ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. മുസ്ലിം ജനവിഭാഗത്തിന് എതിരായിരുന്നു ഇടതുപക്ഷമെന്നും ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ എത്രത്തോളം മുന്നോട്ടുപോകുന്നതിന് സഹായിച്ചു എന്ന് തന്റേതായ വീക്ഷണഗതിയിലൂടെ വിശദീകരിക്കുന്ന പുസ്തകമാണ് ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും".

ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ട് സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിന് നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോകും. അറബികളുടെ സംഭാവനകള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് അറേബ്യയില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമാണ് അറബികള്‍ ശ്രമിച്ചത്. ലോകത്തെമ്പാടും സഞ്ചരിക്കുകയും അവിടങ്ങളില്‍നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്ത അറബികള്‍, ലഭിച്ച വിജ്ഞാനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മാര്‍ക്സും എംഗല്‍സും എടുത്തുപറയുന്നുണ്ട്. ലോകത്തിലെ നവോത്ഥാനത്തെക്കുറിച്ച് "പ്രകൃതിയുടെ വൈരുധ്യാത്മകത" എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നു. യൂറോപ്പിലെ ആധുനികമായ കണ്ടുപിടിത്തങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്ന പല വിവരങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീകരിച്ചതും അവ എത്തിച്ചതും അറബികളായിരുന്നു എന്നെഴുതാനും എംഗല്‍സ് തയ്യാറായി. കേരളത്തില്‍നിന്നുപോലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിച്ചതിന്റെ കാര്യങ്ങളും പുതിയ പഠനങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് സമീപനവും ഇസ്ലാമിന്റെ രൂപീകരണവും 

ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടങ്ങളില്‍ പൊതുവില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ രൂപീകരണത്തെയും അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്ലാം രൂപപ്പെട്ടത് എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വയ്ക്കുന്നുത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും നിരീക്ഷിച്ചു.

കേരളത്തില്‍ ഇസ്ലാം വന്ന വഴി അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിന്റെ കിടപ്പ് അറേബ്യയുമായി ആദ്യകാലഘട്ടത്തില്‍ ബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബികളുമായി വാണിജ്യബന്ധം കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ടതോടെ അറബിക്കച്ചവടക്കാരിലൂടെ ഈ ആശയം നമ്മുടെ നാട്ടിലും എത്തി. കേരളത്തിന്റെ സവിശേഷ സാമൂഹ്യസാഹചര്യത്തില്‍ ഇവ പ്രചരിക്കുന്നതിന് ഇടയായി. പ്രത്യേകിച്ചും തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളില്‍. അക്കാലത്തെ പ്രധാനപ്പെട്ട കേരളത്തിലെ കച്ചവടകേന്ദ്രമായ മുസരീസില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത്. വാണിജ്യരംഗത്ത് മലബാറില്‍ പ്രത്യേകിച്ചും അറബികളുടെ മേല്‍ക്കോയ്മയായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാജ്യത്ത് അധികാരം സ്ഥാപിക്കാനോ കച്ചവടം വര്‍ധിപ്പിക്കാനോ അറബികള്‍ ശ്രമിച്ചില്ല. അക്കാലത്ത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളില്‍ ഇത് വ്യക്തമാണ്.
1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത് ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരം ആരംഭിച്ചു. അറബികളെ കച്ചവടത്തിന്റെ കുത്തകയില്‍നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസുകാരുടെ വാദം അന്നത്തെ സാമൂതിരി അംഗീകരിച്ചില്ല. ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി അധികാരം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ കടലോരങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരും അറബികളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഇവരുടെ ഇടപെടലും ശക്തമായി നടത്തുന്ന സ്ഥിതിയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ ശേഷി നാവികരംഗത്തായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തിലിറങ്ങി യുദ്ധം നടത്തുന്നത് സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ സാമൂതിരിക്ക് മറ്റ് വിഭാഗക്കാരെ ആശ്രയിക്കേണ്ടിവന്നു. കടലുമായും വാണിജ്യവുമായും ബന്ധമുണ്ടായിരുന്ന മുസ്ലിം ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരത്തി. വിദേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍ ഇസ്ലാം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നില മലബാറില്‍ രൂപപ്പെട്ടു. കരയിലെ പോരാട്ടം നായര്‍പടയും കടലിലെ പോരാട്ടം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം ജനവിഭാഗവും ഏറ്റെടുത്തു. ഇതിനെ കൂട്ടിയിണക്കിയാണ് മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധം രൂപപ്പെട്ടത്. അറയ്ക്കല്‍ രാജവംശത്തിന് ശക്തമായ നാവികപ്പട ഉണ്ടായിരുന്നതിനുപിന്നിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിക്കുകയും ഇതിനെ പ്രതിരോധിച്ച് കടലോരമേഖലയില്‍ മുസ്ലിം ജനവിഭാഗം പൊരുതുകയും ചെയ്തു. ഇത്തരം ഒരു ചെറുത്തുനില്‍പ്പായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആധിപത്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം. പോര്‍ട്ടുഗീസുകാരുടെ പ്രധാനപ്പെട്ട ആധിപത്യകേന്ദ്രമായിരുന്ന കണ്ണൂരില്‍ പോര്‍ട്ടുഗീസുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരായി അവിടത്തെ ജനത പോരാടി. അന്നത്തെ പോര്‍ച്ചുഗീസ് കോട്ടയുടെ ചുറ്റുമുണ്ടായിരുന്നത് ഇസ്ലാം മതവിശ്വാസികളായിരുന്നു എന്നതിനാല്‍ അവരുമായി നിരന്തരമായ ഏറ്റുമുട്ടല്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അന്ന് നിലനിന്നിരുന്ന ജന്മിത്തഘടനയെ ശക്തിപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്ന് ഇസ്ലാം വിഭിന്നമായിരുന്നു എന്നതിനാല്‍ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ ഇസ്ലാം മതത്തില്‍ എത്തി.

മുസ്ലിം ജനവിഭാഗവും കാര്‍ഷികസമരങ്ങളും 

സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരാണ് പ്രധാനമായും ഇസ്ലാംമതത്തില്‍ ഉണ്ടായിരുന്നത്. ജന്മിത്തവ്യവസ്ഥയുടെ കാല്‍ക്കീഴിലാണ് അവര്‍ കഴിഞ്ഞത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകള്‍ ഈ ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. മലബാറിലെ മാപ്പിള കലാപങ്ങളെന്നാണ് ബ്രിട്ടീഷുകാര്‍ പോരാട്ടങ്ങളെ വിശേഷിപ്പിച്ചത്. 1921ലെ മലബാറിലെ കാര്‍ഷിക കലാപത്തിനു മുമ്പ് നിരവധി പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. ഈ പോരാട്ടങ്ങളെ നേരിട്ട ബ്രിട്ടീഷുകാര്‍ അതിന് നേതൃപരമായ പങ്കു വഹിച്ചു എന്ന കുറ്റം ചുമത്തി മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ചരിത്രവും മലബാറിനുണ്ട്. മലബാറിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച വില്യം ലോഗന്‍ പോരാട്ടത്തിനുപിന്നില്‍ കാര്‍ഷികപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹ്മാനും കമ്യൂണിസ്റ്റുകാരും 

നേരത്തേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ "മാപ്പിള കലാപം" എന്ന് പേരുവിളിച്ച് അധിക്ഷേപിച്ച കലാപം നടന്നത്. ക്രൂരമായ രീതിയിലാണ് ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. ആലി മുസലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പശ്ശേരി തങ്ങള്‍ എന്നിവരെ വെടിവച്ചുകൊന്നു. കലാപത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 ത്തോളം പേര്‍ തടവിലായി. ഇതിലെ ദാരുണസംഭവമായിരുന്നു 1921 നവംബര്‍ 17ന് നടന്ന വാഗണ്‍ട്രാജഡി. മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയില്‍ വര്‍ഗീയപരമായി ഇത്തരം കലാപത്തെ മുദ്രകുത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ അക്കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. ഈ പോരാട്ടത്തിന് "മലബാര്‍ കലാപം" എന്ന പേര് നല്‍കി അതിന്റെ സ്വഭാവത്തിലെ ദേശീയപരമായ തലം നല്‍കിയതും അദ്ദേഹമാണ്. അക്കാലത്ത് ലീഗും പിന്നീട് കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാനാണ് പോരാട്ടക്കാരെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. മുസ്ലിങ്ങളിലെ സമ്പന്നവിഭാഗം ഈ കലാപത്തെ എതിര്‍ത്തപ്പോള്‍ പാവപ്പെട്ട ജനതയായിരുന്നു ഈ പോരാട്ടങ്ങള്‍ക്കുപിന്നില്‍. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച ലീഗ് പ്രമാണിമാര്‍ക്കുവേണ്ടി കലാപത്തെ തള്ളിപ്പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ബിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇടതുപക്ഷക്കാര്‍ സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി കോണ്‍ഗ്രസിലെ വലതുപക്ഷവിഭാഗത്തിനെതിരെ ഇടതുപക്ഷ കെപിസിസി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മലബാര്‍ കലാപം 

1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, മലബാര്‍ലഹളയുടെ 25-ാം വാര്‍ഷികത്തില്‍ 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച് ഇതേ പേരില്‍ ഇ എം എസും ലഘുലേഖ എഴുതി. ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ദേശാഭിമാനി നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. മലബാര്‍ കലാപത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു. മലബാര്‍ കലാപത്തെ ലീഗും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ അതിന്റെ യഥാര്‍ഥവശം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ചില വര്‍ഗീയശക്തികളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ നേതാക്കന്മാരെടുത്ത സമീപനം ഇത് വര്‍ഗീയമായ തരത്തില്‍ പോകാതിരിക്കാനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമീപനം ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ കലാപമാണ് എന്ന വാദത്തെ കുഞ്ഞഹമ്മദ് ഹാജി തള്ളിക്കളഞ്ഞു. 1946 ആഗസ്റ്റ് 25ന് സര്‍ദാര്‍ ചന്ദ്രോത്ത് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:

""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ല.""

മതപരമായ ഏറ്റുമുട്ടലിലാണ് മലബാര്‍ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെ പോലും കലാപകാരികള്‍ വധിച്ചു എന്ന് കാണാം. ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ കൊലപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളെ ഒറ്റുകൊടുക്കുന്നു എന്നതിന്റെപേരില്‍ ആനക്കയത്തെ ചേക്കൂട്ടി അധികാരിയെയും കൊലപ്പെടുത്തി. കലാപത്തിന്റെ പൊതുവായ രീതി മതപരം മാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, ഈ കലാപത്തെ വര്‍ഗീയമായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള പ്രവണതകള്‍ അക്കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടി കാണാതിരുന്നില്ല. അത്തരം ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം "താക്കീതും" പാര്‍ടി കണ്ടത്.

കമ്യൂണിസ്റ്റുകാര്‍ സാര്‍വദേശീയമായിത്തന്നെ മലബാര്‍ കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. ഈ കലാപം ലെനിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായിരുന്ന അബനീ മുഖര്‍ജി ലഘുലേഖ എഴുതുകയും അത് ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലബാര്‍ കലാപത്തെ പറ്റി ആദ്യമായി ഗവേഷണം നടത്തുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തത് കുട്ടോവ്സ്കിയെന്ന റഷ്യക്കാരനാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ് വുഡ്സ് മലബാര്‍ കലാപത്തെ പറ്റി ഗവേഷണം നടത്തി. ചുരുക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയത് കമ്യൂണിസ്റ്റുകാരാണ്.

1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നമ്മുടെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കുന്നതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്ക് ജന്മിത്തവിരുദ്ധ സ്വഭാവം കൂടി കാണാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുക സ്വാഭാവികമായിരുന്നു. രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷികസമരങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ചൈനയിലെ കര്‍ഷകസമരങ്ങളുടെ ആധികാരിക പണ്ഡിതനായിരുന്ന ജാന്‍ ചെസനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണല്ലോ കയ്യൂരിലെ പോരാളികള്‍ കഴുമരത്തിലേറിയത്. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്.

(അവസാനിക്കുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ