ബ്ലോഗ് ആര്‍ക്കൈവ്

2014 ജനുവരി 19, ഞായറാഴ്‌ച

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് രൂപംകൊണ്ട ആം ആദ്മി പാര്‍ടി (എഎപി), എഴുപതംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി സര്‍ക്കാര്‍ രൂപീകരിച്ചു. തലസ്ഥാന നഗരിയില്‍ പുതിയ പാര്‍ടിയുടെ ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച വലിയ ചര്‍ച്ചയ്ക്ക് വിഷയമായി. രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ ക്യാമ്പുകളില്‍ പുതിയ പാര്‍ടിയുടെ വളര്‍ച്ച സ്വാഗതം ചെയ്യപ്പെട്ടു.

ഒരു പുതിയ പാര്‍ടി ജനകീയപിന്തുണയോടെ പെട്ടെന്ന് അധികാരശ്രേണിയില്‍ എത്തുന്നത് ഇതാദ്യമല്ല. ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ടി 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിക്കുന്ന വിജയം നേടി. 1980കളിലുണ്ടായ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) പ്രസ്ഥാനത്തിലൂടെ അസം ഗണ പരിക്ഷത്തും അധികാരമേറി. ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഈ രാഷ്ട്രീയകക്ഷികള്‍ ഇന്നും നിലനില്‍ക്കുന്നു.

എഎപിയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. വ്യക്തമായ ശൃംഖല തീര്‍ത്ത് മധ്യവര്‍ഗത്തില്‍നിന്ന് പിന്തുണ നേടിയ എഎപി പിന്നീട് നഗരത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചു. അഞ്ച് ദശാബ്ദമായി കോണ്‍ഗ്രസും ബിജെപിയുമായുള്ള ഇരുകക്ഷി രാഷ്ട്രീയം തുടരുന്ന ഡല്‍ഹിയിലാണ് ഇവരുടെ വിജയം. 2011ലെ അഴിമതിവിരുദ്ധ സമരത്തില്‍നിന്നാണ് എഎപിയുടെ ജനനം. ആ സമയത്ത് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജനലോക്പാല്‍ബില്ലിനു വേണ്ടിയുള്ള പ്രസ്ഥാനത്തിന് മധ്യവര്‍ഗത്തിന്റെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചു. പ്രത്യേകിച്ചും ഡല്‍ഹിയിലെ യുവാക്കളില്‍നിന്ന്. അഴിമതിവിരുദ്ധതയില്‍ മാത്രം ഊന്നിയുള്ള ഈ പ്രസ്ഥാനത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുക അസാധ്യമാണ്. എന്നാല്‍, അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോയി. സ്വാഭാവികമായും വളന്റിയര്‍മാരെ ആകര്‍ഷിക്കാനും ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനും എഎപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള എഎപിയുടെ വിജയം ഗുണപരമാണ്. സാധാരണ നിലയില്‍ അരാഷ്ട്രീയമായ മധ്യവര്‍ഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി യുവാക്കളെ രാഷ്ട്രീയത്തിലേക്കും ആദര്‍ശവാദത്തിലേക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് നേട്ടം തന്നെ. എഎപി സര്‍ക്കാരില്‍നിന്ന് വന്‍ പ്രതീക്ഷകളാണ് ജനങ്ങള്‍ക്കുള്ളത്. ഡല്‍ഹിക്കാകട്ടെ സമ്പൂര്‍ണ സംസ്ഥാനപദവി ലഭിച്ചിട്ടുമില്ല.

അതേസമയം കോണ്‍ഗ്രസും ബിജെപിയും സാധാരണ രാഷ്ട്രീയ ചട്ടക്കൂടിന് പുറത്തുള്ള രാഷ്ട്രീയവെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. എഎപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങളുടെ ചില പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വൈദ്യുതിവില 50 ശതമാനം വെട്ടിക്കുറയ്ക്കും, 700 ലിറ്റര്‍ വെള്ളം ദിനംപ്രതി ഒരു വീടിന് സൗജന്യമായി നല്‍കും, വികേന്ദ്രീകരണത്തിലൂടെ മൊഹല്ലസഭകള്‍ വഴി തീരുമാനങ്ങള്‍ കൈക്കൊള്ളും, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അഴിമതി പോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എഎപി പറയുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളെക്കുറിച്ച് എഎപി ഇതുവരെയും മിണ്ടിയിട്ടില്ല. ഉദാഹരണത്തിന് നഗരത്തില്‍ വൈദ്യുതിവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് വിതരണസംവിധാനം സ്വകാര്യവല്‍ക്കരിച്ചതുകൊണ്ടാണ്. ഉന്നത തലത്തിലുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി നവ ഉദാരനയത്തിന്റെ ഫലമാണ്. കരാര്‍ തൊഴിലും ഇതിന്റെ ഫലം തന്നെ. എന്നാല്‍, സമഗ്രമായ നയപരമായ വേദിയെന്തെന്ന് എഎപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവ ഉദാരനയത്തിനെതിരെ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍, ഈ വിഷയങ്ങളെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ഈ രാഷ്ട്രീയ പാര്‍ടിക്ക് ചുറ്റുമുള്ള സാമൂഹ്യ അടിത്തറയിലുണ്ടായ വൈരുധ്യം കൊണ്ടായിരിക്കാം ഇത്. "ഇടത്- വലത് തലമെന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ബുദ്ധിപരമല്ലെന്ന്” എഎപി നേതാവ് തന്നെ പറയുന്നിടംവരെ കാര്യങ്ങളെത്തി. മെച്ചപ്പെട്ട മാതൃക ലാറ്റിനമേരിക്കയില്‍നിന്ന് ഉയര്‍ന്നുവരികയാണെന്നും ഈ നേതാവ് പറഞ്ഞു. എന്നാല്‍, ലാറ്റിനമേരിക്കന്‍ മാതൃക പ്രത്യക്ഷത്തില്‍ത്തന്നെ നവ ഉദാരനയത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തിരുന്നുവെന്ന കാര്യം ഈ നേതാവ് ഓര്‍മിക്കണം.

എഎപി ബിജെപിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയുകയും കോണ്‍ഗ്രസിനെ എന്ന പോലെ ബിജെപിയുടെയും അഴിമതിയും തെറ്റായ നയങ്ങളും പുറത്തുകൊണ്ട്വരികയും ചെയ്തു. മധ്യവര്‍ഗത്തോടും യുവാക്കളോടും നരേന്ദ്രമോഡി നടത്തിയ അഭ്യര്‍ഥനയുടെ മൂര്‍ച്ച കുറയ്ക്കാന്‍ ഡല്‍ഹിയിലെ എഎപി പ്രചാരണം സഹായിച്ചു. എന്നിരുന്നാലും വര്‍ഗീയതയ്ക്കെതിരായ നിലപാടും ഹിന്ദുത്വവര്‍ഗീയ അജന്‍ഡയോടുള്ള എതിര്‍പ്പും എഎപിക്കുണ്ടായിരുന്നില്ല. വര്‍ഗീയതയ്ക്കെതിരെ വ്യക്തമായ നിലപാട് എടുക്കാതെ നിലവില്‍ എഎപിക്ക് ബദല്‍ശക്തിയായി തീരാന്‍ കഴിയുമോ? ഇപ്പോള്‍ എഎപി ദേശീയ പാര്‍ടിയാകാനും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന നയങ്ങളും പദ്ധതികളും അവര്‍ വ്യക്തമാക്കണം. എങ്കില്‍ മാത്രമേ പാര്‍ടിയുടെ സ്വഭാവവും ഏത് ദിശയിലേക്കാണ് പാര്‍ടി പോകുക എന്നതും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയൂ. നിലവില്‍ എഎപി ഭരണവിരുദ്ധ മുഖത്തോടെയാണ് മുന്നോട്ടുപോകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും ഇടതുപക്ഷ പാര്‍ടികളെ ഉള്‍പ്പെടെ ഒരേ ബ്രഷ്കൊണ്ട് താറടിക്കുന്നു. എഎപി അവര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന നന്മ, കളങ്കമില്ലാത്ത പ്രതിഛായയും അഴിമതിരാഹിത്യവും അധികാരത്തിന്റെ സൗജന്യങ്ങള്‍ സ്വീകരിക്കാത്തതും ജനങ്ങളില്‍നിന്ന് സംഭാവന വഴിയുള്ള ധനസമാഹരണവുമാണ്. ഇതെല്ലാം തുടക്കംമുതല്‍ കമ്യൂണിസ്്റ്റ് പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത രീതികളാണ്. ഉദാഹരണത്തിന് പാര്‍ടിയുടെ ധനസമാഹരണംതന്നെ. ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്ന ചെറിയ സംഭാവനകളും പാര്‍ടി അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവി (വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക)യുമാണ് പാര്‍ടിയുടെ വരുമാനസ്രോതസ്സ്. കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന ബക്കറ്റ് പിരിവ് വീക്ഷിച്ച ആര്‍ക്കും ഇക്കാര്യം അറിയാം. കേരളത്തിലുടനീളം സെപ്തംബറില്‍ രണ്ട് ദിവസമായി പാര്‍ടി ഫണ്ടിന് നടത്തിയ പിരിവില്‍ 5.43 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ഔദ്യോഗിക വസതികള്‍ സ്വീകരിക്കാതെ സാധാരണ വീടുകളില്‍ താമസിക്കുന്നതിനെ ഡല്‍ഹിയിലെ പൗരന്മാര്‍ സ്വാഗതം ചെയ്യുകയുണ്ടായി.

പൊതു പദവികള്‍ വഹിച്ച കമ്യൂണിസ്റ്റ് നേതാക്കളാണ് ഈ രീതിക്കും തുടക്കമിട്ടത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, നൃപന്‍ ചക്രവര്‍ത്തി എന്നിവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടി. പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിയായ വേളയിലും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും രണ്ട് കിടക്കമുറികളുള്ള ഫ്ളാറ്റിലായിരുന്നു താമസം. അഴിമതിക്കറ പുരളാത്ത നേതാവാണെന്ന പ്രതിഛായയാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുള്ളത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയപ്പെടുന്നതുതന്നെ രാജ്യത്തെ "ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായാണ"്. സ്വത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണിത്. ഡല്‍ഹിയില്‍ ലളിതജീവിതത്തിന്റെയും പുത്തന്‍ പൊതുസേവനത്തിന്റെയും മാതൃക സഷ്ടിക്കാന്‍ എഎപി സര്‍ക്കാര്‍ നടത്തുന്ന ശ്രമം നല്ലത് തന്നെ. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലായ്പോഴും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണെന്ന കാര്യം മറക്കരുത്. സര്‍ക്കാരുകള്‍ മാത്രമല്ല ഇടതുപക്ഷത്തിന്റെ എംപിമാരും നിയമസാമാജികരും ലളിതജീവിതം നയിക്കുന്നവരും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നവരുമാണ്.

എഎപിയുടെ രാഷ്ട്രീയേതരവും രാഷ്ട്രീയവിരുദ്ധവുമായ ഉദ്ഭവവും മധ്യവര്‍ഗ- എന്‍ജിഒ ബന്ധവുമാണ് ഭരണവര്‍ഗ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ എന്നും തൊഴിലാളിവര്‍ഗത്തെ പിന്തുണച്ചും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് ഇടതുപക്ഷ അജന്‍ഡ. അതോടൊപ്പം സാമൂഹ്യനീതിക്കും ജനാധിപത്യവല്‍ക്കരണത്തിനും അധികാരവികേന്ദ്രീകരണത്തിനും അനുകൂലമാണ് കമ്യൂണിസ്റ്റ് പാര്‍ടി. 1957ല്‍ കേരളത്തില്‍നിന്നാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരംഭം. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയും അധികാരവികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും അഴിമതിയില്ലാത്ത മന്ത്രാലയങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്തു.

ഇന്ന് രാജ്യത്ത് ഭരണവര്‍ഗത്തിന്റെ രണ്ട് കക്ഷികള്‍- കോണ്‍ഗ്രസും ബിജെപിയും- അന്തരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെയും വന്‍കിട ഇന്ത്യന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ചൂഷണം ശക്തമാക്കുകയും ചെയ്യുന്നു. ഇവരുയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരനയമാണ് ഉന്നതങ്ങളിലെ അഴിമതിയുടെ പ്രഭവകേന്ദ്രം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ രണ്ട് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ ചുരുക്കം പാര്‍ടികള്‍ക്ക് മാത്രമേ വ്യക്തമായ നയങ്ങളുള്ളൂ. അതുകൊണ്ട് തന്നെ എഎപി ഡല്‍ഹി തെരഞ്ഞെടുപ്പ് ജയം ഒരു വഴിത്തിരിവാണ്. ബദല്‍ നയങ്ങള്‍ വ്യക്തമാക്കി രാജ്യത്തെ സാധാരണ ജനങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന ഒരു പാര്‍ടി കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഇതനുസരിച്ചായിരിക്കും ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വഴിത്താര നിശ്ചയിക്കപ്പെടുക.

*
പ്രകാശ് കാരാട്ട്

പോപ്പ് ഫ്രാന്‍സിസും മുതലാളിത്തവും

പോപ്പ് ഫ്രാന്‍സിസും മുതലാളിത്തവും

ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അനീതിനിറഞ്ഞ സാമ്പത്തിക വ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് പോപ്പ് എഴുതിയ 84 പേജുള്ള ഒരു രേഖ, 2013 നവംബര്‍ 25ന് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യജീവന്റെ വില സംരക്ഷിക്കുന്നതിനുവേണ്ടി ""കൊല്ലരുത്"" എന്ന് ""കല്‍പന"" അനുശാസിക്കുന്നതുപോലെതന്നെ പാവങ്ങളെ ഒഴിവാക്കുകയും അസമത്വം വളര്‍ത്തുകയും ചെയ്യുന്ന ഒരു സമ്പദ്വ്യവസ്ഥ "പാടില്ല" എന്ന "കല്‍പന"യും ഉണ്ടാവണം എന്ന് ആ രേഖയില്‍ പറഞ്ഞിരിക്കുന്നു.

വിപണികളുടെ പരമമായ സ്വേച്ഛാധിപത്യത്തേയും ധനപരമായ ഊഹക്കച്ചവടത്തേയും തള്ളിക്കളഞ്ഞുകൊണ്ടും അസമത്വത്തിന് കാരണമായ ഘടനയെ ആക്രമിച്ചുകൊണ്ടും ദരിദ്രരുടെ പ്രശ്നങ്ങള്‍ മൗലികമായി പരിഹരിക്കാത്തിടത്തോളംകാലം ലോകത്തെസംബന്ധിച്ച പ്രശ്നത്തിന് ആ അര്‍ഥത്തില്‍ ഒരു പ്രശ്നത്തിനുപോലും, പരിഹാരം കാണാന്‍ കഴിയില്ല എന്നും ആ രേഖയില്‍ പറഞ്ഞിരിക്കുന്നു. അന്തസ്സുള്ള ജോലിയും വിദ്യാഭ്യാസ-ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന ആ ലഘുലേഖ, പണത്തെ വിഗ്രഹവല്‍ക്കരിക്കുന്ന വ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും ആ രേഖ, അങ്കലാപ്പിന് ഇടയാക്കിയതിലും പോപ്പ് മാര്‍ക്സിസ്റ്റ് ആയിക്കഴിഞ്ഞോ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതിലും, അത്ഭുതത്തിനവകാശമില്ലല്ലോ. പോപ്പ് ഫ്രാന്‍സിസ് മാര്‍ക്സിസ്റ്റ് ആയി മാറുകയാണെങ്കില്‍ അത് പത്രങ്ങളില്‍ ആശ്ചര്യകരമായ തലവാചകത്തിന് ഇടയാക്കുമെങ്കിലും പള്ളിയുടെ നേതാക്കന്മാര്‍ക്ക് അങ്ങനെ തോന്നാനിടയില്ല എന്നുവരെ ഹെലന്‍ഹോണ്‍ "അറ്റ്ലാന്റിക്കി"ല്‍ എഴുതുന്നു. കത്തോലിക്കാ പള്ളിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട വ്യതിയാനംതന്നെയാണ്. കാരണം ആധുനിക കാലഘട്ടത്തിലെ മഹാവിപത്താണ് മാര്‍ക്സിസം എന്നാണ് പോപ്പ് ഫ്രാന്‍സിസിന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിരുന്നത്.

ആഡംബരപൂര്‍ണമായ ജീവിതശൈലിയുടെപേരില്‍, വത്തിക്കാന്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്നു. ദരിദ്രരായ മഹാ ഭൂരിപക്ഷത്തെ സാമ്പത്തികമായി ഒഴിവാക്കിനിര്‍ത്തുന്ന കാര്യം ഊന്നിപ്പറയുന്ന ഫ്രാന്‍സിസിന്റെ പ്രഖ്യാപനം അതിന് വിരുദ്ധമാണെന്ന് മാത്രമല്ല, ഇങ്ങനെ ഒഴിവാക്കപ്പെടുന്നത് ഘടനാപരമായ കാരണത്താലാണ് എന്നും വ്യക്തമാക്കുന്നുണ്ട്. സമകാലിക മുതലാളിത്തത്തിന്റെ അവിഭാജ്യഘടകങ്ങളായ ""വിപണികളുടെ സേച്ഛാധിപത്യ""ത്തേയും ""ധനപരമായ ഊഹക്കച്ചവടത്തേ""യും കുറിച്ച് അദ്ദേഹം പ്രത്യേകിച്ചും സൂചിപ്പിക്കുന്നുമുണ്ട്. ദാരിദ്ര്യത്തെ സംബന്ധിച്ച് ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ആശങ്കയുയര്‍ന്നുവരുന്നത് സാധാരണമല്ലെങ്കിലും അത് വിഷമകരമൊന്നുമല്ല. എന്നാല്‍ ദാരിദ്ര്യത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ഗവണ്‍മെന്റുകളോട് ഉപദേശിക്കുന്നതോടുകൂടി അത്തരം ഉല്‍ക്കണ്ഠകള്‍ അവസാനിക്കാറാണ് പതിവ്. ഇത്തരം പ്രശ്നങ്ങളില്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധചെലുത്തുകയാണെങ്കില്‍. അലസതയും അഴിമതിയും ഇല്ലാതാക്കുകയാണെങ്കില്‍, ദാരിദ്ര്യം ഇല്ലാതാക്കാന്‍ അവയ്ക്ക് കഴിയും എന്നതാണ് അതിനുപിന്നിലുള്ള അനുമാനം. എന്നാല്‍ പോപ്പിന്റെ കുറിപ്പ്, അതിനുമപ്പുറം പോകുന്നുവെന്നതാണ് ശ്രദ്ധേയം. സ്വതന്ത്ര വിപണിയേയും ധനപരമായ ഊഹക്കച്ചവടത്തേയും വിമര്‍ശിക്കുന്നതുവഴി അദ്ദേഹം, ദാരിദ്ര്യം എന്ന യാഥാര്‍തഥ്യത്തിനുമുന്നില്‍ ഭരണകൂടം കണ്‍തുറന്നാല്‍ മാത്രം പോര, മറിച്ച് സാമ്പത്തികവാഴ്ചയില്‍ത്തന്നെ ഒരു മാറ്റം വരുത്തണം എന്ന ആവശ്യകത മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

ശ്രദ്ധേയമായ സംഭവവികാസം 

ഇടതുപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. എന്നാല്‍ മുതലാളിത്തത്തെത്തന്നെ മറികടക്കാതെ, സമകാലീന മുതലാളിത്തത്തിന്റെ അവശ്യ സ്വഭാവ സവിശേഷതകളെ മറികടക്കാന്‍ കഴിയില്ല എന്ന അഭിപ്രായമാണ് ഇടതുപക്ഷത്തിനുള്ളത്. അന്തര്‍ലീനമായ സ്വന്തം പ്രവണതകളുടെ ഭാരത്തിന്‍കീഴില്‍ സ്വയം ചാലകശേഷിയുള്ള മുതലാളിത്തം, ഇന്നത്തെ കാലഘട്ടത്തിലെ സവിശേഷതകളോടുകൂടിയ മുതലാളിത്തത്തിലേക്ക് വളര്‍ന്നുവരികയാണുണ്ടായത്. ധനപരമായ ഊഹക്കച്ചവടം സമകാലീന മുതലാളിത്തത്തിന്റെ സവിശേഷതയാണ്; അത് പുറമേനിന്ന് ഉണ്ടായതല്ല; അത് മുതലാളിത്തത്തിന്റെ സഹജമായ അന്തഃസത്തതന്നെയാണ്. മുതലാളിത്തത്തിന്റെ അനിവാര്യ സവിശേഷതയായ ഇതിനെ ഒഴിവാക്കുന്നതിനുള്ള ഏതു ശ്രമത്തേയും മുതലാളിത്തം ശക്തിയായി ചെറുക്കുകതന്നെ ചെയ്യും. അതിനാല്‍ അതിനെ ഇല്ലാതാക്കണമെങ്കില്‍ സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനംതന്നെ സംഭവിക്കണം. മുതലാളിത്തത്തെ മറികടക്കുന്നതിനെപ്പറ്റി പോപ്പ് ഫ്രാന്‍സിസ് പറയുന്നില്ലെങ്കിലും, മുതലാളിത്തത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം (സമകാലീന ലോകത്തിലെ അതിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിമര്‍ശനമെങ്കിലും) ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തോട്, പ്രകടമായിത്തന്നെ സമാനമായി തീരുന്നുണ്ട്. ഇതൊരു പ്രധാനപ്പെട്ട സംഭവവികാസംതന്നെയാണ്.

മൂന്നാംലോകത്തില്‍നിന്നുള്ള ആദ്യത്തെ പോപ്പാണ് ഫ്രാന്‍സിസ് എന്നത് യാദൃച്ഛികമല്ല. അദ്ദേഹം അര്‍ജന്റീനക്കാരനാണ്; ""വിമോചന ദൈവശാസ്ത്ര""ത്തിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ച വന്‍കരയില്‍നിന്നാണ് അദ്ദേഹം വരുന്നത്. യൂറോപ്യന്‍ വംശജരായ പുരോഹിതന്മാര്‍ക്കായിരുന്നു ഇതുവരെ വത്തിക്കാനില്‍ മേധാവിത്വം; അവരില്‍നിന്നു മാത്രമാണ് പോപ്പുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മൂന്നാംലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന പുരോഹിതന്മാര്‍ വളര്‍ത്തിക്കൊണ്ടുവന്നതും, മരണാനന്തരമുള്ള മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം ഇഹലോകത്തില്‍ത്തന്നെ ദരിദ്രരുടെ നില മെച്ചപ്പെടുത്തുന്നതിനുവേണ്ടി പള്ളി എന്തെങ്കിലും ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നതുമായ ""വിമോചന ദൈവശാസ്ത്ര""ത്തോട് അവര്‍ക്ക് അസുഖകരമായ ബന്ധമാണ് ഉണ്ടായിരുന്നത്. മാര്‍ക്സിന്റെ പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട ലാറ്റിനമേരിക്കന്‍ പുരോഹിതരില്‍ പലര്‍ക്കും ലാറ്റിനമേരിക്കയിലെ സൈനിക സേച്ഛാധിപത്യ ഭരണങ്ങളുടെ അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവന്നിട്ടുണ്ട്; അത്തരം ഭരണങ്ങളോട് അവര്‍ ശത്രുതയിലായിരുന്നുതാനും. ചില പുരോഹിതന്മാരാകട്ടെ, ഗറില്ലാ സമരങ്ങളില്‍ പങ്കെടുക്കുകപോലുമുണ്ടായിട്ടുണ്ട്. അത്തരം പുരോഹിതന്മാരില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു, ഫാദര്‍ മിഗ്വല്‍ ബോക്മാന്‍ 1977 ഒക്ടോബറില്‍ നിക്കരാഗ്വയിലെ സാന്ദിനിസ്റ്റുകളോട് ചേര്‍ന്ന അദ്ദേഹം, 1979ല്‍ സാന്ദിനിസ്റ്റയുടെ വിജയത്തെതുടര്‍ന്ന് ഡാനിയല്‍ ഒര്‍ട്ടേഗയുടെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിത്തീരുകയും ചെയ്തു. ഒരു രാഷ്ട്രീയ പദവി സ്വീകരിച്ചതിന് 1980ല്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ കത്തോലിക്കാപള്ളിയില്‍നിന്ന് പുറത്താക്കി; എന്നാല്‍ അദ്ദേഹം നിക്കരാഗ്വായുടെ വിദേശകാര്യമന്ത്രിയായി 1990വരെ തുടര്‍ന്നു. 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടകാലത്ത്, അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ടായിരുന്നു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിന്‍കീഴില്‍, ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ ആഗോള സാമ്പത്തികക്രമം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമം വളരെ ശ്രദ്ധേയമായിരുന്നു. ഒരുപിടി സമ്പന്ന രാഷ്ട്രങ്ങളുടെ അധ്യക്ഷതയിലുള്ള (അവര്‍ ഏതാനും ചില രാഷ്ട്രങ്ങളെക്കൂടി ഒപ്പം ചേര്‍ത്ത് ജി-20 എന്ന സഖ്യംഉണ്ടാക്കി). നിലവിലുള്ള സാമ്പത്തിക ക്രമത്തിനുപകരം പുതിയ ക്രമത്തെ കൊണ്ടുവരുന്നതിനുള്ള ഈ പരിശ്രമം, സമ്പന്ന രാഷ്ട്രങ്ങളുടെ മേധാവിത്വത്തിനുനേര്‍ക്കുള്ള ഒരു വെല്ലുവിളിതന്നെയായിരുന്നു.

മറ്റൊരു പ്രമുഖവിമോചന ദൈവശാസ്ത്ര പ്രവര്‍ത്തകനായിരുന്നു പെറുവിലെ ഫാദര്‍ ഗുസ്താവോ ഗുട്ടിറെസ്. കടുത്ത ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്ന അദ്ദേഹം മാര്‍ക്സിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. ഇത്രനാളും വത്തിക്കാന്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ പോപ്പുമായി അദ്ദേഹം സെപ്തംബറില്‍ കൂടിക്കാഴ്ച നടത്തി. ""ഏറെക്കാലം അകറ്റിനിര്‍ത്തപ്പെട്ടിരുന്ന (യൂറോപ്പിലെങ്കിലും) വിമോചന ദൈവശാസ്ത്രത്തിന് ലാറ്റിനമേരിക്കന്‍ പോപ്പ് സ്ഥാനമേറ്റനിലയ്ക്ക് ഇനിയും നിഴലില്‍ കഴിയാന്‍ സാധ്യമല്ല"" എന്ന് സമര്‍ത്ഥിക്കുന്ന ഒരു ലേഖനം അദ്ദേഹം വത്തിക്കാന്‍ പത്രത്തില്‍ എഴുതിയതിനോടൊപ്പമാണ് ഈ കൂടിക്കാഴ്ച നടന്നത്. ഒരു ലാറ്റിനമേരിക്കന്‍ പുരോഹിതന്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ലാറ്റിനമേരിക്കയിലെ ചലനങ്ങള്‍ വത്തിക്കാനിലും എത്തിച്ചേര്‍ന്നിരിക്കുന്നു.

സമകാലീന മുതലാളിത്തത്തിന്‍കീഴിലെ (അതായത് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിന്റെ കാലഘട്ടത്തിലുള്ള മുതലാളിത്തം) യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമാണ് ഈ ചലനങ്ങളെല്ലാം. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ കോളണികള്‍ ഇല്ലാതായിക്കൊണ്ടിരുന്നു; തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിത്തം, കെയിന്‍സിന്റെ ഡിമാന്റ് മാനേജ്മെന്റ് നടപടികള്‍ സ്വീകരിച്ചു; അതിന്റെ ഫലമായി ഉയര്‍ന്ന ഉല്‍പാദന വളര്‍ച്ചയുണ്ടായി; തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിച്ചു; വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള യഥാര്‍ഥ വേതനവളര്‍ച്ചയും ഉണ്ടായി. അതിന്റെ ഫലമായി ദാരിദ്ര്യത്തെ സഹജമായി ജനിപ്പിക്കുന്ന വ്യവസ്ഥയല്ല മുതലാളിത്തം എന്നും ഇനി അഥവാ അസമത്വം വര്‍ധിക്കുന്നുവെങ്കില്‍ത്തന്നെ, ഗവണ്‍മെന്റിന്റെ ഇടപെടലിലൂടെ അത് ഇല്ലാതാക്കാന്‍ കഴിയും എന്നും കേവലമായ ദാരിദ്ര്യത്തില്‍ അത് വര്‍ദ്ധനയൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നുമുള്ള ധാരണയും ഉണ്ടായി. കൊളോണിയലിസത്തിന്റെ കാലഘട്ടത്തില്‍ മൂന്നാംലോക രാജ്യങ്ങളില്‍ എത്രയോ വര്‍ഷങ്ങളായി കടുത്ത ദാരിദ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന വസ്തുത, രണ്ടാംലോക യുദ്ധാനന്തരമുണ്ടായ, ""പരിഷ്കരിച്ച മുതലാളിത്ത""ത്തെ സംബന്ധിച്ച കോലാഹലത്തിനിടയില്‍ വിസ്മരിക്കപ്പെട്ടു. (ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രതിവര്‍ഷ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത ഏതാണ്ട് 200 കിലോഗ്രം ആയിരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്ന സന്ദര്‍ഭമായപ്പോഴേക്ക് 136 കിലോഗ്രാം ആയി കുറഞ്ഞിരുന്നു).

ധനമൂലധനം പിന്‍വാങ്ങിത്തുടങ്ങിയ അത്യസാധാരണമായ ഒരു കാലഘട്ടത്തിന്റെ ഉല്‍പന്നമായിരുന്ന ആ കാലഘട്ടം; കിഴുക്കാംതൂക്കായ ഒരു മാര്‍ഗത്തിന്റെ ഒത്തമുകളില്‍ ഇരിക്കുന്ന അവസ്ഥ; ആഗോള സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടായേക്കുമോ എന്ന ഭീഷണി ലോകത്തെയാകെ വിഴുങ്ങിയ കാലഘട്ടം; അതിനാല്‍ മുതലാളിത്തത്തിന്റെ നിലനില്‍പിനുവേണ്ടി സൗജന്യങ്ങള്‍ നല്‍കിക്കൊണ്ടിരുന്നകാലം; മുതലാളിത്തത്തിന്റെ സാധാരണമായ സഹജപ്രവണതകളൊന്നും പ്രതിഫലിപ്പിക്കാത്ത കാലം. എന്നിട്ടും പഴയകാലത്തിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം നിലനിന്നിരുന്നുതാനും. എന്നാല്‍ മൂലധനത്തിന്റെ കേന്ദ്രീകരണത്തോടും ആഗോളവല്‍ക്കൃതമായ ധനമൂലധനത്തിന്റെ ആവിര്‍ഭാവത്തോടുംകൂടി, മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ സ്വഭാവം, കോളണി ഭരണകാലത്തിലേതെന്നപോലെ, ഒരിക്കല്‍കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അത് കെയിന്‍സിന്റെ ഡിമാന്റ്-മാനേജ്മെന്റ് സിദ്ധാന്തത്തേയും (അതിന്റെ ഇന്നത്തെ പേരാണ് ധനപരമായ ചെലവുചുരുക്കല്‍) ഏതെങ്കിലും തരത്തിലുള്ള ദേശീയ സാമ്പത്തികനയം അനുവര്‍ത്തിച്ചുവന്ന മൂന്നാംലോക രാജ്യങ്ങളിലെ നിയന്ത്രിത വ്യവസ്ഥകളേയും ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്നു; ലോകത്തെയാകെ നവലിബറലിസത്തിന്റെ മാറാലയില്‍ പൊതിഞ്ഞിരിക്കുന്നു; അതുകാരണം മുതലാളിത്തത്തിന്റെ സഹജമായ പ്രവണതകള്‍ നിയന്ത്രണരഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്സ് ചൂണ്ടിക്കാണിച്ചപോലെ, സമ്പത്തിന്റെ വളര്‍ച്ച ഒരു ധ്രുവത്തിലും ദാരിദ്ര്യം (കടുത്ത ദാരിദ്ര്യം) മറു ധ്രുവത്തിലും കേന്ദ്രീകരിക്കുന്ന അവസ്ഥ ഇതുമൂലം സംജാതമാകുന്നു. ഒരിക്കല്‍കൂടി, ലോകത്തൊട്ടാകെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത ഇടിയുന്നതായും ലോക ദാരിദ്ര്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതായും നാം കാണുന്നു. കേവലമായ ദാരിദ്ര്യം വര്‍ധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ അത്.

അവിതര്‍ക്കിതമായ വസ്തുത 

ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവം, അവിതര്‍ക്കിതമായ ഒരു വസ്തുതയാണ്. ഇടതു പ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ല് അതാണ്. ഇടതുപക്ഷത്തിന്റെ അവസാനത്തെക്കുറിച്ച് എത്ര ഘോരഘോരം പ്രഖ്യാപനം നടത്തിയാലും ശരി മുതലാളിത്തത്തിന്റെ വിജയത്തെക്കുറിച്ച് എത്ര കൊട്ടിഘോഷിച്ചാലുംശരി, സോഷ്യലിസത്തിന്റെ തകര്‍ച്ചയെക്കുറിച്ച് എത്രമാത്രം ആഘോഷിച്ചാലും ശരി, മേല്‍പ്പറഞ്ഞ വസ്തുത നിലനില്‍ക്കുന്നിടത്തോളംകാലം, മനുഷ്യവിമോചനത്തിനായുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ മര്‍മസ്ഥാനം നിലനില്‍ക്കുകതന്നെ ചെയ്യും.

പോപ്പ് ഫ്രാന്‍സിസിന്റെ പ്രഖ്യാപനം, വളരെ വ്യത്യസ്തവും അസാധാരണവുമായ ഒരു കോണില്‍നിന്നാണ് വരുന്നതെങ്കില്‍ത്തന്നെയും ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇടതുപക്ഷം അതിനെ സ്വാഗതംചെയ്യേണ്ടതാണ്. പോപ്പ് ഒരു സോഷ്യലിസറ്റ് അല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആരംഭബിന്ദുവും നമ്മുടേതും ഒരേയിടത്ത് കൂടിച്ചേരുന്നു. എന്നാല്‍ നവലിബറലിസത്തിന്റെ മാപ്പുസാക്ഷികളും എന്തുചെയ്തിട്ടായാലും വളര്‍ച്ച കൈവരിക്കണമെന്ന് വാദിക്കുന്നവരും മുന്നോട്ടുവെയ്ക്കുന്ന ആരംഭബിന്ദുവില്‍നിന്ന് തികച്ചും വ്യത്യസ്തമാണത്. ഇക്കാര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിന് പറയാനുള്ളത് ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും.

""സ്വതന്ത്ര വിപണിയാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാമ്പത്തികവളര്‍ച്ച ലോകത്തില്‍ കൂടുതല്‍ നീതി ലഭ്യമാക്കുകയും സര്‍വരേയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ അനിവാര്യമായും വിജയിക്കുകതന്നെ ചെയ്യും എന്ന് അനുമാനിക്കുന്ന, കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തത്തെ ചില ആളുകള്‍ ഇപ്പോഴും ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ വസ്തുതകളാല്‍ ഒരിക്കലും സമര്‍ഥിക്കപ്പെട്ടിട്ടില്ലാത്തതാണ് ഈ അഭിപ്രായം. സാമ്പത്തികാധികാരം കയ്യാളുന്നവരുടെയും നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെയും നന്മയില്‍ കാപട്യപൂര്‍വം വിശ്വാസം അര്‍പ്പിക്കുകയാണ് അത് ചെയ്യുന്നത്"".

സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണെന്ന് ഭരണഘടനയിലൂടെ പ്രഖ്യാപിച്ചിട്ടുള്ള നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് ഭരണ വ്യവസ്ഥയുടെ അഭിപ്രായം; റോമന്‍ കത്തോലിക്കാ പള്ളിയുടെ തലവന്റേതിനേക്കാള്‍ എത്രയോ കൂടുതല്‍ വലത്തോട്ട് നീങ്ങിയതാണ് എന്നത് വിരോധാഭാസംതന്നെ. എന്നാല്‍ സാമ്പത്തികാധികാരങ്ങള്‍ കയ്യാളുന്നവരുടെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെതിരായി മുന്നറിയിപ്പ് നല്‍കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകളെ അത് സമര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.

*
പ്രഭാത്പട്നായിക് ചിന്ത വാരിക

സന്ധ്യ കാണാത്ത വിഷവൃക്ഷം

സന്ധ്യ കാണാത്ത വിഷവൃക്ഷം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭയാനകമായ അഴിമതിക്ക് നേതൃത്വം നല്‍കുകയും ആ അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുരുപയോഗംചെയ്യുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെ സമരം നടക്കുമ്പോള്‍ ആര്‍ക്കൊക്കെയാണതില്‍ അസ്വസ്ഥതയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സന്ധ്യ സഹായിച്ചു. മലയാള മനോരമയ്ക്കും മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ക്കും ഹര്‍ഷോന്മാദത്താല്‍ സമനില തെറ്റിയിരിക്കുന്നു. സോളാര്‍ അഴിമതിവാര്‍ത്തകളാല്‍ കേരള മനഃസാക്ഷി കരിഞ്ഞുണങ്ങുമ്പോള്‍ നിരാശപൂണ്ട ആ മാധ്യമങ്ങള്‍ ഇപ്പോള്‍ ദംഷ്ട്രയും നെറ്റിക്കണ്ണും പുറത്തെടുത്ത് ആര്‍ത്തട്ടഹസിക്കുകയാണ്. കാരണം, ഏറ്റവും സമാധാനപരമായി കൊടും അഴിമതിക്കെതിരെ സമരംനടത്തുന്ന ഇടതുപക്ഷത്തിനെ ആക്രമിക്കുവാന്‍ കിട്ടിയ അവസരമാണ് ഇതവര്‍ക്ക്.

എങ്ങനെയും ഉമ്മന്‍ചാണ്ടിയെ സോളാര്‍താപത്തില്‍നിന്ന് രക്ഷിച്ച് ജനപ്രിയതയുടെ സമ്പര്‍ക്കത്തണലില്‍ കുളിപ്പിച്ചു കിടത്താനുള്ള വെമ്പലിലാണ് മനോരമയും കൂട്ടരും. ഇതവരുടെ രാഷ്ട്രീയവും വര്‍ഗതാല്‍പ്പര്യവുമാണ്. എല്‍ഡിഎഫ് സമരത്തെ ക്രൂരമായി അവഗണിക്കാനും അത് "ജനവിരുദ്ധ"മാണെന്ന് ആക്ഷേപിക്കാനും നടത്തുന്ന ശ്രമങ്ങള്‍, അവര്‍ ഭാവിക്കുന്ന നിഷ്പക്ഷതയുടെ മുഖംമൂടി പിച്ചിച്ചീന്തി കളഞ്ഞിരിക്കുന്നു. അഴിമതിയോടില്ലാത്ത അസഹിഷ്ണുത മനോരമയ്ക്ക് അതിനെതിരായ സമരത്തോടാണെന്ന് കൂടുതല്‍ വ്യക്തമാക്കുവാന്‍ സന്ധ്യ ഉപകരിച്ചു. പക്ഷേ, സമരവാര്‍ത്ത തമസ്കരിച്ചുകൊണ്ടിരുന്ന മനോരമ ഇപ്പോള്‍, സന്ധ്യയിലൂടെ സമരവാര്‍ത്തയ്ക്കായി പത്രത്തിന്റെ എത്രയോ കോളങ്ങള്‍ മാറ്റിവയ്ക്കുന്നു. സോഷ്യല്‍ മീഡിയ സന്ധ്യയ്ക്കു നല്‍കിയ പിന്തുണയെ പെരുപ്പിച്ചുകാട്ടുവാന്‍ മനോരമ നടത്തുന്ന തന്ത്രങ്ങള്‍ സന്ധ്യയ്ക്കു മനസിലാകുന്നുണ്ടല്ലോ? സന്ധ്യയുടെ പ്രതികരണരീതിയെയും ചിറ്റിലപ്പിള്ളിയുടെ "ധര്‍മബോധ"ത്തെയും ആക്രമിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഒട്ടും കുറവല്ല എന്ന് നമുക്കറിയാം. പക്ഷേ, മാധ്യമ തമസ്കരണംമൂലം അധികമാരും അറിയാതെപോകുമായിരുന്ന ക്ലിഫ്ഹൗസ് ഉപരോധത്തെ ലോകംമുഴുവനും അറിയിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സന്ധ്യയ്ക്കാണ്. അഴിമതിയെ വെറുക്കുന്ന ജനാധിപത്യസ്നേഹികള്‍ക്ക് ഇക്കാര്യത്തില്‍ സന്ധ്യയോട് നന്ദി ഉണ്ടാകും. മനോരമയ്ക്കുശേഷം സന്ധ്യയ്ക്കായി അഞ്ചുലക്ഷം ഇനാം പ്രഖ്യാപിച്ച ചിറ്റിലപ്പിള്ളി ആരുടെ താല്‍പ്പര്യസംരക്ഷകനാണെന്ന് ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയം ലാഭകരമല്ലാത്തതിനാല്‍ ബിസിനസ് നടത്താന്‍ തീരുമാനിച്ച ചിറ്റിലപ്പിള്ളി സമ്പന്നവര്‍ഗത്തിന്റെ പ്രതിനിധിയാണ്. അവയവദാനത്തെ അംഗീകരിക്കുമ്പോഴും എന്തുകൊണ്ട് അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ ചിറ്റിലപ്പിള്ളിക്കു കഴിയുന്നില്ല? ഭരണവര്‍ഗ താല്‍പ്പര്യത്തെ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിന്.

സന്ധ്യയുടെ ഒരു പ്രതികരണത്തിലൂടെ പലരുടെയും യഥാര്‍ഥ രാഷ്ട്രീയം പുറത്തേക്കുവരുമ്പോള്‍ സന്ധ്യതന്നെ അത്ഭുതപ്പെടുന്നുണ്ടാകാം. ഈ രാഷ്ട്രീയം കോണ്‍ഗ്രസോ സിപിഐ എമ്മോ എന്നതല്ല. ഏതു വര്‍ഗങ്ങളുടെ താല്‍പ്പര്യമാണ് ഇക്കൂട്ടര്‍ കാത്തുസൂക്ഷിക്കുന്നതെന്നാണ് പ്രധാനം. സന്ധ്യ ഏതു രാഷ്ട്രീയകക്ഷിയുടെ അനുയായിയും ആയിക്കോട്ടെ! പക്ഷേ സന്ധ്യേ, സന്ധ്യയുടെ ഈ പ്രതികരണശേഷി ഈ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുക. സാധാരണക്കാരെ കൊള്ളയടിക്കുന്ന സോളാര്‍ വീരന്മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുക. യഥാര്‍ഥ ജനാധിപത്യത്തിനായി സന്ധ്യയുടെ കരുത്ത് പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അഴിമതിക്കെതിരെ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിലേക്ക് സന്ധ്യയെയും ക്ഷണിക്കുന്നു. സന്ധ്യയുടെ വീട്ടുമുറ്റത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വിഷവൃക്ഷത്തെ കണ്ടില്ലെന്നു നടിക്കരുത്. സമരങ്ങളിലൂടെ, സംഘര്‍ഷങ്ങളിലൂടെ, വിപ്ലവങ്ങളിലൂടെയാണ് നമ്മള്‍ നമ്മളായി മാറിയതെന്നും സന്ധ്യ മറക്കരുത്.

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂർ ക്ഷേത്രം, മനുഷ്യവിരുദ്ധ നീക്കത്തിനാൽ പിന്നെയും ശ്രദ്ധ ആകർഷിക്കുന്നു. ഇക്കുറി കല്ലൂർ ബാബുവിനെ ക്ഷേത്രത്തിൽ നിന്ന്‌ പുറത്താക്കിക്കൊണ്ടാണ്‌ മനസിലെ മാലിന്യം പുറത്തുകാട്ടിയത്‌.

കല്ലൂർ ബാബു, ഇലത്താളം കലാകാരനാണ്‌. പഞ്ചവാദ്യത്തിലെ നാദസുഭഗതയാണ്‌ ഇലത്താളം. ആ വാദ്ദ്യം വായിക്കാനറിയാത്തതുകൊണ്ടല്ല പുറത്താക്കപ്പെട്ടത്‌. കല്ലൂർ ബാബു താഴ്‌ന്ന ജാതിക്കാരനായതുകൊണ്ട്‌. ഇലത്താളം നിർമിക്കുന്നത്‌ കീഴ്‌ജാതിക്കാർ. അവർ പഠിച്ചപ്പോൾ താളം വഴങ്ങുകയും ചെയ്‌തു. ഒന്നര മണിക്കൂറിലധികം വായിച്ച്‌ ജനപ്രീതി നേടിയതിനുശേഷമാണ്‌ പുറത്താക്കപ്പെട്ടത്‌. പുറത്താക്കപ്പെട്ടതോ, പിന്നാക്ക വിഭാഗമായ യാദവ കുടുംബത്തിൽ പിറന്ന കൃഷ്‌ണന്റെ പേരിൽ. കഥയിൽ വ്യാസൻ നൽകിയ മാന്യതയെങ്കിലും അധികൃതർ കൃഷ്‌ണനും സഹജാതിക്കാർക്കും നൽകേണ്ടതല്ലേ? അതെങ്ങനെ അധികൃതർ വ്യാസന്റെ പിന്മുറക്കാർ അല്ലല്ലൊ.ഗുരുവായൂർ ക്ഷേത്രത്തിൽ, മനുഷ്യവിരുദ്ധ ദർശനം പുതിയ കാര്യമല്ല. അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി കേളപ്പനും എ കെ ജിയും പി കൃഷ്‌ണപിള്ളയും നടത്തിയ സമരം ചരിത്രത്തിലുണ്ട്‌. അന്ന്‌ സഖാവ്‌ പി കൃഷ്‌ണപിള്ളയെ ഗുരുവായൂരപ്പന്റെ രക്ഷകർത്താക്കൾ നേരിട്ടത്‌ പേശീബലം കൊണ്ടായിരുന്നു. ഗുരുവായൂരമ്പലമേൽക്കൂര സ്വർണം പൂശുന്നതിനെക്കാൾ നല്ലത്‌ വീടില്ലാത്തവർക്ക്‌ വീടുവെച്ച്‌ കൊടുക്കുന്നതാണ്‌ എന്നു പറഞ്ഞതിന്‌, ക്ഷേത്രപരിസരത്തു വച്ച്‌ പവനനെയും കൂട്ടുകാരെയും കൈകാര്യം ചെയ്‌തതും കേരളം മറന്നിട്ടില്ല.

യേശുദാസിന്റെ ക്ഷേത്രപ്രവേശന നിരാസമാണ്‌ രസകരം. ക്രസ്‌ത്യാനി കണ്ടുപിടിച്ച കറണ്ടും മൈക്കും ഉപയോഗിച്ച്‌ ക്രിസ്‌ത്യാനി പാടിയ പാട്ട്‌ ക്ഷേത്രത്തിൽ കേൾപ്പിക്കാം. പേരിൽ ക്രിസ്‌തുമത സൂചനയുള്ളതിനാൽ യേശുദാസിനു പ്രവേശനമില്ല.

കേരളത്തിന്റെ തനതു കലാരൂപമായ കൃഷ്‌ണനാട്ടം ഒന്നു കാണണമെന്നുവച്ചാൽ ഹിന്ദുപേരുള്ള നിരീശ്വരവാദിയെ പ്രവേശിപ്പിച്ചാലും അഹിന്ദുക്കളെ പ്രവേശിപ്പിക്കുകയില്ല. അതായത്‌ നമ്മുടെ സാംസ്‌കാരികനായകരായ ചെമ്മനം ചാക്കോ, യു എ ഖാദർ, എം പി വീരേന്ദ്രകുമാർ തുടങ്ങിയവർക്ക്‌ കൃഷ്‌ണനാട്ട സി ഡി വീട്ടിലിട്ടു കാണാമെന്നർഥം. ഇപ്പോൾ സജീവമായി കൃഷ്‌ണനാട്ടമുള്ളത്‌ ഗുരുവായൂരിൽ മാത്രമാണ്‌. നേർച്ചയെന്ന നിലയിൽ കൃഷ്‌ണനായി വേഷമിടുന്നതിനുമുണ്ട്‌ ജാതീയമായ തടസം. മേൽജാതിക്കാർക്കു മാത്രമേ അതിനനുവാദമുള്ളു. നമ്മുടെ ശ്രീശാന്തിന്റെ ജാതി ചെമ്പുതെളിഞ്ഞത്‌ അങ്ങനെയാണല്ലോ. കൃഷ്‌ണവേഷം കെട്ടി ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നതിനുശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്നുതന്നെ ഔട്ടായിയെന്നത്‌, ഇതുകൊണ്ടൊന്നും മേൽജാതിക്കാർക്കും രക്ഷയില്ലെന്നതിന്റെ തെളിവായിരിക്കാം.

ഗുരുവായൂരപ്പന്‌ ഹിന്ദുമതക്കാരോട്‌ പ്രത്യേകിച്ച്‌ മമതയൊന്നുമില്ല. ഗുരുവായൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്‌ അഹിന്ദുക്കളാണ്‌.
ജാതീയമായ വേർതിരിവുകൾ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രാധികൃതർ അവസാനിപ്പിക്കണം. അല്ലെങ്കിൽ കല്ലൂർ ബാബു എന്തിന്‌ അമ്പലമതിലകത്തേക്ക്‌ പോകണം? ഞെരളത്തു രാമപ്പൊതുവാൾ കാണിച്ച മഹനീയമായ വഴിയുണ്ടല്ലൊ. ജനങ്ങളിലേക്കു ചെല്ലുക. സോപാനം വിട്ട്‌ സംഗീതം ജനങ്ങളിലെത്തിച്ചപ്പോഴാണ്‌ പ്രതികരണമുണ്ടായത്‌. മതിലകത്ത്‌ ഒടുങ്ങുമായിരുന്ന ഞെരളത്തിനെ മലയാളത്തിനു കിട്ടിയത്‌ അങ്ങനെയാണ്‌.

ഒരാളുടേയും ജാതിയും മതവുമൊന്നും തിരിച്ചറിയാൻ ദൈവത്തിനു സാധിക്കുകയില്ല. ഇരുത്താനോ തിരുത്താനോപോലും സാധിക്കുകയില്ല. ആരാധനാലയങ്ങളുണ്ടാക്കി അതിൽ ദൈവസങ്കൽപം നിക്ഷേപിച്ചത്‌ മനുഷ്യനാണ്‌. മനുഷ്യൻ യഥാർഥ മനുഷ്യരാകണമെങ്കിൽ സങ്കുചിതമായ ജാതിമതദൈവ ചിന്തകളിൽ നിന്ന്‌ മോചിതരാകേണ്ടതുണ്ട്‌.

*
കുരീപ്പുഴ ശ്രീകുമാർ ജനയുഗം

2014 ജനുവരി 5, ഞായറാഴ്‌ച

ഗുജറാത്തിലെ ഇരകളുടെ നേര്‍ക്കാഴ്ച

ഗുജറാത്തിലെ ഇരകളുടെ നേര്‍ക്കാഴ്ച

2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ ക്രൂരമാണ് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ. ഈ യാഥാര്‍ഥ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യമെന്ററി. യുവ എഴുത്തുകാരന്‍ നിസാംറാവുത്തര്‍ സംവിധാനംചെയ്ത ഡോക്യുമെന്ററി കലാപാനന്തരം ഗുജറാത്തിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.
മുസ്ളിം ജനസംഖ്യയുടെ 75 ശതമാനവും പട്ടണങ്ങളില്‍നിന്ന് കോളനി എന്ന പൊരുത്തക്കേടിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടു. സമ്പന്നര്‍ പരമ ദരിദ്രരായി. വിശാലമായ വീടുകളില്‍ താമസിച്ചിരുന്നവര്‍ അഴുക്കുചാലുകള്‍ക്കു സമീപം രൂപംകൊണ്ട കോളനികളിലെ ഒറ്റമുറി വീടുകളിലേക്ക് മാറ്റപ്പെട്ടു. ബര്‍മതിയുടെ തീരത്തും പഞ്ച്മഖലിന്റെ വന്യതയിലും സബര്‍കന്ദയുടെ ജൈവികതയിലും ഘനീഭവിച്ചുകിടക്കുന്ന നിലവിളിയെ അതേപടി പകര്‍ത്തുകയാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി എണ്ണമറ്റ ഹൃദയമിടിപ്പോടെയും നടുക്കത്തോടെയുമേ കണ്ടിരിക്കാനാവൂ. അത്ര ദയനീയമാണ് വേട്ടയാടപ്പെട്ടവരുടെ അവസ്ഥ.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കോളനികളുടെ പാര്‍ശ്വങ്ങളിലേക്ക് ഒതുക്കപ്പെടുന്ന അനാഥബാല്യങ്ങള്‍. അവരുടെ കണ്ണുകളില്‍ ഭീതിയും പ്രതികാരവും ഒന്നുപോലെ തിളയ്ക്കുന്നുണ്ട്. ഒരു ആറ് വയസ്സുകാരന്റെ ശബ്ദം നമ്മെ ഞെട്ടിച്ചുകളയുന്നു. 'മേം നരേന്ദ്രമോഡി കാ മര്‍ ഡാലുംഗ' പക്ഷേ വിധവയും രോഗിയുമായ അവന്റെ ഉമ്മ അവനെ വിലക്കുന്നു. 'നീഡോക്ടറോ, എന്‍ജിനിയറോ ആകുമെന്ന് പറയൂ മകനേ'.
പിന്നീടുള്ള മകന്റെ നിശ്ശബ്ദതയില്‍ എല്ലാമുണ്ട്. ഒരിക്കലും അവന് വിദ്യാഭ്യാസം കിട്ടാന്‍ സാധ്യതയില്ല. ജുഹാപുരയില്‍ വിധവള്‍ക്കായി ബിഹാറിലെ മുസ്ളിംജമാഅത്ത് കമ്മിറ്റി നിര്‍മിച്ചുകൊടുത്ത 'ഹിമാരത്തേ സരയ്യ' കോളനിയിലെ ഇടുങ്ങിയ മുറിയില്‍ അവന്റെ കൂട്ടുകാരും യൌവനം പിന്നിടുന്നു. ഇതിനിടയില്‍ അവന്‍ ശരീരം കത്തിയമരുമ്പോഴും മകനേ എന്നു വിളിച്ച ഉപ്പായെ ഓര്‍ത്തുപോയി, എതെങ്കിലും തീവ്രവാദസംഘടനയില്‍ ചേര്‍ന്നാല്‍ രാജ്യത്തിന് ഒരു തീവ്രവാദിയെക്കൂടി സംഭാവന ചെയ്തതിന്റെ ധന്യതയില്‍ മോഡിക്ക് വീണ്ടും അധികാരത്തിന്റെ ശീതളഛായയില്‍ മുഴുകാം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിനു കുട്ടികളും അവരുടെ നിരാലംബയായ മുഖങ്ങളും ഡോക്യുമെന്ററിയില്‍ മിന്നിമറയുമ്പോള്‍ കുട്ടികള്‍ എങ്ങനെയാണ് ജീവിതത്തെ നേരിടാന്‍ പോകുന്നതെന്ന് നമ്മെ അലോസരപ്പെടുത്തുകതന്നെ ചെയ്യുന്നു. ഗുജറാത്തിലെ കുട്ടികള്‍ ഒരു ചോദ്യചിഹ്നമാണ്. ഡല്‍ഹിയിലെയോ ഹൈദരാബാദിലെയോ അനാഥാലയങ്ങളും അഹമ്മദാബാദിലെയോ വഡോദരയിലെയോ തെരുവുകളും അവര്‍ക്ക് നല്ല സ്വപ്നങ്ങള്‍ കാണാനുള്ള ഇടങ്ങളല്ല. മറിച്ച് കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ വിധിയെ നോക്കിയാണ് അവര്‍ വളരുന്നത്.
സ്ത്രീകളുടെ സ്ഥിതിയും ഭിന്നമല്ല. ഒരു പര്‍ദ തുന്നിക്കെട്ടി ഒരായുസ്സു മുഴുവന്‍ പിന്നിടാമെന്ന് ചിന്തിച്ചുതുടങ്ങിയിരിക്കയാണ് അവര്‍. മയ്യത്തെടുക്കാനുള്ള തുണി വാങ്ങാന്‍ കാശില്ലാതെ തങ്ങളുടെ മക്കളുടെയും ഭര്‍ത്താക്കന്മാരുടെയും മൃതദേഹം ചാക്കില്‍ കെട്ടി കബറടക്കുന്നത് കണ്ടുനിന്നവരാണവര്‍. ജീവിച്ച വീട്ടില്‍നിന്ന് ഒരു പ്രഭാതത്തില്‍ എല്ലാം കത്തിയമരുന്നത് കണ്ടുനിന്നവരാണവര്‍. അല്ലെങ്കില്‍ സംഘപരിവാറിന്റെ ശരീരം തങ്ങളുടെ ഉടലുകള്‍ക്കു മേല്‍ താണ്ഡവമാടുമ്പോള്‍ വിലാപംമാത്രം പുറത്തേക്കു വിട്ട് സഹിച്ച് സഹിച്ച് ജന്മം താണ്ടുന്നവരാണവര്‍. അവരില്‍ അമ്മമാരും സഹോദരിമാരും കണ്ണീര്‍വറ്റിയ വൃദ്ധകളുമുണ്ട്. ഹേയ് ഭായി, നീ എന്നെ കാണുന്നില്ലേ, എന്റെ മകന്‍, അവന്റെ ഭാര്യ, അവരുടെ ആറ് കുട്ടികളും ഞങ്ങളുടെ വീടും എല്ലാംപോയി. ഭക്ഷണം കഴിച്ചിട്ടില്ല; വസ്ത്രമില്ല. എന്നെയും അവര്‍ക്ക് കൊന്നുകൂടായിരുന്നോ?. ഒരു വൃദ്ധയുടെ വിലാപത്തിനുമുന്നില്‍ ക്യാമറയല്ല, എന്തുതന്നെ നടുങ്ങിയാലും അതിനെ അതിശയോക്തി കലര്‍ത്തി വിവരിക്കേണ്ടതില്ല. നമ്മുടെയോക്കെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന പല ചോദ്യങ്ങളും ഗുജറാത്തിലെ സ്ത്രീകള്‍ ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാന്‍ ശരീരം വില്‍ക്കുന്നതിനു പോയിരിക്കുകയാണെന്ന് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ആരെയും ചിന്തിപ്പിക്കും. ഗുജറാത്തിലെ മുസ്ളിം സ്ത്രീകള്‍ക്കു വേണ്ടത് പട്ടിണിയില്ലാത്ത ജീവിതമാണ്. സാനിയമിര്‍സയുടെ അര്‍ദ്ധനഗ്നതക്കെതിരെയും തസ്ളിമ നസ്റിന്റെ പുസ്തകത്തിനെതിരെയും കലപിലകൂട്ടുന്നവരോട് ഡോക്യൂമെന്ററി ഒന്നേ ചോദിക്കുന്നുള്ളൂ, നിങ്ങള്‍ എപ്പോഴെങ്കിലും ഗുജറാത്തില്‍ പോയിട്ടുണ്ടോ. അനാഥരായ കുട്ടികളെ സ്പര്‍ശിച്ചിട്ടുണ്ടോ? നിങ്ങള്‍ ഗുജറാത്തിലെ ഏതെങ്കിലും പുനരധിവാസ കോളനികള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ അവിടംവരെ ഒന്ന് പോവുക. അന്നേരം നിങ്ങള്‍ പറയും പട്ടിണിയും ഉടുവസ്ത്രമില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് മഹാപാപമെന്ന്.
ഇരകളെ പുനരധിവസിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിതരസംഘടനകള്‍ ഒരു തയ്യല്‍മെഷിന്‍ വാങ്ങിക്കൊടുത്തതുകൊണ്ട് ഒരു കുടുംബത്തിന്റെ മുഴുവന്‍ കഷ്ടതകളും തീരുന്നില്ല. അല്ലെങ്കില്‍ മതസൌഹാര്‍ദത്തിനായി ഒരു ബൈക്ക് റാലി നടത്തിയാല്‍ മതിയെന്ന് വിചാരിക്കുന്നു. ഇതുകൊണ്ടൊന്നും പൊടുന്നനെ ഒരു ദിവസം ഗുജറാത്തില്‍ മതസൌഹാര്‍ദം പൊട്ടിവിടരില്ലെന്നതിന്റെ സൂചകമാണ് ഇപ്പോഴത്തെ പല സംഭവങ്ങളും.
ഇടതുപക്ഷസംഘടനകളും ചില സര്‍ക്കാരിതര സംഘടനകളും ചില മുസ്ളിം സംഘടനകളുമാണ് പുനരധിവസപ്രവര്‍ത്തനങ്ങള്‍ക്കു രംഗത്തുവന്നത്. പുനരധിവാസ കോളനികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാലിത്തൊഴുത്തിനേക്കാള്‍ മോശമാണ്. അടിസ്ഥാനസൌകര്യങ്ങള്‍ ഒന്നുമില്ല. ഒരു മുറിയും ഒരു അടുക്കളയും മാത്രമുള്ള, ദുര്‍ഗന്ധവും രോഗവും കൂടപ്പിറപ്പായ കോളനികള്‍.}അവിടെ ജീവിക്കുന്നവര്‍ക്ക് ഇനി അവശേഷിക്കുന്ന ദിനങ്ങളെ നോക്കി നെടുവീര്‍പ്പിടാനേ അവകാശമുള്ളൂ. കേരളത്തിലെ മുസ്ളിംലീഗ് വച്ചുകൊടുത്ത കോളനി സിറ്റിസണ്‍നഗറിലാണ്. അഹമ്മാബാദിലെ സര്‍വമാലിന്യങ്ങളും കൊണ്ടിടുന്ന ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഓരത്ത് താമസിക്കുന്ന 30 കുടുംബങ്ങളുടെ അവസ്ഥ ഏറ്റവും ദാരുണമാണ്. മിക്ക കോളനികള്‍ക്കും വേണ്ടത്ര നിയമപരിരക്ഷപോലുമില്ല. പുറമ്പോക്കുകള്‍ എന്ന പേരില്‍ ഈ കോളനികള്‍ ഏതു നിമിഷവും ഒഴിപ്പിക്കപ്പെട്ട് ഇരകള്‍ ഇനിയും ആട്ടിയിറക്കപ്പെടാം.
ഗുജറാത്ത് കലാപകാലത്തെ മനുഷ്യത്വരഹിതമായ ചില സംഭവങ്ങള്‍കൂടി ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. കലാപദിനങ്ങളില്‍ വെട്ടും കുത്തും പൊള്ളലുമേറ്റു കിടന്നവരെ പെട്ടെന്ന് കൊല്ലാനായി ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിഷം കുത്തിവച്ചതായും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഈ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നു.
കലാപാനന്തര ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറയുന്നു. കുട്ടികള്‍ക്ക് പോഷകാഹാരംപോലും നിഷേധിച്ചിരിക്കയാണെന്ന് തന്റെ അഭിമുഖത്തില്‍ വൃന്ദാ കാരാട്ട് വ്യക്തമാക്കുന്നു. ഗുജറാത്തിനെ അവഗണിച്ചുകൊണ്ട് ഒരു മനുഷ്യസ്നേഹിക്കും ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്ന് ശബാന ആസ്മി പറയുന്നു. ടീസ്താ സെത്തില്‍വാദ്, മല്ലികാ സാരാഭായ്, സ്വാമി അഗ്നിവേഷ്, അഡ്വ. മുഹുള്‍സിന്‍ഹ, സെട്രിക് പ്രകാശ്, ഖന്‍ഷാം ഷാ, ഗഗന്‍സേത്തി, സാക്കിയ ജോഗര്‍ തുടങ്ങി ഗുജറാത്തില്‍ ഇന്നും ഇടപെട്ടുകൊണ്ടിരിക്കുന്നവരുടെ അഭിമുഖങ്ങളും അനുഭവങ്ങളും കൂടിച്ചേര്‍ന്നതാണ് ഡോക്യുമെന്ററി.
*
ഒരു വ്യക്തിപരമായ അനുഭവത്തില്‍നിന്നാണ് നിസാംറാവുത്തര്‍ എന്ന യുവാവ് ഗുജറാത്തിലേക്കു വണ്ടി കയറുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ക്കുമുമ്പ് തന്റെ വീട്ടില്‍ ഭിക്ഷാടനത്തിനു വന്ന ഒരു പരദേശി ഫക്കീറിന്റെ ജീവിതം ഈ യുവാവിനെ വല്ലാതെ പിടിച്ചുലച്ചു. ഫക്കീര്‍ ഗുജറാത്തില്‍ ഒരു തുണിമില്‍ വ്യവസായിയായിരുന്നു. കലാപത്തില്‍ തന്റെ തുണിമില്‍ ചുട്ടെരിച്ചു. ഉമ്മയും ഭാര്യയും നാല് മക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട അയാള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഹൈദരാബാദിലും തമിഴ്നാട്ടിലും മറ്റും ഭിക്ഷയെടുത്ത് ജീവിച്ചു. അയാള്‍ കേരളത്തിലും എത്തിപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ എന്ത് നടക്കുന്നുവെന്ന് അറിയാന്‍ നിസാമിനെ പ്രേരിപ്പിച്ചത്.
ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും എന്തും വരട്ടെയെന്നു കരുതി അയാള്‍ പോകാന്‍തന്നെ തീരുമാനിച്ചു. തെരഞ്ഞുെടുപ്പു സമയത്ത് നാല് ആഴ്ചയോളം നിസാം ഗുജറാത്തിലെ കോളനികളിലൂടെ സഞ്ചരിച്ച്, ഇരകളെ തേടി നടന്നു. രണ്ടു തവണ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഈ യുവാവിന്റെ നിശ്ചയദാര്‍ഢ്യമാണ് പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യുമെന്ററിയായി പറുത്തുവരുന്നത്. അതിന് ആലുവക്കാരന്‍ മുഹമ്മദ് കെ മക്കാറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവ്. എന്തുകൊണ്ട് ഗുജറാത്ത് എന്ന ചോദ്യത്തിന് നിസാമിന്റെ പക്കല്‍ ഒരേയൊരു മറുപടിയേ ഉള്ളൂ, മനുഷ്യനായതുകൊണ്ടുമാത്രം.
ഏറെ പുതുമകളോടെയാണ് ചിത്രീകരണം. ജീവിച്ചിരിക്കുന്ന ഇരകളുടെഅനുഭവസാക്ഷ്യത്തിലൂടെയാണ് ഡോക്യുമെന്ററി വികാസം പ്രാപിക്കുന്നത്. ഒരു ഘട്ടത്തിലും സംവിധായകന്റെ ഇടപെടലില്ല. എല്ലാം ഇരകള്‍തന്നെ വിവരിക്കുന്നു. ഗുജറാത്തിലെ ഇരകള്‍ക്ക് കേരളത്തില്‍നിന്നുള്ള ഐക്യദാര്‍ഢ്യമാണ് ഈ ഡോക്യുമെന്ററിയെന്ന് സംവിധായകന്‍ പറയുന്നു. ഒരുപക്ഷേ നമ്മുടെ കാലത്തെ രാജ്യത്തെ ഏറ്റവും വലിയ കൂട്ടക്കൊലയും ഗുജറാത്താണ്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന ആകാംക്ഷയുമുണ്ട്. ഗുജറാത്ത്: പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ഡിടിവി സപ്രേഷണം ചെയ്യും. കൂടാതെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഇംഗ്ളീഷ്, മലയാളം സബ്‌ടൈറ്റിലുകളിലൂടെ സിഡിയും പുറത്തിറക്കുന്നു.
അമല്‍, കടപ്പാട്: ദേശാഭിമാനി ചിത്രങ്ങള്‍ക്ക് കടപ്പാട്: ദി ഹിന്ദു

യജ്ഞസംസ്കാരമെന്ന സാംസ്കാരികവൈകൃതം

യജ്ഞസംസ്കാരമെന്ന സാംസ്കാരികവൈകൃതം

ചരിത്രത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവയ്ക്കാന്‍ നൂറ്റാണ്ടുതെറ്റി ജനിച്ചവര്‍ കേരളത്തിലും ഏറെ സജീവമാണ്. കേരളത്തിലും എന്ന് എടുത്തുപറഞ്ഞത് രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക- സാംസ്കാരികരംഗങ്ങളില്‍ കേരളം ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഏറെ പുരോഗമനപരമായ നേട്ടങ്ങള്‍ കൈവരിച്ച ഭൂപ്രദേശം എന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ പലതും ഇന്നും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും "അനുഗ്രഹ-നിഗ്രഹശക്തി"യുളള പുരോഹിതന്മാരുടെയും പിടിയിലാണ്. ഭാവി-ഭൂത-വര്‍ത്തമാനങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ മിന്നിക്കുന്ന ആള്‍ദൈവങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത് എന്നത് ചരിത്രവൈപരീത്യം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ നെറുകയിലിരുന്ന് മാസ്മരികമായ അന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെമാത്രമല്ല, അഭ്യസ്തവിദ്യരെയും പിടിച്ചിരുത്തി അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന ആള്‍ദൈവങ്ങളുടെ സംഖ്യ ഇന്ത്യയില്‍ കോടിയിലധികമായിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍. ഏതോ പരേതകാരണവര്‍ സന്യാസിയുടെ സ്വപ്നത്തില്‍ വന്നുപറഞ്ഞ സ്വര്‍ണഖനിയെ തുരന്നെടുക്കാന്‍ സര്‍വസന്നാഹങ്ങളോടെ പാടുപെടുന്ന സര്‍ക്കാര്‍സ്ഥാപനമായ ഇന്ത്യന്‍ ആര്‍ക്കിയോളജി തമ്പ്രാക്കന്മാര്‍ രാജ്യത്തിന് അപമാനമായി വര്‍ത്തിക്കുന്നു.

കേരളം പക്ഷേ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ വീഥിയിലൂടെ സഞ്ചരിച്ചാണ് ചരിത്രത്തില്‍ ഇടംനേടിയത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും കുടഞ്ഞെറിഞ്ഞാണ് കേരളം മാനവരാശിയുടെ പ്രതീക്ഷയായി ഉദിച്ചുയര്‍ന്നത്. ചുവന്ന കേരളം ഇന്ത്യന്‍ ഭൂപ്രഭുത്വത്തിനും അവിടെ വേരുകളൂന്നി വളര്‍ന്ന ഇന്ത്യന്‍ മുതലാളിത്തത്തിനും മാത്രമല്ല ലോകമുതലാളിത്തത്തിനും ദുശ്ശകുനമായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജാത്യന്ധര്‍ സംഘടിച്ചു. ലോകമുതലാളിത്തം പണം വാരിയെറിഞ്ഞു. വിമോചനസമരം കേരളത്തിന്റെ ദിശാസൂചിയെ പുറകോട്ട് തിരിച്ചുവച്ചു.

1975 കളില്‍ ലോകമുതലാളിത്തം കേരളത്തിന്റെ ചുവന്ന മണ്ണിനെ ഉഴുതുമറിച്ച് അന്തകവിത്തുപാകാന്‍ സജ്ജമാക്കാനുളള മറ്റൊരു കര്‍മപരിപാടിക്കും തുടക്കമിട്ടു. കേരളം വളര്‍ത്തിയെടുത്ത ഫ്യൂഡല്‍ വിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ സാംസ്കാരികപൈതൃകത്തെ സമൂലം പിഴുതെറിയുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. കേരളത്തിനു പുറത്ത് ഇന്നും സജീവമായി കാണപ്പെടുന്ന,കേരളം കുടഞ്ഞുകളഞ്ഞ യജ്ഞസംസ്കാരത്തെ ഇവിടെ പുനഃസ്ഥാപിക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെ, അതുവഴി കേരളത്തിന്റെ മനസ്സിനെ പഴയ ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന്റെ സാംസ്കാരികവൈകൃതങ്ങളിലേക്ക് പുനരാനയിക്കുക എന്ന ദൗത്യവുമായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫ്രിറ്റ്സ് സ്റ്റാള്‍, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫസര്‍ ആസ്കോ പര്‍പ്പോള തുടങ്ങിയ പാശ്ചാത്യ അക്കാദമികപണ്ഡിതന്മാര്‍ കേരളത്തില്‍ വിമാനമിറങ്ങിയത്. വൈദിക വിജ്ഞാനത്തില്‍ പഠനഗവേഷണങ്ങളുടെ ഭാഗമെന്ന നിലയില്‍ പരസ്യംചെയ്ത് സംഘടിപ്പിക്കപ്പെട്ട ഈ യാഗത്തെയും അതിനെ പിന്‍പറ്റി രൂപപ്പെട്ട പുതിയ സാഹചര്യത്തെയും അധികാരഭ്രഷ്ടരായ കേരളത്തിലെ ബ്രാഹ്മണപുരോഹിതന്മാരും മറ്റു സവര്‍ണജാതിക്കാരും ഏറെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്താണെന്നറിയാനും പഠിക്കാനുമെന്ന വ്യാജേന ഉല്‍പ്പതിഷ്ണുക്കളായ നിരവധി സവര്‍ണപുരോഗമനവാദികളും ഈ കുറുമുന്നണിയില്‍ അറിഞ്ഞോ അറിയാതെയോ അംഗങ്ങളായി. പാഞ്ഞാള്‍ പാടത്തെ കശാപ്പുശാല എന്ന് യജ്ഞവേദിക്കെതിരെ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ വി ടി ഭട്ടതിരിപ്പാടിന്റെ വജ്രസൂചിയെപ്പോലും അരിമാവിലേക്ക് ബ്രാഹ്മണപുരോഹിത മേധാവിത്വം ചുരുട്ടിക്കെട്ടി. അതൊരു തുടക്കമായിരുന്നു. മുഖ്യമായും വൈദേശിക പണക്കൊഴുപ്പില്‍ പുളഞ്ഞ ഫ്യൂഡല്‍ ജീര്‍ണത തദ്ദേശീയവും വൈദേശികവുമായ സമ്പത്തിന്റെ പിന്‍ബലത്തില്‍ കേരളീയ അന്തരീക്ഷത്തെ യജ്ഞസംസ്കാരത്തിലേക്ക് പിടിച്ചുകെട്ടി. പിന്നീട് അതിരാത്രം, സോമയാഗം, അംബായാഗം, സര്‍വൈശ്വര്യയാഗം, മംഗളമയീയാഗം, പുത്രകാമേഷ്ടി, സര്‍വകാമേഷ്ടി, കനകധാരായജ്ഞം എന്നിങ്ങനെ എന്തെല്ലാം തരത്തിലുളള യജ്ഞശവഘോഷയാത്രകള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. ഗര്‍ഭപാത്രം നീക്കംചെയ്യപ്പെട്ട സ്ത്രീകള്‍വരെ പുത്രകാമേഷ്ടിയില്‍ പുത്രലബ്ധിക്കായി രജിസ്റ്റര്‍ചെയ്തു എന്നറിയുമ്പോഴാണ് ഈ ഫ്യൂഡല്‍ ജീര്‍ണത കേരളത്തെയും എത്രയധികം സ്വാധീനിച്ചു എന്ന് നാം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ എന്തു വൈകൃതം കാണിച്ചാലും കേരളം നിസ്സംഗതയോടെ വര്‍ത്തിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഇത്തരം യജ്ഞസംസ്കാരത്തെ വേദപാരമ്പര്യത്തോട് പിടിച്ചുകെട്ടുന്നവരാണ് ബഹുഭൂരിപക്ഷവും. അവരെ സംബന്ധിച്ചിടത്തോളം ഋഗ്വേദം മുതല്‍ ആരംഭിച്ച് ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, വേദാംഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ ഗ്രന്ഥപരമ്പരകളാണ് വേദങ്ങള്‍. ഇത് ഭീകരമായ ചതിക്കുഴിയാണ്. കാരണം ഈ ഗ്രന്ഥപരമ്പരകള്‍ നൂറ്റാണ്ടുകളുടെ ഇടവേളകള്‍ക്കിടയില്‍ വ്യത്യസ്ത സാമൂഹ്യസാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതാണ്. വ്യത്യസ്ത വര്‍ഗതാല്‍പ്പര്യങ്ങളാണ് ഇവ ഓരോന്നും പ്രകടിപ്പിക്കുന്നത്. വര്‍ഗരഹിതമെന്നു പറയാവുന്ന ഋഗ്വേദ കാലഘട്ടവും കട്ടപിടിച്ച വര്‍ഗപക്ഷപാതം ആത്മസത്തയാക്കിയ ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണകാലഘട്ടവും പ്രതിനിധാനംചെയ്യുന്നത് ഒരേ ആശയലോകമല്ലെന്നത് എടുത്തുപറയേണ്ടതില്ല. ഇതു മറച്ചുവച്ചാണ് പുരോഗമനവാദികളടക്കം വൈദികകാലഘട്ടം എന്നു പ്രയോഗിക്കുന്നത്. ഋഗ്വേദകാലഘട്ടത്തിലെ കവികളെ സംബന്ധിച്ചിടത്തോളം യജ്ഞം അവരുടെ കൂട്ടായ്മകളാണ്. കൂട്ടായ അധ്വാനവും കൂട്ടായ ഉപഭോഗവും. സ്വഭാവികമായും പുരോഗതിയുടെ അത്താണിയും അവരെ സംബന്ധിച്ചിടത്തോളം യജ്ഞം എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. യജ്ഞം അവര്‍ക്ക് രഥമാണ്. അത് അവര്‍ക്ക് ക്ഷേമം വരുത്തുന്നു. ശത്രുക്കളെ നശിപ്പിക്കുന്നത് യജ്ഞമാണ്.

യജ്ഞം നിത്യസുഖത്തിലേക്ക് നയിക്കുന്ന തോണിയാണ്. യജ്ഞം വസ്ത്രമാണ്, യജ്ഞം അഗ്നിയാണ്, യജ്ഞം കാര്‍ഷികവൃത്തിയാണ്. ഇത്തരത്തില്‍ സ്വന്തം കൂട്ടായ്മകളെ അടയാളപ്പെടുത്തുന്ന ബിംബങ്ങളിലൂടെ അനാവൃതമാകുന്ന യജ്ഞസങ്കല്‍പ്പത്തെ അനുഷ്ഠാനമാക്കി പരുവപ്പെടുത്തിയത് ബ്രാഹ്മണങ്ങളാണ്. ഒരുപക്ഷേ, ഋഗ്വേദകാലത്ത് നിലവിലിരുന്ന കൂട്ടായ്മകളുടെ ഭാഗമായി രൂപപ്പെട്ട ലളിതമായ പ്രാര്‍ഥനകളും ഗാനങ്ങളും കര്‍മങ്ങളും കാലാന്തരത്തില്‍ സങ്കീര്‍ണമായിത്തീര്‍ന്നതാകാം പില്‍ക്കാലത്തെ യജ്ഞാനുഷ്ഠാനങ്ങള്‍. സമൂഹം വര്‍ഗപരമായി വേര്‍പിരിഞ്ഞതോടുകൂടി സമ്പത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയ വിഭാഗങ്ങള്‍ ഇവയെ ഫലപ്രദമായി ഉപയോഗിക്കുകയും മറ്റുള്ളവരെ ചൂഷണംചെയ്യാനുള്ള ഉപാധിയാക്കുകയുംചെയ്തു. അതിനുവേണ്ടി ബ്രാഹ്മണങ്ങളെന്നപേരില്‍ കുറേ ഗ്രന്ഥങ്ങളും അവര്‍ എഴുതിയുണ്ടാക്കി. ക്രമത്തില്‍ എല്ലാ തരത്തിലുള്ള ജീര്‍ണതകളുടെയും ഉന്മാദരംഗമായി യജ്ഞങ്ങള്‍ മാറി. ഗാന്ധാരം മുതല്‍ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ നീലാകാശം ഏറ്റവും കലുഷമായിത്തീര്‍ന്നു. ആനമുതല്‍ തേനീച്ചവരെയും ഉറുമ്പ്- പാമ്പ് എന്നിവ മുതല്‍ മനുഷ്യന്‍വരെയും യാഗമൃഗമായി. അരുംകൊലയും അതിമാലിന്യങ്ങളും നിറഞ്ഞാടിയ യജ്ഞവേദി പൈശാചികമായ പ്രാണിഹിംസയുടെ മാത്രമല്ല, മദ്യപാനത്തിന്റെയും അശ്ലീലത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും കൂടി കൂത്തരങ്ങായി അധഃപതിക്കുകയുംചെയ്തു. ലോകായത ദാര്‍ശനികന്മാരുടെ വാക്കുകളിലൂടെ പറഞ്ഞാല്‍, ബുദ്ധി-പൗരുഷവിഹീനന്മാരായ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുള്ള മാര്‍ഗം. &ഹറൂൗീ;ഈ ബ്രാഹ്മണങ്ങളിലൂടെയാണ് ബ്രാഹ്മണപുരോഹിതവര്‍ഗം യാജ്ഞികമായ ചടങ്ങുകളെ അരക്കിട്ടുറപ്പിച്ചത്. സാമൂഹ്യ-സാംസ്കാരിക ധാരകളിലെ അധീശത്വം മാത്രമല്ല, സാമ്പത്തിക മേല്‍കോയ്മയുടെ അധീശത്വവും അതുവഴി അവര്‍ നേടിയെടുത്തു. ഒരു യാഗം നടത്തിയാല്‍ അതിനു നേതൃത്വം കൊടുത്ത പുരോഹിതനു ലഭിക്കുന്ന ദക്ഷിണ ഭീകരമാണ്. രാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കനുസരിച്ച് ദശരഥനുവേണ്ടി അശ്വമേധയാഗം നടത്തിയ ഋഷ്യശൃംഗന് ലഭിച്ച തുക- പത്തുലക്ഷം പശുക്കള്‍, പത്തു കോടി സ്വര്‍ണനാണയം, നാല്‍പ്പതു കോടി വെള്ളിനാണയം- ഇത്രയുമത്രെ. ബ്രാഹ്മണങ്ങളിലൂടെ വ്യവസ്ഥാപിതമാക്കിയ യജ്ഞസംസ്കാരം ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ- ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ- അഭേദ്യ ഭാഗമായാണ് വളര്‍ച്ച പ്രാപിച്ചത്. ത്രൈവര്‍ണികര്‍ക്ക്, അതായത് ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട സവര്‍ണര്‍ക്കുമാത്രമാണ് യാഗംചെയ്യാനും യാഗത്തില്‍ പങ്കെടുക്കാനും അധികാരമുള്ളത്. ശൂദ്രനും സ്ത്രീക്കും യാഗം ചെയ്യാനുളള അധികാരമില്ല. സാമൂഹ്യക്രമത്തില്‍നിന്ന് വ്യതിചലിച്ച് ഏതെങ്കിലും ശൂദ്രനോ സ്ത്രീയോ യാഗംചെയ്താല്‍ അതില്‍ ബ്രാഹ്മണര്‍ സംബന്ധിക്കരുതെന്ന് കര്‍ക്കശമായ ഭാഷയില്‍ സ്മൃതിഗ്രന്ഥങ്ങള്‍ താക്കീതു നല്‍കുന്നുണ്ട്. (മനു.4.80-81, 204) എന്നാല്‍, യാഗത്തിന്റെ ഭാഗമായി വരുന്ന വിറകുവെട്ടലും വെള്ളംകോരലും മുറ്റമൊരുക്കലും ശൂദ്രകര്‍ത്തവ്യമത്രെ. ഈ പണി കഴിഞ്ഞാല്‍ ശൂദ്രന്‍ ഓടിപ്പൊയ്ക്കൊള്ളണം. ശൂദ്രസാന്നിധ്യംകൊണ്ട് മലീമസമായ യജ്ഞഭൂമിയെ മന്ത്രംചൊല്ലി ശുദ്ധീകരിച്ചാണ് യജ്ഞകര്‍മങ്ങള്‍ക്ക് സജ്ജമാക്കുന്നത്. ഇപ്രകാരം സമൂഹത്തിലെ സവര്‍ണാധിപത്യത്തെ - ചാതുര്‍വര്‍ണ്യവ്യവസ്ഥയെ - പുനഃസ്ഥാപിക്കാനുളള, ഫ്യൂഡല്‍ ജീര്‍ണതകളെ അരക്കിട്ടുറപ്പിക്കാനുളള വിവിധ പദ്ധതികളിലെ മുഖ്യ ഇനമായും യജ്ഞപുനരുദ്ധാനം മാറുന്നു. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന, ജനാധിപത്യ- മതനിരപേക്ഷ ആശയങ്ങളെ ശിഥിലമാക്കുന്ന യജ്ഞസംസ്കാരം അരക്കിട്ടുറപ്പിക്കാനുളള ഏതൊരു ശ്രമത്തെയും നിരുത്സാഹപ്പെടുത്തേണ്ടത് ജനാധിപത്യ- മതനിരപേക്ഷശക്തികളുടെ ബാധ്യതയാണ്.

അവരുടെ പോരാട്ടങ്ങളുടെ സദ്ഫലങ്ങളാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നതെല്ലാം. യജ്ഞം നടത്തിയോ ഫ്യൂഡല്‍ ഭൂപ്രഭുത്വം ഇഷ്ടദാനമായി നല്‍കിയോ രൂപപ്പെട്ടതല്ല ആധുനിക കേരളം. അതുകൊണ്ടുതന്നെ യജ്ഞസംസ്കാരമല്ല, ഇന്നത്തെ ആധുനിക ശാസ്ത്രയുഗത്തിന്റെ സംസ്കാരമാണ് നമുക്കു വളര്‍ത്തിയെടുക്കേണ്ടത്. ആധുനിക ശാസ്ത്ര-സാങ്കതിക വിദ്യകളുടെ നേട്ടങ്ങളെല്ലാം മൂക്കറ്റം അനുഭവിച്ച് തിമിര്‍ക്കുന്നവരാണ് ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇടതുപക്ഷ-മതനിരപേക്ഷജനാധിപത്യ പ്രസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളെ അകറ്റുക, ജനങ്ങളെ ജാതീയമായ അന്ധവിശ്വാസ ജടിലമായ ആശയങ്ങളില്‍ തളച്ചിടുക, ജനങ്ങളുടെ ഐക്യവും സഹകരണവും ഇല്ലാതാക്കുക ഇതെല്ലാമാണ് യജ്ഞസംസ്കാരം പുനരുദ്ധരിക്കാന്‍ പണമെറിയുന്ന ഫ്യൂഡല്‍-മൂലധന കോര്‍പറേറ്റ് ശക്തികളുടെ ലക്ഷ്യം. അതിനെതിരെ ശക്തമായ രീതിയില്‍ ആശയരംഗത്ത് പ്രതികരിക്കേണ്ടത് ഓരോ പുരോഗമന- ജനാധിപത്യ-മതനിരപേക്ഷവാദിയുടേയും കടമയത്രെ.

*
ഡോ. ധര്‍മരാജ് അടാട്ട് ദേശാഭിമാനി

ബാങ്കുകള്‍ എടിഎം സൗജന്യ സേവനം നിര്‍ത്തുന്നു

ബാങ്കുകള്‍ എടിഎം സൗജന്യ സേവനം നിര്‍ത്തുന്നു

എടിഎം കൗണ്ടറുകളിലൂടെ പണം പിന്‍വലിക്കാന്‍ സമീപഭാവിയില്‍ ഉപയോക്താവ് പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. തുടക്കത്തില്‍ ഭാഗികമായും പിന്നീട് പൂര്‍ണമായും ഫീസ് ഏര്‍പ്പെടുത്താനാണ് നീക്കം. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍നിന്ന് പരിധിയില്ലാതെ കിട്ടിയിരുന്ന സേവനം അവസാനിപ്പിക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തോട് റിസര്‍വ് ബാങ്കും യോജിച്ചതോടെ ഫീസ് ചുമത്താനുള്ള നീക്കം ശക്തമായി. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഫീസ് ഈടാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി വെള്ളിയാഴ്ച അറിയിച്ചു.

നിലവില്‍ സ്വന്തം ബാങ്കില്‍നിന്ന് എത്രതവണ വേണമെങ്കിലും പ്രത്യേക ഫീസില്ലാതെ പണം പിന്‍വലിക്കാം, മറ്റ് ബാങ്കുകളുടെ എടിഎം അഞ്ച് തവണയും. തുടര്‍ന്നുള്ള ഇടപാടിന് ബാങ്ക് നിശ്ചയിക്കുന്ന തുക ഫീസ് നല്‍കണം. ഇതേ മാതൃകയില്‍, സ്വന്തം ബാങ്കിന്റെ സൗജന്യ എടിഎം സേവനവും ഇനി അഞ്ച് വട്ടമാകും. നവംബറില്‍ ബംഗളൂരുവില്‍ യുവതി എടിഎം കൗണ്ടറില്‍ അക്രമത്തിനിരയായതോടെയാണ് സായുധ കാവല്‍ വേണമെന്ന ആവശ്യം ശക്തമായത്. ഇതിന് വന്‍ ചെലവ് വരുമെന്നാണ് ബാങ്കുകളുടെ ന്യായം. സുരക്ഷാജീവനക്കാരെ നിയോഗിച്ചാല്‍ ഓരോ ഇടപാടിനും ആറു രൂപയിലധികം രൂപ ചെലവ് വരുമെന്ന് ബാങ്കുകള്‍ വാദിക്കുന്നു. ഫീസ് ഈടാക്കാന്‍ അനുമതിക്കായി ബാങ്കുകള്‍ ഇതുവരെയും റിസര്‍വ് ബാങ്കിന് അപേക്ഷിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇത് പരിഗണിക്കുന്നുണ്ട്. ഈ മാസം 15ന് മുംബൈയില്‍ ചേരുന്ന നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ യോഗത്തിന് ശേഷം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും. ഫീസ് ഈടാക്കുന്നതിനോട് പൊതുമേഖലാ ബാങ്കുകള്‍ വിയോജിക്കുന്നു. എന്നാല്‍, എല്ലാ ഇടപാടിനും ഫീസ് വേണമെന്നും നിലവിലുള്ള ഫീസ് ഉയര്‍ത്തണമെന്നുമാണ് സ്വകാര്യ ബാങ്കുകളുടെ നിലപാട്.
(സുജിത് ബേബി)

deshabhimani

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് രൂപംകൊണ്ട ആം ആദ്മി പാര്‍ടി (എഎപി), എഴുപതംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി സര്‍ക്കാര്‍ രൂപീകരിച്ചു. തലസ്ഥാന നഗരിയില്‍ പുതിയ പാര്‍ടിയുടെ ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച വലിയ ചര്‍ച്ചയ്ക്ക് വിഷയമായി. രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ ക്യാമ്പുകളില്‍ പുതിയ പാര്‍ടിയുടെ വളര്‍ച്ച സ്വാഗതം ചെയ്യപ്പെട്ടു.

ഒരു പുതിയ പാര്‍ടി ജനകീയപിന്തുണയോടെ പെട്ടെന്ന് അധികാരശ്രേണിയില്‍ എത്തുന്നത് ഇതാദ്യമല്ല. ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ടി 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിക്കുന്ന വിജയം നേടി. 1980കളിലുണ്ടായ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) പ്രസ്ഥാനത്തിലൂടെ അസം ഗണ പരിക്ഷത്തും അധികാരമേറി. ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഈ രാഷ്ട്രീയകക്ഷികള്‍ ഇന്നും നിലനില്‍ക്കുന്നു.

എഎപിയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. വ്യക്തമായ ശൃംഖല തീര്‍ത്ത് മധ്യവര്‍ഗത്തില്‍നിന്ന് പിന്തുണ നേടിയ എഎപി പിന്നീട് നഗരത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചു. അഞ്ച് ദശാബ്ദമായി കോണ്‍ഗ്രസും ബിജെപിയുമായുള്ള ഇരുകക്ഷി രാഷ്ട്രീയം തുടരുന്ന ഡല്‍ഹിയിലാണ് ഇവരുടെ വിജയം. 2011ലെ അഴിമതിവിരുദ്ധ സമരത്തില്‍നിന്നാണ് എഎപിയുടെ ജനനം. ആ സമയത്ത് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജനലോക്പാല്‍ബില്ലിനു വേണ്ടിയുള്ള പ്രസ്ഥാനത്തിന് മധ്യവര്‍ഗത്തിന്റെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചു. പ്രത്യേകിച്ചും ഡല്‍ഹിയിലെ യുവാക്കളില്‍നിന്ന്. അഴിമതിവിരുദ്ധതയില്‍ മാത്രം ഊന്നിയുള്ള ഈ പ്രസ്ഥാനത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുക അസാധ്യമാണ്. എന്നാല്‍, അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോയി. സ്വാഭാവികമായും വളന്റിയര്‍മാരെ ആകര്‍ഷിക്കാനും ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനും എഎപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള എഎപിയുടെ വിജയം ഗുണപരമാണ്. സാധാരണ നിലയില്‍ അരാഷ്ട്രീയമായ മധ്യവര്‍ഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി യുവാക്കളെ രാഷ്ട്രീയത്തിലേക്കും ആദര്‍ശവാദത്തിലേക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് നേട്ടം തന്നെ. എഎപി സര്‍ക്കാരില്‍നിന്ന് വന്‍ പ്രതീക്ഷകളാണ് ജനങ്ങള്‍ക്കുള്ളത്. ഡല്‍ഹിക്കാകട്ടെ സമ്പൂര്‍ണ സംസ്ഥാനപദവി ലഭിച്ചിട്ടുമില്ല.

അതേസമയം കോണ്‍ഗ്രസും ബിജെപിയും സാധാരണ രാഷ്ട്രീയ ചട്ടക്കൂടിന് പുറത്തുള്ള രാഷ്ട്രീയവെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. എഎപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങളുടെ ചില പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വൈദ്യുതിവില 50 ശതമാനം വെട്ടിക്കുറയ്ക്കും, 700 ലിറ്റര്‍ വെള്ളം ദിനംപ്രതി ഒരു വീടിന് സൗജന്യമായി നല്‍കും, വികേന്ദ്രീകരണത്തിലൂടെ മൊഹല്ലസഭകള്‍ വഴി തീരുമാനങ്ങള്‍ കൈക്കൊള്ളും, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അഴിമതി പോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എഎപി പറയുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളെക്കുറിച്ച് എഎപി ഇതുവരെയും മിണ്ടിയിട്ടില്ല. ഉദാഹരണത്തിന് നഗരത്തില്‍ വൈദ്യുതിവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് വിതരണസംവിധാനം സ്വകാര്യവല്‍ക്കരിച്ചതുകൊണ്ടാണ്. ഉന്നത തലത്തിലുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി നവ ഉദാരനയത്തിന്റെ ഫലമാണ്. കരാര്‍ തൊഴിലും ഇതിന്റെ ഫലം തന്നെ. എന്നാല്‍, സമഗ്രമായ നയപരമായ വേദിയെന്തെന്ന് എഎപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവ ഉദാരനയത്തിനെതിരെ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍, ഈ വിഷയങ്ങളെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ഈ രാഷ്ട്രീയ പാര്‍ടിക്ക് ചുറ്റുമുള്ള സാമൂഹ്യ അടിത്തറയിലുണ്ടായ വൈരുധ്യം കൊണ്ടായിരിക്കാം ഇത്. "ഇടത്- വലത് തലമെന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ബുദ്ധിപരമല്ലെന്ന്” എഎപി നേതാവ് തന്നെ പറയുന്നിടംവരെ കാര്യങ്ങളെത്തി. മെച്ചപ്പെട്ട മാതൃക ലാറ്റിനമേരിക്കയില്‍നിന്ന് ഉയര്‍ന്നുവരികയാണെന്നും ഈ നേതാവ് പറഞ്ഞു. എന്നാല്‍, ലാറ്റിനമേരിക്കന്‍ മാതൃക പ്രത്യക്ഷത്തില്‍ത്തന്നെ നവ ഉദാരനയത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തിരുന്നുവെന്ന കാര്യം ഈ നേതാവ് ഓര്‍മിക്കണം.

എഎപി ബിജെപിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയുകയും കോണ്‍ഗ്രസിനെ എന്ന പോലെ ബിജെപിയുടെയും അഴിമതിയും തെറ്റായ നയങ്ങളും പുറത്തുകൊണ്ട്വരികയും ചെയ്തു. മധ്യവര്‍ഗത്തോടും യുവാക്കളോടും നരേന്ദ്രമോഡി നടത്തിയ അഭ്യര്‍ഥനയുടെ മൂര്‍ച്ച കുറയ്ക്കാന്‍ ഡല്‍ഹിയിലെ എഎപി പ്രചാരണം സഹായിച്ചു. എന്നിരുന്നാലും വര്‍ഗീയതയ്ക്കെതിരായ നിലപാടും ഹിന്ദുത്വവര്‍ഗീയ അജന്‍ഡയോടുള്ള എതിര്‍പ്പും എഎപിക്കുണ്ടായിരുന്നില്ല. വര്‍ഗീയതയ്ക്കെതിരെ വ്യക്തമായ നിലപാട് എടുക്കാതെ നിലവില്‍ എഎപിക്ക് ബദല്‍ശക്തിയായി തീരാന്‍ കഴിയുമോ? ഇപ്പോള്‍ എഎപി ദേശീയ പാര്‍ടിയാകാനും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന നയങ്ങളും പദ്ധതികളും അവര്‍ വ്യക്തമാക്കണം. എങ്കില്‍ മാത്രമേ പാര്‍ടിയുടെ സ്വഭാവവും ഏത് ദിശയിലേക്കാണ് പാര്‍ടി പോകുക എന്നതും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയൂ. നിലവില്‍ എഎപി ഭരണവിരുദ്ധ മുഖത്തോടെയാണ് മുന്നോട്ടുപോകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും ഇടതുപക്ഷ പാര്‍ടികളെ ഉള്‍പ്പെടെ ഒരേ ബ്രഷ്കൊണ്ട് താറടിക്കുന്നു. എഎപി അവര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന നന്മ, കളങ്കമില്ലാത്ത പ്രതിഛായയും അഴിമതിരാഹിത്യവും അധികാരത്തിന്റെ സൗജന്യങ്ങള്‍ സ്വീകരിക്കാത്തതും ജനങ്ങളില്‍നിന്ന് സംഭാവന വഴിയുള്ള ധനസമാഹരണവുമാണ്. ഇതെല്ലാം തുടക്കംമുതല്‍ കമ്യൂണിസ്്റ്റ് പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത രീതികളാണ്. ഉദാഹരണത്തിന് പാര്‍ടിയുടെ ധനസമാഹരണംതന്നെ. ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്ന ചെറിയ സംഭാവനകളും പാര്‍ടി അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവി (വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക)യുമാണ് പാര്‍ടിയുടെ വരുമാനസ്രോതസ്സ്. കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന ബക്കറ്റ് പിരിവ് വീക്ഷിച്ച ആര്‍ക്കും ഇക്കാര്യം അറിയാം. കേരളത്തിലുടനീളം സെപ്തംബറില്‍ രണ്ട് ദിവസമായി പാര്‍ടി ഫണ്ടിന് നടത്തിയ പിരിവില്‍ 5.43 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ഔദ്യോഗിക വസതികള്‍ സ്വീകരിക്കാതെ സാധാരണ വീടുകളില്‍ താമസിക്കുന്നതിനെ ഡല്‍ഹിയിലെ പൗരന്മാര്‍ സ്വാഗതം ചെയ്യുകയുണ്ടായി.

പൊതു പദവികള്‍ വഹിച്ച കമ്യൂണിസ്റ്റ് നേതാക്കളാണ് ഈ രീതിക്കും തുടക്കമിട്ടത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, നൃപന്‍ ചക്രവര്‍ത്തി എന്നിവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടി. പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിയായ വേളയിലും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും രണ്ട് കിടക്കമുറികളുള്ള ഫ്ളാറ്റിലായിരുന്നു താമസം. അഴിമതിക്കറ പുരളാത്ത നേതാവാണെന്ന പ്രതിഛായയാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുള്ളത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയപ്പെടുന്നതുതന്നെ രാജ്യത്തെ "ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായാണ"്. സ്വത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണിത്. ഡല്‍ഹിയില്‍ ലളിതജീവിതത്തിന്റെയും പുത്തന്‍ പൊതുസേവനത്തിന്റെയും മാതൃക സഷ്ടിക്കാന്‍ എഎപി സര്‍ക്കാര്‍ നടത്തുന്ന ശ്രമം നല്ലത് തന്നെ. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലായ്പോഴും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണെന്ന കാര്യം മറക്കരുത്. സര്‍ക്കാരുകള്‍ മാത്രമല്ല ഇടതുപക്ഷത്തിന്റെ എംപിമാരും നിയമസാമാജികരും ലളിതജീവിതം നയിക്കുന്നവരും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നവരുമാണ്.

എഎപിയുടെ രാഷ്ട്രീയേതരവും രാഷ്ട്രീയവിരുദ്ധവുമായ ഉദ്ഭവവും മധ്യവര്‍ഗ- എന്‍ജിഒ ബന്ധവുമാണ് ഭരണവര്‍ഗ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ എന്നും തൊഴിലാളിവര്‍ഗത്തെ പിന്തുണച്ചും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് ഇടതുപക്ഷ അജന്‍ഡ. അതോടൊപ്പം സാമൂഹ്യനീതിക്കും ജനാധിപത്യവല്‍ക്കരണത്തിനും അധികാരവികേന്ദ്രീകരണത്തിനും അനുകൂലമാണ് കമ്യൂണിസ്റ്റ് പാര്‍ടി. 1957ല്‍ കേരളത്തില്‍നിന്നാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരംഭം. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയും അധികാരവികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും അഴിമതിയില്ലാത്ത മന്ത്രാലയങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്തു.

ഇന്ന് രാജ്യത്ത് ഭരണവര്‍ഗത്തിന്റെ രണ്ട് കക്ഷികള്‍- കോണ്‍ഗ്രസും ബിജെപിയും- അന്തരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെയും വന്‍കിട ഇന്ത്യന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ചൂഷണം ശക്തമാക്കുകയും ചെയ്യുന്നു. ഇവരുയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരനയമാണ് ഉന്നതങ്ങളിലെ അഴിമതിയുടെ പ്രഭവകേന്ദ്രം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ രണ്ട് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ ചുരുക്കം പാര്‍ടികള്‍ക്ക് മാത്രമേ വ്യക്തമായ നയങ്ങളുള്ളൂ. അതുകൊണ്ട് തന്നെ എഎപി ഡല്‍ഹി തെരഞ്ഞെടുപ്പ് ജയം ഒരു വഴിത്തിരിവാണ്. ബദല്‍ നയങ്ങള്‍ വ്യക്തമാക്കി രാജ്യത്തെ സാധാരണ ജനങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന ഒരു പാര്‍ടി കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഇതനുസരിച്ചായിരിക്കും ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വഴിത്താര നിശ്ചയിക്കപ്പെടുക.

പ്രകാശ് കാരാട്ട് deshabhimani

ഓര്‍മകളില്‍ ജ്വലിക്കുന്നു തെരുവിന്റെ തീക്കനല്‍

ഓര്‍മകളില്‍ ജ്വലിക്കുന്നു തെരുവിന്റെ തീക്കനല്‍

തെരുവുകളില്‍ അവകാശബോധത്തിന്റെ തീക്കനല്‍ പകര്‍ന്ന സഫ്ദര്‍ ഹഷ്മിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്. മുതലാളിത്തം കാര്‍ന്നെടുക്കുന്ന അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളോട് സംവദിച്ചുകൊണ്ടിരിക്കെ 1989ന്റെ പുതുവര്‍ഷരാവിലാണ് ഭരണവര്‍ഗ ഗുണ്ടകള്‍ സഫ്ദറിന്റെ ജീവനെടുത്തത്. സഫ്ദറിന്റെ സഹപ്രവര്‍ത്തകരും പിന്‍മുറക്കാരും ബുധനാഴ്ച അദ്ദേഹം കൊല്ലപ്പെട്ട "ഝണ്ടാപുരില്‍ ഒത്തുചേരും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ പങ്കെടുക്കും.

ഉത്തരേന്ത്യയിലെ പുരോഗമനാശയക്കാരായ കലാകാരന്മാരെ സംഘടിപ്പിച്ചായിരുന്നു സഫ്ദറിന്റെ നേതൃത്വത്തില്‍ തെരുവുനാടക പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. "ജനനാട്യമഞ്ച്"(ജനം) എന്ന് പേരിട്ടായിരുന്നു അവര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും തെരുവുകള്‍ അവര്‍ക്ക് വേദികളായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുതലാളിത്തം തൊഴിലാളിയോട് കാണിച്ച ക്രൂരതകള്‍ അവര്‍ വിളിച്ചു പറഞ്ഞു. "ജനം" പറയുന്നത് തങ്ങളുടെ പ്രശ്നങ്ങളാണെന്ന് കണ്ട് തൊഴിലാളികള്‍ ചുറ്റും കൂടി. പണിശാലകളില്‍ നിന്നിറങ്ങി നാടകവേദിക്ക് ചുറ്റും തടിച്ചു കൂടുന്നവര്‍ വലിയൊരു സംഘശക്തിയായി. തങ്ങളെ ചോദ്യംചെയ്യാന്‍ കെല്‍പ്പുള്ളവരായി ആ കൂട്ടം മാറാതിരിക്കാന്‍ മുതലാളിമാര്‍ കണ്ടെത്തിയ പോംവഴി അക്രമമായിരുന്നു.

1989 ജനുവരി ഒന്നിന് വൈകിട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ സാഹിബാബാദിനടുത്ത ജണ്ഡാപുരില്‍ "ഹല്ലാബോല്‍" എന്ന നാടകം കളിച്ചുകൊണ്ടിരിക്കെയാണ് ഇരച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ നാടകസംഘത്തെ ആക്രമിച്ചത്. ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ സഫ്ദര്‍ പിറ്റേന്ന് തന്റെ സഖാക്കളെ തനിച്ചാക്കി വിടപറഞ്ഞു. മുകേഷ് ശര്‍മ, ദേവി ശരണ്‍ ശര്‍മ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. "ജനനാട്യമഞ്ചി"ന്റെ പ്രവര്‍ത്തകര്‍ അദ്ദേഹം പിടഞ്ഞു വീണ മണ്ണില്‍ എല്ലാ പുതുവര്‍ഷപ്പുലരിയിലും ഒത്തുചേരും. സമൂഹം നേരിടുന്ന വെല്ലുവിളികളെ അവര്‍ നാടകത്തിലൂടെ ജനങ്ങളോട് വിളിച്ചു പറയും. തൊഴിലാളികളുടെ പ്രശ്നങ്ങളും സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളും തുടങ്ങി വര്‍ഗീയതയും തീവ്രവാദവും എല്ലാം അവര്‍ക്ക് വിഷയങ്ങളായി.

deshabhimani

2013 ഡിസംബർ 26, വ്യാഴാഴ്‌ച

സൂപ്പര്‍ മൈലെജോടെ ബജാജിന്റെ പുതിയ വാഹനം ഉടന്‍

സൂപ്പര്‍ മൈലെജോടെ ബജാജിന്റെ പുതിയ വാഹനം ഉടന്‍

Decrease Font SizeIncrease Font SizeText SizePrint This Page 
01
ബജാജിന്റെ പുതിയ ഒരു വാഹനം ഉടന്‍ വരുന്നു. quadricycle വിഭാഗത്തില്‍ പെടുന്ന ഈ വാഹനത്തിന്റെ പേര് ബജാജ് RE60 എന്നാണ്. ഈ വാഹനം ഇപ്പോള്‍ നിരത്തില്‍ ഓടിക്കാന്‍ അനുവാദം ഇല്ലെങ്കിലും ബജാജ് ഈ വാഹനം നിരത്തില്‍ ഇറക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ നാലു ചക്ര വാഹനങ്ങളുടെ നിരയില്‍ ഈ വാഹനത്തെയും കേന്ദ്രം പരിഗണിച്ചു.
പൂര്‍ണമായ മേല്‍കൂരയും നാലു ചക്രങ്ങളും വാതിലുകളും ഈ വാഹനത്തിനുണ്ട്. മൂന്ന് ചക്ര വാഹനങ്ങളെക്കാളും സുരക്ഷിതമാണ് ഈ വാഹനം എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പക്ഷെ സ്വകാര്യ ഉപയോഗത്തിന് അനുവാദമില്ല. ഓട്ടോറിക്ഷയെക്കാള്‍ വലുതും എന്നാല്‍ കാറിനേക്കാള്‍ ചെറുതും ആണ് ഈ വാഹനം.
യാത്ര വിഭാഗത്തില്‍ 450 കിലോഗ്രാമും സാധനങ്ങള്‍ കയറ്റുമ്പോള്‍ 550 കിലോഗ്രാമും ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന ഭാരം. നാലു യാത്രക്കാരെയോ, 500 കിലോഗ്രാം ചരക്കോ കയറ്റാന്‍ അനുവാദം ഉണ്ട്. ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മൈലേജ് തന്നെയാണ് 35 കിലോമീറ്റര്‍ മൈലേജാണ് അവര്‍ അവകാശപ്പെടുന്നത്.


http://boolokam.com/archives/131267#ixzz2ob9JE6i9

കേരളത്തിലും ബാങ്ക് ഇടപാട് കിയോസ്കുകളിലേക്ക്

കേരളത്തിലും ബാങ്ക് ഇടപാട് കിയോസ്കുകളിലേക്ക്

പരമ്പരാഗത ബാങ്കിങ് മേഖലയെ പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുന്ന കിയോസ്ക് സംവിധാനം കേരളത്തിലും തുടങ്ങി. അക്ഷയകേന്ദ്രം വഴി ആദ്യഘട്ടമായി പ്രാഥമിക ബാങ്കിങ് സേവനങ്ങള്‍ നടപ്പാക്കാനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ലീഡ് ബാങ്കായ കനറ ബാങ്ക് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആദ്യ കിയോസ്ക് ആരംഭിച്ചു. എതിര്‍പ്പ് ഭയന്ന് സ്വകാര്യവല്‍ക്കരണമെന്നോ പുറംകരാര്‍ എന്നോ വെളിപ്പെടുത്താതെ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള പണമിടപാടെന്ന് ഇതിനെ ലഘൂകരിക്കാനാണ് ബാങ്കേഴ്സ് സമിതി ശ്രമിക്കുന്നത്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ഇത് ഫലപ്രദമായി ചെയ്യാന്‍ കഴിയാതെവന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കുത്തകസ്ഥാപനങ്ങളുടെ കൈകളിലേക്ക് ഈ സേവനമേഖല എത്തിപ്പെടും. ഇതര സംസ്ഥാനങ്ങളില്‍ എന്‍ജിഒകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും കിയോസ്ക് നടത്തിപ്പ് ഏല്‍പ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും തീരുമാനം. കിയോസ്കുകളിലെ പണമിടപാടുകളുടെ ഉത്തരവാദിത്തം ബാങ്കിനല്ലെന്നും ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കാണെന്നുമാണ് കനറ ബാങ്ക് സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.

ബാങ്കിങ് സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ ബിസിനസ്് കറസ്പോണ്ടന്റുമാരെയും ഫെസിലിറ്റേറ്റര്‍മാരെയും നിയമിക്കുന്നതിന്റെ ഭാഗമായാണ് കിയോസ്കുകള്‍ ആരംഭിക്കുന്നത്. അക്കൗണ്ട് തുടങ്ങല്‍, പണം വാങ്ങലും കൊടുക്കലും എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങള്‍. റക്കറിങ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, ഇന്‍ഷുറന്‍സ് ഇടപാട് എന്നിവയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയും രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും. ഏത് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കിയോസ്കുകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ബാങ്കിങ് സംവിധാനങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്കും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇടപാടുകള്‍ നടത്തല്‍ പ്രയാസമാകും. പണത്തിന് സുരക്ഷ ഉണ്ടാകില്ലെന്ന ആശങ്കയുമുണ്ട്.

കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായ ഇന്റഗ്ര മൈക്രോ സിസ്റ്റംസ് ലിമിറ്റഡ്, മുംബൈയിലെ ഫിനോ പേ ടെക് ലിമിറ്റഡ് എന്നീ കോര്‍പറേറ്റുകളുമായി കനറ ബാങ്ക് അഞ്ചുവര്‍ഷ കരാര്‍ ഒപ്പുവെച്ചു. 2016ഓടെ ഇന്ത്യയില്‍ 8400 ഗ്രാമങ്ങളില്‍ കിയോസ്ക്ക് സ്ഥാപിക്കാനാണ് പദ്ധതി. നേരത്തെ എസ്ബിഐ 600 ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിച്ചിരുന്നെങ്കിലും പരാതിയെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. കിയോസ്ക് പരമ്പരാഗത ബാങ്ക് സംവിധാനത്തിന് തിരിച്ചടിയാകുമെന്നും പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക ബാധ്യതകള്‍ ഇല്ലാതാക്കുമെന്നും വിലയിരുത്തുന്നു. സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനും എതിരെ ഓഫീസര്‍മാരും ജീവനക്കാരും കൂട്ടായ പ്രക്ഷോഭം തുടരുകയാണ്്. ജീവനക്കാരെ പടിപടിയായി കുറയ്ക്കാനും ഇടപാട് സ്വകാര്യവല്‍ക്കരിക്കാനുമാണ് കിയോസ്കുകളെന്നാണ് ജീവനക്കാരുടെ ആശങ്ക. ഫെഡറല്‍ ബാങ്കില്‍ ഇടപാടുകള്‍ അക്ഷയകേന്ദ്രംവഴി പുറംകരാര്‍ നല്‍കിയാല്‍ ചെറുക്കുമെന്ന് സ്റ്റാഫ് യൂണിയന്‍ (ബെഫി) ജനറല്‍ സെക്രട്ടറി ഷാജു ആന്റണി പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അക്ഷയകേന്ദ്രം നടത്തിപ്പുകാരായ അസോസിയേഷന്‍ ഐടി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ പറഞ്ഞു.
(സി എന്‍ റെജി)

deshabhimani

2013 ഡിസംബർ 21, ശനിയാഴ്‌ച

മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇടതുപക്ഷവും

മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇടതുപക്ഷവും
പ്രീജിത്ത് രാജ്
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചെല്ലിയുയര്‍ന്ന വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. പശ്ചിമഘട്ട മലനിരകള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐ എം തുറന്നമനസ്സോടെയാണ് നില്‍ക്കുന്നത്. ജയറാം രമേഷ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിയായിരുന്ന വേളയിലാണ് 2010 ഫെബ്രുവരിയില്‍ പശ്ചിമഘട്ട സംരക്ഷണ ജനകീയ കൂട്ടായ്മയെ അഭിസംബോധന ചെയ്യുമ്പോള്‍, പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ഒരു സമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ തന്നെ പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ 14 അംഗ കമ്മറ്റി നിലവില്‍ വന്നു. 2011ല്‍ തന്നെ പാനല്‍, റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍, ഒമ്പത് മാസക്കാലത്തോളം അത് ആര്‍ക്കും കാണാന്‍ സാധിച്ചില്ല. മുക്കിവെച്ചു. ഒടുവില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പ്പര്യഹര്‍ജിയെ തുടര്‍ന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോയെന്നുള്ളതാണ് രസം. അവസാനം ഡല്‍ഹി ഹൈക്കോടതി അപ്പീല്‍ നിരസിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് വെബ്സൈറ്റിലിടാന്‍ കേന്ദ്രഗവണ്‍മെന്റ് നിര്‍ബന്ധിതരായത്. ഇതിലെന്താണിത്ര മറച്ച് വെക്കാനുള്ളത്! ജനങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത, കണ്ടാല്‍ വിഷയമാവുന്ന എന്താണുള്ളത്? കോണ്‍ഗ്രസ് ഭരണകൂടം ഇതിന് മറുപടി പറയാനും ബാധ്യസ്ഥര്‍ ആണ്.
പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉള്‍ക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ് ആചാര്യനായ ഫ്രെഡറിക്ക് എംഗല്‍സ്് നടത്തിയിട്ടുള്ള വിശകലനം ഇന്നും പ്രസക്തമാണ്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് മുതലാളിത്തമാണ്. ചൂഷണത്തിലൂടെ ധനം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയാണ് അവരെ നയിക്കുന്നത്. നദികളിലെ മണല്‍ വാരുന്നു. മണല്‍മാഫിയകളെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. പ്രകൃതിയുടെ മഴവെള്ള സംഭരണികൂടിയായ നെല്‍വയലുകള്‍ നികത്തുന്നു. നിയമങ്ങളെ മറികടന്ന് ഖനനങ്ങള്‍ നടത്തുന്നു. പാറ പൊട്ടിക്കല്‍ വ്യാപകമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സിമന്റ് കാടുകള്‍ വെച്ച് പിടിപ്പിക്കുന്നു. മരങ്ങള്‍ വെട്ടി നശിപ്പിച്ച് റിയല്‍ എസ്റേറ്റ് മാഫിയ ഭൂമി കൈയ്യേറുന്നു. ഭൂമിയുടെ ഘടന തന്നെ മാറിപ്പോവുന്ന വിധത്തിലുള്ള കൈയ്യേറ്റം.
റിപ്പോര്‍ട്ടിനെതിരായി കേരളത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ന്നുവന്നു. മലയോരമേഖലകളില്‍ വസിക്കുന്നവര്‍ ഭയാശങ്കയിലായി. ഈ റിപ്പോര്‍ട്ട് പാടേ തള്ളിക്കളയണമെന്ന നിലപാടാണ് ചില മത-രാഷ്ട്രീയ സംഘടനകള്‍ സ്വീകരിച്ചത്. ഇടതുപക്ഷമാവട്ടെ റിപ്പോര്‍ട്ടിലെ കുറവുകളും അശാസ്ത്രീയതയും പരിഹരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിന്റെ നിയമസഭയില്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ മുന്നോട്ട് വന്നത് സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും സഭയുടെ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനാണ്. ഹരിതവാദികളെന്ന് പറയുന്ന കൂട്ടം പോലും ഈ റിപ്പോര്‍ട്ടിനെ കണ്ടില്ലെന്ന് നടിക്കുന്ന ഭാവത്തോടെയാണ് സഭയില്‍ ഇരുന്നത്.
പൊതുതാല്‍പ്പര്യമുള്ള ഈ വിഷയം ചട്ടം 130 അനുസരിച്ച് ഉപക്ഷേപമായി അവതരിപ്പിച്ചത്. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവിതം വഴിമുട്ടും എന്ന് കരുതിയ ജനവിഭാഗത്തിന്് ഇടതുപക്ഷത്തിന്റെ കരുതല്‍ അനുഭവിച്ചറിയാന്‍ സാധിച്ച ഒരു ചരിത്രമുഹൂര്‍ത്തം കൂടിയായി മാറി ഇത്. അതേ സമയം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് കാവല്‍ക്കാരായി നില്‍ക്കുന്നത് സിപിഐ എം ആണെന്നും ഈ ചര്‍ച്ച വിളിച്ച് പറഞ്ഞു. ഹരിത എം എല്‍ എമാര്‍ എന്നൊക്കെയുള്ള വിളിപ്പേരുകളില്‍ അഭിരമിക്കുന്നവര്‍ വെറും വെള്ളപിശാചുകള്‍ മാത്രമാണെന്നും ചില ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് ഇവരുടെ ഹരിതസ്നേഹമെന്നും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ പൊതുജനത്തിന് ബോധ്യമാവുന്നു. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണം എന്ന ഉപക്ഷേപവും അതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയും അതിന് നിമിത്തമാവുന്നു.
20-12-2012, കേരള നിയമസഭ
സമയം : 6.30-6.40 pm
കോടിയേരി ബാലകൃഷ്ണന്‍ : “മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒട്ടേറേ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ജനവാസം പല മേഖലകളിലും അസാധ്യമാക്കുന്നതുമാണ്. ഈ വിഷയം ചര്‍ച്ച ചെയ്യണം” എന്ന ഉപക്ഷേപം അവതരിപ്പിക്കുന്നു.
മുല്ലക്കര രത്നാകരന്‍ : പിന്താങ്ങുന്നു.
കോടിയേരി ബാലകൃഷ്ണന്‍ : മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായിട്ടുള്ള ഒരു സമിതിയെ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചത് 2010 മാര്‍ച്ച് മാസത്തിലാണ്. അന്ന് പരിസ്ഥിതി-വനം വകുപ്പ് മന്ത്രിയായിരുന്ന ജയറാം രമേശാണ് ഈ സമിതിയെ പ്രഖ്യാപിച്ചത്. 2010 ഫെബ്രുവരിയില്‍ നീലഗിരി മലയിലുള്ള കോത്തഗിരി എന്ന സ്ഥലത്ത് നടന്ന പശ്ചിമഘട്ട സംരക്ഷണ ജനകീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്ത സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനം ജയറാം രമേശ് പ്രഖ്യാപിച്ചത്. 2011 സെപ്തംബറില്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2012 മെയ് 23നാണ് റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആയിരത്തി അഞ്ഞൂറില്‍പ്പരം നിര്‍ദ്ദേശങ്ങള്‍ പഠിക്കാനും വിലയിരുത്താനും പശ്ചിമഘട്ട സംസ്ഥാനങ്ങളെ സംബന്ധിച്ചൊരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും കേന്ദ്ര ഗവണ്‍മെന്റ് 2012 ആഗസ്റ് 17 ന് ഡോ.കസ്തൂരിരംഗന്‍ ചെയര്‍മാനായിട്ടുള്ള ഒരു ഒന്‍പതംഗ കമ്മിറ്റിയെ നിശ്ചയിച്ചു. ആ കമ്മിറ്റിക്ക് റണ്ടു മാസത്തെ കാലാവധിയാണ് ആദ്യം കൊടുത്തത്. ഇപ്പോള്‍ അതിന്റെ കാലാധി നാല് മാസം കൂട്ടി നല്‍കിയിട്ടുണ്ട്. ഡോ. കസ്തൂരിരംഗന്‍ ഏതെല്ലാം തരത്തിലുള്ള പരിശോധനകളാണ് നടത്തിയതെന്ന് ഇപ്പോള്‍ ആര്‍ക്കും വേണ്ടത്ര വ്യക്തതയില്ല. കേരളത്തില്‍ വന്നിട്ടില്ലെന്നും വന്നെന്നുമുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്. എന്താണ് യഥാര്‍ത്ഥ വസ്തുത? മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് അറിവുണ്ടെങ്കില്‍ പറയണം. ഡോ. കസ്തൂരിരംഗന്‍ ഗവണ്‍മെന്റുമായോ, ഇവിടെയുള്ള ഏതെങ്കിലും സമിതിയുമായോ ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇത്തരം കാര്യങ്ങള്‍ ഈ സഭയ്ക്കറിയേണ്ടതായുണ്ട്.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനകത്ത് പരാമര്‍ശിച്ചിട്ടുള്ള ഒട്ടേറേ കാര്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. ഇതിന്റെ പ്രധാന പ്രശ്നം ഇത് മനുഷ്യനെ കാണാത്ത റിപ്പോര്‍ട്ടാണെന്നതാണ്. മനുഷ്യവാസം ഇല്ലാതാക്കുന്ന രൂപത്തിലുള്ള ഒരു റിപ്പോര്‍ട്ട് നമ്മുടെ രാജ്യത്ത് എങ്ങനെയാണ് പ്രായോഗികമാക്കുന്നത്. 63 താലൂക്കുകളില്‍ 42 താലൂക്കുകളെ വിവിധ സോണുകളിലായിപ്പെടുത്തി പരിസ്ഥിതിലോലമേഖലയായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതില്‍ 14 താലൂക്കുകളെയാണ് അതിലോല മേഖലയായി നിരീക്ഷിക്കുന്നത്. ആ താലൂക്കുകളെ ഈ റിപ്പോര്‍ട്ട് വളരെ പ്രതികൂലമായി ബാധിക്കും. 633 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഇത് വിഷമ സന്ധിയിലാക്കും. ആലപ്പുഴ ജില്ലയൊഴികെ 13 ജില്ലകള്‍ക്കും ഏറ്റക്കുറച്ചിലോടുകൂടി ബാധമാകുന്ന റിപ്പോര്‍ട്ടാണിത്. ഈ സഭയില്‍ അംഗങ്ങളായിട്ടുള്ള ഒട്ടുമിക്ക എംഎല്‍എമാരുടെയും മണ്ഡലങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി നമ്മുടെ സംസ്ഥാനത്ത് നിയമങ്ങളുണ്ട്. കൂടാതെ കേന്ദ്രനിയമങ്ങളുമുണ്ട്. ഈ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ പശ്ചിമഘട്ട സംരക്ഷണം ഉറുപ്പുവരുത്താന്‍ കഴിയും.
ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെട്ടാല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം. ഗവണ്‍മെന്റിന്റെ മുകളില്‍ മറ്റൊരു ഉപരി ഗവണ്‍മെന്റ് രൂപം കൊള്ളുന്ന സ്ഥിതി വിശേഷമാണ് അപ്പോള്‍ ഉണ്ടാവുക. പശ്ചിമഘട്ടമേഖലയെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് മൂന്ന് തരം സോണുകളായി തിരിച്ചതിലാണ് ഏറ്റവും കൂടുതല്‍ അശാസ്ത്രീയത ഉണ്ടായിരിക്കുന്നത്. ഒരു താലൂക്കില്‍ അമ്പത് ശതമാനത്തിലേറെ പ്രദേശം പരിസ്ഥിതി ലോലമാണെന്ന് വിലയിരുത്തുമ്പോള്‍ ആ താലൂക്ക് മൊത്തത്തില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുകയാണ്. താലൂക്കടിസ്ഥാനത്തില്‍ വിഭജിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാവും ഇതിന്റെ നടത്തിപ്പില്‍ വന്നുചേരാന്‍ പോകുന്ന പ്രധാന പ്രതിബന്ധം. എക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ (ESZ) എന്ന് നിരീക്ഷിച്ചുകൊണ്ട്് സോണ്‍ ഒന്നില്‍ പെടുന്ന മേഖലയ്ക്ക് അതീവ പരിസ്ഥിതി പ്രാധാന്യം നല്കുകയാണ്. അവിടെ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുകയാണ്. യാതൊരു വികസന പ്രവര്‍ത്തനവും പാടില്ല എന്നതാണ് കാഴ്ചപ്പാട്. സോണ്‍ ഒന്നില്‍ നിലവിലുള്ള ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും അതിന് ചുറ്റുമുള്ള ബഫര്‍മേഖലകളും ഇതിന്റെ പരിധിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, രണ്ടാമത്തെ സോണില്‍ ചില നിയന്ത്രണങ്ങളോടു കൂടി വികസന പ്രവര്‍ത്തനമാകാം എന്ന് കമ്മീഷന്‍ പറയുന്നുണ്ട്. മൂന്നാമത് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ കുറച്ചുകൂടി അയവ് വരുത്തുന്നുണ്ട്. അവിടെയും നിയന്ത്രണങ്ങളോട് കൂടി വികസന പ്രവര്‍ത്തനം അനുവദിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഡല്‍ഹിയില്‍പോയപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും അവിടെ വച്ച് കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രപ്പോസലില്ലായെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. അത് പറഞ്ഞ് ഒരു ഇഷ്യൂ ഉണ്ടാക്കരുത്. അങ്ങനെയൊന്നില്ലായെന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പറഞ്ഞിട്ടുണ്ട്. അങ്ങേയ്ക്ക് ലഭിച്ച ആ നിവേദനം എനിക്കും ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല.
ഒന്നാമത്തെ സോണിനകത്ത് ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ്. ഇടുക്കി ജില്ല സമ്പൂര്‍ണ്ണമായും ആ സോണിലാണ് നിലകൊള്ളുന്നത്. തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, താലൂക്ക് തുടങ്ങിയവ ഇതിലുള്‍പ്പെട്ടിരിക്കുന്നു. വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി താലൂക്കുകളും പത്തനംതിട്ടയിലെ റാന്നി താലൂക്ക്, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പുനലൂര്‍, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചിറ്റൂര്‍, തിരുവനന്തപുരത്തെ നെടുമങ്ങാട്, തൃശൂരിലെ ഇരിങ്ങാലക്കുട താലൂക്ക് തുടങ്ങിയവ ഒന്നാമത് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവിടങ്ങളില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനവും പാടില്ല എന്നുള്ള നിലപാട് സ്വീകരിക്കുന്നതില്‍ യുക്തിരാഹിത്യമുണ്ട്. ഈ താലൂക്കുകളിലെ ചില പ്രദേശങ്ങളില്‍ വനമുണ്ട്. അത് സംരക്ഷിക്കണം. അതിന് വനം ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍ ഒന്നാം സോണില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. അതിന് പകരം താലൂക്ക് മുഴുവനായും സോണാക്കി പ്രഖ്യാപിക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ ഗുരുതരമായ പ്രശ്നം. ജനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കുന്നതും ഇതുകൊണ്ടാണ്.
ഈ റിപ്പോര്‍ട്ടിന്റെ കാഴ്ചപ്പാടില്‍ ജനവാസം പ്രകൃതിക്ക് നിരക്കാത്തതാണ്. പ്രകൃതിയെ തന്നെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മനുഷ്യന്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഇന്നത്തെക്കാലത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം എന്നതാവണം നമ്മുടെ കാഴ്ചപ്പാട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ച് സമിതി ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്ന് ചര്‍ച്ച ചെയ്ത് ഒരു നിലപാട് എടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ യാതൊരു വികസനപ്രവര്‍ത്തനവും പാടില്ല എന്ന സമിതിയുടെ നിര്‍ദ്ദേശത്തോട് യോജിക്കാന്‍ സാധിക്കില്ല.
കേരളത്തിന് അനുയോജ്യമായ കാഴ്ചപ്പാട് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനം എന്നതാണ്. നേരത്തെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വേണ്ടത്ര ആഴത്തിലുള്ള കാഴ്ചപ്പാട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണം പ്രധാനപ്പെട്ട അജണ്ടയായി എടുക്കുന്ന തലത്തിലുള്ള പരിസ്ഥിതി അവബോധം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വളര്‍ന്ന് വരുന്നുണ്ട്. സിപിഐ എം വളരെ നേരത്തെ തന്നെ പരിസ്ഥിതി സംരക്ഷണം പ്രധാനപ്പെട്ട വിഷയമായി എടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഇത് പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്തു.
പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉള്‍ക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു. “മനുഷ്യന് മാത്രമാണ് പ്രകൃതിയുടെ മേല്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ വിജയകമരായി കഴിഞ്ഞിട്ടുള്ളത്. അവന്‍ സസ്യവര്‍ഗങ്ങളെയും ജന്തുജാതികളെയും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി എന്നു മാത്രമല്ല, സ്വന്തം വാസസ്ഥലങ്ങളുടെ കാലാവസ്ഥയേയും മറ്റ് സ്ഥിതിഗതികളേയും പോലും മാറ്റി. അങ്ങനെ അവന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍ ഭൂഗോളത്തിന്റെ പൊതുനാശത്തോടു കൂടി മാത്രമേ തിരോഭവിക്കുകയുള്ളു എന്ന സ്ഥിതി വന്നിരിക്കുന്നു.” പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന അവസ്ഥയെ സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ് ആചാര്യനായ ഫ്രെഡറിക്ക് എംഗല്‍സ്് നടത്തിയിട്ടുള്ള വിശകലനം ഇന്നും പ്രസക്തമാണ്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് മുതലാളിത്തമാണ്. ചൂഷണത്തിലൂടെ ധനം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയാണ് അവരെ നയിക്കുന്നത്. നദികളിലെ മണല്‍ വാരുന്നു. മണല്‍മാഫിയകളെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. പ്രകൃതിയുടെ മഴവെള്ള സംഭരണികൂടിയായ നെല്‍വയലുകള്‍ നികത്തുന്നു. നിയമങ്ങളെ മറികടന്ന് ഖനനങ്ങള്‍ നടത്തുന്നു. പാറ പൊട്ടിക്കല്‍ വ്യാപകമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സിമന്റ് കാടുകള്‍ വെച്ച് പിടിപ്പിക്കുന്നു. മരങ്ങള്‍ വെട്ടി നശിപ്പിച്ച് റിയല്‍ എസ്റേറ്റ് മാഫിയ ഭൂമി കൈയ്യേറുന്നു. ഭൂമിയുടെ ഘടന തന്നെ മാറിപ്പോവുന്ന വിധത്തിലുള്ള കൈയ്യേറ്റം. പല രാജ്യങ്ങളിലും അവിടുത്തെ ഭൂഘടന മാറ്റിമറിച്ചുകൊണ്ടുളള ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കുന്നില്ല. ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ഭൂഘടനയ്ക്കനുസരിച്ചുള്ള ശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിക്കുന്നു.
കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് ഒരു ഇടപെടല്‍ ഉണ്ടാകാത്തതിന്റെ ദുരന്തം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തീരപ്രദേശത്ത് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് CRZ ആക്ട് ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ആവാസവ്യവസ്ഥയെ ബാധിക്കുന്ന വിധം CRZ ആക്ട് മാറിയിരിക്കുന്നു. യഥാസമയം വേണ്ടരീതിയില്‍ ഇടപെടാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് ഇവിടെ ഒരു ഇടപെടല്‍ ആവശ്യമല്ലെ?
കേരളത്തില്‍ മലയിടിക്കുന്നു, കുന്നുകള്‍ ഇല്ലാതാക്കുന്നു. അവിടങ്ങളിലെ മണ്ണ് മറ്റൊരു സ്ഥലത്ത് നിക്ഷേപിക്കുന്നു. പ്രകൃതിദത്തമായ ഭൂഘടനയെ അട്ടിമറിക്കുന്നതിന്റെ ഫലമായി പാരിസ്ഥിതികമായ അസന്തുലിതാവസ്ഥയുണ്ടാവുന്നു. കാലാവസ്ഥ വ്യതിയാനം വരെ സംഭവിക്കുന്നു. കേരളത്തെ സമ്പൂര്‍ണ്ണ വരള്‍ച്ച ബാധിതപ്രദേശമായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തീര്‍ച്ചയായും പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനകത്ത് ചൂണ്ടിക്കാണിക്കുന്ന പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിര്‍ദേശങ്ങളെ അന്ധമായി വിയോജിക്കാന്‍ പാടില്ല. നമ്മള്‍ അന്വേഷിക്കേണ്ടത് പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധിക്കുമെന്നാണ്. ചില കേന്ദ്രങ്ങള്‍ പറയുന്നത് ഈ റിപ്പോര്‍ട്ട് അതേപടി തള്ളിക്കളയണമെന്നാണ്. അതിനോട് ഞങ്ങള്‍ യോജിച്ചിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തോട് നമ്മള്‍ വിയോജിക്കുന്നില്ല. എന്നാല്‍, പരിസ്ഥിതി സംരക്ഷണം എന്ന് പറഞ്ഞ് മനുഷ്യരുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കുന്ന ഒരവസ്ഥ സംജാതമാവാനും പാടില്ല.
ഈ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുകയാണെങ്കില്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ സാധ്യമാകാതെ വരും. മുപ്പത്- അമ്പത് വര്‍ഷം പഴക്കമുള്ള ജലവൈദ്യുതി പദ്ധതികളും ഡാമുകളുമൊക്കെ ഡി കമ്മീഷന്‍ ചെയ്യേണ്ടതായി വരും. അങ്ങനെ വന്നാല്‍ 350 മെഗാവാട്ടിന്റെ ശബരിഗിരി പദ്ധതി ഡി കമ്മീഷന്‍ ചെയ്യേണ്ടതായി വരും. കക്കാട്, മണിയാര്‍, പെരിനാട് തുടങ്ങിയ പദ്ധതികളും ഡി കമ്മീഷന്‍ ചെയ്യപ്പെടും മുല്ലപ്പെരിയാര്‍ ഡാം പൊളിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന ഇടുക്കി ഡാം പൊളിക്കേണ്ടതായി വരും. പുതിയ ഡാമുകള്‍ പാടില്ലെന്നും നിലവിലുള്ള ഡാമുകള്‍ പൊളിച്ചുമാറ്റണമെന്നുമുള്ള നിര്‍ദ്ദേശങ്ങളോട് യോജിക്കാന്‍ കഴിയില്ല. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം പോലും ഇതിന്റെ ഭാഗമായി സാധ്യമല്ലാതെ വരും. വിദ്യുച്ഛക്തി ഉല്‍പ്പാദനമേഖലയില്‍ പ്രതിസന്ധിയുണ്ടാകും. റെയില്‍ പദ്ധതികള്‍ പാടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍, തലശ്ശേരി-മൈസൂര്‍ പാത, ശബരിപാത തുടങ്ങിയവയും ഈ റിപ്പോര്‍ട്ട് പ്രകാരം സാധ്യമാക്കാന്‍ കഴിയില്ല. മലയോര ഹൈവേക്കും റിപ്പോര്‍ട്ട് തടസമാകും. ഇത് വികസനരംഗത്ത് പ്രതിസന്ധി ഉണ്ടാക്കും. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളുടെ വികസനത്തിന് തിരിച്ചടിയാവും. കേരളത്തിന്റെ പൊതുവികസനത്തെ വിനാശകരമായി ബാധിക്കും. അത്തരം കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ള പ്രധാന പ്രശ്നങ്ങള്‍. അതുകൊണ്ട് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം എന്ന് പറഞ്ഞാല്‍ അത് സാധിക്കില്ല.
പാലോട് രവി എം എല്‍ എ ഇടപെടുന്നു.
പാലോട് രവി : അങ്ങിവിടെ സംസാരിച്ചപ്പോള്‍ സൂചിപ്പിച്ചത് 2010 മാര്‍ച്ച് 14 നാണ് ഇത്തരത്തില്‍ ഒരു പാനല്‍ ഇവിടെ നിലവില്‍ വരുന്നത് എന്നാണ്. 2011 സെപ്തംബറിലാണ് ആ പാനല്‍ റിപ്പോര്‍ട്ട് നല്കുന്നത്. എന്റെ ചോദ്യം 2010ല്‍ പാനല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ കേരളത്തില്‍ നിന്ന് രണ്ടുപേരുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ഇടത് ഗവണ്‍മെന്റായിരുന്നു ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ രണ്ട് അംഗങ്ങളെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് കേരള ഗവണ്‍മെന്റുമായി ആലോചിച്ചിട്ടുണ്ടോ? നിങ്ങളിരിക്കുന്ന കാലഘട്ടത്തിലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആ സമയത്ത് ഇതിലെ അംഗങ്ങളുമായോ, ഗാഡ്ഗിലുമായോ കേരള ഗവണ്‍മെന്റ് ഏതെങ്കിലും ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ?
കോടിയേരി ബാലകൃഷ്ണന്‍ : അന്ന് സംസ്ഥാനത്ത് മന്ത്രിയായിരുന്ന എ. കെ. ബാലനും കേന്ദ്രത്തില്‍ പരിസ്ഥിതി കൈകാര്യം ചെയ്യുന്ന മന്ത്രി ജയറാം രമേശും തമ്മില്‍ ഈ പ്രശ്നത്തിന്റെ പേരിലുണ്ടായ വാദപ്രതിവാദം ഏവര്‍ക്കും ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു. സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്ന വിധത്തിലൊക്കെ ഇടപെടാനും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട വേദികളില്‍ തുറന്ന് പറയാനും ഇടതുപക്ഷ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പ്രായോഗികമാക്കുന്ന സ്ഥിതി വന്നാല്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
ആരാധനാലയങ്ങള്‍ക്കും റിപ്പോര്‍ട്ട് വിലക്കേര്‍പ്പെടുത്തുന്നുണ്ട്. പള്ളികളും ക്ഷേത്രങ്ങളുമൊന്നും പുതുതായി നിര്‍മിക്കാന്‍ പാടില്ല. അവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടി വരും. സ്കൂളുകള്‍ നവീകരിക്കാന്‍ സാധിക്കില്ല. സ്കൂളുകളും കോളേജുകളും പുതുതായി സ്ഥാപിക്കാന്‍ സാധിക്കില്ല. കൃഷി സമ്പ്രദായങ്ങളിലും സമ്പൂര്‍ണ്ണമായ മാറ്റം വേണ്ടിവരും. റബ്ബര്‍കൃഷി അടക്കമുള്ള നാണ്യവിളകളെ സമ്പൂര്‍ണ്ണമായി തകര്‍ക്കുന്ന വിധത്തില്‍ പരമ്പരാഗതമായ കൃഷി സമ്പ്രദായങ്ങളിലേക്ക് തിരിച്ചുപോകണമെന്ന നിര്‍ദേശവും ഈ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ നല്ലതുമാണ്. തോട്ടങ്ങളില്‍ അഞ്ച് ശതമാനം വരെ ഭൂമി കാര്‍ഷിക വിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി/പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കാമെന്ന് നിയമമുണ്ടാക്കിയ ഈ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പദ്ധതികളൊന്നം ഈ റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കാന്‍ സാധിക്കില്ല. റിയല്‍ എസ്റേറ്റ് മാഫിയക്കും അവരെ വളര്‍ത്തുന്ന യു ഡി എഫ് സര്‍ക്കാരിനും തടയിടുന്ന ഈ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. പൊതുഭൂമി സ്വകാര്യമേഖലയ്ക്ക് കൊടുക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും ഞങ്ങള്‍ അംഗീകരിക്കുന്നു.
കസ്തൂരിരംഗന്‍ കേരളത്തില്‍ വന്നിട്ടില്ലല്ലോ. കസ്തൂരി രംഗന്‍ ആരെയാണ് കണ്ടത്? ഈ നിമിഷം വരെ ആരെയെങ്കിലും ഏതെങ്കിലും പൊതുപ്രവര്‍ത്തകനെയോ, ത്രിതലപഞ്ചായത്ത് മെമ്പര്‍മാരെയോ കണ്ടിട്ടുണ്ടോ? ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൊടുക്കുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഈ സ്റേറ്റിലെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരെ കണ്ടിട്ടുണ്ടോ? ആരോടും ചോദിക്കാതെ എങ്ങനെയാണ് റിപ്പോര്‍ട്ട് കൊടുക്കുന്നത്? ആ റിപ്പോര്‍ട്ടിനോടുള്ള സമീപനം എന്തായിരിക്കുമെന്നുള്ളതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഓരോ നിര്‍ദ്ദേശങ്ങളും പരിശോധിച്ചുകൊണ്ട് നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാവും. ഇത് സംബന്ധിച്ച് മലയോര മേഖലകളില്‍ വ്യാപകമായി ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഇടുക്കിയിലെ ജനങ്ങള്‍ അണിനിരക്കുന്ന സര്‍വ്വകക്ഷി സമരം രക്തസാക്ഷി മണ്ഡപത്തിന്റെ മുമ്പില്‍ നടക്കുന്നുണ്ട്. വയനാട്ടില്‍ കഴിഞ്ഞ ദിവസം വലിയ ഒരു ജനകീയകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അവിടെയും ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. വന്യജീവികളുടെ ആവാസം വന്യജീവികള്‍ക്ക് വിഹരിക്കാനുള്ള ഇടമായി സുഗമമായി വയ്ക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എനിക്ക് കഴിഞ്ഞ ദിവസം ഒരു നിവേദനം ലഭിച്ചിരുന്നു. അതില്‍ പറയുന്നത്: കുമളി കടുവാ സങ്കേതത്തിലും മതികെട്ടാന്‍ ചോലയ്ക്കുമിടയിലുള്ള ഏഴ് പഞ്ചായത്തുകളെ കമ്മ്യൂണിറ്റി റിസര്‍വെന്ന പേരില്‍ വന്യജീവി ഇടനാഴിയാക്കുവാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു എന്ന ആക്ഷേപമാണ്. ഇത്തരം പ്രദേശങ്ങളിലെ മനുഷ്യര്‍ വന്യജീവികള്‍ക്കുവേണ്ടി ഇടനാഴികള്‍ സൃഷ്ടിക്കുമ്പോള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാവും. വയനാട് ജില്ല കടുവയ്ക്ക് വേണ്ടി വിട്ടുകൊടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവിടെ മനുഷ്യര്‍ വേണ്ട കടുവ മതി. കടുവാ സങ്കേതമായി പ്രഖ്യാപിക്കും.
വനം മകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇടപെടുന്നു
വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി കെ. ബി. ഗണേഷ്കുമാര്‍: മുഖ്യമന്ത്രിയും വനംവകുപ്പു മന്ത്രിയെന്ന നിലയില്‍ ഞാനും ഒപ്പിട്ടൊരു പത്രക്കുറിപ്പു കൊടുത്തിരുന്നു. കൂടാതെ മുഖ്യമന്ത്രി ഡല്‍ഹിയില്‍പോയപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും അവിടെ വച്ച് കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രപ്പോസലില്ലായെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. അത് പറഞ്ഞ് ഒരു ഇഷ്യൂ ഉണ്ടാക്കരുത്. അങ്ങനെയൊന്നില്ലായെന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പറഞ്ഞിട്ടുണ്ട്. അങ്ങേയ്ക്ക് ലഭിച്ച ആ നിവേദനം എനിക്കും ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല.
കോടിയേരി ബാലകൃഷ്ണന്‍ : പൊതുവില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഇത്തരത്തിലുള്ള ധാരാളം പ്രശ്നങ്ങള്‍ ഇതിന്റെ ഭാഗമായി ഉയര്‍ന്ന് വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ഒന്നാമതായി ഈ റിപ്പോര്‍ട്ട് മലയാളത്തില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രി ഇന്ന് രാവിലെ എനിക്ക് തന്നു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എം.എല്‍.എമാര്‍ മാത്രം അറിഞ്ഞാല്‍ പോരാ. നാട്ടിലെ മുഴുവന്‍ ജനങ്ങളും മനസിലാക്കണം. ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി ജനങ്ങളുടെ ആശങ്കകള്‍ അകറ്റണം. ഉള്ളതും ഇല്ലത്തതും ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ അച്ചടിച്ചിരിക്കുന്ന ലഘുലേഖകള്‍ പരിശോധിക്കുമ്പോള്‍ അവയിലെ വിശദാംശങ്ങള്‍ക്ക് റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്ന് മനസിലാവും. യഥാര്‍ത്ഥ വസ്തുത എന്താണെന്നുള്ളത് ജനങ്ങളെ അറിയിക്കാന്‍ മടിച്ച് നിന്നാല്‍ സംസ്ഥാനത്ത് ആരോഗ്യകരമല്ലാത്ത സ്ഥിതിവിശേഷങ്ങളുണ്ടാവും.
അബ്ദുറബിമാന്‍ രണ്ടത്താണി എം എല്‍ എ ഇടപെടുന്നു.
അബ്ദുറബിമാന്‍ രണ്ടത്താണി : കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് ഒരു ഇടപെടല്‍ ഉണ്ടാകാത്തതിന്റെ ദുരന്തം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തീരപ്രദേശത്ത് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നടപ്പിലാക്കിയ സമയത്ത് CRZ ആക്ട് ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ആവാസവ്യവസ്ഥയെ ബാധിക്കുന്ന വിധം CRZ ആക്ട് മാറിയിരിക്കുന്നു. യഥാസമയം വേണ്ടരീതിയില്‍ ഇടപെടാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് ഇവിടെ ഒരു ഇടപെടല്‍ ആവശ്യമല്ലെ?
കോടിയേരി ബാലകൃഷ്ണന്‍ : അങ്ങനെയൊരു ഇടപെടല്‍ അടിയന്തിരമായി വേണമെന്നുള്ളതുകൊണ്ടാണ് ഈ പ്രമേയത്തിന് ഞാന്‍ നോട്ടീസ് കൊടുത്തത്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ വന്ന സന്ദര്‍ഭത്തില്‍ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടായി. തീരദേശങ്ങളില്‍ ഒരു കാര്യവും അനുവദിക്കില്ല. തീരദേശങ്ങളുള്ള മണ്ഡലങ്ങളിലെ എം.എല്‍.എ. മാര്‍ക്ക് അതിന്റെ പ്രയാസം ശരിക്കും മനസ്സിലാവും.
ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ഇടപെടുന്നു.
ആറ് സംസ്ഥാനങ്ങള്‍ ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അതിനെതുടര്‍ന്നാണ് ഡോ. കസ്തൂരി രംഗന്‍ ചെയര്‍മാനായിട്ടുള്ള അനോമലികള്‍ പരിഹരിക്കുവാനുള്ള കമ്മിറ്റികള്‍ വച്ചത്. ആ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് അതാത് ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്തതിനുശേഷം അവര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചുകൊണ്ടേ കേന്ദ്രഗവണ്‍മെന്റ് ഒരു തീരുമാനത്തില്‍ എത്തുകയുള്ളു. അതിനു മുമ്പേ നമ്മുടെ സംസ്ഥാനം മുഴുവനും പശ്ചിമഘട്ട മലനിരകള്‍ മുഴുവനും പരിഭ്രമമുണ്ടാക്കാന്‍, കിംവദന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കണം.
പി. സി ജോര്‍ജ്ജ് : ഈ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് കൊടുത്തു. കേന്ദ്ര ഗവണ്‍മെന്റ് ഒരു കമ്മീഷനെ നിയമിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് കൊടുത്തിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നടപ്പിലാക്കിക്കൊണ്ടിരി ക്കുകയാണ്. ഗവണ്‍മെന്റ് ഓര്‍ഡറില്ലാതെ ഗ്രീന്‍ ട്രൈബ്യൂണല്‍ എങ്ങനെ ഇടപെടും. അത് ഗവണ്‍മെന്റിലേക്ക് നോട്ടീസായിരിക്കുകയാണ്. ഇതിന്റെ പുറകില്‍ നടക്കുന്ന കളി കൂടി ഈ സഭ അറിയാന്‍ വേണ്ടി ഇത്രയും പറഞ്ഞുവെന്നേയുള്ളു.
കോടിയേരി ബാലകൃഷ്ണന്‍ : ചീഫ് വിപ്പ് പറയുന്നത് ശരിയാണെങ്കില്‍ വളരെ ഗൌരവമുള്ള പ്രശ്നമാണിത്. ഏതെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകനോ മറ്റാരെങ്കിലുമോ ഈ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയ സമീപിച്ചാല്‍ ഗ്രീന്‍ ബെഞ്ചിനെക്കൊണ്ട് നടപ്പാക്കപ്പെടുന്ന സാഹചര്യം വരും. അത് അതേപടി നടപ്പാക്കപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. ഈയൊരവസ്ഥയില്‍ പരിസ്ഥിതിക്ക് അനുകൂലമായിട്ടുള്ള ഭാഗങ്ങള്‍ അംഗീകരിച്ചും ബാക്കി ഭാഗങ്ങളോട് വിയോജിച്ചും ഒരു നിലപാട് സ്വീകരിക്കുകയും അക്കാര്യങ്ങള്‍ സുപ്രീം കോടതിയെ കൂടി ബോധ്യപ്പെടുത്തുകയും വേണം. അല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. മലയോരത്തുള്ളവര്‍ ഇറങ്ങിപ്പോകേണ്ടി വരുമെന്ന സംശയം ജനങ്ങളിലുണ്ട്. ഈ സംശയം ദുരീകരിക്കാനായി സംസ്ഥാന ഗവണ്‍മെന്റ് ഇടപെടണം. ബന്ധപ്പെട്ടവരെ സമീപിക്കണം. ഇപ്പോള്‍ വിശദമായി വിലയിരുത്തുന്നതിന് വേണ്ടി ഡോ. കസ്തൂരി രംഗന്‍ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടല്ലൊ. കസ്തൂരി രംഗന്‍ ഇവിടെ ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ കണ്ടോ?
പി സി ജോര്‍ജ്ജ് : കസ്തൂരിരംഗന്‍ കേരളത്തില്‍ വന്നിട്ടില്ലല്ലോ. കസ്തൂരി രംഗന്‍ ആരെയാണ് കണ്ടത്? ഈ നിമിഷം വരെ ആരെയെങ്കിലും ഏതെങ്കിലും പൊതുപ്രവര്‍ത്തകനെയോ, ത്രിതലപഞ്ചായത്ത് മെമ്പര്‍മാരെയോ കണ്ടിട്ടുണ്ടോ? ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൊടുക്കുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഈ സ്റേറ്റിലെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരെ കണ്ടിട്ടുണ്ടോ? ആരോടും ചോദിക്കാതെ എങ്ങനെയാണ് റിപ്പോര്‍ട്ട് കൊടുക്കുന്നത്? ആ റിപ്പോര്‍ട്ടിനോടുള്ള സമീപനം എന്തായിരിക്കുമെന്നുള്ളതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
വി ഡി സതീശന്‍ എം എല്‍ എ ഇടപെടുന്നു
വി ഡി സതീശന്‍ : ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രഗവണ്‍മെന്റ് അക്സെപ്റ്റ് ചെയ്തിട്ടില്ലായെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അറിയണം. മാത്രമല്ല, ആറ് സംസ്ഥാനങ്ങള്‍ ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അതിനെതുടര്‍ന്നാണ് ഡോ. കസ്തൂരി രംഗന്‍ ചെയര്‍മാനായിട്ടുള്ള അനോമലികള്‍ പരിഹരിക്കുവാനുള്ള കമ്മിറ്റികള്‍ വച്ചത്. ആ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് അതാത് ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്തതിനുശേഷം അവര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചുകൊണ്ടേ കേന്ദ്രഗവണ്‍മെന്റ് ഒരു തീരുമാനത്തില്‍ എത്തുകയുള്ളു. അതിനു മുമ്പേ നമ്മുടെ സംസ്ഥാനം മുഴുവനും പശ്ചിമഘട്ട മലനിരകള്‍ മുഴുവനും പരിഭ്രമമുണ്ടാക്കാന്‍, കിംവദന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കണം. ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുമെന്ന് ഉറപ്പുകൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമില്ലേ?
ഈ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുമായും, എം എല്‍ എ മാരുമായും, എം പി മാരുമായും ചര്‍ച്ച ചെയ്തുവെന്ന് മാധവ് ഗാഡ്ഗില്‍ അദ്ദേഹത്തിന്റെ ആമുഖത്തില്‍ എഴുതിയിരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അത് മുഖവിലക്കെടുക്കാതെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും വസ്തുതയുമായി താരതമ്യം ചെയ്യാതെ തെറ്റിദ്ധാരണ പരത്തുന്നതാരാണ് എന്നത് വേറെ പരിശോധിക്കണം.
കോടിയേരി ബാലകൃഷ്ണന്‍ : വി ഡി സതീശന്‍, നമുക്ക് റിപ്പോര്‍ട്ടുകള്‍ മനസ്സിലാവുമെങ്കിലും അബ്ദുറഹിമാന്‍ രണ്ടത്താണി സൂചിപ്പിച്ച അനുഭവം മുന്നിലുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ Coastal Regulation zone (CRZ) വന്നപ്പോള്‍ ഒരിക്കല്‍ വെള്ളത്തില്‍ വീണതാണ്. അതിന്റെ ഫലമായി തീരദേശപ്രദേശങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പരിസ്ഥിതി ഘടനയെ തകര്‍ക്കാതെ തീരപ്രദേശങ്ങളില്‍ ടൂറിസം വികസനം സാധ്യമാവും. അതിന് തടസമാവുകയാണ് CRZ. കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ് ലോകനിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സാധ്യതയുള്ളത്. അതിപ്പോള്‍ സാധിക്കുന്നില്ല. ഇതുപോലെEcology Sensitive Zone(ESZ)ല്‍ 14 താലൂക്കുകളാണ് ഉള്‍പ്പെടുന്നത്. അതിലെ 2-ാം നമ്പര്‍ വിഭാഗത്തിലും 3-ാം നമ്പര്‍ വിഭാഗത്തിലും വേറെയും താലൂക്കുകള്‍ വരുന്നുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ ഇതിനകത്ത് ഉള്‍പ്പെടുത്തണമെന്ന അവസ്ഥ വന്നാലുള്ള സ്ഥിതി ഗുരുതരമായിരിക്കും. അതുകൊണ്ട് ആശങ്ക ദൂരീകരിക്കുവാന്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇടപെടുകയാണ് വേണ്ടത്.
ഇ എസ് ബിജിമോള്‍ എം എല്‍ എ ഇടപെടുന്നു.
ഇ എസ് ബിജിമോള്‍ : 2011 സെപ്തംബര്‍ 11 ന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഒമ്പത് മാസക്കാലം വെളിച്ചം കണ്ടിട്ടില്ല. ഒമ്പത് മാസം റിപ്പോര്‍ട്ട് പുറത്തുവിടുകയോ, സമര്‍പ്പിച്ചിട്ടുണ്ടോയെന്നതിന്റെ വിശദാംശവും നമ്മുടെ മുമ്പിലില്ലായിരുന്നു. മാധവ് ഗാഡ്ഗില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പരാതിയോ മറ്റോ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കി കൊടുക്കണമായിരുന്നു. ഇവിടെ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമുണ്ടായില്ല. ആളുകളുടെ ഇടയില്‍ ഒരു ആശങ്കയായി മാറുന്ന സ്ഥിതിയിലേക്ക് കാര്യമെത്തിയിരിക്കുന്നു. മാധവ് ഗാഡ്ഗിലിന്റെ 522 ഓളം പേജ് വരുന്ന റിപ്പോര്‍ട്ട് ഡൌണ്‍ലോഡ് ചെയ്ത് ബുക്കാക്കിയപ്പോള്‍ അത് ചുമക്കാന്‍ ഒരാളെ വേണ്ട സ്ഥിതിയാണ്. വായിച്ചുതീര്‍ക്കാന്‍ ഒരു വര്‍ഷമെടുക്കും. ഈ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുമായും, എം എല്‍ എ മാരുമായും, എം പി മാരുമായും ചര്‍ച്ച ചെയ്തുവെന്ന് മാധവ് ഗാഡ്ഗില്‍ അദ്ദേഹത്തിന്റെ ആമുഖത്തില്‍ എഴുതിയിരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അത് മുഖവിലക്കെടുക്കാതെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും വസ്തുതയുമായി താരതമ്യം ചെയ്യാതെ തെറ്റിദ്ധാരണ പരത്തുന്നതാരാണ് എന്നത് വേറെ പരിശോധിക്കണം.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് അനുകൂലമായ കുറേ ഭാഗങ്ങളുണ്ട്. അതിലെ വികസന വിരുദ്ധമായുള്ള കാര്യങ്ങള്‍ തള്ളിക്കളയുക. അങ്ങനെ രണ്ടുരീതിയില്‍ ഈ റിപ്പോര്‍ട്ടിനെ സമീപിക്കണം. റിപ്പോര്‍ട്ടിനുമേല്‍ അനൂകൂലമായും പ്രതികൂലമായും വന്നിട്ടുള്ള എല്ലാ അഭിപ്രായങ്ങളെയും കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ ഒരു നോട്ട് തയ്യാറാക്കണം. അതില്‍ അംഗീകരിക്കുന്ന ഭാഗവും അംഗീകരിക്കാന്‍ സാധിക്കാത്ത ഭാഗവും രേഖപ്പെടുത്തണം.
ഒരു സര്‍വ്വകക്ഷിയോഗം ഇത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടാന്‍ തയ്യാറാവണം. ഗവണ്‍മന്റിന്റെ നിലപാട് വ്യക്തമാക്കണം. യോജിക്കുന്ന കാര്യങ്ങളും വിയോജിക്കുന്ന കാര്യങ്ങളും തുറന്ന് പറയണം. അതല്ല, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നാണ് ഗവണ്‍മെന്റിന്റെ അഭിപ്രായമെങ്കില്‍ അത് സര്‍വ്വകക്ഷി യോഗത്തിന് മുന്നില്‍ വെക്കണം. പ്രസ്തുത യോഗത്തിന്റെ തീരുമാനമനുസരിച്ച് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം രൂപം കൊടുത്ത് അത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി തയ്യാറാകണം
കോടിയേരി ബാലകൃഷ്ണന്‍ : ഞാന്‍ ഈ റിപ്പോര്‍ട്ട് പൊതുജനസമക്ഷം വയ്ക്കാന്‍ നിര്‍ബന്ധിതനായത് കേരളത്തില്‍ നിന്നൊരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്നാണ്. ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ തീരുമാനത്തിനെ ചോദ്യം ചെയ്തുകൊണ്ട് ഡല്‍ഹിയില്‍ ഹൈക്കോടതിയില്‍ പോയി. ഡല്‍ഹി ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയതിനുശേഷമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു കോപ്പിയുമായി റിപ്പോര്‍ട്ട് വയ്ക്കേണ്ട കാര്യമില്ല. ഈ സംശയത്തിനൊക്കെ അടിസ്ഥാനമുണ്ടായത് ഇവിടെ നിന്നാണ്. ഈ റിപ്പോര്‍ട്ടിനകത്ത് എന്തൊക്കെ വിശദാംശങ്ങളാണ് ഉള്ളത് എന്നത് പരസ്യപ്പെടുത്തുവാന്‍ തയ്യാറാവാതെ ദുരൂഹമായ നിലയില്‍ കൈകാര്യം ചെയ്തതാണ് ഇത്രയധികം പ്രതിഷേധത്തിന് കാരണമാക്കിയത്.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് അനുകൂലമായ കുറേ ഭാഗങ്ങളുണ്ട്. അതിലെ വികസന വിരുദ്ധമായുള്ള കാര്യങ്ങള്‍ തള്ളിക്കളയുക. അങ്ങനെ രണ്ടുരീതിയില്‍ ഈ റിപ്പോര്‍ട്ടിനെ സമീപിക്കണം. റിപ്പോര്‍ട്ടിനുമേല്‍ അനൂകൂലമായും പ്രതികൂലമായും വന്നിട്ടുള്ള എല്ലാ അഭിപ്രായങ്ങളെയും കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ ഒരു നോട്ട് തയ്യാറാക്കണം. അതില്‍ അംഗീകരിക്കുന്ന ഭാഗവും അംഗീകരിക്കാന്‍ സാധിക്കാത്ത ഭാഗവും രേഖപ്പെടുത്തണം.
ഒരു സര്‍വ്വകക്ഷിയോഗം ഇത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടാന്‍ തയ്യാറാവണം. ഗവണ്‍മന്റിന്റെ നിലപാട് വ്യക്തമാക്കണം. യോജിക്കുന്ന കാര്യങ്ങളും വിയോജിക്കുന്ന കാര്യങ്ങളും തുറന്ന് പറയണം. അതല്ല, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നാണ് ഗവണ്‍മെന്റിന്റെ അഭിപ്രായമെങ്കില്‍ അത് സര്‍വ്വകക്ഷി യോഗത്തിന് മുന്നില്‍ വെക്കണം. പ്രസ്തുത യോഗത്തിന്റെ തീരുമാനമനുസരിച്ച് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം രൂപം കൊടുത്ത് അത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ പ്രമേയാവതരണത്തെ തുടര്‍ന്ന് എം എല്‍ എമാരായ ജോസഫ് വാഴക്കന്‍, മുല്ലക്കര രത്നാകരന്‍, ടി എ അഹമ്മദ് കബീര്‍, ജോസ് തെറ്റയില്‍, റോഷി അഗസ്റിന്‍, എ കെ ബാലന്‍, എ എ അസീസ്, ടി എന്‍ പ്രതാപന്‍, രാജു എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
തുടര്‍ന്ന് ചര്‍ച്ചയുടെ പൊതുവായ സ്വഭാവം ഉള്‍ക്കൊണ്ടുകൊണ്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. : “മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക ഈ സഭ ഉള്‍ക്കൊള്ളുന്നു. പരിസ്ഥിതി-വനം സംരക്ഷണത്തിന്റെ പ്രസക്തി പൂര്‍ണ്ണമായും അംഗീകരിക്കുന്നതോടൊപ്പം ജനജീവിതവും നാടിന്റെ വികസന ആവശ്യങ്ങളും കൂടി സമന്വയിപ്പിച്ച് കൊണ്ട് പ്രായോഗികമായ ഒരു സമീപനം രൂപീകരിക്കണമെന്ന് സഭ അഭിപ്രായപ്പെടുന്നു. പ്രകൃതി സംരക്ഷണവും നാടിന്റെ വികസന ആവശ്യങ്ങളും പരസ്പര പൂരകമായി പോകുന്നതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗികമായ ശുപാര്‍ശകള്‍ അംഗീകരിക്കരുതെന്നും പരിസ്ഥിതി വനമേഖലകളിലെ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജനപങ്കാളിത്തത്തോടുകൂടി സമഗ്രമായ ചര്‍ച്ചകള്‍ക്കു ശേഷമേ നടപ്പിലാക്കാവൂ എന്നും ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ഐകകണ്ഠ്യേന അഭ്യര്‍ത്ഥിക്കുന്നു''
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പിന്താങ്ങി.
കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച ഉപക്ഷേപം സഭയുടെ അനമതിയോടെ പിന്‍വലിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച ചട്ടം 275 പ്രകാരമുള്ള സബ്സ്റാന്‍ഡീവ് പ്രമേയം സഭ ഐക്യകണ്ഠേന പാസാക്കി.