ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

പോരാളിയുടെ യാത്രാപഥങ്ങള്‍


പോരാളിയുടെ യാത്രാപഥങ്ങള്‍

മാടമ്പി ജന്മിത്ത ജീര്‍ണതകളും ബ്രിട്ടീഷ് അധിനിവേശ അവശിഷ്ടങ്ങളും മലയാളക്കരയിലും പാഴ്നിലംപോലെ കല്ലിച്ച് കിടന്ന കാലം. മുതലാളിത്ത-ഫ്യൂഡലിസ്റ്റ് സങ്കല്‍പ്പങ്ങളെയും യാഥാര്‍ഥ്യങ്ങളെയും തിരിച്ചറിയാന്‍ തുടങ്ങിയ ആ കാലത്ത് സാമൂഹ്യമനസ്സുകളിലേക്ക് കമ്യൂണിസ്റ്റ് ആശയങ്ങള്‍ നവരക്ഷാമന്ത്രമായി ആഴ്ന്നിറങ്ങാന്‍ തുടങ്ങിയിരുന്നു. സര്‍വചൂഷണങ്ങള്‍ക്കുമെതിരെ അധഃസ്ഥിത പീഡിതവര്‍ഗം മെല്ലെ ഉണരാന്‍ തുടങ്ങിയ ചുവന്ന നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിന് പലതുകൊണ്ടും ഒട്ടേറെ പ്രത്യേകതകളുണ്ട്. കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് പ്രചാരകരെയും ജന്മശത്രുക്കളായി പ്രഖ്യാപിച്ച ഭരണാധികാരികള്‍ക്കൊപ്പം ഒറ്റുകാരായി നാടെമ്പാടും ഗാന്ധിശിഷ്യന്മാര്‍ പ്രവര്‍ത്തിച്ചിരുന്നു.

കമ്യൂണിസമെന്ന പേര് ഉച്ചരിച്ചാല്‍ വിചാരണകളൊന്നുമില്ലാതെ തന്നെ തല്‍ക്ഷണം ജീവനെടുത്തിരുന്ന സ്വാതന്ത്ര്യാനന്തരഘട്ടം. മൂന്നാം ഫോറത്തില്‍ പഠിക്കുന്ന മനസ്സും ചിന്തയും ഉറയ്ക്കാത്ത കേവലം എട്ടുവയസുകാരന്‍ സ്കൂളില്‍ ക്ലാസിലെ ബെഞ്ചില്‍ കയറി നിന്ന് "ഇന്‍ക്വിലാബ് സിന്ദാബാദ്" എന്നുവിളിച്ചാല്‍ എന്താകും അവസ്ഥ. മുതിര്‍ന്നവരുടെ ഗോപ്യമായ ചര്‍ച്ചകളില്‍നിന്നും കേട്ടറിവില്‍നിന്നും എങ്ങനെയോ ചെറുമനസ്സില്‍ പതിഞ്ഞ ആ മുദ്രാവാക്യത്തിന്റെ അര്‍ഥം എം എം മണിയെന്ന ബാലന് 1952 ല്‍ മനസ്സിലായിരുന്നില്ല. സ്ലേറ്റും പുസ്തകവും തലയില്‍വച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് ഉച്ചൈസ്തരം മുഴക്കിയതിന് ക്ലാസധ്യാപകന്‍ ഗോപിനാഥ പിള്ള ബെഞ്ചില്‍ കയറ്റി നിര്‍ത്തി ചൂരല്‍കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇളംമനസ്സിനേറ്റ അന്നത്തെ വേദനയുടെ മുറിപ്പാടിന്റെ നടുക്കുന്ന ഓര്‍മകളിലൂടെ പില്‍ക്കാലത്ത് ഹൈറേഞ്ചിന്റെ അവകാശ സമരങ്ങളില്‍ സാധാരണക്കാരുടെ മണിയാശാന്‍ എന്ന എം എം മണി കനല്‍വഴികളിലൂടെ എത്രയോ കര്‍മമകാണ്ഡങ്ങള്‍ താണ്ടി.

സാധാരണക്കാരുടെയും കര്‍ഷക-തൊഴിലാളി വിഭാഗങ്ങളുടെയും പ്രിയപ്പെട്ട ആശാനെ മാധ്യമങ്ങളും ഭരണകൂടമേലാളന്മാരും ഭീകരനായി ചിത്രീകരിക്കുമ്പോള്‍ പ്രതിബന്ധങ്ങളിലൂടെയും കഠിന യാതനകളുടെയും കടമ്പകള്‍ പിന്നിട്ട മനുഷ്യസ്നേഹിയുടെ, പൊതുരാഷ്ട്രീയ പ്രവര്‍ത്തകന്റെ, സമരമുഖങ്ങളില്‍ ജ്വലിച്ച തേരാളിയുടെ പോരാട്ടത്തിന്റെ തപ്തദീപ്തമായ ചരിത്രമാണ് മറച്ചുപിടിക്കപ്പെടുന്നത്. മുതലാളിത്ത കോളനി വ്യവസ്ഥ സാമ്രാജ്യത്വമായി വളര്‍ന്നു തുടങ്ങിയപ്പോള്‍ തോട്ടം മേഖലയും അതില്‍നിന്നും വേറിട്ടുനിന്നില്ല. ഹൈറേഞ്ച് മലനിരകള്‍ അടക്കിവാണ മുതലാളിമാരുടെയും ഭരണദല്ലാളന്മാരുടെയും അധികാരദംഷ്ട്രകളെ വെല്ലുവിളിച്ച് അധഃസ്ഥിതര്‍ക്കൊപ്പം നിന്ന് സമരംചെയ്ത പോരാളിയുടെ വിശ്രമരഹിതമായ പോരാട്ടത്തിന്റെ കഥയാണ് മണിയാശാന്റെ ജീവിതം. മധ്യതിരുവിതാംകൂറിലെ കാര്‍ഷിക ഗ്രാമങ്ങളിലൊന്നായ കിടങ്ങൂരില്‍ മുണ്ടയ്ക്കല്‍ മാധവന്‍-ജാനകി ദമ്പതികളുടെ പത്ത് മക്കളില്‍ മൂത്ത മകനായി 1944ലാണ് എം എം മണി ജനിച്ചത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയായ 1955ല്‍ കോട്ടയം ജില്ലയുടെ ഭാഗമായ ഇടുക്കിയിലേക്ക് കുടിയേറാന്‍ ആ കുടുംബം നിര്‍ബന്ധിതമായി. ക്ഷേത്രവും കാവും ആചാരാനുഷ്ഠാനങ്ങളും എല്ലാമുണ്ടായിരുന്ന ഏറെ പാരമ്പര്യമുള്ള കുടുംബമായിരുന്നു മുണ്ടയ്ക്കല്‍ തറവാട്. ദേവികുളം താലൂക്കില്‍പ്പെട്ട കുഞ്ചിത്തണ്ണിയില്‍ എസ്എന്‍ഡിപി വക പുതിയ അമ്പലത്തില്‍ പൂജാദികര്‍മങ്ങള്‍ ചെയ്യാന്‍ അച്ഛന്‍ മാധവന്‍ നിയോഗിക്കപ്പെട്ടു. വൈകാതെ കുഞ്ചിത്തണ്ണി ശ്രീനാരായണോദയം ശിവക്ഷേത്രം, ബൈസണ്‍വാലി സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മുല്ലക്കാനം, മുട്ടുകാട് ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം ശാന്തി ജോലിയിലേര്‍പ്പെട്ടു. താമസിക്കാന്‍ സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. നേരത്തെ അവിടെ കുടിയേറിയ കുഞ്ഞേട്ടന്‍ എന്നയാളുടെ കൃഷിയിടങ്ങള്‍ നോക്കാന്‍ അവസരം കിട്ടിയതോടെ പട്ടിണിക്ക് കുറെ പരിഹാരമായി. കിട്ടിയ സ്ഥലത്ത് വിളവിറക്കിയും കൃഷി വിപുലീകരിച്ചും കാര്‍ഷികമേഖലയില്‍നിന്നും ചെറുവരുമാനം ഉണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞു. ബാലനായ എം എം മണി കൃഷിയിടത്തില്‍ തീവ്രമായി അധ്വാനിച്ചും അച്ഛനെ സഹായിച്ചും ഇടയ്ക്ക് കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തും പോന്നു.

ജീവിക്കാന്‍വേണ്ടിയുള്ള പോരാട്ടം 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാടെങ്ങും പട്ടിണി കൊടുമ്പിരി കൊണ്ടപ്പോഴാണ് സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ആരംഭിച്ചത്. അതാതിടങ്ങളില്‍ രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് സംഘടനയും കൈകോര്‍ത്താണ് വ്യത്യസ്തമായ സമര പരമ്പരകള്‍ ആരംഭിച്ചത്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാനും റേഷന്‍ മുടങ്ങാതെ ലഭ്യമാക്കാനും രക്തരൂഷിത സമരങ്ങള്‍ നാടെമ്പാടും പൊട്ടിപ്പുറപ്പെട്ടു. സര്‍ സി പി ഭരണത്തിന് ശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനകീയ പ്രശ്നങ്ങളെ അവഗണിച്ചതിനൊപ്പം പ്രക്ഷോഭങ്ങളെയും ചോരയില്‍ മുക്കാന്‍ തുടങ്ങി. ദാരിദ്ര്യപ്പിശാചില്‍ നിന്നും ജനതയ്ക്ക് മോചനം ലഭിക്കാനുള്ള സമരമുഖങ്ങള്‍ തുറന്നതിനൊപ്പം ബദല്‍ നടപടിയെന്നോണം സര്‍ക്കാരും ഊര്‍ജിത ഭക്ഷ്യോല്പാദന പദ്ധതിയെയും പ്രോത്സാഹിപ്പിച്ചു.

പട്ടിണി അകറ്റാനാവശ്യമായ നടപടികള്‍ക്കായി ജീവിക്കാനൊരല്‍പ്പം മണ്ണ് തേടി കര്‍ഷക ജനത ഹൈറേഞ്ച് മലനിരകളിലേക്ക് പലായനമാരംഭിച്ചിരുന്നു. പ്രധാനമായും സര്‍ക്കാര്‍ പ്രോത്സാഹനത്തെ തുടര്‍ന്നുണ്ടായ തെക്കന്‍-മധ്യതിരുവിതാംകൂറില്‍നിന്നുള്ള വമ്പിച്ച കുടിയേറ്റം ഹൈറേഞ്ചില്‍ നവജീവിത-ആവാസ വ്യവസ്ഥ രൂപപ്പെടാനിടയാക്കി. ഉഴുതുമറിക്കാതെ കിടന്ന കന്നിമണ്ണില്‍ നൂറുമേനി വിളയിച്ച ഒരു ജനതയുടെ അധ്വാനമേന്മ ജീവിതവിജയമായി പരിണമിക്കുകയായിരുന്നു. അതിന് മുമ്പേ വന്‍കിട തോട്ടം വ്യവസായികള്‍ കൈയടക്കിയ ശേഷം അവശേഷിക്കുന്ന ഭൂമിയുടെയും അവകാശികളാവുന്ന അവസരം കൂടിയായിരുന്നു അക്കാലം. പ്രകൃതി ചുരത്തിയ സമൃദ്ധിയിലും സവിശേഷതയിലും കണ്ണുംവെച്ച് സമ്പത്ത് കൊയ്യാന്‍ അതിമോഹങ്ങളുടെ മലതാണ്ടിയെത്തിയ കൈയേറ്റക്കാരും വന്‍കിട തോട്ടം ഉടമകളും പുത്തന്‍കൂറ്റുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാലക്രമേണ ഒരു സാമൂഹ്യ ജീവിതവ്യവസ്ഥ രൂപപ്പെടുകയായിരുന്നു. 1955 മുതല്‍ 58 വരെ ഈ നില തുടര്‍ന്നു.

കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് 

കുഞ്ചിത്തണ്ണി 20 ഏക്കര്‍ എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന നമ്പീശന്‍ സാറും പ്രൊഫ. കെ വാസുക്കുട്ടന്‍പിള്ളയുമായുള്ള അടുപ്പം കൗമാരക്കാരനായ മണിക്ക് ഒരു നവദിശാബോധം നല്‍കി. അക്കാലത്തെ ഉത്തമ കമ്യൂണിസ്റ്റായിരുന്നു നമ്പീശന്‍ സാര്‍. ആ മേഖലയില്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ആദ്യാക്ഷരം പകര്‍ന്ന മനുഷ്യസ്നേഹി നിലമ്പൂരില്‍നിന്ന് എത്തിയതാണ്. ഇപ്പോള്‍ വടക്കാഞ്ചേരിയില്‍ താമസം. അച്ഛന്‍ മാധവനുമായുള്ള നമ്പീശന്‍ മാഷിന്റെ അടുപ്പം പാര്‍ടി പ്രവര്‍ത്തനവുമായി മണിയെ കൂടുതല്‍ അടുപ്പിച്ചു. അയല്‍വാസിയായിരുന്ന പ്രൊഫ. കെ വാസുക്കുട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നു. കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യോഗവും പ്രകടനവും മറ്റ് ക്യാമ്പയിനുകളും അന്ന് പതിവായിരുന്നു. 1957 ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി മണി മാറി. കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇ എം എസ് സര്‍ക്കാരിന്റെ പട്ടയവിതരണം. രാജാക്കാട് പഴയവിടുതി, മുണ്ടിയെരുമ എന്നിവിടങ്ങളില്‍വച്ച് നടത്തിയ പട്ടയ വിതരണവും 1957ലെ ദേവികുളത്തെ ഉപതെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടക്കക്കാരനെന്ന നിലയില്‍ മണിക്ക് ആവേശം നല്‍കി. ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഉന്നത നേതൃത്വം സജീവമായി ഇടപെട്ട് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി റോസമ്മ പുന്നൂസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്‍ ഗണപതിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. വി എസ് അച്യുതാനന്ദനായിരുന്നു മണ്ഡലത്തിന്റെ ചുമതല. എം എന്‍ ഗോവിന്ദന്‍നായര്‍, ഇമ്പിച്ചിബാവ, ടി കെ രാമകൃഷ്ണന്‍ എന്നിവര്‍ ദേവികുളത്ത് ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം ചെറുപ്രായത്തില്‍ ആവേശത്തോടെ മണി പങ്കെടുത്തു. വിമോചന സമരത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന മുക്കൂട്ട് മുന്നണി ഹൈറേഞ്ചില്‍ കുടിയൊഴിപ്പിക്കല്‍ നടപടിക്ക് തുടക്കമിട്ടത് നിവാസികളെയാകെ ദുരിതക്കയത്തിലാഴ്ത്തി. എ കെ ജിയും കര്‍ഷകപ്രസ്ഥാനവും നടത്തിയ സമരത്തിന്റെ ഫലമായാണ് പട്ടയം ഉള്‍പ്പെടെ കര്‍ഷകര്‍ക്ക്ഭഭൂമിയില്‍ കൃഷിചെയ്യാനും പുരവച്ച് സൈ്വരമായി ജീവിക്കുവാനും സാഹചര്യം ഉണ്ടായത്. ഭൂമി കൈവശമുളള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക്ഭഭൂമി നല്‍കുമെന്നുമുള്ള നിലപാടാണ് 1957 ലെ ഇ എം എസ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതോടൊപ്പം പുതിയ വനംകൈയേറ്റം തടയുമെന്നും പ്രഖ്യാപിച്ചു.

1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളായ ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയും പി ടി ചാക്കോ ആഭ്യന്തരമന്ത്രിയുമായുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കൈയേറ്റക്കാരുടേതായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ ആരെയും കുടിയിറക്കുകയില്ലെന്ന് വന്‍പ്രചാരണവും നടത്തി. വിമോചനസമരകാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ കുടിയേറിപ്പാര്‍ത്ത നിരവധി കൃഷിക്കാരുമുണ്ടായിരുന്നു. ഒരു കര്‍ഷകനെപ്പോലും കുടിയിറക്കുകയില്ലെന്ന ഉറപ്പിന്മേല്‍ വന്‍തോതില്‍ പണപ്പിരിവും നടത്തി. നാട്ടിലുള്ളതെല്ലാം നഷ്ടപ്പെടുത്തി ആയിരക്കണക്കിന് കുടുംബങ്ങളാണ് അയ്യപ്പന്‍കോവിലിലും ഇതര പ്രദേശത്തുമെത്തി ഭൂമി വാങ്ങി കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും പുരവച്ച് താമസമാരംഭിക്കുകയും ചെയ്തത്.

എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഇടുക്കി പദ്ധതിക്കുവേണ്ടി 1700 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ച് കോരിച്ചൊരിയുന്ന മഴയത്ത് അമരാവതിയില്‍ കൊണ്ടുതളളിയത്. വീട്ടുസാധനങ്ങളോ, അവരുടെ വളര്‍ത്തുമൃഗങ്ങളെയോ, ഒന്നും കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. എല്ലാം തീയിട്ട് നശിപ്പിച്ചു. വാര്‍ത്തയറിഞ്ഞ് ആദ്യം ഓടിയെത്തിയത് എ കെ ജി ഉള്‍പ്പെടെയുള്ള കേരള കര്‍ഷക സംഘം നേതാക്കളായിരുന്നു. 1961 ജൂണ്‍ ആറിന് ഇ എം എസ് നല്‍കിയ നാരങ്ങനീര് കുടിച്ചുകൊണ്ട് എ കെ ജി അമരാവതിയില്‍ നിരാഹാരം ആരംഭിച്ചു. രണ്ടാഴ്ച നീണ്ട ഐതിഹാസിക സമരം വിജയത്തിലെത്തിയത് കുടിയേറ്റകര്‍ഷകരുടെ അവകാശപോരാട്ടങ്ങളിലെ നാഴികക്കല്ലാണെന്നും സമരത്തിന് പിന്തുണയായി നാടെങ്ങും പ്രതിഷേധം ഉണ്ടായതായും എം എം മണി അനുസ്മരിച്ചു.
സമരതീക്ഷ്ണ നാളുകള്‍

വിവിധ കാര്‍ഷികഗ്രാമങ്ങളില്‍ രൂപപ്പെട്ട സമരത്തിന്റെ ഭാഗമായി 44 ദിവസം വെള്ളത്തൂവല്‍ വില്ലേജ് ഓഫീസ് പിക്കറ്റിങ്ങില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് അവകാശപോരാട്ടത്തില്‍ എം എം മണി പങ്കാളിയായി. ജോസഫ് ചാവേരി, എസ് ജോര്‍ജ്, പി സി ഗോപി, കെ സി നാരായണന്‍ എന്നിവരായിരുന്നു അവിടുത്തെ നേതാക്കള്‍. തൊഴിലാളികളുടെയും കര്‍ഷകരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടുന്ന പാര്‍ടിയില്‍ തന്റെ സമര്‍പ്പണവും ഉണ്ടാവണമെന്ന് മനസ്സില്‍ ഉറപ്പിച്ച എം എം മണി ദേവികുളം താലൂക്ക് സെക്രട്ടറിയായിരുന്ന ടി കെ ചന്ദ്രനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും മുടങ്ങാതെ പങ്കെടുത്തു. 1966 ല്‍ 22-ാം വയസ്സില്‍ പാര്‍ടി അംഗമായി. എട്ടാം പാര്‍ടി കോണ്‍ഗ്രസ് കൊച്ചിയില്‍ നടന്നപ്പോള്‍ വലിയ പ്രവര്‍ത്തനമാണ് ഹൈറേഞ്ചിലും നടന്നത്്. പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഓരോ ബ്രാഞ്ചില്‍നിന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന തീരുമാനപ്രകാരം കുഞ്ചിത്തണ്ണിയില്‍നിന്നും ഒരു ബസ്സിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു. വളണ്ടിയര്‍മാരെയും കൊണ്ടുപോയിരുന്നു.

തോട്ടം മുതലാളിമാരുടെ ക്രൂരതകള്‍ക്കെതിരെ 

കാര്‍ഷിക തോട്ടവിള സമൃദ്ധിയിലേക്ക് കിഴക്കന്‍ മലയോരത്തെ രൂപപ്പെടുത്തിയ വിവരണാതീതമായ അധ്വാന-പോരാട്ട ചരിത്രം ഒരുപക്ഷേ പുതുതലമുറയ്ക്ക് അജ്ഞാതമായിരിക്കാം. പച്ചപ്പൊന്നും കറുത്തപൊന്നുംകൊണ്ട് വന്‍കിട തോട്ടം ഉടമകളുടെ പത്തായപ്പുര നിറച്ചതിന്റെ പിന്നില്‍ തീരാധ്വാനത്തിലൂന്നിയ തൊഴിലാളികളുടെ എത്രയോ കദനകഥകളുണ്ട്. ചോരയും കണ്ണീരും വിയര്‍പ്പും കിനിഞ്ഞ ദുരിതങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും വീരേതിഹാസ ചരിത്രമുണ്ട്. വിവരണാതീതമായ നിഷ്ഠുര ചൂഷണ സമ്പ്രദായമായിരുന്നു തോട്ടംമേഖലയില്‍ നിലനിന്നിരുന്നത്. നേരം പുലരുമ്പോള്‍ ജോലിക്കിറങ്ങിയാല്‍ അന്തിയാകുംവരെ കഠിനമായി പണിയെടുക്കണം. വിശ്രമിക്കാന്‍പോലും കുറച്ചുസമയം അനുവദിച്ചിരുന്നില്ല. അടിമവ്യവസ്ഥയ്ക്ക് സമാനമായിരുന്നു തൊഴിലാളികളുടെ ജീവിതം. തോട്ടം മുതലാളിമാരുടെ ഏജന്റിനും കങ്കാണിമാര്‍ക്കും തൊഴിലാളികളുടെ മേല്‍ ഒരു കണ്ണുണ്ടാവും. ഈ ഫ്യൂഡല്‍ ജന്മിത്വ വ്യവസ്ഥിതിക്ക് കോണ്‍ഗ്രസുകാര്‍ അനുകൂലനടപടി സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയോ ആനുകൂല്യമോ, ജീവിക്കാനാവശ്യമായ കൂലിയോ ലഭിച്ചിരുന്നില്ല. സ്ത്രീ തൊഴിലാളികള്‍ക്ക് എട്ട് അണയും പുരുഷന്മാര്‍ക്ക് ഒരു രൂപയുമായിരുന്നു 1969 ലെ കൂലി. തമിഴ്നാട്ടിലെയും മധ്യതിരുവിതാംകൂറിലെയും മുതലാളിമാര്‍ മലയോര മേഖലയെ അടക്കിവാണു. കാന്തിപ്പാറതോട്ടം, ഇരുട്ടള, ബൈസണ്‍വാലി, എ എസ് തുടങ്ങിയ തോട്ടങ്ങളില്‍ നടന്ന ദീര്‍ഘസമരങ്ങള്‍ തീക്ഷ്ണമായിരുന്നു. സ്ത്രീ തൊഴിലാളികളെ എന്തും ചെയ്യാമെന്ന നിലയിലും ചിലര്‍ പ്രവര്‍ത്തിച്ചു. ഈ അനീതികള്‍ക്കെതിരെ ചെറുശബ്ദമോ, ചെറുത്തുനില്‍പ്പോ ഉണ്ടായാല്‍ ഗുണ്ടകളെ വിട്ട് അടിച്ചൊതുക്കും. കൊന്നാലും ആരും ചോദിക്കാനില്ല. തോട്ടം ഉടമകളുടെ തോന്ന്യാസങ്ങള്‍ക്ക് പൊലീസും കോണ്‍ഗ്രസ് യൂണിയനുകളും പിന്തുണയും നല്‍കി വന്നു.

തൊഴിലാളികള്‍ക്ക് നേരെ എന്ത് കൊടുംക്രൂരതയും ചെയ്യാന്‍ മടിയില്ലായിരുന്ന അധികാരശക്തികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തേണ്ടതും കൊടിയ ചൂഷണത്തില്‍നിന്നും തൊഴിലാളികളെ മോചിപ്പിക്കേണ്ടതും അനിവാര്യമായതിനാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം രൂപംകൊണ്ടു. തൊഴിലാളികളും പാവപ്പെട്ടവരും മനുഷ്യരാണെന്നും അവര്‍ക്കും ജീവിതവും അവകാശങ്ങളും ഉണ്ടെന്ന് അംഗീകരിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് ജീവന്മരണ പോരാട്ടം തന്നെ നിരന്തരം നടത്തേണ്ടി വന്നു.

കൂലിയും ജോലിസ്ഥിരതയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നടന്ന മുന്നൂറേക്കര്‍ സമരം (1968), കാന്തിപ്പാറ സമരം (1969), ഇരുട്ടാള പോരാട്ടം (70-71), എ എസ് എസ്റ്റേറ്റ് സമരം (1972), പുതുകില്‍ എസ്റ്റേറ്റ് സമരം തുടങ്ങിയവ ഐതിഹാസികവും ദീര്‍ഘനാള്‍ നീണ്ടുനിന്നതുമായിരുന്നു. ഈ സമരങ്ങളെല്ലാം ശാന്തന്‍പാറ, രാജകുമാരി, ഉടുമ്പന്‍ചോല, പീരുമേട്, മൂന്നാര്‍ മേഖലകളിലെ തൊഴിലാളി ജീവിതം മാറ്റിമറിച്ചു. സമരം ചെയ്യുന്നവരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തോട്ടം ഉടമകള്‍ തല്ലിക്കൊല്ലുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നത് പതിവായപ്പോള്‍ പല മേഖലകളിലും ചെറുത്തുനില്‍പ്പുണ്ടായി. സംഘര്‍ഷങ്ങളില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ചു. തോട്ടംമേഖലയിലെ നാഴികക്കല്ലുകളാണ് ഈ സമരചരിത്രം.

തൊഴിലാളികള്‍ക്കും കര്‍ഷകവിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടാക്കാന്‍ തൊഴില്‍മേഖലയിലും തുറന്ന സമര പരമ്പരകള്‍ക്ക് ഏറെ ഉദാഹരണങ്ങളുണ്ട്. സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായിരുന്ന 1970 ല്‍ ശാന്തന്‍പാറയ്ക്ക് സമീപം ഉണ്ടായ വെടിവെപ്പില്‍ കാമരാജെന്ന തൊഴിലാളി രക്തസാക്ഷിയായി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന തൊഴിലാളി പ്രകടനത്തിന് നേരെ തോട്ടം ഉടമയും കൂട്ടാളികളും ചേര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് എഴുതിത്തള്ളുകയുംചെയ്തു. ചെറുത്തുനില്‍പ്പ് ഭയന്ന തോട്ടം ഉടമകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം തേടി പൊലീസിന്റെ പിന്തുണയോടെ തൊഴിലാളി കുടുംബങ്ങളെയും സിപിഐ എം പ്രവര്‍ത്തകരെയും ആക്രമിക്കുന്ന നിരവധി ഉദാഹരണങ്ങളാണുള്ളത്. തൊഴിലാളിവര്‍ഗപ്രസ്ഥാനം മലയോരത്ത് കരുത്താര്‍ജിക്കുന്ന ഘട്ടമായിരുന്നു ഇത്. സിപിഐ എമ്മില്‍നിന്നും സിഐടിയുവില്‍നിന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വീടുകള്‍ തോറും കയറി തോട്ടം ഉടമകളുടെ ഗുണ്ടകള്‍ ഭീഷണിമുഴക്കി. പൊലീസിനൊപ്പം തോട്ടം ഉടമകളും കങ്കാണിമാരും ചേര്‍ന്നപ്പോള്‍ പേടിച്ച് വിറച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത് സിപിഐ എം ആയിരുന്നു. എം എം മണി, കെ കെ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരങ്ങളുടെ മുന്‍നിരയിലുണ്ടായി.

വട്ടപ്പാറ കുറ്റിച്ചിറയില്‍ സോമന്റെ കുടുംബത്തോട് കോണ്‍ഗ്രസ് നേതാക്കളുടെ കൊടുംക്രൂരത ശാന്തന്‍പാറ നിവാസികള്‍ക്ക് പരിചിതമാണ്. തൊഴിലാളിയായ സോമനെ വീട്ടില്‍നിന്നും അടിച്ചോടിച്ചു. ഇതിന് ശേഷം ഒരു വയസ്സുള്ള കുട്ടിയെ പൊതുവഴിയില്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് സോമന്റെ ഭാര്യ തിലോത്തമയെ (സേനാപതി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്) അതിക്രൂരമായി മര്‍ദിച്ച് അവശയാക്കി. തോട്ടം തൊഴിലാളികളായ ഒട്ടാത്തി പുന്നോലില്‍ മേരിയെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചു. ചെരുവില്‍ ജോയിയുടെ ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടി താഴെയിട്ട് ദേഹത്ത് കയറിയിരുന്ന് അട്ടഹസിച്ച കാട്ടാളത്തത്തിനെതിരെ 1980കളില്‍ വമ്പിച്ച ചെറുത്തുനില്‍പ്പുണ്ടായി. ഇത്തരം നരാധമന്മാര്‍ക്കെതിരെ രാഷ്ട്രീയത്തിനതീതമായി ഈ മേഖലയില്‍ തൊഴിലാളിവര്‍ഗം സംഘടിച്ചു. നിരവധിയായ ഇത്തരം അനീതികള്‍ക്കെതിരെയുള്ള വമ്പിച്ച ജനമുന്നേറ്റവും ചെറുത്തു നില്‍പ്പും ഇതിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷങ്ങളും തോട്ടം മേഖലയുടെ ചരിത്രത്തിലെ പുറംലോകം അധികം അറിയാത്ത അധ്യായങ്ങളാണ്. എന്നാല്‍ ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം മറച്ച് ചില സംഭവങ്ങള്‍ മാത്രം ഇപ്പോള്‍ ആഘോഷിക്കുന്നതിന് പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് എം എം മണിയുടെ അഭിപ്രായം. കോണ്‍ഗ്രസ് ഭരണകാലത്തെടുത്ത് തീര്‍പ്പാക്കിയ കേസില്‍ പുനരന്വേഷണത്തിന്റെ പേരില്‍ സിപിഐ എമ്മിനെയും നേതാക്കളെയും അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ്. ഇടുക്കിയില്‍ ഏറെ സ്വാധീനമുള്ള സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ഭരണം ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. അടിയന്തരാവസ്ഥയില്‍പോലും ഇല്ലാത്ത വിധമാണ് നേതാക്കളെ പീഡിപ്പിക്കുന്നത്. ഒരു പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്താണ് രാഷ്ട്രീയ പകപോക്കലിന് തുടക്കംകുറിച്ചത്.

കര്‍ഷകസമരം തീക്ഷ്ണമായ 55-65 കാലത്ത് യുവാവായ എം എം മണി കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്ന് പോരാട്ടത്തിന് തുടക്കംകുറിച്ചത് കാലത്തിന്റെ അനിവാര്യത കൂടിയായി. 1966 ല്‍ പാര്‍ടി അംഗമായ മുതല്‍ ഒരു കമ്യൂണിസ്റ്റുകാരന്റെ വിശ്രമരഹിതമായ പ്രവര്‍ത്തനം കാഴ്ചവെച്ചു മുന്നേറി. 1970-71 ല്‍ ബൈസണ്‍വാലി, രാജാക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. പിന്നീട് ദേവികുളം കര്‍ഷകസംഘം താലൂക്ക് സെക്രട്ടിയായി. ഇടുക്കി ജില്ല രൂപീകൃതമായ 1972 ല്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1974ല്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായി. അടിയന്തരാവസ്ഥ ഘട്ടമായ 1975 ല്‍ പാര്‍ടിയുടെ ദേവികുളം താലൂക്ക് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അടിയന്തരാവസ്ഥക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വംനല്‍കിയതിന് എം എം മണിക്ക് കുറെക്കാലം ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. മണിയെ പിടികൂടാന്‍ നാടെമ്പാടും പൊലീസ് അന്വേഷിച്ചു. പിടികിട്ടാതായപ്പോള്‍ അനുജന്‍ ഗോവിന്ദനെ പൊലീസ് പിടികൂടി. പൊലീസുകാരുടെ കൊടിയ മര്‍ദനമേറ്റ ഗോവിന്ദന്‍ പിന്നീട് മരിച്ചു. ഇക്കാലത്ത് 20 ഏക്കര്‍ എസ്റ്റേറ്റില്‍ കൊടി ഉയര്‍ത്തിയതിന് എം എം മണിയെ പൊലീസ് അറസ്റ്റുചെയ്ത് അടിമാലി സ്റ്റേഷനിലെ ലോക്കപ്പിലിട്ടു. കൈകളില്‍ വിലങ്ങുവച്ച ശേഷം 13 ദിവസം ലോക്കപ്പിലിട്ട് പീഡിപ്പിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായി. ഈ സമയം ജില്ലയിലാകെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിമാലിയില്‍ 1985ല്‍ നടന്ന സിപിഐ എം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി. ഇക്കാലയളവില്‍തന്നെ സംസ്ഥാന കമ്മിറ്റിയംഗവുമായി. തുടര്‍ന്ന് എട്ട്തവണ ജില്ലാ സെക്രട്ടറിയായി. (1988, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവില്‍). 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍നിന്നും മത്സരിച്ചു. നിലവില്‍ കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗംകൂടിയാണ്.

എണ്ണമറ്റ പട്ടയസമരങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക-തോട്ടം തൊഴിലാളി സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുകയും നേതൃത്വംനല്‍കുകയും ചെയ്തതിന് നൂറ്കണക്കിന് കേസില്‍ പ്രതിയായി. വേണ്ടത്ര യാത്രാസൗകര്യവും ഭക്ഷണവും ഇല്ലാതിരുന്ന കാലത്ത് മലമ്പാതയും മലമേടുംതാണ്ടി പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ കുടിയേറ്റമണ്ണില്‍ വേരുറപ്പിച്ചുനിര്‍ത്താനായി മണിയാശാന്റെ അമ്പത്തഞ്ചാണ്ടിന്റെ പോരാട്ടം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പാഠമാണ്. ഒരു നാടിന്റെയും ജനതയുടെയും ജീവത്തായ പ്രശ്നങ്ങള്‍ ഹൃദയത്തിലേറ്റി അഞ്ചരപ്പതിറ്റാണ്ടിലേറെയുള്ള നിരന്തരപോരാട്ടം എം എം മണിയെ മണിയാശാനെന്ന ജനകീയനാക്കുകയായിരുന്നു.

ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സതി(രാജാക്കാട് പഞ്ചായത്തംഗം), ശ്യാമള, സുമ(രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ്), ഗീത, അനി.

*
കെ ടി രാജീവ് ദേശാഭിമാനി വാരിക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ