ബ്ലോഗ് ആര്‍ക്കൈവ്

2013, മേയ് 25, ശനിയാഴ്‌ച

കടാശ്വാസം കാര്‍ഷിക പ്രതിസന്ധിക്കുള്ള ഒറ്റമൂലിയല്ല.

കാര്‍ഷിക മേഖലയെ ബാധിച്ച മാരകരോഗം ചികിത്സിക്കാന്‍ ഒരു ഒറ്റമൂലി പ്രയോഗവുമില്ല.
സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന്‌ കാര്‍ഷിക വായ്‌പാ വിതരണത്തില്‍ നിന്നും ദുര്‍ബല, ചെറുകിട കര്‍ഷകരെ വാണിജ്യ സ്വകാര്യ ബാങ്കുകള്‍ ഒഴിവാക്കപ്പെടുകയാണ്‌.സാമ്പത്തിക രംഗത്തെ കാര്‍ഷിക വായ്‌പാ ആനുകൂല്യങ്ങള്‍ കൂടുതലും കാര്‍ഷിക - വ്യവസായ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ കയ്യടക്കി കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്‌.
രാജ്യത്തെ ഭുരിഭാഗം വരുന്ന ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ കാര്‍ഷിക വായ്‌പകള്‍ ലഭിച്ചില്ലെങ്കില്‍ നാട്ടിന്‍ പുറത്തെ ഹുണ്ടികക്കാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണത്തിന്‌ അവര്‍ വിധേയരാകും. ഈ സാഹചര്യത്തിലും സഹകരണ സ്ഥാപനങ്ങളാണ്‌ കര്‍ഷകര്‍ക്ക്‌ വായ്‌പകള്‍ അനുവദിക്കാന്‍ സന്നദ്ധമാകുന്നത്‌.

കാര്‍ഷിക മേഖലയുടെ പ്രതിസന്ധിക്ക്‌ അടിയന്തിര പരിഹാരം ഉണ്ടാകേണ്ടതുണ്ട്‌. പൊതു നിക്ഷേപം കൂട്ടുകയും, ഗ്രാമീണ ദരിദ്ര വിഭാഗങ്ങള്‍ക്ക്‌ ഭൂമി ലഭിക്കുന്നതിനായി ഭൂപരിഷ്‌കരണ നടപടികള്‍സംസ്ഥാനത്തെല്ലാം നടപ്പിലാക്കുകയും ചെയ്യണം. ഗ്രാമങ്ങളിലെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ വായ്‌പകള്‍ ലഭ്യമാക്കണം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം., ദേശീയ തൊഴിലുറപ്പു പദ്ധതിക്ക്‌ കൂടുതല്‍ തുക വകയിരുത്തണം, കൃഷിക്കാര്‍ക്ക്‌ അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ ലഭ്യമാക്കണം.
നബാര്‍ഡ്‌ പോലെയുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരുടെ സമൂലമായ പുരോഗതിക്ക്‌ സഹായകരമായി പ്രവര്‍ത്തിക്കുകയും ചെയ്യണം.
ആത്മഹത്യയുടെ വക്കില്‍ നിന്നും കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുകയും , ജീവിതത്തിന്‌ വീണ്ടും പച്ചപ്പുണ്ടാകാനായി പ്രയത്‌നിക്കാന്‍ നാടിനെ പോറ്റി വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനും കടാശ്വാസ പദ്ധതി വഴി ഗവണ്‍മെന്റിനും ബാങ്കുകള്‍ക്കും ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.
കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ നാലില്‍ മൂന്നുഭാഗം ജനങ്ങളും, വിശേഷിച്ച്‌ ഗ്രാമീണ ജനത ഉപജീവനത്തിന്‌ കൃഷിയെയാണ്‌ ആശ്രയിക്കുന്നതെന്ന്‌ നമുക്കെല്ലാം അറിയാം. കാര്‍ഷിക മേഖലയില്‍ സംഭവിച്ച തിരിച്ചടികള്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുടെ നട്ടെല്ലൊടിക്കുകയും അവരെ പാപ്പരാക്കുകയും ചെയ്തു. അന്താരാഷ്‌ട്ര ധനകാര്യ മൂലധന സ്ഥാപനങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയുള്ള നവലിബറല്‍ നയത്തിന്റെ ദൂഷ്യവശങ്ങളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

ഞെട്ടിപ്പിക്കുന്ന സ്ഥിതി വിശേഷമാണ്‌ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്‌.
കൃഷി ഉപജീവനമാക്കുന്ന ജനങ്ങള്‍ക്ക്‌ കൃഷിപ്പണി ആദായകരമല്ലാതെ വരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന്‌ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥാവിശേഷമാണിത്‌. 1997-2005 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തി അന്‍പതിനായിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 2002 മുതല്‍ക്കുള്ള കണക്കുപ്രകാരം ഓരോ മുപ്പതു മിനിറ്റിലും ഒരു ഇന്ത്യന്‍ കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, മദ്ധ്യപ്രദേശ്‌, കര്‍ണ്ണാടക, എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും കര്‍ഷക ആത്മഹത്യക്കു സാക്ഷ്യം വഹിച്ചു.

കര്‍ഷക കുടുംബങ്ങളുടെ ശരാശരി വരുമാനത്തെക്കാള്‍ ഉയര്‍ന്ന തോതിലുള്ള ഉപഭോഗ ചിലവാണ്‌ കര്‍ഷകരെ ദരിദ്രരാക്കി തീര്‍ക്കുന്നത്‌. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വായ്‌പാ വിതരണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും കാര്‍ഷിക രംഗത്തെ തകര്‍ച്ച വായ്‌പകളുടെ തിരിച്ചടവ്‌ ദുര്‍ബ്ബലപ്പെടുത്തുകയാണുണ്ടായത്‌. ഇത്‌ രാജ്യത്തെ ബാങ്കിംങ്‌ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌.

ദേശസാല്‍ക്ര്‍ത വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും കഴിഞ്ഞ മാസങ്ങളില്‍ കടാശ്വാസ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തീവ്രയത്‌നത്തിലായിരുന്നു. കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാനായി കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ച “കാര്‍ഷിക കടം എഴുതി തള്ളലും കടാശ്വാസവും“ എന്ന പദ്ധതിയുടെ നിര്‍വ്വഹണം‍ സഹകരണ മേഖലയടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
കടം എഴുതി തള്ളുവാന്‍ അര്‍ഹരായ കര്‍ഷകരുടെ പട്ടിക ജൂണ്‍ 30ന്‌ മുംബായി എല്ലാ ബാങ്കുകളുടെയും ശാഖകളില്‍ പ്രസ്‌ദ്ധീകരിച്ചിരുന്നു. പരാതികള്‍ പരിഹരിക്കുവാന്‍ 30 ദിവസത്തെ സമയം അനുവദിച്ച ശേഷം, അന്തിമ പട്ടിക ബാങ്കുകളും കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചതോടെയാണു കാര്‍ഷിക കടാശ്വാസ പദ്ധതി യാഥാര്‍ത്ഥ്യമായത്‌.

തന്റെ പേര്‌ ലിസ്റ്റില്‍ പെട്ടിട്ടില്ലെന്നും കടാശ്വാസം തെറ്റായ രീതിയിലാണ്‌ കണക്കാക്കിയതെന്നും ആക്ഷേപമുള്ള കര്‍ഷകര്‍ ബാങ്കുകളുടെ ഹെഡാഫീസ്‌ വഴിയോ, ശാഖകള്‍ വഴിയോ നേരിട്ടോ തര്‍ക്ക പരിഹാര ഓഫീസര്‍ക്ക്‌ ജൂലായ്‌ 31 നകം പരാതി സമര്‍പ്പിക്കണമെന്നും,പരാതികളിന്മേല്‍‍ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. .

വാണിജ്യ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തല ബാങ്കേഴ്‌സ്‌ സമിതിയുടെ നിരീക്ഷണത്തിലാണ്‌ നടന്നതെങ്കില്‍, ജില്ലാ സഹകരണ ബാങ്കുകളുടേയും പ്രാഥമിക സഹകരണ സംഘങ്ങളുടേയും പ്രവര്‍ത്തനം നബാര്‍ഡാണ്‌ വിലയരുത്തിയത്‌.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കടാശ്വാസ പദ്ധതിയുടെ കാലയളവില്‍ 1800 കോടി രൂപയുടെ കുടിശ്ശികയുള്ളതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌.അഞ്ചു ലക്ഷത്തിലേറെയുള്ള അക്കൗണ്ടുകളിലായിട്ടാണ്‌ ഇത്രയും കുടിശ്ശിക വന്നിട്ടുള്ളത്‌. ഫലത്തില്‍ ഈ ആശ്വാസം അഞ്ചു ലക്ഷത്തിലധികമുള്ള കര്‍ഷക കുടുംബങ്ങള്‍ക്കാണ്‌ ലഭിച്ചിട്ടുള്ളത്‌.

കേരളത്തിലെ സഹകരണ ബാങ്കുകളിലെ 1800കോടി കുടിശ്ശികയില്‍ ഏതാണ്ട്‌ 200 കോടി രൂപ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെതാണ്‌. ഗ്രാമവികസന ബാങ്കില്‍ ഏറെയും ദീര്‍ഘകാകല കാര്‍ഷിക വായ്‌പകള്‍ ആയതിനാലാണ്‌ കടം എഴുതി തള്ളിയതിലുള്ള കുടിശ്ശിക ഇത്രയും കുറഞ്ഞുപോയത്‌. ബാക്കിവരുന്ന 1600 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും കണക്കില്‍ ഉള്‍പ്പെട്ടതാണ്‌.
കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണ പണ്ടങ്ങള്‍ പണയം വെച്ച്‌ വാങ്ങിയ വാങ്ങിയ വായ്‌പകളും എഴുതി തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കടം എഴുതി തള്ളുന്നതിന്‌ റിസര്‍വ്വ്‌ ബാങ്കിന്റെയും നബാര്‍ഡിന്റെയും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.
വാണിജ്യ ബാങ്കുകളും, സഹകരണ ബാങ്കുകളും, ഗ്രാമീണ ബാങ്കുകളും, അര്‍ബന്‍ ബാങ്ക്‌ ഉള്‍പ്പെടെയുള്ള സഹകരണ വായ്‌പാ സ്ഥാപനങ്ങളും മറ്റു പ്രാദേശിക ബാങ്കുകളുമടങ്ങിയ വായ്‌പാ വിതരണ സ്ഥാപനങ്ങള്‍ നേരിട്ട്‌ നാമമാത്ര/ചെറുകിട/മറ്റു കൃഷിക്കാര്‍ക്ക്‌ നല്‍കിയ കാര്‍ഷിക വായ്‌പയാണ്‌ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്‌.
എഴുതി തള്ളിയത് 2007 ഏപ്രില്‍ 1ന്‌ മുമ്പ്‌ എടുക്കുകയും 2007 ഡിസംബര്‍ 31 ന്‌ കുടിശ്ശികയാവുകയും ചെയ്‌ത വായ്‌പകളാണ്‌.
2004, 2006 വര്‍ഷങ്ങളില്‍ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിച്ച കാര്‍ഷിക വായ്‌പകളും സമയ പരിധി നോക്കാതെ എഴുതി തള്ളിയിട്ടുണ്ട്. സ്വാശ്രയ സംഘങ്ങളുടെ കാര്‍ഷിക വായ്‌പകളും കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയെടുത്ത നേടിട്ടുള്ള കൃഷി വായ്‌പകളും എഴുതിതള്ളുന്നതില്‍ വ്യവസ്ഥകളോടെ ഉള്‍പ്പെടുത്തിറ്യിട്ടുണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാര്‍, നബാര്‍ഡ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ജില്ലാ തലത്തില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍, ഗ്രീവന്‍സ്‌ റിഡ്രസ്സല്‍ ഓഫീസര്‍ എന്നിവരെ നിയമിച്ചും ജില്ലാ തല അഡൈ്വസറി കമ്മറ്റി രൂപീകരിച്ചുമാണ്‌ ഓരോ ജില്ലയിലും കടാശ്വാസ പദ്ധതി നിര്‍വ്വഹണത്തിന്റെ മേല്‍ നോട്ടം നടത്തിയത്‌.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസൃതമായി ഓരോ കര്‍ഷകരുടേയും അക്കൗണ്ടുകള്‍ വിശദ്ധമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എഴുതി തള്ളുന്ന കടത്തിനു പുറമെ പിഴ പലിശ, ലീഗല്‍ ചാര്‍ജ്ജ്‌, മറ്റു ചിലവുകള്‍ തുടങ്ങിയ ഇനങ്ങളിലായി വരുന്ന കോടിക്കണക്കിനു രൂപയും ബാങ്കുകള്‍ സ്വന്തമായി വഹിക്കുകയും ചെയ്തു.

ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കാണ്‌ കടാശ്വാസ പദ്ധതി വഴി കൂടുതല്‍ നേട്ടം ലഭിച്ചത്‌. ഇവരുടെ അര്‍ഹമായ മുഴുവന്‍ തുകയും എഴുതി തള്ളിയിട്ടുണ്ട്.

കടാശ്വാസ വഴി അര്‍ഹമായ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക്‌ വരവ്‌ വെച്ചതിന്‌ ശേഷം പുതിയ കാര്‍ഷിക വായ്‌പകള്‍ നല്‍കുന്നതിനായുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നും, ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്‌ ഉടനെ തന്നെ പുതിയവായ്‌പ അനുവദിക്കണമെന്നും കടാശ്വാസ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഫലപ്രദമായി, കര്‍ഷകരുടെ താല്‍പര്യവും കാര്‍ഷിക മേഖലയുടെ ക്ഷേമവും മുന്‍ നിര്‍‍ത്തി ഒരു ബാങ്കുമത് നടപ്പിലാക്കിയിട്ടില്ല എന്നതാണു നേര്.

മറ്റ്‌ കര്‍ഷകര്‍ക്ക്‌ - ഹ്രസ്വകാല വായ്‌പയുടെ കാര്യത്തില്‍ കടാശ്വാസം കഴിച്ചുള്ള തുകയുടെ മൂന്നില്‍ ഒന്ന്‌ അടയ്‌ക്കാവുന്ന മുറയ്‌ക്ക്‌ പുതിയ വായ്‌പ അനുവദിക്കണമെന്നും, എന്നാല്‍ പദ്ധതി വായ്‌പയുടെ കാര്യത്തില്‍ കര്‍ഷകന്റെ വിഹിതം മുഴുവന്‍ അടച്ചാല്‍ മാത്രം പുതിയ വായ്‌പ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മറ്റു കൃഷിക്കാരുടെ കാര്യത്തില്‍ ഒരു ഒറ്റ തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി നിലവില്‍ ഉണ്ടായിരിക്കേ തന്നെ,കടാശ്വാസത്തിന് അര്‍ഹമായ തുകയുടെ 75% കൃഷിക്കാരന്‍ അടക്കുകയാണെങ്കില്‍ 25% കടാശ്വാസം നല്‍കണമെന്നുമാണു നിബന്ധനയുണ്ടായിരുന്നത്.

ദുരിത ബാധിത ജില്ലകളിലായി പ്രഖ്യാപിച്ച കേരളത്തിലെ പാലക്കാട്‌, വയനാട്‌, കാസര്‍കോട്‌, ജില്ലകളുടെ കാര്യത്തില്‍ അര്‍ഹമായ തുകയുടെ 25 ശതമാനമോ 20,000/-രൂപയോ ഏതാണോ കൂടുതല്‍ ആയത്‌ അടച്ച കര്‍ഷകന് ബാക്കി തുക കടാശ്വാസമായി ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ട്.

കാര്‍ഷിക കടം എഴുതി തള്ളലും കടാശ്വാസവും പദ്ധതിപ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും ബാങ്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെങ്കിലും കടം എഴുതി തള്ളി നല്‍കിയ കര്‍ഷകര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം എന്നുള്ള നിര്‍ദ്ദേശം കുറ്റമറ്റ രീതിയില്‍ ബാങ്കുകള്‍ നടപ്പിലാക്കിയിട്ടില്ല

ഉല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞും, കൃഷി നശിച്ചും തകര്‍ന്ന കര്‍ഷകര്‍ക്ക്‌ കടാശ്വാസ പദ്ധതി താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളൂ.
കേരള ഗവണ്‍മെന്റിന്റെ സഹകരണ നിക്ഷേപം പദ്ധതി വഴിയും മറ്റും വായ്‌പാ കുടിശ്ശിക അടച്ചു തീര്‍ത്തവര്‍ക്കും പുതുക്കിയവര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ്‌ കടാശ്വാസ പദ്ധതി നടപ്പിനെതിരെയുള്ള പ്രധാന വിമര്‍ശനം.
വാ‍യ്പ യഥാര്‍ത്ഥ ആവശ്യത്തിന് ഉപയോഗപ്പെടുത്തി ക്രിത്യമായി തിരിച്ചടച്ച നല്ല ഇടപാടുകാര്‍ക്ക് കടാശ്വാസ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നാല്‍ തിരിച്ചടവു ശേഷി ഉണ്ടായിട്ടും ബോധപൂര്‍വം കുടിശ്ശിക വരുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രക്രുതിക്ഷോഭം,രോഗ കീട ബാധകള്‍ എന്നിവയെല്ലാം മൂലം വിളനാശം സംഭവിച്ചവര്‍ക്കും, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മുഖേന ഹ്രസ്വ കാല വായ്പകളിന്മേല്‍ നല്ല രീതിയില്‍ ബാ‍ങ്ക് ഇടപാട് നടത്തിയ കര്‍ഷകര്‍ക്കും കടാശ്വാസ ആനുകൂല്യം ലഭിച്ചിട്ടില്ല. ബാങ്കുകളുടെ കിട്ടാകടം കുറച്ചു കൊണ്ടുവരുന്നതിനും, സാന്‍പത്തിക അടിത്തര ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ “കുടിശ്ശിക നിവാരണം ശതശതമാനം” പോലുള്ള പദ്ധതിമുഖേന വായ്പ അടച്ചുവീട്ടിയ കര്‍ഷകര്‍ യഥാര്‍ഥത്തില്‍ വഞ്ചിക്കപ്പെടുകയാണ് ചെയ്തത്.
പ്രസ്‌തുത വിഷയം ഗൗരവമായെടുത്ത്‌ കുടിശ്ശിക അടച്ചു തീര്‍ത്ത കര്‍ഷകരെ കൂടി കടാശ്വാസ പ്രകാരമുള്ള കടം എഴുതി തള്ളലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന്‌ കേരള സംസ്ഥാന നിയമസഭ ഐക്യകണ്ടേന‌ പ്രമേയം പാസ്സാക്കുകയും,‍ നബാര്‍ഡിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും മുമ്പാകെ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.
കാര്‍ഷിക മേഖലയെ ബാധിച്ച മാരകരോഗം ചികിത്സിക്കാന്‍ കടാശ്വാസമെന്ന ഒറ്റമൂലി പ്രയോഗം ഫലപ്രദമല്ല. അത് ഹുണ്ടികക്കാരില്‍ നിന്നും നാടനും മറുനാടനുമായ വട്ടിപലിശക്കാരുടെയും ബ്ലേഡ്കാരുടെയും നീരാളിപിടുത്തത്തില്‍ നിന്നും താല്‍കാലിക രക്ഷ മാത്രമേ സാധാരണ കര്‍ഷകന് നല്‍കുന്നുള്ളൂ..രോഗമറിഞ്ഞു ചികിത്സിക്കാതെ മേമ്പൊടി പ്രയോഗത്തിലൂടെ കയ്യടി വാങ്ങാമെന്നു മോഹിക്കുന്ന ഭരണകര്‍ത്താക്കള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ഷക മനസ്സ് പതിച്ചു കിട്ടുമെന്നു വ്യാമോഹിക്കുകയും ചെയ്യുന്നു..വോട്ടിന്റെ ചാകരയാണല്ലോ അന്തിമ ലക്ഷ്യം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ