ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 16, ബുധനാഴ്‌ച

കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


"കാരുണ്യ" ഭാഗ്യക്കുറിയുടെ വരുമാനം റെക്കോഡ് കുറിക്കുമ്പോഴും രോഗികള്‍ക്ക് വിതരണം ചെയ്തത് ലാഭത്തുകയുടെ പകുതിമാത്രം. 336.94 കോടി രൂപയുടെ വിറ്റുവരവില്‍നിന്ന് 112 കോടിയാണ് ലാഭം. ഇതില്‍ 56.14 കോടി രൂപയാണ് സംസ്ഥാനത്തെ 5404 രോഗികള്‍ക്ക് വിതരണം ചെയ്തത്. ജില്ലകളില്‍ നൂറുകണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, തലച്ചോറിനും കരളിനും ബാധിക്കുന്ന അസുഖങ്ങള്‍, ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങള്‍ക്കും സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികള്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാത്തവരാകണം. ആജീവനാന്തമുള്ള ചികിത്സക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സഹായം ലഭിച്ചവര്‍ക്ക് 70,000 രൂപ കുറച്ചാണ് നല്‍കുക. അപേക്ഷ സംബന്ധിച്ച നൂലാമാലകളാണ് നിര്‍ധന രോഗികളെ വലയ്ക്കുന്നത്. ഇത് പരിഹരിക്കുന്നതിനുപകരം സ്വകാര്യമേഖലയില്‍ കാരുണ്യ പദ്ധതിയുടെ പണം ചെലവഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍ക്ക് പുറമെ സംസ്ഥാനത്തെ 40 പ്രമുഖ സ്വകാര്യ ആശുപത്രികളെയും പദ്ധതിയില്‍ പങ്കാളികളാക്കി. ഓരോ താലൂക്കിലും രണ്ട് സ്വകാര്യ ആശുപത്രികളെ "കാരുണ്യ" കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇതിലൂടെ ലക്ഷങ്ങള്‍ ഈ ആശുപത്രികളിലേക്ക് ഒഴുകിയെത്തും. ഡയാലിസിസിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുകയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ മരുന്ന് കാരുണ്യ പദ്ധതിയില്‍ പണം ഈടാക്കി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് പണം കൈമാറാന്‍ വ്യവസ്ഥയില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിക്കുന്നത്. ആശുപത്രികള്‍ക്കും ന്യായവില മരുന്നുഷോപ്പുകള്‍ക്കും പരിശോധനാ ലാബുകള്‍ക്കുമുള്ള ബില്‍ തുക അടയ്ക്കാന്‍ മാത്രമേ നിയമപ്രകാരം അനുമതിയൂള്ളൂ. ജില്ലാ ലോട്ടറി ഓഫീസുകളിലെ "കാരുണ്യ" വിഭാഗത്തിലെത്തുന്ന അപേക്ഷയില്‍ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് സഹായം ശുപാര്‍ശ ചെയ്യുന്നത്.

deshabhimani 160113

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ