ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 19, ഞായറാഴ്‌ച

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂരമ്പലവും മനുഷ്യവിരുദ്ധതയും

ഗുരുവായൂർ ക്ഷേത്രം, മനുഷ്യവിരുദ്ധ നീക്കത്തിനാൽ പിന്നെയും ശ്രദ്ധ ആകർഷിക്കുന്നു. ഇക്കുറി കല്ലൂർ ബാബുവിനെ ക്ഷേത്രത്തിൽ നിന്ന്‌ പുറത്താക്കിക്കൊണ്ടാണ്‌ മനസിലെ മാലിന്യം പുറത്തുകാട്ടിയത്‌.

കല്ലൂർ ബാബു, ഇലത്താളം കലാകാരനാണ്‌. പഞ്ചവാദ്യത്തിലെ നാദസുഭഗതയാണ്‌ ഇലത്താളം. ആ വാദ്ദ്യം വായിക്കാനറിയാത്തതുകൊണ്ടല്ല പുറത്താക്കപ്പെട്ടത്‌. കല്ലൂർ ബാബു താഴ്‌ന്ന ജാതിക്കാരനായതുകൊണ്ട്‌. ഇലത്താളം നിർമിക്കുന്നത്‌ കീഴ്‌ജാതിക്കാർ. അവർ പഠിച്ചപ്പോൾ താളം വഴങ്ങുകയും ചെയ്‌തു. ഒന്നര മണിക്കൂറിലധികം വായിച്ച്‌ ജനപ്രീതി നേടിയതിനുശേഷമാണ്‌ പുറത്താക്കപ്പെട്ടത്‌. പുറത്താക്കപ്പെട്ടതോ, പിന്നാക്ക വിഭാഗമായ യാദവ കുടുംബത്തിൽ പിറന്ന കൃഷ്‌ണന്റെ പേരിൽ. കഥയിൽ വ്യാസൻ നൽകിയ മാന്യതയെങ്കിലും അധികൃതർ കൃഷ്‌ണനും സഹജാതിക്കാർക്കും നൽകേണ്ടതല്ലേ? അതെങ്ങനെ അധികൃതർ വ്യാസന്റെ പിന്മുറക്കാർ അല്ലല്ലൊ.ഗുരുവായൂർ ക്ഷേത്രത്തിൽ, മനുഷ്യവിരുദ്ധ ദർശനം പുതിയ കാര്യമല്ല. അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി കേളപ്പനും എ കെ ജിയും പി കൃഷ്‌ണപിള്ളയും നടത്തിയ സമരം ചരിത്രത്തിലുണ്ട്‌. അന്ന്‌ സഖാവ്‌ പി കൃഷ്‌ണപിള്ളയെ ഗുരുവായൂരപ്പന്റെ രക്ഷകർത്താക്കൾ നേരിട്ടത്‌ പേശീബലം കൊണ്ടായിരുന്നു. ഗുരുവായൂരമ്പലമേൽക്കൂര സ്വർണം പൂശുന്നതിനെക്കാൾ നല്ലത്‌ വീടില്ലാത്തവർക്ക്‌ വീടുവെച്ച്‌ കൊടുക്കുന്നതാണ്‌ എന്നു പറഞ്ഞതിന്‌, ക്ഷേത്രപരിസരത്തു വച്ച്‌ പവനനെയും കൂട്ടുകാരെയും കൈകാര്യം ചെയ്‌തതും കേരളം മറന്നിട്ടില്ല.

യേശുദാസിന്റെ ക്ഷേത്രപ്രവേശന നിരാസമാണ്‌ രസകരം. ക്രസ്‌ത്യാനി കണ്ടുപിടിച്ച കറണ്ടും മൈക്കും ഉപയോഗിച്ച്‌ ക്രിസ്‌ത്യാനി പാടിയ പാട്ട്‌ ക്ഷേത്രത്തിൽ കേൾപ്പിക്കാം. പേരിൽ ക്രിസ്‌തുമത സൂചനയുള്ളതിനാൽ യേശുദാസിനു പ്രവേശനമില്ല.

കേരളത്തിന്റെ തനതു കലാരൂപമായ കൃഷ്‌ണനാട്ടം ഒന്നു കാണണമെന്നുവച്ചാൽ ഹിന്ദുപേരുള്ള നിരീശ്വരവാദിയെ പ്രവേശിപ്പിച്ചാലും അഹിന്ദുക്കളെ പ്രവേശിപ്പിക്കുകയില്ല. അതായത്‌ നമ്മുടെ സാംസ്‌കാരികനായകരായ ചെമ്മനം ചാക്കോ, യു എ ഖാദർ, എം പി വീരേന്ദ്രകുമാർ തുടങ്ങിയവർക്ക്‌ കൃഷ്‌ണനാട്ട സി ഡി വീട്ടിലിട്ടു കാണാമെന്നർഥം. ഇപ്പോൾ സജീവമായി കൃഷ്‌ണനാട്ടമുള്ളത്‌ ഗുരുവായൂരിൽ മാത്രമാണ്‌. നേർച്ചയെന്ന നിലയിൽ കൃഷ്‌ണനായി വേഷമിടുന്നതിനുമുണ്ട്‌ ജാതീയമായ തടസം. മേൽജാതിക്കാർക്കു മാത്രമേ അതിനനുവാദമുള്ളു. നമ്മുടെ ശ്രീശാന്തിന്റെ ജാതി ചെമ്പുതെളിഞ്ഞത്‌ അങ്ങനെയാണല്ലോ. കൃഷ്‌ണവേഷം കെട്ടി ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നതിനുശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്നുതന്നെ ഔട്ടായിയെന്നത്‌, ഇതുകൊണ്ടൊന്നും മേൽജാതിക്കാർക്കും രക്ഷയില്ലെന്നതിന്റെ തെളിവായിരിക്കാം.

ഗുരുവായൂരപ്പന്‌ ഹിന്ദുമതക്കാരോട്‌ പ്രത്യേകിച്ച്‌ മമതയൊന്നുമില്ല. ഗുരുവായൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്‌ അഹിന്ദുക്കളാണ്‌.
ജാതീയമായ വേർതിരിവുകൾ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രാധികൃതർ അവസാനിപ്പിക്കണം. അല്ലെങ്കിൽ കല്ലൂർ ബാബു എന്തിന്‌ അമ്പലമതിലകത്തേക്ക്‌ പോകണം? ഞെരളത്തു രാമപ്പൊതുവാൾ കാണിച്ച മഹനീയമായ വഴിയുണ്ടല്ലൊ. ജനങ്ങളിലേക്കു ചെല്ലുക. സോപാനം വിട്ട്‌ സംഗീതം ജനങ്ങളിലെത്തിച്ചപ്പോഴാണ്‌ പ്രതികരണമുണ്ടായത്‌. മതിലകത്ത്‌ ഒടുങ്ങുമായിരുന്ന ഞെരളത്തിനെ മലയാളത്തിനു കിട്ടിയത്‌ അങ്ങനെയാണ്‌.

ഒരാളുടേയും ജാതിയും മതവുമൊന്നും തിരിച്ചറിയാൻ ദൈവത്തിനു സാധിക്കുകയില്ല. ഇരുത്താനോ തിരുത്താനോപോലും സാധിക്കുകയില്ല. ആരാധനാലയങ്ങളുണ്ടാക്കി അതിൽ ദൈവസങ്കൽപം നിക്ഷേപിച്ചത്‌ മനുഷ്യനാണ്‌. മനുഷ്യൻ യഥാർഥ മനുഷ്യരാകണമെങ്കിൽ സങ്കുചിതമായ ജാതിമതദൈവ ചിന്തകളിൽ നിന്ന്‌ മോചിതരാകേണ്ടതുണ്ട്‌.

*
കുരീപ്പുഴ ശ്രീകുമാർ ജനയുഗം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ