ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

സരിതയെ ബിസിനസുകാരിയാക്കിയ കോടതിവിധി

സരിതയെ ബിസിനസുകാരിയാക്കിയ കോടതിവിധി

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നടത്തിയ വിധിപ്രസ്താവം ഉല്‍ക്കണ്ഠ സൃഷ്ടിച്ചിരിക്കുകയാണ്. സദ്ഭരണത്തിനുവേണ്ടിയുള്ള ശബ്ദം രാജ്യമാകെ ശക്തിപ്രാപിച്ചിരിക്കുന്ന ഘട്ടത്തില്‍ അസ്വാഭാവികമായ കോടതിവിധിയാണ് പിറന്നുവീണത്.

കോടതിവിധികള്‍ എങ്ങനെയാകണമെന്നതിനെപ്പറ്റി നിശ്ചിതമായ ചില വ്യവസ്ഥകളുണ്ട്. ഒന്ന്, നിയമങ്ങളുടെയും തെളിവിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാകണം. രണ്ട്, സാഹചര്യത്തെളിവുകള്‍മാത്രമുള്ള കേസുകളില്‍ പ്രതിയെ കുറ്റവുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ നിര്‍ണയിക്കണം. മൂന്ന്, നീതിയും ന്യായവും ഉറപ്പുവരുത്തണം. അധികാരസ്ഥാനത്തുള്ള ഒരാളെ വഴിവിട്ട് രക്ഷിക്കണമെന്ന ത്വര ജഡ്ജ്മെന്റിനുപിന്നിലുണ്ടോയെന്ന സംശയംആരിലും ഉണ്ടാകാന്‍ പാകത്തിലുള്ളതായിപ്പോയി വിധി. തന്റെ പരിഗണനാമേഖലയ്ക്ക് പുറത്തുള്ള ഇടപെടലും ജഡ്ജി നടത്തിയിരിക്കുന്നു.

സോളാര്‍ തട്ടിപ്പില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി കേസില്‍ കക്ഷിയല്ലാത്ത ഒരാള്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് തള്ളി വിധി പ്രസ്താവിച്ചത്. ഹര്‍ജി തള്ളിയതില്‍ ആരും അപാകത കാണില്ല. കാരണം, മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് അന്വേഷണസംഘം പിടിച്ചെടുത്തെന്നും അത് പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. അതോടെ, യഥാര്‍ഥത്തില്‍ ഹര്‍ജി അപ്രസക്തമാകുകയാണ്. ഇവിടെ ഹര്‍ജി തള്ളുകമാത്രമല്ല, അതിനപ്പുറം തട്ടിപ്പിനിരയായ വ്യവസായി ശ്രീധരന്‍നായരുടെ പരാതിയില്‍പ്പോലും അതിനെപ്പറ്റി തെളിവെടുപ്പ് നടത്താതെ തീര്‍പ്പുകല്‍പ്പിക്കുന്ന അസ്വാഭാവികനടപടി സിംഗിള്‍ബെഞ്ചില്‍നിന്നുണ്ടായി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍നായരും തമ്മിലെ കൂടിക്കാഴ്ചയുടെ കാര്യം പരാമര്‍ശിച്ച കോടതി, ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകമാത്രമല്ല, തട്ടിപ്പുകാരിയായ സരിത എസ് നായര്‍ക്ക് ബഹുമാന്യമായ ഒരിടം നല്‍കുകകൂടി ചെയ്തു. സരിത നായര്‍ക്ക് ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍, തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതാനാകില്ലെന്നും അതിനാല്‍ വഞ്ചനാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നുമാണ് വിധി. ശ്രീധരന്‍നായരുടെ 164-ാംവകുപ്പുപ്രകാരമുള്ള പ്രസ്താവന റാന്നി മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അത് പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്. തട്ടിപ്പിനെപ്പറ്റിയുള്ള തെളിവെടുപ്പ് നടത്തി തീര്‍പ്പുകല്‍പ്പിക്കേണ്ടത് ആ കോടതിയാണ്. അതിനുള്ള സ്വാഭാവികമായ നീതിന്യായപ്രക്രിയക്ക് കൂച്ചുവിലങ്ങിടുന്നതാണ് ഉന്നത നീതിപീഠത്തില്‍നിന്നുള്ള വിധി. ഒപ്പം, വസ്തുതാവിരുദ്ധമായ നിഗമനങ്ങളിലും കോടതി എത്തി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് രജിസ്റ്റര്‍ചെയ്ത 33 കേസിലെ പരാതിക്കാര്‍ക്കും അഭിപ്രായമില്ലെന്ന് ജസ്റ്റിസ് കണ്ടെത്തിയത് ഏതു ദിവ്യനേത്രങ്ങള്‍ കൊണ്ടാണെന്നറിയില്ല. മുഖ്യമന്ത്രിയെയും ഭാര്യയെയും നേരില്‍ക്കണ്ട് പരാതി പറഞ്ഞതിന് തൊട്ടുപിന്നാലെ, തന്നെ സരിത ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതി നല്‍കിയിട്ട് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്നും പ്രവാസിയായ സി ടി മാത്യു കോടതിക്കകത്തും പുറത്തും പരാതി ഉന്നയിച്ചിട്ടുണ്ട്.

സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ഹോട്ട്ലൈന്‍ എന്തെന്നതാണ് നീതിപീഠങ്ങള്‍ അന്വേഷിക്കേണ്ടത്. സരിത എസ് നായര്‍ കേരളത്തിലെ ജനങ്ങളുടെ കോടതിയില്‍ വെറുമൊരു തട്ടിപ്പുകാരിയാണ്. എന്നാല്‍, ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിള്‍ബെഞ്ചിന് അവര്‍ ഒരു ബിസിനസുകാരിയാണ്. അതുകൊണ്ടാണ് വിധിയില്‍ സരിതയ്ക്ക് ബിസിനസ് താല്‍പ്പര്യമുണ്ടാകാമെന്ന് കുറിച്ചത്.

സോളാര്‍ കേസിലെ ബെഞ്ച് മാറ്റം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അത് ഹൈക്കോടതിയുടെ സ്വാഭാവികനടപടിയാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. പക്ഷേ, സോളാര്‍ കേസ് കേട്ട മുന്‍ബെഞ്ചുകളുടെ സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ബെഞ്ചിന്റെ സമീപനമെന്ന് വ്യക്തമായി.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും അകപ്പെടാത്തത്ര മോശമായ തട്ടിപ്പുകേസുകളിലാണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റ ഓഫീസും ഉള്‍പ്പെട്ടത്. സരിതയെ താന്‍ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയ്ക്കകത്തും പുറത്തും ആവര്‍ത്തിച്ചത്. ഡല്‍ഹിയിലെ അതീവസുരക്ഷാകേന്ദ്രമായ വിജ്ഞാന്‍ഭവനില്‍മാത്രമല്ല, കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് സര്‍ക്കാര്‍പരിപാടിയില്‍ ചെവിയില്‍ മന്ത്രിച്ചുകൊണ്ടും മുഖ്യമന്ത്രിക്കൊപ്പം ഈ തട്ടിപ്പുകാരിയുണ്ടായിരുന്നു. ക്ലിഫ്ഹൗസിലും സെക്രട്ടറിയറ്റിലും യഥേഷ്ടം വിഹരിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തിയാണ് സരിത വന്‍തട്ടിപ്പ് നടത്തിയതെന്ന യാഥാര്‍ഥ്യം ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ വിധിപ്രസ്താവനംകൊണ്ടുമാത്രം മറയ്ക്കാനാകില്ല.

സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ പോയതും മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പുലഭിച്ചതുമായ ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിലും ഒരു തെളിവുമെടുക്കാതെ കോടതി തീര്‍പ്പുകല്‍പ്പിച്ചത് അത്ഭുതകരമാണ്. 2012 ജൂലൈ ഒമ്പതിനാണ് ശ്രീധരന്‍നായര്‍ തന്നെ കണ്ടതെങ്കില്‍, അതിനുമുമ്പേ തട്ടിപ്പുകാര്‍ക്ക് ചെക്ക് കൊടുത്തിരുന്നില്ലേയെന്ന ഉമ്മന്‍ചാണ്ടിയുടെ ചോദ്യം കോടതി ആവര്‍ത്തിച്ചിരിക്കയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടത്തുന്ന ബിസിനസാണെന്ന് ബോധ്യപ്പെടുത്തിയാണ് സരിതയും ജോപ്പനും ചേര്‍ന്ന് ചെക്ക് വാങ്ങിയതെന്നും അതില്‍ മൂന്നാമത്തെ ചെക്ക് മാറ്റുന്നതിനെ വിലക്കിയ സ്റ്റോപ് മെമ്മോ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച തരപ്പെട്ടതിനെതുടര്‍ന്നായിരുന്നുവെന്നും ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ ശ്രീധരന്‍നായരുടെ പരാതിയിന്മേലുള്ള കേസുകളില്‍ കോടതി പരിഗണിക്കേണ്ടതാണ്. ഇതിനെല്ലാം വിരുദ്ധമായി കുറ്റവാളിയായ മുഖ്യമന്ത്രിയെ വെള്ളപൂശുന്ന വിധിയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നരദശകത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഇടപെടലിലൂടെ പല അഴിമതിസംഭവങ്ങളും പുറത്തുവരികയും കുറ്റക്കാരെ ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ പാരമ്പര്യത്തിന് കളങ്കമായി സിംഗിള്‍ബെഞ്ച് വിധി. ഈ കോടതിവിധികൊണ്ട് സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതിയായ ഉമ്മന്‍ചാണ്ടി, ജനകീയകോടതിയില്‍ കുറ്റവാളിയല്ലാതാകുന്നില്ല.
(ആര്‍ എസ് ബാബു)

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ