വികസ്വര രാജ്യങ്ങളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന (പ്രത്യേകിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍) വളരെ ആദായകരമായ ഒരു ബിസിനസ്സ് ആണ് ദാരിദ്ര്യത്തിന്റെ കണക്കെടുപ്പ് എന്നത്, ശ്രദ്ധേയമായ ഒരു വിരോധാഭാസമാണ്. പൊതുപണം ഇത്രയൊക്കെ ചെലവാക്കിയിട്ട്, ദാരിദ്ര്യത്തില്‍ മാറ്റമുണ്ടാകുന്നതെങ്ങനെയെന്നതു സംബന്ധിച്ച ശരിയായ ധാരണ ലഭിക്കുന്നുവെങ്കില്‍ അതിന് അര്‍ഥമുണ്ട്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്ന (അവര്‍ ലോകബാങ്കിലുള്ളവരായിരുന്നാലും ശരി, ഗവണ്‍മെന്‍റിലുള്ളവരായിരുന്നാലും ശരി, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവരായിരുന്നാലും ശരി) തികച്ചും തെറ്റായ ദാരിദ്ര്യ നിര്‍ണയ രീതികളുടെ അര്‍ഥം, അവരുടെ ദാരിദ്ര്യ കണക്കുകളും ദാരിദ്ര്യം കുറയുന്നതിനെ സംബന്ധിച്ച അവരുടെ അവകാശവാദങ്ങളും തികച്ചും തെറ്റാണെന്നു തന്നെയാണ്. അവയ്ക്ക് അവ അച്ചടിക്കുന്നതിന് ഉപയോഗിച്ച പേപ്പറിന്റെ വിലപോലുമില്ല.
ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യ നിര്‍ണയ കണക്കുകള്‍ പരിശോധിച്ചുകൊണ്ടുതന്നെ, നമുക്ക് ആരംഭിയ്ക്കാം. നഗരപ്രദേശങ്ങളില്‍ മാസത്തില്‍ 1000 രൂപ (ദിവസത്തില്‍ 33.3 രൂപ) എന്ന ദാരിദ്ര്യരേഖയും ഗ്രാമപ്രദേശങ്ങളില്‍ മാസത്തില്‍ 816 രൂപ (ദിവസത്തില്‍ 27.2 രൂപ) എന്ന ദാരിദ്ര്യരേഖയും ഉപയോഗപ്പെടുത്തിക്കൊണ്ട്, 2011-12 വര്‍ഷത്തില്‍ നഗരപ്രദേശങ്ങളിലെ ദരിദ്ര ജനങ്ങളുടെ ശതമാനം 13.7 ആണെന്നും ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയില്‍ 25.7 ശതമാനം ദരിദ്രരാണെന്നും ഉള്ള, തികച്ചും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട്, ആസൂത്രണ കമ്മീഷന്‍ ഈയിടെ ദാരിദ്ര്യം ഏറെ കുറഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് നമ്മെയെല്ലാം അമ്പരപ്പിയ്ക്കുകയുണ്ടായി. വളരെ താഴ്ന്ന ഇടത്തരക്കാര്‍ക്കുള്ള ബാര്‍ബര്‍ ഷാപ്പില്‍ ചെന്ന് ഒരാള്‍ക്ക് തലമുടി വെട്ടുന്നതിനു കഷ്ടി തികയുന്ന ഈ സംഖ്യകൊണ്ടാണ് ഒരാള്‍ ദിവസത്തില്‍ എല്ലാ ഭക്ഷണാവശ്യങ്ങളും ഭക്ഷണേതര ആവശ്യങ്ങളും നിര്‍വഹിയ്ക്കുന്നുവെന്ന് ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടുന്നത്. 2009-10ല്‍ ഔദ്യോഗിക കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ 20.9 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രര്‍ 33.8 ശതമാനവും ആയിരുന്നു. അത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ 8 ശതമാനം കണ്ട് കുറഞ്ഞുവെന്നും നഗരപ്രദേശങ്ങളില്‍ 7 ശതമാനം കണ്ട് കുറഞ്ഞുവെന്നും ആണ് സര്‍ക്കാരിന്റെ കണക്ക്. അതേ അവസരത്തില്‍ത്തന്നെ കടുത്ത വരള്‍ച്ചയുടെയും കുറഞ്ഞ തൊഴില്‍ വളര്‍ച്ചാ നിരക്കിന്റെയും ദ്രുതഗതിയിലുള്ള ഭക്ഷ്യവിലക്കയറ്റത്തിന്റെയും ആഘാതം അനുഭവപ്പെട്ട വര്‍ഷങ്ങളായിരുന്നു ഇവ എന്നും നാം ഓര്‍ക്കണം.
ആസൂത്രണ കമ്മീഷന്‍ തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തെറ്റായ കണക്കെടുപ്പ് രീതിയുടെ അടിസ്ഥാനത്തില്‍, 2014 - 15 വര്‍ഷത്തിലെ സര്‍വെ ഫലങ്ങള്‍ ലഭ്യമാകുമ്പോഴേയ്ക്കും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് പൂജ്യത്തിലെത്തിയെന്നും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് 12 ശതമാനത്തോളമേ വരൂ എന്നും ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടാതിരിയ്ക്കുകയില്ല എന്നത് ഏതാണ്ട് ഉറപ്പുതന്നെയാണ്. യഥാര്‍ത്ഥ ദാരിദ്ര്യം എത്രമാത്രം തീക്ഷ്ണമായിരുന്നാലും, ദരിദ്രര്‍ വീണ്ടും എത്രമാത്രം കവര്‍ന്നെടുക്കപ്പെട്ടാലും, അതൊന്നും ഗൗനിയ്ക്കാതെ, ആസൂത്രണ കമ്മീഷന്‍ ഇങ്ങനെയുള്ള നിഗമനത്തിലെത്തിച്ചേരും!
ദാരിദ്ര്യം കുറഞ്ഞു, ദാരിദ്ര്യ നിലവാരം വളരെ താഴ്ന്നതാണ് എന്നൊക്കെയുള്ള എല്ലാ അവകാശവാദങ്ങളും കള്ളത്തരമാണ്; തെറ്റായ കണക്കെടുപ്പ് രീതിയുടെ മാത്രം ഫലമാണ്. യഥാര്‍ഥത്തില്‍ ദാരിദ്ര്യം ഉയര്‍ന്ന നിലവാരത്തിലാണ്; അത് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയുമാണ്. ഭക്ഷണമൊഴിച്ചുള്ള മറ്റ് അനിവാര്യമായ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ (വാടക, യാത്രക്കൂലി, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മിത വസ്തുക്കള്‍, സേവനങ്ങള്‍ തുടങ്ങിയവ) 2009-10 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ 75.5 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2200 കലോറി ഊര്‍ജ്ജം നല്‍കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല; അതേപോലെത്തന്നെ മറ്റെല്ലാ ആവശ്യങ്ങളും നിര്‍വഹിച്ചതിനുശേഷം നഗരപ്രദേശങ്ങളിലെ 73 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമായി താരതമ്യപ്പെടുത്താവുന്ന 2004-05ലെ കണക്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ 69.5 ശതമാനവും നഗരപ്രദേശങ്ങളില്‍ 64.5 ശതമാനവും എന്നതായിരുന്നു. അതായത് ഈ കാലയളവിനുള്ളില്‍ ദാരിദ്ര്യം വലിയ അളവില്‍ വര്‍ധിക്കുക തന്നെയാണ് ഉണ്ടായിട്ടുള്ളത്.
നാഷണല്‍ സാമ്പിള്‍ സര്‍വെ, 2011-12 വര്‍ഷത്തേയ്ക്കുള്ള പോഷകാഹാര ഉപഭോഗ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ വര്‍ഷം വരെയുണ്ടായ മാറ്റം എന്താണ് എന്ന് നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ വളരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും മുരടിച്ച തൊഴില്‍വളര്‍ച്ചയും പരിഗണിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളായിട്ടില്ലെങ്കില്‍ത്തന്നെ മുമ്പത്തെപ്പോലെ അത്ര തന്നെ മോശമാണെന്ന് വരാനാണ് സാധ്യത. ആസൂത്രണ കമ്മീഷെന്‍റ തന്നെ ദാരിദ്ര്യരേഖയെ സംബന്ധിച്ച ആദ്യത്തെ നിര്‍വചനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കണക്കുകളില്‍ നാം എത്തിച്ചേര്‍ന്നിട്ടുള്ളത്.
സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, സേവനങ്ങള്‍ (വൈദ്യുതി, വെള്ളം, പെട്രോള്‍, യാത്രക്കൂലി തുടങ്ങിയവ) എന്നിവയും അതോടൊപ്പം ഭക്ഷ്യസാധന വിലകളുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും യഥാര്‍ഥത്തില്‍ ദരിദ്രരായവരില്‍ മഹാഭൂരിപക്ഷവും പൊതുവിതരണ സംവിധാനത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതും കണക്കിലെടുക്കുമ്പോള്‍, ജനങ്ങളില്‍ മഹാഭൂരിഭാഗവും കൂടുതല്‍ പാപ്പരായിത്തീരുകയും അവരുടെ പോഷകാഹാര നിലവാരം മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഇടിയുകയും ചെയ്താല്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.
ദുരിതരേഖകള്‍ സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളൊന്നും പരിഗണിയ്ക്കാതെ ഇങ്ങനെ താഴ്ന്നതും താഴ്ന്നുകൊണ്ടിരിക്കുന്നതുമായ കണക്കുകള്‍ അവതരിപ്പിയ്ക്കുന്ന ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട മൗലിക പ്രശ്നം എന്താണ്? ദാരിദ്ര്യരേഖയെ സംബന്ധിച്ച സ്വന്തം നിര്‍വചനം ആസൂത്രണ കമ്മീഷന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. 1973-74ല്‍ കണക്കുകള്‍ ഉണ്ടാക്കുന്നതിനുവേണ്ടി, ഒരിക്കല്‍ മാത്രമേ ആ നിര്‍വചനം ഉപയോഗപ്പെടുത്തുകയുണ്ടായുള്ളൂ. ഭക്ഷണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് മാറ്റിവെച്ചതിനുശേഷം, പോഷകാഹാരത്തിന്റെ അടിസ്ഥാനത്തില്‍ അതേ ജീവിത നിലവാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ ചെലവ് എന്തായിരിക്കും എന്ന്,അപ്പോഴത്തെ യഥാര്‍ഥ ചെലവ് നിലവാരം അനുസരിച്ച്, കണക്കുകൂട്ടുന്നതിനും അതിനനുസരിച്ച് ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുന്നതിനും 1973 - 74നുശേഷം കഴിഞ്ഞ 40 വര്‍ഷക്കാലത്തിനുള്ളില്‍ ഒരൊറ്റത്തവണപോലും ആസൂത്രണ കമ്മീഷന്‍ തുനിയുകയുണ്ടായില്ല - അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ നടത്തുന്ന സര്‍വെകളില്‍നിന്ന് ഇതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും. അതിനുപകരം ആസൂത്രണ കമ്മീഷന്‍ ചെയ്തത്, 1973-74 അടിസ്ഥാന വര്‍ഷത്തിലെ പ്രതിമാസ ദാരിദ്ര്യരേഖയായ ഗ്രാമീണ മേഖലയിലെ 49 രൂപയിലും നഗരപ്രദേശങ്ങളിലെ 56 രൂപയിലും, അന്നന്നത്തെ വില സൂചികയനുസരിച്ചുള്ള വര്‍ധന കൂടി ഉള്‍പ്പെടുത്തി പുതിയ ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുക മാത്രമാണ്. ടെണ്ടുല്‍ക്കര്‍ കമ്മീഷനും ഈ രീതിയില്‍ മാറ്റം വരുത്തുകയുണ്ടായില്ല. പ്രത്യേക സൂചികയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് മാത്രം.
ദീര്‍ഘമായ കാലയളവിന്നുള്ളില്‍ ജീവിതച്ചെലവിലുണ്ടാകുന്ന യഥാര്‍ഥ വര്‍ധന, വില സൂചിക കണക്കാക്കുന്നതില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ശമ്പളത്തെ ഡിഎ വര്‍ധനയിലൂടെ മാത്രമാണ് വില സൂചികയുമായി ബന്ധപ്പെടുത്തുന്നതെങ്കില്‍ ആദ്യം പ്രതിഷേധിക്കുന്നവര്‍, ദാരിദ്ര്യത്തിന്റെ കണക്കെടുക്കുന്നവര്‍ തന്നെയായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 1973-74ല്‍ 1000 രൂപ പ്രതിമാസ ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ഗവണ്‍മെന്‍റ് ജീവനക്കാരന്‍ സാമാന്യം ഭേദപ്പെട്ട ശമ്പളം വാങ്ങിയിരുന്ന ആള്‍ തന്നെയാണ്. അയാളുടെ ശമ്പളം വിലസൂചികയുമായി മാത്രമാണ് ബന്ധിപ്പിക്കുന്നത് എങ്കില്‍ ഇന്നത് പ്രതിമാസം 18,000 രൂപയായിത്തീര്‍ന്നിരിയ്ക്കും. കാരണം നഗരപ്രദേശങ്ങളിലെ ശാരീരികാധ്വാനം ഇല്ലാത്ത ജീവനക്കാരെ സംബന്ധിച്ച ഉപഭോക്തൃ വില സൂചിക, ഈ കാലയളവിനുള്ളില്‍ 18 മടങ്ങായിട്ടാണ് വര്‍ധിച്ചത്. (എന്നാല്‍ ഈ സൂചിക ഈ അടുത്തകാലത്ത് വേണ്ടെന്ന് വെയ്ക്കപ്പെട്ടിരിക്കുന്നു.വ്യവസായ തൊഴിലാളികള്‍ക്ക് ബാധകമായ ഉപഭോക്തൃ വില സൂചികയ്ക്ക് ഏറെക്കുറെ തുല്യമായ സൂചികയാണ് ഇപ്പോള്‍ ഈ വിഭാഗത്തിനും ബാധകമാക്കിയിരിക്കുന്നത്).
ഈ സൂചികകള്‍ കണ്ട് വിഷമിയ്ക്കുകയൊന്നും വേണ്ട. 2010-11 വര്‍ഷത്തെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 1000 രൂപയെ അടിസ്ഥാന വര്‍ഷമായ 1973-74ലെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 56 രൂപ കൊണ്ട് ചുമ്മാ ഹരിച്ചാല്‍ മതി. 1973-74 വര്‍ഷത്തിനുശേഷം ഉപഭോക്തൃ വില സൂചികയിലുണ്ടായ വര്‍ധനയായ 17.8 മടങ്ങിനു തുല്യമായിരിക്കും അത് എന്ന് കാണാം. ഔദ്യോഗികമായി ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയും അതു തന്നെയാണല്ലോ. അതുപോലെത്തന്നെ ഗ്രാമീണമേഖലയ്ക്കുള്ള ഉപഭോക്തൃ വില സൂചികയുടെ കാര്യത്തില്‍ 816 രൂപയെ 49 രൂപ കൊണ്ട് ഹരിച്ചാല്‍ 16.7 എന്നു കിട്ടും. ഇക്കാലത്തിലുണ്ടായ വിലക്കയറ്റവും 16.7 മടങ്ങാണെന്ന് കാണാം. എന്നാല്‍ വിലക്കയറ്റത്തിന്റെ സൂചിക കണക്കാക്കുകയും ജീവനക്കാര്‍ക്ക് ഡിഎ അനുവദിക്കുകയും ചെയ്യുമ്പോള്‍ ജീവിതച്ചെലവില്‍ ഉണ്ടാകുന്ന യഥാര്‍ഥ വളര്‍ച്ച കണക്കിലെടുക്കപ്പെടുന്നില്ല എന്ന വസ്തുത ഗവണ്‍മെന്‍റ് തന്നെ അംഗീകരിക്കുന്നുണ്ടല്ലോ. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനെ നിയമിക്കുന്നത് ഇത് അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ. ആ ശമ്പളക്കമ്മീഷനുകള്‍ ശമ്പളഘടന മുഴുവനും ഉയര്‍ത്തി നിശ്ചയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ 1973 - 74 വര്‍ഷത്തില്‍ പ്രതിമാസം 1000 രൂപ ശമ്പളം വാങ്ങിയിരുന്ന ഒരു ഗവണ്‍മെന്‍റ് ജീവനക്കാരെന്‍റ അതേ സ്ഥാനത്ത് ഇരിക്കുന്ന ജീവനക്കാരന് ഇന്ന് ലഭിക്കുന്ന ശമ്പളം അതിനാല്‍ 18000 രൂപയല്ല; മറിച്ച് അതിന്റെ നാലിരട്ടിയോളം വരുന്ന 70,000 രൂപയില്‍ അധികമായിരിക്കും.
എന്നിട്ടും ദാരിദ്ര്യരേഖ കണക്കാക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വാദിക്കുന്നത്, 1973-74ലെ അതേ ജീവിതനിലവാരം നിലനിര്‍ത്തുന്നതിന്, പട്ടിണിപ്പാവങ്ങളുടെ അന്നത്തെ ദാരിദ്ര്യരേഖയുടെ കൂടെ വിലക്കയറ്റ സൂചികയനുസരിച്ചുള്ള വര്‍ധന കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ ദാരിദ്ര്യരേഖ കണക്കാക്കിയാല്‍ മതി എന്നാണ്. എന്നാല്‍ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തെ പോഷകാഹാര നിലവാരം നിലനിര്‍ത്താന്‍ കഴിയില്ല എന്ന കാര്യം അവര്‍ അംഗീകരിയ്ക്കുന്നതേയില്ല. അവര്‍ ഉണ്ടാക്കിയ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തേതിനേക്കാള്‍ എത്രയോ താഴ്ന്ന അളവിലുള്ള പോഷകാഹാര പ്രാപ്യതയേ സാധ്യമാകുന്നുള്ളൂ. അതിനാല്‍ ഈ രേഖകളെ നമുക്ക് ദുരിതരേഖകള്‍ എന്നു വിളിയ്ക്കാം.
ഔദ്യോഗികമായി നിശ്ചയിയ്ക്കപ്പെടുന്ന ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട്, ഓരോ കൊല്ലം കഴിയുംതോറും, കൂടുതല്‍ കൂടുതല്‍ താഴ്ന്ന ജീവിത നിലവാരമേ നിലനിര്‍ത്താന്‍ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത. ജീവിത നിലവാരം അടിയ്ക്കടി കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, ദാരിദ്ര്യരേഖയെ സംബന്ധിച്ച സൂചിക പ്രത്യക്ഷത്തില്‍ മെച്ചപ്പെടുന്നതായി തോന്നിയേയ്ക്കാം. എന്നാല്‍ ജനങ്ങളുടെ മേലുള്ള യഥാര്‍ഥ കവര്‍ച്ച, അഥവാ അവരുടെ ദുരിതങ്ങള്‍ അടിയ്ക്കടി രൂക്ഷമായിക്കൊണ്ടിരിക്കുക തന്നെയാണ്.
കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ പാസ്സായ കുട്ടികളുടെ ശതമാനത്തെ ഈ വര്‍ഷത്തെ പരീക്ഷയില്‍ പാസായവരുടെ ശതമാനവുമായി താരതമ്യപ്പെടുത്തണമെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പാസ്മാര്‍ക്ക് ഒന്നു തന്നെയായിരിക്കണം എന്ന് ഏതൊരു സ്കൂള്‍ കുട്ടിയ്ക്കും അറിയാം. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് 100ല്‍ 50 ആയിരുന്നുവെന്നും അതിനനുസരിച്ച് പാസായവരുടെ ശതമാനം 75 ആയിരുന്നുവെന്നും ഇരിയ്ക്കട്ടെ. ഈ വര്‍ഷം രക്ഷിതാക്കളെയൊന്നും അറിയിയ്ക്കാതെ, സ്കൂള്‍ പ്രിന്‍സിപ്പല്‍ പാസ്മാര്‍ക്ക് 100ല്‍ 40 എന്നാക്കി കുറയ്ക്കുകയും അതനുസരിച്ച് 80 ശതമാനം കുട്ടികള്‍ പാസ്സായിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്നിരിയ്ക്കട്ടെ. കഴിഞ്ഞ വര്‍ഷം വിജയശതമാനം 75 ആയിരുന്നത് ഈ വര്‍ഷം 80 ആയി എന്നും സ്കൂളിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് ആയ 50 തന്നെയാണ് ഈ വര്‍ഷവും അവലംബിച്ചിരുന്നതെന്നും വിജയശതമാനം ഈ വര്‍ഷം 70 ആണെന്നും ഇരിയ്ക്കട്ടെ. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയശതമാനം കുറഞ്ഞിരിയ്ക്കുകയാണ്. അതായത് സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുപകരം മോശമാവുകയാണ് ചെയ്തിരിക്കുന്നത്. തെറ്റായ ഈ രീതിയനുസരിച്ച് പാസ്മാര്‍ക്ക് കുറയ്ക്കാന്‍ അടുത്ത വര്‍ഷവും അതിനടുത്ത വര്‍ഷവും അതിന്നടുത്ത വര്‍ഷവും അങ്ങനെ അനന്തമായി പാസ്മാര്‍ക്ക് കുറയ്ക്കാന്‍ ആ സ്കൂളിനെ അനുവദിയ്ക്കുകയാണെങ്കില്‍, ഒടുവില്‍ 100 ശതമാനം പാസ്സാവുന്ന, അഥവാ തോല്‍വി പൂജ്യം ശതമാനം ആകുന്ന, അവസ്ഥ എത്തിച്ചേരും.
മുകളില്‍ പാസ്മാര്‍ക്കിനെപ്പറ്റി പറഞ്ഞ കാര്യം, ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്കും ബാധകമാണ്. 40 കൊല്ലം മുമ്പത്തെ നിലവാരത്തില്‍നിന്ന് എത്രയോ താഴേയ്ക്ക്, ദാരിദ്ര്യരേഖ, ഇക്കഴിഞ്ഞ കാലയളവില്‍, തുടര്‍ച്ചയായി താഴ്ത്തി താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാല്‍, ദാരിദ്ര്യത്തെ ഇങ്ങനെ അളന്നാല്‍, അത് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവാതിരിക്കുകയില്ല - എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വളരെ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍ നിലനില്‍ക്കുകയായിരിക്കും; വര്‍ഷംപ്രതി കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയായിരിക്കും. ഡെല്‍ഹി എന്ന നഗര സംസ്ഥാനത്തിന് 2009-10 വര്‍ഷത്തിലേയ്ക്ക് ആസൂത്രണ കമ്മീഷന്‍ കണക്കാക്കിയ ദാരിദ്ര്യരേഖ പ്രതിമാസം 1040 രൂപയാണ്. എന്നാല്‍ ഭക്ഷണമൊഴിച്ചുള്ള മറ്റെല്ലാ ചെലവുകളും (അവ ദ്രുതഗതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്) നിറവേറ്റിക്കഴിഞ്ഞാല്‍, ഈ തുകകൊണ്ട് ഒരു ഉപഭോക്താവിന് ദിവസത്തില്‍ 1400 കലോറി ഊര്‍ജാവശ്യത്തിനുള്ള ഭക്ഷണമേ ഉപഭോഗം ചെയ്യാന്‍ കഴിയുന്നുള്ളൂ. (പട്ടിക കാണുക). 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ദാരിദ്ര്യരേഖ ഇന്ന് 5000 രൂപയായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍, സംസ്ഥാനത്തെ ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴേയ്ക്ക് തള്ളി മാറ്റപ്പെടുന്നു.
2004-05 വര്‍ഷത്തില്‍ ഭക്ഷണമൊഴിച്ചുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞാല്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായിരുന്ന ശരിയായ ദാരിദ്ര്യരേഖ 1150 രൂപയായിരുന്നു; അതനുസരിച്ച് 57 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള വിലക്കയറ്റവും പണപ്പെരുപ്പവും അതോടൊപ്പം സ്വകാര്യവല്‍കൃതമായ ആരോഗ്യപരിരക്ഷയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിവരുന്ന ഉയര്‍ന്ന ചെലവും കൂടി കണക്കിലെടുക്കുമ്പോള്‍, ഭക്ഷണത്തിനുള്ള ചെലവ് വെട്ടിക്കുറയ്ക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതില്‍ ആശ്ചര്യമില്ല - കാരണം മറ്റെല്ലാ ചെലവുകളും അവരുടെ നിയന്ത്രണത്തിനപ്പുറത്തുള്ളവയാണല്ലോ. ഒരു ഡല്‍ഹി നഗരവാസിയുടെ ശരാശരി ദിനംപ്രതി കലോറി ഉപഭോഗം 2004-05ല്‍ 2072 ആയിരുന്നത് ഇപ്പോള്‍ 1756 കലോറിയായി ഇടിഞ്ഞിരിക്കുന്നു (എക്കാലത്തേയും കുറഞ്ഞ കലോറി ഉപഭോഗമാണിത്). അതേ അവസരത്തില്‍ പ്രതിദിന പ്രോട്ടീന്‍ ഉപഭോഗം അഞ്ചുവര്‍ഷം മുമ്പ് 61.3 ഗ്രാം ആയിരുന്നത് ഇന്നിപ്പോള്‍ 54 ഗ്രാമായി ഇടിഞ്ഞിരിക്കുന്നു.
സ്ഥായിയായ വരുമാനമുള്ള വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന് (വളരെ പ്രകടമായി ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്ന ഒരു ന്യൂനപക്ഷത്തിന്) ഒരു കുടുംബത്തിന് ഒന്നിലധികം കാറുകള്‍ തവണയടിസ്ഥാനത്തില്‍ കടമായി വാങ്ങാന്‍ കഴിയുന്നു; മറ്റ് വില പിടിച്ച, ഏറെക്കാലം നിലനില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ കഴിയുന്നു; തിന്നു മദിയ്ക്കാനും ഒഴിവു ദിവസങ്ങള്‍ ആസ്വദിയ്ക്കാനും കഴിയുന്നു. അതേ അവസരത്തില്‍ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍, താഴെക്കിടയിലുള്ള ജനങ്ങള്‍, ജീവിതം നിലനിര്‍ത്തുന്നതിനായി അത്യധ്വാനം ചെയ്യുന്നു. അവര്‍, സമ്പന്നരുടെ കണ്ണില്‍ പെടുന്നതേയില്ല.
യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നുഡെല്ഹിയിലെ നഗരവാസികളായ ജനസംഖ്യയില്‍ 55 ശതമാനത്തിനും 2009-10 വര്‍ഷത്തില്‍ ദിനംപ്രതി 1800 കലോറി ഊര്‍ജ്ജം ആര്‍ജിയ്ക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ആ അവസ്ഥയില്‍ ഉണ്ടായിരുന്നത് 25 ശതമാനത്തില്‍ താഴെ വരുന്ന ജനങ്ങളായിരുന്നുവെന്ന് നാം ഓര്‍ക്കണം. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ പ്രസക്തമായ കണക്കുകള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടിവരുന്ന പ്രതിമാസ- പ്രതിശീര്‍ഷച്ചെലവിന്റെ അടിസ്ഥാനത്തില്‍, ഏറ്റവും ദരിദ്രരായവര്‍ തൊട്ട് ഏറ്റവും ധനികരായവര്‍ വരെയുള്ള ഉപഭോക്താക്കളെ പത്ത് വിഭാഗങ്ങളാക്കി 2009-10ലെ എന്‍എസ്എസ് റിപ്പോര്‍ട്ടുകളില്‍ തരംതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ജനസംഖ്യയിലെ 10 ശതമാനം വീതം വരത്തക്കവിധത്തിലാണ് ഇതില്‍ ഓരോ വിഭാഗത്തിന്റെയും ചെലവ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം കോളത്തില്‍, ഓരോ വിഭാഗത്തില്‍പെട്ടവരും ചെലവാക്കുന്ന തുകയുടെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് കൊടുത്തിരിക്കുന്നത്. ഈ ചെലവ് പരിധിയ്ക്ക് താഴെ വരുന്ന ജനങ്ങളുടെ ശതമാനമാണ് രണ്ടാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലുംപെടുന്നവര്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ചെലവാക്കുന്ന പ്രതിശീര്‍ഷത്തുകയാണ് മൂന്നാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗവും ഭക്ഷണത്തിനുവേണ്ടി ചെലവാക്കുന്ന തുകയില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതിശീര്‍ഷ പ്രതിദിന ശരാശരി കലോറി ഊര്‍ജമാണ് നാലാമത്തെ കോളത്തിലെങ്കില്‍, അവര്‍ക്ക് ലഭിക്കുന്ന പ്രോട്ടീന്‍ അളവാണ് അഞ്ചാമത്തെ കോളത്തില്‍ കൊടുത്തിരിക്കുന്നത്. വിപണിയില്‍നിന്ന് വാങ്ങിക്കുന്നതിനെ മാത്രമല്ല ചെലവിന്റെ കോളത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.കൃഷിക്കാര്‍ നേരിട്ട് ഉല്‍പാദിപ്പിക്കുന്നതും ഉപഭോഗം ചെയ്യുന്നതും കൂലിയായി കിട്ടുന്ന സാധനങ്ങളും എല്ലാം അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആസൂത്രണക്കമ്മീഷനിലെ ഉന്നത പരിശീലനം സിദ്ധിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയും അവരുടെ തെറ്റായ രീതി തുടരുകയും ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. അവരുടെ 1040 രൂപയുടെ ദാരിദ്ര്യരേഖ കൊണ്ട് കഷ്ടിച്ച് 1400 കലോറി ഊര്‍ജ്ജം നിലനിര്‍ത്താനേ ഉതകുന്നുള്ളൂ എന്ന് നമ്മെപ്പോലെ അവര്‍ക്കും അറിയാം എന്ന കാര്യം ഉറപ്പാണ്. അതിനുള്ള ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: തെറ്റായ രീതി ഉപയോഗിക്കുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ വ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ഔദ്യോഗിക ദാരിദ്ര്യരേഖകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ദാരിദ്ര്യത്തെ സംബന്ധിച്ച അവരുടെ കണക്കുകള്‍ തയ്യാറാക്കുന്നത്. അതേ അവസരത്തില്‍ ഈ ദാരിദ്ര്യരേഖകള്‍ അതതു രാജ്യങ്ങളിലെ യഥാര്‍ഥ ജീവിതച്ചെലവില്‍നിന്ന് എത്രയോ താഴെയാണ് താനും.
ചൈനയില്‍ 1980കളില്‍ വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടുകൂടി, മേല്‍പറഞ്ഞ, സാര്‍വത്രികമായ തെറ്റായ രീതികള്‍ തന്നെ സ്വീകരിക്കാന്‍ തുടങ്ങി. പോഷകാഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖ ശരിയായ വിധത്തില്‍ കണക്കാക്കിയത് 1984 അടിസ്ഥാനവര്‍ഷമായിട്ടെടുത്തുകൊണ്ട്, ഒരിക്കല്‍ മാത്രമാണ്. പിന്നീടെല്ലാം വില സൂചികയ്ക്കനുസരിച്ച് അതില്‍ മാറ്റം വരുത്തുകയാണുണ്ടായത്. അതിന്റെ ഫലമായിട്ടാണ് 2011ല്‍ 3.5 യുവാന്‍ ആണ് (ദിവസത്തില്‍) ദാരിദ്ര്യരേഖ എന്ന നിഗമനത്തില്‍ ചൈന എത്തിച്ചേര്‍ന്നത്. അബദ്ധജടിലമായ ഈ തുക കൊണ്ട് ഏറ്റവും വില കുറഞ്ഞ അരി ഒരു കിലോ പോലും വാങ്ങിയ്ക്കാന്‍ കഴിയുകയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ലോകബാങ്കിന്റെ അവകാശവാദം, ഏഷ്യയിലെ അതതു രാജ്യങ്ങളുടെ അവകാശവാദം പോലെത്തന്നെ വഞ്ചനാപരമാണ്. കാരണം ഓരോ രാജ്യവും തയ്യാറാക്കുന്ന പ്രാദേശിക കറന്‍സിയുടെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖകള്‍ വെച്ച്, അതിന്റെ ശരാശരി കണ്ടാണ് ലോകബാങ്ക് അങ്ങനെ അവകാശപ്പെടുന്നത്.
ഇന്നത്തെ വിനിമയനിരക്ക് അനുസരിച്ച് ദിവസത്തില്‍ ഏതാണ്ട് അരഡോളര്‍ വരുന്ന തുകയാണത്. എന്നാല്‍ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തിലുള്ള ഈ ദാരിദ്ര്യരേഖ തന്നെ നാം കണ്ടപോലെ, വളരെ വളരെ താഴ്ന്ന ജീവിത നിലവാരത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ ദാരിദ്ര്യരേഖകളുടെ ശരാശരി കണ്ട്, ഈ രാജ്യങ്ങളിലെ വാങ്ങല്‍ക്കഴിവും ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ട്, ഏഷ്യന്‍ ശരാശരിയെ ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവിനൊത്ത വിധത്തില്‍ മാറ്റിക്കണക്കാക്കുമ്പോള്‍ (അതിനായി 2.5 കൊണ്ട് ഗുണിയ്ക്കുകയാണ് ചെയ്യുന്നത്)
ആഗോള പ്രതിദിന ദാരിദ്ര്യരേഖയായ 1.25 ഡോളര്‍ എന്ന സംഖ്യയില്‍ ലോകബാങ്ക് ചെന്നെത്തുന്നു. ലോകബാങ്കിന്റെ ആഗോള ദാരിദ്ര്യരേഖയായ ഈ 1.25 ഡോളര്‍ എന്ന സംഖ്യ, വിനിമയനിരക്ക് ഒരു ഡോളറിന് 60 രൂപ എന്ന് കണക്കാക്കിയാല്‍, 75 രൂപയാവും. എന്നാല്‍ നേരെമറിച്ചാണ് അവര്‍ കണക്കുകൂട്ടുന്നത്. നേരിട്ടുള്ള വിനിമയനിരക്കില്‍ കണക്കാക്കുന്നതിനുപകരം ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും ഇന്ത്യയിലെ വാങ്ങല്‍ക്കഴിവും തമ്മില്‍ വമ്പിച്ച അന്തരമുണ്ടെന്നതിന്റെ പേരില്‍ (1 : 0.4 എന്ന തോതില്‍) ഇന്ത്യയിലെ വാങ്ങല്‍ക്കഴിവിന്റെ തലത്തിലേക്ക് താഴ്ത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പുറത്ത് 1.25 ഡോളറിന് കിട്ടുന്ന സാധനം ഇന്ത്യയില്‍ അതിന്റെ 2/5 ഭാഗത്തിന് ലഭിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യരേഖ 2013ല്‍ 30 രൂപയായിരിക്കും എന്ന് താഴ്ത്തി നിശ്ചയിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി ലോകബാങ്ക് തയ്യാറാക്കുന്ന ഈ ദാരിദ്ര്യരേഖ, ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്ക് വളരെ അടുത്തുവരുന്നുണ്ട്. അങ്ങിനെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന അവകാശവാദത്തില്‍ അവര്‍ എത്തിച്ചേരുന്നു.
തൊഴിലവസരങ്ങളുടെ വളര്‍ച്ച വളരെ നിസ്സാരമായതിന്റെയും ഉയര്‍ന്ന ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ ഏഷ്യയില്‍ ദാരിദ്ര്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍, നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ ജോലിയ്ക്കുവെച്ച് ലോകബാങ്ക് തയ്യാറാക്കിയ ദാരിദ്ര്യരേഖയെ സംബന്ധിച്ച കണക്കുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. തെറ്റായ രീതി തന്നെ ഉപയോഗിച്ചുകൊണ്ട് ദാരിദ്ര്യരേഖ കണക്കാക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടുത്തഭാഗം ഇങ്ങനെയാണ്: അങ്ങനെയുള്ള രീതിയില്‍നിന്ന് ലഭിക്കുന്ന ദാരിദ്ര്യരേഖയെ സംബന്ധിച്ച വഞ്ചനാപരമായ കണക്കുകള്‍, ആഗോളവല്‍ക്കരണവും നവലിബറല്‍ നയങ്ങളും ജനങ്ങള്‍ക്ക് വളരെ ഗുണകരമാണ് എന്ന വാദം സൗകര്യപൂര്‍വം ഉന്നയിയ്ക്കുന്നതിന് ഉതകുന്നതാണ്. എന്നാല്‍ സത്യം എന്നായാലും പുറത്തുവരും. കാരണം കാര്യങ്ങള്‍ എങ്ങിനെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിയുന്നുണ്ടല്ലോ.
*
ഉല്‍സ പട്നായിക് ചിന്ത വാരിക 30 ആഗസ്റ്റ് 2013