥ്യം. സമരത്തെ കരിവാരിത്തേക്കുകയും ജനങ്ങളില്‍ സമരവിരുദ്ധചിന്ത സൃഷ്ടിക്കുകയുമാണ് നാലുദിവസമായി തുടരുന്ന ദുഷ്പ്രചാരണത്തിന്റെ ലക്ഷ്യം. എന്നാല്‍, ഓരോ ദിവസവും സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ മനോരമ കെട്ടിപ്പൊക്കുന്ന നുണകള്‍ പൊളിയുകയാണ്. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ജയിലിലടച്ചതും സ്ത്രീകളെ പുരുഷ പൊലീസ് ക്രൂരമായി മര്‍ദിച്ചതും വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയതുമൊന്നും മനോരമയെ തെല്ലും അലട്ടിയിട്ടുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ