ബ്ലോഗ് ആര്‍ക്കൈവ്

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും

വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും
പി സാജിത
പതിനഞ്ചാം നൂറ്റാണ്ടില്‍ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ നാല്‍പ്പതു വയസുള്ള വിധവയെ വിവാഹം ചെയ്തു കൊണ്ടും ജീവനോടെ കുഴിച്ചുമൂടപ്പെടേണ്ടി വരുമായിരുന്ന പെണ്‍കുഞ്ഞുങ്ങളെ രക്ഷിച്ചു കൊണ്ടും പ്രവാചകന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ തലമുടിയെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മുക്കികൊല്ലുകയാണുണ്ടായത്.
മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ യു ഡി എഫ് സര്‍ക്കാര്‍ പുറത്തിറക്കുകയും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്യുകയുണ്ടായല്ലോ. വിവാഹ പ്രായം 16 ആക്കുന്നതിന് വേണ്ടി സമസ്ത കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ 18-ാം വയസ് വിവാഹപ്രായമായി തീരുമാനിച്ചിരിക്കുന്നത് ഈ മേഖലയെ കുറിച്ച് ആരും പഠിക്കാന്‍ തയ്യാറാകാതെയാണെന്നാണ് സമസ്തയുടെ വാദം. സത്യത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം പഠനങ്ങള്‍ മനസിലാക്കാന്‍ തയ്യാറാകാത്തത് കൊണ്ടോ, പഠിച്ചവര്‍ അറിയാത്ത ഭാവം നടിക്കുന്നത് കൊണ്ടോ ആണ് സമസ്തയില്‍ നിന്നും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. നിലവിലുള്ള പുരുഷാധികാര സമൂഹത്തില്‍ സ്ത്രീപക്ഷ പഠനങ്ങളും പ്രവര്‍ത്തനങ്ങളും താരതമ്യേന കുറവാണ്. സംഘടിത മതങ്ങളുടെ കാര്യത്തില്‍ അവ വളരെ അപൂര്‍വ്വ സംഭവങ്ങളുമാണ്.
ഇസ്ലാമിക പണ്ഡിതരുടെയും ഇസ്ലാം മതത്തിന്റെ കുത്തക പേറുന്ന മുസ്ലീംലീഗിന്റെയും വെപ്രാളം കണ്ടാല്‍ ഇത്തരം ഒരു സര്‍ക്കുലര്‍ ഇറങ്ങിയിട്ട് വേണം പെണ്‍കുട്ടികളെ 16 വയസില്‍ വിവാഹം കഴിപ്പിച്ചയക്കാന്‍ എന്ന് തോന്നും. പക്ഷെ, ഈ സമുദായത്തില്‍ ഇന്ന് വരെ നടന്നിട്ടുള്ള ബഹുഭൂരിപക്ഷം വിവാഹങ്ങളും 16 വയസിലോ, അതില്‍ താഴെയോ ഉള്ള പ്രായത്തിലാണെന്ന് കാണാന്‍ കഴിയും. ഈ വിഷയത്തില്‍ വലിയൊരു പഠനത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും ചില വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ നമ്മുടെ പണ്ഡിതരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ.
“അന്നെ കെട്ടിക്കും ചുള്ളിക്കോട്ട്ക്ക്
അന്റെ മാപ്പള അബ്ദുല്‍ അസീസ്
അന്നെ തേടി വരും........”
ഈ പാട്ട് എന്റെ ചെറുപ്പത്തില്‍ വാക്കുകള്‍ ചേര്‍ത്ത് പാട്ടുപാടാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ പാടിയിട്ടുണ്ടായിരുന്നു. മുതിര്‍ന്നവര്‍ ഞങ്ങളെ കളിയാക്കിയിരുന്നത് നിന്റെ മാപ്പിള കറുത്തവനും കോന്ത്രം പല്ലുള്ളവനും ആയിരിക്കുമെന്ന് പറഞ്ഞാണ്. അത്രയും ചെറിയ പ്രായം തൊട്ടേ ഞങ്ങള്‍ പെണ്‍കുട്ടികള്‍ കല്ല്യാണം കഴിക്കാന്‍ വേണ്ടി വളരുകയാണെന്ന ബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
മുസ്‌ളീം സമുദായത്തില്‍ പെണ്‍കുട്ടികളെ 'മാര്യേജ് ഓറിയന്റഡ്' ആയിട്ടാണ് വളര്‍ത്തുന്നത്. മുന്‍പത്തേക്കാളുപരി പെണ്‍മക്കളെ അടക്കി ഒതുക്കി വളര്‍ത്തുന്നവരായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചെറുപ്രായത്തില്‍ തന്നെ അവരെ മാറ്റി നിര്‍ത്തുന്നു. നേഴ്‌സറി സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒന്ന് നൃത്തം ചെയ്താല്‍ പോലും വിമര്‍ശനങ്ങളാണ്. നീ പൊട്ട് തൊട്ടു, നീ തലമുടി പുറത്തു കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് 3 വയസുകാരിയായ മുലകുടി മാറി തുടങ്ങിയ പിഞ്ചുകുഞ്ഞിനോട് പോലും ഒരു യുവതിയോടെന്ന പോലെയാണ് ഇടപെടുക. മദ്രസകളിലും മറ്റും കലാപരിപാടികള്‍ നടക്കുമ്പോഴും പെണ്‍കുട്ടികള്‍ക്ക് അതില്‍ പങ്കാളികളാവാന്‍ സാധിക്കില്ല. മിലാദ് ഷെരീഫുമായി ബന്ധപ്പെട്ട റാലികളില്‍ വളരെ ചെറിയ ക്ലാസിലെ പെണ്‍കുട്ടികളെ പോലും പങ്കെടുപ്പിക്കാറില്ല. ഇത്തരം റാലികള്‍ക്ക് സമാന്തരമായി അത് ആസ്വദിച്ച് കൊണ്ട് നടന്നുപോകുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തെ വേദനയോടെ നോക്കാറുണ്ട്. പാട്ടു പാടുക, നൃത്തം ചെയ്യുക, കഥയെഴുതുക, ഉള്ളു തുറന്ന് ചിരിക്കുക തുടങ്ങിയ കഴിവുകള്‍ മനുഷ്യരെ മറ്റു ജന്തുക്കളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. എന്നാല്‍, സംഭോഗത്തിലേര്‍പ്പെടുക, പ്രസവിക്കുക തുടങ്ങിയ ധര്‍മ്മങ്ങള്‍ മാത്രം നിര്‍വ്വഹിക്കുമ്പോള്‍ അത് അവരെ ജന്തുതുല്ല്യരാക്കുന്നു. ജീവശാസ്ത്രപരമായ ഈ ധര്‍മ്മങ്ങള്‍ക്ക് പുറമെ ഒരു കഴുതയെ പോലെ ഭാരം ചുമക്കുക കൂടി ചെയ്യുന്നവരായി ഒതുങ്ങുകയാണ് ബഹുഭൂരിപക്ഷം സഹോദരിമാരും.
ഒരു പാട്ടില്‍ ആലിക്കുട്ടി ഗുരുക്കള്‍ സൂചിപ്പിക്കുന്നതു പോലെ: “സുരലോക മണി ഹൂറുന്നിസാനികളെ/സുഖം നല്‍കാന്‍ പുരുഷര്‍ക്കുള്ള അഹ്‌ലീങ്ങളെ” പുരുഷന് സുഖം നല്‍കാനുള്ള മനുഷ്യരൂപത്തിലുള്ള മൃഗങ്ങളായി മാത്രം മുസ്ലീംസ്ത്രീകളെ കാണരുത്. വികാരവും, വിചാരവും, ബുദ്ധിയുമെല്ലാമുള്ള മനുഷ്യര്‍ തന്നെയാണ് സ്തീകള്‍. മതിയായ സാഹചര്യം ഒരുക്കിയാല്‍ നിരവധി മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാന്‍ ഈ സ്ത്രീ സമൂഹത്തിന് കഴിയും.
വിവാഹപ്രായം കുറയ്ക്കുമ്പോള്‍ പ്രധാനമായും അത് ബാധിക്കുന്നത് സ്വതന്ത്രമായ വിദ്യാഭ്യാസ പ്രക്രിയയെ തന്നെയാണ്. അറിവിനും വായനക്കും വലിയ പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ളാം. ഖുറാന്‍ ആരംഭിച്ചതു തന്നെ ഇഖ്ര അ് (നീ വായിക്ക്) എന്ന വാക്കില്‍ നിന്നാണ്. എല്ലാതരം വിമോചന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അറിവാണ് എന്നതിന്റെ തിരിച്ചറിവാണ് പ്രവാചകനെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. ഒരു സ്ത്രീക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കുന്നത് കൊണ്ട് അവളുടെ ശാക്തീകരണ പ്രക്രിയ മാത്രമല്ല നടക്കുന്നത്. ഗാന്ധിജി പറഞ്ഞത് പോലെ ഒരു സമൂഹത്തിനാണ് വിദ്യാഭ്യാസം ലഭിക്കുന്നത്.
ഒരിക്കല്‍ പ്ലസ് വണ്‍ ക്‌ളാസില്‍ പഠിക്കുന്ന ഒരു കുട്ടിയോട് സംസാരിക്കുമ്പോള്‍ “ടീച്ചറെ എനിക്ക് ജേര്‍ണലിസ്റ്റ് ആകാനാണ് ആഗ്രഹം പി.ടി.എ മീറ്റിംഗിന് ഉമ്മ വരുമ്പോള്‍ ഒന്ന് പറയണേ” എന്ന് പറഞ്ഞു. പക്ഷെ, മാര്‍ച്ച് മാസത്തിലെ പരീക്ഷക്ക് അവള്‍ വന്നത് പ്രഗ്നന്‍സി അബോര്‍ഷന് ശേഷമായിരുന്നു. പ്ലസ് ടു കോഴ്‌സിനെ തന്നെ പറയുന്നത് പ്രീ-മാര്യേജ് കോഴ്‌സ് എന്നാണ്. ചില രക്ഷിതാക്കള്‍ പറയുന്നത് “കല്ല്യാണം ശരിയാകുന്നത് വരെ വരട്ടെ ടീച്ചറെ, വീട്ടില്‍ ഒന്നിന് മാത്രം പോന്നത് നില്‍ക്കുമ്പോള്‍ ഒരു ടെന്‍ഷനാണെന്നാണ്”.
പതിനാറു വയസില്‍ താഴെയാണ് പല വിവാഹങ്ങളും നടക്കുന്നത്. എന്റെ കൂടെ ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന സക്കീനയുടെ വിവാഹം അക്കാലത്ത് തന്നെ നടന്നിരുന്നു. അവള്‍ ലോംഗ്ജംപിനും, ഓട്ടത്തിനും ഒന്നാമതായിരുന്നു. എത്രയെത്ര പ്രതിഭകളെയാണ് തളിരിലേ നുള്ളിക്കളഞ്ഞിട്ടുണ്ടാവുക! ഗള്‍ഫ്, സ്ത്രീധനം, നിറം, സൗന്ദര്യം, വിവാഹദല്ലാളന്‍മാര്‍ ഇങ്ങനെ പല ഘടകങ്ങളും മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നേരത്തെയാകാന്‍ കാരണമാകുന്നു. പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് പോലും സമൂഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണം കഴിപ്പിച്ചയക്കേണ്ടി വരുന്നു. സ്‌കൂളില്‍ പോകുന്നവരുടെ കൂട്ടത്തില്‍ കാണാന്‍ ഭേദപ്പെട്ട സൗന്ദര്യമുള്ളവരെ പയ്യന്‍മാരും ദല്ലാളന്‍മാരും നോട്ടമിടുന്നു. പിന്നീട് നിര്‍ബന്ധിക്കുകയായി. കല്യാണം പലപ്പോഴും ഒരു കച്ചവടം പോലെയും സംഭവിക്കുന്നു.
ഒരു ദിവസം എന്റെ ക്ലാസിന് മുന്നില്‍ വന്ന് ഒരു മദ്ധ്യവയസ്‌കന്‍ ഒരു തുണ്ട് കടലാസില്‍ 'റെജുല' എന്ന പേരെഴുതി എന്നെ കാണിച്ചു. കുട്ടിയെ വിളിക്കാന്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞ് അയാള്‍ ക്ലാസിലേക്ക് തലയിട്ടു നോക്കി. അവളെ മനസിലായിട്ടെന്നവണ്ണം ചിരിച്ച് കൊണ്ട് തിരിച്ചു പോയി. അവളെയും കാത്ത് സ്‌കൂള്‍ ഗേറ്റില്‍ കല്ല്യാണ ചെക്കന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇത്തരക്കാരോടെല്ലാം പൊരുതി കൊണ്ടുവേണം പലപ്പോഴും മുസ്ലീംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ട് പോകാന്‍. വധുവിന് ആനുപാതികമായി വരന്റെ പ്രായവും കുറയുന്നുണ്ട്. അതുകൊണ്ട് ബിരുദം പൂര്‍ത്തിയാക്കുമ്പോഴേക്കും പയ്യനെ കിട്ടില്ലെ? എന്ന ആശങ്കയും മുസ്ലീം പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പിടികൂടുന്നു. പഠനത്തിനും മറ്റും ഉന്നത വിജയം കൈവരിച്ചവര്‍ പലരും ഇതുപോലെ പല പ്രതിബന്ധങ്ങളും തരണം ചെയ്തവരാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് അവസരവും പ്രോത്സാഹനവും ലഭിച്ചാല്‍ എത്രമാത്രം ഉയരാന്‍ കഴിയുമെന്നതിന് ഈ അടുത്ത് ഭൗതികശാസ്ത്രത്തില്‍ മികച്ച കണ്ടുപിടുത്തം നടത്തിയ നസ്ലീം നിലമ്പൂരിന്റെ നേട്ടം ഉദാഹരണമാണ്. വിവാഹശേഷവും പഠനം തുടരാന്‍ കഴിയുമെന്നാണ് ചിലരുടെ വാദം. എന്നാല്‍, പക്വതയെത്താത്ത ഈ കുട്ടികള്‍ക്ക് പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പിന്നീട് കഴിയാറില്ല. മാത്രമല്ല, മറ്റ് സഹപാഠികളോട് വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കിടുകയും ചെയ്യും.
കേരളത്തില്‍ ആദിവാസികള്‍ക്കും മുസ്ലീംവിഭാഗത്തിനുമിടയിലാണ് ബാലിക വിവാഹം ഇന്ന് കാണപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍ പങ്കാളിത്തം, ജീവിതാവസ്ഥ എന്നിവയെല്ലാം പട്ടികവര്‍ഗത്തോടൊപ്പമാണെന്ന് സച്ചാര്‍ കമ്മീഷന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍, കേരളത്തിലെ സഥിതി മറിച്ചാണ്. ഇവിടെ 3 വയസ് മുതല്‍ വേണ്ടുന്നത്ര വിദ്യ അഭ്യസിക്കാനുള്ള അവസരമുണ്ട്. സര്‍ക്കാര്‍ സഥാപനങ്ങളുടേതിന് പുറമെ മുസ്ലീം മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളമുണ്ട്. സുഭിക്ഷമായ ഈ സാഹചര്യത്തിലും സെക്കന്ററി വിദ്യാഭ്യാസം പോലുമില്ലാത്തവരായി നമ്മുടെ മുസ്ലീം സഹോദരിമാരില്‍ ഏറെയും മാറുന്നുണ്ടെങ്കില്‍ അത് ചില സമുദായ നേതാക്കളുടെയും, രക്ഷിതാക്കളുടെയും മര്‍ക്കടമുഷ്ടി കാരണമാണ്.
കേരളത്തിന്റെ വിദ്യാഭ്യാസമണ്ഡലം ഒരുപാട് കാലം മുസ്ലീംലീഗ് നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. പക്ഷെ, മുസ്ലീം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ നിലവാരം അതിനനുസരിച്ച് മെച്ചപ്പെടാതിരിക്കുന്നത് ലീഗിന് വിദ്യാഭ്യാസം ഒരു കച്ചവടോപാധിയായത് കൊണ്ടും സമുദായ പരിഷ്‌കരണം അവരുടെ അജയില്‍ ഇല്ലാത്തതുകൊണ്ടുമാണ്. അജ്ഞരായ സമൂഹത്തെയാണല്ലോ അധികാരത്തിലേറി ചൂഷണം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുക. പ്രത്യുല്‍പ്പാദനവും ശിശുപരിപാലനവും മാത്രമാണ് സ്ത്രീ ധര്‍മ്മമെങ്കില്‍, ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ത്തിയായതിന് ശേഷമല്ലെ ഉചിതം? കുടുംബത്തിനകത്തെ വ്യത്യസ്തങ്ങളായ സംഘര്‍ഷങ്ങള്‍ക്കകത്ത് നിന്നു കൊണ്ട് പക്വതയില്ലാത്ത ഈ കുട്ടികള്‍ക്ക് അവരുടെ മക്കളെ നല്ല ലക്ഷ്യബോധത്തോടെ എങ്ങനെ വളര്‍ത്താന്‍ കഴിയും? അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നന്നായി ഇടപെടാനെങ്ങനെ സാധിക്കും?
അതുകൊണ്ടുതന്നെ ചെറുപ്രായത്തിലുള്ള അമ്മമാരെ നിയന്ത്രിക്കുന്നവരായി മാറുകയാണ് അവരുടെ കൗമാരക്കാരായ മക്കള്‍. ആവശ്യത്തിലധികം പണം അവരുടെ കൈയിലെത്തുന്നു. പഠനത്തില്‍ താത്പര്യം കുറയുന്നു. കുറച്ചു കഴിയുമ്പോള്‍ പിതാവിനോടൊപ്പം ഗള്‍ഫിലേക്ക് പറക്കുന്നു. 19-20 വയസില്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലാണെന്ന പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാവുകയാണ്. ഒരിക്കല്‍ കല്ല്യാണം കഴിഞ്ഞ് 2 മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയ എന്റെയൊരു സുഹൃത്ത്, പുലരുവോളം അയാളുമൊന്നിച്ചുള്ള രാത്രികളെ കുറിച്ച് എന്നോട് സംസാരിച്ചു. അന്ന് ഞങ്ങള്‍ രണ്ട് പേരും പത്താം ക്ലാസിലായിരുന്നു.
മൂന്ന് പ്രാവശ്യം ത്വലാഖ് ചൊല്ലിതുപ്പിയാല്‍തീരുന്ന ദുര്‍ബലബന്ധമാണ് പലര്‍ക്കും ദാമ്പത്യം. വളരെ നിസാരങ്ങളായ കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍, വിവരക്കേടുകള്‍ തുടങ്ങിയവ കാരണം എത്രയെത്ര പെണ്‍കുട്ടികളാണ് വിവാഹ മോചിതരായിട്ടുള്ളത്. എന്റെയൊരു സുഹൃത്തിന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയത് അവള്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതുകൊണ്ടായിരുന്നു! ഒരു ഫാമിലി കൗണ്‍സിലറെ പോലെ നല്ല നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ മുഹമ്മദ് നബി മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. ഉപേക്ഷിക്കപ്പെട്ട ഈ അബലകളെയും അവരുടെ അനാഥരായ മക്കളെയും കുറിച്ച് യാതൊരു ചര്‍ച്ചയും സമുദായത്തില്‍ നടക്കുന്നില്ല. ശബാനുകേസിന്റെ വിധിയെ എതിര്‍ത്തവരാണല്ലോ നമ്മള്‍. അനാഥകളെ സംരക്ഷിക്കാനാണ് പ്രവാചകന്‍ ബഹുഭാര്യത്വം നിര്‍ദ്ദേശിച്ചത്. അനാഥകളെ സൃഷ്ടിക്കാനല്ല. വിവാഹതട്ടിപ്പ് വീരന്‍മാര്‍ ഇത്തരം സാഹചര്യങ്ങളെ നന്നായി ദുരുപയോഗിക്കുന്നു.
വിവാഹപ്രായം 16 ആക്കിയില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വഴിപ്പിഴച്ചുപോകുമെന്നാണ് എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വാദം. പതിനാറ് വയസുവരെയുള്ള ഇവരുടെ സുരക്ഷിതത്വത്തിന് എന്തുറപ്പാണ് കാന്തപുരത്തിന് നല്‍കാന്‍ കഴിയുക? തിരൂരില്‍ പീഢിപ്പിക്കപ്പെട്ട 3 വയസുകാരിക്ക് ഏതു വഴിയാണ് പിഴച്ചത്? പതിനാറിനും പതിനെട്ടിനുമിടയ്ക്ക് ഏതൊക്കെ വഴികളാണ് പിഴയ്ക്കാനുള്ളത്? കാന്തപുരത്തെപ്പോലുള്ളവര്‍ മനസുവച്ചാല്‍ മാറ്റാവുന്ന പല അനീതികളുമുണ്ടല്ലോ? ആണ്‍ പെണ്‍ വേര്‍തിരിവോടെയുള്ള മതപഠനശാലകള്‍, ആണും പെണ്ണും തീയും പടക്കവുമാണെന്നുള്ള കാഴ്ചപ്പാട്, പൊതുവേദികളില്‍ സ്ത്രീകളുമായി വേദി പങ്കിടായ്ക തുടങ്ങിയവയെല്ലാം ആരോഗ്യപരമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് തടസമല്ലേ? അഞ്ചാം നൂറ്റാണ്ടില്‍ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ നാല്‍പ്പതു വയസുള്ള വിധവയെ വിവാഹം ചെയ്തു കൊണ്ടും ജീവനോടെ കുഴിച്ചുമൂടപ്പെടേണ്ടി വരുമായിരുന്ന പെണ്‍കുഞ്ഞുങ്ങളെ രക്ഷിച്ചു കൊണ്ടും പ്രവാചകന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ തലമുടിയെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മുക്കികൊല്ലുകയാണുണ്ടായത്.
നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തെ ഒരു സര്‍ക്കുലറിലൂടെ സാധുവാക്കിയാല്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നൊക്കെ രക്ഷപ്പെടാമെന്നായിരിക്കാം ഇവരൊക്കെ കരുതുന്നത്. ബലാത്സംഗ കേസിലെ പ്രതികള്‍, ഇരകള്‍ക്ക്‌ 18 വയസില്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ മറുവശമാണ്. ഇതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതങ്ങളെ ഈ സര്‍ക്കുലറിന് തടയാനാകുമോ? സതിയും ശൈശവ വിവാഹവുമെല്ലാം പല സമുദായങ്ങളിലെയും അജ്ഞാനികളായ മനുഷ്യര്‍ക്കിടയില്‍ നിയമവും ആചാരവുമൊക്കെയായിരുന്നു. മനുഷ്യത്വവും പ്രായോഗികജഞാനവുമുള്ള മനുഷ്യര്‍ തന്നെയാണ് ഈ സമൂഹത്തില്‍ നിന്നും അവയെ ഇല്ലായ്മ ചെയ്തത്. ലോകം വളരെയധികം പുരോഗമിക്കുകയാണ്. ബഹിരാകാശ യാത്രകളില്‍ സ്ത്രീകള്‍ നിത്യസാന്നിദ്ധ്യമായി. ഐന്‍സ്റ്റീനെപ്പോലെ ഐക്യുവുമുള്ള പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കിടയില്‍ എല്ലാക്കാലത്തും ഹാസ്യകഥാപാത്രങ്ങളായി മാത്രം മുസ്ലീംസമുദായത്തില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കപ്പെട്ടാല്‍ മതിയോ?
മൈസൂര്‍ വിവാഹവും, അറബിക്കല്ല്യാണവും, സ്ത്രീധനവും, വിവാഹതട്ടിപ്പും തുടങ്ങിയ നിരവധി ജീര്‍ണതകളെ ഒരു സര്‍ക്കുലര്‍ കൊണ്ട് മറയ്ക്കാനാകുമോ?.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ