കണ്‍തുറന്നു കാണാന്‍, കരളുറച്ച് എതിര്‍ക്കാന്‍
കുന്നമംഗലം: മായക്കാഴ്ചകളില്‍ മയങ്ങുന്നവര്‍ക്ക് തിരിച്ചറിവിന്റെ പുതിയ പാഠം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി ശാസ്ത്ര കലാജാഥ. ആസക്തിയുടെ പരക്കംപാച്ചിലില്‍ ഇരുളടഞ്ഞുപോയ മനസ്സുകളില്‍ ഇത്തിരി വെട്ടം കൊളുത്തി വെക്കുകയാണ് അത്. ചുറ്റുപാടുകളിലെ പൊള്ളുന്ന അനുഭവങ്ങളിലേക്ക് കണ്ണുതുറക്കാന്‍, സ്വയം കണ്ടെത്താന്‍, അസമത്വങ്ങള്‍ ചോദ്യംചെയ്യാന്‍ ജാഥ ആഹ്വാനംചെയ്യുന്നു. ജനുവരി 26ന് ഉദ്ഘാടനംചെയ്ത രണ്ടു ജാഥകളാണ് സംസ്ഥാനത്ത് പ്രയാണം തുടരുന്നത്. തൃശൂരില്‍നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥയാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലെ പര്യടനത്തിനുശേഷം ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നത്.
നിലനില്‍പ്പിനായി നിരന്തരം പോരാടി പ്രതിസന്ധികളെ മുറിച്ചുകടന്ന് മനുഷ്യന്‍ മുന്നേറിയ കഥ പറയുന്ന "ഏകലവ്യന്റെ പെരുവിരല്‍", അധ്വാനത്തിന്റെ മഹത്വം വ്യക്തമാക്കുന്ന "ഒരു ചോദ്യം" ലക്ഷങ്ങള്‍ ഇന്നും ദുരിതത്തിന്റെ നാക്കിലകളില്‍ കിടന്ന് പിടയുമ്പോള്‍ വികസനത്തിന്റെ പേരില്‍ അധികാരിവര്‍ഗം നടത്തുന്ന ചൂഷണം തുറന്നുകാട്ടുന്ന "ഒത്തുകളി", ആസക്തിയുടെ ഇരകളായി ഇന്നും വീണുപിടയുന്ന പെണ്‍ജന്മങ്ങള ഓര്‍മപ്പെടുത്തുന്ന "കന്യാഭൂമി", "അവര്‍ നമ്മുടെ മുഖത്ത് തുപ്പുന്നു", "അവരെ നമുക്കറിയാം" എന്നീ കലാരൂപങ്ങളെല്ലാം ഹൃദയത്തില്‍ തൊടുന്നവയാണ്. മൂന്നിന് നാദാപുരം പെരുമുണ്ടശേരി, പേരാമ്പ്ര ടൗണ്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കും. വേങ്ങേരി തടമ്പാട്ടുതാഴം കണ്ണാടിക്കല്‍ റോഡില്‍ നേതാജി വായനശാലക്കു സമീപമാണ് പരിപാടി. കരിവെള്ളൂര്‍ മുരളി, മുല്ലനേഴി, പനങ്ങാട് പി കെ തങ്കപ്പന്‍ പിള്ള, പി കെ ശിവദാസ്, കുഞ്ഞപ്പ പട്ടാന്നൂര്‍, എം എം സചീന്ദ്രന്‍ എന്നിവരുടേതാണ് രചനകള്‍. നാലിന് നന്മണ്ട, ബാലുശേരി, കൂഴക്കോട് എന്നിവിടങ്ങളിലാണ് സ്വീകരണങ്ങള്‍. അഞ്ചിന് കാരശേരിയിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
പരിഷത്ത് കലാജാഥ: കനലെരിയുന്ന കാലത്തിലേക്ക് കണ്‍തുറന്ന്...
പെരിന്തല്‍മണ്ണ: സ്ത്രീയുടെ സമകാലികാവസ്ഥകളെ തീവ്രമായി അവതരിപ്പിച്ച് പരിഷത്ത് കലാജാഥ ജില്ലയില്‍ പര്യടനം തുടരുന്നു. മണ്ണിനെയും പെണ്ണിനെയും സ്വന്തമാക്കി അധികാരത്തിന്റെ ഭോഗാലസതകളില്‍ മുങ്ങിനശിക്കുന്ന മാനവികതയെ നേരിലേക്ക് നയിക്കുന്ന ലഘുനാടകങ്ങളാണ് കലാജാഥയിലുള്ളത്. മലിനമാകുന്ന പുഴ, ഇല്ലാതാകുന്ന പ്രകൃതിവിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധിയും പാട്ടുകളില്‍ നിറയുന്നു. പരിഷത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള വടക്കന്‍ മേഖലാ ജാഥയ്ക്ക് വെള്ളിയാഴ്ച എരവിമംഗലം, വളാഞ്ചേരി, എടക്കര എന്നിവിടങ്ങളില്‍ സ്വീകരണംനല്‍കി. എരവിമംഗലത്ത് ജില്ലാ പ്രസിഡന്റ് വേണുപാലൂര്‍ അധ്യക്ഷനായി. ആദ്യകാല പ്രവര്‍ത്തകരായ വി എം കൊച്ചുണ്ണി, കെ കെ നായര്‍, കെ പി യൂസഫ്, കെ ദാമോദരന്‍ നമ്പൂതിരി, സൂര്യനാരായണന്‍, പി ജാനകി, കെ നാരായണന്‍കുട്ടി എന്നിവരെ പാലക്കീഴ് നാരായണന്‍, ഡോ. കെ പി മോഹനന്‍, എം എസ് മോഹനന്‍, സജിജേക്കബ്ബ്, കെ പി രാമകൃഷ്ണന്‍ എന്നിവര്‍ ഉപഹാരംനല്‍കിആദരിച്ചു. എം ഗോപാലന്‍, പി രമേഷ്കുമാര്‍, സി പി സുരേഷ്ബാബു, എം കെ ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. സുനില്‍ പെഴുങ്കാട് സ്വാഗതവും ടി പി അച്യുതന്‍ നന്ദിയും പറഞ്ഞു. വളാഞ്ചേരിയില്‍ ജാഥാ മാനേജര്‍ സി പി സുരേഷ്ബാബു, ക്യാപ്റ്റന്‍ കെ പി രാമകൃഷ്ണന്‍, കെ പ്രേംരാജ്, വി പി അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ സ്വീകരണത്തിന്റെ ഭാഗമായി വളാഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും "പുസ്തകപ്പൂമഴ" വിതരണംചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് എടവണ്ണയിലാണ് ആദ്യസ്വീകരണം. 3 -മലപ്പുറം ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയം, 6-പരപ്പനങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.
deshabhimani 020213
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ