ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 13, ഞായറാഴ്‌ച

ആര്‍എംപി ഒരു ലൂയി ബ്ലാങ്ക് പതിപ്പ്


ആര്‍എംപി ഒരു ലൂയി ബ്ലാങ്ക് പതിപ്പ്


ടി പി ചന്ദ്രശേഖരന്റെയും മറ്റും നേതൃത്വത്തില്‍ രൂപീകരിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി (ആര്‍എംപി)യെ വിപ്ലവപാര്‍ടിയായി ചിത്രീകരിക്കാന്‍ വലതുപക്ഷരാഷ്ട്രീയക്കാരും ശിങ്കിടി മാധ്യമങ്ങളും വല്ലാതെ ക്ലേശിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയ സഹായഗ്രൂപ്പായ ഇതിനെ വിപ്ലവപാര്‍ടിയെന്നു വിളിക്കുന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിന് നിരക്കുന്നതല്ല. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടുവെന്നതുകൊണ്ട് ഈ ഗ്രൂപ്പിന്റെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വ്യത്യാസം സംഭവിക്കുന്നില്ല. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റം സംഘടിപ്പിച്ച് ഭരണകൂടം പിടിച്ചെടുക്കുകയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ബഹുജന-തൊഴിലാളി വര്‍ഗ പാര്‍ടിയാണ് വിപ്ലവപാര്‍ടി. ആ ദിശയിലേക്കൊന്നും ഈ ഗ്രൂപ്പിനെ ആരും പരിഗണിക്കില്ല.

ഒഞ്ചിയത്ത് ഏരിയ കമ്മിറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതിനുപുറമെ, ആര്‍എംപിയുടെ മുന്‍കൈയില്‍ ഇടതുപക്ഷ ഏകോപനസമിതി മൂന്നുവര്‍ഷംമുമ്പ് പ്രവര്‍ത്തിച്ചുവരുന്നു. പാരീസ് കമ്യൂണിന്റെ കാലത്ത് കമ്യൂണിനെ ഒറ്റുകൊടുത്ത വഞ്ചകരുടെ കൂട്ടമായിരുന്നു ലൂയി ബ്ലാങ്കും പ്രഭൃതികളും. ഇവരുടെ വികൃതരൂപമാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ഒരു താലൂക്കിലുള്ള ഈ രാഷ്ട്രീയസംഘടന. ലൂയി ബ്ലാങ്കിന്റെയും കൂട്ടരുടെയും വഞ്ചനകാരണം 30,000 പാരീസ് പൗരന്മാരുടെ കഥകഴിക്കാന്‍ ശത്രുക്കള്‍ക്ക് അവസരമുണ്ടായി. ഇന്ന് അഭിനവ ലൂയി ബ്ലാങ്ക് സന്തതികളുടെ പിന്തുണയോടെ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഭരണകൂടഭീകരത നടപ്പാക്കാനുള്ള യജ്ഞത്തിലാണ്. സിപിഐ എമ്മുമായി അങ്കംകുറിച്ച് അകന്നവര്‍ തെറ്റുതിരുത്തി പാര്‍ടിയുമായി സഹകരിക്കുന്ന പ്രക്രിയ ശക്തിപ്പെട്ടതിന് മധ്യേയാണ്, ചന്ദ്രശേഖരന്റെ കൊലപാതകം. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു മുമ്പും ശേഷവും സിപിഐ എമ്മുമായി പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ആര്‍എംപി അകല്‍ച്ചയിലാണെന്ന് അവരുടെ നേതാക്കള്‍ ആവര്‍ത്തിച്ചു വിശദീകരിക്കുന്നുണ്ട്.

ആര്‍എംപിയുടെയും ഏകോപനസമിതിയുടെയും രൂപീകരണസ്വഭാവമെന്തെന്ന് ഏകോപനസമിതിയുടെ സംസ്ഥാനപ്രസിഡന്റ് വിശദീകരിക്കുന്നതിങ്ങനെയാണ്: ""സിപിഐ എമ്മിന്റെ കോട്ടയം സംസ്ഥാനസമ്മേളനത്തിനുശേഷം പുറത്താക്കപ്പെട്ടവരും അതിനുമുമ്പ് മലപ്പുറം സംസ്ഥാനസമ്മേളനത്തിനു പിന്നാലെ വെട്ടിനിരത്തപ്പെട്ടവരും യോജിച്ച് രൂപംനല്‍കിയ സംഘടനയാണിത്"". സിപിഐ എം വിരോധത്താല്‍ രൂപീകൃതമായ രാഷ്ട്രീയസംവിധാനമാണ് ആര്‍എംപിയും ഏകോപനസമിതിയും. ഏറാമല പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം മുന്നണിമര്യാദപ്രകാരം ജനതാദളിന് നല്‍കുന്നതിനുള്ള തീരുമാനത്തിനെതിരെ കലാപമുണ്ടാക്കി പാര്‍ടിയെ വെല്ലുവിളിച്ചവര്‍ നേതൃത്വം നല്‍കി രൂപീകരിച്ച ആര്‍എംപിക്ക് ആദ്യം പ്രത്യയശാസ്ത്രപ്രശ്നമോ ആശയപരമായ അഭിപ്രായവ്യത്യാസമോ പാര്‍ടിയുമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ആദര്‍ശപരിവേഷം നല്‍കാന്‍ പിന്നീട് പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്തത സ്ഥാപിക്കുകയായിരുന്നു. ഇവരുടെ മുഖ്യലക്ഷ്യമാകട്ടെ, സിപിഐ എമ്മിനെ കഴിയുന്നത്ര തകര്‍ക്കുക എന്നതായി. സിപിഐ എമ്മില്‍ തിരിച്ചെത്തുന്നതിന് ചന്ദ്രശേഖരനും കൂട്ടരും ഉദ്ദേശിച്ചിരുന്നില്ലെന്നും ആ വിധം ചര്‍ച്ച നടന്നിരുന്നതിനെപ്പറ്റി തനിക്കറിയില്ലെന്നുമാണ് ചന്ദ്രശേഖരന്റെ വിധവ കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. പ്രത്യയശാസ്ത്രഭിന്നത അടച്ചിട്ട മുറിയിലെ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്താണ് ഇത്ര വലിയ പ്രത്യയശാസ്ത്രഭിന്നത? ആര്‍എംപിക്ക് സിപിഐ എമ്മുമായി യോജിക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര അകലമുണ്ടെന്ന് ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോഴും അതിനുശേഷവും ഏകോപനസമിതിയുടെ പ്രസിഡന്റ് തന്റെ ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ: ""1964ലെ പാര്‍ടിപരിപാടി 2000-ാമാണ്ടില്‍ തിരുവനന്തപുരത്തുചേര്‍ന്ന പ്ലീനത്തില്‍വെച്ച് ഭേദഗതി ചെയ്തതോടെ, വിപ്ലവപാര്‍ടി എന്ന നിലയില്‍നിന്ന് സിപിഐ എം പിന്മാറി.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തില്‍വരാന്‍ കഴിയുംവിധം പാര്‍ടി പരിപാടി പരിഷ്കരിച്ച സിപിഐ എമ്മിനകത്ത് ഉയര്‍ന്നുവന്ന ആശയസമരത്തിന്റെ ഉല്‍പ്പന്നമാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി."" അതായത്, ആര്‍എംപിക്കാര്‍ സ്ഥാപിക്കാന്‍ നോക്കുന്നത്, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, പ്രകാശ് കാരാട്ട് എന്നിവര്‍ വിപ്ലവത്തെ വഞ്ചിച്ചു എന്നാണ്. അതാണ് ആര്‍എംപിയുടെ സ്ഥാപനകാരണം എന്നാണ്. ഇക്കാര്യം ചില ലേഖനങ്ങളിലൂടെ ഇക്കൂട്ടര്‍ വിവരിച്ചിട്ടുണ്ട്. സിപിഐ എം പ്രത്യേക സമ്മേളനം തിരുവനന്തപുരത്ത് 2000 ഒക്ടോബറില്‍ ചേര്‍ന്ന് പാര്‍ടി പരിപാടി പുതുക്കിയതിനാണ് സുര്‍ജിത് മുതല്‍ കാരാട്ട് വരെയുള്ളവരും അവര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കിയ പാര്‍ടിയെയും വിപ്ലവവിരുദ്ധ ഗണത്തിലാക്കിയിരിക്കുന്നത്. പാര്‍ടി പരിപാടി കാലോചിതമാക്കാന്‍ തീരുമാനിച്ചത് 1992ലെ 14-ാം പാര്‍ടികോണ്‍ഗ്രസിലാണ്. മുതലാളിത്തത്തിന്റെ തകര്‍ച്ച വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയും സോഷ്യലിസം അനുസ്യൂതം പുരോഗതിയിലേക്കും സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങള്‍ അനുദിനം ശക്തിപ്പെടുന്നതുമായ സാഹചര്യത്തിലാണ് 1964ല്‍ പാര്‍ടി പരിപാടി രൂപപ്പെടുത്തിയത്. എന്നാല്‍, മാറിയ സാര്‍വദേശീയ- ദേശീയ പരിതസ്ഥിതികള്‍കൂടി കണക്കിലെടുത്താണ് പാര്‍ടി പരിപാടിയില്‍ കാലോചിതമാറ്റം വരുത്താന്‍ ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ത്തന്നെ തീരുമാനിച്ചത്. പാര്‍ടിപരിപാടി കാലോചിതമാക്കിയത് വിപ്ലവവിരുദ്ധമാണെന്ന് ആര്‍എംപിയും ഇടതുപക്ഷ ഏകോപനസമിതിയും വിലയിരുത്തുമ്പോള്‍, അവര്‍ നിരാകരിക്കുന്നത് ഇ എം എസ്, നായനാര്‍ ഉള്‍പ്പെടെയുള്ള മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളെയാണ്. ആര്‍എംപിയെ സിപിഐയില്‍ ലയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് സിപിഐക്കാര്‍ കാണുന്നുണ്ടോ എന്നറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചുനില്‍ക്കാതെ സിപിഐയില്‍ ലയിക്കാന്‍ അഭ്യര്‍ഥിച്ച ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നത് സിപിഐയില്‍ ചേരുന്നത് വിപ്ലവകരമാണെന്നു കരുതാനുള്ള മൗഢ്യം തങ്ങള്‍ക്കില്ലെന്നാണ്. സിപിഐയില്‍ ചേരുകയെന്നാല്‍ വലത്തോട്ടുള്ളപോക്കാണെന്നാണ്. പക്ഷേ, ഇക്കൂട്ടര്‍ക്കുതന്നെ മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മന്‍ചാണ്ടിയെയും രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നതില്‍ കുറ്റബോധമില്ല, അസാധാരണ വിപ്ലവാവേശമുണ്ട്.

എന്നിട്ട് ഇവര്‍ പ്രഖ്യാപിക്കുന്നത്, ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് ബദലാണ് എന്നതാണ്. ഈ കമ്യൂണിസ്റ്റ് ബദലിന്റെ മനസ്സിലിരിപ്പെന്തെന്ന് ഏകോപനസമിതിക്കാര്‍ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച "കമ്യൂണിസ്റ്റ് സംഗമം" എന്ന് പേരിട്ട് നടത്തിയ യോഗം ബോധ്യപ്പെടുത്തി. മഹാനായ എ കെ ജിയുടെ സ്മരണതുടിക്കുന്നതും ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള മണ്‍മറഞ്ഞ നേതാക്കളുടെ അടക്കം മുന്‍കൈയില്‍ സ്ഥാപിച്ചതുമായ തിരുവനന്തപുരത്തെ എ കെ ജി സെന്റര്‍ കടപുഴക്കാനുള്ള ആഗ്രഹമാണ് ആ യോഗത്തില്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യവോട്ട് നല്‍കി യുഡിഎഫിന്റെ വാലായി മാറിയ "കേമന്‍"തന്നെ സംഗമം ഉദ്ഘാടനംചെയ്തത് അര്‍ഥവത്തായി. ഇതിന് കമ്യൂണിസ്റ്റ് വിരുദ്ധസംഗമം എന്നോ കോണ്‍ഗ്രസ് സേവാസംഗമം എന്നോ നാമകരണം ചെയ്തിരുന്നെങ്കില്‍ ഉചിതമായേനെ.

കമ്യൂണിസ്റ്റുകാരെ ആറടിമണ്ണില്‍ കുഴിച്ചുമൂടുമെന്നും ഇനി നൂറുവര്‍ഷം അധികാരത്തില്‍വരില്ലെന്നും ശപിച്ച എ കെ ആന്റണി ജീവിച്ചിരിക്കേതന്നെ സിപിഐ എം നേതൃത്വത്തില്‍ മന്ത്രിസഭ വരികയും ഭരിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉപ്പുനോക്കാന്‍ ഒരു സീറ്റില്ലാതെ പോയതും ചരിത്രം. അതൊന്നും "കോണ്‍ഗ്രസ് സേവാസംഗമ"ക്കാര്‍ മറക്കണ്ട.

ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ രൂപീകരിച്ച നക്സല്‍ഗ്രൂപ്പുകളുടെ മറ്റൊരു വകഭേദമാണ് ആര്‍എംപി. ഈ നക്സല്‍ഗ്രൂപ്പുകളെ വിപ്ലവാഭാസക്കാര്‍ എന്നാണ് ഇ എം എസ് വിളിച്ചത്. എന്നിട്ടും നക്സല്‍ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കിയത് സിപിഐ എം ആണെന്ന് ഒരുവശത്ത് വിരുദ്ധരാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരോപിച്ചു. അതിലൂടെ അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയ്ക്കിടാന്‍ ശ്രമിച്ചു. മറുവശത്ത്, ഈ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ധീരരും വിപ്ലവകാരികളുമാണെന്ന് പറഞ്ഞുപരത്തി. അങ്ങനെ, സിപിഐ എമ്മിന് വിപ്ലവമില്ലെന്നു വരുത്താന്‍നോക്കി. ഇപ്പോഴാകട്ടെ, ചന്ദ്രശേഖരന്‍വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഈ കൊലപാതകവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്നും ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും പാര്‍ടി വ്യക്തമാക്കി. എന്നിട്ടും സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടി എന്ന് വരുത്താനാണ് നോട്ടം. ഇതിനൊപ്പം ആര്‍എംപിയിലാണ് യഥാര്‍ഥ വിപ്ലവകാരികളുള്ളതെന്നും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നു.

നക്സലുകള്‍ പാര്‍ലമെന്റിതര മാര്‍ഗത്തിലെ ഇടതുപക്ഷ തീവ്രവാദത്തിലായിരുന്നെങ്കില്‍ ആര്‍എംപിക്കാര്‍ പാര്‍ലമെന്ററി മാര്‍ഗത്തിലെ കടുത്ത അവസരവാദികളും റിവിഷനിസ്റ്റുകളുമാണ്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തെളിക്കുന്ന വഴിയിലൂടെ പായുന്ന ഭരണവര്‍ഗത്തിന്റെ കൈയിലെ കോടാലിക്കൈയായി ആര്‍എംപി മാറിയിരിക്കുന്നത്. വിപ്ലവാഭാസക്കാരാണ് നക്സലുകളെന്ന് ഇ എം എസും സിപിഐ എമ്മും വിശേഷിപ്പിച്ചെങ്കിലും മാര്‍ക്സിസ്റ്റ് വിരുദ്ധ സര്‍ക്കാരിന്റെ കാലത്ത് നക്സല്‍നേതാവ് വര്‍ഗീസിനെ പൊലീസ് വെടിവച്ച് കൊന്നപ്പോള്‍ അതില്‍ സിപിഐ എം ശക്തിയായി പ്രതിഷേധിച്ചു. അങ്ങനെ പ്രതിഷേധിച്ചപ്പോഴും വര്‍ഗീസിന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് പാര്‍ടി ഓര്‍മിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ലെനിന്‍ സ്വീകരിച്ച ശൈലിയാണ് സിപിഐ എം എന്നും പിന്തുടരുന്നത്. റഷ്യന്‍ ചക്രവര്‍ത്തി സാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അറസ്റ്റിലായ സ്വന്തം സഹോദരനെ സാര്‍ ഭരണം തൂക്കിലേറ്റിയപ്പോള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച ലെനിന്‍തന്നെ സഹോദരന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുമ്പോള്‍ത്തന്നെ ചന്ദ്രശേഖരന്റെയും അദ്ദേഹം നേതൃത്വം നല്‍കിയ ആര്‍എംപിയുടെയും പാത വിപ്ലവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ തെളിഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ