ബ്ലോഗ് ആര്‍ക്കൈവ്

2013, ഡിസംബർ 21, ശനിയാഴ്‌ച

ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍ നാട്ടുകാര്‍ക്ക് പണിയില്ല; തൊഴിലാളിസമരം 600-ാംനാളിലേക്ക്

ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍ നാട്ടുകാര്‍ക്ക് പണിയില്ല; തൊഴിലാളിസമരം 600-ാംനാളിലേക്ക്

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ തൊഴില്‍സ്ഥാപനത്തില്‍ തൊഴില്‍നിഷേധിച്ചവരുടെ സമരം തിങ്കളാഴ്ച 600-ാം നാളിലേക്ക് കടന്നു. തങ്ങളുടെ സമരം ഇത്രയും നാള്‍ പിന്നിട്ടിട്ടും അലിവു തോന്നാത്ത ചിറ്റിലപ്പിള്ളി, അഴിമതിക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയെ ന്യായീകരിച്ച യുവതിക്ക് പാരിതോഷികം പ്രഖ്യാപിച്ചതില്‍ തൊഴിലാളികള്‍ അത്ഭുതപ്പെടുകയാണ്. കീഴ്മാട്-വാഴക്കുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ എംഇഎസ് കവലയില്‍ ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വി സ്റ്റാര്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലാണ് 43 കയറ്റിറക്ക് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചത്.

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ആലുവ ഓഫീസിനു കീഴിലെ 105-ാം നമ്പര്‍ പൂളിലെ തൊഴിലാളികളാണിവര്‍. തൊട്ടടുത്ത സ്ഥാപനങ്ങളായ ഏഷ്യന്‍ പെയിന്റ്, എവിടി, നെസ്റ്റ് ഗ്രൂപ്പ്, നെന്മണി, മലയാള മനോരമയുടെ സഹോദര സ്ഥാപനമായ മിസ്റ്റര്‍ ബട്ലര്‍ എന്നിവിടങ്ങളിലെ കയറ്റിറക്കുജോലി ചെയ്യുന്നവര്‍ക്കാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍മാത്രം തൊഴില്‍ നിഷേധിച്ചത്. എളമക്കരയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ് തൊഴിലാളികളുമായി തര്‍ക്കിച്ച് എംഇഎസ് കവലയിലേക്കു പറിച്ചുനട്ടത്. എളമക്കരയില്‍ സ്വന്തമായി ലോഡ് ഇറക്കി ചിറ്റിലപ്പിള്ളി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

പെരുമ്പാവൂര്‍ എഎല്‍ഒയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന ഈ സ്ഥാപനത്തില്‍ തമിഴ്നാട്ടുകാരായ തൊഴിലാളികളെക്കൊണ്ടാണ് ജോലിചെയ്യിക്കുന്നത്. ക്ഷേമബോര്‍ഡിന്റെ നിയമം പാലിക്കാതെയാണ് തൊഴില്‍ നല്‍കിയതെന്ന് വിവരാവകാശനിയമപ്രകാരം 2012 ഡിസംബറില്‍ ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. സമരം 100 ദിവസം പിന്നിട്ടപ്പോള്‍ ആലുവ മേഖലയിലാകെ കയറ്റിറക്കുതൊഴിലാളികള്‍ കരിദിനം ആചരിച്ചു. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ചിറ്റിലപ്പിള്ളിയുടെ വീഗാലാന്‍ഡിലേക്കും ഹെഡ് ഓഫീസിലേക്കും തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊപ്പം മാര്‍ച്ച് നടത്തി. 598 ദിവസം പിന്നിടുമ്പോഴും തൊഴിലാളികള്‍ നടത്തുന്ന സഹനസമരം കാണാതിരിക്കുന്നത് ഏതുതരം മനുഷ്യത്വത്തിന്റെ പേരിലാണെന്നാണ് തൊഴിലാളികളുടെ ചോദ്യം.

സമരം ഇത്രയും ദിവസം പിന്നിട്ടും തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ല. ഒരു പെറ്റികേസുപോലും എടുക്കാന്‍ പൊലീസിന് ഇടവന്നിട്ടില്ല. തമിഴ്നാട്ടില്‍നിന്ന് തയ്യല്‍ജോലി പൂര്‍ത്തിയാക്കിയെത്തുന്ന തുണിത്തരങ്ങള്‍ പാക്ക്ചെയ്ത് കയറ്റിവിടുന്ന ജോലിയാണ് സ്ഥാപനത്തില്‍ നടക്കുന്നത്. ഇവിടെ എത്തുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുജോലിമാത്രം നല്‍കിയാല്‍പ്പോലും അവസാനിപ്പിക്കാന്‍ കഴിയുന്ന സമരമാണ് 600-ാം ദിവസത്തിലേക്ക് കടക്കുന്നത്.
(ഒ വി ദേവസി)

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ