മുഖ്യമന്ത്രിയുടെ ഉരുണ്ടുകളി പാളുന്നു
മന്ത്രി ഗണേശിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെ പരാതിയെച്ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ഉരുണ്ടുകളി പാളുന്നു. ഭാര്യയെ തല്ലി ഗാര്‍ഹിക പീഡനക്കുറ്റം നേരിടുന്ന മന്ത്രിയെ രക്ഷിക്കാന്‍ യാമിനിയുടെ പരാതി തിരിച്ചുകൊടുത്ത മുഖ്യമന്ത്രിയുടെ വാദം തുറന്നുകാട്ടി ഗവ. ചീഫ് വിപ്പിന് പിന്നാലെ ബാലകൃഷ്ണപിള്ളയും രംഗത്തുവന്നപ്പോള്‍ അഴിഞ്ഞുവീഴുന്നത് ഉമ്മന്‍ചാണ്ടിയുടെ മുഖംമൂടി. യാമിനിയുടെ പരാതി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്നു പറഞ്ഞ ആര്‍ ബാലകൃഷ്ണപിള്ള പ്രമുഖ യുഡിഎഫ് നേതാവും യാമിനിയുടെ ഭര്‍ത്യപിതാവുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി കളവുപറഞ്ഞു ഗണേശനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് നാടിന് ബോധ്യമാകുന്നുണ്ട്. ഭാര്യയെ തല്ലിയത് വാര്‍ത്തയില്‍ ഇടംപിടിച്ചപ്പോള്‍ മന്ത്രി ഗണേശ് നല്‍കിയ വിശദീകരണം യാമിനി തന്നെ തല്ലിയെന്നാണ്. അങ്ങനെ ഒരു ഭാര്യക്ക് സഹിക്കാന്‍ കഴിയാത്ത സദാചാരവിരുദ്ധനാണ് ഒരു മന്ത്രിസഭാ അംഗം എന്നുവന്നാല്‍ അതേപ്പറ്റി പരിശോധിച്ച് മന്ത്രിയെ നീക്കുകയെന്ന ചുമതലയാണ് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടത്. ഭാര്യയെ മന്ത്രി തല്ലി ആശുപത്രിയിലാക്കിയതും കാമുകിയുടെ ഭര്‍ത്താവ് മന്ത്രിവസതിയില്‍ അതിക്രമിച്ചു കയറി മന്ത്രിയെ കഴുത്തിനു പിടിച്ചതും സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. എന്നിട്ടും ഇതെല്ലാം കേവലം കുടുംബവഴക്കെന്ന് നിസ്സാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിക്ക് ഉത്സാഹം. അതിനുവേണ്ടി ഉന്നയിക്കുന്ന സാങ്കേതികവാദങ്ങളാകട്ടെ നിലനില്‍പ്പുള്ളതുമല്ല.
ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകൃത്യം നടന്നാല്‍ അതില്‍ ഇടപെടാനും അത് കോടതിയില്‍ എത്തിക്കാനും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇരയുടെ എഴുതിക്കൊടുത്ത പരാതി വേണമെന്നില്ല. അതിനേക്കാള്‍ പ്രധാനം കുറ്റകൃത്യം സംഭവിച്ചത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണെന്നതാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യം മൂടിവയ്ക്കുകയല്ല അതിന്മേല്‍ നിയമനടപടിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ചുമതല. ഇത് നിര്‍വഹിക്കാത്ത ഭരണാധികാരി ശിക്ഷാനിയമത്തിലെ 176 വകുപ്പുപ്രകാരം ആറുമാസം വരെ തടവുകിട്ടാവുന്ന കുറ്റം ചെയ്യുകയാണ്. ഗണേശന്റെ സദാചാരവിരുദ്ധ നടപടികളെപ്പറ്റി മന്ത്രിപദവിയുള്ള ചീഫ് വിപ്പ് നല്‍കിയ രേഖാമൂലമുള്ള പരാതി മുഖ്യമന്ത്രിയുടെ പക്കലുണ്ട്. അതിനപ്പുറം യുഡിഎഫ് യോഗത്തിനു മുമ്പായി വ്യാഴാഴ്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ക്ലിഫ്ഹൗസില്‍ ജോര്‍ജുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയതുമാണ്. അതിനൊപ്പം കത്തില്‍ പറയാത്ത അരഡസന്‍ സംഭവങ്ങളെപ്പറ്റി വിവരിച്ചതായും അതുകേട്ട മുഖ്യമന്ത്രി അന്ധാളിച്ച് ശ്ശോ... എന്നുപറഞ്ഞ് തലയ്ക്ക് കൈവച്ചതായും അറിയുന്നു. എങ്കിലും അതൊന്നും ഇപ്പോള്‍ പുറത്തുപറയരുതെന്ന അഭ്യര്‍ഥനയാണ് ജോര്‍ജിനു മുന്നില്‍ ഉമ്മന്‍ചാണ്ടി വച്ചത്. തന്റെ പരാതിയില്‍ ഉടന്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ മൈക്കുകെട്ടി ഇക്കാര്യങ്ങള്‍ വിളിച്ചുപറയുമെന്നും ജോര്‍ജ് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ സദാചാരവിരുദ്ധ ആക്ഷേപവിഷയം കൈകാര്യംചെയ്ത കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രിമാരുടെ പ്രവര്‍ത്തനശൈലിയിലല്ല ഉമ്മന്‍ചാണ്ടി. ആഭ്യന്തരമന്ത്രി പി ടി ചാക്കോക്കെതിരെ ആക്ഷേപം വന്നപ്പോള്‍ രേഖാമൂലം ബന്ധപ്പെട്ടവരില്‍ നിന്ന് പരാതി വാങ്ങിയല്ല ചാക്കോയെ മന്ത്രിസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി ആര്‍ ശങ്കര്‍ നീക്കിയത്. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിമാരെ നീക്കിയതും രേഖാമൂലം പരാതി സ്വീകരിക്കാന്‍ കാത്തുനിന്നല്ല.
(ആര്‍ എസ് ബാബു)
മുഖ്യമന്ത്രിയുടേത് 6 മാസം തടവ് ലഭിക്കാവുന്ന കുറ്റം: കോടിയേരി
ചെറുവത്തൂര്‍/കണ്ണൂര്‍: മന്ത്രി ഗണേശ്കുമാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് ഗണേശ്കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി മുക്കിയെന്നാണ് മന്ത്രിപദവിയുള്ള ഗവ. ചീഫ് വിപ്പിന്റെ ആരോപണം. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സര്‍ക്കാരിന്റെ വക്താവായ പി സി ജോര്‍ജ് പരസ്യമായി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് ആറുമാസംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടേത്. എന്‍ജിഒ യൂണിയന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാസമ്മേളനങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.
മന്ത്രിസഭയുടെ തലവനെന്ന രീതിയില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിയെക്കുറിച്ച് പരാതി കിട്ടിയാല്‍ നടപടിക്കായി പൊലീസിന് കൈമാറണം. ഐപിസി 498എ പ്രകാരം അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗണേശ്കുമാറിന്റേത്. അദ്ദേഹത്തെ രക്ഷിച്ച മുഖ്യമന്ത്രിയും ഗുരുതരമായ കുറ്റം ആവര്‍ത്തിക്കുകയാണ്. ഏതെങ്കിലും മന്ത്രി ഇത്തരം തെറ്റുചെയ്താല്‍ 24 മണിക്കൂറിനകം പുറത്താക്കിയ അനുഭവമാണ് കേരളത്തിലുള്ളത്. തന്റെ മന്ത്രിസഭയില്‍ ആര് എന്ത് വൃത്തികേടു കാണിച്ചാലും സംരക്ഷിക്കാന്‍ കരാറെടുത്തിരിക്കയാണ് ഉമ്മന്‍ചാണ്ടി. ഐക്യജനാധിപത്യ മുന്നണി തല്ലിപ്പൊളി മുന്നണിയായി. ആര്‍ക്കും എന്തും വിളിച്ചുപറയാം. നിയന്ത്രിക്കാന്‍ ആരുമില്ല. പരസ്പര ആരോപണങ്ങളുന്നയിക്കാന്‍ പാടില്ലെന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുറത്തിറങ്ങിയ ഉടനെയാണ് പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ചത്. സദാചാരമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഐഎഎസ് ഉദ്യാഗസ്ഥര്‍ക്കുപോലും രക്ഷയില്ല. മന്ത്രിസഭാ തീരുമാനത്തിനുമേല്‍ വിയോജനക്കുറിപ്പെഴുതുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പറയേണ്ടിവന്നു. മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. കേരളത്തിന്റെ നന്മകളെല്ലാം തകര്‍ക്കുന്ന സര്‍ക്കാരിനെ താങ്ങിനിര്‍ത്തേണ്ട ബാധ്യതയൊന്നും എല്‍ഡിഎഫിനില്ല. എന്നാല്‍ വീഴുമോയെന്ന് നോക്കി നടക്കാനും ഞങ്ങളില്ല. അതിന്റെ സ്വാഭാവിക പതനം അനിവാര്യമാണ്- കോടിയേരി പറഞ്ഞു.
deshabhimani 090313
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ