ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

സ്വാമി വിവേകാനന്ദന്റെ ഇസ്ലാം കാഴ്ചപ്പാട്

സ്വാമി വിവേകാനന്ദന്റെ ഇസ്ലാം കാഴ്ചപ്പാട്

ചരിത്രപുരുഷന്മാരെ അടിച്ചും പരത്തിയും തങ്ങള്‍ക്ക് പാകമാക്കുന്ന ഹീനകൃത്യമാണ് വര്‍ഗീയവാദികള്‍ പലരും ചെയ്യുന്നത്. മാനവസേവ ജീവിതചര്യയാക്കിയ യുഗപുരുഷന്മാരെയും പ്രവാചകന്മാരെയും തങ്ങളുടെ ഹിതമനുസരിച്ച് അവര്‍ കുപ്പായമിടുവിക്കുന്നു. സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികം ഹിന്ദുത്വവാദികള്‍ ഇപ്രകാരമാണ് ഹൈജാക്ക് ചെയ്തത്. ശ്രീരാമനെയും ശിവജിയെയുമൊക്കെ മുസ്ലിംവിരുദ്ധതയുടെ പോരാളികളാക്കി അവതരിപ്പിച്ചവര്‍തന്നെ പലമത സാരവുമേകം എന്നു പ്രഖ്യാപിച്ച വിവേകാനന്ദനെ ഹിന്ദുമതത്തിന്റെ ആക്രമണോത്സുകനായ പുനരുദ്ധാരകനാക്കി മാറ്റി. സ്വാമിയുടെ മാനവികതയെയും ഉല്‍കൃഷ്ട ചിന്തകളെയും പ്രചരിപ്പിക്കുന്നതിനുപകരം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ വച്ചുകൊടുത്ത് സ്വാമി മുസ്ലിം വിമര്‍ശകനാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഏക ദൈവത്വത്തിന് ശക്തമായി നിലകൊണ്ട സ്വാമി ഇസ്ലാം മതത്തെക്കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. സര്‍വമതങ്ങളെയും അംഗീകരിക്കലാണ് ഹിന്ദുമതത്തിന്റെ ഉല്‍കൃഷ്ടത എന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും ഉയര്‍ത്തിപ്പിടിച്ച വേദാന്തമാണ് ഹിന്ദുമതത്തിന്റെ സത്ത. മറ്റൊന്നും ഹൈന്ദവമല്ല. വേദാന്തത്തെ ആത്യന്തിക സത്യമായി അംഗീകരിച്ച സ്വാമി ഇസ്ലാമും വേദാന്തംതന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് സമര്‍ഥിച്ചു. ഏതുസമുദായത്തിലും ഏതുദേശത്തും ഏതുവിശ്വാസത്തിലും ജനിച്ചുവളര്‍ന്നവരാകട്ടെ, നമുക്ക് പൈതൃകമായി ഉപദേശങ്ങളും സച്ചരിതവും അരുളിയിട്ടുള്ള പൂര്‍വന്മാരായ എല്ലാ ആത്മദ്രഷ്ടാക്കള്‍ക്കും അഞ്ജലിയര്‍പ്പിക്കാം. പിറവിയോ നിറമോ വര്‍ഗമോ ഏതുമായിക്കൊള്ളട്ടെ, മാനവസമുദായത്തെ സമുദ്ധരിക്കാന്‍ സന്നദ്ധരായിരിക്കുന്ന ഈശ്വര കല്‍പ്പരായ മഹതീമഹാന്മാരെ നാം വണങ്ങുന്നു. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, തൃശൂര്‍, 1992, 417). മതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സ്വാമി പറഞ്ഞതിങ്ങനെ: ദൈവത്തിങ്കലെത്താന്‍ നിങ്ങള്‍ ഭിന്നമാര്‍ഗങ്ങളെ അവലംബിച്ചേക്കാം. എല്ലാവരും ഒരേമതംതന്നെ വിശ്വസിക്കണമെന്ന ആശയം അപകടമാണ്. എല്ലാവര്‍ക്കും മതത്തെക്കുറിച്ച് ഒരേ അഭിപ്രായം; ദൈവത്തിങ്കലെത്താന്‍ ഒരേമാര്‍ഗം എന്നതൊക്കെ അര്‍ഥമില്ലാത്തതാണ്. അങ്ങനെയാവുമ്പോള്‍ എല്ലാ മതങ്ങളും ചിന്തകളും നശിച്ചുപോവും. ദൈവത്തിങ്കലെത്താന്‍ മറ്റൊരുമാര്‍ഗം സ്വീകരിക്കുന്ന സഹോദരനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവന്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത് അസംബന്ധമാണ്. അവന്റെ സ്നേഹത്തിന് ഒരു വിലയുമില്ല. ക്രിസ്തുവിനെയോ ബുദ്ധനെയോ പ്രവാചകനെയോ ആരാധിക്കാന്‍ അതത് മതങ്ങള്‍ പഠിപ്പിക്കട്ടെ. അവരോട് നമുക്ക് ഒരു കലഹവുമില്ല&ൃറൂൗീ; (Complete Works,-  വാള്യം 3, 26-27)

സ്വാമി പറയുന്നത് വേദാന്തം എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നാണ്: &ഹറൂൗീ;നിങ്ങള്‍ ക്രിസ്ത്യാനിയോ ബുദ്ധനോ യഹൂദനോ ഹൈന്ദവനോ ആവട്ടെ, ഏത് മിത്തുകളില്‍ വിശ്വസിക്കുന്നവനോ ആവട്ടെ, നിങ്ങള്‍ നസ്റേത്തിലെയോ മക്കയിലെയോ ഇന്ത്യയിലെയോ മറ്റെവിടെയെങ്കിലുമോ ഉള്ള പ്രവാചകനെ അംഗീകരിക്കുന്നുവെന്നിരിക്കട്ടെ, നിങ്ങള്‍ സ്വയം ഒരു പ്രവാചകനാണെന്നുതന്നെയിരിക്കട്ടെ, വേദാന്തം എല്ലാ മതങ്ങളുടെയും പശ്ചാത്തലമാണ്. എല്ലാ പ്രവാചകന്മാരും സന്യാസിമാരും മഹര്‍ഷിമാരും വേദാന്തത്തിന്റെ ചിത്രീകരണങ്ങളും സാക്ഷാല്‍ക്കാരങ്ങളുമാണ്. സഹിഷ്ണുതയാണ് മതത്തിന്റെ അടിസ്ഥാനമെന്ന് കുംഭകോണത്ത് നടത്തിയ പ്രസംഗത്തില്‍ സ്വാമി അടിവരയിട്ടു: അന്യോന്യം ഉദാരമായ പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവയ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടെയും ഉദാരതയോടെയും വീക്ഷിക്കലാണ്. ഇത്രയുംകൊണ്ടു മാത്രമായില്ല. നാം ഉദാരന്മാരായാല്‍ മാത്രംപോരെന്ന് ധരിക്കണം. നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായംകൂടി ചെയ്യുന്നവരാകണം. ഞാനിപ്പോള്‍ പറഞ്ഞതുപോലെ ഇതുതന്നെയാണ് നാമിപ്പോള്‍ ഭാരതത്തില്‍ ചെയ്തുവരുന്നത്. ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പള്ളി പണിതു കൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം. (വിവേകാനന്ദ സാഹിത്യ സംഗ്രഹം, 259)

ഭാരതത്തിന്റെ ദേശീയമായ ആശയം അടിസ്ഥാനപരമായി ഹൈന്ദവമാണെന്ന് സ്വാമിജി വിശ്വസിച്ചു. ഹിന്ദുമതവും ഇസ്ലാം മാര്‍ഗവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും അദ്ദേഹം കണ്ടില്ല. ഷാജഹാന്‍ ചക്രവര്‍ത്തിയെ വിദേശി എന്നുവിളിച്ച ആളോട് സ്വാമി പറഞ്ഞു: ചക്രവര്‍ത്തി കുഴിമാടത്തില്‍നിന്ന് എഴുന്നേറ്റുവന്ന് ഇതിന് മറുപടിപറയും.&ൃെൂൗീ;ഭാരതത്തിന്റെ ഭാവി എന്ന ലേഖനത്തില്‍ സ്വാമി എഴുതി: &ഹറൂൗീ;മുഹമ്മദന്‍ഭരണം ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കും മോചനമായാണ് അനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ അഞ്ചിലൊരുഭാഗം മുഹമ്മദീയരായത്. വാളുംതീയും കൊണ്ടാണ് ഇത് സാധിച്ചത് എന്നുവിചാരിക്കുന്നത് ശുദ്ധഭ്രാന്താണ്. മുഗളന്മാരുടെ കലാപൈതൃകത്തില്‍ സ്വാമി അഭിമാനംകൊണ്ടിരുന്നെന്നും ഹിന്ദു വധുവിനെ സ്വീകരിക്കുന്ന മുഗള്‍നയത്തെ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തിന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിത എഴുതി. (റഫീഖ് സക്കറിയ, ടൈംസ് ഓഫ് ഇന്ത്യ, മെയ് 16, 2002)

വിവേകാനന്ദന്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: &ഹറൂൗീ;സമത്വത്തിന്റെ ദൂതനാണ് മുഹമ്മദ്. നിങ്ങള്‍ ചോദിക്കും, അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണ് ഉള്ളതെന്ന്? നന്മയില്ലെങ്കില്‍ അതെങ്ങനെയാണ് നിലനില്‍ക്കുക? നന്മമാത്രമേ ജീവിക്കുകയുള്ളു. അതേ നിലനില്‍ക്കുകയുള്ളു. നന്മയില്ലാതെ മുഹമ്മദനിസം എങ്ങനെ ജീവിക്കാനാണ്? അതില്‍ വളരെ നന്മയുണ്ട്. മുഹമ്മദീയരില്‍ സമ്പൂര്‍ണമായ സമത്വവും സാഹോദര്യവും വേണമെന്ന് മുഹമ്മദ് ജീവിതത്തില്‍ കാണിച്ചു. അവിടെ വര്‍ഗത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ ലിംഗത്തിന്റെയോ പ്രശ്നമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് ആത്മാവുണ്ടെന്ന് മുഹമ്മദീയര്‍ വിശ്വസിക്കുന്നില്ല എന്നത് തെറ്റായ പ്രസ്താവമാണ്. ഞാനൊരു മുഹമ്മദനീയനല്ല. എങ്കിലും അവരെപ്പറ്റി പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സ്ത്രീക്ക് ആത്മാവില്ല എന്ന ഒരൊറ്റ വാക്കുപോലും ഖുറാനിലില്ല. എന്നാല്‍, അവര്‍ക്ക് ആത്മാവുണ്ടെന്നാണ് ഖുര്‍ ആനിലുള്ളത്.

മതപരമായ വിശാലതയുടെ വേദാന്തികമായ പൊരുള്‍ മുഹമ്മദനിസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഹമ്മദനിസം മറ്റേത് രാജ്യത്തേതിനേക്കാളും വ്യത്യസ്തമാണ്. മുഹമ്മദീയര്‍ മറ്റു രാജ്യങ്ങളില്‍നിന്ന് വരികയും മറ്റു മതക്കാരുമായി ഒന്നിച്ച് എങ്ങനെ ജീവിക്കാമെന്ന് അവരുടെ മതക്കാരെത്തന്നെ പഠിപ്പിക്കുകയുമാണ് ഇവിടെ ചെയ്തത്. പ്രായോഗിക അദൈ്വതം ഹിന്ദുക്കളില്‍ ആഗോളപരമായി വികസിക്കേണ്ടതുണ്ട്. നമ്മുടെ സ്വന്തം മാതൃഭൂമിക്ക് ഹിന്ദുയിസം ഇസ്ലാം എന്നീ രണ്ട് വ്യവസ്ഥകളുടെ സംഗമം- വേദാന്ത ബുദ്ധിയും ഇസ്ലാമിക ശരീരവും- ആണ് ഏക പ്രതീക്ഷ. (ക്രിസ്റ്റോഫര്‍ ഇശര്‍വുഡ്, ടീച്ചിങ്സ് ഓഫ് വിവേകാനന്ദ, ഹിന്ദുസ്ഥാന്‍ ടൈംസ്, 25-7-2007).

സ്വാമിയുടെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ നിന്ന്: ക്രിസ്ത്യാനി ഹിന്ദുവോ ബുദ്ധമതക്കാരനോ ആവണ്ട. ഹിന്ദുവോ ബുദ്ധിസ്റ്റോ ക്രിസ്ത്യാനിയാവുകയും വേണ്ട. ഓരോരുത്തരും അവരവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുകയും അവരവരുടെ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യുമ്പോള്‍തന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുകയും വേണം. മതങ്ങളുടെ പാര്‍ലമെന്റ് ലോകത്തിന് വല്ലതും കാണിച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഇതാണ്. പുണ്യവും വിശുദ്ധിയും ധര്‍മവും ലോകത്ത് ഏതെങ്കിലും ചര്‍ച്ചിന്റെ കുത്തകയല്ല. എല്ലാ വ്യവസ്ഥകളും ഉന്നതമായ സ്വഭാവങ്ങളോടു കൂടിയ സ്ത്രീകളെയും പുരുഷന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്. ഈ തെളിവിന്റെ വെളിച്ചത്തില്‍ ആരെങ്കിലും തന്റെ മതം മാത്രം നിലനില്‍ക്കുകയും മറ്റുള്ളത് നശിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ അവരോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഞാന്‍ സഹതപിക്കുന്നു. മാത്രമല്ല, ഓരോ മതത്തിന്റെയും ബാനറിന്റെ അടിയില്‍ ഒരു ഉപേക്ഷയും കൂടാതെ ഈ വരികള്‍കൂടി എഴുതണമെന്ന് ഞാന്‍ നിര്‍ദേശിക്കുകയാണ്: സഹായിക്കുക, സംഘര്‍ഷമരുത്; സാത്മീകരിക്കുക, നശിപ്പിക്കരുത്; സൗഹൃദവും സമാധാനവും നിലനിര്‍ത്തുക; ഭിന്നതയരുത് (ചിക്കാഗോ പ്രസംഗം)

കാലിഫോര്‍ണിയയിലെ പ്രസംഗത്തില്‍ സ്വാമി പറഞ്ഞതിങ്ങനെ: ഉദാഹരണത്തിന് മുഹമ്മദനിസത്തെ എടുക്കുക. മുഹമ്മദനിസത്തോടുള്ള വിരോധം ക്രിസ്ത്യാനികള്‍ക്ക് മറ്റാരോടുമില്ല. മതത്തിന്റെ ഏറ്റവും ചീത്തയായ രൂപമാണതെന്നാണ് അവര്‍ കരുതുന്നത്. ഒരാള്‍ മുഹമ്മദനീയനാകുന്നതോടുകൂടി ഇസ്ലാം ഒരു വ്യത്യാസവും കൂടാതെ തുറന്ന കൈയോടെ അവനെ സ്വീകരിക്കുന്നു. മറ്റൊരു മതത്തിലും ഇങ്ങനെയില്ല. ഇസ്ലാം അതിന്റെ അനുയായികളെ തുല്യരായി കാണുന്നു. അതിന്റെ പ്രത്യേക മേന്മയും അതുതന്നെ. ജീവിതത്തിന്റെ ഭൗതികമായ ആശയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസക്കാരായ എല്ലാവരെയും പ്രായോഗികമായിത്തന്നെ ആ മതം സഹോദരന്മാരായി കാണുന്നു എന്നതാണ് മുഹമ്മദനിസത്തിന്റെ ലോകത്തോടുള്ള പ്രബോധനം. അതാണ് മുഹമ്മദന്‍ മതത്തിന്റെ മുഖ്യഭാഗംതന്നെ. (കാലിഫോര്‍ണിയയില്‍ 1900 ജനുവരി 28ന് ചെയ്ത പ്രസംഗം, Complete works, വാള്യം 2)

ബ്രിട്ടീഷ് മേധാവിത്തത്തിനെതിരെ ഹിന്ദു മുസ്ലിം മൈത്രി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് വിവേകാനന്ദ സ്വാമി പ്രസ്താവിച്ചു. ബ്രിട്ടീഷുകാരുടെ ഭരണം രാജ്യത്തെ അസാംസ്കാരികതയിലേക്ക് നയിച്ചുവെന്നും എഴുതി: നിങ്ങള്‍ ഇന്ത്യയിലേക്ക് നോക്കൂ. ഹിന്ദുക്കള്‍ എന്താണ് ഇട്ടേച്ചുപോയത്? എല്ലായിടത്തും വിസ്മയം തുളുമ്പുന്ന ക്ഷേത്രങ്ങള്‍. മുഹമ്മദീയരോ, മനോഹരമായ കൊട്ടാരങ്ങള്‍. എന്നാല്‍, എന്താണ് ഇംഗ്ലീഷുകാര്‍ തരുന്നത്? പൊട്ടിയ ബ്രാണ്ടിക്കുപ്പികളുടെ കൂമ്പാരംമാത്രം.&ൃറൂൗീ; (സാഹിത്യ സംഗ്രഹം, 184).

ഇസ്ലാം മതത്തെക്കുറിച്ച് ഇത്രയും വാഴ്ത്തിയ സ്വാമി വിവേകാനന്ദനെയാണ് ചില ഹിന്ദുത്വ മാധ്യമങ്ങള്‍ മുസ്ലിം വിമര്‍ശകനാണെന്ന്് മുദ്രകുത്തുന്നത്. അതിനായി യൂറോപ്പില്‍ നടത്തിയതാണെന്ന് പറയുന്ന ചില പ്രസംഗവരികള്‍ അവര്‍ നിരന്തരം ഉദ്ധരിക്കുകയും ചെയ്യുന്നു. സത്യസന്ധത സ്വാമിജിയുടെ മുഖമുദ്രയാണെന്നതിനാല്‍ അത്തരം പ്രസംഗങ്ങളുടെ നിജസ്ഥിതി പഠന വിധേയമാക്കേണ്ടതാണ്. ഗോള്‍വാള്‍ക്കറുടെ വര്‍ഗീയചിന്തകള്‍ സ്വാമിജിയുടെ തലയില്‍ കെട്ടിവച്ച് ഹിന്ദുത്വം വാഴ്ത്തപ്പെടാനുള്ള ശ്രമങ്ങളുടെ ചുരുളഴിക്കാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയണം. ഗുജറാത്തില്‍ വംശീയഹത്യ നടത്തിയ നരേന്ദ്രമോഡിപോലും സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിരോധാഭാസമാണ് നാമിപ്പോള്‍ കാണുന്നത്.

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി 16-10-2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ