ഇനിയിത്തിരി നേരം തിരൂരിലെ ആ കുഞ്ഞിനെ കുറിച്ചു സംസാരിക്കാം
തിരൂരിലെ ആ കുഞ്ഞു പെണ്‍കുട്ടിയുടെ മുറിവുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്-സി.ആര്‍ ഹരിലാല്‍ എഴുതുന്നു
ഏറിയാല്‍ രണ്ടു മൂന്നു നാളുകള്‍. അതു കഴിഞ്ഞാല്‍, ആ കുട്ടി ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറും. മുറിവുകളുണങ്ങാനുള്ള മരുന്നുകള്‍ക്ക് ശരീരത്തിന്റെ വിള്ളലുകള്‍ ഭേദമാക്കാനുള്ള കഴിവുള്ളതിനാല്‍ അവളിപ്പോള്‍ ഓള്‍റൈറ്റ് ആണെന്ന് ഡോക്ടര്‍ തീര്‍ച്ചയായും പറയുന്നൊരു നാള്‍ വരും. ദിവസങ്ങളോളം പണിക്കുപോവാതെ പട്ടിണിയിലായ ആ അമ്മ ജീവിക്കാന്‍ വേണ്ടി മാത്രം വീണ്ടും തെരുവിലേക്കിറങ്ങാന്‍ ധൃതി കൂട്ടും. തല്‍ക്കാലം ഇവിടെ നിന്ന് മാറി നില്‍ക്ക്, എന്നല്ലാതെ ഉത്തരവാദിത്തമുള്ള ഒരു പോലിസുകാരനും പറയാനാവില്ല അന്നേരം. സ്വന്തം നാട്ടിലേക്കു പോവാനുള്ള വണ്ടിക്കൂലിയും നല്‍കി അവരെ പറഞ്ഞയച്ചില്ലെങ്കില്‍ പിന്നെ കേസും കൂട്ടവുമായി നടക്കേണ്ടി വരുമെന്ന് ഒരു പൊലീസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല. അങ്ങനെ ആ പിഞ്ചു കുഞ്ഞ്, ജീവിതത്തിന്റെ വ്യകരണം മുഴുവന്‍ മാറ്റിയെഴുതാന്‍ പര്യാപ്തമായ അനേകം ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ വഹിച്ച്, വളര്‍ച്ചയിലേക്കോ ഒരു പക്ഷേ, അടുത്ത ദുരിതത്തിലേക്കോ അടിവെച്ചു നടക്കേണ്ടി വരും-ബലാല്‍സംഗ വാര്‍ത്തകള്‍ക്കും ആണ്‍ കൂട്ടായ്മകളുടെ സൈബര്‍ നിലവിളികള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടു പോവുന്ന ഒരു വിലാപം. സി.ആര്‍ ഹരിലാല്‍ എഴുതുന്നു
ഇത്തിരി മുമ്പ് ഒരു കോഴിക്കോട് യാത്രക്കിടെയാണ് ആ സ്ത്രീയെ കണ്ടത്. ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങി ആളൊഴിഞ്ഞ കടത്തിണ്ണയില്‍ ആര്‍ക്കോ ഫോണ്‍ചെയ്തു നില്‍ക്കുമ്പോള്‍ അവിചാരിതമായി പരിചയപ്പെട്ടു. പേരോര്‍ക്കുന്നില്ല. പക്ഷേ, ഏതോ ഒരു സാധാരണ ചോദ്യത്തിന് ഒരു കലക്കവെള്ളം തുറന്നുവിട്ടതുപോലെ അവര്‍ പറഞ്ഞ ഉത്തരങ്ങള്‍ ഉള്ളു പൊള്ളിക്കുന്നതായിരുന്നു. അവയെല്ലാം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
അവര്‍ക്ക് പത്തു നാല്‍പ്പതു വയസ്സായിക്കാണും. നാട് തമിഴ്നാട്ടിലാണ്. കുറേക്കാലമായി കേരളത്തില്‍. ഭര്‍ത്താവൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയോ. കൂടെ, ആ ബന്ധത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയുണ്ട്. നാലു വയസ്സുകാരി. ഞാന്‍ ഫോണുംപിടിച്ചു നിന്ന ആ കടത്തിണ്ണയിലാണ് പരിചയമുള്ള, ഒന്നിച്ചു കൂലിപ്പണി ചെയ്യുന്ന നാലഞ്ചു സ്ത്രീകള്‍ക്കൊപ്പം, അവരുടെ രാപ്പാര്‍പ്പ്. ഞാന്‍ കാണുന്നതിന് കഷ്ടിച്ച് പത്തു ദിവസം മുമ്പാണ്, അവര്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു സ്ത്രീയെ ഒരു രാത്രിയില്‍ വായപൊത്തി എടുത്തുകൊണ്ടുപോവാന്‍ ശ്രമം നടന്നത്. എടുത്തുകൊണ്ടുപോവുന്നതിനിടെ, തന്നെ മുറുകെപ്പിടിച്ച കൈകളിലൊന്ന്, തന്റെ എല്ലാ പല്ലുകളുടെയും മൂര്‍ച്ച ഒന്നിച്ചുകൂട്ടി കടിച്ചുമുറിച്ചതിനാല്‍ മാത്രം അവളിപ്പോഴും ബാക്കിയായി അവര്‍ക്കൊപ്പമുണ്ട്.
ഞാന്‍ നില്‍ക്കുന്നതിന് കുറച്ചകലെ ഏതോ തുണിക്കഷണങ്ങള്‍ ഒരു കടലാസ് പെട്ടിയില്‍ നിറച്ചുകൊണ്ടിരിക്കുന്ന ഒരു മധ്യവയസ്കയെ ചൂണ്ടി അവര്‍ പറഞ്ഞു-’അതാ അവളാണ്. അവളാണെന്ന് രക്ഷപ്പെട്ടത്’.
സങ്കടം കനത്ത ഒരു നോട്ടം എന്റെ കണ്ണുകളില്‍നിന്ന് ആ മുഖത്തു പോയി തിരിച്ചെത്തുന്നതിനിടെ അവര്‍ കൂട്ടിച്ചേര്‍ത്തു-’അതിനു ശേഷം പിന്നെ നല്ലോണം ഉറങ്ങിയിട്ടില്ല. പേടിയാണ്. പോവാന്‍ വേറെ ഇടമില്ല. ഇപ്പോള്‍ സാരിത്തലപ്പുകള്‍ പരസ്പരം കൂട്ടിക്കെട്ടിയാണ് എന്നും ഉറങ്ങാന്‍ കിടക്കാറ്’
ഞെട്ടിപ്പോയി! പരസ്പരം വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കിടന്നുറങ്ങുന്നവരുടെ അവസ്ഥ സങ്കല്‍പ്പത്തിനപ്പുറത്തുചെന്ന് ഉള്ള് പൊള്ളിച്ചു. എങ്ങനെയായിരിക്കും അവരുടെ രാത്രികള്‍? ഭയത്തില്‍ മുങ്ങി, ആശങ്കകളില്‍ താഴ്ന്ന്, നേരം പുലരുംവരെ വിറച്ച് വിറച്ച്. ഏതുനേരത്തും ചില കൈകള്‍ അതിക്രമിച്ചെത്താം. വായപൊത്തിപ്പിടിച്ച് ഏതെങ്കിലും ഇരുട്ടിലേക്ക്, മുറിവുകളിലേക്ക്, വേദനയുടെ മുള്‍ത്തലപ്പിലേക്ക് വലിച്ചെറിയാം. തീരാത്ത വേദനകളിലേക്കുള്ള വാതില്‍ തുറന്നിടപ്പെടാം. എല്ലാം തീര്‍ക്കുന്ന മരണത്തിന്റെ തണുപ്പു കൊണ്ട് പുതപ്പിക്കാം. സാധ്യതകളുടെ പൊള്ളിക്കുന്ന വെറും നിലങ്ങളില്‍ ആ അമ്മമാരുടെ വിറയ്ക്കുന്ന ഉടലുകള്‍ ഓരോ രാത്രികളിലും നേരംവെളുപ്പിക്കുന്നതിന്റെ ആലോചന ആ ദിവസം മുഴുവന്‍ വേട്ടയാടി.പിന്നെയും കുറേ നാളുകള്‍ അതങ്ങിനെ കിടന്നു.
തിരൂരിലൊരു കുഞ്ഞ്
ഭയവും രാവും നെഞ്ചിടിപ്പും കൂടിക്കുഴഞ്ഞ ഓര്‍മ്മയുടെ ആ തണുത്ത കൈകള്‍ ഇന്നു പിന്നെയും വന്നു തൊട്ടു. രാവിലത്തെ പത്രവായനയില്‍. ഒന്നാം പേജിലുണ്ടായിരുന്നു ആ പെണ്‍കുഞ്ഞിന്റെ വാര്‍ത്ത. മൂന്നു വയസ്സുകാരി. തിരൂരിനടുത്ത് അമ്മക്കൊപ്പം കിടന്നുങ്ങറങ്ങുകയായിരുന്നു അവള്‍. ഒരു പക്ഷേ, ഈയടുത്താവാം അവള്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തിയത്. അമ്മയുടെ ചൂടില്‍നിന്ന് അവളെ പറിച്ചെടുത്ത് ഇരുട്ടിലേക്ക് നടന്ന കൈകകള്‍ അവളൊരിക്കലും അര്‍ഹിക്കാത്ത വേദനയുടെ, മുറിവുകളുടെ തീക്കനലുകളിലേക്കാണ് വലിച്ചെറിഞ്ഞത്. രാവിലെ മകളെ കാണാതെ ഭയന്നിരുന്ന അമ്മയുടെ ആശങ്കയിലേക്ക് തറഞ്ഞു മുറിഞ്ഞ്, ഉടലാകെ മുറിവുകളുമായി, പൊള്ളുന്ന പനിയോടെ ആ കുഞ്ഞു പെണ്‍കുട്ടി തിരിച്ചെത്തി.
ഇപ്പോഴവള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വാര്‍ഡിലാണ്. ടെലിവിഷന്‍ വാര്‍ത്തകള്‍ പറയുന്നതു പ്രകാരം മലദ്വാരവും ഗുഹ്യഭാഗവും തറഞ്ഞുമുറിഞ്ഞ്, ആന്തരികാവയവങ്ങളില്‍ ഗുരുതരമായ പരിക്കുകളോടെ, രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞ തളര്‍ച്ചയില്‍, അവളെപ്പോലൊരു കുട്ടിക്ക് ഒരിക്കലും തിരിച്ചറിയാന്‍ പോലുമാവാത്ത അനുഭവത്തിന്റെ തീപ്പുകയില്‍ കിടക്കുകയാവും ആ ചെറിയ കുഞ്ഞ്. ആശുപത്രി മുറിയില്‍ അവള്‍ സുരക്ഷിതായായിരിക്കും. ജീവിതത്തില്‍ ഇന്നേവരെ അവളോ അമ്മയോ അനുഭവിക്കാനിടയില്ലാത്ത സുരക്ഷ! ഇത്ര ചെറുപ്പത്തിലേ ബലാല്‍സംഗത്തിന്റെ കൂര്‍ത്തു മൂര്‍ത്ത അനുഭവങ്ങളില്‍ തറഞ്ഞുപോയ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അശ്ലീലമാണ് ആ വാക്ക്, സുരക്ഷ!
എന്നിട്ട് …?
ഞാനടക്കം ഈ ലോകത്തിലെ അനേകം മനുഷ്യര്‍ തീര്‍ച്ചയായും അവളുടെ മുറിവിന്റെ പൊള്ളിക്കുന്ന വേദനയെക്കുറിച്ചോര്‍ത്ത് ഇതു പോലെ ഉറക്കമറ്റിരിക്കുന്നുണ്ടാവും. ഇന്ന് മറ്റൊരു സംഭവവുമില്ലാത്തതിനാല്‍ ഉറക്കമറ്റിരിക്കുന്നു -എന്ന് സത്യസന്ധതയോടെ വേണമെങ്കില്‍ പറയാം. കാരണം, ഇന്ന് വേദനിപ്പിച്ചത് അവളുടെ മുറിവു മാത്രമായിരുന്നു. ഇന്നലെ അതു മറ്റൊരു കുഞ്ഞിന്റെ നിശ്ശബ്ദമായ കരച്ചിലായിരുന്നു. നാളെ മറ്റൊരു കുഞ്ഞ്. മറ്റൊരു പെണ്‍കുട്ടി. മറ്റൊരു യുവതി. മറ്റൊരു മധ്യവയസ്ക. മറ്റൊരു അമ്മ. മറ്റൊരു മുത്തശ്ശി.
സ്ത്രീ എന്ന് പേരിനുതാഴെയുള്ള കള്ളിയില്‍ എഴുതാന്‍ വിധിക്കപ്പെട്ട ആര്‍ക്കും വഴുതിപ്പോവാന്‍ പറ്റാത്ത വിധം ഉറപ്പുള്ള ആ യാഥാര്‍ത്ഥ്യം-ആക്രമിക്കപ്പെടാനുള്ള സാധ്യത, ശരീരം കീറിമുറിക്കപ്പെടാനും ബലാല്‍സംഗത്തിന്റെ അറപ്പിക്കുന്ന മണിക്കൂറുകള്‍ അനുഭവിക്കാനുമുള്ള യോഗം-മുന്നിലങ്ങനെ കൂര്‍ത്തുനില്‍ക്കുകയാണ്. ഏതുപ്രായത്തിലുമുള്ള സ്ത്രീകളുടെയും ജീവിതം കൈയേറാന്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് കാലങ്ങളായി ഉറച്ചുവിശ്വസിക്കുന്ന അളിഞ്ഞു വ്രണം വമിപ്പിക്കുന്ന ഒരാണത്തം തെരുവുകളിലും വീട്ടകങ്ങളിലും ഓഫീസുമുറികളിലും വാഹനങ്ങളിലുമെല്ലാം ഇങ്ങനെ നാക്കു നീട്ടിയിരിക്കുന്നു. ആ കൊതിക്കണ്ണുകള്‍ക്കു മുന്നില്‍ പെട്ടുപോവുന്നവരൊക്കെ അനുഭവിക്കേണ്ടി വരും. ആ വേദനകള്‍ മാധ്യമങ്ങളില്‍ വായിച്ചോ കണ്ടോ വിവരമറിയുന്നവരൊക്കെ അതാത് ദിവസത്തെ സങ്കടവും വേദനയും ഇങ്ങനെ എഴുതിയോ ആലോചിച്ചോ പറഞ്ഞോ തീര്‍ക്കേണ്ടിയും വരും.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെയെല്ലാം ഓര്‍മ്മയുടെ റഡാറില്‍ അധികകാലമൊന്നുമുണ്ടാവില്ല ആ പെണ്‍കുഞ്ഞ്. ഇത്തിരി കഴിയുമ്പോള്‍, പി.സി ജോര്‍ജോ വി.എസ്സോ, ബണ്ടി ചോറോ മറ്റൊരു വാര്‍ത്തയുമായി വരും. മറ്റനേകം രാഷ്ട്രീയ -സിനിമാ -കൌതുക വാര്‍ത്തകള്‍ മുന്നില്‍ വന്നു നിറയും. നമ്മളെപ്പോലെ സാമൂഹിക ബോധമുള്ള ഒരു ജനതയ്ക്ക് അന്നേരം അവയില്‍ നിന്നെങ്ങനെ കണ്ണു മാറ്റാനാവും? അല്ലെങ്കില്‍ വീണ്ടുമെത്തും അനേകം ബലാല്‍സംഗ വാര്‍ത്തകള്‍. അന്നേരം സങ്കടപ്പെടേണ്ടി വരും. ഇത്തിരി കഴിഞ്ഞ് അതു മറക്കേണ്ടിയും.
ആ കുട്ടി ഇനി
ആരെയും തെറ്റു പറയാന്‍ പറ്റില്ല. ഇത്രയേറെ സംഭവങ്ങള്‍ മുന്നില്‍ വന്നു കൊത്തുമ്പോള്‍ ആര്‍ക്കെങ്ങനെയാണ്, പഴയതൊക്കെ ആലോചിച്ചെടുക്കാനാവുക. അതിനാല്‍, ഏറിയാല്‍ രണ്ടു മൂന്നു നാളുകള്‍. അതു കഴിഞ്ഞാല്‍, ആ കുട്ടി ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറും. മുറിവുകളുണങ്ങാനുള്ള മരുന്നുകള്‍ക്ക് ശരീരത്തിന്റെ വിള്ളലുകള്‍ ഭേദമാക്കാനുള്ള കഴിവുള്ളതിനാല്‍ അവളിപ്പോള്‍ ഓള്‍റൈറ്റ് ആണെന്ന് ഡോക്ടര്‍ തീര്‍ച്ചയായും പറയുന്നൊരു നാള്‍ വരും. ദിവസങ്ങളോളം പണിക്കുപോവാതെ പട്ടിണിയിലായ ആ അമ്മ ജീവിക്കാന്‍ വേണ്ടി മാത്രം വീണ്ടും തെരുവിലേക്കിറങ്ങാന്‍ ധൃതി കൂട്ടും. തല്‍ക്കാലം ഇവിടെ നിന്ന് മാറി നില്‍ക്ക്, എന്നല്ലാതെ ഉത്തരവാദിത്തമുള്ള ഒരു പോലിസുകാരനും പറയാനാവില്ല അന്നേരം. സ്വന്തം നാട്ടിലേക്കു പോവാനുള്ള വണ്ടിക്കൂലിയും നല്‍കി അവരെ പറഞ്ഞയച്ചില്ലെങ്കില്‍ പിന്നെ കേസും കൂട്ടവുമായി നടക്കേണ്ടി വരുമെന്ന് ഒരു പൊലീസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.
അങ്ങനെ ആ പിഞ്ചു കുഞ്ഞ്, ജീവിതത്തിന്റെ വ്യകരണം മുഴുവന്‍ മാറ്റിയെഴുതാന്‍ പര്യാപ്തമായ അനേകം ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ വഹിച്ച്, വളര്‍ച്ചയിലേക്കോ ഒരു പക്ഷേ, അടുത്ത ദുരിതത്തിലേക്കോ അടിവെച്ചു നടക്കേണ്ടി വരും. പൊലീസ് ചോദ്യം ചെയ്യാന്‍ പിടിച്ചുവെന്നു ഇന്ന് മാധ്യമങ്ങള്‍ നമ്മോടു പറയുന്നവരില്‍ കുറ്റമേറ്റു പറഞ്ഞ ആരെങ്കിലുമുണ്ടെങ്കില്‍ അവിടെ ബാക്കിയാവും. ശരിക്കുമുള്ള പ്രതിയെങ്കില്‍ അധികം നാള്‍ വേണ്ടി വരില്ല വീണ്ടും പുറത്തിറങ്ങാന്‍. അല്ലാത്തവര്‍ നാളെയോ മറ്റന്നാളോ പുറത്തേക്കിറങ്ങും.
പിടിക്കപ്പെടുന്നത് കുറ്റവാളിയാവാം. അല്ലായിരിക്കാം. തല്‍ക്കാലത്തേക്കുള്ള ചില മുട്ടു ന്യായങ്ങള്‍ എന്നതിനപ്പുറം അല്ലെങ്കിലും ഇതിനൊക്കെയെന്തു പ്രസക്തിയാണ്. സംശയമുള്ളവര്‍ക്ക്, സൂര്യനെല്ലി ഗ്രാമത്തില്‍നിന്ന് നിത്യദുരിതങ്ങളുടെ പില്‍ക്കാലത്തേക്കു വളര്‍ന്ന ആ പഴയ ഒമ്പതാം ക്ലാസുകാരിയുടെ ജീവിതമോര്‍ക്കാം. ന്യായാധിപരും പൊലീസുകാരും പത്രക്കാരും രാഷ്ട്രീയക്കാരും സിനിമാക്കാരുമെല്ലാം ഒരു സംശയവുമില്ലാതെ ഇപ്പോഴും പ്രതിയാക്കി ബാലവേശ്യയാക്കി മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കുന്ന അവളെ തന്നെ ഓര്‍ക്കണമെന്നുമില്ല.
ഇരകളും വേട്ടക്കാരും അരങ്ങും
താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലോ വീടകങ്ങളുടെ ഇരുട്ടിലോ ആരോപണങ്ങളുടെയും സംശയങ്ങളുടെയും യുക്തിഭദ്രമായ തര്‍ക്കങ്ങളുടെയും ഇരകളായി പില്‍ക്കാലം അസഹ്യമായി തീര്‍ന്ന, പല ദേശങ്ങളുടെ പേരുകളില്‍ അറിയപ്പെടുന്ന, മറ്റനേകം ഇരകളുടെ ജീവിതം ആരാലും തിരിഞ്ഞുനോക്കാനില്ലാതെ, വെറുമൊരു കേസ് നമ്പര്‍ മാത്രമായി കഴിയുന്നുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരിനൊപ്പമുള്ള നാടുകണ്ട് കണ്ട് ഉത്തേജനമുണ്ടാവാന്‍ ടാക്സി വിളിച്ചു പോവുന്നവരുടെയും അവളുടെ ദുരന്തം അച്ചടി മലയാളത്തില്‍ വായിച്ച് ഉണര്‍ത്തപ്പെടാന്‍ കണ്ണുനട്ടിരിക്കുന്നവരുടെയും അതുവിറ്റു കാശുണ്ടാക്കാന്‍ ക്യാമറയും പേനയും ഒരുക്കി നിര്‍ത്തുന്നവരുടെയും അതു വായിച്ചും കണ്ടും നിര്‍വൃതിയടയുന്നവരുടെയും വര്‍ത്തമാന കേരളം ഈ ചെറിയ പെണ്‍കുട്ടിയെ ഓര്‍മ്മിക്കുക എന്നത് എത്ര മാത്രം അശ്ലീലമാണ് എന്ന ഒന്നാലോചിച്ചാല്‍ ആര്‍ക്കും ബോധ്യമാവും.
ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സ്വന്തം നാട്ടില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെയാണ് ഓരോ ദിനവും ബോധ്യപ്പെടുത്തുന്നത്. നാട്ടില്‍ മാത്രമല്ല വിര്‍ച്വല്‍ നാടുകളിലും-സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും-ഇതു തന്നെ അവസ്ഥ. നല്ല നിലയില്‍ പരീക്ഷകള്‍ പാസ്സായും സര്‍ടിഫിക്കറ്റു വാങ്ങിയും നല്ല കാശുള്ള മുന്തിയ ജോലികള്‍ ചെയ്തും യോഗ്യരെന്നു ഒരു സംശയവുമില്ലാതെ ആര്‍ക്കും വിളിക്കാവുന്ന നമ്മുടെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പീഡിപ്പിക്കപ്പെടുന്ന ആണുങ്ങളെക്കുറിച്ചുള്ള വിലാപങ്ങളില്‍ അഭിരമിക്കുകയാണ്. വേണമെങ്കില്‍ ഫേസ്ബുക്കില്‍ അവളുടെ വാര്‍ത്തയ്ക്കു താഴെ ഇതു ചെയ്തവന്റെ ലിംഗം മുറിച്ചു കളയണം എന്ന് വന്യമായി മുരളാം, അത്ര തന്നെ.
അതു കഴിഞ്ഞാലുടന്‍ ഫേസ്ബുക്കില്‍ വേറെ പണി കിടപ്പുണ്ട്. രജിത്കുമാറെന്ന താടിനീട്ടിയ വിവരക്കേടിനു വേണ്ടി പ്രചാരണ വേലയ്ക്കിറങ്ങണം. അമൃതയ്ക്കും ആര്യയ്ക്കുമെതിരെ അറിയാവുന്ന സ്ത്രീ ലൈംഗികാവയവങ്ങളുടെ പേരു മുഴുവന്‍ തെറിയാക്കി വിവര്‍ത്തനം ചെയ്ത് പൊങ്കാലയിടണം. ആണ്‍വര്‍ഗം അപകട മുനമ്പിലെന്നും അതിന്റെ രക്ഷയ്ക്ക് ലിംഗമേധ യാഗം നടത്തണമെന്നും പറഞ്ഞ് കണ്ണില്‍ കണ്ട പെണ്ണുങ്ങളെ മുഴുവന്‍ പച്ചത്തെറി കൊണ്ട് ഞെട്ടിക്കണം.പിന്നെയും സമയമുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം വല്ല സാധു പെണ്ണുങ്ങളും റേപ്പ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയ്ക്കു താഴെ വീണ്ടും അമര്‍ത്തി മുരളണം.
ഇതിലപ്പുറം എന്താണ് സര്‍ പ്രതീക്ഷിക്കേണ്ടത്, ലിംഗത്തിനപ്പുറം മനസ്സു സഞ്ചാരിക്കാത്തൊരു ജനതയില്‍നിന്നും…?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ