ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 5, ചൊവ്വാഴ്ച

ത്രിപുരയുടെ ഹൃദയപക്ഷം


ത്രിപുരയുടെ ഹൃദയപക്ഷം


"ത്രിപുരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചതെന്ന്" അഗര്‍ത്തലയില്‍വച്ച് ദേശാഭിമാനിയോട് സംസാരിക്കവെ മണിക് സര്‍ക്കാര്‍ പറഞ്ഞിരുന്നു (ദേശാഭിമാനി- ഫെബ്രുവരി 12). രണ്ടാഴ്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മണിക് സര്‍ക്കാരിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് വ്യക്തമായി. ജനങ്ങളും ഇടതുമുന്നണിയും പ്രത്യേകിച്ചും സിപിഐ എമ്മും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പുഫലം. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തെ പിഴുതെറിഞ്ഞുവെന്നും ത്രിപുരയില്‍ അതാവര്‍ത്തിക്കുമെന്നും അതോടെ ഹിന്ദുസ്ഥാനില്‍ നിന്നുതന്നെ ഇടതുപക്ഷത്തെ തൂത്തെറിയുമെന്നും പറഞ്ഞ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് ത്രിപുരയിലെ ജനങ്ങള്‍ ചുട്ട മറുപടിയാണ് നല്‍കിയത്.

ത്രിപുരയിലെ ഏഴാം വിജയത്തിന് പല പ്രത്യേകതകളും ഉണ്ട്. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ആദ്യമായി ത്രിപുരയില്‍ അധികാരത്തില്‍ വന്നത് 1978 ലാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 60ല്‍ 56 സീറ്റ് നേടിയാണ് നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിനുശേഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടി വിജയിക്കുന്ന തെരഞ്ഞെടുപ്പാണിത്. 60ല്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. 52.32 ശതമാനം വോട്ടും നേടി. കോണ്‍ഗ്രസിന് പത്ത് സീറ്റും 36.54 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് മുന്നണിക്ക് 44.65 ശതമാനം വോട്ട് ലഭിച്ചു. 2008 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 49 സീറ്റും 50 ശതമാനം വോട്ടുമാണ് നേടിയത്. ഇക്കുറി സീറ്റും വോട്ടും വര്‍ധിപ്പിച്ചു. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഇടതുമുന്നണിയുടെ 47 സ്ഥാനാര്‍ഥികളും വിജയിച്ചത്. ആറ് സ്ഥാനാര്‍ഥികള്‍ക്ക് 60 ശതമാനമോ അതിലധികമോ വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ഋഷ്യമുഖില്‍ മത്സരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ധനമന്ത്രിയുമായ ബാദല്‍ ചൗധരിയാണ്. 12,429 വോട്ടിനാണ് അദ്ദേഹം കോണ്‍ഗ്രസിലെ സുശാങ്കര്‍ ഭൗമിക്കിനെ പരാജയപ്പെടുത്തിയത്. പോള്‍ചെയ്ത വോട്ടിന്റെ 65.42 ശതമാനം വോട്ടാണ് ചൗധരിക്ക് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ രാജ്നഗര്‍ എസ്സി സംവരണ സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥി സുദന്‍ദാസിന് 11,397 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കൊവായി (60.82), ജൊലായ്ബാരി (61.90), നല്‍ച്ചര്‍ (59.96), രാമചന്ദ്രഘാട്ട് (59.15), ആഷ്രംബാരി (59.55) എന്നീ മണ്ഡലങ്ങളിലും വന്‍വിജയമാണ് ഇടതുമുന്നണി നേടിയത്. കോണ്‍ഗ്രസില്‍ ജയിച്ച 10 പേരില്‍ അഞ്ചുപേര്‍മാത്രമാണ് 50 ശതമാനത്തിലധികം വോട്ട് നേടിയത്. അഞ്ചുപേര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് രത്തന്‍ലാല്‍ നാഥ് മോഹന്‍പുരില്‍ 775 വോട്ടിനാണ് ജയിച്ചത്. മുന്‍ പിസിസി അധ്യക്ഷന്‍ ബിരജിത്ത് സിന്‍ഹ കൈലാസ്ഷഹറില്‍ 485 വോട്ടിനാണ് കടന്നുകൂടിയത്. ബര്‍ജലയില്‍ 261 വോട്ടിനും ബാദര്‍ഘട്ടില്‍ 643 വോട്ടിനും രാധാകിഷോര്‍പുരില്‍ 837 വോട്ടിനുമാണ് കോണ്‍ഗ്രസ് ജയിച്ചത്. മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച 10 സീറ്റില്‍ ഒമ്പതെണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളില്‍ സിപിഐ എമ്മിന്റെ ആധിപത്യമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയിടത്തൊക്കെ കോണ്‍ഗ്രസ് തോല്‍ക്കുകയുംചെയ്തു.

തലസ്ഥാനമായ അഗര്‍ത്തല, സോണാമുര, ഷന്തിര്‍ബസാര്‍ (എസ്ടി), ധര്‍മനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് രാഹുല്‍ പ്രചാരണം നടത്തിയത്. തോല്‍വി ഉറപ്പായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രചാരണത്തില്‍നിന്ന് വിട്ടുനിന്ന സാഹചര്യത്തിലാണ് രാഹുല്‍ എത്തിയത്. അഗര്‍ത്തലയിലെ രാംനഗറില്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ സുര്‍ജിത്ത് ദത്ത പരാജയപ്പെട്ടു. 1983 മുതല്‍ തുടര്‍ച്ചയായി ആറു തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റാണിത്. സിപിഐ എമ്മിലെ രത്തന്‍ദാസാണ് 65 വോട്ടിന് ഈ സീറ്റില്‍ അട്ടിമറി വിജയം നേടിയത്. സോണാമുരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ സുബാല്‍ഭൗമിക് സിപിഐ എമ്മിലെ ശ്യാമള്‍ ചക്രവര്‍ത്തിയോട് 1526 വോട്ടിന് തോറ്റു. ഷന്തിര്‍ബസാറില്‍ സിപിഐ നേതാവും മന്ത്രിയുമായ മണീന്ദ്ര റിയാങ് വിജയം ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയ ധര്‍മനഗറില്‍മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയം ആവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ധര്‍മനഗര്‍. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ തീവ്രവാദ സംഘടനകളായ ഇന്‍ഡിജിനസ് നാഷണല്‍ പീപ്പിള്‍സ് ഓഫ് ത്രിപുര (ഐഎന്‍പിടി)യ്ക്കും നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുര (എന്‍സിടി)യ്ക്കും സീറ്റൊന്നും ലഭിച്ചില്ല. ഐഎന്‍പിടി 11 എസ്ടി സംവരണ സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായില്ല. ഐഎന്‍പിടിയുടെ മുന്‍രൂപമായ ത്രിപുര ഉപജാതിജൂബ സമിതി 1983 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. അന്ന് ആറ് സീറ്റും 10.47 ശതമാനം വോട്ടും ടിയുജെഎസിന് ലഭിച്ചു.

2003 മുതലാണ് ടിയുജെഎസിന്റെ പുതിയ രൂപമായ ഐഎന്‍പിടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായത്. അന്ന് 18 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടി ആറ് സീറ്റില്‍ ജയിക്കുകയും 12 ശതമാനം വോട്ട് നേടുകയുംചെയ്തു. എന്നാല്‍, 2008 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍നിന്ന് ഐഎന്‍പിടിയുടെ നേതാവും രാജീവ്ഗാന്ധിയുടെ ഇഷ്ടതോഴനുമായ ബിജോയ്കുമാര്‍ റംഗാള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതും വെറും 115 വോട്ടിന്. രണ്ട് ബൂത്തില്‍ സിപിഐ എമ്മിന് ഏജന്റുമാരെ നിര്‍ത്താന്‍ കഴിയാത്തതായിരുന്നു റംഗാളിന്റെ വിജയത്തിന് കാരണം. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇക്കുറി അംബാസയില്‍ സിപിഐ എം നേടിയ വിജയം. സിപിഐ എമ്മിലെ ലളിത്കുമാര്‍ ദേബ് ബര്‍മയെന്ന മുന്‍ ബിഡിഒയാണ് ഇവിടെ 1054 വോട്ടിന് ജയിച്ചത്. റംഗാളിനു വേണ്ടി ആദിവാസികളുടെ രാജാവും കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ ദേബ്ബര്‍മന്‍ അംബാസയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. എട്ട് ശതാബ്ദക്കാലത്തെ രാജഭരണത്തിന്റെ അവസാന കണ്ണിയെ പ്രചാരണത്തിന് ഇറക്കി വോട്ട് നേടാനുള്ള റംഗാളിന്റെ തന്ത്രവും പാളിയെന്നര്‍ഥം. മുന്‍ ത്രിപുര നാഷണല്‍ വളന്റിയേഴ്സ് (ടിഎന്‍വി) എന്ന സൈനിക സംഘടയുടെ നേതാവുകൂടിയായ റംഗാളിന്റെ പരാജയം സംസ്ഥാനത്ത് തീവ്രവാദത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ്. 11 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടിക്ക് ഇക്കുറി 8.11 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ക്ക് പിന്തുണ കുറയുകയാണെന്ന് ഈ പരാജയം വ്യക്തമാകുന്നു. ഐഎന്‍പിടിയില്‍നിന്ന് ഭിന്നിച്ച് ഒരു സീറ്റില്‍മാത്രം മത്സരിച്ച എന്‍സിടിക്കും ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തീവ്രവാദികള്‍ക്ക് ആദിവാസികള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെടുകയാണെന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 20 എസ്ടി സംവരണസീറ്റില്‍ 19 ലും സിപിഐ എം വിജയിച്ചു. എസ്ടി സീറ്റില്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 53.42 ശതമാനം വോട്ടും ഇടതുപക്ഷത്തിന് ലഭിച്ചു. (2008 ലെ തെരഞ്ഞെടുപ്പിലും 19 സീറ്റ് ഇടതുമുന്നണി നേടിയിരുന്നു). പത്ത് എസ്സി സംവരണ സീറ്റില്‍ എട്ടിലും സിപിഐ എം വിജയിച്ചു. ഈ സീറ്റുകളില്‍ മൊത്തം പോള്‍ചെയ്തതിന്റെ 53.23 ശതമാനം വോട്ടും ഇടതുമുന്നണിക്കാണ് ലഭിച്ചത്.

കോണ്‍ഗ്രസ് സഖ്യത്തിന് എസ്ടി സീറ്റുകളില്‍ 43.31 ശതമാനവും എസ്സി സീറ്റില്‍ 44 ശതമാനവും വോട്ടാണ് ലഭിച്ചത്. അതായത് ഇടതുമുന്നണിയേക്കാള്‍ 10 ശതമാനം വോട്ട് ഈ വിഭാഗങ്ങളില്‍ കോണ്‍ഗ്രസിന് കുറവാണ് ലഭിച്ചത്. തീവ്രവാദത്തിന്റെ ദുരന്തം മുഴുവന്‍ പേറിയ സ്ത്രീകളാണ് ഇടതുപക്ഷ വിജയത്തിന്റെ പിന്നിലെ മറ്റൊരു പ്രധാന ശക്തി. സിപിഐ എം നിര്‍ത്തിയ അഞ്ച് സ്ത്രീകളും വിജയിച്ചത് വനിതകള്‍ ആരുടെകൂടെയാണ് നിലയുറപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നു. മത്സരിച്ച 50 സീറ്റില്‍ 49 ലും അവര്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. കടംതാലകുര്‍ത്തി എന്ന സീറ്റില്‍ മാത്രമാണ് 17 ശതമാനം വോട്ട് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമാജ്വാദി പാര്‍ടി, എന്‍സിപി, സിപിഐ എംഎല്‍, അമ്രബംഗാളി, എസ്യുസിഐഐ, ഐപിഎഫ്ടി എന്നീ കക്ഷികളുടെ സ്ഥിതിയും ഇതുതന്നെ.

വി ബി പരമേശ്വരന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ