ബ്ലോഗ് ആര്‍ക്കൈവ്

2013, നവംബർ 13, ബുധനാഴ്‌ച

ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ പട്ടിണിമരണം പെരുകുന്നു

ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ പട്ടിണിമരണം പെരുകുന്നു

കൊല്‍ക്കത്ത: വടക്കന്‍ ബംഗാളിലെ തേയില തോട്ടങ്ങളില്‍ മൂന്നാഴ്ചയ്ക്കിടെ 12 പേര്‍ പട്ടിണികിടന്ന് മരിച്ചു. ഒരു വര്‍ഷത്തിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 35 പേരാണ് മരിച്ചത്. നിരവധി പേര്‍ മരണത്തോട് മല്ലിടുകയാണ്. ഡൂവാര്‍സ് മേഖലയിലെ സുരേന്ദ്ര നഗര്‍, റെഡ്ബാങ്ക്, ധരണിപുര്‍ തോട്ടങ്ങളിലെ തൊഴിലാളികളാണ് പട്ടിണി മരണത്തിനിരയായത്. ആദിവാസി-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്.

കഴിഞ്ഞമാസം തോട്ടങ്ങള്‍ പൂട്ടിയതോടെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. ചായത്തോട്ടങ്ങളിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും തൊഴിലാളികളുടെ കൊടുംദുരിതം അകറ്റാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ പൂട്ടിക്കിടന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍രഹിത അലവന്‍സ് മമതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ത്തലാക്കി. സൗജന്യനിരക്കില്‍ നല്‍കിയ റേഷന്റെ അളവും കുറച്ചു. വില വന്‍തോതില്‍ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 40 പൈസ നിരക്കില്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് ഒമ്പത് രൂപ നിരക്കില്‍. സ്വകാര്യമേഖലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ ശ്രമമില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ്് ഇതു മൂലം നരകിക്കുന്നത്. പട്ടിണിമൂലം മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. പട്ടിണി മൂലമല്ല അസുഖം മൂലമാണ് മരണമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കും പ്രചരിപ്പിക്കുന്നത്. തോട്ടങ്ങളില തൊഴിലില്ലായ്മയും പട്ടിണിയും മുതലെടുത്ത് മറ്റിടങ്ങളില്‍ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്നുന്നതും വ്യാപകം.
(ഗോപി)

കോണ്‍ഗ്രസുകാരുടെ കൈ വെട്ടുമെന്ന് തൃണമൂല്‍ നേതാവ്

കത്വ: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണബോര്‍ഡുകളോ പാര്‍ടി കൊടികളോ നശിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈ വെട്ടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മണ്ഡലിന്റെ പ്രസ്താവന വിവാദമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭൂം ജില്ലാ അധ്യക്ഷനായ മണ്ഡലിനെതിരെ കത്വയിലെ കോണ്‍ഗ്രസ് എംഎല്‍എ രബീന്ദ്രനാഥ് ചതോപാധ്യായ പൊലീസിന് പരാതി നല്‍കി. മണ്ഡലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലിന്റെ പ്രസംഗം തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പെടുത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആറിന് നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസുകാരുടെ കൈ വെട്ടുമെന്ന് ഇയാള്‍ പ്രസംഗിച്ചത്.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ