ബ്ലോഗ് ആര്‍ക്കൈവ്

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

ദ്വിദിന പണിമുടക്ക് അടിച്ചൊതുക്കുമെന്ന് മമത


ദ്വിദിന പണിമുടക്ക് അടിച്ചൊതുക്കുമെന്ന് മമത


കൊല്‍ക്കത്ത: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 20, 21 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് പശ്ചിമ ബംഗാളില്‍ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സമരം നേരിടാന്‍ സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും എന്തും ചെയ്യുമെന്ന് പൊതുയോഗത്തില്‍ മമത പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ സിഐടിയുവും ഐഎന്‍ടിയുസിയുമുള്‍പ്പെടെ 11 സംഘടനകളാണ് സമരത്തിന് ആഹ്വാനംചെയ്തത്. കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാടുമെന്ന് പറയുമ്പോഴാണ് അതിനായുള്ള ജനകീയ സമരം അടിച്ചൊതുക്കുമെന്ന മമതയുടെ ഭീഷണി. എന്തുവിലകൊടുത്തും സമരം വിജയിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപക് ദാസ്ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യസ്വരമാണ്. ജനകീയ ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ ശക്തമായി നേരിട്ട ചരിത്രമാണ് തൊഴിലാളി വര്‍ഗത്തിന് ഉള്ളതെന്നും ദാസ്ഗുപ്ത പറഞ്ഞു.
(ഗോപി)

deshabhimani 040213

2013 ഫെബ്രുവരി 3, ഞായറാഴ്‌ച

അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി

അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് "അരുവിപ്പുറം പ്രതിഷ്ഠയും ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണരൂപം അരുവിപ്പുറത്ത് 125 വര്‍ഷംമുമ്പ് നടന്നത് കേവലമായ ഒരു വിഗ്രഹപ്രതിഷ്ഠമാത്രമല്ല. കേവലമായ വിഗ്രഹപ്രതിഷ്ഠ എന്നതില്‍ കവിഞ്ഞ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അരുവിപ്പുറം പ്രതിഷ്ഠയ്ക്കുണ്ട്. ആധുനിക നവോത്ഥാനത്തിന്റെ പ്രോല്‍ഘാടനമായിരുന്നു 125 വര്‍ഷംമുമ്പ് ഇവിടെ നടന്നത്. അതിനുള്ള ഉപാധിയായിരുന്നു ശ്രീനാരായണഗുരുവിന് ശിവപ്രതിഷ്ഠ. പ്രതിഷ്ഠകളും ദേവാലയങ്ങളും എണ്ണമറ്റ തോതിലുള്ള കേരളത്തില്‍ ഈ ഒന്നിനെമാത്രം കേരളീയര്‍ പ്രത്യേക പ്രാധാന്യംകൊടുത്ത് വേര്‍തിരിച്ച് ആഘോഷിക്കുന്നത് ഇതിന്റെ സാമൂഹികമായ പ്രസക്തി മുന്‍നിര്‍ത്തിത്തന്നെയാണ്. ഇവിടെ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതില്‍ വിപ്ലവകരമായ ഒരു സാമൂഹിക ഇടപെടലിന്റെ സന്ദേശമുണ്ട്. പ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ബ്രാഹ്മണനല്ലാത്ത ശ്രീനാരായണഗുരു ഈ പ്രതിഷ്ഠ നടത്തിയത്. മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യരില്‍ ഒരു വിഭാഗത്തിന് പ്രത്യേകമായ അധികാരമോ അവകാശമോ ഒന്നും ഇല്ലെന്നുമുള്ള സമത്വബോധത്തിന്റെ സന്ദേശമാണ് ഗുരു വിഗ്രഹപ്രതിഷ്ഠ എന്ന കര്‍മത്തിലൂടെ സമൂഹത്തിന് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടാണ് ആ പ്രവൃത്തിയെ വിപ്ലവാത്മകം എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്. ശൂദ്രന്‍ അക്ഷരം പഠിക്കാന്‍ പാടില്ല, ആരാധിക്കാന്‍ പാടില്ല എന്നൊക്കെയുള്ള സാമൂഹ്യനിയമങ്ങള്‍ നിലനിന്ന ഘട്ടത്തില്‍ അതിനെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ മഹാസന്ദേശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തത്. അരുവിപ്പുറം പ്രതിഷ്ഠയെ ആ നിലയ്ക്കാണ് നാം നോക്കിക്കാണേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹികമായ ഈ ഉള്ളടക്കത്തെ മറന്ന് ശിവപ്രതിഷ്ഠയ്ക്കു മാത്രമായി പ്രാധാന്യം കല്‍പ്പിച്ചാല്‍ ഗുരുവിന്റെ കാഴ്ചപ്പാടിനോട് ചെയ്യുന്ന അപരാധമായിപ്പോകും അത്. ഗുരുവിന്റെ കര്‍മങ്ങളുടെ സാമൂഹ്യപ്രസക്തിയെയും മാനവിക സന്ദേശത്തെയും വിസ്മരിച്ച് ആത്മീയതയില്‍ ഊന്നാന്‍ ശ്രമം നടക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതുപറയുന്നത്. ഗുരു അരുവിപ്പുറത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ വിഗ്രഹപ്രതിഷ്ഠ എന്നതിനേ ആയിരുന്നില്ല ഊന്നല്‍. വിഗ്രഹം പ്രതിഷ്ഠിക്കണമെന്നു തോന്നിയാല്‍ അത് ചെയ്യാനുള്ള അവകാശം അബ്രാഹ്മണര്‍ക്കുമുണ്ട് എന്ന അവകാശം സ്ഥാപിക്കലിലാണ് ഊന്നല്‍. ഇത് നാം തിരിച്ചറിയണം. മറിച്ചായാല്‍ മരം കണ്ട് കാട് കാണാതെപോകുന്ന സ്ഥിതിയിലാകും നാം ചെന്നുപെടുക. വിഗ്രഹത്തിനല്ല പ്രാധാന്യം എന്ന് ഞാന്‍ പറയുന്നതല്ല. ഗുരുതന്നെ തന്റെ ചെയ്തികളിലൂടെ അത് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരു പിന്നീട് ചിലയിടങ്ങളില്‍ പ്രതീകങ്ങളെയാണ് പ്രതിഷ്ഠിച്ചത്. കളവങ്കോടത്താകട്ടെ കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ചിലയിടത്ത് അക്ഷരം പ്രതിഷ്ഠിച്ചു. മറ്റുചിലയിടത്ത് ദീപം പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും അമിതപ്രാധാന്യം കല്‍പ്പിച്ചിരുന്നെങ്കില്‍ ഗുരു കണ്ണാടിയും മറ്റും പ്രതിഷ്ഠിക്കുമായിരുന്നോ? കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഗുരു പകരാന്‍ ശ്രമിച്ച അര്‍ഥം ""നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം"" എന്നതല്ലേ? അത് കാണാതിരിക്കാന്‍ പാടുണ്ടോ എന്ന് കേരളം ആലോചിക്കണം. കാരമുക്കില്‍ ഗുരു പ്രതിഷ്ഠിച്ചത് ദീപമാണ്. മനസ്സില്‍നിന്ന് ഇരുട്ട് അകലണമെന്ന സന്ദേശമല്ലേ അതിനുപിന്നിലുള്ളത് എന്ന് ചിന്തിക്കണം. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ, ശാന്തി എന്നീ വാക്കുകളാണ് ആലേഖനംചെയ്ത് പ്രതിഷ്ഠിച്ചത്. ഈ മൂല്യങ്ങളില്‍ സമൂഹം അടിയുറച്ചുനില്‍ക്കണം എന്നതല്ലേ അതിനര്‍ഥം? ഇതൊന്നും കാണാതെ വിഗ്രഹപ്രതിഷ്ഠയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ഗുരുവിനോട് കാട്ടുന്ന അധര്‍മമാണ്. ഗുരു എങ്ങനെ ചിന്തിച്ചോ അതിന് നേര്‍ വിപരീതദിശയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതുകൊണ്ടാണ് ഗുരുവിനെയും ആ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമുണ്ടാകണമെന്ന് ഞാന്‍ പറയുന്നത്. വര്‍ക്കലയില്‍ ശാരദാപ്രതിഷ്ഠ നടത്തിയപ്പോള്‍ ഗുരു ബോധപൂര്‍വംതന്നെ താന്ത്രികവിദ്യാവിധി പ്രകാരമുള്ള പൂജാസംവിധാനങ്ങള്‍ ഒഴിവാക്കി. അതിലെ സന്ദേശം കാണാതെ താന്ത്രികവിദ്യ പഠിപ്പിക്കാനുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേള്‍ക്കുന്നു. ഗുരു വേണ്ട എന്നുവച്ചത് തിരിച്ചുകൊണ്ടുവരുന്നത് ആദരിക്കലാണോ എന്ന് ആലോചിക്കണം. ഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ചില സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കുക എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഗുരു കല്‍പ്പിച്ചിരുന്നില്ല എന്നു ഞാന്‍ പറയുന്നത് ഗുരുവിന്റെതന്നെ വാക്യം മുന്‍നിര്‍ത്തിയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ഒരു അവകാശം സ്ഥാപിക്കാനും സാമുദായികമായ ഉച്ചനീചത്വങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്. ഗുരുതന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞില്ലേ, ""ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്"" എന്ന്? പ്രധാന ദേവാലയം വിദ്യാലയംതന്നെയാകണം എന്നും ഗുരു പറഞ്ഞു. അതിന്റെ അര്‍ഥം മനസ്സിലാക്കാതെ വിഗ്രഹത്തിലും ക്ഷേത്രത്തിലും കേന്ദ്രീകരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഗുരു മുമ്പോട്ടുവച്ച മഹത്തായ മാനവികസന്ദേശങ്ങളുടെ സത്തയായിരിക്കും. ആത്മീയരംഗത്ത് വ്യാപരിച്ച പല ഗുരുക്കന്മാര്‍ നമുക്കുണ്ട്. ശങ്കരാചാര്യര്‍ മുതല്‍ക്കിങ്ങോട്ട് എത്രയോ പേര്‍. എന്നാല്‍, ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചശേഷം മഹാകവി രവീന്ദ്രനാഥടാഗോര്‍ പറഞ്ഞത് ശ്രീനാരായണഗുരുവിന് സമാനായി ഇന്ത്യയില്‍ മറ്റൊരു പരമഹംസനില്ല എന്നാണ്. ശ്രീരാമകൃഷ്ണനും അരവിന്ദമഹര്‍ഷിയും രമണമഹര്‍ഷിയും ഒക്കെ ജീവിച്ചിരുന്ന ഘട്ടത്തിലാണ് ടാഗോര്‍ ഇതുപറഞ്ഞത് എന്നോര്‍ക്കണം. എന്തായിരുന്നു ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തിയ ഘടകം? ഇന്ത്യ കണ്ട മറ്റ് ഋഷിമാരെല്ലാം മോക്ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ ഗുരുമാത്രം ഈ ലോകത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു എന്നതുതന്നെയാണത്. മറ്റ് സന്യാസിമാരൊക്കെ ബ്രഹ്മമേ സത്യമായുള്ളൂ, ജഗത് മിഥ്യയാണ് എന്നുപറഞ്ഞപ്പോള്‍ ഈ ലോകവും ഇവിടത്തെ ജീവിതവും മിഥ്യയാണ് എന്നുപറയാന്‍ ശ്രീനാരായണഗുരു നിന്നില്ല. എന്നുമാത്രമല്ല, മനുഷ്യന്റെ ഈ ലോകജീവിതത്തെക്കുറിച്ചും അത് മനുഷ്യത്വയോഗ്യമല്ലാതായിത്തീരുന്നതിനെക്കുറിച്ചും അത് മാറ്റിക്കൊടുക്കേണ്ടതിനെക്കുറിച്ചും ചിന്തിച്ചു. അതുകൊണ്ടാണല്ലോ, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം ഉല്‍ബോധിപ്പിച്ചത്. ഇങ്ങനെ മണ്ണിലും മനുഷ്യമനസ്സിലും കാലുറപ്പിച്ചുനിന്ന മഹാനായ ശ്രീനാരായണഗുരുവിനെ "ആള്‍ദൈവ"ങ്ങളുടെ ഇടയില്‍ ഒരാളാക്കി താഴ്ത്തിക്കെട്ടണോ എന്ന് ആലോചിക്കണം. ശ്രീനാരായണഗുരു ദൈവമാണ് എന്ന് ഈയിടെയായി ചിലര്‍ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ദൈവം എന്ന വിശേഷണം വേണ്ട ഗുരുവിന്റെ മഹത്വത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍. മനുഷ്യന്‍ എന്ന അവസ്ഥ അധമമായ എന്തോ ഒന്നാണ് എന്ന അപകര്‍ഷതാബോധമാണ് ഗുരുവിനെ ദൈവമായി പ്രഖ്യാപിക്കുന്നതിനു പിന്നിലുള്ളത്. മനുഷ്യനാകുന്നതില്‍ പോരായ്മയൊന്നുമില്ല. നമ്മുടെ രാജ്യം കണ്ട ഏറ്റവും ഉത്തമരായ സന്യാസിമാരുടെ നിരയില്‍ പ്രമുഖസ്ഥാനമുള്ള ഗുരുവാണിത്. ദൈവികപരിവേഷം ചാര്‍ത്തിയാലേ ഗുരുവിന് മഹത്വം വരൂ എന്ന് കരുതുന്നത് ഗുരുവിനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഗുരു എന്നത് എത്രയോ ഉന്നതമായ സ്ഥാനമാണ്. ഗുരുവും ദൈവവും ഒരുമിച്ചുമുമ്പില്‍ വന്നാല്‍ ദൈവത്തെയല്ല, ഗുരുവിനെയാകും ആദ്യം താന്‍ നമസ്കരിക്കുക എന്നുപറഞ്ഞ മഹാന്മാരുണ്ട്. അവര്‍ അതുപറഞ്ഞത് ദൈവത്തെക്കുറിച്ചുപോലും അറിവ് പകര്‍ന്നുകിട്ടണമെങ്കില്‍ ഗുരുവേണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഗുരു എന്നത് മോശം സ്ഥാനമല്ല എന്ന് മനസ്സിലാക്കാന്‍ ഗുരുവിനെക്കൂടി ആള്‍ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണം. II ജാതിപറഞ്ഞ് ഭിന്നിപ്പിക്കുന്നവര്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ഗുരു പറഞ്ഞത്. മതമേതായാലും എന്നുള്ളത് ശ്രദ്ധിക്കണം. മതമേതായാലും കുഴപ്പമില്ല എന്നും ഒരു മതവും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും അല്ല അതിന്റെ ശരിയായ അര്‍ഥം. മതത്തിനല്ല, മനുഷ്യനാണ് പ്രാധാന്യം എന്നല്ലേ ഗുരു ഉദ്ദേശിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കണോ? ആള്‍ദൈവമായി അവരോധിക്കണോ? ഗുരുവിനെ താഴ്ത്തിക്കെട്ടലല്ലേ എന്ന് ആലോചിക്കണം. മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരാള്‍ക്ക് മുമ്പോട്ടുവയ്ക്കാവുന്ന ചിന്തയല്ല ""മതമേതായാലും"" എന്നത്. മതം അപ്രധാനവും മനുഷ്യന്‍ പ്രധാനവും എന്ന അര്‍ഥത്തില്‍ത്തന്നെയാണത് മനസിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യമുണ്ട്. മതം അദ്ദേഹത്തിന്റെ വിമര്‍ശനപരമായ വിലയിരുത്തലുകള്‍ക്ക് അധികം വിഷയമായിട്ടില്ല. അതിന് കാരണവുമുണ്ട്. മതാന്ധതയേക്കാള്‍ ജാത്യാന്ധത നിറഞ്ഞ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അതുകൊണ്ടുതന്നെ ജാതിയുടെ അന്ധത തുടച്ചുനീക്കാനായി അദ്ദേഹത്തിന്റെ അടിയന്തരശ്രദ്ധ. ഈ ജാതീയതയാകട്ടെ, സവര്‍ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്കും അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുമിടയില്‍ മാത്രമായിരുന്നില്ല. ഈഴവരുടെ ഇടയില്‍ത്തന്നെയും അന്ന് ആഢ്യന്മാരും അല്ലാത്തവരും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഈഴവസമുദായത്തിലെ ഒരു ആഢ്യപ്രമാണിയുടെ വീട്ടില്‍ വിവാഹത്തിന്റെ സദ്യയ്ക്കുചെന്ന കുമാരനാശാനെ ആഢ്യന്മാരുടെ പന്തിയിലിരിക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ട സംഭവമുണ്ട്. സ്വന്തം സമുദായത്തിലെ ആഢ്യപ്രമാണി ഇറക്കിവിട്ട ദിവസംതന്നെ എ ആര്‍ രാജരാജവര്‍മ സ്വന്തം വീടിനകത്ത് ഒപ്പമിരുത്തി തനിക്ക് ഊണുനല്‍കിയ സംഭവം ആശാന്‍ കണ്ണീരോടെ പിന്നീട് അനുസ്മരിച്ചിട്ടുമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പിന്നീട് മിശ്രഭോജനം നടത്തിയപ്പോള്‍ ഈഴവപ്രമാണിമാരില്‍ ചിലര്‍തന്നെ അതിനെ എതിര്‍ത്തുവെന്നതും ചരിത്രം. ഈഴവര്‍ അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജാതിവിവേചനം ഗുരുവിന്റെ പ്രധാന പരിഗണനയായത് സ്വാഭാവികംമാത്രമാണ്. എന്നാലിന്ന്, ഗുരു ജീവിച്ചിരുന്നകാലത്തെ ജാതീയമായ അന്ധത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടന്നുവരുന്നത്. കുട്ടികളെ തങ്ങളുടെ സമുദായത്തില്‍പെട്ട വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്ന് ഒരു മതപുരോഹിതന്‍ നിര്‍ദേശിക്കുന്നു. സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങളില്‍ സ്വന്തം സമുദായക്കാര്‍തന്നെ പൂജാരികളാകണമെന്ന് ഒരു സമുദായനേതാവ് പറയുന്നു. ജാതി പറഞ്ഞാലെന്താണ് കുഴപ്പമെന്ന് മറ്റൊരു സമുദായനേതാവ് പരസ്യമായി ചോദിക്കുന്നു. ഇങ്ങനെ ആകെ കലുഷമാകുകയാണ് നമ്മുടെ സമൂഹം. ശ്രീനാരായണഗുരു വിഭാവനം ചെയ്തിരുന്ന മാതൃകാസമൂഹത്തില്‍നിന്ന് എത്രയകലേക്ക് മാറിപ്പോയിരിക്കുന്നു നമ്മള്‍! ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍മാത്രം പൂജാരികളായാല്‍ പോരാ എന്നുപറയുന്നത് പുരോഗമനപരമാണ്. എന്നാല്‍, ബ്രാഹ്മണരെ ഒഴിപ്പിച്ചിട്ട് നമ്മുടെ സമുദായക്കാര്‍മാത്രം പൂജാരികളാകട്ടെ എന്നുപറയുന്നിടത്ത് അത് ആക്ഷേപകരമാംവിധം പിന്തിരിപ്പനാകുന്നു. എല്ലാ ജാതികളിലുംപെട്ടവര്‍ക്ക് പൂജ ചെയ്യാനായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കും എന്നുപറയാന്‍ സമുദായ നേതാവ് തയ്യാറല്ല. ബ്രാഹ്മണര്‍ വേണ്ട; നമ്മുടെ സമുദായം മതി എന്നാണ് നിലപാട്. ബ്രാഹ്മണേതര സമുദായങ്ങള്‍ വേറെയുണ്ട്. അവരെയും വേണ്ട. ഈ നിലപാട് പുരോഗമന നിലപാടല്ല, മറിച്ച് ജാതീയതയുടെ നിലപാടാണ്. പുതിയകാലത്ത് പറയാന്‍ കൊള്ളുന്നതല്ല ഇത്. എന്നിട്ടും പരസ്യമായിത്തന്നെ ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാന്‍ കഴിയുന്നു. ഇത് നമ്മുടെ സമൂഹം ചെന്നുപെട്ട വലിയ ഒരു പതനത്തെയാണ് കാട്ടിത്തരുന്നത്. ജാതി പറഞ്ഞാലെന്താണ് എന്നാണ് ഒരു നേതാവ് ചോദിക്കുന്നത്. അഭിമാനത്തോടെ ജാതി പറയണമെന്നാണദ്ദേഹം പറയുന്നത്. ""മനുഷ്യാണാം മനുഷ്യത്വം ജാതി"" (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്ന് ശ്രീനാരായണഗുരുതന്നെ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട് എന്നത് മനസിലാക്കിയിട്ടുണ്ടെങ്കില്‍ ഇദ്ദേഹം ഇങ്ങനെ സംസാരിക്കുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞതിന്റെ അര്‍ഥം ഒരു പ്രത്യേക ജാതി, ഒരു പ്രത്യേക മതം എന്നതല്ല. ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്ന സുഹൃത്തിനോട് ""എല്ലാവരും ആത്മസഹോദരര്‍"" എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന ഓര്‍മവേണം എന്നുപറയാനാണ് എനിക്ക് തോന്നുന്നത്. ഓരോ സമുദായത്തിന്റെയും പ്രമാണിമാര്‍ ജാതീയതയെ തിരിച്ചുകൊണ്ടുവരുന്ന വിധത്തില്‍ പെരുമാറിയാല്‍ സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞ "ഭ്രാന്താലയം" എന്ന അവസ്ഥയാകും കേരളത്തില്‍ മടങ്ങിവരിക. സമുദായങ്ങള്‍ സ്വന്തം താല്‍പ്പര്യസംരക്ഷണം എന്നതുപോലും വിട്ട് ഇതര സമുദായങ്ങളോട് സ്പര്‍ധ വളര്‍ത്തുന്ന നിലയിലായാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും? ഇക്കാര്യം ചിന്തിക്കണം. നവോത്ഥാനത്തിന്റെ തെളിവെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലുള്ള ഇടപെടല്‍ ഏത് സമുദായനേതാവില്‍നിന്നുണ്ടായാലും അത് അനുവദിച്ചുകൊടുക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പറയണം. സമുദായനേതാക്കളെ പ്രീണിപ്പിക്കുകയും സമുദായങ്ങളിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ കൈവിടുകയും ചെയ്താല്‍ താല്‍ക്കാലികമായി രാഷ്ട്രീയനേട്ടമുണ്ടാകുമായിരിക്കും. എന്നാല്‍, ആത്യന്തികമായി അത് നാടിന്റെ നാശത്തിനേ വഴിതെളിക്കൂവെന്ന തിരിച്ചറിവുണ്ടാകണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ ബ്രാഹ്മണരടക്കം വ്യത്യസ്ത ജാതികളില്‍പെട്ടവര്‍ ഉണ്ടായിട്ടുണ്ട്. ആ ജാതിനിരപേക്ഷ സ്വഭാവം തകര്‍ത്ത് എസ്എന്‍ഡിപി യോഗത്തെ ഏതെങ്കിലും ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രീനാരായണ തത്വങ്ങളോട് കാട്ടുന്ന നിന്ദയായിരിക്കും. ശ്രീനാരായണ ധര്‍മപരിപാലനസംഘം എന്നാണ് ഈ പ്രസ്ഥാനത്തിന് ഗുരു പേരിട്ടത് എന്നോര്‍മിക്കണം. തെക്ക് ഈഴവ മഹാസഭയും വടക്ക് തീയമഹാസഭയും നിലനിന്നിരുന്ന ഒരു ഘട്ടത്തിലാണ് ഒരു ജാതിപ്പേരുമില്ലാത്ത ഒരു പ്രസ്ഥാനമായി ഗുരു എസ്എന്‍ഡിപി യോഗത്തിന് രൂപം നല്‍കിയത് എന്നോര്‍മിക്കണം. ഗുരു വിഭാവനംചെയ്തത് എന്താണെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. ഗുരുവിന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ആ സാര്‍വജനീനസ്വഭാവത്തെ ഇടുങ്ങിയ ജാതിമതിലുകള്‍കൊണ്ട് വിഭജിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യരുത് എന്നുകൂടി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഗുരു സന്യാസി മാത്രമായിരുന്നില്ല. ഒന്നാംതരം ദാര്‍ശനിക കവി കൂടിയായിരുന്നു. ഗുരുവിന്റെ കാവ്യവ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഇതരമുഖങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മറഞ്ഞുപോകുന്നു എന്നത് കഷ്ടമാണ്. ഗുരുവിന്റെ കാവ്യകൃതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടാകണം. ഗുരുവിന്റെ ജീവിതം സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കിയാല്‍മാത്രം പോരാ, ഗുരുവിന്റെ കാവ്യകൃതികള്‍ സാഹിത്യപഠനത്തിന്റെ ഭാഗമാക്കുകകൂടി വേണം. നമ്മുടെ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പിന്റെ ഭാഗമാണത്. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍കൂടി പതിയണം. ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനായകര്‍ കേന്ദ്രീകരിച്ചത്. അതിനെ സാമ്പത്തികമായ ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൂടി കൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹത്തുക്കള്‍ ആ പോരാട്ടങ്ങള്‍ക്കുള്ള മണ്ണൊരുക്കിവച്ചിരുന്നു എന്നത് സത്യമാണ്. ആ മണ്ണിലാണ് കാര്‍ഷികസമരങ്ങള്‍ അലയടിച്ചുയര്‍ന്നത്. ഇത്തരമൊരു ഘട്ടത്തില്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യനിരയെ വീണ്ടും ജാതിപറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് നാടിനോടും ജനതയോടും ചെയ്യുന്ന ക്രൂരതയാണ്. * പിണറായി വിജയന്‍ Posted by വര്‍ക്കേഴ്സ് ഫോറം at
വിയറ്റ്നാം തൊഴില്‍ശക്തിയില്‍ പകുതി സ്ത്രീകള്‍ വിയറ്റ്നാമിലെ തൊഴില്‍ശക്തിയില്‍ പകുതിയും സ്ത്രീകളാണെന്ന് വിയറ്റ്നാം വിമന്‍സ് യൂണിയന്‍ വൈസ്പ്രസിഡന്റ് ഗുയെന്‍ തി തുയെത് പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വിയറ്റ്നാം വനിതാ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കുന്ന അവര്‍ "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികജീവിതത്തില്‍ സ്ത്രീകളുടെ പങ്ക് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. വിയറ്റ്നാം ദേശീയ അസംബ്ലിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 25.76 ശതമാനമാണ്. പ്രവിശ്യാ ജനകീയ കൗണ്‍സിലില്‍ 23.88 ശതമാനവും ജില്ലാ ജനകീയ കൗണ്‍സിലുകളില്‍ 23.01 ശതമാനവുമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. കമ്യൂണിസ്റ്റ് പാര്‍ടി അംഗസംഖ്യയില്‍ 24.61 ശതമാനവും സ്ത്രീകളാണ്. പാര്‍ടിയുടെയും സംഘടനകളുടെയും വിവിധ തലങ്ങളുടെ നേതൃത്വത്തില്‍ 50.86 ശതമാനം പങ്കാളിത്തം സ്ത്രീകള്‍ക്കുണ്ട്. കൃഷിയെ മാത്രം അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ നിലവിലിരുന്ന വിയറ്റ്നാമില്‍ വ്യവസായങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും 20 വര്‍ഷത്തിനിടയില്‍ വലിയ മുന്നേറ്റം ഉണ്ടായി. രാജ്യത്തിന്റെ തൊഴില്‍ശക്തിയില്‍ 49.16 ശതമാനം സ്ത്രീകളാണ്. സംരംഭകരില്‍ 25 ശതമാനം സ്ത്രീകളാണ്. ഇപ്പോഴും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയിലെ തൊഴില്‍ ചെയ്യുന്നവരില്‍ 51.33 ശതമാനവും സ്ത്രീകളാണ്. ഹോട്ടല്‍-റസ്റ്റോറന്റ് മേഖലയില്‍ 67.07 ശതമാനവും വിദ്യാഭ്യാസം - പരിശീലനമേഖലയില്‍ 69 ശതമാനവും ആരോഗ്യരക്ഷാ പ്രവര്‍ത്തകരില്‍ 57.42 ശതമാനവും സ്ത്രീകളാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ വിയറ്റ്നാം സ്ത്രീകള്‍ ഐതിഹാസികമായ പങ്കാണ് വഹിച്ചതെന്നും അവര്‍ അനുസ്മരിച്ചു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സേന ഉപയോഗിച്ച വിനാശകാരിയായ രാസവസ്തു "ഏജന്റ് ഓറഞ്ച്" ഉല്‍പ്പാദിപ്പിക്കുന്ന "ഡൗ കെമിക്കല്‍സി"നെ ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സറാക്കരുതെന്ന് ആവശ്യപ്പെട്ട് വിമന്‍സ് യൂണിയന്‍ ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഘം ഡല്‍ഹിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഓഫീസിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫാറൂഖി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. (വി ജയിന്‍) deshabhimani 280712 Posted by ജനശക്തി at 12:52 PM 1 comment: Email This BlogThis! Share to Twitter Share to Facebook Labels: വിയറ്റ്നാം, സ്ത്രീ THURSDAY, OCTOBER 13, 2011 വിയത്നാം പ്രസിഡന്റുമായി കാരാട്ട് കൂടിക്കാഴ്ച നടത്തി ഇന്ത്യ സന്ദര്‍ശിക്കുന്ന വിയത്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രസിഡന്റ് ട്രൂങ് താന്‍ സങ്ങുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടിക്കാഴ്ച നടത്തി. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോല്‍പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം ഹരിസിങ് കാങ്, പാര്‍ടി അന്താരാഷ്ട്ര വിഭാഗത്തിലെ ആര്‍ അരുണ്‍കുമാര്‍ എന്നിവരും കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. സങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാഷ്ട്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഗാഢമാക്കാന്‍ സഹായിക്കുമെന്ന് കാരാട്ട് പറഞ്ഞു. സാമ്പത്തിക-വ്യാപാരമേഖലകളിലെ ബന്ധം ശക്തമാക്കാനും സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യ-വിയത്നാം ബന്ധം സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല, ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ളതാണെന്നും കാരാട്ട് പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും ദേശീയ വിമോചനത്തിനു വേണ്ടിയും വിയത്നാം നടത്തിയ സമരത്തെ ഇന്ത്യന്‍ ജനത പിന്തുണച്ചിരുന്നു. വിയത്നാമിനെ ആധുനിക, വ്യവസായവല്‍ക്കൃത, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ ജനതയുടെ പിന്തുണയുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു. ഇരുരാഷ്ട്രവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് ട്രൂങ് താന്‍ സങ് പറഞ്ഞു. വിയത്നാം കൈവരിച്ച സാമ്പത്തിക പുരോഗതിയെക്കുറിച്ച് സിപിഐ എം പ്രതിനിധിസംഘത്തോടു വിവരിച്ച സങ് 2020 ആകുമ്പോഴേക്കും ഇടത്തരം വ്യവസായ സോഷ്യലിസ്റ്റ് രാജ്യമാകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍ സങ് വിശദീകരിച്ചു. വിയത്നാം ജനതയ്ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ ജനതയും സിപിഐ എമ്മിനെയും സങ് അഭിനന്ദിച്ചു. ഇരുരാജ്യവും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് കാരാട്ടിനെ വിയത്നാം സന്ദര്‍ശിക്കാന്‍ സങ് ക്ഷണിക്കുകയും ചെയ്തു. deshabhimani 131011 Posted by ജനശക്തി at 5:41 PM 1 comment: Email This BlogThis! Share to Twitter Share to Facebook Labels: രാഷ്ട്രീയം, വാര്‍ത്ത, വിയറ്റ്നാം FRIDAY, AUGUST 26, 2011 അമേരിക്കയെ വിറപ്പിച്ച ജനറല്‍ ഗ്യാപ് നൂറിന്റെ പ്രഭയില്‍ ഹാനോയ്: മുതിര്‍ന്ന വിയറ്റ്നാം വിപ്ലവനേതാവ് ജനറല്‍ വോ നുയെന്‍ ഗ്യാപ് (General Vo Nguyen Giap) നൂറാം പിറന്നാള്‍ ആഘോഷിച്ചു. ലോകചരിത്രത്തിലെ പ്രമുഖ യുദ്ധതന്ത്രജ്ഞരില്‍ ഒരാളായാണ് ജനറല്‍ ഗ്യാപ് അറിയപ്പെടുന്നത്. വിപ്ലവനേതാവ് ഹോചിമിന്‍ കഴിഞ്ഞാല്‍ വിയറ്റ്നാമില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ജനറല്‍ ഗ്യാപ് ഹാനോയിയിലെ സൈനിക ആശുപത്രിയിലാണ് തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. 1911 ആഗസ്ത് 25ന് മധ്യ ഖ്വാങ് ബിന്‍ പ്രവിശ്യയിലായിരുന്നു ജനനം. സൈനികപരിശീലനം ലഭിച്ചില്ലെങ്കിലും സാമൂഹിക സാമ്പത്തിക ശാസ്ത്രവും നിയമവും പഠിച്ച ഇദ്ദേഹം തുടര്‍ന്ന് ഹോചിമിനോടൊപ്പം വിമോചനപോരാട്ടത്തില്‍ പങ്കെടുത്തു. 1954ല്‍ ഫ്രഞ്ച് അധിനിവേശ ശക്തികള്‍ക്കുമേല്‍ കര്‍ഷകസമരത്തിലൂടെ ദിയെന്‍ ബിയെന്‍ ഫ്യുവില്‍ വിജയം നേടിയതോടെയാണ് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കന്‍ ആക്രമണത്തിനെതിരായ ചെറുത്തുനിലപില്‍ ഗ്യാപ് പ്രയോഗിച്ച ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വിപ്ലവകാരികള്‍ക്ക് ഏറെ പ്രചോദനമായി. അമേരിക്കന്‍ സേനയുടെ അധിനിവേശത്തിനെതിരെയും ദക്ഷിണ വിയറ്റ്നാമിലെ അവരുടെ പാവ ഭരണകൂടത്തിനുമെതിരെയും നടന്ന സൈനികപോരാട്ടങ്ങള്‍ നയിച്ചത് ജനറല്‍ ഗ്യാപ്പായിരുന്നു. അമേരിക്കയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ 1975ല്‍ വിജയം കണ്ടതും ഗ്യാപ്പിന്റെ നേതൃത്വത്തിലായിരുന്നു. deshabhimani 260811 Posted by ജനശക്തി at 10:50 PM 1 comment: Email This BlogThis! Share to Twitter Share to Facebook Labels: അമേരിക്ക, പോരാട്ടം, രാഷ്ട്രീയം, വിയറ്റ്നാം WEDNESDAY, JANUARY 12, 2011 വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും ഹനോയ്: വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടിയുടെ 11-ാം പാര്‍ടി കോണ്‍ഗ്രസ് 12ന് ഹനോയില്‍ തുടങ്ങും. ഒരാഴ്ച നീളുന്ന പാര്‍ടി കോണ്‍ഗ്രസില്‍ സോഷ്യലിസത്തിലേക്കുള്ള സംക്രമണകാലത്തിലെ രാഷ്ട്രനിര്‍മാണം സംബന്ധിച്ച രേഖ ചര്‍ച്ചചെയ്യും. പത്താം കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയറിപ്പോര്‍ട്ടും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. 2011-2020 കാലത്തേക്കുള്ള സാമൂഹിക- സാമ്പത്തിക വികസനനയം, വിവിധ വിഷയങ്ങളിലെ പാര്‍ടിനിലപാടുകള്‍ എന്നിവയും സമ്മേളന അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുലക്ഷം പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 1377 പേര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഉദ്ഘാടന- സമാപനസമ്മേളനങ്ങളും മറ്റു പല സെഷനുകളും തത്സമയം സംപ്രേഷണം ചെയ്യും. വിദേശത്തുനിന്നുള്ളവരടക്കം 700 മാധ്യമപ്രവര്‍ത്തകര്‍ സമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിട്ടുണ്ട്. ദേശാഭിമാനി 120111 label: Politics, News, Vietnam Posted by ജനശക്തി at 7:46 AM 2 comments: Email This BlogThis! Share to Twitter Share to Facebook Labels: രാഷ്ട്രീയം, വാര്‍ത്ത, വിയറ്റ്നാം TUESDAY, AUGUST 4, 2009 ഒരു ചോരക്കൊതിയന്റെ കുറ്റസമ്മതം ലോകചരിത്രത്തില്‍ അമേരിക്കയും യുദ്ധചരിത്രത്തില്‍ അമേരിക്കന്‍ സൈന്യവും ഒരിക്കലും മറക്കാത്ത മഹാപരാജയമേറ്റു വാങ്ങിയ യുദ്ധമാണ് വിയറ്റ്നാമില്‍ ലോകം കണ്ടത്. 1975ല്‍, പഴയ സൈഗോണിലെ അമേരിക്കന്‍ എംബസി കെട്ടിടത്തിന്റെ മുകളില്‍നിന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും കുത്തിനിറച്ച് അവസാന യുഎസ് സൈനിക ഹെലികോപ്ടര്‍ പറന്നുയരുന്ന ദൃശ്യം ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ ശില്‍പിയായിരുന്നു ജൂലൈ 6ന് വാഷിങ്ടണില്‍ അന്തരിച്ച റോബര്‍ട്ട് മക്നമാറ. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു ഉന്നതന്റെയും പേരു ചേര്‍ത്ത് ഒരു യുദ്ധത്തെയും വിളിച്ചിട്ടില്ല. 1990കളോടെയാണ് പതിറ്റാണ്ടുകള്‍ പിന്നിട്ട യുദ്ധ ഭീകരതയുടെ ഓര്‍മകള്‍ മക്നമാറയെ കൂടുതല്‍ രൂക്ഷമായി വേട്ടയാടിയത്. ടൈം വാരികയോട് 1991ല്‍ മക്നമാറ പറഞ്ഞു. "വടക്കന്‍ വിയറ്റ്നാമില്‍ ബോംബാക്രമണം ഫലമുണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നിട്ടും അത് തുടര്‍ന്നു. എന്തെന്നാല്‍ ഒന്നാമതായി ഇത് ഫലമുണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്ക് തെളിയിക്കണമായിരുന്നു. മറ്റൊന്ന്, അത് ഫലമുണ്ടാക്കുമെന്നായിരുന്നു മറ്റുള്ളവര്‍ ചിന്തിച്ചത്''. 1960കളിലെ ഈ ബോംബിങ് അന്നേവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കാലം നീണ്ടതും, അളവില്‍ ഭീമാകാരവുമായിരുന്നു എന്നോര്‍ക്കണം. മക്നമാറയില്‍ വിയറ്റ്നാം ഓര്‍മകള്‍ വരുത്തിയ മുറിവുകള്‍ ചെറുതൊന്നുമല്ല. അമേരിക്കന്‍ ജനതയുടെ മുഴുവന്‍ വിദ്വേഷവും വെറുപ്പും ഒടുവില്‍വരെയും അദ്ദേഹത്തെ വേട്ടയാടി. ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട് തേഞ്ഞു കീറിയ ഷൂസും ധരിച്ച് കൂനിക്കൂടിയ ശരീരവുമായി എവിടെയോ തുറിച്ചുനോക്കി വൈറ്റ് ഹൌസിന് കുറച്ചകലെയുള്ള തന്റെ ഓഫീസിലേക്ക് അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞുതിരിയുന്ന മക്നമാറയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ചരമവാര്‍ത്തയില്‍ എഴുതിയിരുന്നു. ജപ്പാന്‍ നഗരങ്ങളെ ചാമ്പലാക്കിയ രണ്ടാംലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ വായുസേനക്കുവേണ്ടി ജനസ്ഥിതി വിവരണ കണക്ക് അപഗ്രഥിച്ചത് മക്നമാറയായിരുന്നു. "കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ഒരുലക്ഷം ജപ്പാന്‍കാരെയാണ്നമ്മള്‍ ടോക്യോ നഗരത്തില്‍ ചുട്ടെരിച്ചത്. അവിടെ നടന്ന എല്ലാ ആക്രമണത്തിലുമായി 9 ലക്ഷം പേര്‍ മരിച്ചു''. വായുസേനാ അധിപന്‍ ജനറല്‍ കര്‍ട്ടിസ് ഇ ലെമേ പറഞ്ഞു, "ജപ്പാനെതിരെയുള്ള ആക്രമണത്തില്‍ നമ്മള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍, നാമെല്ലാം യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്യപ്പെട്ടേനെ'' മക്നമാറ അതിനെ പരാമര്‍ശിച്ചു പറഞ്ഞു, "കര്‍ട്ടിസ് പറഞ്ഞത് ശരിയാണ്. അദ്ദേഹവും ഞാനും ജപ്പാന്‍കാരോട് യുദ്ധക്കുറ്റവാളികളെപോലെയാണ് പെരുമാറിയത്. പരാജയപ്പെടുമ്പോള്‍ യുദ്ധവിജയം അധാര്‍മികവും വിജയിക്കുമ്പോള്‍ ധാര്‍മികവുമാകുന്നതെങ്ങനെയാണ്?'' മക്നമാറയുടെ സ്വന്തം ചോദ്യത്തിനു അദ്ദേഹത്തിനുതന്നെ ഉത്തരമില്ല. ഹാര്‍വാര്‍ഡില്‍നിന്ന് ഫോര്‍ഡ് കമ്പനി വഴി മക്നമാറ പെന്റഗണിലെത്തുന്നത്, പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കാലത്താണ്. അപ്പോള്‍ അദ്ദേഹത്തിന് 44 വയസ്സ്. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, ബേ ഓഫ് പിഗ്സ്, ഓപ്പറേഷന്‍ മൊങ്കുസ് തുടങ്ങിയ നിരവധി അട്ടിമറി പദ്ധതികളിട്ട് കമ്യൂണിസത്തെ തകര്‍ക്കാന്‍ മക്നമാറ കോപ്പുകൂട്ടി. 1962ല്‍ പാരീസിലെ നാറ്റോ യോഗത്തില്‍ മക്നമാറ പറയുന്നു, "അണുവായുധങ്ങളുടെ വരവിനുമുമ്പ്, യുദ്ധത്തില്‍ തകര്‍ച്ചകളുടെ കേടുപാടു തീര്‍ക്കാവുന്നതും വിജയം നേടാവുന്നതുമായിരുന്നു. എന്നാല്‍ ഒരു സമ്പൂര്‍ണ അണുയുദ്ധം കഴിഞ്ഞാല്‍ (സോവിയറ്റ്പക്ഷവും നാറ്റോ കക്ഷികളും ഇപ്പോള്‍ നടത്തിയാല്‍ സംഭവിക്കാവുന്നതുപോലെ) 15 കോടിയിലേറെ പേര്‍ക്ക് ജീവഹാനി ഉണ്ടാക്കും. നാശം പൂര്‍ണമായിരിക്കും. വിജയം എന്നത് അര്‍ത്ഥശൂന്യമായ പദവും''. അമേരിക്കന്‍ സംവിധാനത്തില്‍ പ്രതിരോധ സെക്രട്ടറി എന്ന പദവി 1947ലാണ് സൃഷ്ടിച്ചത്. എന്നാല്‍ മക്നമാറക്കുമുമ്പ് ആ പദവിയിലിരുന്നവര്‍ സാമ്രാജ്യത്വ നിഷ്ഠൂരതക്ക് യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും ആയുധസന്നാഹ സംവിധാനത്തിനു രൂപം നല്‍കുന്നതിലും സൈനികവിഭാഗങ്ങള്‍ക്ക് ബജറ്റ് അനുവദിപ്പിക്കുന്നതിലും "അഭിനന്ദനാര്‍ഹമാംവിധം'' വിജയിച്ചിരുന്നില്ല. മക്നമാറ അധികാരത്തിലേറിയതോടെ ദേശീയ ബജറ്റിന്റെ ഏകദേശം പകുതിയും പെന്റഗണ്‍ യുദ്ധചെലവിനായി വിഴുങ്ങി. 1968ല്‍ യുദ്ധചെലവ് 7490 കോടി ഡോളറായി. 1962ല്‍ ഇത് 4840 കോടി ഡോളറായിരുന്നു. ഡോളറിന്റെ ഇന്നത്തെ മൂല്യത്തില്‍ 1968ലെ തുക ഇന്നത്തെ 45,700 കോടി ഡോളര്‍ വരും. ഏഷ്യയില്‍ 'കമ്യൂണിസം' വരാതിരിക്കാനായിരുന്നു ഈ ശതകോടികള്‍ ബോംബായും മറ്റും വാരിവിതറിയതെന്ന് ഓര്‍ക്കുക. ചെലവഴിക്കുന്ന കോടികള്‍ യുദ്ധത്തില്‍ അമേരിക്കക്ക് വിജയം കൊണ്ടുവരുകയാണെന്നാണ് മക്നമാറ വീമ്പിളക്കിയിരുന്നത്. 1962ല്‍ ദക്ഷിണ വിയറ്റ്നാമിലെ പ്രഥമ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം പറഞ്ഞത് മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഈ സൈനികദൌത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ്. 1963ല്‍ കെന്നഡിയുടെ വധത്തെത്തുടര്‍ന്ന് ലിണ്ടന്‍ ജോണ്‍സണ്‍ മക്നമാറയില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് യുദ്ധം കൂടുതല്‍ രൂക്ഷമായി. കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് താഴ്ന്നിറങ്ങിയ യുദ്ധമോഹങ്ങള്‍ മക്നമാറയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ ലിണ്ടന്‍ ജോണ്‍സനെ പ്രേരിപ്പിച്ചു. പരാജയത്തിന്റെ ചോര മണത്തു തുടങ്ങിയ മക്നമാറ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. തുടര്‍ന്ന്, ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ അമേരിക്കന്‍ അധിനിവേശവും മറ്റും മക്നമാറക്ക് മുന്നില്‍ പ്രശ്നങ്ങളുണ്ടാക്കി. മക്നമാറയും പ്രസിഡന്റും തമ്മില്‍ 'വിശ്വാസവിടവ്' ഉള്ളതായി വ്യാഖ്യാനം ശക്തമായി. 1965ല്‍ റോളിങ് തണ്ടര്‍ എന്ന സൈനികദൌത്യത്തില്‍ 55,000 പറക്കലിലൂടെ യുഎസ് യുദ്ധ വിമാനങ്ങള്‍ 33,000 ടണ്‍ ബോംബ് വടക്കന്‍ വിയറ്റ്നാമില്‍ വര്‍ഷിച്ചു. 1966ല്‍ ഇത് 1,48,000 തവണ പറന്ന് 1,28,000 ടണ്‍ ബോംബായി വര്‍ദ്ധിപ്പിച്ചു. പൊരുതിമുന്നേറിയ വിയറ്റ്നാം ജനകീയസേന 1965ല്‍ 171 വിമാനങ്ങളെ വീഴ്ത്തി. 1966ല്‍ ഇത് 318 ആയി. അമേരിക്കയുടെ യുദ്ധചെലവ് 46 കോടി ഡോളറില്‍ നിന്ന് 120 കോടി ഡോളറായി ഉയര്‍ന്നു. 1966ല്‍ ഹോണ്ടുറാസില്‍വച്ച് ലോക മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിക്കാന്‍ നിന്ന മക്നമാറയുടെ മുഖത്ത് എപ്പോഴും കാണാറുള്ള ഊര്‍ജ്ജസ്വലതയും ഉല്‍സാഹവും കണ്ടില്ല. കേട്ടറിഞ്ഞും കണ്ടറിഞ്ഞും മതിവരാത്ത മക്നമാറ കൊണ്ടറിഞ്ഞപ്പോള്‍ പത്രലേഖകരെ അറിയിച്ചു. "വിയറ്റ്നാമില്‍ ഏതളവുവരെ ബോംബാക്രമണം നടത്തിയാലും യുദ്ധം അവസാനിപ്പിക്കാനാകില്ല''. 1966ല്‍ മക്നമാറ വൈദ്യുതിഭിത്തി തീര്‍ത്ത് ദക്ഷിണ- ഉത്തര വിയറ്റ്നാമുകളെ വിഭജിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടു. "ചെറുത്തുനില്‍ക്കാനുള്ള വിയറ്റ്നാം കമ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തി'' എന്ന സിഐഎ ലഘുലേഖ വായിച്ച മക്നമാറ വിയറ്റ്നാമിനെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനത്തിനും കഴിയില്ലെന്ന ലഘുലേഖയിലെ അന്തിമ നിഗമനത്തില്‍നിന്ന് പരാജയം അടുത്തെത്തിയതായി മനസ്സിലാക്കി. 17 വര്‍ഷം വിയറ്റ്നാമിനെക്കുറിച്ച് പഠിച്ച സിഐഎ വിദഗ്ദ്ധനായ ജോര്‍ജ് അലന്‍, മക്നമാറയുമായുള്ള സംഭാഷണം ഓര്‍മ്മിക്കുന്നു. "മക്നമാറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വിയറ്റ്നാമില്‍ അമേരിക്കന്‍ സൈന്യത്തെ വീണ്ടും പടുത്തുയര്‍ത്തുന്നത് അവസാനിപ്പിക്കുക ദക്ഷിണ വിയറ്റ്നാമിലെ ബോംബ് വര്‍ഷം നിറുത്തുക, ഹനോയ്യുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുക'' ഇക്കാര്യങ്ങള്‍ മക്നമാറയ്ക്ക് മുന്നില്‍ ജോര്‍ജ് അവതരിപ്പിച്ചു. ഈ നിര്‍ണായക മുഹൂര്‍ത്തത്തിനുശേഷം വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് അതീവ രഹസ്യമായ ചരിത്രം തയ്യാറാക്കാന്‍ കീഴുദ്യോഗസ്ഥരോട് മക്നമാറ ആവശ്യപ്പെട്ടു. ഈ രേഖയാണ് പില്‍ക്കാലത്ത് പ്രശസ്തമായി തീര്‍ന്ന 'പെന്റഗണ്‍ പേപ്പേഴ്സ്'. സ്റ്റേറ്റ് സെക്രട്ടറി ഡീന്‍ റസ്കിനോടു ഒരിക്കല്‍ വിയറ്റ്നാമില്‍ നടത്തിയ ബോംബാക്രമണത്തിന്റെ വ്യര്‍ത്ഥത വ്യക്തമാക്കി മക്നമാറ വിമ്മി കരഞ്ഞുവത്രെ. എന്നാല്‍ ഈ രംഗത്തിന് സാക്ഷികളായിരുന്ന നിരവധി സഹപ്രവര്‍ത്തകര്‍ ബോംബാക്രമണത്തെ അപലപിച്ച് മക്നമാറ പ്രകടിപ്പിച്ച കുറ്റബോധത്തിന്റെ ഭാരം കണ്ട് വാപൊളിച്ചുപോയി. അമേരിക്കക്ക് ജയിക്കാനാകില്ലെന്ന് മക്നമാറ ഏറെ നാളായി കരുതിയിരുന്നു. ശത്രുവിനെ (വിയറ്റ്നാം ജനതയെയും കമ്യൂണിസ്റ്റ് ഗറില്ലാ പ്രസ്ഥാനത്തെയും) മനസ്സിലാക്കുന്നതിലെ പരാജയം, തങ്ങളുപയോഗിച്ചിരുന്ന അത്യാധുനിക ശാസ്ത്ര സാങ്കേതികായുധങ്ങളുടെ പരിമിതി, അമേരിക്കന്‍ ജനതയോട് സത്യം പറയാതിരുന്നത് (അതായത് നുണ പറഞ്ഞിരുന്നത്) കമ്യൂണിസ്റ്റ് ഭീഷണിയുടെ സ്വഭാവം മനസ്സിലാക്കുന്നതിലെ പരാജയം തുടങ്ങിയവയായിരുന്നു മക്നമാറ അമേരിക്കന്‍ പരാജയത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. വടക്കന്‍ വിയറ്റ്നാമിനെ മനസ്സിലാക്കുന്നതില്‍ അമേരിക്കക്ക് പിശകുപറ്റിയെന്നും ഇതാണ് 1954ല്‍ പ്രസിഡന്റ് ഐസനോവറിനെക്കൊണ്ട് വിയറ്റ്നാം കമ്യൂണിസ്റ്റ് രാജ്യമായാല്‍ ഏഷ്യയൊട്ടാകെ ആ വഴി നീങ്ങുമെന്നും പറയിപ്പിച്ചത്. "നമ്മള്‍ നമ്മുടെ നില അറിഞ്ഞിരുന്നില്ല. ചൈനയെ മനസ്സിലാക്കിയില്ല, വിയറ്റ്നാമിനെ മനസ്സിലാക്കിയില്ല, പ്രത്യേകിച്ച് വടക്കന്‍ വിയറ്റ്നാമിനെ. അതിനാല്‍ ആദ്യപാഠം എന്നത് നിങ്ങളുടെ എതിരാളിയെ അറിയുക എന്നതാണ്. ഇന്നും നമുക്ക് നമ്മുടെ ശരിയായ ശത്രുവിനെ അറിയില്ലെന്ന് മക്നമാറ പറഞ്ഞു. ഇറാക്കിനെതിരെയുള്ള അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്ടത്. 1995ല്‍, പൊതുജീവിതം ഉപേക്ഷിച്ച് 14 വര്‍ഷത്തിനുശേഷം വിയറ്റ്നാം യുദ്ധത്തെ തള്ളിപ്പറഞ്ഞും അതില്‍ തന്റെ പങ്കിനെക്കുറിച്ചും 'കി ഞലൃീുലര: ഠവല ഠൃമഴലറ്യ മിറ ഘലീി ീള ഢശലിമാ'' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കൊല്ലപ്പെട്ട ആയിരക്കണക്കിനു യുഎസ് സൈനികരുടെ കുടുംബങ്ങളില്‍ മക്നമാറയുടെ ഈ കുമ്പസാരം വെറുപ്പിന്റെയും പുച്ഛത്തിന്റെയും തീജ്വാലയുയര്‍ത്തി. മറ്റൊരു പ്രതിരോധ സെക്രട്ടറിയും ഈ വിധം എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ മക്നമാറയ്ക്ക് ജനങ്ങളുമായി ഉഗ്രസമരം ചെയ്യേണ്ടിവന്നു. മക്നമാറയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച ഭൂരിപക്ഷം പത്രങ്ങളും അനുശോചന രൂപത്തില്‍ എഴുതാന്‍ തയ്യാറായില്ല. ജൂലൈ 7ന്റെ ഹിന്ദു ദിനപത്രത്തില്‍ മുതിര്‍ന്ന അന്താരാഷ്ട്ര പത്രപ്രവര്‍ത്തകന്‍ പ്രണേ ഗുപ്ത് ഈ "ബോമ്പര്‍ ബോംബിനെ''ക്കുറിച്ച് എഴുതിയത് 'ഖേദിക്കുക, പക്ഷേ ഒരിക്കലും പശ്ചാത്തപിക്കരുത്' എന്ന്. പതിനായിരക്കണക്കിനു അമേരിക്കന്‍ സൈനികരും, ലക്ഷക്കണക്കിന് വിയറ്റ്നാം - കംബോഡിയന്‍ നാട്ടുകാരും 'കമ്യൂണിസത്തെ ഇല്ലാതാക്കി ഏഷ്യയെ രക്ഷിക്കാന്‍' നടത്തിയ മഹാനരഹത്യക്ക് ഒരേ ഒരു ചോരക്കൊതിയനു നേര്‍ക്കേ വിരല്‍ ചൂണ്ടുന്നുള്ളൂ. അത് മക്നമാറയാണ്. പ്രണേ ഗുപ്ത് എഴുതുന്നു: പി എസ് ജയന്തന്‍ ചിന്ത വാരിക 2009 ആഗസ്റ്റ് 07

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

കോഴിക്കോട് കോണ്‍ഗ്രസിന്റെ ചരിത്രപ്രാധാന്യം

thomas isaac ഡോ. ടി. എം. തോമസ് ഐസക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. മുന്‍ ധനകാര്യമന്ത്രി (2006-2011). View my complete profile Showing posts with label സോഷ്യലിസം. Show all posts WEDNESDAY, APRIL 25, 2012 കോഴിക്കോട് കോണ്‍ഗ്രസിന്റെ ചരിത്രപ്രാധാന്യം (കലാകൗമുദി ലേഖനം) സിപിഐ(എം) അതിന്റെ ചരിത്രത്തിലെ കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. 2004ല്‍ 43 എംപിമാര്‍ പാര്‍ട്ടിക്കുണ്ടായിരുന്നത് 2009ലെ തിരഞ്ഞെടുപ്പില്‍ 16 ആയി താണു. പാര്‍ട്ടി രൂപീകരിച്ച ശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (1967)പ്പോലും 19 സീറ്റു ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശേഷി അളക്കുന്നതിന് പാര്‍ലമെന്റിലെ പ്രാതിനിധ്യം മതിയായ ഒരളവുകോല്‍ അല്ലെങ്കിലും ഈ ഇടിവ് ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടുന്നതിന് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുളളൂ. പ്രസ്ഥാനത്തിന്റെ അസമമായ വളര്‍ച്ച സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാവുകയാണ്. 1978-ല്‍ ചേര്‍ന്ന പ്ലീനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം പ്രസ്ഥാനത്തിന്റെ അസമമായ വളര്‍ച്ചയായിരുന്നു. ഹിന്ദി മേഖലയില്‍ കാലുറപ്പിക്കുന്നതിന് ചില പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഹിന്ദി മേഖലയില്‍ ഇന്നും പാര്‍ട്ടി ദുര്‍ബലമായി തുടരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ 73.12 ശതമാനവും ബഹുജന സംഘടനാ മെമ്പര്‍ഷിപ്പില്‍ 78.6 ശതമാനവും ബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാടും ആന്ധ്രയും കൂടിയെടുത്താല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ 90.04 ശതമാനവും ബഹുജന സംഘടനാ മെമ്പര്‍ഷിപ്പിന്റെ 91.14 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ തന്നെ തിരിച്ചടിയുണ്ടായി. 35 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം ബംഗാളില്‍ സംസ്ഥാന ഭരണം നഷ്ടപ്പെടുക മാത്രമല്ല, രാഷ്ട്രീയമായി പാര്‍ട്ടി പ്രതിരോധത്തിലുമായി. 70കളിലെ അര്‍ദ്ധഫാസിസ്റ്റ് ഭീകരതയെ അനുസ്മരിപ്പിക്കുന്ന കടന്നാക്രമണമാണ് ഇന്നവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബംഗാളിലെ വിജയത്തില്‍ ലഹരി പൂണ്ട കോണ്‍ഗ്രസ് സര്‍വ കുതന്ത്രങ്ങളും ഉപയോഗിച്ച് ത്രിപുരയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലും പാര്‍ട്ടിയ്ക്ക് ഭരണം നഷ്ടപ്പെട്ടു. മൂന്നാം മുന്നണി ഈ പരിസ്ഥിതിയെ നേരിടുന്നതിനുളള ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കോഴിക്കോട്ടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. രാഷ്ട്രീയതലത്തില്‍ മുന്നണി രാഷ്ട്രീയം എത്രമാത്രം ഗുണം ചെയ്തു എന്നുളളത് ഗൗരവമായ അവലോകനത്തിനു വിധേയമാക്കപ്പെട്ടു. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലേതു പോലുളള ഇടതുപക്ഷ മുന്നണികള്‍ കേവലം തെരഞ്ഞെടുപ്പു മുന്നണികളല്ല. നീണ്ടനാളത്തെ രാഷ്ട്രീയ പ്രക്ഷോഭ പ്രചാരണങ്ങളിലൂടെ രൂപം കൊണ്ടവയാണ്. എന്നാല്‍ അതല്ല, മറ്റു സംസ്ഥാനങ്ങളിലെ നില. കേവലം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് അവിടങ്ങളിലെ സഖ്യങ്ങള്‍ രൂപം കൊണ്ടിട്ടുളളത്. ഇവ സ്ഥിരം സംവിധാനമാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ മാത്രമല്ല, സ്വതന്ത്രമായ മുന്‍കൈയെയും പ്രതികൂലമായി ബാധിച്ചു. കാരണം, സഖ്യകക്ഷികളായി വരുന്ന പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ കൂടുതല്‍ അവസരവാദപരമായ നിലപാടുകളാണ് കൈക്കൊളളുന്നത്. കോണ്‍ഗ്രസിനോടൊപ്പമോ ബിജെപിയോടൊപ്പമോ ചേരുന്നതിന് അവര്‍ക്കു മടിയില്ല. ഭരണത്തിലേറിയാല്‍ കോണ്‍ഗ്രസിന്റെ അതേ നിയോലിബറല്‍ നയങ്ങള്‍ തന്നെയാണ് ഇവരും നടപ്പാക്കുന്നത്. ഇതിനര്‍ത്ഥം ഭാവിയില്‍ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉണ്ടാവില്ല എന്നല്ല. തിരഞ്ഞെടുപ്പു വേളയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിച്ച് ആ സന്ദര്‍ഭത്തില്‍ ഉചിതമായ തീരുമാനം കൈക്കൊളളും. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായിരിക്കും പരിശ്രമിക്കുക. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം മൂന്നാം മുന്നണിയുടെ വിശ്വാസ്യതയില്ലായ്മ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. വ്യക്തമായ ഒരു പരിപാടിയില്ലാതെ തികച്ചും അവസരവാദപരമായ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചു വരുന്ന എഐഎഡിഎംകെ, ബിഎസ്പി തുടങ്ങിയവരുമായി തല്ലിക്കൂട്ടിയുണ്ടാക്കുന്ന മൂന്നാം മുന്നണി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നുളള അവകാശവാദം ജനങ്ങള്‍ ഗൗരവമായി എടുത്തില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ കോണ്‍ഗ്രസിനും ബിജെപിയ്ക്കും എതിരായ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാക്കാനാവില്ല. ഇടതുപക്ഷത്തിനാകട്ടെ, ഇതു തിരിച്ചടിയുടെ കാലവുമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനുളള അടിയന്തര നടപടികളാണ് ഇന്നത്തെ ആവശ്യം. ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍ കഴിയണം. ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പരിപാടി ഫലപ്രദമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുംവിധം ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ശക്തികേന്ദ്രങ്ങളില്‍ തിരിച്ചുവരവ് കോണ്‍ഗ്രസ് - ബിജെപി ഇതര കക്ഷികളുമായുളള സഖ്യം ഉപേക്ഷിക്കുന്നുവെന്നല്ല ഇതിനര്‍ത്ഥം. തെരഞ്ഞെടുപ്പുവേളയില്‍ ഓരോ പ്രദേശത്തെയും സാഹചര്യങ്ങളനുസരിച്ച് ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തില്‍ മൂന്നാം മുന്നണി എന്നൊരു മുദ്രാവാക്യം ഉയര്‍ത്തി ഇവരെയാകെ ഒരു സഖ്യത്തില്‍ അണി നിരത്താം എന്നു കരുതുന്നത് മൗഢ്യമാണ്. പാര്‍ലമെന്റില്‍ ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് - ബിജെപി ഇതര പാര്‍ട്ടികളുമായി പരമാവധി സഹകരണം കൊണ്ടുവരുന്നതിന് ശ്രമിക്കുന്നുണ്ട്. 2010 ഏപ്രില്‍ 27ല്‍ പതിമൂന്നു പാര്‍ട്ടികള്‍ വിലക്കയറ്റത്തിനെതിരെയുളള പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. പക്ഷേ, ഇതുപോലെ അഴിമതിയ്‌ക്കെതിരായ യോജിച്ച നിലപാടിന് പല പാര്‍ട്ടികളും തയ്യാറാകാത്തതിന്റെ അനുഭവവുമുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നു പറഞ്ഞാല്‍ ആദ്യകടമ ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടിയെ മറികടക്കുകയാണ്. ബംഗാളില്‍ മമതാ ബാനര്‍ജി ഇതിനകം നഗരങ്ങളില്‍ അതിവേഗത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. അനിവാര്യമായ ഈ പതനം ഗ്രാമങ്ങളില്‍ക്കൂടി വ്യാപിക്കുന്നതിനു മുമ്പ് ലോകസഭാ തിരഞ്ഞെടുപ്പു നടത്തുന്നതിനാണ് മമതയുടെ വെപ്രാളം. തൃണമൂല്‍ - മാവോയിസ്റ്റ് കടന്നാക്രമണത്തിനെതിരെയുളള ചെറുത്തുനില്‍പ്പും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും പുതിയൊരു ഇടതുപക്ഷ മുന്നേറ്റത്തിനു വഴിയൊരുക്കി. സീറ്റിന്റെ എണ്ണത്തില്‍ വലിയ തകര്‍ച്ചയുണ്ടായെങ്കിലും 41 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ഇടതുമുന്നണിയ്ക്കുണ്ട് എന്നതു വിസ്മരിക്കാന്‍ പാടില്ല. കേരളത്തിലാകട്ടെ, ജാതിവിരുദ്ധവും മതേതരവുമായ പരിപാടിയുടെ അടിസ്ഥാനത്തിലുളള പ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. പിറവം തിരഞ്ഞെടുപ്പ് ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി തങ്ങളോടൊപ്പം ഏകീകരിക്കുന്നതില്‍ യുഡിഎഫ് നല്ലതോതില്‍ വിജയിച്ചു. അതേസമയം ഹൈന്ദവ ജാതിസംഘടനകളെ വിവിധങ്ങളായ ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുന്നതിലും അവര്‍ വിജയിച്ചു. ഈ വര്‍ഗീയ ജാതീയ ഏകീകരണത്തിനെതിരെ ശക്തമായ പ്രചാരണം അനിവാര്യമാണ്. അതോടൊപ്പം യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങളും വളര്‍ത്തേണ്ടതുണ്ട്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേയ്ക്കും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും 2004ലെ തിരഞ്ഞെടുപ്പില്‍ നേടിയ അത്രയുമില്ലെങ്കിലും ശക്തമായ തിരിച്ചുവരവ് ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. ദുര്‍ബല മേഖലകളിലെ മുന്നേറ്റം ഇതോടൊപ്പം ദുര്‍ബല പ്രദേശങ്ങളില്‍ എങ്ങനെ മുന്നേറാം എന്ന ചോദ്യത്തിന് രാജസ്ഥാനിലെ അനുഭവം മറുപടി നല്‍കുന്നുണ്ട്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കാര്‍ മേഖലയില്‍ മൂന്ന് എംഎല്‍എമാരെ വിജയിപ്പിക്കാന്‍ പാര്‍ട്ടിയ്ക്കു കഴിഞ്ഞു. ഈ മേഖലയില്‍ കനാല്‍ ജലസേചനം സംബന്ധിച്ച് മുദ്രാവാക്യമുയര്‍ത്തി ശക്തമായ കര്‍ഷകസമരത്തിലൂടെ പാര്‍ട്ടിയ്ക്ക് അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടും ശക്തമായ സമരം വളര്‍ത്തിയെടുത്തു. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി അംഗത്വം വര്‍ദ്ധിച്ചതും ശുഭോദാര്‍ക്കമാണ്. പ്രാദേശിക കാര്‍ഷികപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ സംഘടിപ്പിക്കുകല്ലാതെ കുറുക്കുവഴികള്‍ ഇല്ല. ഇവയോടൊപ്പം പാര്‍ട്ടി രാഷ്ട്രീയ സംഘടനാ പ്രമേയം സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സവിശേഷമായ ഒരു ഊന്നല്‍ നല്‍കിയിട്ടുണ്ട്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ത്തന്നെ ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും നേര്‍ക്കുളള വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരായി ശക്തമായി ഇടപെട്ടുകൊണ്ടല്ലാതെ ദുര്‍ബല പ്രദേശങ്ങളില്‍ മുന്നേറ്റം സാധ്യമല്ല. ഈ ദിശയില്‍ ശ്രദ്ധേയമായ ചില നീക്കങ്ങള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമുണ്ടായി. അയിത്തത്തിന്റെ നാനാരൂപങ്ങള്‍ക്കെതിരെ ശ്രദ്ധേയമായ സമരങ്ങള്‍ ഇവിടെ പാര്‍ട്ടി ഏറ്റെടുത്തു. ആന്ധ്രയിലാകട്ടെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെ വളരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുകയുണ്ടായി. എന്നാല്‍ ഈ സമരങ്ങളില്‍ അണിനിരന്നവരെ രാഷ്ട്രീയമായി ഏകീകരിക്കുന്നതിന് കഴിഞ്ഞില്ല എന്ന് രാഷ്ട്രീയ സംഘടനാപ്രമേയം ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട് അടക്കം മറ്റു പ്രദേശങ്ങളിലാകട്ടെ, വിപുലവും നിരന്തരവുമായി ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വീഴ്ച വന്നു. ഇപ്രകാരം സമീപകാല പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങളെ ചിട്ടയായി വിലയിരുത്തി ഭാവിയിലേയ്ക്കുളള മാര്‍ഗസൂചകങ്ങള്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നു പറഞ്ഞാല്‍ സ്വത്വപ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സിപിഎം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുദ്ധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉല്‍പാദനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ എന്നപോലെ ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയ പ്രമേയത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ട്. കൂലിയ്ക്കും ഭൂമിയ്ക്കും വേണ്ടിയുളള പ്രക്ഷോഭങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെളളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉയര്‍ത്തിയുളള പ്രക്ഷോഭങ്ങളും പ്രധാനമാണ്. ആഗോള പ്രതിസന്ധിയും ചെറുത്തു നില്‍പ്പും ഇത്തരത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ വളര്‍ത്തിയെടുക്കുന്നതിന് അന്തര്‍ദേശീയ തലത്തിലുണ്ടായ പുതിയ പ്രവണതകള്‍ സഹായകരമാണ്. പ്രത്യയശാസ്ത്ര പ്രമേയത്തിലാണ് ഇതുസംബന്ധിച്ച വിശദമായ പ്രതിപാദനമുളളത്. ആഗോളമാന്ദ്യം മുതലാളിത്തത്തെക്കുറിച്ചുളള വ്യാമോഹങ്ങളെ തകര്‍ത്തിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥ കാലഹരണപ്പെട്ടു എന്ന പ്രഖ്യാപനത്തോടെയാണല്ലോ വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രസ്ഥാനം അമേരിക്കയില്‍ വളര്‍ന്നത്. യൂറോപ്പിലാകട്ടെ, പണിമുടക്കുകളുടെയും സമരങ്ങളുടെയും വേലിയേറ്റമാണ്. ഈ മുന്നേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണെന്നത് ശരിയാണ്. പക്ഷേ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് തൊണ്ണൂറുകളിലുണ്ടായിരുന്ന നിലയല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം അവസാനിക്കുമ്പോഴുളളത്. ലത്തീന്‍ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരോഹണം സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. അധികാരം പിടിച്ചെടുത്തപ്പോള്‍ ഫിദല്‍ കാസ്‌ട്രോ പോലും കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നീടാണ് സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ സംബന്ധിച്ച് ക്യൂബയില്‍ തീര്‍പ്പുണ്ടായത്. ലത്തീന്‍ അമേരിക്കയില്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, നിക്കരാഗ്വ എന്നീ നാലു രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ സോഷ്യലിസം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവരടക്കം ലത്തീന്‍ അമേരിക്കന്‍ സര്‍ക്കാരുകളുടെ പൊതുവായ മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുളള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശീയ രാഷ്ട്രത്തിനുളളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപം നല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലത്തീന്‍ അമേരിക്കയില്‍ നടക്കുന്നത്. ലത്തീന്‍ അമേരിക്കയിലെ പിങ്ക് വിപ്ലവം പോലെ തന്നെ പ്രധാനമാണ് അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവവും. അറബ് അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ മുഖ്യമായും മതമൗലികവാദത്തില്‍ അധിഷ്ഠിതമാണ്. ഇതിലൊരു മാറ്റമാണ് അറബ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങള്‍ വരുത്തിയത്. എന്നാല്‍ ലിബിയയിലും സിറിയയിലുമെല്ലാം അമേരിക്ക ഇടപെട്ട് ഇത്തരമൊരു ചാലിലേയ്ക്ക് പ്രക്ഷോഭങ്ങള്‍ വഴുതിപ്പോകില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണ്. ഫിനാന്‍സ് മൂലധനാധിപത്യം സമകാലീന ആഗോളവത്കരണ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിശദീകരണം പ്രത്യയശാസ്ത്ര പ്രമേയം നല്‍കുന്നുണ്ട്. ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് സമകാലീന ആഗോളവത്കരണത്തിന്റെ പ്രത്യേകത. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് അത് സമ്പൂര്‍ണമായത്. എന്നാല്‍ മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താല്‍പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉല്‍പാദനവുമായുളള നേരിട്ടുളള ബന്ധം അതീവദുര്‍ബലമാകുന്നു എന്നതും. ഉല്‍പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലേയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുളള ഫാക്ടറികളിലും വയലേലകളിലും സൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസിലാക്കാതെ സമകാലീന ആഗോളവത്കരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറി മാറാനുളള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു. ചൈന എങ്ങോട്ട്? ചൈനയെക്കുറിച്ചുളള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുളളത്. സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുളള നിലപാടുകളെ പണ്ടേ സിപിഐ(എം) തളളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേയ്ക്കുളള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്മ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉല്‍പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പിലാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം. മേല്‍പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗതയില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗതയില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേയ്ക്കും ചൈന ലോകത്തെ വന്‍കിട സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം. മേല്‍പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുളള സാമൂഹ്യവൈരുദ്ധ്യങ്ങളിലേയ്ക്കു പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുളള അസമത്വവും കുടുംബങ്ങള്‍ തമ്മിലുളള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. വിദേശ ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുളളതു ചൈനയിലാണ്. മേല്‍പറഞ്ഞ പ്രശ്‌നങ്ങളെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും ബോധ്യമുണ്ട്. പരിഹാര നടപടികളും സ്വീകരിക്കുന്നുണ്ട്. പക്ഷേ, കാതലായ ചോദ്യം അവശേഷിക്കുന്നു. ഏങ്ങനെയാണ് ഇവിടെ നിന്ന് സോഷ്യലിസത്തിലേയ്ക്കു മുന്നേറുക? പുതിയ വരേണ്യവര്‍ഗം ഇതിനെ എതിര്‍ക്കുകയില്ലേ? ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേയ്ക്കു മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍? ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: 'ഈ വൈരുദ്ധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും' (ഖണ്ഡിക 6.23) . ക്യൂബയടക്കമുളള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കി വരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുളളതാണ്. അതുകൊണ്ടു തന്നെയാണ് സിപിഐ(എം) ചൈനയുടെ ഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്. ജനകീയ സംഘാടനം രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക ഈ സമ്മേളന നടത്തിപ്പിലെ ജനപങ്കാളിത്തമാണ്. ഒരു നാടിന്റെ വികാരമായി സമ്മേളനം മാറി. സിപിഐ(എം) അംഗങ്ങളും വര്‍ഗബഹുജനസംഘടനകളിലെ ഭൂരിപക്ഷം പേരും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് ഫണ്ടിലേയ്ക്കു നല്‍കി. സമ്മേളനത്തിനായി നാലുമാസമായി നടന്നുവരുന്ന തയ്യാറെടുപ്പ് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഓരോ ബ്രാഞ്ചിലെ അംഗങ്ങളുടെയും സജീവ അനുഭാവികളുടെയും കുടുംബയോഗങ്ങള്‍ ആദ്യം നടന്നു. അതിനെ തുടര്‍ന്ന് രണ്ടും മൂന്നും ബ്രാഞ്ചുകള്‍ സംയുക്തമായി അനുഭാവികളെയടക്കം പങ്കെടുപ്പിച്ചു വിപുലമായ കുടുംബയോഗങ്ങള്‍ നടന്നു. തുടര്‍ന്ന് പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവ പ്രാദേശിക അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. 'മാര്‍ക്‌സാണ് ശരി, സിപിഎമ്മാണ് ഉത്തരം' എന്നതായിരുന്നു ഈ പ്രചാരണ കാമ്പയിന്റെ വിഷയം. മൊത്തം 30 സെമിനാറുകള്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. ചിത്രകാരന്മാരും സംഗീതജ്ഞരും ശില്‍പികളും അടങ്ങുന്ന നൂറുകണക്കിന് കലാകാരന്മാര്‍ സമ്മേളനത്തെ ഹൃദ്യമായ അനുഭൂതിയാക്കി. ചരിത്രപ്രദര്‍ശനത്തില്‍ ഫോട്ടോകളും കുറിപ്പുകളും മാത്രമായിരുന്നില്ല. ചിത്രങ്ങളും ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുകളുമുണ്ടായി. മൂന്നു ലക്ഷത്തിലേറെപ്പേരാണ് പ്രദര്‍ശനം കണ്ടത്. ഇരുപത്തയ്യായിരം വാളണ്ടിയര്‍മാരടക്കം ലക്ഷങ്ങള്‍ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു. ഉജ്വലമായ ചരിത്രപാരമ്പര്യത്തില്‍ നിന്ന് വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാനുളള രാഷ്ട്രീയവും സംഘടനാപരവുമായ ഊര്‍ജം പാര്‍ട്ടി സഖാക്കള്‍ക്കു പകര്‍ന്നുകൊണ്ടാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിയിറങ്ങിയത്.

അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?


അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?



ഡിസംബര്‍ മാസത്തില്‍ അത്യപൂര്‍വമായ ഒരു സാമ്പത്തികപ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഏതാണ്ട് 20 രൂപയായിരുന്ന അരിവില ഒറ്റ മാസം കൊണ്ട് 45 - 50 രൂപയായി. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അരിയുടെ കാര്യത്തില്‍ ഇത്തരമൊരു വിലക്കയറ്റവുമില്ല. കേരളത്തില്‍ മാത്രമായി എങ്ങനെ അരിവില ഉയര്‍ന്നു? അരിയുടെ കയറ്റുമതി - ഇറക്കുമതിയുടെ മേലോ, അന്തര്‍സംസ്ഥാന നീക്കത്തിലോ ഒരു നിയന്ത്രണങ്ങളുമില്ല. സര്‍വസ്വതന്ത്ര കമ്പോളവ്യവസ്ഥ തന്നെ. എന്നിട്ടും കേരളത്തില്‍ മാത്രം അരിവില ഉയര്‍ന്നതെന്ത്? ഇതാണ് ചോദ്യം.

വില ഉയരണമെങ്കില്‍ രണ്ടിലൊന്ന് സംഭവിക്കണം. ഒന്ന്, ആവശ്യക്കാരുടെ എണ്ണം പെരുകണം. അല്ലെങ്കില്‍ രണ്ട്, ലഭ്യത കുത്തനെ കുറയണം. അരിക്കുളള ഡിമാന്റ് കുത്തനെ കൂടാന്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഒന്നും സംഭവിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍, അരി വാങ്ങാനുളള കഴിവ് കുറയുക മാത്രമേ സംഭവിച്ചിട്ടുളളൂ. ഇന്ത്യയില്‍ കനത്ത സാമ്പത്തിക മുരടിപ്പാണ്. സ്വാഭാവികമായി സാധാരണക്കാരുടെ പക്കലുളള പണം കുറയും. പണം കൈയിലുളള സമ്പന്നര്‍ക്കാകട്ടെ, അരി തിന്നുന്നതിനെക്കാള്‍ ഇഷ്ടം കൂടുതല്‍ ഉയര്‍ന്ന വിലയുളള മറ്റു ഭക്ഷ്യവസ്തുക്കളായിരിക്കും. അപ്പോള്‍ ഡിമാന്റിന്റെ വശം നോക്കിയാല്‍ അരിയുടെ വില താഴുകയാണ് വേണ്ടത്.

അപ്പോള്‍പ്പിന്നെ, വരള്‍ച്ചയോ വെളളപ്പൊക്കമോ വന്ന് ഇന്ത്യയില്‍ കൃഷിനാശം ഉണ്ടായി, അരിയുടെ ഉല്‍പാദനം പൊടുന്നനെ ഇടിഞ്ഞുവോ? കണക്കുകളെല്ലാം നേര്‍വിപരീതമാണ് പറയുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ കയറ്റുമതി കൂടിയിട്ടും സര്‍ക്കാരിന്റെ കൈയിലുളള അരിയുടെ സ്റ്റോക്ക് ഇപ്പോള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള സംഭരണം ഇല്ലെങ്കിലും ഇന്ത്യയുടെ ഇക്കൊല്ലത്തെ അരിശേഖരം മൂന്നു കോടി ടണ്ണാണ്. ഈ സംസ്ഥാനങ്ങളില്‍നിന്നുളളതുകൂടി ആകുമ്പോള്‍ അത് നാലു ടണ്ണാകും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15ശതമാനം കൂടുതല്‍. അരിയും ഗോതമ്പും കൂടി ചേര്‍ത്താല്‍ 7.1 കോടി ടണ്‍ ധാന്യം ശേഖരിച്ചു വെയ്ക്കാനുളള സൗകര്യമേ ഫുഡ് കോര്‍പറേഷനുളളൂ. വാങ്ങുന്ന അരി സൂക്ഷിക്കാന്‍ സൗകര്യമില്ല എന്നുളളതാണ് നില. സംഭരിച്ച അരിയുടെ 64 ശതമാനമേ ലിഫ്റ്റു ചെയ്തിട്ടുളളൂവെന്നും അതുകൊണ്ട് ഈ വര്‍ഷത്തെ സംഭരണത്തിന് കൂടുതല്‍ സമയം വേണമെന്നും ബീഹാര്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഗോഡൗണുകളില്‍ കുന്നകൂടുന്ന അരിയും ഗോതമ്പും ചീഞ്ഞുനാറി മൃഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കത്തിച്ചും കടലില്‍ത്താഴ്ത്തിയും നശിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ അരി ശേഖരത്തില്‍വന്ന കുറവല്ല, വിലക്കയറ്റത്തിനു കാരണം.

വിലക്കയറ്റം നേരിടാനല്ല, കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് ഉപയോഗിക്കുന്നത്. മാസാമാസം ലേലം വിളിച്ച് ഈ സ്റ്റോക്കു വില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമാണ്. കിട്ടിയ അരി പൂഴ്ത്തിവെച്ചുകൊണ്ട് ഇക്കൂട്ടരുണ്ടാക്കിയ കൃത്രിമക്ഷാമമാണ് പൊതുവിപണിയില്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മഴ മോശമായതുകൊണ്ട് റാബി വിളവിന്റെ ഉല്‍പാദനം നാലു ശതമാതനം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉല്‍പാദനം കുറയുമെന്ന് മുന്‍കൂട്ടി അറിഞ്ഞപ്പോള്‍ പൂഴ്ത്തിവെപ്പും തുടങ്ങി. അത്തരം പൂഴ്ത്തിവെപ്പിന്റെ അന്തരീക്ഷം മണത്തപ്പോള്‍ കേരളത്തിലെ മില്ലുടമകളും അരി പൂഴ്ത്തിവെച്ചു. ഈ പൂഴ്ത്തിവെപ്പു കാരണമാണ് അരിവില അസ്വാഭാവികമായി കുതിച്ചുകയറിയത്.

ഈ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കേരള സര്‍ക്കാരിനു മുന്നറിവുണ്ടായിരുന്നു. ഡിസംബറില്‍ കേരളത്തില്‍ അരിവില കൃത്രിമമായി ഉയര്‍ത്താന്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പു നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക ജിഹ്വയായ മലയാള മനോരമ തന്നെയാണ്. ഒക്‌ടോബര്‍ 12നാണ് മനോരമ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സപ്ലൈകോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതെക്കുറിച്ച് അറിവുലഭിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായ മൊത്തക്കച്ചവടക്കാരും മില്ലുടമകളുമാണ് ഈ പൂഴ്ത്തിവെപ്പിനു പിന്നിലെന്നും പൂഴ്ത്തിവെപ്പു നടത്തുന്ന അരിമില്ലുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ ശകാരിച്ചുവെന്നും വാര്‍ത്ത വെളിപ്പെടുത്തി.

നിയമസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയ മനോരമാ റിപ്പോര്‍ട്ട് ഞാനേതാണ്ട് പൂര്‍ണമായിത്തന്നെ വായിച്ചു. പൂഴ്ത്തിവെപ്പുകാരുടെ ശ്രമം വിജയിച്ചാല്‍ ഡിസംബര്‍ മാസത്തോടെ കേരളത്തിലെ പൊതുവിപണയില്‍ അരിവില 40-50 രൂപയായിത്തീരുമെന്ന് മനോരമ പ്രവചിച്ചകാര്യം വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അത്ഭുതംകൂറി. പക്ഷേ, തങ്ങളുടെ ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വിശദമായി ചര്‍ച്ചയ്‌ക്കെടുത്ത കാര്യം വിസ്മയകരമെന്നു പറയട്ടെ, പിറ്റേദിവസത്തെ മനോരമയില്‍ കണ്ടതേയില്ല.

മനോരമ റിപ്പോര്‍ട്ടു വന്നിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അരിമില്ലുകളും മൊത്ത വിതരണ ഏജന്‍സികളുടെ ഗോഡൗണുകളും റെയ്ഡ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മനോരമ റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടിട്ടും ഒരു പരിശോധനയും നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ അച്ചടക്കനടപടികളും സ്ഥലംമാറ്റവും നേരിട്ട ഉദ്യോഗസ്ഥരെല്ലാം സമീപകാലത്ത് അവരുടെ തസ്തികകളില്‍ തിരിച്ചെത്തിയതിനു പിന്നില്‍ റേഷന്‍ റാക്കറ്റിന്റെ സാമ്പത്തികസ്വാധീനവുമുണ്ട് എന്നും മനോരമ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സ്ഥലം മാറ്റത്തിനും റേഷനരി തിരിമറി ചെയ്യുന്നതിനുമെല്ലാം സിവില്‍ സപ്ലൈസ് മന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് തന്നെ പരസ്യമായി ആരോപണമുന്നയിച്ചു.

എന്താണ് നടന്നിരിക്കുക? കേരളീയര്‍ക്ക് ഇഷ്ടപ്പെട്ട ആന്ധ്രാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അരിയുടെ കേരളത്തിലേയ്ക്കുളള വരവു കുറഞ്ഞു. അതിനു മുഖ്യകാരണം, ചില മില്ലുടമകളും മൊത്തക്കച്ചവടക്കാരും മാസങ്ങള്‍ക്കു മുമ്പേ മുന്‍കൂര്‍ തുക നല്‍കി അരിയുടെ സ്റ്റോക്കു മുഴുവന്‍ കൈവശപ്പെടുത്തിയതാണ്. ഊഹക്കച്ചവടം സര്‍ക്കാര്‍ തന്നെ ധാന്യമേഖലയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തില്‍ സ്റ്റോക്കു മുഴുവന്‍ മുന്‍കൂറായി കൈവശപ്പെടുത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയും ഈ ഗൂഢസംഘത്തിന്റെ കൈവശം തന്നെയാണ് എത്തിച്ചേരുന്നത്. ഇതാണ് സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പൂഴ്ത്തിവെപ്പ്.

ഡിസംബര്‍ മാസമായപ്പോഴേയ്ക്കും കമ്പോളത്തിലേയ്ക്കുളള അരിയുടെ വരവു കുറഞ്ഞു. വില ഉയരാന്‍ തുടങ്ങി. വില ഉയരാന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. അവരും കൂടുതല്‍ വാങ്ങാന്‍ പരിശ്രമിച്ചു. അരിവില വാണം പോലെ ഉയര്‍ന്നു. ഏതാണ്ട് ഒരുമാസക്കാലം 15-20 രൂപയ്ക്ക് സംഭരിച്ച അരി മുഴുവന്‍ 40 - 50 രൂപയ്ക്ക് വിറ്റ് പൂഴ്ത്തിവെപ്പ് ഗൂഢസംഘം ഏതാണ്ട് 100 കോടി രൂപയോളം കൈക്കലാക്കി. കേരളചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊളളയടിക്കുക. ഇതില്‍ യുഡിഎഫ് നേതൃത്വത്തിന് കമ്മിഷനായി എന്തുകിട്ടി എന്നു മാത്രമേ ഇനി അറിയേണ്ടൂ.
ദേശീയസംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പുതിയ നയത്തിന്റെ ഫലമാണ് ഈ നിഷ്‌ക്രിയത്വം. കമ്പോളത്തെ സര്‍ക്കാര്‍ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്. വില കൂടുന്നതിലോ കുറയുന്നതിലോ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അരിവിപണിയില്‍ നാലോ അഞ്ചോ രൂപയുടെ വില വര്‍ദ്ധനയുണ്ടായാല്‍ കേരളത്തില്‍ 20-25 രൂപ വരെ ഒറ്റയടിച്ചു കുതിച്ചുകയറുന്ന വിലക്കയറ്റപ്രതിഭാസത്തിന് ഈ നയമാണ് കാരണം.

അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുളളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയൊട്ടാകെ 3 രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്. ആ വാഗ്ദാനം നടപ്പാക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം എന്നു പാസാക്കുമെന്ന് നിശ്ചയമില്ല. നടപ്പാക്കുന്ന പഞ്ഞമാസങ്ങളില്‍ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമാകാനാണ് ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ഇത് വിതരണം ചെയ്താണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത്.

വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ, കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ വിചിത്രമായ ഒരു വാദം ഉന്നയിച്ചു. കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 11 രൂപയില്‍ നിന്ന് 17 രൂപയാക്കിയപ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുന്നുണ്ടെന്നും ഈ വിലക്കയറ്റത്തിനു കാരണം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദവും മലയാളമനോരമയുടെ ഒക്‌ടോബര്‍ 12 റിപ്പോര്‍ട്ട് പൊളിക്കുന്നു. നാം മില്ലില്‍ കൊടുക്കുന്ന അരിയല്ല, കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതുമുഴുവന്‍ പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല, റേഷന്‍ വിതരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിയുടെ നാല്‍പതുശതമാനവും പോകുന്നത് പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ്.

കേരളത്തിന്റെ റേഷന്‍വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 1,14,000 ടണ്‍ അരി ഒരു മാസം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 30,000 ടണ്‍ മാത്രം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ദാരിദ്ര്യനിര്‍മ്മാര്‍ജനം മാത്രം ലക്ഷ്യമിട്ടുളളതല്ല. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് നെല്ലുല്‍പാദനം. ഇങ്ങനെയുള്ളൊരു സംസ്ഥാനത്ത് അലുവാലിയ സിദ്ധാന്തം അനുസരിച്ച് കമ്പോളത്തെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ എന്തുണ്ടാകും എന്നുളളതിന് തെളിവാണ് ഡിസംബര്‍ മാസത്തിലുണ്ടായ അരിവിലക്കയറ്റം. എല്ലാം സാധാരണഗതിയില്‍ നടക്കുമ്പോഴേ, അരി വാങ്ങാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ദേശീയ കമ്പോളത്തില്‍ ഒരു ഞെരുക്കം വരാനുളള സാധ്യതയുണ്ടെന്നു വന്നാല്‍ ഇപ്പോഴെന്നപോലെ പിടിവിട്ടുപോകും.

ഈ വിലക്കയറ്റം വരാന്‍പോകുന്ന വിപത്തിന്റെ സൂചനയാണ്. വാള്‍മാര്‍ട്ടും മറ്റും വന്നാല്‍ കൃഷിക്കാര്‍ക്കു നല്ല വില കിട്ടുമെന്നാണല്ലോ പറയുന്നത്. കൃഷിക്കാര്‍ക്കല്ല, കുത്തകകള്‍ക്കാണ് വില കിട്ടാന്‍ പോകുന്നത്. ബഫര്‍ സ്റ്റോക്കുണ്ടായിട്ടും സ്ഥിതി ഇതാണ്. ഇനി അതില്ലാതാക്കി അരിയ്ക്കു പകരം കാശു കൊടുക്കുന്ന റേഷന്‍ സമ്പ്രദായം കൂടി കൊണ്ടുവന്നാല്‍ പിന്നെ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുളളൂ.

കണ്‍തുറന്നു കാണാന്‍, കരളുറച്ച് എതിര്‍ക്കാന്‍


കണ്‍തുറന്നു കാണാന്‍, കരളുറച്ച് എതിര്‍ക്കാന്‍


കുന്നമംഗലം: മായക്കാഴ്ചകളില്‍ മയങ്ങുന്നവര്‍ക്ക് തിരിച്ചറിവിന്റെ പുതിയ പാഠം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി ശാസ്ത്ര കലാജാഥ. ആസക്തിയുടെ പരക്കംപാച്ചിലില്‍ ഇരുളടഞ്ഞുപോയ മനസ്സുകളില്‍ ഇത്തിരി വെട്ടം കൊളുത്തി വെക്കുകയാണ് അത്. ചുറ്റുപാടുകളിലെ പൊള്ളുന്ന അനുഭവങ്ങളിലേക്ക് കണ്ണുതുറക്കാന്‍, സ്വയം കണ്ടെത്താന്‍, അസമത്വങ്ങള്‍ ചോദ്യംചെയ്യാന്‍ ജാഥ ആഹ്വാനംചെയ്യുന്നു. ജനുവരി 26ന് ഉദ്ഘാടനംചെയ്ത രണ്ടു ജാഥകളാണ് സംസ്ഥാനത്ത് പ്രയാണം തുടരുന്നത്. തൃശൂരില്‍നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥയാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലെ പര്യടനത്തിനുശേഷം ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നത്.

നിലനില്‍പ്പിനായി നിരന്തരം പോരാടി പ്രതിസന്ധികളെ മുറിച്ചുകടന്ന് മനുഷ്യന്‍ മുന്നേറിയ കഥ പറയുന്ന "ഏകലവ്യന്റെ പെരുവിരല്‍", അധ്വാനത്തിന്റെ മഹത്വം വ്യക്തമാക്കുന്ന "ഒരു ചോദ്യം" ലക്ഷങ്ങള്‍ ഇന്നും ദുരിതത്തിന്റെ നാക്കിലകളില്‍ കിടന്ന് പിടയുമ്പോള്‍ വികസനത്തിന്റെ പേരില്‍ അധികാരിവര്‍ഗം നടത്തുന്ന ചൂഷണം തുറന്നുകാട്ടുന്ന "ഒത്തുകളി", ആസക്തിയുടെ ഇരകളായി ഇന്നും വീണുപിടയുന്ന പെണ്‍ജന്മങ്ങള ഓര്‍മപ്പെടുത്തുന്ന "കന്യാഭൂമി", "അവര്‍ നമ്മുടെ മുഖത്ത് തുപ്പുന്നു", "അവരെ നമുക്കറിയാം" എന്നീ കലാരൂപങ്ങളെല്ലാം ഹൃദയത്തില്‍ തൊടുന്നവയാണ്. മൂന്നിന് നാദാപുരം പെരുമുണ്ടശേരി, പേരാമ്പ്ര ടൗണ്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കും. വേങ്ങേരി തടമ്പാട്ടുതാഴം കണ്ണാടിക്കല്‍ റോഡില്‍ നേതാജി വായനശാലക്കു സമീപമാണ് പരിപാടി. കരിവെള്ളൂര്‍ മുരളി, മുല്ലനേഴി, പനങ്ങാട് പി കെ തങ്കപ്പന്‍ പിള്ള, പി കെ ശിവദാസ്, കുഞ്ഞപ്പ പട്ടാന്നൂര്‍, എം എം സചീന്ദ്രന്‍ എന്നിവരുടേതാണ് രചനകള്‍. നാലിന് നന്മണ്ട, ബാലുശേരി, കൂഴക്കോട് എന്നിവിടങ്ങളിലാണ് സ്വീകരണങ്ങള്‍. അഞ്ചിന് കാരശേരിയിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.

പരിഷത്ത് കലാജാഥ: കനലെരിയുന്ന കാലത്തിലേക്ക് കണ്‍തുറന്ന്...

പെരിന്തല്‍മണ്ണ: സ്ത്രീയുടെ സമകാലികാവസ്ഥകളെ തീവ്രമായി അവതരിപ്പിച്ച് പരിഷത്ത് കലാജാഥ ജില്ലയില്‍ പര്യടനം തുടരുന്നു. മണ്ണിനെയും പെണ്ണിനെയും സ്വന്തമാക്കി അധികാരത്തിന്റെ ഭോഗാലസതകളില്‍ മുങ്ങിനശിക്കുന്ന മാനവികതയെ നേരിലേക്ക് നയിക്കുന്ന ലഘുനാടകങ്ങളാണ് കലാജാഥയിലുള്ളത്. മലിനമാകുന്ന പുഴ, ഇല്ലാതാകുന്ന പ്രകൃതിവിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധിയും പാട്ടുകളില്‍ നിറയുന്നു. പരിഷത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള വടക്കന്‍ മേഖലാ ജാഥയ്ക്ക് വെള്ളിയാഴ്ച എരവിമംഗലം, വളാഞ്ചേരി, എടക്കര എന്നിവിടങ്ങളില്‍ സ്വീകരണംനല്‍കി. എരവിമംഗലത്ത് ജില്ലാ പ്രസിഡന്റ് വേണുപാലൂര്‍ അധ്യക്ഷനായി. ആദ്യകാല പ്രവര്‍ത്തകരായ വി എം കൊച്ചുണ്ണി, കെ കെ നായര്‍, കെ പി യൂസഫ്, കെ ദാമോദരന്‍ നമ്പൂതിരി, സൂര്യനാരായണന്‍, പി ജാനകി, കെ നാരായണന്‍കുട്ടി എന്നിവരെ പാലക്കീഴ് നാരായണന്‍, ഡോ. കെ പി മോഹനന്‍, എം എസ് മോഹനന്‍, സജിജേക്കബ്ബ്, കെ പി രാമകൃഷ്ണന്‍ എന്നിവര്‍ ഉപഹാരംനല്‍കിആദരിച്ചു. എം ഗോപാലന്‍, പി രമേഷ്കുമാര്‍, സി പി സുരേഷ്ബാബു, എം കെ ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. സുനില്‍ പെഴുങ്കാട് സ്വാഗതവും ടി പി അച്യുതന്‍ നന്ദിയും പറഞ്ഞു. വളാഞ്ചേരിയില്‍ ജാഥാ മാനേജര്‍ സി പി സുരേഷ്ബാബു, ക്യാപ്റ്റന്‍ കെ പി രാമകൃഷ്ണന്‍, കെ പ്രേംരാജ്, വി പി അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ സ്വീകരണത്തിന്റെ ഭാഗമായി വളാഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും "പുസ്തകപ്പൂമഴ" വിതരണംചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് എടവണ്ണയിലാണ് ആദ്യസ്വീകരണം. 3 -മലപ്പുറം ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയം, 6-പരപ്പനങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.

deshabhimani 020213

സാഗരത്തിന്റെ ഗാംഭീര്യവും നീരുറവയുടെ സൗമ്യതയുമുള്ള നേതാവ്


സാഗരത്തിന്റെ ഗാംഭീര്യവും നീരുറവയുടെ സൗമ്യതയുമുള്ള നേതാവ്


സാഗരത്തിന്റെ ഗാംഭീര്യവും നീരുറവയുടെ സൗമ്യതയും കൈമുതലാക്കിയ നേതാവാണ് തെലങ്കാന സമരപോരാളിയായ പി സുന്ദരയ്യ. അദ്ദേഹത്തിന്റെ ജീവിതമാതൃക പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സിപിഐ എം നേതൃത്വത്തില്‍ ജന്മശതാബ്ദി ആഘോഷിക്കുന്നത്. മൂന്നിന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുക.

എല്ലാവരും ഒരുപോലെ ജീവിക്കുന്ന നല്ലൊരു നാളെ പടുത്തുയര്‍ത്താനുള്ള പോരാട്ടത്തിനിടയില്‍ തങ്ങള്‍ക്കു സ്വന്തമായി കുട്ടികള്‍പോലും വേണ്ടെന്ന് സുന്ദരയ്യയും പത്നിയും തീരുമാനിച്ചു. തങ്ങളുടെ പിന്തുടര്‍ച്ചക്കാരായി പാര്‍ടിപ്രവര്‍ത്തകരും ജനങ്ങളും മതിയെന്നായിരുന്നു തീരുമാനം. പുതിയ തലമുറയിലെ ആരെങ്കിലും ഇത്തരം തീരുമാനമെടുക്കുകയാണെങ്കില്‍ ഭാര്യയുമായി പല തവണ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ നിര്‍ദേശിക്കുന്നു. കാരണം ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണമാകുന്നത് അമ്മകൂടിയാവുമ്പോഴാണ്. അതിനാല്‍ ഭാര്യയുടെ പൂര്‍ണസമ്മതം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. അതുപോലെ ജീവിത സമ്പാദ്യംമുഴുവന്‍ അദ്ദേഹം പാര്‍ടിക്ക് സമര്‍പ്പിച്ചു. സിപിഐ എം ജനറല്‍സെക്രട്ടറിയായി 12 വര്‍ഷത്തോളം അദ്ദേഹം പാര്‍ടിയെ നയിച്ചു. പുതിയ കേഡര്‍മാരെ കണ്ടെത്താനും പഴയ കേഡര്‍മാരെ തട്ടിയുണര്‍ത്താനും കഴിയുന്ന അപാര സംഘടനാശേഷിയുള്ള ഒരാളും അഭ്യന്തരസമരത്തിന്റേതായ ഘട്ടത്തില്‍ ഒരിടത്ത് ഉറച്ചുനിന്നു. വ്യക്തമായ തീരുമാനത്തിലെത്തിച്ചേര്‍ന്ന ഒരാളുമായിരിക്കണം പുതിയ ജനറല്‍സെക്രട്ടറിയെന്ന അഭിപ്രായമാണ് 1964ല്‍ പാര്‍ടി രൂപീകരിക്കപ്പെടുമ്പോള്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുന്നതിന് വഴിതെളിച്ചത്. തെലങ്കാനസമരവും നൈസാമുമായുള്ള സായുധപോരാട്ടങ്ങളില്‍ വഹിച്ച ധീരമായ നേതൃത്വവും കണക്കിലെടുത്ത് ആന്ധ്രയിലെ സഖാക്കള്‍തന്നെയാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവച്ചത്.

പാര്‍ടിചുമതലയുമായി നിരവധിതവണ അദ്ദേഹം കേരളത്തില്‍വന്നിട്ടുണ്ടെങ്കിലും കയ്യൂര്‍ സഖാക്കളെ തൂക്കിക്കൊല്ലുന്നതിന് കുറച്ചുദിവസംമുമ്പ് പി സി ജോഷി, കൃഷ്ണപ്പിള്ള എന്നിവരോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ അനുഭവം അവിസ്മരണീയമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ധീരരായ കയ്യൂര്‍ സഖാക്കള്‍ ഒരു പതര്‍ച്ചയും കൂടാതെ പറഞ്ഞു:- ""സഖാക്കളെ ഞങ്ങളെച്ചൊല്ലി വ്യസനിക്കരുത്. ഞങ്ങളുടെ കടമ നിര്‍വഹിച്ചുവെന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. എന്തുചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളു. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചുമുന്നേറാന്‍ സഖാക്കളോട് പറയുക. നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തിലേക്ക് പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്"".

2013 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ചില രസകരമായ കാര്യങ്ങള്‍ തുടര്‍ന്നു വായിക്കൂ.

വാരഫലങ്ങള്‍, വര്‍ഷഫലങ്ങള്‍, ജാതകം നോക്കി ഫലം പറയല്‍, കൈനോട്ടം, പക്ഷിശാസ്ത്രം, മുഖം നോക്കി ഭൂതവും ഭാവിയും പറയല്‍... ഇവിയില്‍ പലതിലും സത്യമില്ലേ എന്നു സംശയിക്കാത്തവര്‍ ചുരുങ്ങും. “ആ ജ്യോത്സ്യന്‍/കൈനോട്ടക്കാരന്‍ എന്നെക്കുറിച്ചു പറഞ്ഞതെല്ലാം അച്ചട്ടാ” എന്ന് നിങ്ങള്‍ തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ?
ഇതിന്റെ പിറകിലെ മനഃശ്ശാസ്ത്രത്തെക്കുറിച്ച് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇല്ലെങ്കില്‍ ചില രസകരമായ കാര്യങ്ങള്‍ തുടര്‍ന്നു വായിക്കൂ.

Forer effect :

ഒരുപാടാളുകളെ സംബന്ധിച്ച് സത്യമാകാവുന്ന ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ തന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരമസത്യം എന്ന് ചിന്തിക്കാന്‍ ഉള്ള ഒരു വ്യക്തിയുടെ പ്രവണതയെയാണ് ഫോറര്‍ എഫക്ട് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.

Bertram R. Forer എന്ന അമേരിക്കന്‍ മനഃശ്ശാസ്ത്രജ്ഞനാണ് ഈ പ്രവണതയെ ആദ്യമായി തിരിച്ചറിഞ്ഞത്. തന്റെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണ് ഫോറര്‍ എഫക്ടിന്റെ കണ്ടുപിടിത്തത്തിനു വഴി തെളിച്ചത്. താഴെ പറയുന്ന തരത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

You have a need for other people to like and admire you, and yet you tend to be critical of yourself. While you have some personality weaknesses you are generally able to compensate for them. You have considerable unused capacity that you have not turned to your advantage. Disciplined and self-controlled on the outside, you tend to be worrisome and insecure on the inside. At times you have serious doubts as to whether you have made the right decision or done the right thing. You prefer a certain amount of change and variety and become dissatisfied when hemmed in by restrictions and limitations. You also pride yourself as an independent thinker; and do not accept others' statements without satisfactory proof. But you have found it unwise to be too frank in revealing yourself to others. At times you are extroverted, affable, and sociable, while at other times you are introverted, wary, and reserved. Some of your aspirations tend to be rather unrealistic.
(ഫേസ്ബുക്കിലെയും ഓര്‍കുട്ടിലേയും പേഴ്സണാലിറ്റി ടെസ്റ്റുകളുടെ റിസള്‍ട്ട്, വാരഫലം , കമ്പ്യൂട്ടര്‍ ജാതകക്കുറിപ്പ് ഇവയിലെ ഉള്ളടക്കവുമായി സാമ്യം തോന്നുന്നുവോ? :))

ഈ കുറിപ്പ് നല്‍കിയ ശേഷം ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം/വ്യക്തിത്വവുമായി എന്തുമാത്രം സാദൃശ്യം തോന്നുന്നുവെന്ന് 0 മുതല്‍ 5 വരെ മാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ( 0 ഒട്ടുമില്ല. 5 വളരെയധികം).
1948 ഇല്‍ ആദ്യമായി അദ്ദേഹം ഈ പരീക്ഷണം നടത്തിയപ്പോള്‍ ക്ലാസിലെ വിദ്യാര്‍ത്തികളുടെ ശരാശരി 4.26 ആയിരുന്നു. ഈ പരീക്ഷണം നൂറുകണക്കിനു തവണ ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോഴും ശരാശരി 4.2 നു അടുത്ത് തന്നെയായി തുടരുന്നു (84% ).

ഓരോരുത്തരുടെയും വ്യക്തിത്വത്തെ തനിക്കളക്കാന്‍ കഴിയുന്നുവെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് ചിന്തിക്കുവാന്‍ ഫോറര്‍ക്ക് കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫോറര്‍ ചെയ്തത് ഒരു പത്രത്തിലെ അസ്ട്രോളജി കോളത്തില്‍ നിന്നും എടുത്ത വാചകങ്ങളെഎല്ലാ രാശിക്കാര്‍ക്കും ഒരേ പോലെ കൊടുക്കുകയായിരുന്നു.

നാളെയെക്കുറിച്ചുള്ള പ്രതീക്ഷ, ഭാവിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ എന്നീ രണ്ട് മനോഗുണങ്ങളാണ് ഇത്തരം അസ്ട്രോളജിക്കല്‍ ഫലപ്രവചനങ്ങളെ ശരിയെന്നു തോന്നിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നത്. വെറും സൈക്കോളജിക്കല്‍ തട്ടിപ്പ്. ഈ തട്ടിപ്പ് ഇന്നും അനുസ്യൂതം തുടരുന്നു :)

Subjective Validation:

ജ്യോതിഷി, കൈനോട്ടക്കാരന്‍ തുടങ്ങിയവര്‍ പറയുന്ന വാചകങ്ങളെ തന്നെസ്സംബന്ധിച്ചേടത്തോളം വ്യക്തിപരമായി ശരിയാ‍ണെന്ന് ഒരു വിശ്വാസിയെക്കൊണ്ട് ചിന്തിപ്പിക്കുന്ന പ്രവര്‍ത്തിയെയാണ് സബ്ജക്ടീവ് വാലിഡേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാഥമികമായ ആവശ്യം (Basic requirement) ജ്യോതിഷിയുടെ മുന്‍പില്‍ ഇരിക്കുന്ന വ്യക്തി വിശ്വാസി ആയിരിക്കേണം എന്നതാണ്. ജ്യോതിഷി പറയുന്ന സാമാന്യ വാചകത്തിനു സത്യത്തില്‍ മുന്നിലിരിക്കുന്ന വ്യക്തിയുടെ ജീവിതമായോ വ്യക്തിത്വവുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കില്‍ കൂടി ആ വാചകം ശരിയാവാന്‍ വേണ്ടിയുള്ള എന്തെങ്കിലും ഒരു സംഭവം വിശ്വാസി താനേ ഓര്‍മിച്ചെടുക്കുന്നു.

ഉദാ:-

ജ്യോതിഷി പറയുന്നു. മുപ്പത് വയസു മുന്‍പേ പൂര്‍വീകരുടെ സമ്പത്ത് അനുഭവിക്കാന്‍ ഇടവരും.
വിശ്വാസിയുടെ വീട്ടില്‍ ഭാഗം വെയ്ക്കല്‍ നടക്കുകയോ സ്വത്ത് കൈമാറ്റം നടക്കുകയോ ഒന്നും സംഭവിച്ചിട്ടില്ല ഇതു വരെ. എങ്കിലും ജ്യോതിഷി പറയുന്നത് എപ്പോഴെങ്കിലും ശരിയായോ എന്ന് വിശ്വാസി മനസില്‍ പരതിക്കൊണ്ടേയിരിക്കുന്നു. അപ്പോഴാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ തന്റെ പ്രിയപ്പെട്ടെ ഫൌണ്ടെയ്ന്‍ പേന തനിക്ക് സമ്മാനമായി തന്നത് വിശ്വാസിക്ക് ഓര്‍മ വരുന്നത്. ജ്യോത്സ്യന്‍ പറഞ്ഞതെത്ര ശരിയായി!

Selective memory:

ജ്യോത്സ്യനും കൈനോട്ടക്കാരനും മറ്റും ഭൂതം പറയുമ്പോള്‍ ശരികള്‍ മാത്രം ഓര്‍മയിലെത്തുകയും തെറ്റായിപ്പറഞ്ഞവ ഒഴിവാക്കപ്പെടുകയും ചെയ്യുന്നതാണ് സെലക്ടീവ് മെമ്മറി. സബ്ജക്ടീവ് വാലിഡേഷന്റെ പ്രധാനകാരണങ്ങളിലൊന്ന് സെലക്ടീവ് മെമ്മറിയാണ്.


Confirmation Bias:

തന്റെ വിശ്വാസത്തെ ശരി വെയ്ക്കുന്ന കാര്യങ്ങളെ കൃത്യമായി ശ്രദ്ധിക്കുകയും അതേ സമയം വിശ്വാസത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുകയും ചെയ്യുന്ന മനുഷ്യമനസിന്റെ പ്രത്യേകതയെ കണ്‍ഫേമേഷന്‍ ബയസ് എന്ന് വിളിക്കാം.

ഉദാ:-
ഒരു കാര്യത്തിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മുന്‍പില്‍ ആദ്യം പശുവിനെ ലക്ഷണമായി കാണുന്നത് ശുഭകരമാണ് എന്ന് ഒരാള്‍ വിശ്വസിക്കുന്നു എന്നിരിക്കട്ടെ. അങ്ങിനെ പത്തു തവണ പുറത്ത് പോയപ്പോളെല്ലാം മുന്‍പില്‍ പശു വന്ന് പെടുകയും അതില്‍ നാലു തവണ കാര്യസാദ്ധ്യമുണ്ടാവുകയും ആറ് തവണ കാ‍ര്യങ്ങള്‍ താറുമാറാവുകയും ചെയ്തു എന്നു കരുതുക. വിശ്വാസിയെസ്സംബന്ധിച്ചേടത്തോളം നാലു തവണ കാര്യം നടന്നത് മാത്രം കൃത്യമായി ഓര്‍മ വെയ്ക്കുകയും പശു നല്ല കണിയാണ് എന്ന തന്റെ വിശ്വാസം ശരിയെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.
എന്ന് മാത്രമല്ല പലപ്പോഴും മറ്റാറ് തവണത്തെ പരാജയത്തിനും മറ്റെന്തെങ്കിലും കാരണം കണ്ട് പിടിക്കുകയും ചെയ്യും. ഉദാ: ഒരു തവണ കറുത്ത പൂച്ച വട്ടം ചാടി, രണ്ടാ‍മത്തെ തവണ മകന്‍ പുറകില്‍ നിന്ന് വിളിച്ചു അങ്ങനെയങ്ങനെ.

ഇതു പോലെ വിശ്വാസത്തെ ശരിവെയ്ക്കുന്നവയെ മാത്രം ഉള്‍ക്കൊള്ളുകയും അല്ലാത്തവയെ ബോധപൂര്‍വമോ അല്ലാതെയോ തള്ളിക്കളയുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് കണ്‍ഫമേഷന്‍ ബയസ്.

ആധുനിക കേരളത്തിനു് അടിത്തറ


സി പി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജനങ്ങളെ അണിനിരത്തി ആരംഭിച്ച ഐതിഹാസികമായ ഭൂസമരം ആവശ്യങ്ങളോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണല്ലോ. 1970-കളിലെ മിച്ചഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരം കേരളം കണ്ടിട്ടില്ല. ഈ സമരത്തിന്റെ തീക്ഷ്ണതയും അതിന്റെ പിന്നിലുള്ള ആത്മവിശ്വാസവും എന്നും ഭൂസ്വാമിമാരെ 'സ്വാമി'മാരായി മാത്രം കണ്ടു ശീലമുള്ള ഇന്നത്തെ ഭരണവര്‍ഗത്തിനെ ഞെട്ടിച്ചിട്ടുണ്ട് എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മിനെ കുറ്റം പറഞ്ഞു മാത്രം ശീലമുള്ള അനുഭവഹീനരായ മറ്റൊരു വിഭാഗത്തിനാകട്ടെ ആകെക്കൂടി വെപ്രാളവും മോഹഭംഗവും. ഇവരില്‍ മഞ്ഞപ്പിത്തം പോലെ കമ്മ്യൂണിസ്റ്റു-വിരുദ്ധത കൊണ്ട് നടക്കുന്നവരുണ്ട്; സ്വത്വവാദത്തിന്റെ ധര്‍മോപദേശകരുണ്ട്‌; നല്ല ഉദ്ദേശ്യത്തോടു കൂടിയവരെങ്കിലും വഴിപിഴച്ചു പോയവരുണ്ട്. ഇവരെല്ലാം കൂടി ചേര്‍ന്ന് ഈ ഭൂസമരത്തെ ഇകഴ്ത്താന്‍ ആവേശം കൊള്ളുകയാണ്.
ഇവരുടെ പലവിധ ആരോപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ കാണുകയും വായിക്കുകയും ചെയ്യാം. ഒന്നാമതായി, സി പി എമ്മിന് ഒരു കാലത്തും ഭൂപരിഷ്ക്കരണത്തോട് ആത്മാര്‍ഥത ഉണ്ടായിരുന്നില്ല; ഇന്ന് പറയുന്നതെല്ലാം "ഭൂപരിഷ്കരണത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍" ആണ്. രണ്ടാമതായി, വലതുപക്ഷം ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ത്തപ്പോഴൊക്കെ ഇടതുപക്ഷം കയ്യുംകെട്ടിയിരിക്കുകയായിരുന്നു; പിന്നീട് ഭരണത്തില്‍ വന്നപ്പോഴൊന്നും അത് തിരുത്താന്‍ ഒന്നും ചെയ്തില്ല. ഇത്തരത്തിലുള്ള പലവിധമായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റു-വിരുദ്ധത എന്ന ഒറ്റ വികാരത്തില്‍ നിന്നും രൂപം കൊള്ളുമ്പോള്‍ പൊതുമണ്ഡലത്തിനു കൈമോശം വരുന്നത് ചരിത്രബോധവും, അതില്‍ നിന്നുമുണ്ടാവേണ്ട സത്യത്തോടും വസ്തുതകളോടുമുള്ള അടിസ്ഥാന ബഹുമാനവുമാണ്. സത്യവും വസ്തുതകളും കൂടുതല്‍ ശക്തിയായി ജനങ്ങളോട് പറയുക എന്ന ഒറ്റ വഴിയേ ഇതിനു പോംവഴിയായുള്ളൂ.
ആധുനിക കേരളത്തിനു് അടിത്തറ
ആധുനിക കേരളത്തിനു് അടിത്തറ പാകിയത്‌ ഭൂപരിഷ്ക്കരണമായിരുന്നു. തിരുവിതാംകൂറില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തന്നെ ഭൂപരിഷ്ക്കരണ നടപടികള്‍ ആരംഭിച്ചിരുന്നു. 1885-ലെ പട്ടം പ്രഖ്യാപനവും 1896-ലെ ജന്മി-കുടിയാന്‍ നിയമവും ജന്മിമാരെ നിയന്ത്രിക്കുന്നതിനും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കാനുമുള്ള നടപടികളായിരുന്നു. അതേ പോലെ, കൊച്ചിയില്‍ 1914-ലെയും 1938-ലെയും കുടിയാന്‍ നിയമങ്ങള്‍, 1943-ലെ വെറുംപാട്ടക്കാരന്‍ നിയമം എന്നിവ മുഖ്യമായും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കാനായിരുന്നു.
"പ്ലാന്റേഷനുകളെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കാത്ത ബില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രശ്നമില്ലായിരുന്നു. 1950-കളിലെ ദേശീയ വികസന കൌണ്‍സില്‍ യോഗങ്ങളിലെല്ലാം തന്നെ കേന്ദ്ര പ്ളാനിങ്ങ് മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇത് സംശയങ്ങളില്ലാത്ത വിധം സംസ്ഥാനങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു."
ഈ നിയമങ്ങളിലൊന്നിലും കൃഷിഭൂമി കൈവശം വെക്കുന്നതിനു പരിധിയോ, ഭൂരഹിത കര്‍ഷകത്തൊഴിലാളിക്ക് ഭൂമി നല്‍കുന്ന വിഷയമോ കടന്നു വന്നിരുന്നേയില്ല. അത് കൊണ്ട് തന്നെ, തിരുവിതാംകൂറിലോ കൊച്ചിയിലോ വന്‍കിട ഭൂസ്വാമിമാരുടെ സാമ്പത്തിക-രാഷ്ട്രീയ മേല്‍ക്കോയ്‌മയെ ദുര്‍ബലപ്പെടുത്താന്‍ ഈ നിയമങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. മലബാറിലാകട്ടെ, കാണക്കാര്‍ക്ക് അനുകൂലമായ ഒരു നിയമം 1930-ല്‍ വന്നതൊഴിച്ചാല്‍ വെറുംപാട്ടക്കാരുടെ വിഷയം തന്നെ പൂര്‍ണമായും അവഗണിക്കപ്പെട്ടിരുന്നു. 1950-ല്‍ പോലും മലബാറിലെ ജന്മിത്തം അതിന്റെ എല്ലാ ഭീകരതയിലും നിലനിന്നിരുന്നു.
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തില്‍ 1940-കളിലെ കേരള സമൂഹത്തെ 'ജാതി-ജന്മി-നാടുവാഴി സമൂഹം' എന്ന് വിളിക്കുന്നതാണ് ഉചിതം. ഭൂമിക്കു മേലുള്ള ഒരു ചെറിയ വിഭാഗത്തിന്റെ ആധിപത്യം ഒരു സാമ്പത്തിക വിഷയം മാത്രമല്ല എന്നാണു ഇ എം എസ് വിലയിരുത്തിയത്. സാമ്പത്തിക രംഗത്ത് ജന്മിയുടെയും ഭൂപ്രമാണിയുടെയും, സാമൂഹ്യ രംഗത്ത് സവര്‍ണരുടെയും, രാഷ്ട്രീയ രംഗത്ത് നാടുവാഴികളുടെയും ആധിപത്യമായിരുന്നു അന്നത്തെ കേരള സമൂഹത്തിന്റെ സവിശേഷത. ഈ ആധിപത്യങ്ങളുടെ ഭൌതിക അടിത്തറ ഭൂമിക്കു മേലുള്ള ആധിപത്യം തന്നെയായിരുന്നു.
സമഗ്രമായ ഭൂപരിഷ്കരണം വഴിയല്ലാതെ, ഭൂമിയുടെ പുനര്‍വിതരണത്തിലൂടെയല്ലാതെ, നാട്ടിന്‍പുറങ്ങളിലെ ജനാധിപത്യവല്‍ക്കരണം അസാധ്യമാണ് എന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആരംഭം മുതല്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ് തന്നെയായിരുന്നു 1957-ല്‍ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ സര്‍ക്കാരിന് മാര്‍ഗദര്‍ശി. കേരളത്തില്‍ മുഴുവനായി ഐകരൂപ്യമുള്ള ഒരു ഭൂപരിഷ്കരണ നിയമം കൊണ്ട് വന്നു നടപ്പില്‍ വരുത്തേണ്ട കടമ ആ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഒന്നാം ഇ എം എസ് സര്‍ക്കാര്‍
1957 ഏപ്രില്‍ അഞ്ചാം തീയതി അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്ക്കരണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കി ഏപ്രില്‍ പതിനൊന്നിന്നു തന്നെ ഒരു ഓര്‍ഡിനന്‍സു പുറപ്പെടുവിച്ചു. അന്‍പതുകളുടെ ആദ്യം മുതല്‍ തന്നെ ഭൂപരിഷ്ക്കരണത്തിന്റെ വര്‍ത്തമാനങ്ങള്‍ കേട്ട് ഭയന്ന ജന്മിമാര്‍ നിസ്സാര ന്യായങ്ങള്‍ നിരത്തി കുടിയാന്മാരെ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. ഈ ഒഴിപ്പിക്കലുകള്‍ അടിയന്തിരമായി തടയുക എന്നതായിരുന്നു ഓര്‍ഡിനന്‍സിന്റെ മുഖ്യ ലക്ഷ്യം. കേരളപ്പിറവി ദിനം മുതല്‍ മുന്‍കാല പ്രാബല്യത്തോട് കൂടിയാണ് ഈ ഓര്‍ഡിനന്‍സു് ഒഴിപ്പിക്കലുകള്‍ തടഞ്ഞത്. ഈ ഓര്‍ഡിനന്‍സു് 1957-ല്‍ തന്നെ Kerala Stay of Eviction Proceedings Act ആക്കി പാസാക്കുകയും ചെയ്തു. തുടര്‍ന്ന്, സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം പാസാക്കാനുള്ള നടപടികളും ചര്‍ച്ചകളും ആരംഭിച്ചു.
ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 1957 ഡിസംബര്‍ മാസത്തില്‍ Kerala Agrarian Relations Bill, 1957 നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. 1957 നവംബര്‍ മാസം കെ. ആര്‍. ഗൌരിയമ്മ ബില്ലിന്റെ നാല് അടിസ്ഥാന തത്വങ്ങള്‍ ലിസ്റ്റു ചെയ്തത് ഇങ്ങിനെ:
  1. മര്യാദപ്പാട്ടം;
  2. സ്ഥിരാവകാശം;
  3. ഭൂപരിധി നിര്‍ണ്ണയം;
  4. കുടിയാന് ഭൂമി വിലക്ക് വാങ്ങാനുള്ള അവകാശം. ‌
ഒപ്പം,
  • ഭൂമിയില്‍ മധ്യവര്‍ത്തികളെയും പ്രത്യേക അവകാശങ്ങളെയും റദ്ദു ചെയ്യുക,
  • കുടിയാന്മ സമ്പ്രദായം കാലക്രമേണ ഇല്ലാതാക്കുക, ‌
  • കുടികിടപ്പുകാര്‍ക്കു കുടികിടപ്പ് ഭൂമിയില്‍ അവകാശം നല്‍കുക, ‌
  • ഭൂബോര്‍ഡു രൂപീകരിക്കുക,
  • അഞ്ച് ഏക്കറില്‍ താഴെയുള്ളവര്‍ക്ക് പാട്ടബാക്കി ഉണ്ടെങ്കില്‍ അതിന്റെ റദ്ദുചെയ്യല്‍
എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങള്‍ ആയിരുന്നു.
പ്ലാന്റേഷനുകളെ (തോട്ടങ്ങളെ) ഭൂപരിധി നിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ഭൂപരിഷ്ക്കരണ-മാര്‍ഗരേഖ അനുസരിച്ചായിരുന്നു ഈ ഒഴിവാക്കല്‍. പ്ലാന്റേഷനുകളെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കാത്ത ബില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രശ്നമില്ലായിരുന്നു. 1950-കളിലെ ദേശീയ വികസന കൌണ്‍സില്‍ യോഗങ്ങളിലെല്ലാം തന്നെ കേന്ദ്ര പ്ളാനിങ്ങ് മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇത് സംശയങ്ങളില്ലാത്ത വിധം സംസ്ഥാനങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒപ്പം, അന്ന് കേരളത്തിലെ ഏറ്റവും വലിയ ഒരു തൊഴിലാളി വിഭാഗം പ്ലാന്റേഷനുകളില്‍ പണിയെടുത്തിരുന്നു. പ്ലാന്റേഷനുകളെ വെട്ടി മുറിച്ചാല്‍ ഇവരുടെ തൊഴിലവസരങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്നതിനെ കുറിച്ചു വലിയ ഭീതികളും നിലനിന്നിരുന്നു.
ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ജന്മിമാരും, കോണ്‍ഗ്രസ്സും പി എസ് പിയും പോലെയുള്ള അവരുടെ സുഹൃദ്-പാര്‍ട്ടികളും അഴിച്ചു വിട്ടത്. നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ സമരങ്ങളും ബഹളങ്ങളും ഉണ്ടായി. ഉദാഹരണത്തിന്, കൈവശഭൂമിക്കു പരിധി നിര്‍ണയിക്കേണ്ടത് വിസ്തീര്‍ണം നോക്കിയല്ല, മറിച്ചു ഭൂമിയില്‍ നിന്നും കിട്ടുന്ന അറ്റാദായം നോക്കി വേണം എന്നായിരുന്നു കെ പി സി സി പ്രസിഡന്റ്‌ കെ എ ദാമോദരമേനോന്റെ വിചിത്രമായ ആവശ്യം. ബില്‍ പരിഗണിച്ച സെലെക്റ്റ് കമ്മിറ്റിയില്‍ ഈ ആവശ്യമുന്നയിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ ഭിന്നാഭിപ്രായ കുറിപ്പും നല്‍കി.
ബില്ലിനെ പറ്റി പിഎസ്‌പി നേതാവ് പി എസ് നടരാജ പിള്ള പ്രസ്താവിച്ചത് ഇങ്ങിനെ:
"കാര്‍ഷികബന്ധ ബില്ല് ഭൂമിയെ വീണ്ടും തുണ്ടുതുണ്ടാക്കും; ഉത്പാദനത്തിന്റെ സന്ധി ബന്ധങ്ങളെ അത് തകര്‍ത്ത് കളയും".
കോണ്‍ഗ്രസ്സും പിഎസ്‌പിയും മാത്രമല്ല പ്രതിഷേധവുമായെത്തിയത്. 'ദീപിക'യും 'മാതൃഭൂമി'യുമടക്കമുള്ള കമ്യൂണിസ്റ്റു-വിരുദ്ധ പത്രങ്ങളും രംഗത്തെത്തി. കോണ്‍ഗ്രസ്സു നേതാക്കള്‍ നടത്തിയിരുന്ന 'മാതൃഭൂമി' പത്രം 1958 ജനുവരി 25-ന് ഒരു എഡിറ്റോറിയല്‍ എഴുതി; അതില്‍ പറഞ്ഞതിങ്ങിനെ:
"കേരള കാര്‍ഷികബന്ധ ബില്‍ ഇപ്പോള്‍ പൊതുജനാഭിപ്രായത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണല്ലോ. നാനാതരം അഭിപ്രായങ്ങള്‍ 'മാതൃഭൂമി'യില്‍ വന്നു കഴിഞ്ഞു. ബില്ലിനെ സംബന്ധിച്ചു രണ്ടു മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ബില്‍ അത്ര വിപ്ളവകരമൊന്നുമല്ല. അത് പ്രയോഗത്തില്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാനിടയുണ്ടെന്നത് കൊണ്ട് മാത്രം വേണമെങ്കില്‍ അതിനെ വിപ്ളവകരം എന്ന് വിശേഷിപ്പിക്കാം. കമ്യൂണിസ്റ്റുകളും അവരുടെ പ്രചാരവേലക്കാരും പറയും പോലെ അത്ര വമ്പന്‍ കാര്യങ്ങളൊന്നും ഇതിലില്ല...പീറ്ററെ കൊള്ള ചെയ്തു പോളിന് കൊടുക്കുക എന്നുള്ള തത്വം മാത്രം അംഗീകരിക്കുന്നത് നാട്ടിന്റെ പൊതുക്ഷേമത്തിന് ഗുണകരമായിരിക്കുകയില്ല..."
എതിര്‍പ്പുകളൊക്കെ മറികടന്നു്, 1959 ജൂണിലാണ് ഒടുവില്‍ നിയമസഭയ്ക്ക് ബില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കാര്‍ഷികബന്ധ ബില്ലിനും വിദ്യാഭ്യാസ നിയമത്തിനും എതിരെ വലതുപക്ഷം വിമോചന സമരം അഴിച്ചുവിട്ടു കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി കാര്‍ഷികബന്ധ ബില്‍ പാസാക്കി രണ്ടു മാസത്തിനകം, 1959 ജൂലൈ 31-ന്, ഇ എം എസ് സര്‍ക്കാര്‍ പിരിച്ചു വിടപ്പെട്ടു. പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നതിനും മുമ്പായിരുന്നു ഈ ജനാധിപത്യ ധ്വംസനം.
ആറു മാസത്തെ രാഷ്ട്രപതി ഭരണത്തിനു ശേഷം 1960 ഫെബ്രുവരിയില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്-പി എസ് പി മുന്നണി; മുഖ്യമന്ത്രി പട്ടം താണുപിള്ള. 1959-ല്‍ പാസായതും, എന്നാല്‍ രാഷ്ട്രപതി അംഗീകാരം നല്‍കാത്തതിനാല്‍ ലാപ്സായി പോയതുമായ ബില്ലിന് പകരം ഈ മുന്നണി നിയമസഭയില്‍ അവതരിപ്പിച്ചത് അങ്ങേയറ്റം വെള്ളം ചേര്‍ത്ത ഒരു പുതിയ ബില്ലായിരുന്നു. ഫെബ്രുവരി 1961-ല്‍ പാസാക്കിയെടുത്ത ഈ നിയമത്തിന്റെ പേര് The Kerala Agrarian Relations Act (KARA), 1960.
വെള്ളം ചേര്‍ത്ത ഈ ബില്ലിനെയും ജന്മിമാരും ഭൂവുടമകളും വെറുതെ വിട്ടില്ല. അവരതിനെ കോടതിയില്‍ ചോദ്യം ചെയ്തു. ഭരണഘടനയനുസരിച്ച് സ്വകാര്യ സ്വത്തിനു മേല്‍ ജനങ്ങള്‍ക്ക്‌ മൌലികമായ അവകാശങ്ങളുണ്ടെന്നും, ഈ അവകാശങ്ങളുടെ ലംഘനം ആണ് ഭൂപരിഷ്കാര നിയമം എന്നുമായിരുന്നു വാദം. ഈ വാദം അംഗീകരിച്ച കോടതി പ്രസ്തുത നിയമത്തെ ഭരണഘടനയ്ക്ക് നിയമോല്ലാഘിയായി (ultra vires) പ്രഖ്യാപിച്ചു. ഇവിടെ തുടങ്ങുന്നു കേരളത്തിലെ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ക്കൊപ്പം കോടതികളുടെ പങ്കു്.
അങ്ങിനെയാണ് 1964-ലെ Kerala Land Reforms Act രൂപപ്പെടുന്നത്. വെറുതെ ഉണ്ടായതല്ല 1964-ലെ നിയമം. കമ്യൂണിസ്റ്റു പാര്‍ട്ടിയും 1962-ല്‍ രൂപീകരിച്ച ഫാദര്‍ വടക്കന്റെ കര്‍ഷക തൊഴിലാളി പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ പുതിയ നിയമം കൊണ്ട് വരാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍. കോടതികളുടെ പ്രതികൂല വിധികളില്‍ നിന്നും സംരക്ഷിക്കാന്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തിയാണ് ഈ നിയമത്തെ പാസാക്കിയെടുത്തത്.
വെള്ളം ചേര്‍ത്ത 1964-ലെ നിയമം
1964-ലെ Kerala Land Reforms Act-ഉം 1959-ലെ Kerala Agrarian Relations Bill-ഉം തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. ഒന്നാമതായി, കേരളപ്പിറവി ദിനം മുതലുള്ള എല്ലാ ഒഴിപ്പിക്കലുകളും തടഞ്ഞ 1959-ലെ ബില്ലിലെ ഉപവാക്യം 1964-ലെ ബില്ലില്‍ നിന്നും എടുത്തു മാറ്റി. ആയിരക്കണക്കിന് ഒഴിപ്പിക്കലുകള്‍ അങ്ങിനെ നിയമവിധേയമായി മാറി. രണ്ടാമതായി, ഒരു കുടുംബത്തിനു 25 ഏക്കര്‍ ഭൂപരിധിയായിരുന്നു 1959-ല്‍ നിശ്ചയിക്കപ്പെട്ടിരുന്നത് എങ്കില്‍, 1964-ലെ ബില്ലില്‍ അത് ഒരു കുടുംബത്തിനു 36 ഏക്കര്‍ എന്നാക്കി ഉയര്‍ത്തി. മൂന്നാമതായി, ചില പ്രത്യേക വിളകള്‍ കൃഷി ചെയ്യുന്ന ഭൂമികളെ 1964-ല്‍ പുതിയതായി ഭൂപരിധി നിശ്ചയിക്കപ്പെടുന്നതില്‍ നിന്നും ഒഴിവാക്കിയെടുത്തു. ഉദാഹരണത്തിന്, പത്തു ഏക്കറില്‍ കൂടുതലായ ഭൂമിയില്‍ കശുമാവ് കൃഷി ചെയ്യുന്നുണ്ടെങ്കില്‍, അഞ്ചു ഏക്കറില്‍ കൂടുതലായ ഭൂമിയില്‍ തെങ്ങോ കുരുമുളകോ മാത്രമായി ഒറ്റവിളയായി കൃഷി ചെയ്യുന്നുണ്ടെങ്കില്‍, കുട്ടനാട്ടില്‍ കായലുകളില്‍ നിന്ന് കൃഷിക്കായി വീണ്ടെടുത്ത ഈര്‍പ്പനിലങ്ങള്‍ ആണെങ്കില്‍... ഇങ്ങിനെ പോയി നിയമത്തിന്റെ പരിധിയില്‍ നിന്നും ഭൂവുടമകള്‍ക്ക് ഒഴിവാക്കി കൊടുത്ത കൃഷിഭൂമികളുടെ തരങ്ങള്‍. നാലാമതായി, ഒരു ചെറുകിട കൃഷിക്കാരനെ 1959-ലെ നിയമം നിര്‍വചിച്ചിരുന്നത് 5 ഏക്കറില്‍ കുറഞ്ഞ ഭൂമിയുള്ള കുടുംബം എന്നായിരുന്നു. 1964-ലെ നിയമത്തില്‍ ഇത് 24 ഏക്കര്‍ എന്നാക്കി ഉയര്‍ത്തി.
ഇത്തരം മാറ്റങ്ങള്‍ മൂലം നഷ്ടപ്പെട്ടത് സര്‍ക്കാരിന് ഏറ്റെടുത്തു വിതരണം ചെയ്യാമായിരുന്ന ലക്ഷക്കണക്കിന്‌ ഏക്കര്‍ മിച്ചഭൂമിയാണ്. ഇത് മാത്രമല്ല, 1959-നും 1964-നും ഇടയ്ക്കു കയ്യിലുണ്ടായിരുന്ന മിച്ചഭൂമിയില്‍ ഒട്ടുമുക്കാലും ജന്മിമാരും വന്‍കിട ഭൂവുടമകളും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കൈമാറ്റി കൊടുത്ത് സംരക്ഷിച്ചു. 1966-ല്‍ നടത്തപ്പെട്ട സംസ്ഥാനതല ഭൂപരിഷ്കരണ സര്‍വേ ഫലങ്ങള്‍ എടുത്തു നോക്കിയാല്‍ ഈ കൈമാറ്റങ്ങളുടെ ഒരു ഏകദേശ തോത് വ്യക്തമാകും.
  1. 1957-നും 1966-നും ഇടയ്ക്കു 2.2 ലക്ഷം ഏക്കര്‍ ഭൂമിയിലാണ് ജന്മിമാര്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത്. ഇതില്‍, 66 ശതമാനം വിറ്റതും, 33 ശതമാനം ഇഷ്ടദാനം നല്‍കപ്പെട്ടതും ആയിരുന്നു. മാത്രമല്ല, ഈ ഭൂമിയുടെ ഏകദേശം 25 ശതമാനം കുടിയാന്മാരുണ്ടായിരുന്ന ഭൂമിയായിരുന്നു. ഇഷ്ടദാനം ചെയ്യപ്പെട്ട ഭൂമിയുടെ 76 ശതമാനവും തിരുവിതാംകൂറിലായിരുന്നു.
  2. 1957-നും 1966-നും ഇടയ്ക്കു തന്നെ, കൈവശാവകാശം കൈമാറ്റം ചെയ്യപ്പെട്ടത് 1.9 ലക്ഷം ഏക്കര്‍ ഭൂമിയില്‍. ഇത്തരത്തിലുള്ള കൈമാറ്റത്തിന്റെ 85 ശതമാനവും കുടിയാന്‍-അവകാശങ്ങളുടെ കൈമാറ്റമായിരുന്നു. അതായത്, ഒന്നുകില്‍ കുടിയാന്‍ തന്റെ അവകാശം തിരിച്ചു ജന്മിക്കു മടക്കി കൊടുത്തു, അല്ലെങ്കില്‍ ഒരു കുടിയാനില്‍ നിന്ന് മറ്റൊരു കുടിയാനിലേക്ക് (ഈ പുതിയ "കുടിയാന്‍" ജന്മിയുടെ സ്വന്തക്കാരനോ സുഹൃത്തോ ആവും) കൈവശാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. രണ്ടായാലും, ജന്മിയുടെ ഭീഷണിക്ക് വഴങ്ങിയെന്നു വ്യക്തം.
1957-ല്‍ എത്ര ഏക്കര്‍ മിച്ചഭൂമിയായുണ്ടായിരുന്നു എന്നത് പലവിധത്തില്‍ കണക്കാക്കാം. പ്ലാന്റേഷനുകളെ ഭൂപരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായുണ്ട് എന്നായിരുന്നു 1957-ലെ കണക്കു്. പ്ലാന്റേഷനുകളെ ഒഴിവാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി 1957-ല്‍ കേരളത്തിലുണ്ടായിരുന്നതായി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ 1964-ല്‍ Kerala Land Reforms Act അവതരിപ്പിച്ചു കൊണ്ട് അന്നത്തെ റവന്യൂ മന്ത്രി നല്‍കിയ കണക്കനുസരിച്ച് കേരളത്തിലെ മിച്ചഭൂമി 1.2 ലക്ഷം ഏക്കര്‍ മാത്രം! ഏഴു വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടമായി എന്നര്‍ത്ഥം. മിച്ചഭൂമി വിതരണത്തിലെ ചരിത്രപരമായ പരാജയം ഇവിടെ നിന്നും ആരംഭിക്കുന്നു. ഉത്തരവാദി കോണ്‍ഗ്രസ്സ് പാര്‍ട്ടി മാത്രം.
രണ്ടാം ഇ എം എസ് സര്‍ക്കാരും പുതിയ ഭൂപരിഷ്കരണ നിയമവും
"പ്ലാന്റേഷനുകളെ ഭൂപരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായുണ്ട് എന്നായിരുന്നു 1957-ലെ കണക്കു്. പ്ലാന്റേഷനുകളെ ഒഴിവാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി. എന്നാല്‍ 1964-ല്‍ Kerala Land Reforms Act അവതരിപ്പിച്ച് അന്നത്തെ റവന്യൂ മന്ത്രി നല്‍കിയ കണക്കില്‍ കേരളത്തിലെ മിച്ചഭൂമി 1.2 ലക്ഷം ഏക്കര്‍ മാത്രം! ഏഴു വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടമായി."
ഈ അവസരത്തിലാണ് രണ്ടാം ഇ എം എസ് സര്‍ക്കാര്‍ 1967-ല്‍ അധികാരത്തില്‍ എത്തുന്നത്. അധികാരത്തില്‍ എത്തിയ ഉടന്‍, ആദ്യ മാസത്തില്‍ തന്നെ (1967 ഏപ്രില്‍ അഞ്ചിന്), ഈ സര്‍ക്കാര്‍ ഒരു കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് പുറത്തിറക്കി. കേരളപ്പിറവി ദിനം മുതല്‍ കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും 1964-ലെ നിയമം അവകാശം നിഷേധിച്ചെങ്കില്‍, ഈ ഓര്‍ഡിനന്‍സ് ആ അവകാശങ്ങള്‍ അടിയന്തിരമായി പുനഃ സ്ഥാപിച്ചു. ഇത് തന്നെ Kerala Stay of Eviction Proceedings Act, 1967 ആയി നിയമസഭയില്‍ പാസാക്കുകയും ചെയ്തു.
അതിനു ശേഷം 1964-ലെ നിയമത്തെ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും അനുകൂലമാക്കി എങ്ങിനെ ഭേദഗതി ചെയ്തെടുക്കാം എന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിച്ചു. 1967-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ 1968-ല്‍ തന്നെ ബില്ലുണ്ടാക്കി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അയച്ചു കൊടുത്തിരുന്നുവെങ്കിലും 1969 വരെ അതിനു അനുമതി കൊടുക്കാതെ ദില്ലിയില്‍ പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 1969-ല്‍ ഭേദഗതി ചെയ്ത കാര്‍ഷികബന്ധ ബില്‍ പാസായി. ജനുവരി 1, 1970 മുതല്‍ക്കു ഇതിനു നിയമ പ്രാബല്യവും ലഭിച്ചു.
1969-ലെ ഇ എം എസ് സര്‍ക്കാരിന്റെ നിയമം 1964-ലെ നിയമത്തിനു മേല്‍ ഒട്ടനവധി ഭേദഗതികള്‍ കൊണ്ടുവന്നുള്ള ഒരു പുതിയ ബില്ലായി തന്നെ കാണേണ്ടി വരും. ഒന്നാമതായി, 1964-ലെ നിയമത്തിന്റെ ഒരു പ്രധാന പ്രശ്നം എത്ര ഭൂമി പോലും ഇഷ്ടദാനമായി നല്‍കി കൊണ്ട് ഭൂപരിധി നിയമങ്ങളെ മറികടക്കാന്‍ ജന്മിമാരെ അനുവദിക്കുന്ന സെക്ഷന്‍ 84 ആയിരുന്നു. എന്തായിരുന്നു 1964-ലെ സെക്ഷന്‍ 84?
"all voluntary transfers effected after the date of publication of the KLR Bill, 1963 in the Gazette...by a family or any member of thereof or by an adult unmarried person owning or holding land in excess of the ceiling area, shall be deemed to be transfers calculated to defeat the provisions of this Act and shall be invalid."
അതായത് 1963നു ശേഷം മിച്ചഭൂമിയുള്ള കുടുംബങ്ങള്‍ നടത്തിയിട്ടുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ബില്ലിനെ പരാജയപ്പെടുത്താനായുള്ള ശ്രമമായി കണ്ടു അസാധുവാക്കും. പക്ഷെ പ്രശ്നം തൊട്ടടുത്ത വരിയിലായിരുന്നു. അവിടെ, ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി കൊടുത്തിട്ടുള്ള കൈമാറ്റങ്ങള്‍ ലിസ്റ്റു ചെയ്യുന്നു:
"(1) by way of partition; (2) on account of natural love and affection; (3) in favour of a tenant holding from before 27th July, 1960; and (4) in favour of a religious, charitable or educational institution..."
ഈ ഇഷ്ടദാന വ്യവസ്ഥകള്‍ അനുസരിച്ചും 1964-നും 1967-നും ഇടയ്ക്കു ലക്ഷകണക്കിന് ഏക്കര്‍ മിച്ചഭൂമി നഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചും, "on account of natural love and affection" ("സഹജമായ സ്നേഹവും പ്രതിപത്തിയും" കാരണമുള്ള ഇഷ്ടദാനം) എന്ന വ്യവസ്ഥ അനുസരിച്ചു. 1969-ലെ നിയമത്തിലെ ഒരു പ്രധാന ഭേദഗതി സെക്ഷന്‍ 64-ലെ "on account of natural love and affection" എന്ന ഉപവാക്യം എടുത്തു കളഞ്ഞതായിരുന്നു. ഇഷ്ടദാന സമ്പ്രദായം തന്നെ അവസാനിപ്പിക്കാനാണ് ഈ ഭേദഗതി കൊണ്ട് ഉദ്ദേശിച്ചത്. ഒരുപാട് മിച്ചഭൂമി അപ്പോഴേക്കും തിരിച്ചു കിട്ടാത്ത രീതിയില്‍ നഷ്ടപ്പെട്ടു പോയിരുന്നെങ്കിലും, 1969-ന് ശേഷം കൂടുതല്‍ മിച്ചഭൂമി ഇത്തരത്തിലുള്ള ഇഷ്ടദാനം വഴി നഷ്ടപ്പെടാതിരിക്കാന്‍ ഈ ഭേദഗതി സഹായിച്ചു.
രണ്ടാമതായി, 1964-ലെ നിയമത്തിലെ സെക്ഷന്‍ 83 അനുസരിച്ചു, ഇഷ്ടദാനത്തിനുള്ള ഒരു പോംവഴി കൂടിയുണ്ടായിരുന്നു. സെക്ഷന്‍ 83-ല്‍ പറഞ്ഞിരുന്നത് ഇങ്ങിനെ:
"with effect from such date as may be notified by the Government in the Gazette, no family or adult unmarried person shall be entitled to own or hold or to possess under a mortgage lands in the aggregate in excess of the ceiling area".
ഇതേ സെക്ഷനില്‍ തന്നെ, ഇതിനു ഒരു ഒഴിവാക്കലും ഉണ്ടായിരുന്നു:
"to any adult member in a family to own land over the ceiling, necessary to make up the ceiling area of his lineal decendents".
അതായത്, തന്റെ നേരെയുള്ള അനന്തരഗാമിക്ക് ഭൂപരിധിയില്‍ കുറവേ ഭൂമിയുള്ളൂവെങ്കില്‍, ആ കുറവിന് ആനുപാതികമായി ഏതൊരാള്‍ക്കും ഭൂപരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാം. ഈ ഉപവാക്യമനുസരിച്ചും ആയിരക്കണക്കിന് കുടുംബങ്ങള്‍ പരിധിയില്‍ കൂടുതല്‍ ഭൂമി 1964-നു ശേഷവും കൈവശം വച്ചിരുന്നു. 1969-ലെ നിയമത്തില്‍ സെക്ഷന്‍ 83-ലെ ഈ പഴുതും അടച്ചു. ഈ ഒഴിവാക്കല്‍ ഉപവാക്യം എടുത്തു മാറ്റി. അങ്ങിനെ, കുറച്ചു കൂടി കൂടുതല്‍ ഭൂമി മിച്ചഭൂമിയാവാന്‍ വഴിയൊരുങ്ങി.
"മാര്‍ച്ച്‌ 1972 വരെയുള്ള കണക്കെടുത്താല്‍, മൊത്തം 60,000 ഏക്കര്‍ മിച്ചഭൂമി കൈവശമുണ്ടായിരുന്ന 691 പേരുടെ സീലിംഗ് റിട്ടെര്‍ണുകള്‍ മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. 1964-ലെ റവന്യൂ മന്ത്രിയുടെ ഒരു പ്രഖ്യാപനമനുസരിച്ചു കേരളത്തില്‍ 4200 പേരുടെ കയ്യില്‍ മിച്ചഭൂമിയുണ്ടായിരുന്നു. സീലിംഗ് റിട്ടെര്‍ണുകള്‍ സമര്‍പ്പിക്കാത്ത ബാക്കിയുള്ളവരില്‍ ഒരൊറ്റയാളെ പോലും സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയോ അവര്‍ക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല."
മൂന്നാമതായി, 1969-ലെ നിയമത്തില്‍ മിച്ചഭൂമിയായി കണക്കാക്കാനുള്ള ഭൂപരിധി 1964-ലെ 36 ഏക്കറില്‍ നിന്നും 20 ഏക്കര്‍ ആയി ചുരുക്കി. 1964 മുതല്‍ 1969 വരെയും മിച്ചഭൂമി കണക്കാക്കാനുള്ള ഭൂപരിധി സെക്ഷന്‍ 83 അനുസരിച്ചു ഗസറ്റില്‍ നോട്ടിഫൈ ചെയ്തിരുന്നില്ല. 1969-ല്‍ മാത്രമാണ് ഈ നോട്ടിഫിക്കേഷന്‍ പുറത്തിറക്കപ്പെട്ടത്. ഈ ഭേദഗതിയും കൂടുതല്‍ മിച്ചഭൂമി സര്‍ക്കാരിന്റെ കൈവശം വരാന്‍ സഹായിച്ചു.
നാലാമതായി, എല്ലാ കുടിയാന്മാര്‍ക്കും തങ്ങളുടെ ഭൂമിയുടെ മേലുള്ള അവകാശം 1969-ലെ നിയമം നിയമപരമാക്കി മാറ്റി. കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന എല്ലാ ഭൂമിയും ഈ നിയമം വഴി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇത്തരത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ഓരോ കുടിയാനും സര്‍ക്കാരില്‍ നിന്നും ഒരു ചെറിയ വിലക്ക് (മര്യാദപ്പാട്ടത്തിന്റെ 16 മടങ്ങ്‌) വാങ്ങാമെന്നും വ്യവസ്ഥ ചെയ്തു.
ഈ വില സര്‍ക്കാരിന് നല്‍കിയില്ലെങ്കിലും കുടിയാന് ഭൂമി കൈവശം വെക്കാം; അത് സര്‍ക്കാരിന് കൊടുക്കാനുള്ള കടമായി പരിഗണിക്കും. സര്‍ക്കാരിന് പാട്ടം കൊടുക്കുകയും വേണ്ട. മാത്രമല്ല, ഈ ആനുകൂല്യം കിട്ടാന്‍ കുടിയാനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഭൂമി കൈവശം വെച്ചിരുന്നാല്‍ മാത്രം മതിയാകും. ഇതിനു വേണ്ടി 1968-ല്‍ Kerala Record of Rights Act, 1968 പ്രത്യേകമായി പാസാക്കപ്പെട്ടു. ഇതോടെ, കേരളത്തില്‍ കുടിയാന്‍ വ്യവസ്ഥ എന്നെന്നേക്കുമായി അവസാനിച്ചു.
അഞ്ചാമതായി, ഓരോ കുടികിടപ്പുകാരനും തങ്ങളുടെ കുടികിടപ്പ് ഭൂമി ജന്മിയില്‍ നിന്നും വാങ്ങാമെന്നും 1969-ലെ നിയമം വ്യവസ്ഥ ചെയ്തു. നഗരങ്ങളില്‍ 3 സെന്റും, മുനിസിപ്പാലിറ്റിയില്‍ 5 സെന്റും പഞ്ചായത്തുകളില്‍ 10 സെന്റും ഭൂമി ഇത്തരത്തില്‍ കുടികിടപ്പുകാരന് അവകാശപ്പെട്ടതാണ്. ഇതിനു വിലയാകട്ടെ, സാധാരണ ഗതിയില്‍ ആ ഭൂമിയുടെ വിപണി വിലയുടെ 25 ശതമാനവും, ജന്മിക്കു മിച്ചഭൂമിയുണ്ടെങ്കില്‍ 12.5 ശതമാനവും ആയിരിക്കും. ഈ വിലയുടെ പകുതി സര്‍ക്കാര്‍ ജന്മിക്കു നല്‍കും. ബാക്കി പകുതി 12 ഗഡുവായി കൊടുത്താല്‍ മതി (ഒരിടത്തും ഈ ഗഡുക്കള്‍ കൊടുക്കപ്പെട്ടുമില്ല). മിച്ചഭൂമി വലിയ തോതില്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ ഇത്തരത്തില്‍ കുടികിടപ്പവകാശം നിയമപരമാക്കിയത് ഭൂരഹിതര്‍ക്ക് ഒരു വലിയ ആശ്വാസമായിരുന്നു.
ഒരു പുതിയ ഭൂപരിഷ്കരണ നിയമം തന്നെയാണ് ഈ ഭേദഗതികള്‍ വഴി 1970 ജനുവരി ഒന്ന് മുതല്‍ നടപ്പില്‍ വന്നത്. അന്ന് മുതലാണ് കേരളത്തില്‍ ഭൂപരിഷ്കരണ നിയമത്തിന്റെ നടപ്പിലാക്കല്‍ ശരിക്കും ആരംഭിച്ചത്.
ഭൂപരിഷ്ക്കരണത്തിന്റെ അട്ടിമറി
അപ്പോഴേക്കും, ഇ എം എസ് മന്ത്രിസഭയെ മറിച്ചിട്ടു സി പി ഐയും കോണ്‍ഗ്രസ്സും ചേര്‍ന്ന മുന്നണി അധികാരത്തില്‍ എത്തിയിരുന്നു. ഈ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭൂപരിഷ്കരണത്തിനു അനുകൂലമല്ല എന്നും, ശക്തിയായ പ്രക്ഷോഭത്തിന്റെ ബലത്തില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയുള്ളൂ എന്നും സി പി ഐ (എം) മനസ്സിലാക്കി. അങ്ങിനെയാണ് 1969 ഡിസംബര്‍ മാസത്തില്‍ ആലപ്പുഴയില്‍ വച്ചു രണ്ടായിരത്തോളം കര്‍ഷകരും തൊഴിലാളികളും പങ്കെടുത്ത ഒരു വലിയ സമ്മേളനം സി പി ഐ (എം) സംഘടിപ്പിച്ചത്.
സമ്മേളനത്തോട് അനുബന്ധിച്ചു മൂന്ന് ലക്ഷം പേര്‍ പങ്കെടുത്ത ഒരു വന്‍-റാലിയും നടന്നു. എ കെ ജി, ഇ എം എസ്, ഹരേകൃഷ്ണ കോണാര്‍, പി സുന്ദരയ്യ എന്നിവര്‍ പങ്കെടുത്ത ആ സമ്മേളനം ഇനിയും ഭൂപരിഷ്കരണം നീട്ടിക്കൊണ്ട് പോകാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷെ, അന്നത്തെ സര്‍ക്കാരിന് ഭൂപരിഷ്ക്കരണത്തില്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം; മേല്ലെപ്പോക്കായിരുന്നു നയം.
1970-ലെ നിയമമനുസരിച്ചു കേരളത്തിലെ എല്ലാ കുടുംബങ്ങളും നിര്‍ബന്ധമായും സീലിംഗ് റിട്ടെര്‍ണുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടിയിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 1972 വരെയുള്ള കണക്കെടുത്താല്‍, മൊത്തം 60,000 ഏക്കര്‍ മിച്ചഭൂമി കൈവശമുണ്ടായിരുന്ന 691 പേരുടെ സീലിംഗ് റിട്ടെര്‍ണുകള്‍ മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. 1964-ലെ റവന്യൂ മന്ത്രിയുടെ ഒരു പ്രഖ്യാപനമനുസരിച്ചു കേരളത്തില്‍ 4200 പേരുടെ കയ്യില്‍ മിച്ചഭൂമിയുണ്ടായിരുന്നു. സീലിംഗ് റിട്ടെര്‍ണുകള്‍ സമര്‍പ്പിക്കാത്ത ബാക്കിയുള്ളവരില്‍ ഒരൊറ്റയാളെ പോലും സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയോ അവര്‍ക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.
"1969-ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്തു കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972-ലെ ഭേദഗതിയാകട്ടെ ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ട് വരാനുള്ള ഒരു കുത്സിതശ്രമമായിരുന്നു. മാത്രമല്ല, ഇത്തരത്തില്‍ തിരികെ കൊണ്ട് വരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും എര്‍പ്പെടുത്തിയുമില്ല."
ഈ മെല്ലെപ്പോക്ക് നയം ഭൂപരിഷ്ക്കരണം അട്ടിമറിക്കാനുള്ള ഒരു അടവാണെന്ന് തിരിച്ചറിഞ്ഞാണ് 1972 മെയ്‌ മാസം കൊച്ചിയില്‍ നടന്ന മറ്റൊരു സമ്മേളനത്തില്‍ വച്ചു ഉടന്‍ തന്നെ ഒരു മിച്ചഭൂമി സമരംആരംഭിക്കേണ്ടതുണ്ടെന്നു സി പി ഐ (എം) തീരുമാനിച്ചത്‌. അങ്ങിനെ, 1972 മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെ 80 ദിവസവും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ 47 ദിവസവും നീണ്ട ചരിത്രപരമായ ആ സമരത്തില്‍ വോളന്റിയര്‍മാര്‍ മിച്ചഭൂമികളില്‍ കയറി അവിടങ്ങളില്‍ കര്‍ഷക തൊഴിലാളികളുടെ അവകാശം ഉറപ്പിച്ചു. ഇത്രയൊക്കെയായിട്ടും, മെയ്‌ 1973 വരെയുള്ള കണക്കെടുത്താല്‍, വിതരണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി വെറും 956 ഏക്കര്‍!
ഇതിനിടയില്‍ 1972-ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ 1969-ലെ ബില്ലിനെ അട്ടിമറിക്കാന്‍ ഒരു ഭേദഗതി കൊണ്ട് വന്നു. അതിനു വേണ്ടി Kerala Land Reforms (Amendment) Act, 1972 പാസാക്കപ്പെട്ടു. 1969-ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്തു കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972-ലെ ഭേദഗതിയാകട്ടെ ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ട് വരാനുള്ള ഒരു കുത്സിതശ്രമമായിരുന്നു. മാത്രമല്ല, ഇത്തരത്തില്‍ തിരികെ കൊണ്ട് വരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും എര്‍പ്പെടുത്തിയുമില്ല.
1969-ലെ സെക്ഷന്‍ 83, 84 എന്നിവ കൂട്ടുകുടുംബവ്യവസ്ഥ അംഗീകൃതമായ ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്ക് അനുകൂലവും, അംഗീകൃതമല്ലാത്ത മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പ്രതികൂലവുമാണ് എന്ന വിചിത്രമായ വാദമുയര്‍ത്തിയാണ് അച്യുതമേനോന്‍ സര്‍ക്കാര്‍ 1972-ലെ ഭേദഗതി അവതരിപ്പിച്ചത്. ഹിന്ദു സമുദായത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ അനുസരിച്ചു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഭൂമിക്കു മേല്‍ ജന്മനാ അവകാശമുണ്ട്‌. അത് കൊണ്ട്, ഇവരിലോരോ അംഗങ്ങള്‍ക്കും 1970-നു ശേഷവും, 1970-ല്‍ സ്വത്തിന്റെ വിഭജനം നടന്നു എന്ന പോലെ, ഭൂപരിധിയുടെയത്രയും ഭൂമി കൈവശം വെക്കാം. എന്നാല്‍ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലാകട്ടെ, കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭൂമിക്കു മേല്‍ ജന്മനാ അവകാശമില്ലാത്തതിനാല്‍ ഇത്തരത്തില്‍ ഭൂമി കൈവശം വെക്കാന്‍ സാധ്യമല്ല. ഇതൊരു അസന്തുലിതാവസ്ഥയാണെന്നും, ഇത് തിരുത്തണമെന്നും ഈ സമുദായങ്ങളിലെ ഭൂപ്രമാണിമാര്‍ ആവശ്യമുന്നയിച്ചു. ഒപ്പം കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗും.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് 1972-ല്‍ ഭേദഗതി വരുന്നത്. സെക്ഷന്‍ 84-ലെ ആര്‍ക്കു ഇഷ്ടദാനം കൊടുത്ത ഭൂമിയും നിയമപ്രാബല്യമില്ലാത്തതാണ് എന്ന ഉപവാക്യം മാറ്റി, കുടുംബത്തിലെ ചിലര്‍ക്ക് ഭൂമി ഇഷ്ടദാനമായി നല്‍കാം എന്നാക്കി മാറ്റി. അതായത്, "son or daughter or the son or daughter of his pre-deceased son or daughter" ("മകന്‍, മകള്‍, അല്ലെങ്കില്‍ മരിച്ചു പോയ മകന്റെയോ മകളുടെയോ മകന്‍, മകള്‍") എന്നിവര്‍ക്ക് ഭൂമി ഇഷ്ടദാനം കൊടുക്കാം; അങ്ങിനെ കൊടുത്ത ഭൂമി ഭൂപരിധി നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇതായിരുന്നു ഭേദഗതിയുടെ അന്തസത്ത. ഈ ഭേദഗതിയുടെ ഗുണഭോക്താക്കള്‍ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലെ ഭൂപ്രമാണിമാര്‍ മാത്രമായിരുന്നു. എന്നാല്‍, ഇതേ സമുദായങ്ങളിലെ ഭൂരഹിതര്‍ക്കടക്കം കിട്ടേണ്ട ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയാണ് ഇത് വഴി നഷ്ടപ്പെട്ടത്‌.
ഈ നിയമത്തെ കേരള ഹൈക്കോടതി 1974-ല്‍ അസാധുവാക്കി. അതിനൊരു കാരണമുണ്ടായിരുന്നു. 1972-ലെ ഭേദഗതിയനുസരിച്ചു താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡുകള്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ ഒരുപാട് ഭൂവുടമകള്‍ മകന്റെയോ മകളുടെയോ പേരില്‍ ഭൂമി എഴുതി വച്ചു ഭൂപരിധി നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഈ ഭൂമി പിടിച്ചെടുക്കാന്‍ താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡുകള്‍ ശ്രമിച്ചപ്പോള്‍ ഭൂവുടമകള്‍ കേസിന് പോയി. അങ്ങിനെയൊരു കേസായിരുന്നു നാരായണന്‍ നമ്പൂതിരി vs. താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡ്‌, പെരിന്തല്‍മണ്ണ എന്ന 1975 KLT 171 കേസ്. ഈ കേസിന്റെ വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് ഗോപാലന്‍ നമ്പ്യാരും ജസ്റ്റിസ് ചന്ദ്രശേഖര മേനോനും കാലപരിധിയില്ലാതെ ഇഷ്ടദാനങ്ങള്‍ അനുവദിക്കുന്നത് നിയമവിധേയമല്ല എന്ന് വിധി പറഞ്ഞു. അതായത്, 1-1-1970 നു ശേഷം ഭൂപരിധിക്ക് മുകളിലുള്ള എല്ലാ ഭൂമിയും മിച്ചഭൂമിയാണ്; ആ തീയതിക്കു ശേഷമുള്ള എല്ലാ കൈമാറ്റങ്ങളും ഇഷ്ടദാനങ്ങളും (അത് മകനായാലും, മകളായാലും, ചെറുമകനായാലും, ചെറുമകളായാലും) നിയമവിരുദ്ധമാണ്. വിധിയുടെ പ്രസക്ത ഭാഗം ഇങ്ങിനെ:
"...any transfer a person effects of such excess land to whomsoever and in whatever manner, could only be subject to the liability of the transferor to surrender his excess land. The consequences arising from the transferor's liability to surrender his excess lands, the extent and identity of which are to be determined under S.85 (5) (c), on the basis of state of affairs existing as on 1-1-1970, cannot be avoided by any mode of transfer though such transfer may be valid under S.84 or by the fact that at the time of transfer, the transferor continued to be the owner of the property (as the excess land had not vested in the government under S.86 because no determination under S.85 (5) had taken place then). S.83 and 85 make it clear that the ceiling area will have to be determined on the basis of ownership and possession as on 1-1-1970. Such transfer may not be invalid for all purposes; but they will certainly have to be ignored in the matter of fixing the ceiling limit" (1975 KLT 171, Narayanan Namboodiri Vs. Taluk Land Board, Perintalmanna, 05-Nov-1974).
ഇതോടെ 1972-ലെ നിയമം മുഴുവനായി തന്നെ അസാധുവായി. ഒപ്പം, 1-1-1970 മുതല്‍ 5-11-1974 വരെ മകന്‍, മകള്‍, അല്ലെങ്കില്‍ മരിച്ചു പോയ മകന്റെയോ മകളുടെയോ മകന്‍, മകള്‍ എന്നിവര്‍ക്ക് നല്‍കപ്പെട്ട എല്ലാ ഇഷ്ടദാനങ്ങളും അസാധുവായി.
"1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങി കൊണ്ടുവന്നതാണ് 1979-ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം. മിച്ചഭൂമി ഇല്ലാതാക്കുന്നതില്‍ ഈ നിയമം വഹിച്ച പങ്കു വളരെ വലുതാണ്‌."
1972-ലെ ഭേദഗതിക്ക് വേണ്ടി വാദിച്ച കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ക്കും അവയിലെ പ്രമാണിമാര്‍ക്കും ഇതൊരു വലിയ തിരിച്ചടിയായി. തൊട്ടടുത്ത വര്‍ഷം, 1975-ല്‍, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഈ സ്ഥിതിയില്‍ കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഭരിച്ചിരുന്ന സി.പി.ഐ-കോണ്‍ഗ്രസ് മുന്നണിക്ക്‌ അത്യന്താപേക്ഷിതമായിരുന്നു. 1974-ലെ കോടതി വിധി മറികടക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താം എന്ന് കേരള കോണ്‍ഗ്രസ്സിനു ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍, 1976-ല്‍ കേരള കോണ്‍ഗ്രസ് ഭരണമുന്നണിയില്‍ ചേര്‍ന്നു. ഭരണമുന്നണിയുടെ ലയസണ്‍ കമ്മിറ്റി യോഗം 1976 ഒക്ടോബര്‍ 15-നു പ്രത്യേകമായി ചേര്‍ന്നു; പുതിയ ഇഷ്ടദാന നിയമനിര്‍മാണം ചര്‍ച്ച ചെയ്യുക എന്നതായിരുന്നു ഈ യോഗത്തിന്റെ ഒരേയൊരു അജണ്ട. ഇതിനു ശേഷവും ഒട്ടനവധി ചര്‍ച്ചകള്‍ ഭരണ മുന്നണിയില്‍ നടന്നു. അങ്ങിനെയൊടുവില്‍, 1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങി കൊണ്ടുവന്നതാണ് 1979-ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം. മിച്ചഭൂമി ഇല്ലാതാക്കുന്നതില്‍ ഈ നിയമം വഹിച്ച പങ്കു വളരെ വലുതാണ്‌.
കൂട്ടത്തില്‍ പറയട്ടെ, ഈ കാലഘട്ടം മുഴുവനായി തന്നെ (1970-കളുടെ ആദ്യപകുതി) മിച്ചഭൂമിക്ക് വേണ്ടിയുള്ള സമരഭൂമികളിലായിരുന്നു സി പി ഐ (എം). കേരളത്തിലെ വര്‍ഗസമരത്തിന്റെ ചരിത്രപരമായ ഒരു ഏട് തന്നെയായിരുന്നു മിച്ചഭൂമി സമരം. എന്നാല്‍ ഈ സമരങ്ങളെയൊക്കെ തന്നെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ ശ്രമം.
കുപ്രസിദ്ധമായ ഇഷ്ടദാന നിയമം
രണ്ടു പ്രധാന മാറ്റങ്ങളാണ് 1979-ലെ നിയമം കൊണ്ട് വന്നത്. ഒന്നാമതായി, 1964-ലെ നിയമത്തിലെ സെക്ഷന്‍ 84-ല്‍ ഭേദഗതി വരുത്തി. 1-1-1970 മുതല്‍ 5-11-1974 വരെ മകന്‍, മകള്‍, അല്ലെങ്കില്‍ മരിച്ചു പോയ മകന്റെയോ മകളുടെയോ മകന്‍, മകള്‍ എന്നിവര്‍ക്ക് നല്‍കപ്പെട്ട എല്ലാ ഇഷ്ടദാനങ്ങളും നിയമവിധേയമല്ലാതാകുന്നില്ല എന്നായിരുന്നു ഈ ഭേദഗതി. ഈ ഇഷ്ടദാനങ്ങള്‍ ഒക്കെ തന്നെ അങ്ങിനെ നിയമവിധേയമായി.
രണ്ടാമതായി, സെക്ഷന്‍ 6-ല്‍ 6A, 6B എന്ന രണ്ടു ഉപവാക്യങ്ങള്‍ കഴിഞ്ഞു 6C എന്ന ഒരു ഉപവാക്യം പുതിയതായി കൂട്ടിച്ചേര്‍ത്തു. ഈ പുതിയ ഉപവാക്യമനുസരിച്ചു 1-4-1964 നു ശേഷം പുതിയതായി രൂപം കൊണ്ട എല്ലാ കുടിയാന്മാ-ബന്ധങ്ങളും നിയമവിധേയമായി മാറി. 6C-ല്‍ പറഞ്ഞത് ഇങ്ങിനെ:
"Notwithstanding anything contained in section 74, or in any contract, or in any judgment, decree or order of any court or other authority, any person in occupation at the commencement of the Kerala Land Reforms (Amendment) Act, 1969, of the land of another person on the basis of a lease deed executed after the 1st day of April, 1964, shall be deemed to be a tenant if-
(a) he (including any member of his family) did not own or hold land in excess of four acres in extent on the date of execution of the lease deed; and
(b) he or any member of his family has made substantial improvements on the land.
Explanation.-
For the purposes of this section, improvements shall be deemed to be substantial improvements if the value of such improvements is more than fifty per cent of the value of the land on the date of execution of the lease deed.”
എന്താണ് ഇതിന്റെ അര്‍ഥം? കുടിയാന്‍ വ്യവസ്ഥ അവസാനിച്ചതിനു ശേഷവും ഒരുപാട് പേര്‍ ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ട്. അവര്‍ ആ ഭൂമിയില്‍ ഒരുപാട് സ്ഥിരനിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ക്കും കൈവശാവകാശം വേണം. ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നും ഈ വാദം. എന്നാല്‍ ലക്ഷ്യം വേറെയായിരുന്നു. മിച്ചഭൂമി കൈവശം വച്ചിരിക്കുന്ന ഭൂവുടമകള്‍ക്ക് അവ സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു വഴി കൂടി വേണമായിരുന്നു. അതിനവര്‍ സുഹൃത്തുക്കളെയും കുടുംബക്കാരെയും കുടിയാന്മാരായി പ്രതിഷ്ഠിച്ചു, അവര്‍ ഭൂമിയില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വാദിച്ചു, എന്നിട്ട് മിച്ചഭൂമി അവരുടെ പേരില്‍ മാറ്റി വാങ്ങി. അങ്ങിനെ മിച്ചഭൂമി അവരുടെ കയ്യില്‍ തന്നെ സുരക്ഷിതമായി നിന്നു. കുന്നത്തുനാടില്‍ നിന്നുള്ള എം എല്‍ എ ആയിരുന്ന പി പി എസ്തോസ് നിയമസഭയില്‍ ഇത് പ്രശ്നം ലളിതമായി അവതരിപ്പിച്ചത് ഇങ്ങിനെ:
"100 ഏക്കറുള്ള ധനവാന്മാരായുള്ള ആളുകള്‍ മൂന്നര ഏക്കറുള്ള പാവപ്പെട്ടവനെ വിളിച്ചു വരുത്തി ഒരേക്കര്‍ ഭൂമി കൂടി നിന്റെ പേരില്‍ ലീസെഴുതിയിരിക്കുന്നു, അത് കൊണ്ട് നീ ഇന്ന് മുതല്‍ പാട്ടക്കാരനാകുന്നു, ഇന്ന് മുതല്‍ വാരക്കാരനാകുന്നു എന്ന് പറഞ്ഞു പാട്ടം വാങ്ങിയിട്ടുള്ള പാവപ്പെട്ട ആളുകള്‍ ഇന്ന് വരെ ആ ഭൂമി കണ്ടിട്ടില്ല. അതെല്ലാം ജന്മിമാരുടെ കയ്യില്‍ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്."
ഇഷ്ടദാന നിയമമെന്നാല്‍ ആദ്യ ഭേദഗതി മാത്രമാണ് എന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍, അത്ര തന്നെ അപകടകാരിയായിരുന്നു ഈ രണ്ടാമത്തെ ഭേദഗതിയും.
ഇഷ്ടദാന നിയമമനുസരിച്ചു എത്ര ഭൂമി നഷ്ടപ്പെട്ടു എന്ന് പണ്ഡിതര്‍ കണക്കു കൂട്ടിയിട്ടുണ്ട്. പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പി. കെ. മൈക്കിള്‍ തരകന്റെ കണക്കു പ്രകാരം 22,000 ഭൂരഹിത-ദളിത്‌ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ്‌ 1979-ലെ ഇഷ്ടദാന നിയമം കാരണം നഷ്ടമായത്.
ശക്തമായ ചെറുത്തുനില്‍പ്പാണ് ഇഷ്ടദാന ബില്ലിനെതിരെ സി പി ഐ (എം) അക്കാലത്ത് നടത്തിയത്. 1979-ല്‍ 'ചിന്ത' വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സി പി ഐ (എം)ന്റെ നിലപാട് വ്യക്തമായി കുറിച്ചിട്ടുണ്ട്:
വര്‍ഗാടിസ്ഥാനത്തില്‍ ആരംഭിച്ച കേരളത്തിലെ ഭൂപരിഷ്ക്കരണ പ്രക്രിയയെ വര്‍ഗീയതയുടെ പേരില്‍ കുരുതി കഴിക്കാനാണ് ഇപ്പോഴത്തെ നീക്കം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഏതാനും ഭൂപ്രഭുക്കള്‍ക്ക് വേണ്ടി അവയില്‍ തന്നെയുള്ള ആയിരക്കണക്കിന് പാവപ്പെട്ടവരുടെ അവകാശം നിഷേധിക്കാനാണ് ശ്രമം... ആളുകളധികവും സാധുക്കളാണ്, അവരെക്കൊണ്ടു എന്ത് വിഡ്ഢിവേഷവും കെട്ടിക്കാം എന്ന ഹുങ്കാണ് ഇതിനു പിന്നിലുള്ളത്. അല്ലെങ്കില്‍, ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ടവരൊക്കെ സ്വത്തുകൈമാറ്റം സംബന്ധിച്ചു വിഷമത്തിലാണെങ്കില്‍, 'ഇഷ്ടദാന' ബില്ലല്ല, മുസ്ലീം-ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്കുള്ള ഭേദഗതിയാണ് കൊണ്ടുവരേണ്ടത്...
വിവേചനമുണ്ട് -- നെടുനാളായി ഭൂമി കയ്യടക്കി വച്ച ഭൂപ്രഭുക്കള്‍ക്കെതിരായിട്ടു; ആ ഭൂമികളില്‍ തലമുറകളായി വിയര്‍പ്പൊഴുക്കി മിച്ചമൂല്യം ഉണ്ടാക്കി വന്ന കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും അനുകൂലമായിട്ടു്. അത് വര്‍ഗീയാടിസ്ഥാനത്തിലല്ല, വര്‍ഗാടിസ്ഥാനത്തിലാണ്.
പുതിയ കുടിയാന്മകളെ അംഗീകരിക്കുന്ന സംഗതിയില്‍ ന്യൂനപക്ഷ സമുദായ പ്രശ്നം പോലും ചൂണ്ടിക്കാട്ടാനില്ല. 15 കൊല്ലമായി നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയെ പെട്ടെന്നൊരു ദിവസം വലിച്ചെറിയുന്നതില്‍ കള്ളക്കൈമാറ്റങ്ങളുടെ കെട്ടഴിക്കാനുള്ള വെമ്പലല്ലാതെ മറ്റൊന്നും കാണാനില്ല.
1980-ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉടനടി നിയമസഭയില്‍ പാസാക്കിയ ഒരു നിയമം The Kerala Land Reforms (Amendment) Bill, 1980 ആയിരുന്നു. കുടിയാന്മ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച 6C എന്ന വകുപ്പ് ഈ നിയമം വഴി നായനാര്‍ സര്‍ക്കാര്‍ റദ്ദു ചെയ്തു. ഒറ്റ വാചകം മാത്രമുള്ള ഒരു ചെറിയ ബില്ലായിരുന്നു അത്:
Omission of Section 6 C:
Section C of the Kerala Land Reforms Act 1963 (1 of 1964), shall be omitted.
6C എടുത്തു മാറ്റിയത് കൊണ്ട് മാത്രം നഷ്ടം തീര്‍ന്നില്ല. 1957 മുതല്‍ക്കു എത്ര മിച്ചഭൂമി നഷ്ടപ്പെട്ടു എന്ന് നോക്കിയാല്‍ നഷ്ടത്തിന്റെ ഒരു ഏകദേശ ബോധ്യം കിട്ടും. വലതുപക്ഷ പാര്‍ട്ടികളും, അവരുടെ ചില ഇടതുപക്ഷ സുഹൃത്തുക്കളും, ജന്മി-ഭൂവുടമാ ലോബിയും സമര്‍ത്ഥമായി കളിച്ച രാഷ്ട്രീയക്കളി വഴി നഷ്ടം സഹിക്കേണ്ടി വന്നത് ലക്ഷക്കണക്കിന്‌ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍. അവര്‍ക്ക് കിട്ടിയത് 1969-ലെ നിയമപ്രകാരം 10 സെന്റു, 5 സെന്റു, അല്ലെങ്കില്‍ 3 സെന്റു. 1969-ലെ നിയമമില്ലായിരുന്നെങ്കില്‍ എന്താകും സ്ഥിതി എന്ന് ആലോചിക്കാന്‍ പോലും കഴിയില്ല.
"പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പി. കെ. മൈക്കിള്‍ തരകന്റെ കണക്കു പ്രകാരം 22,000 ഭൂരഹിത-ദളിത്‌ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ്‌ 1979-ലെ ഇഷ്ടദാന നിയമം കാരണം നഷ്ടമായത്."
1980-നു ശേഷം എപ്പോഴൊക്കെ ഇടതു മുന്നണി അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സര്‍ക്കാരിന്റെ കയ്യിലുള്ള മിച്ചഭൂമി വിതരണം ചെയ്യുവാനും അതോടൊപ്പം മിച്ചഭൂമികളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മിച്ചഭൂമി വിതരണത്തിന്റെ കാര്യമാണെങ്കില്‍, 1987 മുതല്‍ 1991 അധികാരത്തിലിരുന്ന രണ്ടാം നായനാര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി 3915 ഏക്കര്‍ വരും. ഇതില്‍ 3245 ഏക്കര്‍ ഭൂമി 17,536 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിനു ശേഷമാണ് ആ സര്‍ക്കാര്‍ പുറത്തു പോയത്. അതേ പോലെ, 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന മൂന്നാം നായനാര്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മിച്ചഭൂമി ഏകദേശം 1500 ഏക്കര്‍ വരും (അപ്പോഴേക്കും സര്‍ക്കാരിന്റെ കയ്യിലുള്ള മിച്ചഭൂമിയും ഏറെ കുറവായിരുന്നുവെന്നോര്‍ക്കണം).
കേസുകള്‍ തീര്‍പ്പാക്കാനുള്ള നടപടികളെടുത്താല്‍, 1980-ല്‍ ഭരണത്തിലിരുന്ന ആദ്യത്തെ നായനാര്‍ സര്‍ക്കാരായിരുന്നു കോടതികളില്‍ കെട്ടി കിടക്കുന്ന മിച്ചഭൂമി കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക അപേക്ഷ നല്‍കിയത്. അതിന്റെ ഫലമായിട്ടാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഒരു ജഡ്ജിയെ അതിനു വേണ്ടി നീക്കി വെക്കുകയും അതിനു വേണ്ടി ചില പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. എന്നാല്‍ അധിക കാലം അത് നീണ്ടു നിന്നില്ല; അടുത്ത കരുണാകരന്‍ സര്‍ക്കാരാകട്ടെ ഒരു ലയസണ്‍ ആപ്പീസറെ നിയമിച്ചു കൈകഴുകി.
പിന്നീട് 1987-ല്‍ അധികാരത്തില്‍ വന്ന അടുത്ത നായനാര്‍ മന്ത്രിസഭയായിരുന്നു മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആദ്യമായി സിറ്റിങ് ഹൈക്കോടതി ജഡ്ജി ചെയര്‍മാനായി ഒരു സ്പെഷെല്‍ ട്രിബ്യൂണല്‍ രൂപീകരിക്കുവാന്‍ നിയമുണ്ടാക്കിയത്. അതാണ്‌ 1989-ലെ ഭൂപരിഷ്ക്കരണ ഭേദഗതി ബില്ല്. നിയമത്തിനു പ്രസിഡന്റിന്റെ അംഗീകാരം വാങ്ങി, ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്ക് വേണ്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതി കഴിഞ്ഞാണ് ആ മന്ത്രിസഭ പുറത്തു പോയത്.
അത് പോലെ തന്നെ, മിച്ചഭൂമി നിര്‍ണ്ണയത്തില്‍ അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കുന്നതിനുള്ള കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നും ഏഴു വര്‍ഷമായി ഉയര്‍ത്തി. ഒപ്പം, മുമ്പ് തീരുമാനമായ കേസുകളില്‍ ഏതെങ്കിലും കാരണവശാല്‍ മിച്ചഭൂമി വിട്ടുപോയിട്ടുണ്ടെങ്കില്‍ അങ്ങിനെയുള്ള കേസുകള്‍ പുനര്‍വിചാരണക്കെടുത്തു നഷ്ടപ്പെട്ടു പോയ മിച്ചഭൂമി തിരിച്ചു പിടിക്കുന്നതിനും, അതിനു വേണ്ടി ഒരു താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡുകളെ ചുമതലപ്പെടുത്തുന്നതിനും, 1989-ലെ ബില്ലില്‍ വകുപ്പുണ്ടായിരുന്നു. ഈ ചരിത്രമൊന്നുമറിയാതെയാണ് എല്‍ ഡി എഫ് സര്‍ക്കാരുകള്‍ മിച്ചഭൂമി പിടിച്ചെടുക്കാനും വിതരണം ചെയ്യാനും ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ ചില വിവരദോഷികള്‍ എഴുന്നെള്ളിച്ചു വിടുന്നത്.
വര്‍ത്തമാനകാലത്തെ ഭൂപരിഷ്കരണം
ഇന്നത്തെ മിച്ചഭൂമി എത്രയുണ്ട്? വിശദമായ കണക്കില്ലാതെ ഈ വിഷയത്തെ കുറിച്ചു സംസാരിക്കാന്‍ സാധ്യമല്ല. പട്ടിക 1 കാണുക. 1996-ലെയും 2012-ലെയും കണക്കുകളാണ് പട്ടികയില്‍ കൊടുത്തിട്ടുള്ളത്. മൊത്തത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന മിച്ചഭൂമി 2012-ല്‍ 138,861 ഏക്കറാണ്. ഇത്രയും മിച്ചഭൂമിയില്‍ 103,421 ഏക്കര്‍ മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കിടക്കുന്ന 35,440 ഏക്കര്‍ ഭൂമി എവിടെ പോയി? ഈ 35,440 ഏക്കര്‍ മിച്ചഭൂമി കേസിലോ തര്‍ക്കങ്ങളിലോ പെട്ട് കിടക്കുകയാണ്.
2012 വരെ ഏറ്റെടുത്ത 103,421 ഏക്കര്‍ മിച്ചഭൂമിയില്‍ 73,796 ഏക്കര്‍ ഭൂമി മാത്രമേ 2012 വരെയും വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി കിടക്കുന്ന 29,625 ഏക്കര്‍ ഭൂമി എവിടെ പോയി? ഇതില്‍ 12,562 ഏക്കര്‍ ഭൂമി പൊതുആവശ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. മറ്റൊരു 15,561 ഏക്കര്‍ ഭൂമി കേസുകളിലോ, തര്‍ക്കങ്ങളിലോ, പ്രതികൂല കൈവശങ്ങളിലോ (adverse possession) ആണ്. പിന്നെയും മറ്റൊരു 1502 ഏക്കര്‍ വിതരണത്തിന് ഉണ്ടായിരുന്നിട്ടും വിതരണം ചെയ്യാതെ സര്‍ക്കാരിന്റെ കൈവശം ഇരിക്കുകയാണ്.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ഹൈക്കോടതി സ്റ്റേ മാത്രം ഒഴിവാക്കിയെടുത്താല്‍ 27,731 ഏക്കര്‍ മിച്ചഭൂമി വിതരണത്തിനായി കിട്ടും. ഈ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികളെ നിയമിക്കണം. കൃത്യമായി കേസ് നടത്തുകയും പിടിച്ചെടുക്കാനുള്ള മിച്ചഭൂമി പിടിച്ചെടുക്കുകയും ചെയ്‌താല്‍ ഏകദേശം ഇത്രയും ഭൂമി ഭൂരഹിതര്‍ക്ക് ലഭ്യമാക്കാം.
ഇതേ പോലെ തന്നെയാണ് പലതരം തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുന്ന മിച്ചഭൂമി. ഇതില്‍ ഏറ്റവും പ്രധാനം വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങളാണ്. ഇത്തരം വകുപ്പ്-തല തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മറ്റൊരു 16,216 ഏക്കര്‍ ഭൂമി കൂടി വിതരണത്തിനായി കിട്ടും. ഒപ്പം കയ്യില്‍ റെഡിയായിരിക്കുന്ന 1502 ഏക്കര്‍ മിച്ചഭൂമി കൂടി എത്രയും വേഗം വിതരണം ചെയ്യണം.
പട്ടിക 1: കേരളത്തിലെ മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും, 1996ലും 2012ലും, എക്കറിലും എണ്ണത്തിലും
ഉത്തരവിറക്കപ്പെട്ട മിച്ചഭൂമി എത്ര?
31-10-1996 വരെ
30-10-2012 വരെ

 

ഏറ്റെടുക്കാന്‍ ഉത്തരവായ മിച്ചഭൂമി (ഏക്കര്‍)
172295
172295
ഹൈക്കോടതി ഉത്തരവ് മൂലം ഏറ്റെടുക്കാന്‍ കഴിയാതെ പോയത് (ഏക്കര്‍)
34616
33434
ബാക്കി ഏറ്റെടുക്കാന്‍ ഉത്തരവായത് (ഏക്കര്‍)
137679
138861
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്ന ഭൂമി (ഏക്കര്‍)
22575
23534
ഇതില്‍ തര്‍ക്കത്തില്‍ പെട്ട് കിടക്കുന്ന ഭൂമിയും വനഭൂമിയും (ഏക്കര്‍)
18006
11906
ഏറ്റെടുത്ത മിച്ചഭൂമി (ഏക്കര്‍)
95626
103421
ഉത്തരവായതില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള മിച്ചഭൂമി (ഏക്കര്‍)
1472
4820
   
മിച്ചഭൂമി വിതരണം എത്ര?
 

   
ഏറ്റെടുത്ത മിച്ചഭൂമി (ഏക്കര്‍)
95626
103421
പൊതു ആവശ്യങ്ങള്‍ക്ക് കരുതി വെച്ചിട്ടുള്ള മിച്ചഭൂമി (ഏക്കര്‍)
20356
12562
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്ന മിച്ചഭൂമി (ഏക്കര്‍)
4610
4197
തര്‍ക്കത്തില്‍ പെട്ട് കിടക്കുന്ന മിച്ചഭൂമി (ഏക്കര്‍)
4887
4310
പ്രതികൂല കൈവശത്തില്‍ (adverse possession) കിടക്കുന്ന മിച്ചഭൂമി (ഏക്കര്‍)
-
7054
വിതരണം ചെയ്ത കഴിഞ്ഞ മിച്ചഭൂമി (ഏക്കര്‍)
64400
73796
വിതരണം ചെയ്യാന്‍ ബാക്കി കിടക്കുന്ന മിച്ചഭൂമി (ഏക്കര്‍)
1373
1502
   
ഗുണഭോക്താക്കളുടെ എണ്ണം എത്ര?
 

   
മിച്ചഭൂമി കിട്ടിയ പട്ടികജാതിക്കാര്‍ (എണ്ണം)
60830
61267
പട്ടികജാതിക്കാര്‍ക്ക് കിട്ടിയ മിച്ചഭൂമി (ഏക്കര്‍)
23866
24957
മിച്ചഭൂമി കിട്ടിയ പട്ടികവര്‍ഗക്കാര്‍ (എണ്ണം)
7505
10325
പട്ടികവര്‍ഗക്കാര്‍ക്ക് കിട്ടിയ മിച്ചഭൂമി (ഏക്കര്‍)
5179
9418
മിച്ചഭൂമി കിട്ടിയ മറ്റുള്ളവര്‍ (എണ്ണം)
75916
97249
മറ്റുള്ളവര്‍ക്ക് കിട്ടിയ മിച്ചഭൂമി (ഏക്കര്‍)
35355
39419
മൊത്തം ഗുണഭോക്താക്കള്‍ (എണ്ണം)
145890
168841
മൊത്തത്തില്‍ കൊടുത്ത മിച്ചഭൂമി
64400
73796
അവലംബം: റവന്യൂ ഡിപ്പാര്‍ട്ട്മെന്റു രേഖകള്‍.
ഇനി വരുന്നത് തോട്ടങ്ങളുടെ കാര്യം. പല തരമുണ്ട് തോട്ടങ്ങള്‍: പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍, കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തോട്ടങ്ങള്‍, അനധികൃതമായി ഉടമകള്‍ കയ്യേറി വച്ചിരിക്കുന്ന തോട്ടങ്ങള്‍. ഇന്ന് പലരും ഉയര്‍ത്തുന്ന ഒരു ആവശ്യമാണ്‌ തോട്ടങ്ങളെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നത്. 1957ലെയും 1964ലെയും ഭൂപരിഷ്ക്കരണ നിയമങ്ങള്‍ അനുസരിച്ചു തോട്ടങ്ങളെ ഭൂപരിധി നിയമങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. 2011-ലെ കണക്കെടുത്താല്‍ 15 ലക്ഷം കുടുംബങ്ങളാണ് ഈ തോട്ടം മേഖലയില്‍ തൊഴിലാളികളായും അല്ലാതെയും ഉപജീവനം കണ്ടെത്തുന്നത്. ഇവര്‍ക്കിടയിലും ദളിതരും ആദിവാസികളുമുണ്ട്‌; മറ്റു പാവപ്പെട്ടവരുമുണ്ട്. എല്ലാ തോട്ടങ്ങളെയും ഒറ്റയടിക്ക് ഭൂപരിധി നിയമത്തിന്‍ കീഴില്‍ കൊണ്ട് വന്നാല്‍ ഇത്രയും കുടുംബങ്ങള്‍ ഒറ്റയടിക്ക് തൊഴില്‍രഹിതരാകും. അത് കൊണ്ട് തന്നെ എല്ലാ തോട്ടങ്ങളെയും ഏറ്റെടുക്കുക എന്ന വാദം മനുഷ്യത്വരഹിതമാണ്. അത്തരത്തില്‍ തോട്ടങ്ങളെയും മിച്ചഭൂമി പ്രശ്നത്തെയും യാന്ത്രികമായി കൂട്ടികെട്ടാന്‍ കഴിയില്ല. പിന്നെ എന്ത് ചെയ്യാന്‍ കഴിയും?
"1987 മുതല്‍ 1991 അധികാരത്തിലിരുന്ന രണ്ടാം നായനാര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി 3915 ഏക്കര്‍ വരും. ഇതില്‍ 3245 ഏക്കര്‍ ഭൂമി 17,536 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിനു ശേഷമാണ് ആ സര്‍ക്കാര്‍ പുറത്തു പോയത്. അതേ പോലെ, 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന മൂന്നാം നായനാര്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മിച്ചഭൂമി ഏകദേശം 1500 ഏക്കര്‍ വരും"
കേരളത്തില്‍ തോട്ടങ്ങള്‍ എന്ന് പറയാന്‍ കഴിയുന്ന 29 ലക്ഷം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ ഏകദേശം 11 ലക്ഷം ഏക്കര്‍ ഭൂമി ചെറുകിട കര്‍ഷകരുടെ കയ്യിലാണ്; അതായത്, കമ്പനികളല്ല കുടുംബങ്ങളാണ് ഇവിടെ കൃഷി ചെയുന്നത് (ഉദാഹരണം: ചെറുകിട കാപ്പി/റബ്ബര്‍ കര്‍ഷകര്‍). ബാക്കി 18 ലക്ഷം ഏക്കര്‍ ഭൂമിയാണ്‌ തോട്ടങ്ങളായി വന്‍കിട കമ്പനികളുടെ കയ്യില്‍ ഉള്ളത്. ഇതിനുള്ളിലാണ് ഭാവിയില്‍ കൂടുതല്‍ ആവശ്യമുള്ള മിച്ചഭൂമി തേടേണ്ടത്.
ഒന്നാമതായി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഉടനടി ഏറ്റെടുക്കണം. ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ താത്പര്യങ്ങള്‍ ഹനിക്കാതെ വേണം തോട്ടങ്ങള്‍ ഏറ്റെടുക്കേണ്ടത്. രണ്ടാമതായി, നിലവിലെ തോട്ടങ്ങള്‍ക്കുള്ളില്‍ തന്നെ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇങ്ങിനെ തരിശിടുന്നത് പാട്ടക്കരാറുകള്‍ക്ക് വിരുദ്ധമാണ്. പല തോട്ടങ്ങളിലും പാട്ടഭൂമിയുടെ വിസ്തീര്‍ണ്ണവും പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും തമ്മില്‍ ഒരു ബന്ധവുമുണ്ടാവില്ല; തൊഴിലാളികളുടെ എണ്ണം വിസ്തീര്‍ണ്ണത്തെ അപേക്ഷിച്ചു വളരെ കുറവായിരിക്കും. അതിനര്‍ത്ഥം ബാക്കി ഭൂമി തരിശു കിടക്കുന്നു എന്നാണു. തൊഴിലാളികളുടെ എണ്ണം നോക്കി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുകയും, ബാക്കി കിടക്കുന്ന ഭൂമി മിച്ചഭൂമിയായി കണ്ടു ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങിനെ ചെയ്‌താല്‍ അവിടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉപജീവനത്തെയും തൊഴിലിനേയും സംരക്ഷിക്കുകയും ചെയ്യാം. ഇതിനു വേണ്ടി തോട്ടം മേഖലയില്‍ ഒരു പഠനം അടിയന്തിരമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഈ രണ്ടു മാര്‍ഗങ്ങള്‍ വഴി കിട്ടുന്ന മിച്ചഭൂമി വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കണം. ഇതിനാണ് സര്‍ക്കാരുകള്‍ പ്രയത്നിക്കേണ്ടത്.
മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുക എന്നതിനൊപ്പം, തോട്ടങ്ങള്‍ സംബന്ധിച്ച ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെ ചെറുക്കുക എന്നതും ഭൂസമരത്തിന്റെ അജണ്ടയാണ്. എന്താണ് ഇന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്? മൂന്നു പ്രധാന മാറ്റങ്ങളാണ് കൊണ്ട് വരുന്നത്.
  1. ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോട്ടവിളകളില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റു ചില സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും;
  2. തോട്ടങ്ങളില്‍ 5 ശതമാനം വരെ ഭൂമി കാര്‍ഷിക വിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി-പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാം;
  3. തോട്ടങ്ങള്‍ എന്ന നിര്‍വചനത്തില്‍ കശുമാവിനെക്കൂടി ഉള്‍പ്പെടുത്തി കശുമാവുകൃഷി ചെയ്യുന്ന പ്രദേശങ്ങളെക്കൂടി തോട്ടങ്ങളായി പ്രഖ്യാപിക്കും.
ഈ നയങ്ങള്‍ വഴി കേരളത്തിലെ ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ക്കും കിട്ടേണ്ട ബാക്കി മിച്ചഭൂമി കൂടി എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ശ്രമം.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു ഇതൊരു പുതിയ കാര്യമല്ല. ഇത്തരത്തില്‍ ഭൂപരിഷ്ക്കരണ നടപടികളോട് മുഖം തിരിച്ചു നില്‍ക്കുകയും അവയെ അട്ടിമറിക്കുകയും ചെയ്ത ചരിത്രമേ കോണ്‍ഗ്രസ്സിനു എന്നുമുണ്ടായിട്ടുള്ളൂ. അത് 1957-ല്‍ ആയാലും ഇപ്പോഴായാലും. ഇത് അല്‍പ്പമെങ്കിലും വിവേകമുള്ള കോണ്‍ഗ്രസ്സുകാര്‍ എന്നും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന്, 1958 ജനുവരി 15നു കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനം ആസ്സാമിലെ പ്രാഗ്ജ്യോതിഷ്പ്പൂരില്‍ നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ്‌ യു. എന്‍. ധേബാര്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ തുറന്നടിച്ചത് ഇങ്ങിനെ:
"കേരളം കോണ്‍ഗ്രസ്സിന്റെ കവചത്തില്‍ വന്നിട്ടുള്ള ഒരു വിടവാണ്... ഒരു കാലത്ത് ഗ്രാമങ്ങളെ പറ്റി ഒച്ചപ്പാടുണ്ടാക്കിയിരുന്നത് നമ്മളാണെങ്കില്‍, ഇന്ന് ആ സ്ഥിതി നേരെ തിരിച്ചടിക്കുകയാണ്. ഗ്രാമങ്ങളെ അവഗണിക്കുന്നവര്‍ നമ്മളാണ്. ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് കൃഷിക്കാര്‍ക്ക് രക്ഷ നല്‍കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? പുതിയ ജീവിതത്തിന്റെ മൂല്യങ്ങളോടുള്ള കൂറിന്റെ ഒരു ഉരകല്ലാണ് ഇത്. ഭൂപരിധി നിര്‍ണ്ണയിക്കണമെന്ന ആവശ്യവുമുണ്ട്. നീതിയെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല, രാജ്യതാല്പര്യത്തിനുമാവശ്യമാണ് ഇത്. ഇതിന്റെ പരിഹാരത്തിലെത്തുമ്പോള്‍ നാം പരുങ്ങി പോകുന്നു. പരിഹാരമില്ലാഞ്ഞിട്ടല്ല. പ്രശ്നത്തെ പറ്റി വ്യക്തതയില്ലാഞ്ഞിട്ടുമല്ല. അടിസ്ഥാന കൂറ് സംബന്ധിച്ചാണ് പ്രശ്നം നില്‍ക്കുന്നത്."
ധേബാര്‍ പറഞ്ഞത് പോലെ 1950-കളില്‍ തന്നെ കോണ്‍ഗ്രസ്സിനു ജനങ്ങളോടുള്ള അടിസ്ഥാന കൂറ് നഷ്ടപ്പെട്ടിരുന്നുവെങ്കില്‍, 1990കളിലെ നവ-ലിബറല്‍ നയങ്ങളോട് കൂടി ഒരു പരിപൂര്‍ണ ജനവിരുദ്ധ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പധിച്ചു. നവലിബറല്‍ നയങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണ്‌ ഭൂപരിഷ്ക്കരണത്തിന്റെ അട്ടിമറി. അടുത്ത കാലത്തെ ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഇങ്ങിനെ:
"ഇന്ത്യയില്‍ കൃഷിഭൂമിയുടെ പുനര്‍വിതരണം അടങ്ങുന്ന വിജയകരമായ ഭൂപരിഷ്ക്കരണം നടപ്പില്‍ വരുത്തുന്നതിനുള്ള സാധ്യതകള്‍ പരിമിതമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം".
എന്താണ് അദ്ദേഹത്തിന്റെ ബദല്‍ പദ്ധതി? ഭൂപരിഷ്കരണ നിയമങ്ങള്‍ മെല്ലെ മെല്ലെ ദുര്‍ബലപ്പെടുത്തുക; ഭൂപരിധികള്‍ എടുത്തു കളയുകയോ വലിയ രീതിയില്‍ ഉയര്‍ത്തുകയോ ചെയ്യുക; കമ്പനികളെയും സ്ഥാപനങ്ങളെയും ആ സ്ഥാനത്തു പരിധിയില്ലാതെ കൃഷി നടത്താന്‍ അനുവദിക്കുക; അത്തരം കൃഷിയിടങ്ങളില്‍ നിന്നും അവിടെയിപ്പോള്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ മാറ്റി വിദേശ-വിപണിയുള്ള പഴവും പച്ചക്കറിയും ഒക്കെ കൃഷി നടത്താന്‍ അനുവദിക്കുക; ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ വിദേശ വിപണികളില്‍ നിന്നും ലോകവ്യാപാര കരാറുകള്‍ വഴി ഇറക്കുമതി ചെയ്യുക. ഇതാണ് ഇന്ത്യയില്‍ നവ-ലിബറലിസം വിഭാവനം ചെയ്യുന്ന ബദല്‍ കാര്‍ഷിക പദ്ധതി. അതിനു ഭൂപരിഷ്ക്കരണം ഒരു തടയാണ്, വിഘാതമാണ്. കോണ്‍ഗ്രസ്സു ഭരിക്കുന്ന മഹാരാഷ്ട്രം പോലെയുള്ള പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ക്കു ഭേദഗതികള്‍ കൊണ്ട് വന്നു കഴിഞ്ഞു.
എന്നാല്‍, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായി കേരളത്തില്‍ നടപ്പില്‍ വരുത്തപ്പെട്ട ഭൂപരിഷ്ക്കരണം ഇത്തരത്തില്‍ അട്ടിമറിക്കപ്പെടാന്‍ ഇടവരരുത്. അതിനു കോണ്‍ഗ്രസ്സിനെയും യു ഡി എഫിനെയും അനുവദിക്കരുത്. മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ പരിഹരിച്ചു, ബാക്കിയുള്ള മിച്ചഭൂമി കൂടി അടിയന്തിരമായി ഏറ്റെടുത്തു്, അവ വിതരണം ചെയ്തു കൊണ്ടുള്ള ഒരു സമഗ്രമായ ചുവടുവയ്പ്പാണ്‌ ഇന്നാവശ്യം. അതിനു മാര്‍ഗദര്‍ശിയും പ്രചോദനവുമാകട്ടെ ഇന്നത്തെ ഭൂസമരം.
ആര്‍ രാമകുമാര്‍
(ചിന്ത വാരികയ്ക്കു് വേണ്ടി തയ്യാറാക്കിയ ലേഖനം)