ബ്ലോഗ് ആര്‍ക്കൈവ്

2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. മുസ്ലിം ജനവിഭാഗത്തിന് എതിരായിരുന്നു ഇടതുപക്ഷമെന്നും ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ എത്രത്തോളം മുന്നോട്ടുപോകുന്നതിന് സഹായിച്ചു എന്ന് തന്റേതായ വീക്ഷണഗതിയിലൂടെ വിശദീകരിക്കുന്ന പുസ്തകമാണ് ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും".

ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ട് സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിന് നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോകും. അറബികളുടെ സംഭാവനകള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് അറേബ്യയില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമാണ് അറബികള്‍ ശ്രമിച്ചത്. ലോകത്തെമ്പാടും സഞ്ചരിക്കുകയും അവിടങ്ങളില്‍നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്ത അറബികള്‍, ലഭിച്ച വിജ്ഞാനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മാര്‍ക്സും എംഗല്‍സും എടുത്തുപറയുന്നുണ്ട്. ലോകത്തിലെ നവോത്ഥാനത്തെക്കുറിച്ച് "പ്രകൃതിയുടെ വൈരുധ്യാത്മകത" എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നു. യൂറോപ്പിലെ ആധുനികമായ കണ്ടുപിടിത്തങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്ന പല വിവരങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീകരിച്ചതും അവ എത്തിച്ചതും അറബികളായിരുന്നു എന്നെഴുതാനും എംഗല്‍സ് തയ്യാറായി. കേരളത്തില്‍നിന്നുപോലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിച്ചതിന്റെ കാര്യങ്ങളും പുതിയ പഠനങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് സമീപനവും ഇസ്ലാമിന്റെ രൂപീകരണവും 

ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടങ്ങളില്‍ പൊതുവില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ രൂപീകരണത്തെയും അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്ലാം രൂപപ്പെട്ടത് എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വയ്ക്കുന്നുത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും നിരീക്ഷിച്ചു.

കേരളത്തില്‍ ഇസ്ലാം വന്ന വഴി അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിന്റെ കിടപ്പ് അറേബ്യയുമായി ആദ്യകാലഘട്ടത്തില്‍ ബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബികളുമായി വാണിജ്യബന്ധം കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ടതോടെ അറബിക്കച്ചവടക്കാരിലൂടെ ഈ ആശയം നമ്മുടെ നാട്ടിലും എത്തി. കേരളത്തിന്റെ സവിശേഷ സാമൂഹ്യസാഹചര്യത്തില്‍ ഇവ പ്രചരിക്കുന്നതിന് ഇടയായി. പ്രത്യേകിച്ചും തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളില്‍. അക്കാലത്തെ പ്രധാനപ്പെട്ട കേരളത്തിലെ കച്ചവടകേന്ദ്രമായ മുസരീസില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത്. വാണിജ്യരംഗത്ത് മലബാറില്‍ പ്രത്യേകിച്ചും അറബികളുടെ മേല്‍ക്കോയ്മയായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാജ്യത്ത് അധികാരം സ്ഥാപിക്കാനോ കച്ചവടം വര്‍ധിപ്പിക്കാനോ അറബികള്‍ ശ്രമിച്ചില്ല. അക്കാലത്ത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളില്‍ ഇത് വ്യക്തമാണ്.
1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത് ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരം ആരംഭിച്ചു. അറബികളെ കച്ചവടത്തിന്റെ കുത്തകയില്‍നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസുകാരുടെ വാദം അന്നത്തെ സാമൂതിരി അംഗീകരിച്ചില്ല. ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി അധികാരം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ കടലോരങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരും അറബികളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഇവരുടെ ഇടപെടലും ശക്തമായി നടത്തുന്ന സ്ഥിതിയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ ശേഷി നാവികരംഗത്തായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തിലിറങ്ങി യുദ്ധം നടത്തുന്നത് സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ സാമൂതിരിക്ക് മറ്റ് വിഭാഗക്കാരെ ആശ്രയിക്കേണ്ടിവന്നു. കടലുമായും വാണിജ്യവുമായും ബന്ധമുണ്ടായിരുന്ന മുസ്ലിം ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരത്തി. വിദേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍ ഇസ്ലാം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നില മലബാറില്‍ രൂപപ്പെട്ടു. കരയിലെ പോരാട്ടം നായര്‍പടയും കടലിലെ പോരാട്ടം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം ജനവിഭാഗവും ഏറ്റെടുത്തു. ഇതിനെ കൂട്ടിയിണക്കിയാണ് മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധം രൂപപ്പെട്ടത്. അറയ്ക്കല്‍ രാജവംശത്തിന് ശക്തമായ നാവികപ്പട ഉണ്ടായിരുന്നതിനുപിന്നിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിക്കുകയും ഇതിനെ പ്രതിരോധിച്ച് കടലോരമേഖലയില്‍ മുസ്ലിം ജനവിഭാഗം പൊരുതുകയും ചെയ്തു. ഇത്തരം ഒരു ചെറുത്തുനില്‍പ്പായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആധിപത്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം. പോര്‍ട്ടുഗീസുകാരുടെ പ്രധാനപ്പെട്ട ആധിപത്യകേന്ദ്രമായിരുന്ന കണ്ണൂരില്‍ പോര്‍ട്ടുഗീസുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരായി അവിടത്തെ ജനത പോരാടി. അന്നത്തെ പോര്‍ച്ചുഗീസ് കോട്ടയുടെ ചുറ്റുമുണ്ടായിരുന്നത് ഇസ്ലാം മതവിശ്വാസികളായിരുന്നു എന്നതിനാല്‍ അവരുമായി നിരന്തരമായ ഏറ്റുമുട്ടല്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അന്ന് നിലനിന്നിരുന്ന ജന്മിത്തഘടനയെ ശക്തിപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്ന് ഇസ്ലാം വിഭിന്നമായിരുന്നു എന്നതിനാല്‍ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ ഇസ്ലാം മതത്തില്‍ എത്തി.

മുസ്ലിം ജനവിഭാഗവും കാര്‍ഷികസമരങ്ങളും 

സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരാണ് പ്രധാനമായും ഇസ്ലാംമതത്തില്‍ ഉണ്ടായിരുന്നത്. ജന്മിത്തവ്യവസ്ഥയുടെ കാല്‍ക്കീഴിലാണ് അവര്‍ കഴിഞ്ഞത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകള്‍ ഈ ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. മലബാറിലെ മാപ്പിള കലാപങ്ങളെന്നാണ് ബ്രിട്ടീഷുകാര്‍ പോരാട്ടങ്ങളെ വിശേഷിപ്പിച്ചത്. 1921ലെ മലബാറിലെ കാര്‍ഷിക കലാപത്തിനു മുമ്പ് നിരവധി പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. ഈ പോരാട്ടങ്ങളെ നേരിട്ട ബ്രിട്ടീഷുകാര്‍ അതിന് നേതൃപരമായ പങ്കു വഹിച്ചു എന്ന കുറ്റം ചുമത്തി മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ചരിത്രവും മലബാറിനുണ്ട്. മലബാറിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച വില്യം ലോഗന്‍ പോരാട്ടത്തിനുപിന്നില്‍ കാര്‍ഷികപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹ്മാനും കമ്യൂണിസ്റ്റുകാരും 

നേരത്തേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ "മാപ്പിള കലാപം" എന്ന് പേരുവിളിച്ച് അധിക്ഷേപിച്ച കലാപം നടന്നത്. ക്രൂരമായ രീതിയിലാണ് ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. ആലി മുസലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പശ്ശേരി തങ്ങള്‍ എന്നിവരെ വെടിവച്ചുകൊന്നു. കലാപത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 ത്തോളം പേര്‍ തടവിലായി. ഇതിലെ ദാരുണസംഭവമായിരുന്നു 1921 നവംബര്‍ 17ന് നടന്ന വാഗണ്‍ട്രാജഡി. മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയില്‍ വര്‍ഗീയപരമായി ഇത്തരം കലാപത്തെ മുദ്രകുത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ അക്കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. ഈ പോരാട്ടത്തിന് "മലബാര്‍ കലാപം" എന്ന പേര് നല്‍കി അതിന്റെ സ്വഭാവത്തിലെ ദേശീയപരമായ തലം നല്‍കിയതും അദ്ദേഹമാണ്. അക്കാലത്ത് ലീഗും പിന്നീട് കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാനാണ് പോരാട്ടക്കാരെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. മുസ്ലിങ്ങളിലെ സമ്പന്നവിഭാഗം ഈ കലാപത്തെ എതിര്‍ത്തപ്പോള്‍ പാവപ്പെട്ട ജനതയായിരുന്നു ഈ പോരാട്ടങ്ങള്‍ക്കുപിന്നില്‍. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച ലീഗ് പ്രമാണിമാര്‍ക്കുവേണ്ടി കലാപത്തെ തള്ളിപ്പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ബിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇടതുപക്ഷക്കാര്‍ സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി കോണ്‍ഗ്രസിലെ വലതുപക്ഷവിഭാഗത്തിനെതിരെ ഇടതുപക്ഷ കെപിസിസി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മലബാര്‍ കലാപം 

1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, മലബാര്‍ലഹളയുടെ 25-ാം വാര്‍ഷികത്തില്‍ 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച് ഇതേ പേരില്‍ ഇ എം എസും ലഘുലേഖ എഴുതി. ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ദേശാഭിമാനി നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. മലബാര്‍ കലാപത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു. മലബാര്‍ കലാപത്തെ ലീഗും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ അതിന്റെ യഥാര്‍ഥവശം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ചില വര്‍ഗീയശക്തികളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ നേതാക്കന്മാരെടുത്ത സമീപനം ഇത് വര്‍ഗീയമായ തരത്തില്‍ പോകാതിരിക്കാനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമീപനം ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ കലാപമാണ് എന്ന വാദത്തെ കുഞ്ഞഹമ്മദ് ഹാജി തള്ളിക്കളഞ്ഞു. 1946 ആഗസ്റ്റ് 25ന് സര്‍ദാര്‍ ചന്ദ്രോത്ത് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:

""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ല.""

മതപരമായ ഏറ്റുമുട്ടലിലാണ് മലബാര്‍ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെ പോലും കലാപകാരികള്‍ വധിച്ചു എന്ന് കാണാം. ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ കൊലപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളെ ഒറ്റുകൊടുക്കുന്നു എന്നതിന്റെപേരില്‍ ആനക്കയത്തെ ചേക്കൂട്ടി അധികാരിയെയും കൊലപ്പെടുത്തി. കലാപത്തിന്റെ പൊതുവായ രീതി മതപരം മാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, ഈ കലാപത്തെ വര്‍ഗീയമായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള പ്രവണതകള്‍ അക്കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടി കാണാതിരുന്നില്ല. അത്തരം ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം "താക്കീതും" പാര്‍ടി കണ്ടത്.

കമ്യൂണിസ്റ്റുകാര്‍ സാര്‍വദേശീയമായിത്തന്നെ മലബാര്‍ കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. ഈ കലാപം ലെനിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായിരുന്ന അബനീ മുഖര്‍ജി ലഘുലേഖ എഴുതുകയും അത് ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലബാര്‍ കലാപത്തെ പറ്റി ആദ്യമായി ഗവേഷണം നടത്തുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തത് കുട്ടോവ്സ്കിയെന്ന റഷ്യക്കാരനാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ് വുഡ്സ് മലബാര്‍ കലാപത്തെ പറ്റി ഗവേഷണം നടത്തി. ചുരുക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയത് കമ്യൂണിസ്റ്റുകാരാണ്.

1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നമ്മുടെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കുന്നതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്ക് ജന്മിത്തവിരുദ്ധ സ്വഭാവം കൂടി കാണാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുക സ്വാഭാവികമായിരുന്നു. രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷികസമരങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ചൈനയിലെ കര്‍ഷകസമരങ്ങളുടെ ആധികാരിക പണ്ഡിതനായിരുന്ന ജാന്‍ ചെസനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണല്ലോ കയ്യൂരിലെ പോരാളികള്‍ കഴുമരത്തിലേറിയത്. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്.

(അവസാനിക്കുന്നില്ല)

മലബാര്‍ കലാപവും സ്മാരകങ്ങളും

മലബാര്‍ കലാപവും സ്മാരകങ്ങളും

ആദ്യഭാഗം: മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാര്‍ കലാപത്തിന്റെ ആരാധ്യനേതാക്കളായിരുന്ന ആലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്മാരകം പണിതത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആലി മുസലിയാരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് ടി ശിവദാസമേനോനും മാധവന്‍നായരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് പാലോളി മുഹമ്മദ്കുട്ടിയുമായിരുന്നു. തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വാഗണ്‍ ട്രാജഡിക്ക് സ്മാരകം ഉണ്ടായത്. വള്ളുമ്പുറത്ത് ഹിച്ച്കോക്കിന്റെ സ്മാരകം മാറ്റിയതും ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മലബാര്‍ കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ എംഎസ്പിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അത് മാറ്റി പ്രവേശനം ഉറപ്പുവരുത്തിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, മുസ്ലിം ജനവിഭാഗത്തിനുണ്ടായ നിയന്ത്രണം എടുത്തു മാറ്റിയതും ആ സര്‍ക്കാര്‍തന്നെ.

സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍

ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്ലിങ്ങളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത പ്രധാന വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് അദ്ദേഹം പൊരുതിയത്. മുസ്ലിങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങിയില്ല.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എടുത്തുപറയേണ്ട പേരാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍നിന്ന് വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക താല്‍പ്പര്യമെടുത്തു. ഷെയ്ക്ക് മുഹമ്മദ് ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്. ഇസ്ലാമിക നവോത്ഥാനത്തിന് പ്രധാനപങ്കു വഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്.

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ് മുസലിയാര്‍ക്ക് പ്രധാന പങ്കുണ്ട്. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ് പ്രധാനമായും പരിശ്രമിച്ചത്. ഒരു വിജ്ഞാനവും ഹറാമല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ് സാഹിബും ഈ ഗണത്തില്‍പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത സി ഐ അഹമ്മദ് മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ് എന്ന വാദമാണ് അക്കാലത്ത് ഉയര്‍ന്നത്. അതിനെ നേരിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. അഹമ്മദ് മൗലവിക്ക് ഖുര്‍ആന്‍ പരിഭാഷയ്ക്ക് പ്രചോദനം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്.

മുസ്ലിങ്ങള്‍ക്കിടയിലെ പ്രസ്ഥാനങ്ങള്‍ 

ലോകത്ത് മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ് ഷിയാ, സുന്നി എന്നീ നിലകളിലാണ്. കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. സുന്നി വിഭാഗമാണ് പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട് പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതനവീകരണത്തിന് എന്ന നിലയില്‍ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം. സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മതത്തിനകത്ത് പുരോഗമന കാഴ്ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെയും ഭരണകൂടത്തെയും രണ്ടായികാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജമ-അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ലാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജമ-അത്തെ ഇസ്ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്. എന്‍ഡിഎഫ് ഇപ്പോള്‍ എസ്ഡിപിഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ രീതി. മുസ്ലിം സമുദായാംഗങ്ങള്‍ മറ്റ് വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേകരീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തുകയും വേണമെന്ന് അവര്‍ ശഠിക്കുന്നു. മുസ്ലിം സമുദായത്തില്‍ ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.

വര്‍ത്തമാന ലോകരാഷ്ട്രീയവും മുസ്ലിം ജനവിഭാഗങ്ങളും 


ലോകരാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിക്കുന്ന ആധിപത്യരീതികള്‍ മുസ്ലിം ജനവിഭാഗത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കടുത്ത ആശങ്ക ഉയര്‍ത്തുന്നു. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനുപേര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ അടുപ്പ് പുകയണമെങ്കില്‍ ഈ പണംകൂടി വേണം എന്നതാണ് വസ്തുത. ഗള്‍ഫ് മേഖലയിലെ എണ്ണനിക്ഷേപം ലക്ഷ്യംവച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആധിപത്യം ഉറപ്പിച്ചശേഷം ഇറാനെയും സിറിയയെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. അറബ് മേഖലയില്‍ അവശേഷിക്കുന്ന മതേതരരാഷ്ട്രമായ സിറിയയെ തകര്‍ക്കുന്നതിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മുസ്ലിം ജനസാമാന്യത്തിനിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി അമേരിക്ക നടത്തുന്ന ഇത്തരം ചെയ്തികളെ പ്രതിരോധിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമുള്ള പ്രശ്നമാണ്. അറബ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയന്‍. ഇന്നത്തെപ്പോലെയുള്ള ഇടപെടലുകള്‍ക്ക് അക്കാലത്തും അമേരിക്ക പരിശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിച്ചത് സോവിയറ്റ് യൂണിയനാണ്. ഈജിപ്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സോവിയറ്റ് യൂണിയന്‍ പരസ്യമായി രംഗത്തുവന്നതുകൊണ്ടാണ് അന്ന് അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയാതെപോയത്. ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അന്ന് സോവിയറ്റ് യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെയാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത്.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് മതനിരപേക്ഷ സമൂഹം അത്യന്താപേക്ഷിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷമാണ് അതിന്റെ ഗ്യാരന്റി. ഇടതുപക്ഷ ശക്തികളുടെ വളര്‍ച്ചയിലൂടെ മാത്രമേ ഇവിടെ ന്യനപക്ഷ സംരക്ഷണവും ഉറപ്പുവരുത്താനാവൂ. "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ സാമൂഹ്യമായി ഏറെ മുന്‍പന്തിയിലാണ്. മതപരപായ വിവേചനമോ അടിച്ചമര്‍ത്തലുകളോ ഇവിടെയില്ല. ഇതിനുകാരണം ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇടപെടലുകളാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് കേരളത്തിലാണ്- 1957ലെ ഇ എം എസ് സര്‍ക്കാര്‍. പാവപ്പെട്ട മുസ്ലിം ജനവിഭാഗത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്താനും ഇടതുപക്ഷ സര്‍ക്കാരുകള്‍ വലിയ പങ്കുവഹിച്ചു. ഭൂപരിഷകരണം ഉണ്ടാക്കിയ മാറ്റം ചെറുതല്ല. സച്ചാര്‍ കമീഷന്‍ ശുപാര്‍കളെ തുടര്‍ന്ന് പാലോളി കമീഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് താമസംവിനാ നടപ്പാക്കിയതു വരെയുള്ള കാര്യങ്ങള്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിബന്ധത വ്യക്തമാക്കുന്നു.

സാമ്രാജ്യത്ത - ജന്മിത്ത വിരുദ്ധകലാപങ്ങളില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ സുപ്രധാനപങ്കാണ് വഹിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയെന്ന നിലയില്‍ വര്‍ഗീയകക്ഷികള്‍ സ്വീകരിക്കുന്നത് സ്ത്രീവിരുദ്ധ - പിന്തിരിപ്പന്‍ നയങ്ങളാണ് . ഇത് തിരിച്ചറിയപ്പെടണം. അതാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന നിലപാടിന് പിന്നിലും. ഇത് ആ വിഭാഗത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെ തടയുകയും അവരെ പൊതുധാരയില്‍നിന്ന് അകറ്റുകയും ചെയ്യും. ശാരീരികവും മാനസീകവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടത്. അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല. എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന മുസ്ലിംലീഗ് അധികാര രാഷ്ട്രീയമാണ് ലക്ഷ്യംവെക്കുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലീം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഭൂരിപക്ഷം വരുന്ന ദരിദ്രരെ കാണാന്‍ അവര്‍ക്കാകില്ല. ബിജെപിയില്‍നിന്നും എന്‍ഡിഎഫിന്‍നിന്നും ഒരുപോലെ വോട്ടുവാങ്ങി കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന യുഡിഎഫ് അധികാരത്തിലെത്തുന്നത് കേരളം കണ്ടതാണ്.

യുഡിഎഫ് രാഷ്ട്രീയത്തിന്റെ മൊത്തം ഫലം വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നു എന്നതാണ്. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും പരിശോധിച്ചാല്‍ അതെല്ലാം യുഡിഎഫ് ഭരിക്കുമ്പോഴാണെന്നു കാണാം. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം അവസ്ഥയില്ല. രാഷ്ട്രീയ അധികാരം സ്ഥാപിക്കല്‍ ഒരു ഘട്ടത്തിലും മുസ്ലിം സമൂഹത്തിന്റെ അജന്‍ഡയായിരുന്നില്ല. ഈ പാരമ്പര്യം തകര്‍ത്തത് മുസ്ലിം വിഭാഗത്തിലെ വര്‍ഗീയ ശക്തികളാണ്. ഇത് പൊതുധാരയില്‍നിന്ന് മുസ്ലിങ്ങളെ ഒറ്റപ്പെടുത്തും. ഭൂരിപക്ഷ വര്‍ഗീയതക്ക് വളരാന്‍ സൗകര്യമൊരുക്കും. ഇത്തരം വര്‍ഗീയ അജന്‍ഡകളെ പ്രതിരോധിക്കണം. പൊതു മണ്ഡലങ്ങള്‍ ശക്തിപ്പെടുത്തണം.മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ടു നയിക്കുന്ന എല്ലാ നിലപാടുകളെയും ചെറുക്കാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.

ജവഹര്‍ സ്റ്റേഡിയത്തില്‍ അയ്യായിരത്തിലേറെ പേര്‍ അണിനിരന്ന സെമിനാറില്‍ സംഘാടകസമിതി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയം അവതരിപ്പിച്ചു. മുന്‍മന്ത്രി ടി കെ ഹംസ, പി ടി എ റഹിം എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍, എസ് എ പുതിയവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. "കേരളത്തിലെ വര്‍ഗീയ കലാപങ്ങളും ഇടതുപക്ഷവും" എന്ന വിഷയം സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനും "വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടല്‍" എന്ന വിഷയം എം എ നിസാറും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

deshabhimani

2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും സൈനികേതര ആണവ സഹകരണത്തിനുള്ള നിര്‍ണായകമായ ആദ്യ വാണിജ്യകരാര്‍ ഒപ്പിട്ടു. ആണവ-പ്രതിരോധ മേഖലയില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുപക്ഷവും സൈനികേതര ആണവസഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഇന്ത്യയുടെ ആണവബാധ്യതാനിയമത്തെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ത്തതിനാലാണ് വാണിജ്യകരാര്‍ വൈകിയത്. ആണവബാധ്യതാ നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായതോടെയാണ് പുതിയ കരാറിന് അവസരമൊരുങ്ങിയത്. സൈനികേതര ആണവസഹകരണത്തില്‍ ഇരു രാജ്യവും ഇനിയും മുന്നോട്ട് പോകുമെന്ന് ഒബാമ പറഞ്ഞു. ആണവോര്‍ജരംഗത്ത് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും വ്യാവസായികമായി സഹകരിക്കാനുള്ള കരാറിനും അനുമതി നല്‍കിയെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും അറിയിച്ചു. അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ ഗുജറാത്തിലും ആന്ധ്രപ്രദേശിലും വാണിജ്യ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുഎസ് കമ്പനികളായ വെസ്റ്റിങ്ഹൗസിനും ജനറല്‍ ഇലക്ടിക്-ഹിറ്റാച്ചിക്കുമാണ് ഇതിന്റെ ചുമതല.

സാങ്കേതികവിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയുടെ ആണവോര്‍ജ നിയന്ത്രണ ഏജന്‍സിയും (എന്‍ആര്‍സി) ഇന്ത്യന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും ധാരണാപത്രം ഒപ്പിടും. പ്രതിരോധമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം നടത്താനും പുതിയ കരാറുകളില്‍ ഒപ്പിടാനും ധാരണയായി. വിദേശനിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉടമ്പടി വേഗത്തില്‍ ഒപ്പിടാനും തീരുമാനമായി. പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനം, ആഭ്യന്തര-സൈബര്‍ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കാനും ധാരണയിലെത്തി.

deshabhimani

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറയ്ക്കുന്നത് ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമതാ ശര്‍മ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് അവര്‍ വിശദീകരിച്ചു. ദേശീയ വനിതാ കമീഷന്റെ അഭിപ്രായം ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. വിവാഹപ്രായം കുറയ്ക്കണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഇതേ അഭിപ്രായം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ചു.

പരാമര്‍ശം പിന്‍വലിക്കണം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സായി കുറച്ചാല്‍ മതിയെന്ന ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമലി ഗുപ്തയും ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ബലാത്സംഗം സ്ത്രീയുടെ ശരീരത്തിനും അഭിമാനത്തിനും നേര്‍ക്ക് നടത്തുന്ന ആക്രമണവും കുറ്റകൃത്യവുമാണ്. വിവാഹപ്രായം കുറയ്ക്കുന്നതുമായി അതിന് ഒരു ബന്ധവുമില്ല. പേശീബലം കൊണ്ടുള്ള ആക്രമണമായ ബലാത്സംഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുന്ന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

വിവാഹപ്രായം കുറയ്ക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ

വിവാഹപ്രായം കുറയ്ക്കാനായി മുസ്ലിം സംഘടനകളെയെല്ലാം യോജിപ്പിച്ച് രംഗത്തിറക്കിയ ലീഗ് കേരളത്തില്‍ വര്‍ഗീയ മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും. സമര പ്രഖ്യാപന സംസ്ഥാന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് കോഴിക്കോട്ടെ ടാഗോര്‍ സെന്റിനറി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.

രാജ്യത്ത് അധികാരത്തിനുവേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്രമോഡിയുടെ നീക്കമാണ് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ പരീക്ഷിക്കുന്നത്. കാലഘട്ടത്തിന് യോജിക്കാത്ത പാര്‍ടിയായി ലീഗ് മാറി. സംഘപരിവാറിന്റെ വര്‍ഗീയതയോട് മത്സരിക്കുംവിധം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമം. അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്താനാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേരളം ആര്‍ജിച്ച നേട്ടങ്ങളെ നശിപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ല. യോജിക്കാവുന്ന എല്ലാ പുരോഗമന സംഘടനകളുമായും സഹകരിച്ച് വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തെ ചെറുക്കും. ലീഗിന്റെ നിലപാടിനെതിരെയുള്ള യൂത്തുലീഗിന്റെയും എംഎസ്എഫിന്റെയും പ്രതികരണങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. ഉറച്ച നിലപാടാണ് അവരുടേതെങ്കില്‍ ഇരു സംഘടനകളും ഡിവൈഎഫ്ഐയുടെ പ്രക്ഷോഭവുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ യൂത്തുകോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ കെ എസ് സുനില്‍കുമാറും പങ്കെടുത്തു.

മതസംഘടനകളുടെ ആവശ്യം അപരിഷ്കൃതം: ഡിവൈഎഫ്ഐ

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറയ്ക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സമൂഹത്തെ പിന്നോട്ടടിപ്പിക്കാനും മുസ്ലിം പെണ്‍കുട്ടികളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുമാണെന്ന് ഡിവൈഎഫ്ഐ. 16-ാംവയസ്സില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനസികവികാസത്തിനും തടസ്സം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു.

നരേന്ദ്രമോഡിയുടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ക്ക് ബദലായി മുസ്ലിംലീഗ് നടത്തുന്ന വര്‍ഗീയപ്രചാരണത്തിന്റെ ഭാഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളെ ബന്ദികളാക്കി വര്‍ഗീയധ്രുവീകരണം നടത്താനാണ് മുസ്ലിംലീഗും മറ്റു ചില സംഘടനകളും ശ്രമിക്കുന്നത്. പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്തും മറ്റ് നേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിം സമുദായം ഏറെ മുന്നിലാണ്. ഈ നേട്ടത്തെയെല്ലാം പിന്നോട്ടടിപ്പിക്കാനുള്ള നീക്കമാണ് വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടും.

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ എംഎസ്എഫും യൂത്ത്ലീഗും രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. എല്ലാ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തുവരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണമുണ്ടായിട്ടില്ല. ഇവരുടെ നിലപാട് അറിയാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവരും പങ്കെടുത്തു.

deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി


Sunday, September 29, 2013

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്ന ക്രിമിനലുകള്‍ പോലും സ്വന്തം ജില്ല ഒഴിച്ചുള്ള ജില്ലകളില്‍ മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വാധീനമുണ്ടാക്കുന്നതായി ഡിജിപി പറയുന്നു. അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ഈ കത്തയച്ചത്.ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപിയുടെ കത്ത്.

വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. സപ്തംബര്‍ ഏഴിനാണ് കത്തയച്ചത്.

deshabhimani

യുഡിഎഫ് ഭരണത്തില്‍ ആരും തൃപ്തരല്ല: ഗൗരിയമ്മ

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സംതൃപ്തിയുള്ള ഒരാള്‍പോലും കേരളത്തിലില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിരൂക്ഷമായി. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നു. ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നവംബറില്‍ ചേരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനം തീരുമാനിക്കും.

നിഷേധവോട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുക്കാനുള്ളതാണ്. തെരഞ്ഞെടുക്കാതിരിക്കാനുള്ളതല്ല. ഏതൊരാള്‍ക്കും ചട്ടവിധേയമായി മത്സരിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവകാശമുണ്ട്. ഇതൊന്നും വിനിയോഗിക്കാതെ നിഷേധ വോട്ടിങ്ങിന് പോകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസന്തയ്ക്ക് ചേര്‍ന്നതല്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ദേശീയഗാനത്തെ അവഹേളിക്കുകയും വിഡ്ഢിദിനത്തില്‍ ജനിച്ചവനെന്ന് ആക്ഷേപിച്ച് ഉപരാഷ്ട്രപതിയെ അപമാനിക്കുകയും ചെയ്ത ചടങ്ങ് മന്ത്രി ശശി തരൂര്‍ തട്ടിക്കൂട്ടിയത്. "ശ്രീനാരായണ ധര്‍മസമിതി" എന്ന സംഘടന നാരായണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ "വിശ്വ മതനിരപേക്ഷ സമാധാന പുരസ്കാരം" സ്ഥലം എംപി കൂടിയായ ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങും അവാര്‍ഡും അദ്ദേഹംതന്നെ സംഘടിപ്പിച്ചതാണെന്ന് തെളിഞ്ഞു. ഈ പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്ന വിവരം തലസ്ഥാനത്ത് ആര്‍ക്കും അറിയില്ല. ശ്രീനാരായണീയര്‍ക്കുപോലും അറിയാത്ത ഈ സംഘടന കടലാസില്‍ മാത്രം. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്ക്ലബ്ബില്‍ പ്രഖ്യാപിച്ച തരൂര്‍ അതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് തന്റെ പാദസേവകരെവച്ച് നാരായണഗുരുവിന്റെ പേരില്‍ സംഘടനയുണ്ടാക്കിയതും അവാര്‍ഡ് സ്വയം തീരുമാനിച്ചതും.

സ്വാഗതം എന്ന് എഴുതാന്‍പോലുമറിയാത്തവരായിരുന്നു ചടങ്ങിന്റെ സംഘാടകര്‍. സ്വാഗതപ്രസംഗകന്‍ മുതല്‍ അവതാരകന്‍ വരെയുള്ളവരെല്ലാം കൂലിക്കാരായപ്പോള്‍ ഉപരാഷ്ട്രപതി അപമാനിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍പോലും പറയുന്നത്. അവാര്‍ഡിന്റെ ചെലവ് മുഴുവന്‍ വഹിച്ചതും തരൂര്‍ തന്നെ. സ്വയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണെങ്കിലും അത് വാങ്ങുമ്പോള്‍ ജനങ്ങളാകെ കാണണമെന്ന നിര്‍ബന്ധമുണ്ടായതുകൊണ്ടാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഉപരാഷ്ട്രപതിയെ പങ്കെടുപ്പിച്ചത്. മാധ്യമങ്ങളില്‍ അവാര്‍ഡ് ഏറ്റുവാങ്ങല്‍ ചടങ്ങ് തത്സമയം വരുമെന്ന് ഉറപ്പാക്കിയശേഷം ഉപരാഷ്ട്രപതിയെയും അവാര്‍ഡ് ജേതാവിനെയും വാഴ്ത്താന്‍ അവതാരകനെ പ്രത്യേകം ഏര്‍പ്പെടാക്കി. വാക്കുകൊണ്ട് അമ്മാനമാടാന്‍ കഴിയുന്ന അവതാരകന്‍ ആദ്യംതന്നെ ഉപരാഷ്ട്രപതിയെ വിഡ്ഢിദിനത്തില്‍ പിറന്നവനെന്നാണ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് അവതാരകന്‍ നാരായണഗുരുവിനെ "വാഴ്ത്തി". ആ മഹാന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതിന് തരൂരിനെയും മഹാനാക്കി. ചടങ്ങിന്റെ നിലവാരത്തകര്‍ച്ചയും ശൂന്യമായ സദസ്സും ശ്രദ്ധയില്‍പ്പെട്ടതോടെ നഗരത്തിലെ കോണ്‍ഗ്രസുകാര്‍തന്നെയാണ് സംഘാടകരെ തേടിയിറങ്ങിയത്. അന്വേഷണം ചെന്നെത്തിയതാകട്ടെ നഗരത്തില്‍ തരൂരിന് വേണ്ടി കൂലിക്ക് പോസ്റ്റര്‍ ഒട്ടിക്കുകയും ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുന്നവരില്‍. പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ സ്കൂളില്‍ പഠിച്ചപ്പോള്‍ ദേശീയഗാനം കേട്ടിട്ടുള്ളതല്ലാതെ ഒരിക്കല്‍പോലും ചൊല്ലിയിട്ടില്ലത്രെ. ദേശീയഗാനത്തെ അപമാനിച്ചതിന് നേരത്തെ കേസില്‍ കുടുങ്ങിയ തരൂര്‍ തന്നെയാണ് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം തെറ്റിച്ചതിനും ഉത്തരവാദി. ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് തരൂര്‍ പ്രോട്ടോകോള്‍ ഓര്‍ത്തത്. ദേശീയഗാനം ചൊല്ലാതെ ചടങ്ങ് ആരംഭിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചതോടെ മന്ത്രി തന്നെയാണ് ആ ജോലിയും കൂലിക്കാരനെ ഏല്‍പ്പിച്ചത്. അധിക ജോലിക്ക് അധികവേതനം ഉറപ്പിച്ചാണ് സംഘാടകന്‍ അറിയാത്ത പണിക്ക് ഇറങ്ങിയത്. അത് കേസാകുമെന്നും ആ പാവത്തിന് അറിയില്ലായിരുന്നു.

വീണ്ടും സീറ്റ് തരപ്പെടുത്തുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത തരൂരിന് എങ്ങനെയും നാല് വോട്ട് തട്ടിക്കൂട്ടാന്‍ ഹീനമാര്‍ഗം ആശ്രയിക്കേണ്ടിവന്നു. ഇതിന്റെ ഭാഗമായാണ് ശ്രീനാരായണീയരുടെ വോട്ടുതട്ടാന്‍ നാരായണഗരുവിന്റെപേരില്‍ ഒരു അവാര്‍ഡ് സൃഷ്ടിച്ചതും അത് തനിക്കുതന്നെയെന്ന് പ്രഖ്യാപിച്ചതും. ആ തട്ടിക്കൂട്ട് ചടങ്ങാകട്ടെ ദേശീയതലത്തില്‍വരെ കേരളത്തെ നാണംകെടുത്തുകയും ചെയ്തു. നാരായണഗുരുവിനുപോലും അപമാനം ഉണ്ടാക്കിയ ചടങ്ങിന് ശേഷം ശശി തരൂര്‍ ലോകം ആരാധിക്കുന്ന സ്വാമി വിവേകാനന്ദനെയും വെറുതെ വിട്ടില്ല. വിവേകാനന്ദന്‍ മദ്യപാനിയും മാംസം കഴിക്കുന്നവനുമാണെന്നാണ് ബുധനാഴ്ച തട്ടിവിട്ടത്.

deshabhimani

രോഗശാന്തി ശുശ്രൂഷകന്‍

രോഗശാന്തി ശുശ്രൂഷകന്‍

ആ പതിനാറുകാരിക്ക് ഒരബദ്ധമേ പറ്റിയുള്ളൂ. ആശാറാം ബാപ്പു എന്ന എഴുപത്തൊന്നുകാരന്‍ കയറിപ്പിടിച്ചപ്പോള്‍, "അരുതേ സഹോദരാ" എന്നു പറഞ്ഞ് കരയാന്‍ മറന്നുപോയി. സരസ്വതീമന്ത്രം ആ സമയത്ത് ഓര്‍മ വന്നതുമില്ല.ബലാത്സംഗം തടയാന്‍ പെണ്‍കുട്ടികള്‍ കരാട്ടെ പഠിക്കുകയും തോക്കും കത്തിയും മൊട്ടുസൂചിയും കൊണ്ടുനടക്കുകയുംചെയ്യുന്ന നാട്ടില്‍ അതൊന്നും വേണ്ടതില്ല എന്നു വിളിച്ചുപറഞ്ഞ സ്വാമി ഒരാളേയുള്ളൂ. നരേന്ദ്രമോഡിയുടെ ആരാധകനായ സാക്ഷാല്‍ ആശാറാം ബാപ്പുജി. സബര്‍മതി തീരത്ത് നൂറേക്കര്‍ കൈയേറി ആശ്രമം പണിതതാണ് ഈ "ബാപ്പുജി"യുടെ മഹത്വം. സബര്‍മതിക്കരയില്‍ യഥാര്‍ഥ ബാപ്പുജിയും ഒരാശ്രമം സ്ഥാപിച്ചിരുന്നു. അതുകൊണ്ട്, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ബാപ്പുജി എന്ന് വിളിക്കാമെങ്കില്‍, അജ്മീറിലെ പഴയ റിക്ഷാവാല അസുമലിനെയും അതേ പേര് വിളിക്കാം എന്നാണ് സനാതനസിദ്ധാന്തം.

ബലാത്സംഗം തടയാന്‍ നിയമമെന്തിന്, ആര്‍ത്തികയറി ആഞ്ഞുവരുന്നവനെ സഹോദരായെന്ന് വിളിച്ച് സരസ്വതീമന്ത്രമുരുവിട്ടാല്‍ അവന്‍ പിന്തിരിഞ്ഞുകൊള്ളും എന്ന മഹത്തായ ആശയം ഡല്‍ഹി ബലാത്സംഗക്കാലത്താണ് ആശാറാംജി അവതരിപ്പിച്ചത്. അങ്ങനെ ചെയ്യാത്ത സ്ത്രീയും ബലാത്സംഗക്കേസില്‍ കുറ്റവാളിയാണ്; ഡല്‍ഹിയില്‍ ബസില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടി അതുകൊണ്ട് തെറ്റുകാരിയെന്ന് അന്ന് സ്വാമി മൊഴിഞ്ഞപ്പോള്‍ നല്ലരണ്ട് കല്ലെടുത്ത് ആശ്രമത്തിലേക്കെറിയാന്‍ ആര്‍ക്കും തോന്നിയില്ല. അങ്ങനെ ചെയ്താലും രക്ഷപ്പെടല്‍ എളുപ്പമല്ല. ആശാറാമിന് കോടിക്കണക്കിന് അനുയായികളുണ്ട്. രാജ്യത്തും പുറത്തുമായി നാനൂറ്റമ്പതിലധികം ആശ്രമങ്ങള്‍. സ്വത്തുകണക്ക് 45,000 കോടിയിലേറെ. സ്വാമിമാര്‍ക്ക് വായിച്ചും പഠിച്ചും കാര്യങ്ങള്‍ അറിയണമെന്നില്ല. അതത് സമയത്ത് അശരീരിപ്പെടുന്നതാണ് രീതി. "ഇന്ന് എനിക്ക് വയ്യ; കിടക്കണം" എന്ന് അശരീരിപ്പെട്ടാല്‍, "ലോകത്തിന്റെ ഗതികെട്ട പോക്കില്‍ മനംനൊന്ത് ധ്യാനത്തിന്റെയും പ്രാര്‍ഥനയുടെയും മാര്‍ഗത്തിലൂടെ നടക്കാന്‍ ഭക്ത ജനകോടികളെ മഹാത്മാവ് ആഹ്വാനംചെയ്തു" എന്ന് വായിക്കണം. സ്വാമിക്ക് മലബന്ധം അനുഭവപ്പെട്ടാല്‍, പാരിസ്ഥിതികപ്രശ്നത്താല്‍ വിങ്ങിപ്പൊട്ടുന്ന ഭൂമിയെയും തുളവീണ ഓസോണ്‍ പാളിയെയും ഓര്‍മിക്കണം. അതുകൊണ്ടാണ്, ജോധ്പുര്‍ ആശ്രമത്തില്‍ ശിഷ്യപുത്രിയെ സ്വാമി പീഡിപ്പിച്ചു എന്ന് ആരോപണമുണ്ടായപ്പോള്‍ അത് പീഡനമല്ല, ദിവ്യമായ രോഗശാന്തി ശുശ്രൂഷയാണ് എന്ന് ഭക്തപണ്ഡിതര്‍ വിധിയെഴുതിയത്.

മലയാളി ഹൗസില്‍നിന്ന് ഇറങ്ങിച്ചെന്ന് ചാനല്‍പ്രഭയില്‍ രാഹുല്‍ ഈശ്വര്‍ എന്ന അഭിനവ മഹാസ്വാമിയും ദിവ്യശുശ്രൂഷാവാദമാണ് ഓംകാരമന്ത്രത്തോടൊപ്പം ഉരുവിട്ടത്. ഇത്തരം ചികിത്സ ആശാറാം സ്വാമിയുടെ തനതുരീതിയാണ്. ആശ്രമത്തില്‍ സങ്കടനിവൃത്തിക്ക് വരുന്ന ഭക്തകളെ ഒറ്റയ്ക്കൊറ്റയ്ക്കേ കാണാറുള്ളൂ. ആശ്രമങ്ങളില്‍ "മാതാജി"മാരും "ബാലികാ സ്വാമിനി"മാരും സ്ഥിരമായി ഉണ്ടാകും. അവരില്‍ പലരും ബാപ്പുവിന്റെ കൂടെ സദാസമയവും ചെലവിടും. സപ്തതി പിന്നിട്ട്, നരച്ച താടിനീട്ടി, സര്‍വസംഗപരിത്യാഗിയായി, സങ്കീര്‍ത്തനങ്ങളാലപിച്ച് സര്‍വലോകത്തിനും വഴികാട്ടുന്ന സ്വാമികള്‍ക്ക് വൃദ്ധയെന്നോ ബാലികയെന്നോ വ്യത്യാസം തോന്നേണ്ട കാര്യമില്ല.

ഒരുദിവസം ഒരു യുവതിയും സ്വാമിയുമായി വിവസ്ത്രപൂജ നടത്തുന്നതുകണ്ട ആശ്രമവാസി, ആ കാഴ്ച മായയാണെന്ന് മനസ്സിലാക്കാതെ രാജികൊടുത്ത് സ്ഥലംവിട്ടു. ആശ്രമത്തിലെ രണ്ട് ബാലകന്മാരുടെ മരണത്തെക്കുറിച്ച് ചില അജ്ഞര്‍ സംശയം ഉന്നയിച്ചു. ശാന്ത് ശ്രീ ആശാറാംജി ആശ്രമത്തിന് അങ്ങനെയുള്ള ശത്രുക്കളേയുള്ളൂ. ഒരു വിവാദത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മീയശക്തിയുള്ള ആശാറാംജി ഗുജറാത്തിലെ പ്രിയ മോഡിജിയെ "യോദ്ധാവ്" എന്നേ വിളിക്കാറുള്ളൂ. ആശ്രമത്തില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിപ്പോകുന്ന കാവിക്കാരും ഖദറുകാരും രാജ്യം ഭരിക്കുന്നവരാകയാല്‍, ബാപ്പുജിയുടെ സദ്പ്രവൃത്തികള്‍ ചിക്കിച്ചികയാന്‍ മാധ്യമകേസരികളും പോകാറില്ല. ആശ്രമത്തില്‍ മാധ്യമങ്ങള്‍ക്ക് വിശേഷാല്‍ ഊണുമുണ്ട്.

എല്ലാം തകര്‍ത്ത് ബാപ്പു മഹാത്മനെ തടവറയിലേക്കയച്ചത്, സരസ്വതീമന്ത്രം പഠിക്കാത്ത ഒരു പതിനാറുകാരിയാണ്. അവള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് ആശ്രമത്തില്‍ വന്നത്. ഒരു മണിക്കൂര്‍ നേരം അവളെ ഒറ്റയ്ക്ക് മുറിയില്‍ വിളിപ്പിച്ച് എങ്ങനെ മാനഭംഗം ആത്മീയമാര്‍ഗത്തിലൂടെ തടുക്കാം എന്ന് പഠിപ്പിച്ചു. അതിനെ അവള്‍ തെറ്റിദ്ധരിച്ചപ്പോള്‍, അവളെയും രക്ഷിതാക്കളെയും നേരായി ധരിപ്പിക്കാന്‍ ഏതാനും ഗുണ്ടകളെ വിട്ടതേയുള്ളൂ. എന്നിട്ടും മനസ്സിലാകാത്തതുകൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തയും വിവാദവും കേസും വന്നത്. ഇത് ഒരു ദൈവപരീക്ഷണം മാത്രം. ജയിലും കോടതിയുമൊക്കെ ഭഗവാന്റെ കല്‍പ്പനയാണ്. ഇറങ്ങിവരുമ്പോള്‍ ശിഷ്യസഞ്ചയവും ആശ്രമശൃംഖലയും കോടികളുടെ കൂമ്പാരവുമുണ്ട്. ഇനിയുള്ള ആത്മീയയാത്ര കൂടുതല്‍ മഹത്വപ്പെട്ടതാകും. സന്തോഷ് മാധവന്‍, സ്വാമി നിത്യാനന്ദ എന്നിങ്ങനെ ചില ആരാധകര്‍ തനിക്കുണ്ട്. അവര്‍ പെട്ടതുപോലെയൊന്നും താന്‍ പെടാന്‍ പോകുന്നില്ല- കേരളീയര്‍ ആട്-തേക്ക്-മാഞ്ചിയം മുതല്‍ സോളാര്‍ വരെയുള്ള ദൈവികശക്തികളില്‍ വീണുപോകുമെങ്കില്‍ ആകെ മൊത്തം ഇന്ത്യക്കാര്‍ക്ക് ഇങ്ങനെ നീണ്ട താടിയും പാട്ടും നൃത്തവുമൊക്കെ മതി-അതിനെയാണ് ആര്‍ഷഭാരത സംസ്കാരം എന്ന് വിളിക്കുന്നത്: ചിലർ ചുരുക്കി ആ.ഭാ.സം എന്നും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജന്‍ അമേരിക്കന്‍ പൗരന്‍. ഇന്ത്യന്‍ താല്‍പ്പര്യങ്ങളേക്കാള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന ആശങ്ക റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും കണക്കിലെടുക്കാതെയാണ് അമേരിക്കന്‍ സാമ്പത്തിക സിദ്ധാന്തം മുറുകെപ്പിടിക്കുന്ന രഘുറാം രാജന്റെ നിയമനം.

കഴിഞ്ഞ ആഗസ്തിലാണ് ധനമന്ത്രാലയത്തില്‍ മുഖ്യ ഉപദേശകനായി രഘുറാം രാജന്‍ നിയമിക്കപ്പെട്ടത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നടുവൊടിക്കുന്ന നടപടികള്‍ക്കെല്ലാം ഈ പദവിയിലിരുന്ന് ചരടുവലിച്ച രഘുറാം രാജന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ വിശ്വസ്തനായി. അമേരിക്കയിലേക്ക് ചിദംബരം നടത്തിയ നിരവധി യാത്രകളും അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകളും പിന്നീടുള്ള നടപടികളും രൂപയുടെ വിലയിടിവിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രൂപയുടെ നടുവൊടിക്കാന്‍ ധനമന്ത്രിതന്നെ അമേരിക്കയ്ക്കും മറ്റ് വികസിത സാമ്പത്തിക ശക്തികള്‍ക്കും കൂട്ടുനിന്നത് രഘുറാം രാജന്റെ കൂടി ഉപദേശപ്രകാരമായിരുന്നു.

അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിച്ചുകൊണ്ടാണ് നിരവധി സുപ്രധാന സാമ്പത്തിക സ്ഥാപനങ്ങളില്‍ രഘുറാം രാജന്‍ നിയമിക്കപ്പെട്ടതെന്നത് പരക്കെ അറിവുള്ളതാണ്. ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്, ലോക ബാങ്കിലെയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിലെയും വിസിറ്റിങ് ഫെലോ എന്നീ നിലകളില്‍ ഇദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അമേരിക്കന്‍ പൗരനായതുകൊണ്ടും അമേരിക്കന്‍ പിന്തുണയുള്ളതുകൊണ്ടുമാണ്. അമേരിക്കയിലെ ഷേല്‍ വാതക നിക്ഷേപത്തില്‍ മുതല്‍മുടക്കിയിട്ടുള്ള റിലയന്‍സ് ബാങ്കിങ് ലൈസന്‍സിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കുതന്നെ അത് ഹാനികരമാകും. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതിനു പിന്നില്‍ ഇതടക്കമുള്ള നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.

രഘുറാം രാജന്‍ ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ 23-ാമത് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റു. അന്താരാഷ്ട്ര നാണയ നിധിയുടെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്നു അമ്പതുകാരനായ രഘുറാം രാജന്‍. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. ഡി സുബ്ബറാവു ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് രഘുറാം പുതിയ ഗവര്‍ണറായി ചുമതലയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റിസര്‍വ് ബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് രഘുറാം രാജന്‍ എത്തുന്നത്. രൂപയുടെ എക്കാലത്തെയും വലിയ മൂല്യത്തകര്‍ച്ചയുള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ തന്റെ കൈയില്‍ മാന്ത്രിക ദണ്ഡൊന്നുമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ രഘുറാം തുടര്‍ന്ന് എന്ത് നടപടികളാകും സ്വീകരിക്കുകയെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു വ്യക്തമാണ്.

deshabhimani

2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്. പക്ഷേ, അത് വിപ്ലവശക്തികളും പ്രതിവിപ്ലവ ശക്തികളുംതമ്മില്‍ അഥവാ ജനാധിപത്യ ചേരിയും ജനാധിപത്യവിരുദ്ധചേരിയും തമ്മില്‍ അഥവാ സാമ്രാജ്യത്വ വിരുദ്ധചേരിയും സാമ്രാജ്യത്വചേരിയും തമ്മില്‍ അല്ല എന്നതാണ് വസ്തുത. 2012ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ജൂലൈ 3ന് സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് അധികാരം പിടിച്ചെടുക്കുകയും മുര്‍സി ഉള്‍പ്പെടെയുള്ള മുസ്ലീം ബ്രദര്‍ഹുഡ് നേതൃത്വത്തെ തടവിലാക്കുകയും ചെയ്തത്. സുപ്രീംകോണ്‍സ്റ്റിറ്റ്യൂഷണല്‍ കൗണ്‍സില്‍ മേധാവി മുഹമ്മദ് മന്‍സൂര്‍ പ്രസിഡന്റായി നിയമിക്കപ്പെടുകയുമുണ്ടായി. ഇതേ തുടര്‍ന്ന് കെയ്റോയിലെ നാസര്‍സിറ്റിയിലും നാഹ്ദ ട്രാഫിക് കേന്ദ്രത്തിലും ഉള്‍പ്പെടെ മുസ്ലീം ബ്രദര്‍ഹുഡുകാര്‍ മുര്‍സിയ്ക്ക് അധികാരം തിരികെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഈ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു എന്ന തെറ്റിദ്ധാരണ വേണ്ട.

ഈജിപ്തിലെ മത ന്യൂനപക്ഷ വിഭാഗമായ കോപ്ടിക് ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുനേരെയും മതനിരപേക്ഷ ശക്തികള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിനൊപ്പം അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളും അണിനിരന്നിരുന്നു. വംശീയവും മതപരവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുക എന്ന ബോധപൂര്‍വമായ ലക്ഷ്യമാണ് ഈ പിന്തിരിപ്പന്‍ ശക്തികള്‍ക്കുണ്ടായിരുന്നത്. ആഗസ്റ്റ് 14ന് ബ്രദര്‍ഹുഡുകാരുടെ പ്രതിഷേധ കൂട്ടായ്മകളെ ബലംപ്രയോഗിച്ച് പിരിച്ചുവിടാന്‍ നടത്തിയ നീക്കം വലിയൊരു രക്തച്ചൊരിച്ചിലിലും കൂട്ടക്കൊലയിലുമാണ് കലാശിച്ചത്. ഇതിനകം ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. അറസ്റ്റുചെയ്യപ്പെട്ടതില്‍ പ്രമുഖ അല്‍ഖ്വയ്ദ നേതാക്കളുമുണ്ട്. ഈജിപ്തിലെ ജനത ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയ്ക്ക് അകപ്പെട്ട അവസ്ഥയിലാണ്. സ്വേച്ഛാധിപതിയായ ഹോസ്നിമുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തെ, ഇപ്പോള്‍ മുര്‍സിക്കെതിരായ ജനമുന്നേറ്റത്തെ എന്നപോലെ സൈന്യം റാഞ്ചുകയാണുണ്ടായത്. 2011 ജനുവരി - ഫെബ്രുവരി കാലത്തെ ജനകീയ പ്രക്ഷോഭം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗ ഉള്ളടക്കം ഉള്ളതായിരുന്നു. മതനിരപേക്ഷവാദികള്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും ഒപ്പം അതില്‍ മുസ്ലീം ബ്രദര്‍ഹുഡ് അനുയായികളും സജീവമായി പങ്കെടുത്തിരുന്നു; മുസ്ലീം ബ്രദര്‍ഹുഡ് സംഘടനാപരമായി ആ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുമില്ല. ആ പ്രക്ഷോഭം കേവലം മുബാറക്ക് വാഴ്ചയ്ക്കെതിരായതുമാത്രമായിരുന്നില്ല. മുബാറക്കിനെ അധികാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സൈനിക മേധാവിത്വത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായതുകൂടിയായിരുന്നു. ഒപ്പം ആ പ്രക്ഷോഭത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ ഉയര്‍ത്തിയത് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അതിന്റെ പ്രത്യാഘാതമായി ഉയര്‍ന്നുവന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, സാമൂഹിക സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കും എതിരായ മുദ്രാവാക്യങ്ങളായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനെതിരെയും കൂലി വര്‍ദ്ധനയ്ക്കുവേണ്ടിയുമുള്ള മുദ്രാവാക്യങ്ങളും ആ പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

എന്നാല്‍ അതേസമയംതന്നെ ഒരു കേന്ദ്ര ട്രേഡ്യൂണിയന്‍ ആഹ്വാനപ്രകാരമോ കേന്ദ്രീകൃത നേതൃത്വത്തിലോ ആയിരുന്നില്ല പ്രക്ഷോഭം നടന്നത്. കമ്യൂണിസ്റ്റുപാര്‍ടിയും സോഷ്യലിസ്റ്റുപാര്‍ടിയും ഉള്‍പ്പെടെയുള്ള വിവിധ ഇടതുപക്ഷ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഏപ്രില്‍ 6 യുവജനപ്രസ്ഥാനംപോലെയുള്ള സംഘടനകളാണ് ആ പ്രക്ഷോഭത്തില്‍ നെടുനായകത്വം വഹിച്ചത്. ഇടതുപക്ഷ സംഘടനകള്‍ക്കോ സ്വതന്ത്രമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിനോ പ്രവര്‍ത്തിക്കാന്‍ സ്വേച്ഛാധിപത്യവാഴ്ച അനുവദിച്ചിരുന്നില്ല. 1976ല്‍ മുബാറക്ക് സര്‍ക്കാര്‍ അംഗീകരിച്ച ട്രേഡ്യൂണിയന്‍ നിയമപ്രകാരം തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം ഈജിപ്ഷ്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറഷന്‍ എന്ന ഭരണവിലാസം സംഘടനയ്ക്കുള്ളിലേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ 2011ലെ പ്രക്ഷോഭത്തിലെത്തിച്ച നിരവധി ഘടകങ്ങളില്‍ പ്രധാനമായത് ഈ കേന്ദ്ര സംഘടനയുടെ പിന്തുണയോ അംഗീകാരമോ ഇല്ലാതെതന്നെ ഈജിപ്തില്‍ വ്യാപകമായി ഉയര്‍ന്നുവന്ന, വിശിഷ്യാ 2006നുശേഷം, തൊഴിലാളിവര്‍ഗ സമരങ്ങളായിരുന്നു. ഈ സമരങ്ങളുടെ ഒരു ഘട്ടത്തിലായിരുന്നു ഏപ്രില്‍ 6 യുവജനപ്രസ്ഥാനം രൂപപ്പെട്ടത്. 2011ലെ ജനമുന്നേറ്റത്തില്‍ മുബാറക്ക് ഭരണം വീഴുമെന്നായപ്പോള്‍ ഇടിയുഎഫ് നേതൃത്വവും പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിതമായി. 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്നാകട്ടെ, ആയിരത്തോളം പുതിയ യൂണിയനുകള്‍ വിവിധ മേഖലകളില്‍ രൂപപ്പെട്ടു. ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ട്രേഡ്യൂണിയന്‍സ്, ഈജിപ്ഷ്യന്‍ ഡെമോക്രാറ്റിക് ലേബര്‍ കോണ്‍ഗ്രസ് എന്നീ രണ്ട് കേന്ദ്ര ടേഡ്യൂണിയനുകളും പുതിയതായി രൂപീകരിക്കപ്പെട്ടു. 2011ല്‍തന്നെ വിവിധ തൊഴില്‍ മേഖലകളിലായി 1400 പണിമുടക്കുകളും മറ്റു നിരവധി പ്രതിഷേധ പ്രക്ഷോഭങ്ങളും നടന്നു. സാമ്പത്തിക-സാമൂഹിക അവകാശങ്ങള്‍ക്കായുള്ള ഈജിപ്ഷ്യന്‍ സെന്ററാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ സെന്ററിന്റെതന്നെ കണക്കുപ്രകാരം 2012ലെ ആദ്യത്തെ എട്ടുമാസത്തിനകം 3150 തൊഴിലാളി പ്രക്ഷോഭങ്ങള്‍ (പണിമുടക്കുകള്‍ ഉള്‍പ്പെടെ) ഈജിപ്തില്‍ നടക്കുകയുണ്ടായി. പുതുതായി രൂപീകരിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഭരണഘടനയ്ക്ക് ജനഹിതം തേടുന്നതിനായി രണ്ടുപ്രാവശ്യം നടന്ന വോട്ടെടുപ്പുവേളയിലും വലിയൊരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിലായിരുന്നു. പൊതുമേഖലയിലുള്ള ഈസ്റ്റേണ്‍ ടുബാക്കോ കമ്പനിയിലെ 13,000 തൊഴിലാളികള്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പുനഃസ്ഥാപിക്കണമെന്നും ഈജിപ്ഷ്യന്‍ അലുമിനിയം കമ്പനി എന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലെ എണ്ണായിരത്തോളം തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ലാഭ വിഹിത ബോണസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കുകളായിരുന്നു ഈ പോരാട്ടങ്ങളില്‍ പ്രധാനം. മുനിസിപ്പല്‍ ജീവനക്കാര്‍, അധ്യാപകര്‍, കെയ്റോയിലെ ബസ്-മെട്രോ തൊഴിലാളികള്‍, തുറമുഖത്തൊഴിലാളികള്‍, ഇരുമ്പ്-ഉരുക്ക്, കളിമണ്ണ് തുടങ്ങിയ വ്യവസായങ്ങളിലെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളും ട്രേഡ്യൂണിയന്‍ അവകാശങ്ങളും കൂട്ടായി വിലപേശാനുള്ള അവകാശവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടത്തുകയുണ്ടായി.

ഈജിപ്തിലെ ഭരണവര്‍ഗത്തിന്റെയും ഐഎംഎഫ്പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും അന്താരാഷ്ട്ര മൂലധനശക്തികളുടെയും പദ്ധതികള്‍ നിര്‍ബാധം നടപ്പാക്കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഈ അവിരാമമായ സമരങ്ങള്‍ തടസ്സം സൃഷ്ടിച്ചു. ഈജിപ്ഷ്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുന്നതിനെന്നപേരില്‍ ഐഎംഎഫില്‍നിന്ന് 480 കോടി ഡോളറിന്റെ വായ്പയും യൂറോപ്യന്‍ യൂണിയനില്‍നിന്ന് 500 കോടി ഡോളറിന്റെ ധന സഹായവും അമേരിക്കയില്‍നിന്ന് 130 കോടി ഡോളറിന്റെ സ്ഥിരം വാര്‍ഷിക സൈനിക സഹായത്തിനുപുറമെ 140 കോടി ഡോളറിന്റെ വിദേശ സഹായവും ലഭ്യമാക്കുന്നതിന് പകരമായി ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാന്‍ 2011 നവംബറില്‍ മുര്‍സി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മൂലധനശക്തികള്‍ക്ക് ഉദ്ദേശിച്ച വേഗതയില്‍ നടപ്പാക്കാനായില്ല. എന്നിട്ടുപോലും ഈ ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയതോടെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമായും വാര്‍ഷിക നാണയപ്പെരുപ്പം 10 ശതമാനമായും വര്‍ദ്ധിച്ചു.

മെച്ചപ്പെട്ട തൊഴിലവസരങ്ങളും സേവന വ്യവസ്ഥകളും തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ടുകൊണ്ട് അലക്സാണ്ട്രിയയിലെ കണ്ടെയ്നര്‍ ആന്റ് കാര്‍ഗോ ഹാന്‍ഡ്ലിങ് കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കിന് നേതൃത്വം നല്‍കിയ 5 യൂണിയന്‍ നേതാക്കളെ അറസ്റ്റ്ചെയ്യുകയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. മാത്രമല്ല, ഇടക്കാല മന്ത്രിസഭയിലെ തൊഴില്‍-മാനവ വിഭവ വകുപ്പ് മന്ത്രി അഹമ്മദ് ബുറായ് കൊണ്ടുവന്നതും സായുധസേനാ സുപ്രീം കൗണ്‍സില്‍ പാസാക്കാന്‍ അനുമതി നിഷേധിച്ചതുമായ ""ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യം"" അനുവദിക്കുന്നതിനുള്ള കരട്ബില്ല് മുര്‍സിയും അടച്ചുപൂട്ടി അലമാരയ്ക്കകത്താക്കി. അതേസമയം 2012 നവംബര്‍ 22ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഏകപക്ഷീയമായി പുറപ്പെടുവിച്ച ഭരണഘടന ഡിക്രി പ്രസിഡന്റിന് അമിതാധികാരം പ്രദാനംചെയ്തു. ഇതിനെതുടര്‍ന്ന് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു. പല ട്രേഡ്യൂണിയനുകളുടെയും ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മുര്‍സി സര്‍ക്കാര്‍ പിരിച്ചുവിട്ടു; അങ്ങനെ ഉണ്ടായ ഒഴിവുകളില്‍ സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കുകയുമുണ്ടായി. അങ്ങനെ ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യത്തിന് മുബാറക്ക് കാലത്തേതിനെക്കാള്‍ കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തി.

ഈജിപ്തിലെ പ്രധാന വാര്‍ത്താമാധ്യമമായ അല്‍-അഹ്റം ഓണ്‍ലൈന്‍ 2013 ജനുവരി 20ന് പ്രസ്താവിച്ചത് പാര്‍ലമെന്റിലെ ഭൂരിപക്ഷവും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അമിതാധികാരങ്ങളും ഉപയോഗിച്ച് വിദ്യാഭ്യാസ സംവിധാനത്തെയും തൊഴിലാളി യൂണിയനുകളെയുമെല്ലാം കൈപ്പിടിയിലൊതുക്കാനാണ് മുസ്ലീം ബ്രദര്‍ഹുഡ് തുനിഞ്ഞത് എന്നാണ്. ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ അന്താരാഷ്ട്ര മൂലധന ശക്തികളുടെ ഹിതാനുസരണം നടപ്പിലാക്കുകയും എല്ലാവിധ എതിര്‍ ശബ്ദങ്ങളെയും ക്രമേണ ഞെരിച്ചമര്‍ത്തുകയും ചെയ്യുന്ന, അതോടൊപ്പം ഇസ്ലാമിക മതമൗലികവാദത്തെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യുന്ന ബ്രദര്‍ഹുഡിനെതിരെ കുമിഞ്ഞുകൂടിയ അസംതൃപ്തിയുടെ പ്രതിഫലനമായിരുന്നു ജൂണ്‍ 30ന്റെ താഹ്റീര്‍ ജനമുന്നേറ്റം. താമറൂഡ് (ജനകീയ കലാപം) എന്നപേരില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ് ഈ ജനകീയ പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തത്. താഹ്റീര്‍ പ്രതിഷേധ പ്രസ്ഥാനത്തിന് മുമ്പായി പ്രസിഡന്റ് മുര്‍സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഉടന്‍തന്നെ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്ന നിവേദനത്തില്‍ 220 ലക്ഷം വോട്ടര്‍മാരുടെ ഒപ്പ് ശേഖരിക്കുകയുണ്ടായി.

2011ലെ അറബ് വസന്തത്തെതുടര്‍ന്ന് പ്രസിഡന്റ് മുബാറക്ക് അധികാരമൊഴിയാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡും സൈന്യവും തമ്മില്‍ ഒരു കൂട്ടുകെട്ട് രൂപംകൊള്ളുകയുണ്ടായി. കാരണം, ഇരുകൂട്ടരും ഒരേ വര്‍ഗതാല്‍പര്യത്തിന്റെ പ്രതിനിധാനങ്ങളാണെന്നതുതന്നെ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയും ഈ രണ്ടു വിഭാഗത്തിനുമുണ്ട്. ബ്രദര്‍ഹുഡിന് ഭൂരിപക്ഷം ലഭിക്കത്തക്കവിധം തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് സൈനിക മേധാവികളുടെ സഹായം ലഭിക്കുകയുണ്ടായി എന്ന് പല തിരഞ്ഞെടുപ്പ് നിരീക്ഷകരും അന്നുതന്നെ വ്യക്തമാക്കിയിരുന്നതുമാണ്. 2012 ഡിസംബറില്‍ റഫറണ്ടത്തിലൂടെ അംഗീകരിക്കപ്പെട്ട പുതിയ ഭരണഘടനപ്രകാരം, രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെ നിശ്ചയിക്കുന്നത് സൈനിക മേധാവികളാണ്. മാത്രമല്ല, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ്, നാഷണല്‍ ഡിഫെന്‍സ് കൗണ്‍സില്‍ എന്നിങ്ങനെ സൈനിക മേധാവികളെ കുത്തിനിറച്ചുകൊണ്ടുള്ള മൂന്ന് ""കൗണ്‍സിലുകള്‍""ക്ക് രൂപം നല്‍കുകയും പ്രതിരോധ ബജറ്റിനുമേല്‍ ഈ കൗണ്‍സിലുകള്‍ക്ക് ആത്യന്തികമായ നിയന്ത്രണാധികാരം അനുവദിക്കപ്പെടുകയും ചെയ്തു. അതിനുംപുറമെ, സാധാരണ പൗരന്മാരെ സൈനിക കോടതികളില്‍ വിചാരണചെയ്യാനുള്ള അധികാരവും മുസ്ലീം ബ്രദര്‍ഹുഡുകാര്‍ കൊണ്ടുവന്ന പുതിയ ഭരണഘടന സൈന്യത്തിന് നല്‍കുകയുമുണ്ടായി. ദേശീയ സുരക്ഷ-വിദേശനയം തുടങ്ങിയ വിഷയങ്ങളിലും സൈന്യത്തിന് നിര്‍ണായകമായ നിയന്ത്രണം അനുവദിക്കാന്‍ മുസ്ലീം ബ്രദര്‍ഹുഡ് തയ്യാറായി. സൈന്യവും ബ്രദര്‍ഹുഡും തമ്മിലുള്ള ഈ ഒത്തുകളി അഥവാ സൈന്യത്തിനുമുന്നിലുള്ള ബ്രദര്‍ഹുഡിന്റെ കീഴടങ്ങല്‍ ജനങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുകയുണ്ടായി. മുര്‍സിക്കെതിരായി പ്രതിഷേധം ഉയര്‍ന്നുവന്നപ്പോഴെല്ലാം മുസ്ലീം ബ്രദര്‍ഹുഡുകാര്‍ അക്രമാസക്തമായി രംഗത്തുവന്ന് ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനും തയ്യാറായി എന്നതും യാഥാര്‍ത്ഥ്യമാണ്. അതിന്റെ തിരിച്ചടിയാണ് ഒരുപക്ഷേ, ഇന്ന് മുസ്ലീം ബ്രദര്‍ഹുഡുകാര്‍ നേരിടുന്നത്.

2013 ജൂണ്‍ 30ന്റെ മുര്‍സിവിരുദ്ധ ജനകീയ മുന്നേറ്റത്തെ, 2011 ഫെബ്രുവരിയില്‍ എന്നതുപോലെ, പൂര്‍ണ്ണമായും അധികാരം കൈപ്പിടിയിലാക്കാനുള്ള അവസരമായാണ് സൈനിക മേധാവികള്‍ ഉപയോഗിച്ചത്. പ്രധാന നഗരങ്ങളിലെല്ലാം ദശലക്ഷക്കണക്കിനാളുകള്‍ മുര്‍സി ഭരണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍, മുര്‍സി തന്നെ പ്രതിരോധമന്ത്രിയായി നിയമിച്ച ജനറല്‍ അബ്ദുല്‍ഫത്ത അല്‍-സിസി പ്രസിഡന്റിനെ അധികാരഭ്രഷ്ടനാക്കുകയും സുപ്രീം കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി ചീഫ് ജസ്റ്റീസിനെ പ്രസിഡന്റായി നിയമിക്കുകയുമുണ്ടായി. 2011ലും ഇപ്പോഴും ജനകീയ മുന്നേറ്റം ശക്തിപ്പെട്ട്, ജനങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നത് തടയുകയും ഭരണത്തിനുമേല്‍ മൂലധന ശക്തികളുടെ നിയന്ത്രണം നിലനിര്‍ത്തുകയുമെന്ന ദൗത്യമാണ് സൈന്യം നിര്‍വഹിച്ചത്. 2011ല്‍ മുബാറക്കിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ മുബാറക്കിനെ പുറത്താക്കി ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്ത സൈന്യം ഇപ്പോള്‍ അതേ നാടകം ആവര്‍ത്തിക്കുകയാണ്. മുബാറക്കിനെ ജയില്‍മോചിതനാക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുകയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിനുമേലാകട്ടെ 1970 മുതല്‍തന്നെ അമേരിക്കയ്ക്ക് നിര്‍ണായകമായ സ്വാധീനവുമുണ്ട്. മുര്‍സിയെ മോചിപ്പിക്കണമെന്ന് പ്രസ്താവിച്ച പ്രസിഡന്റ് ഒബാമ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നോ സൈന്യം രാഷ്ട്രീയകാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നോ പറയാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലീം ബ്രദര്‍ഹുഡുകാര്‍ക്ക് ഇപ്പോഴും ഈജിപ്ഷ്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടെന്നതും അവിതര്‍ക്കിതമാണ്-പ്രത്യേകിച്ചും ഇടത്തരക്കാരിലും നാട്ടിന്‍പുറങ്ങളിലെ കര്‍ഷക ജനങ്ങള്‍ക്കിടയിലും. കടുത്ത മതബോധമാണ് അതിന് പ്രധാന കാരണം. ഭരണകൂടത്തില്‍നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തല്‍ ജനങ്ങള്‍ക്കിടയിലുള്ള ബ്രദര്‍ഹുഡ് നേതൃത്വത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതിനാണ് ഉപകരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഏപ്രില്‍ 6 യുവജന പ്രസ്ഥാനത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്-"" അധികാരത്തിനായി കടിപിടികൂടുന്ന ഇരുപക്ഷത്തിനും ഈജിപ്ഷ്യന്‍ ജനങ്ങളുടെ ജീവനെക്കുറിച്ച് ഒരു പരിഗണനയുമില്ല. തങ്ങളുടെ ലക്ഷ്യം നേടുന്നതിനുള്ള ഏണി ആയാണ് അവര്‍ ഈജിപ്തിലെ ജനങ്ങള്‍ മരിച്ചു വീഴുന്നതിനെ ഉപയോഗപ്പെടുത്തുന്നത്.""

ബൂര്‍ഷ്വാസിയുടെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയില്‍ ബലിയാടാക്കപ്പെടുന്നത് ഈജിപ്തിലെ ജനങ്ങളാണ്. സാമ്രാജ്യത്വശക്തികളാകട്ടെ, ഈ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഒത്തുതീര്‍പ്പുകളുമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിനുള്ള ചരടുവലികളാണ് നടത്തുന്നത്. ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കെട്ടുറപ്പുള്ളതും വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ളതുമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അഭാവമാണ് ഈ ശക്തികള്‍ക്ക് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടാന്‍ അവസരമൊരുക്കുന്നത്. ഈജിപ്തില്‍ അടിയന്തിരമായും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിക്കൊണ്ട് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഈജിപ്തിലെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെയാകെ ഐക്യം സൈന്യത്തിനും മതരാഷ്ട്രീയത്തിനും എതിരായി ശാക്തീകരിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

*
ജി വിജയകുമാര്‍ ചിന്ത വാരിക

പെന്‍ഷനും ചൂതാട്ടത്തിന്

പെന്‍ഷനും ചൂതാട്ടത്തിന്

തൊഴിലെടുക്കുന്നവര്‍ക്കുള്ള സാമൂഹ്യസുരക്ഷാ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് യുപിഎ സര്‍ക്കാര്‍. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളില്‍നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും അവരുടെ അവകാശങ്ങള്‍ കൊള്ളയടിച്ച് കമ്പോളത്തിലെ ചൂതാട്ടത്തിനെറിഞ്ഞുകൊടുക്കുന്നത് പതിവുരീതിയായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി വികസന അതോറിറ്റി നിയമം. ഈ നിയമത്തിലൂടെ പെന്‍ഷന്‍ രംഗത്തേക്ക് വിദേശ കുത്തകകളുടെ കടന്നുവരവിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്‍ വെള്ളിയാഴ്ച രാജ്യസഭയും വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്. പെന്‍ഷന്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നതടക്കം സിപിഐ എം മുന്നോട്ടുവച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. ധനമന്ത്രി പി ചിദംബരം കൊണ്ടുവന്ന ബില്ലിന് ബിജെപി പൂര്‍ണപിന്തുണ നല്‍കിയതിനാല്‍ സര്‍ക്കാരിന് ഇരുസഭയിലും ബുദ്ധിമുട്ടുണ്ടായില്ല.

പെന്‍ഷന്‍ എന്ന ക്ഷേമ ആനുകൂല്യം നിയമവിരുദ്ധമാക്കിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2004 വരെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ബില്ലോടെ നിയമാനുസൃത പെന്‍ഷന്‍ ഇല്ലാതായി. സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത പെന്‍ഷന്‍ മറ്റ് മേഖലകളിലും അവകാശപ്പെടാനാവില്ല എന്ന ഇരട്ടനേട്ടമാണ് സര്‍ക്കാരും മുതലാളിത്ത ശക്തികളും ചേര്‍ന്ന് പങ്കിടുന്നത്. ഇപ്പോള്‍ നിയമാനുസൃത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രോവിഡന്റ് ഫണ്ടിലും ഇഎസ്ഐ ആനുകൂല്യങ്ങളിലും കൈവച്ചശേഷമാണ് പെന്‍ഷനില്‍ പിടിമുറുക്കുന്നത്. ഇപ്പോള്‍ പാസാക്കിയ ബില്‍ നിയമമാകുന്നതോടെ 2004 മുതല്‍ നിലവിലുള്ള താല്‍ക്കാലിക പെന്‍ഷന്‍ ഫണ്ട് അതോറിറ്റിക്ക് നിയമാനുസൃതമായ അധികാരങ്ങള്‍ കൈവരും. അധ്യക്ഷനും മൂന്ന് സ്ഥിരാംഗങ്ങളും മൂന്ന് താല്‍ക്കാലിക അംഗങ്ങളും അടങ്ങുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ചെയ്യുന്ന വിദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ- പൊതുസ്ഥാപനങ്ങളാകും പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുക. 26 ശതമാനം വിദേശനിക്ഷേപമാണ് തുടക്കമെന്ന നിലയില്‍ പെന്‍ഷന്‍ മേഖലയില്‍ ബില്ലിലൂടെ അനുവദിക്കുന്നത്. പെന്‍ഷന്‍ വിദേശനിക്ഷേപത്തെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഭാവിയില്‍ വിദേശനിക്ഷേപ പരിധി വര്‍ധിപ്പിച്ചാല്‍ അത് പെന്‍ഷന്‍മേഖലയിലും പ്രതിഫലിക്കും.

കേന്ദ്രസര്‍ക്കാരും കേരളമടക്കം ഇരുപതിലേറെ സംസ്ഥാനങ്ങളും നടപ്പാക്കിയ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന പേരില്‍ അറിയപ്പെടും. അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി നടപ്പാക്കിയ സ്വാവലംബന്‍ പദ്ധതിയും പെന്‍ഷന്‍ അതോറിറ്റിക്ക് കീഴിലേക്ക് മാറും. പണം ഓഹരിവിപണികളില്‍ നിക്ഷേപിച്ച് ലാഭവിഹിതം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റും. വിപണിഅധിഷ്ഠിത ഗ്യാരന്റി സംവിധാനമല്ലാതെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യക്തമോ അല്ലാത്തതോ ആയ ഉറപ്പുണ്ടാകില്ലെന്ന് ബില്ലിന്റെ 20(2) ജി വകുപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യക്തിഗത ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ അനുവാദമുണ്ടാകില്ല. കര്‍ക്കശ വ്യവസ്ഥകളോടെയല്ലാതെ പിന്മാറാനുമാകില്ല.

ആരോഗ്യമുള്ള കാലത്ത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലമായി വാര്‍ധക്യകാലത്ത് ലഭിക്കുന്ന സുരക്ഷയായിരുന്നു പെന്‍ഷന്‍. ആ ക്ഷേമസങ്കല്‍പ്പം വിപണിയുടെ വാഴ്ചയ്ക്ക് വഴിമാറുകയാണ്. പെന്‍ഷന്‍ ഫണ്ടില്‍ സൂക്ഷിക്കുന്ന തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് ചൂതാടാം. അതില്‍ ജയിച്ചാല്‍ മെച്ചം, ഇല്ലെങ്കില്‍ നഷ്ടം എന്നതാണ് പുതിയ സങ്കല്‍പ്പം. പെന്‍ഷന്‍ഫണ്ടില്‍ സൂക്ഷിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനു പകരം ആഗോള മൂലധനശക്തികള്‍ക്ക് ചൂതാടാനായി നല്‍കുന്നുവെന്നതാണ് പുതിയ മാറ്റം. 2003 മാര്‍ച്ചിലാണ് ആദ്യം ബില്ല് അവതരിപ്പിച്ചത്. പിന്നീട് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ചെറുത്തതിനാല്‍ ബില്ലുമായി മുന്നോട്ടുപോയില്ല. പിന്‍വാങ്ങിയ യുപിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ 2011ല്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

2004നുശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നില്ല. ഇവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം സംഭാവനചെയ്യാം. വിരമിക്കുമ്പോള്‍ ഈ തുക പെന്‍ഷനായി ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന ഈ പദ്ധതിയില്‍ ആര്‍ക്കും ചേരാം. അവരുടെ പെന്‍ഷന്‍ ഫണ്ട് ഏത് കോര്‍പറേറ്റ് കമ്പനിക്ക് ചൂതാട്ടത്തിന് കൊടുക്കണമെന്ന് ഗുണഭോക്താവിനുതന്നെ തീരുമാനിക്കാമെന്നത് വലിയ "ആനുകൂല്യ"മായി ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

52,83,212 ഗുണഭോക്താക്കളും 34,965 കോടി രൂപയുടെ ഫണ്ടുമുള്ളതാണ് ഇന്ത്യയിലെ പെന്‍ഷന്‍ മേഖല. ഈ ഫണ്ട് ആര്‍ക്കൊക്കെ വിട്ടുകൊടുക്കണമെന്ന് നിശ്ചയിക്കാനാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി. എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ ഒന്നുമാത്രമാണ് പൊതുമേഖലയില്‍നിന്നുള്ളത് എന്നതാണ് വാസ്തവം. പണിയെടുക്കുന്നവന്റെ അവകാശനിഷേധത്തിനുള്ള നിയമമാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുന്നത്. ഈ ജനവിരുദ്ധ നിയമത്തിനെതിരെ ജീവനക്കാരും തൊഴിലെടുക്കുന്നവര്‍ ഒന്നടങ്കവും രംഗത്തുവരേണ്ടതുണ്ട്.

*
deshabhimani editorial