ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

വിശ്വരൂപത്തിന്റെ വിധി


വിശ്വരൂപത്തിന്റെ വിധി

കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം സംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട് വിധികളാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ആദ്യത്തേത് സ്റ്റേ നീക്കിക്കൊണ്ടും രണ്ടാമത്തേത് ആ വിധിയെ അസ്ഥിരപ്പെടുത്തിക്കൊണ്ടും. കോടതി നടപടിക്രമങ്ങളുടെ സങ്കീര്‍ണതയിലും മത വര്‍ഗീയവാദികളുടെ ആക്രമണങ്ങളിലുംപെട്ട് ശ്രദ്ധേയമായ ഒരു ചലച്ചിത്രത്തിന്റെ ഭാവി അപകടത്തിലാവുന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്താതിരുന്നാല്‍ തനിക്ക് നാടുവിട്ട് പോകേണ്ടിവരുന്ന അവസ്ഥയാണുണ്ടാവുകയെന്ന് കമല്‍ഹാസന് പറയേണ്ടിവരുന്ന അവസ്ഥ നമ്മുടെ സാംസ്കാരികലോകം കാണാതിരുന്നുകൂടാ.

എം എഫ് ഹുസൈനെ പുറത്താക്കിയതുകൊണ്ട് നമ്മുടെ സാംസ്കാരികരംഗത്തിനുണ്ടായ അവമതിപ്പ് കമല്‍ഹാസനുകൂടി രാഷ്ട്രം വിട്ടു പോകേണ്ട നിലയുണ്ടാക്കിക്കൊണ്ട് ആവര്‍ത്തിച്ചുകൂടാ. ആസ്വാദകര്‍ എന്ത് കാണണമെന്നും എന്ത് കേള്‍ക്കണമെന്നും നിശ്ചയിക്കാനുള്ള ആത്യന്തികമായ അധികാരം തങ്ങള്‍ക്കാണെന്ന മട്ടില്‍ സ്ഥാപിത ജാതിവര്‍ഗീയശക്തികള്‍ നമ്മുടെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ കൂടുതല്‍ കൂടുതലായി ഇടപെടുകയും അത് വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കു നിരക്കുന്നതല്ല. നമ്മുടെ സാംസ്കാരികരംഗത്ത് അസഹിഷ്ണുത കാട്ടുതീപോലെ പടരുകയാണ്. എന്തിലും ഏതിലും ജാതിയും മതവും മാനദണ്ഡമാവുന്ന അവസ്ഥ. പുരോഗമന സ്വഭാവമുള്ള ഏത് നീക്കത്തെയും മതവികാരം വ്രണപ്പെടുന്നുവെന്ന ആരോപണമുന്നയിച്ച് തടസ്സപ്പെടുത്താമെന്ന അവസ്ഥ. ഇതിന് അറുതി കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ കലാസാംസ്കാരികരംഗത്ത് മൗലികതയുള്ള സര്‍ഗാത്മകസൃഷ്ടികള്‍ ഇല്ലാതായിപ്പോവും.

ജയ്പുര്‍ സാഹിത്യസമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടവരെയും അതില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കേണ്ടവരെയും വര്‍ഗീയതയുടെ ശക്തികള്‍ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചമുമ്പ് നാം കണ്ടു. ചില മാസങ്ങള്‍ക്കുമുമ്പാണ് എ കെ രാമാനുജന്റെ രാമായണ പഠനത്തിനെതിരായി ഡല്‍ഹി സര്‍വകലാശാലയില്‍ കലാപമുണ്ടായതും സിലബസില്‍നിന്ന് ആ പാഠങ്ങള്‍ നീക്കിയതും. തസ്ലീമാ നസ്റീന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റിനെ പുസ്തകപ്രകാശന വേളയില്‍തന്നെ ആക്രമിക്കുന്നതുകണ്ടു. ശബാന ആസ്മിക്കും ദീപ മേത്തയ്ക്കും മല്ലിക സാരാഭായിക്കും ചലച്ചിത്രരംഗത്ത് കുലഗുരുവായി കണക്കാക്കപ്പെടുന്ന ദിലീപ് കുമാറിനും ഒക്കെ വര്‍ഗീയശക്തികളില്‍നിന്ന് ഭീഷണി നേരിടുന്ന അവസ്ഥയാണ് സമീപകാലത്തുണ്ടായത്.

കേരളത്തില്‍തന്നെ ഒരിക്കല്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വസതിയിലേക്ക് വര്‍ഗീയശക്തികള്‍ മാര്‍ച്ചുചെയ്യുമെന്ന അവസ്ഥയുണ്ടായി. ഏതു കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുണ്ടാവാം. ആ അഭിപ്രായങ്ങള്‍ പൊതുവേദികളില്‍ പ്രകടിപ്പിക്കാന്‍ തടസ്സമില്ല. എന്നാല്‍, തങ്ങളുടെ അഭിപ്രായമേ വിലപ്പോവാന്‍ അനുവദിക്കൂ എന്ന മട്ടില്‍ കൈക്കരുത്തുകൊണ്ട് കാര്യം നേടാന്‍ നോക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. വ്യത്യസ്ത വര്‍ഗീയതകള്‍ സാംസ്കാരികമണ്ഡലത്തില്‍ അനുവര്‍ത്തിക്കുന്നത് അപലപനീയമായ ഫാസിസ്റ്റ് രീതിയാണ്. ജനാധിപത്യ- മതേതരവിശ്വാസികള്‍ ഇതിനെതിരെ സമയോചിതമായി ഇടപെടുന്നുവെന്നതും പ്രതിഷേധിക്കുന്നുവെന്നതും തീര്‍ച്ചയായും ആശ്വാസകരമാണ്.

വിശ്വരൂപത്തിന്റെ കാര്യത്തില്‍ ചലച്ചിത്രവ്യവസായരംഗത്തെ എതിരാളികള്‍ വര്‍ഗീയശക്തികളെ ഇളക്കിവിട്ടതാണോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. പണം തീര്‍ക്കുന്ന ചാലിലൂടെ ഒഴുകുന്നതാണ് വര്‍ഗീയത. ആ നിലയ്ക്ക് വര്‍ഗീയത ഉപയോഗപ്പെടുത്തുകയുണ്ടായിട്ടുണ്ടോ എന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും കലയുടെ കാര്യത്തിലായാലും ശാസ്ത്രത്തിന്റെ കാര്യത്തിലായാലും മതശക്തികള്‍ക്കാണ് അവസാന വാക്ക് എന്ന നില വിപല്‍ക്കരമാണ്. അത് അംഗീകരിക്കപ്പെട്ടാല്‍ ഗലീലിയോയ്ക്കിപ്പുറത്തേക്ക് ശാസ്ത്രം വികസിക്കുമായിരുന്നില്ല. മതത്തിന് സ്വീകാര്യമായ കാര്യമല്ലല്ലോ ഗലീലിയോ പറഞ്ഞത്. വര്‍ഗീയതയുടെ അളവുകോല്‍കൊണ്ട് അളക്കുമെന്നുവന്നാല്‍ കലയും ശാസ്ത്രവുമൊക്കെ മുരടിച്ചുപോകും. ആ വിപത്ത് ഉണ്ടായിക്കൂടാ. അതിന് സാംസ്കാരികരംഗം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ജനുവരി 2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ