ബ്ലോഗ് ആര്‍ക്കൈവ്

2013, മേയ് 25, ശനിയാഴ്‌ച

അക്ഷയജട്ടീയ ! (കോണകതൃതീയ)

അക്ഷയജട്ടീയ ! (കോണകതൃതീയ)

അക്ഷയജട്ടീയ ! (കോണകതൃതീയ)
ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. “ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം” എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.
അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് ജട്ടിശാത്രത്തിലുണ്ട്. ജട്ടിപുണ്യം എന്ന അധ്യായത്തിലാണ് അക്ഷയജട്ടീയദിനത്തില്‍ ജട്ടി വാങ്ങുന്നതിന്റെ ഗുണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും നേര്‍ക്കു നേര്‍ വരികയും അപ്പോള്‍ മറ്റൊരു ട്രാക്കില്‍ ബുധന്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന അസുലഭ മൂഹൂര്‍ത്തമാണ് അക്ഷയജട്ടീയ. ഇൌ മൂന്നു ഗ്രഹങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ വരുന്നത് എന്നതുകൊണ്ടാണ് ഇൌ ദിവസം അക്ഷയജട്ടീയ ആയി ആചരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും തമ്മില്‍ ചേരുമ്പോള്‍ ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മൂന്നിനും ഇടയില്‍ കാണുന്ന സ്പേസിന് ഒരു ജട്ടിയുടെ രൂപമാണെന്നതിനാലാണ് ഈ അപൂര്‍വമുഹൂര്‍ത്തത്തിന് അക്ഷയജട്ടീയ എന്നു പേരു വന്നത്.
അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കുന്നവര്‍ക്ക് പുതിയ ജോലി മുതല്‍ പലതും ലഭിക്കുമെന്നാണ് വിശ്വാസം. ധരിക്കുന്നത് പുതിയ ജട്ടിയാണെങ്കില്‍ പറയുകയും വേണ്ട. അതുപോലെ തന്നെ അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കാതിരിക്കുക, ജട്ടി അലക്കാതിരിക്കുക, അലക്കിയ ജട്ടി ഉണങ്ങാതിരിക്കുക, ഉണങ്ങാത്ത ജട്ടി ധരിക്കുക തുടങ്ങിവയൊക്കെ ജട്ടിദോഷമായാണ് കാണുന്നത്. ജട്ടിദോഷം സംഭവിച്ചാല്‍ പിന്നെ ആ വര്‍ഷത്തേക്ക് ജട്ടി വഴി അനേകം ദോഷങ്ങള്‍ സംഭവിക്കുമത്രേ. അതുകൊണ്ട് ജട്ടിദോഷം സംഭവിച്ചവര്‍ അടുത്ത അക്ഷയജട്ടീയ വരെ ജട്ടി ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. എങ്കിലും വ്യാഴത്തിനു മേല്‍ ശുക്രന്റെ ഒരു അഭിനിവേശം ബാക്കി നില്‍ക്കുന്നതുകൊണ്ട് കോണകം ഉടുത്ത് കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.
അക്ഷയജട്ടീയയോടനുബന്ധിച്ച് വിവിധ ജട്ടിക്കടകളു ജട്ടിക്കമ്പനികളും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, മലയാളത്തിലെ നമ്പര്‍ വണ്ണായ ഈ ബ്ളോഗില്‍ പോലും അക്ഷയജട്ടീയയോടനുബന്ധിച്ച് സ്പെഷല്‍ ജട്ടികള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ബെര്‍ളിച്ചായന്റെ ഫോട്ടോ പതിച്ച ജട്ടികളാണ് സ്പെഷലായി വില്‍ക്കുന്നത്. ഇതിനോടകം നാലായിരത്തിലേറെ ഫാന്‍സ് അക്ഷയജട്ടീയ ജട്ടികള്‍ക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
അക്ഷയജട്ടീയ തട്ടിപ്പാണെന്നും അത് ജട്ടിമാഫിയയുടെ പുതിയ വിപണന തന്ത്രമാണെന്നും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് പാടെ ഖണ്ഡിക്കുന്ന അനുഭവങ്ങവാണ് ജട്ടിസാക്ഷികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അക്ഷയജട്ടീയ ദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സന്തോഷ് പറയുന്നത് ശ്രദ്ധിക്കൂ: ”കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍ തന്നെ എന്തോ ഒരു മതിഭ്രമം ആയിരുന്നു. അതുകൊണ്ട് തന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. എന്റെ വിവാഹത്തിനു പോലും ജട്ടി ധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, കുറെക്കാലം. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോട് പറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് അന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി അക്ഷയജട്ടീയ ദിവസം ഞാന്‍ 15 ജട്ടികള്‍ വാങ്ങിച്ചു. ആറു മാസം തികയുന്നതിനു മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 15 ജട്ടികള്‍ വീതം സ്വന്തമായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഒരോ ജട്ടികള്‍ വീതമാണ് ഞാന്‍ നല്‍കാറുള്ളത്.”
ജട്ടിപുണ്യം കൊണ്ട് വാര്‍ധക്യത്തില്‍ പോലും നേട്ടങ്ങളുണ്ടാക്കിയ ലൂക്കോസ് മുതലാളി പറയുന്നത് ശ്രദ്ധിക്കൂ: ”കഴിഞ്ഞ അക്ഷയജട്ടീയ ദിവസം ചില്ലറ മാറുന്നതിനു വേണ്ടിയാണ് ഞാന്‍ ഒരു ജട്ടി ആദ്യമായി വാങ്ങിയത്. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ മാറ്റം അറിയാമായിരുന്നു. 15 വര്‍ഷം മുമ്പ് അമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടു പോയ എന്റെ മകന്‍ റോയി ഒരു ബെന്‍സ് കാറില്‍ അപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഗള്‍ഫില്‍ അവനൊരു കോടീശ്വരനാണെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. പക്ഷെ, അവനാണ് അവിടുത്തെ ജട്ടി ഇന്‍ഡസ്ട്രിയുടെ തലവനെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. റോയി ലൂക്കോസ് എന്നു കേട്ടാല്‍ ഗള്‍ഫിലെ ജട്ടി എന്നാണിപ്പോള്‍ അര്‍ഥം. എല്ലാം ഞാന്‍ വാങ്ങിയ ജട്ടിയില്‍ നിന്നുണ്ടായ ഭാഗ്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു”
ജട്ടിദോഷത്തെ പറ്റി വിശ്വാസമില്ലാത്തവരെ പേടിപ്പിക്കാനല്ല എങ്കിലും ജട്ടിദോഷത്തെ പറ്റി പുഷ്പനു പറയാനുള്ളത് എന്താണെന്നു നോക്കൂ: ”രണ്ടു വര്‍ഷം മുമ്പ് ഒരു അക്ഷയജട്ടീയ ദിവസമാണ് എന്റെ അമ്മായിയമ്മയ്ക്ക് ലോട്ടറിയടിച്ചത്. അമ്മായിയമ്മയുടെ ലോട്ടറിയുടെ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഭാര്യയേയും കൂട്ടി വേഗം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ഇറങ്ങുമ്പോള്‍ തതന്നെ ഭാര്യ പറഞ്ഞതാണ് നല്ല കാര്യത്തിനിറങ്ങുമ്പം ജട്ടിയിട്ടോണ്ടു വേണമെന്ന്. മറുപടിയായി അവളുടെ തന്തയ്ക്കു വിളിച്ച് പോയ പോക്കാണ്. അമ്മായിയമ്മയുടെ ലോട്ടറി കാണും മുമ്പേ എന്നെ പട്ടി കടിച്ചു. അന്ന് അത് ജട്ടിയെ അപമാനിച്ചതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നെ എല്ലാ വര്‍ഷവും അക്ഷയജട്ടീയ ദിവസം പട്ടി കടിച്ച ആ മുറിവ് പഴുക്കും, ഭയങ്കര വേദനയും. അതിനു ശേഷം ഞാന്‍ അക്ഷയജട്ടീയയുടെ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അക്ഷയജട്ടീയ ദിവസം ജട്ടി മാത്രം ധരിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കും അതുകൊണ്ട് വേദനയില്ല, മുറിവും പ്രശ്നമില്ല”
ഇത്തരം അനുഭവങ്ങള്‍ മാത്രം മതി അക്ഷയജട്ടീയയുടെ മഹത്വത്തെപ്പറ്റി അറിയാത്തവരുടെ കണ്ണു തുറപ്പിക്കാന്‍. അക്ഷയജട്ടീയ ദിവസം ജട്ടിപരമായി ആചരിച്ച് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങളെ തട്ടിമാറ്റാതിരിക്കൂ. എത്രയും വേഗം അടുത്തുള്ള ജട്ടിക്കടയില്‍ പോയി ജട്ടി വാങ്ങൂ. അല്ലെങ്കില്‍ ഇരിക്കുന്നിടത്തിരുന്ന് ജട്ടി സ്വന്തമാക്കാന്‍ ബെര്‍ളിത്തരങ്ങളിലെ ജട്ടിസേവനം പ്രയോജനപ്പെടുത്തൂ. ഈ സൈറ്റില്‍ നിന്നു വാങ്ങുന്ന എല്ലാ ജട്ടികള്‍ക്കും 99.99 പൈസ മാത്രമാണ് വില. നിങ്ങളുടെ വിലാസവും സൈസും കമന്റായി നിക്ഷേപിച്ചാല്‍ ജട്ടികള്‍ വിപിപി ആയി എത്തും. ഇതിനെ ആക്ഷേപിച്ച് ജട്ടിദോഷം സമ്പാദിക്കാതിരിക്കൂ, വേഗമാകട്ടെ..
Orkut1 

കടാശ്വാസം കാര്‍ഷിക പ്രതിസന്ധിക്കുള്ള ഒറ്റമൂലിയല്ല.

കാര്‍ഷിക മേഖലയെ ബാധിച്ച മാരകരോഗം ചികിത്സിക്കാന്‍ ഒരു ഒറ്റമൂലി പ്രയോഗവുമില്ല.
സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന്‌ കാര്‍ഷിക വായ്‌പാ വിതരണത്തില്‍ നിന്നും ദുര്‍ബല, ചെറുകിട കര്‍ഷകരെ വാണിജ്യ സ്വകാര്യ ബാങ്കുകള്‍ ഒഴിവാക്കപ്പെടുകയാണ്‌.സാമ്പത്തിക രംഗത്തെ കാര്‍ഷിക വായ്‌പാ ആനുകൂല്യങ്ങള്‍ കൂടുതലും കാര്‍ഷിക - വ്യവസായ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ കയ്യടക്കി കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്‌.
രാജ്യത്തെ ഭുരിഭാഗം വരുന്ന ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ കാര്‍ഷിക വായ്‌പകള്‍ ലഭിച്ചില്ലെങ്കില്‍ നാട്ടിന്‍ പുറത്തെ ഹുണ്ടികക്കാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണത്തിന്‌ അവര്‍ വിധേയരാകും. ഈ സാഹചര്യത്തിലും സഹകരണ സ്ഥാപനങ്ങളാണ്‌ കര്‍ഷകര്‍ക്ക്‌ വായ്‌പകള്‍ അനുവദിക്കാന്‍ സന്നദ്ധമാകുന്നത്‌.

കാര്‍ഷിക മേഖലയുടെ പ്രതിസന്ധിക്ക്‌ അടിയന്തിര പരിഹാരം ഉണ്ടാകേണ്ടതുണ്ട്‌. പൊതു നിക്ഷേപം കൂട്ടുകയും, ഗ്രാമീണ ദരിദ്ര വിഭാഗങ്ങള്‍ക്ക്‌ ഭൂമി ലഭിക്കുന്നതിനായി ഭൂപരിഷ്‌കരണ നടപടികള്‍സംസ്ഥാനത്തെല്ലാം നടപ്പിലാക്കുകയും ചെയ്യണം. ഗ്രാമങ്ങളിലെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക്‌ വായ്‌പകള്‍ ലഭ്യമാക്കണം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം., ദേശീയ തൊഴിലുറപ്പു പദ്ധതിക്ക്‌ കൂടുതല്‍ തുക വകയിരുത്തണം, കൃഷിക്കാര്‍ക്ക്‌ അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ ലഭ്യമാക്കണം.
നബാര്‍ഡ്‌ പോലെയുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരുടെ സമൂലമായ പുരോഗതിക്ക്‌ സഹായകരമായി പ്രവര്‍ത്തിക്കുകയും ചെയ്യണം.
ആത്മഹത്യയുടെ വക്കില്‍ നിന്നും കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുകയും , ജീവിതത്തിന്‌ വീണ്ടും പച്ചപ്പുണ്ടാകാനായി പ്രയത്‌നിക്കാന്‍ നാടിനെ പോറ്റി വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനും കടാശ്വാസ പദ്ധതി വഴി ഗവണ്‍മെന്റിനും ബാങ്കുകള്‍ക്കും ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.
കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ നാലില്‍ മൂന്നുഭാഗം ജനങ്ങളും, വിശേഷിച്ച്‌ ഗ്രാമീണ ജനത ഉപജീവനത്തിന്‌ കൃഷിയെയാണ്‌ ആശ്രയിക്കുന്നതെന്ന്‌ നമുക്കെല്ലാം അറിയാം. കാര്‍ഷിക മേഖലയില്‍ സംഭവിച്ച തിരിച്ചടികള്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുടെ നട്ടെല്ലൊടിക്കുകയും അവരെ പാപ്പരാക്കുകയും ചെയ്തു. അന്താരാഷ്‌ട്ര ധനകാര്യ മൂലധന സ്ഥാപനങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയുള്ള നവലിബറല്‍ നയത്തിന്റെ ദൂഷ്യവശങ്ങളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

ഞെട്ടിപ്പിക്കുന്ന സ്ഥിതി വിശേഷമാണ്‌ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്‌.
കൃഷി ഉപജീവനമാക്കുന്ന ജനങ്ങള്‍ക്ക്‌ കൃഷിപ്പണി ആദായകരമല്ലാതെ വരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന്‌ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥാവിശേഷമാണിത്‌. 1997-2005 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തി അന്‍പതിനായിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 2002 മുതല്‍ക്കുള്ള കണക്കുപ്രകാരം ഓരോ മുപ്പതു മിനിറ്റിലും ഒരു ഇന്ത്യന്‍ കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, മദ്ധ്യപ്രദേശ്‌, കര്‍ണ്ണാടക, എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും കര്‍ഷക ആത്മഹത്യക്കു സാക്ഷ്യം വഹിച്ചു.

കര്‍ഷക കുടുംബങ്ങളുടെ ശരാശരി വരുമാനത്തെക്കാള്‍ ഉയര്‍ന്ന തോതിലുള്ള ഉപഭോഗ ചിലവാണ്‌ കര്‍ഷകരെ ദരിദ്രരാക്കി തീര്‍ക്കുന്നത്‌. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വായ്‌പാ വിതരണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും കാര്‍ഷിക രംഗത്തെ തകര്‍ച്ച വായ്‌പകളുടെ തിരിച്ചടവ്‌ ദുര്‍ബ്ബലപ്പെടുത്തുകയാണുണ്ടായത്‌. ഇത്‌ രാജ്യത്തെ ബാങ്കിംങ്‌ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌.

ദേശസാല്‍ക്ര്‍ത വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും കഴിഞ്ഞ മാസങ്ങളില്‍ കടാശ്വാസ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തീവ്രയത്‌നത്തിലായിരുന്നു. കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാനായി കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ച “കാര്‍ഷിക കടം എഴുതി തള്ളലും കടാശ്വാസവും“ എന്ന പദ്ധതിയുടെ നിര്‍വ്വഹണം‍ സഹകരണ മേഖലയടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
കടം എഴുതി തള്ളുവാന്‍ അര്‍ഹരായ കര്‍ഷകരുടെ പട്ടിക ജൂണ്‍ 30ന്‌ മുംബായി എല്ലാ ബാങ്കുകളുടെയും ശാഖകളില്‍ പ്രസ്‌ദ്ധീകരിച്ചിരുന്നു. പരാതികള്‍ പരിഹരിക്കുവാന്‍ 30 ദിവസത്തെ സമയം അനുവദിച്ച ശേഷം, അന്തിമ പട്ടിക ബാങ്കുകളും കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചതോടെയാണു കാര്‍ഷിക കടാശ്വാസ പദ്ധതി യാഥാര്‍ത്ഥ്യമായത്‌.

തന്റെ പേര്‌ ലിസ്റ്റില്‍ പെട്ടിട്ടില്ലെന്നും കടാശ്വാസം തെറ്റായ രീതിയിലാണ്‌ കണക്കാക്കിയതെന്നും ആക്ഷേപമുള്ള കര്‍ഷകര്‍ ബാങ്കുകളുടെ ഹെഡാഫീസ്‌ വഴിയോ, ശാഖകള്‍ വഴിയോ നേരിട്ടോ തര്‍ക്ക പരിഹാര ഓഫീസര്‍ക്ക്‌ ജൂലായ്‌ 31 നകം പരാതി സമര്‍പ്പിക്കണമെന്നും,പരാതികളിന്മേല്‍‍ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. .

വാണിജ്യ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തല ബാങ്കേഴ്‌സ്‌ സമിതിയുടെ നിരീക്ഷണത്തിലാണ്‌ നടന്നതെങ്കില്‍, ജില്ലാ സഹകരണ ബാങ്കുകളുടേയും പ്രാഥമിക സഹകരണ സംഘങ്ങളുടേയും പ്രവര്‍ത്തനം നബാര്‍ഡാണ്‌ വിലയരുത്തിയത്‌.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കടാശ്വാസ പദ്ധതിയുടെ കാലയളവില്‍ 1800 കോടി രൂപയുടെ കുടിശ്ശികയുള്ളതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌.അഞ്ചു ലക്ഷത്തിലേറെയുള്ള അക്കൗണ്ടുകളിലായിട്ടാണ്‌ ഇത്രയും കുടിശ്ശിക വന്നിട്ടുള്ളത്‌. ഫലത്തില്‍ ഈ ആശ്വാസം അഞ്ചു ലക്ഷത്തിലധികമുള്ള കര്‍ഷക കുടുംബങ്ങള്‍ക്കാണ്‌ ലഭിച്ചിട്ടുള്ളത്‌.

കേരളത്തിലെ സഹകരണ ബാങ്കുകളിലെ 1800കോടി കുടിശ്ശികയില്‍ ഏതാണ്ട്‌ 200 കോടി രൂപ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെതാണ്‌. ഗ്രാമവികസന ബാങ്കില്‍ ഏറെയും ദീര്‍ഘകാകല കാര്‍ഷിക വായ്‌പകള്‍ ആയതിനാലാണ്‌ കടം എഴുതി തള്ളിയതിലുള്ള കുടിശ്ശിക ഇത്രയും കുറഞ്ഞുപോയത്‌. ബാക്കിവരുന്ന 1600 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും കണക്കില്‍ ഉള്‍പ്പെട്ടതാണ്‌.
കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണ പണ്ടങ്ങള്‍ പണയം വെച്ച്‌ വാങ്ങിയ വാങ്ങിയ വായ്‌പകളും എഴുതി തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കടം എഴുതി തള്ളുന്നതിന്‌ റിസര്‍വ്വ്‌ ബാങ്കിന്റെയും നബാര്‍ഡിന്റെയും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.
വാണിജ്യ ബാങ്കുകളും, സഹകരണ ബാങ്കുകളും, ഗ്രാമീണ ബാങ്കുകളും, അര്‍ബന്‍ ബാങ്ക്‌ ഉള്‍പ്പെടെയുള്ള സഹകരണ വായ്‌പാ സ്ഥാപനങ്ങളും മറ്റു പ്രാദേശിക ബാങ്കുകളുമടങ്ങിയ വായ്‌പാ വിതരണ സ്ഥാപനങ്ങള്‍ നേരിട്ട്‌ നാമമാത്ര/ചെറുകിട/മറ്റു കൃഷിക്കാര്‍ക്ക്‌ നല്‍കിയ കാര്‍ഷിക വായ്‌പയാണ്‌ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്‌.
എഴുതി തള്ളിയത് 2007 ഏപ്രില്‍ 1ന്‌ മുമ്പ്‌ എടുക്കുകയും 2007 ഡിസംബര്‍ 31 ന്‌ കുടിശ്ശികയാവുകയും ചെയ്‌ത വായ്‌പകളാണ്‌.
2004, 2006 വര്‍ഷങ്ങളില്‍ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിച്ച കാര്‍ഷിക വായ്‌പകളും സമയ പരിധി നോക്കാതെ എഴുതി തള്ളിയിട്ടുണ്ട്. സ്വാശ്രയ സംഘങ്ങളുടെ കാര്‍ഷിക വായ്‌പകളും കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയെടുത്ത നേടിട്ടുള്ള കൃഷി വായ്‌പകളും എഴുതിതള്ളുന്നതില്‍ വ്യവസ്ഥകളോടെ ഉള്‍പ്പെടുത്തിറ്യിട്ടുണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാര്‍, നബാര്‍ഡ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ജില്ലാ തലത്തില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍, ഗ്രീവന്‍സ്‌ റിഡ്രസ്സല്‍ ഓഫീസര്‍ എന്നിവരെ നിയമിച്ചും ജില്ലാ തല അഡൈ്വസറി കമ്മറ്റി രൂപീകരിച്ചുമാണ്‌ ഓരോ ജില്ലയിലും കടാശ്വാസ പദ്ധതി നിര്‍വ്വഹണത്തിന്റെ മേല്‍ നോട്ടം നടത്തിയത്‌.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസൃതമായി ഓരോ കര്‍ഷകരുടേയും അക്കൗണ്ടുകള്‍ വിശദ്ധമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എഴുതി തള്ളുന്ന കടത്തിനു പുറമെ പിഴ പലിശ, ലീഗല്‍ ചാര്‍ജ്ജ്‌, മറ്റു ചിലവുകള്‍ തുടങ്ങിയ ഇനങ്ങളിലായി വരുന്ന കോടിക്കണക്കിനു രൂപയും ബാങ്കുകള്‍ സ്വന്തമായി വഹിക്കുകയും ചെയ്തു.

ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കാണ്‌ കടാശ്വാസ പദ്ധതി വഴി കൂടുതല്‍ നേട്ടം ലഭിച്ചത്‌. ഇവരുടെ അര്‍ഹമായ മുഴുവന്‍ തുകയും എഴുതി തള്ളിയിട്ടുണ്ട്.

കടാശ്വാസ വഴി അര്‍ഹമായ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക്‌ വരവ്‌ വെച്ചതിന്‌ ശേഷം പുതിയ കാര്‍ഷിക വായ്‌പകള്‍ നല്‍കുന്നതിനായുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നും, ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്‌ ഉടനെ തന്നെ പുതിയവായ്‌പ അനുവദിക്കണമെന്നും കടാശ്വാസ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഫലപ്രദമായി, കര്‍ഷകരുടെ താല്‍പര്യവും കാര്‍ഷിക മേഖലയുടെ ക്ഷേമവും മുന്‍ നിര്‍‍ത്തി ഒരു ബാങ്കുമത് നടപ്പിലാക്കിയിട്ടില്ല എന്നതാണു നേര്.

മറ്റ്‌ കര്‍ഷകര്‍ക്ക്‌ - ഹ്രസ്വകാല വായ്‌പയുടെ കാര്യത്തില്‍ കടാശ്വാസം കഴിച്ചുള്ള തുകയുടെ മൂന്നില്‍ ഒന്ന്‌ അടയ്‌ക്കാവുന്ന മുറയ്‌ക്ക്‌ പുതിയ വായ്‌പ അനുവദിക്കണമെന്നും, എന്നാല്‍ പദ്ധതി വായ്‌പയുടെ കാര്യത്തില്‍ കര്‍ഷകന്റെ വിഹിതം മുഴുവന്‍ അടച്ചാല്‍ മാത്രം പുതിയ വായ്‌പ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മറ്റു കൃഷിക്കാരുടെ കാര്യത്തില്‍ ഒരു ഒറ്റ തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി നിലവില്‍ ഉണ്ടായിരിക്കേ തന്നെ,കടാശ്വാസത്തിന് അര്‍ഹമായ തുകയുടെ 75% കൃഷിക്കാരന്‍ അടക്കുകയാണെങ്കില്‍ 25% കടാശ്വാസം നല്‍കണമെന്നുമാണു നിബന്ധനയുണ്ടായിരുന്നത്.

ദുരിത ബാധിത ജില്ലകളിലായി പ്രഖ്യാപിച്ച കേരളത്തിലെ പാലക്കാട്‌, വയനാട്‌, കാസര്‍കോട്‌, ജില്ലകളുടെ കാര്യത്തില്‍ അര്‍ഹമായ തുകയുടെ 25 ശതമാനമോ 20,000/-രൂപയോ ഏതാണോ കൂടുതല്‍ ആയത്‌ അടച്ച കര്‍ഷകന് ബാക്കി തുക കടാശ്വാസമായി ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ട്.

കാര്‍ഷിക കടം എഴുതി തള്ളലും കടാശ്വാസവും പദ്ധതിപ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും ബാങ്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെങ്കിലും കടം എഴുതി തള്ളി നല്‍കിയ കര്‍ഷകര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം എന്നുള്ള നിര്‍ദ്ദേശം കുറ്റമറ്റ രീതിയില്‍ ബാങ്കുകള്‍ നടപ്പിലാക്കിയിട്ടില്ല

ഉല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞും, കൃഷി നശിച്ചും തകര്‍ന്ന കര്‍ഷകര്‍ക്ക്‌ കടാശ്വാസ പദ്ധതി താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളൂ.
കേരള ഗവണ്‍മെന്റിന്റെ സഹകരണ നിക്ഷേപം പദ്ധതി വഴിയും മറ്റും വായ്‌പാ കുടിശ്ശിക അടച്ചു തീര്‍ത്തവര്‍ക്കും പുതുക്കിയവര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ്‌ കടാശ്വാസ പദ്ധതി നടപ്പിനെതിരെയുള്ള പ്രധാന വിമര്‍ശനം.
വാ‍യ്പ യഥാര്‍ത്ഥ ആവശ്യത്തിന് ഉപയോഗപ്പെടുത്തി ക്രിത്യമായി തിരിച്ചടച്ച നല്ല ഇടപാടുകാര്‍ക്ക് കടാശ്വാസ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നാല്‍ തിരിച്ചടവു ശേഷി ഉണ്ടായിട്ടും ബോധപൂര്‍വം കുടിശ്ശിക വരുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രക്രുതിക്ഷോഭം,രോഗ കീട ബാധകള്‍ എന്നിവയെല്ലാം മൂലം വിളനാശം സംഭവിച്ചവര്‍ക്കും, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മുഖേന ഹ്രസ്വ കാല വായ്പകളിന്മേല്‍ നല്ല രീതിയില്‍ ബാ‍ങ്ക് ഇടപാട് നടത്തിയ കര്‍ഷകര്‍ക്കും കടാശ്വാസ ആനുകൂല്യം ലഭിച്ചിട്ടില്ല. ബാങ്കുകളുടെ കിട്ടാകടം കുറച്ചു കൊണ്ടുവരുന്നതിനും, സാന്‍പത്തിക അടിത്തര ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ “കുടിശ്ശിക നിവാരണം ശതശതമാനം” പോലുള്ള പദ്ധതിമുഖേന വായ്പ അടച്ചുവീട്ടിയ കര്‍ഷകര്‍ യഥാര്‍ഥത്തില്‍ വഞ്ചിക്കപ്പെടുകയാണ് ചെയ്തത്.
പ്രസ്‌തുത വിഷയം ഗൗരവമായെടുത്ത്‌ കുടിശ്ശിക അടച്ചു തീര്‍ത്ത കര്‍ഷകരെ കൂടി കടാശ്വാസ പ്രകാരമുള്ള കടം എഴുതി തള്ളലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന്‌ കേരള സംസ്ഥാന നിയമസഭ ഐക്യകണ്ടേന‌ പ്രമേയം പാസ്സാക്കുകയും,‍ നബാര്‍ഡിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും മുമ്പാകെ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.
കാര്‍ഷിക മേഖലയെ ബാധിച്ച മാരകരോഗം ചികിത്സിക്കാന്‍ കടാശ്വാസമെന്ന ഒറ്റമൂലി പ്രയോഗം ഫലപ്രദമല്ല. അത് ഹുണ്ടികക്കാരില്‍ നിന്നും നാടനും മറുനാടനുമായ വട്ടിപലിശക്കാരുടെയും ബ്ലേഡ്കാരുടെയും നീരാളിപിടുത്തത്തില്‍ നിന്നും താല്‍കാലിക രക്ഷ മാത്രമേ സാധാരണ കര്‍ഷകന് നല്‍കുന്നുള്ളൂ..രോഗമറിഞ്ഞു ചികിത്സിക്കാതെ മേമ്പൊടി പ്രയോഗത്തിലൂടെ കയ്യടി വാങ്ങാമെന്നു മോഹിക്കുന്ന ഭരണകര്‍ത്താക്കള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ഷക മനസ്സ് പതിച്ചു കിട്ടുമെന്നു വ്യാമോഹിക്കുകയും ചെയ്യുന്നു..വോട്ടിന്റെ ചാകരയാണല്ലോ അന്തിമ ലക്ഷ്യം. 

സഹകരണസംഘവും പഞ്ചായത്തീരാജും

സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന്‌ പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച്‌ പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന കാഴ്‌ചപ്പാട്‌. വായ്‌പ, വിപണനം, ഉപഭോക്തൃ സാധനങ്ങളുടെ വിതരണം, ഭവനനിര്‍മ്മാണം, ആരോഗ്യം, പട്ടികജാതി പട്ടികവര്‍ഗ വികസനം, വനിത വികസനം, തുടങ്ങിയ വിവിധ മേഖലകളിലായി 12552 സഹകരണ സംഘങ്ങളും വ്യവസായം, കൃഷി, ഡയറി, മത്സ്യം തുടങ്ങിയ ഡയറക്‌ടറേറ്റുകള്‍ക്കു കീഴിലായി 9500 ഓളം സഹകരണ സംഘങ്ങളും കൂടുന്ന വളരെ വിപുലമായ ഒരു സഹകരണ ശൃഖല ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന്‌ സുപ്രധാനമായ സ്ഥാനമാണുള്ളത്‌. അഖിലേന്ത്യാ സ്ഥിതി വിശേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം കൂടുതല്‍ വിപുലവും സുശക്തവുമാണ്‌.
സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ കാര്‍ഷിക വികസനത്തിനായുള്ള ജനകീയ ഏജന്‍സികളാണ്‌. ഒരു ഗ്രാമത്തിലെ എല്ലാ വികസന ഏജന്‍സികളും ജനകീയാസൂത്രണത്തിന്റെ അഭിവാജ്യ ഘടകങ്ങളായിരിക്കണമെന്ന കാഴ്‌ചപ്പാട്‌ അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി യോജിച്ചുള്ള സഹകരണ മേഖലയുടെ പ്രവര്‍ത്തനം അനിവാര്യമാകുന്നു. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാലിരിക്കണം എന്ന ചിന്താഗതി അംഗീകരിക്കപ്പെടുമ്പോള്‍ അവയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നിയന്ത്രണം സര്‍വ്വനാശത്തിന്‌ വഴിവയ്‌ക്കുമോ എന്ന്‌ ഭയപ്പെടുന്ന സഹകാരികളും ഉണ്ട്‌. സഹകരണ സ്ഥാപനങ്ങള്‍ ജനാധിപത്യ സ്വയംഭരണ പരമാധികാര, സ്വയംപര്യാപ്‌ത സ്ഥാപനങ്ങളായിരിക്കണമെന്ന തത്വം തദ്ദേശഭരണസ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ അവഗണിക്കപ്പെട്ടുപോകുമെന്നും അവള്‍ ആശങ്കപ്പെടുന്നു.
സഹകരണ സംഘങ്ങളുടെ രുപീകരണം തന്നെ, പൊതുവായി പറഞ്ഞാല്‍ ആസൂത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന സത്യം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകുന്നതാണ്‌. പദ്ധതി ലക്ഷ്യമനുസരിച്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌ തലത്തില്‍ മുന്‍കൈയ്യെടുത്താണ്‌ ഭൂരിഭാഗം സംഘങ്ങളും രൂപീകരിക്കപ്പെട്ടത്‌. സാമൂഹികക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ട്‌ സര്‍ക്കാര്‍ വകുപ്പുകള്‍ എടുത്ത നടപടികളുടെ പരിണത ഫലമായാണ്‌ ഗ്രാമീണ വായ്‌പ മേഖലയില്‍ 70 ശതമാനത്തിനു മുകളിലായിരുന്ന സ്വകാര്യ പണമിടപാടുകാരുടെ പങ്ക്‌ 15 ശതമാനത്തില്‍ ചുവടെയായി കുറയ്‌ക്കുവാന്‍ കഴിഞ്ഞതും സഹകരണ മേഖലയുടെ പങ്ക്‌ 1951-ല്‍ 3.5 ശതമാനം മാത്രമായിരുന്നത്‌ 31 ശതമാനമായി ഉയര്‍ത്തുവാന്‍ സാധിച്ചതും. ബാങ്ക്‌ ദേശവല്‍ക്കരണത്തിനുശേഷം മാത്രമാണ്‌ വാണിജ്യബാങ്കുകള്‍ ഗ്രാമീണ വായ്‌പകള്‍ നല്‍കുവാന്‍ തുടങ്ങിയത്‌. എന്നാല്‍ ബാങ്കിങ്ങ്‌ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുവാന്‍ തുടങ്ങിയതോടുകൂടി വാണിജ്യബാങ്കുകളില്‍ നിന്നുള്ള ഗ്രാമീണ വായ്‌പാ സഹായം വന്‍കിട കര്‍ഷകര്‍ക്ക്‌ മാത്രമായി ചുരുങ്ങുവാന്‍ തുടങ്ങിയിരിക്കുകയാണ്‌. വാണിജ്യബാങ്കുകളുടെ പുതിയ വായ്‌പാ നയത്തിന്റെ ഫലമായി ഉയര്‍ന്നു വന്നിട്ടുള്ള വായ്‌പാ വിടവ്‌ സഹകരണ മേഖലയിലൂടെ നികത്തപ്പെടുന്നില്ലെങ്കില്‍ സ്വകാര്യ പണമിടപാടുകാരുടെ ചൂഷ്‌ണത്തിനും പീഢനങ്ങള്‍ക്കും ചെറുകിട-നാമമാത്ര കര്‍ഷകര്‍ ഇരയാകുന്നതും കര്‍ഷകരുടെ ആത്മഹത്യാ നിരക്ക്‌ ഉയരുകയും ചെയ്യും.
സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ഗ്രാമീണ വികസനത്തിനായുള്ള പ്രധാനപ്പെട്ട ഏജന്‍സി ആയിട്ടാണ്‌ പദ്ധതി ആസൂത്രകര്‍ സഹകരണ പ്രസ്ഥാനത്തെ കണക്കാക്കിയിരുന്നത്‌. ഓരോ അംഗത്തിനു വേണ്ടിയും ഗ്രാമത്തിന്‌ മൊത്തത്തിലായും കാര്‍ഷികോല്‌പാദനത്തിനുള്ള പദ്ധതികള്‍ പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘം തന്നെ തയ്യാറാക്കണമെന്നായിരുന്നു അന്ന്‌ വിവക്ഷിച്ചിരുന്നത്‌. കര്‍ഷകര്‍ക്കാവശ്യമായ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ ലഭ്യമാക്കല്‍, മണ്ണ്‌ പരിശോധനയും മണ്ണ്‌-ജനസംരക്ഷണവും, കാര്‍ഷികോപകരണങ്ങള്‍ വാടകയ്‌ക്ക്‌ നല്‍കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം വിപണനം, ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നിത്യോപയോഗ സാധനങ്ങളുടെ വിതരണം തുടങ്ങീ കാര്‍ഷിക-ഗ്രാമവികസനത്തിന്‌ സഹായങ്ങളായ വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളായിട്ടാണ്‌ പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ കണ്ടിരുന്നത.്‌ ഗ്രാമീണ സമ്പത്ത്‌ ഉല്‌പാദനത്തിനും ഗ്രാമീണരുടെ സാമ്പത്തിക ഉന്നമനത്തിനും പ്രതിബദ്ധതയുള്ള സഹകരണ മേഖലയ്‌ക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട്‌ പുറം തിരിഞ്ഞുനില്‍ക്കുവാന്‍ കഴിയുന്നതല്ല.
സര്‍ക്കാറിന്റെ സംരക്ഷണവും സാമ്പത്തിക സഹായങ്‌ഹളും മൂലമാണ്‌ നമ്മുടെ സഹകരണ പ്രസ്ഥാ നം വളര്‍ന്നു വലുതായത്‌. നിയമപരമായ ചട്ടക്കൂടും സംരക്ഷണ കവചവും ഒരുക്കി സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചിരുന്ന സര്‍ക്കാറിന്‌ സാമ്പത്തിക മേഖലയുടെ പരിഷ്‌കാരങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള രൂക്ഷമായ മത്സരത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്‌. സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ്‌ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന അനിയന്ത്രിത മത്സരത്തിന്റെ ആദര്‍ശം. സഹകരണ മേഖലയുടെ കുത്തകയായിരുന്ന പല മണ്‌ഡലങ്ങളിലും സ്വകാര്യ വിദേശസ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ്‌, സമീപകാലത്തായി, ഉണ്ടായിട്ടുള്ളത്‌. പ്രവര്‍ത്തന ശൈലിയിലോ, ഉല്‍പ്പന്നങ്ങളിലോ, ഇടപാടുകാരെ ആകര്‍ഷിക്കുന്നതിന്‌ കൈക്കൊള്ളുന്ന തന്ത്രങ്ങളിലോ മറ്റ്‌ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയരുവാന്‍ ആന്തരികവും, ബാഹ്യവുമായ നിരവധി കാരണങ്ങളാല്‍ സഹകരണമേഖലയ്‌ക്ക്‌ കഴിയാതെ വരുന്നതിനാല്‍ ശുഷ്‌കമായിക്കൊണ്ടിരിക്കുന്നതും ഗുണമേന്മ കുറഞ്ഞതുമായ ഇടപാടുകാരുടെ അടിത്തറയില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതമാകുന്നു. അപകടമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനചെലവുകള്‍ക്കാവശ്യമായ വരുമാനമുണ്ടാക്കുവാനും വായ്‌പകളിലെ കുടിശികയും നിഷ്‌ക്രിയ ആസ്‌തിയും കൃത്രിമമായി കുറച്ചുകാണിക്കുവാനും ചെറിയ കടക്കാരായ ഗ്രമീണരെ വലിയകടക്കാരാ ക്കിക്കൊണ്ട്‌ വിമുക്തമാകുവാന്‍ കഴിയാത്ത കടക്കെണിയില്‍ പെടുത്തുന്ന സാമൂഹിക വിപത്താണ്‌ ചില വായ്‌പസംഘങ്ങള്‍ വരുത്തിവയ്‌ക്കുന്നത്‌.
സംസ്ഥാനത്തെ അഞ്ചു ജില്ലകളെങ്കിലും അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ അഭിമുഖീകരിച്ചകൊണ്ടിരിക്കുകയാണ്‌,. വിളകളുടെ വിലതകര്‍ച്ച, വ്യാപാര ഉദാരവല്‍ക്കരണം, കാര്‍ഷിക ഉല്‌പന്നങ്ങള്‍ താങ്ങുവില നല്‍കിയോ തറവിലയ്‌ക്കോ വാങ്ങുന്നതില്‍ വിപണന ബോര്‍ഡുകളും സഹകരണസംഘങ്ങളും കാണിക്കുന്ന അലംഭാവം, ബഹുരാഷ്‌ട്ര കുത്തക കമ്പനികളുടെ കടന്നുകയറ്റം, സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുകയോ പിന്‍ വലിക്കുകയോ ചെയ്യല്‍ തുടങ്ങിയ നിരവധി ബാഹ്യകാരണങ്ങളാലാണ്‌ ഈ സ്ഥിതിവിശേഷം സംജാതമായിട്ടുള്ളത്‌. കൃഷിഭൂമി തരിശിടുകയും ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകൃഷിയിലേയ്‌ക്കുളഅള കാര്‍ഷിക ഭൂമിയുടെ ഉപയോഗമാറ്റവും മേല്‍ സൂചിപ്പിച്ച കാരണത്താല്‍ സംഭവിക്കുന്നതാണ്‌. ഇവിടെയാണ്‌ തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹകരണമേഖലകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത്‌.
സഹകരണ തത്വങ്ങളും മൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടും വാണിജ്യസ്വഭാവം നഷ്‌ടപ്പെടുത്താതെയും അംഗങ്ങളോടുള്ള കടപ്പാടും ബാധ്യതയും നിറവേറ്റിക്കൊണ്ടും സാമൂഹിക പരിഷ്‌കരണത്തിലും ഗ്രാമവികസനത്തിലും വ്യാപൃതമായിട്ടുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബന്ധത കുറച്ചുകൂടി വിശാലമായി നിറവേറ്റുവാന്‍ വേണ്ട ശക്തിയും പ്രോത്സാഹനവും തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നതാണ്‌. തദ്ദേശഭരണസ്ഥാപനങ്ങ
ളുടെ ആസൂത്രണവികസന സമിതി നിശ്ചയിക്കുന്ന മുന്‍ഗണനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ സഹകരണ സംഘങ്ങള്‍ക്ക്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളും സഹകരണ മേഖലയുമായുള്ളയ ശക്തവും ആരോഗ്യകരവുമായ കൂട്ടായ്‌മ ഉണ്ടാകുന്നതാണ്‌. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കര്‍ഷതൊഴിലാളികളുടെ സ്വാശ്രയഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ട്‌ മുകളില്‍ സൂചിപ്പിച്ച തരിശുഭൂമി പാട്ടത്തിനെടുത്ത്‌ കൂട്ടുകൃഷി ചെയ്യുന്നതിന്‌ സജ്ജമാക്കുകയും കൃഷിചെലവിനുള്ള വായ്‌പ സഹായം വായ്‌പ സംഘത്തില്‍ നിന്നും ല്യമാക്കി കാര്‍ഷിക ഉല്‍പന്നം വായ്‌പ സംഘം തന്നെ സംഭരിച്ച്‌ വിപണനം നടത്തുകയും ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കാവുന്നതാണ്‌.
പ്രാദേശിക വികസനകാര്യങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക്‌ മുന്തിയ സ്ഥാനമാണിന്നുള്ളത്‌. മുന്‍കാലങ്ങളില്‍ പൊതുമരാമത്തു പണികളില്‍ മാത്രം വ്യാപൃതമായിരുന്ന തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഇന്ന്‌ കൃഷി, കുടില്‍ വ്യവസായം, ഗ്രാമീണ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിത്വം, ജലസേചനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒട്ടുമിക്കതും ഏറ്റെടുക്കുകയും ദാരിദ്രനിര്‍മ്മാര്‍ജന പരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്‌. ഗ്രാമപഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പദ്ധതി തുകയുടെ ഒരു ഭാഗം മാത്രമാണ്‌ ലഭിക്കുന്നത്‌. വിഭവ സഹായത്തിന്‌ പരിമിതികള്‍ ഉള്ളതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നിശ്ചയിക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ നിര്‍ബന്ധിതമാകുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വിഭവ പരിമിതികള്‍ തരണം ചെയ്യുവാന്‍ സഹകരണ വായ്‌പ മേഖലയുടെ പങ്കാളിത്തം സഹായകമാകുന്നതാണ്‌. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളിലെ നിക്ഷേപം രൂ 15000 കോടിയില്‍ അധികമാണ്‌. ഒരു വില്ലേജോ, പഞ്ചായത്തോ, പഞ്ചായത്തിന്റെ ഏതാനും വാര്‍ഡുകള്‍ മാത്രമോ പ്രവര്‍ത്തന മേഖലയുള്ള വായ്‌പ്പാ സംഘങ്ങള്‍ക്ക്‌ ശരാശരി രൂപ 10 കോടിയോളം നിക്ഷേപമുണ്ട്‌. എന്നാല്‍ ഈ നിക്ഷേപം പൂര്‍ണ്ണമായി വായ്‌പ കൊടുക്കുവാന്‍ സാധിക്കാത്തതിനാല്‍ ജില്ല സഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രസ്‌തുത നിക്ഷേപത്തിന്‌ ജില്ലാ ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ നിക്ഷേപകന്‌ പ്രാഥമിക സംഘം നല്‍കുന്ന പലിശനിരക്കിലും കുറവാണുതാനും. സംസ്ഥാന ജില്ല സഹകരണ ബാങ്കുകള്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്ക്‌ അവയുടെ വിഭവം സര്‍ക്കാരിന്‌ നല്‍കുവാന്‍ അനുവാദമില്ല. അതിനാല്‍ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളുടെ മിച്ചഫണ്ടുകള്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക്‌ ലഭിക്കുവാന്‍ സാധ്യതയുള്ളൂ. പ്രാഥമിക സംഘങ്ങള്‍ അവയുടെ നിക്ഷേപത്തിന്റെ 20 ശതമാനം തരളധനമായി സൂക്ഷിക്കേണടത്‌ ജില്ലാസഹകരണ ബാങ്കില്‍ തന്നെ സൂക്ഷിക്കുകയും വായ്‌പ വിതരണത്തിനായുള്ള ഫണ്ടില്‍ മിച്ചമുള്ളത്‌ ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ ശ്രമിക്കുകയും വേണം. പ്രാഥമിക കാര്‍ഷികവായ്‌പ സംഘങ്ങളുടെ വായ്‌പകളില്‍ ഒരു ഭാഗം അംഗങ്ങളുടെ ആഡംഭരത്തിനും പ്രത്യുല്‍പാദനപരമല്ലാത്ത ധൂര്‍ത്തിനുമാണ്‌ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. പ്രസ്‌തു വായ്‌പകളിലെ ക്രഡിറ്റ്‌ റിസ്‌ക്‌ നിലവാരം വളരെ ഉയര്‍ന്നതാണ്‌. പ്രത്യുല്‍പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്കുപയോഗിച്ചു കൊണ്ടിരിക്കുന്ന ഗ്രാമീണ വിഭവം വികസന പരവും ഉല്‍പാദന പരവുമായ ആവശ്യങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ ഉപയോഗിക്കപ്പെടുമ്പോള്‍ ഗ്രാമവികസനവും ഗ്രാമീണരുടെ ക്രയാശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയും. സഹകരണ വായ്‌പ മേഖലക്ക്‌ മറ്റൊരു നേട്ടം കൂടി ഇതിലൂടെലഭിക്കുന്നതാണ്‌. ഇന്ന്‌ ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 60 ശതമാനവും പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ളതാണ്‌. അതുപോലെ തന്നെ സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപത്തില്‍ 94 ശതമാനവും ജില്ലാസഹകരണബാങ്കുകളുടെയും മറ്റുസഹകരണ സ്ഥാപനങ്ങളുടെയും നിക്ഷേപമാണ്‌. പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപം ജില്ലാബാങ്കുകളില്‍ കുറയുകയും തദ്വാര സംസ്ഥാന സഹകരണബാങ്കിന്റെ നിക്ഷേപത്തില്‍ ജില്ലാബാങ്കിന്റെ പങ്കുകുറയുകയും ചെയ്യുമ്പോള്‍ പലിശ ചെലവുകുറവുള്ള സ്വന്ത നിക്ഷേപമായ വ്യക്തിഗത നിക്ഷേപം വര്‍ദ്ധിക്കുവാന്‍ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ആരോഗ്യകരമായ നിക്ഷേപ ഘടനയിലൂടെ നിക്ഷേപ പലിശ ചെലവു കുറയുവാന്‍ ഇത്‌ സഹായകരമാവും.
ഗ്രാമ പഞ്ചായത്തുകളുമായി മേല്‍ സൂചിപ്പിച്ച വിധം ഒരു ബിസിനസ്‌ ബന്ധം പ്രാഥമിക സംഘങ്ങള്‍ ക്ക്‌ സ്ഥാപിച്ചെടുക്കുവാന്‍ ഘടനാപരമായ മാറ്റവും നിയമഭേദഗതിയും ആവശ്യമാണ്‌. ഗ്രാമപഞ്ചായത്തും പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങളുമായുള്ള ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക കാര്‍ഷിക വായ്‌പ സംഘം എന്ന നിലയിലേക്ക്‌ മാറ്റേണ്ടതാണ്‌. പഞ്ചായത്ത്‌ പരിധിക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സംയോജന-ലയനനടപടികളിലൂടെ ഒരു പഞ്ചായത്തിന്‌ ഒരു വായ്‌പാസംഘം എന്ന സ്ഥിതിയിലേക്ക്‌ കൊണ്ടുവരേണ്ടതുണ്ട്‌ ഒരംഗത്തിനു നല്‍കാവുന്ന പരമാവധി വായ്‌പയ്‌ക്കുള്ള പരിധി ഒരോ വായ്‌പ സംഘത്തിന്റെ നിയമാവലിയും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ 2000 ജനുവരി ഒന്നുമുതല്‍ സഹകരണ വായ്‌പ സംഘത്തില്‍ അംഗത്വം നല്‍കുവാന്‍ നിയമ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഗ്രാമ പഞ്ചായത്തിന്‌ നല്‍കാവുന്ന പരമാവധി വായ്‌പ നിയമാവലിയില്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്കുവിധേയമാണ്‌. ഗ്രാമപഞ്ചായത്തിന്‌ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘം നേരിട്ടു നല്‍കാവുന്ന വായ്‌പ അതിന്റെ ഓഹരിമൂലധനവും കരുതലുകളും കൂടുന്ന സ്വന്തമാണ്ടിന്റെ 50 ശതമാനമായി വര്‍ധിപ്പിക്കേണ്ടതാണ്‌. അതോടൊപ്പം ഗ്രാമപഞ്ചായത്ത്‌ പ്രതിനിധിയെ പ്രാഥമിക സംഘത്തിന്റെ ഭരണസമിതയിലേക്കും പ്രാഥമിക സംഘം പ്രതിനിധിയെ ഗ്രാമപഞ്ചായത്തിന്റെ ബോര്‍ഡിലേക്കും എക്‌സ്‌ ഒഫിഷ്യോ ഡയറക്‌ടരാക്കുന്നതിനും നിയമവ്യവസ്‌ത ഉണ്ടാകണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം നില്‍ക്കുന്ന പ്രധാന ഘടകം വിഭവങ്ങളുടെ അപര്യാപ്‌തതയാണെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ പശ്ചാത്തലത്തില്‍ തദ്ദേശഭരണ സ്ഥാപങ്ങളും സഹകരണ മേഖലമായുള്ള ഏകോപനത്തിന്റെ പ്രതക്തി പരിശോധിക്കേണ്ടതുണ്ട്‌. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന വന്‍കിട വികസന പദ്ധിതികള്‍ സാമ്പത്തികമായും വാണിജ്യപരമായും വിജയകരമായി നടത്തുവാന്‍ കഴിയുന്നതാണെന്നും ബോധ്യമായാല്‍ അവയ്‌ക്ക്‌ ജില്ലാസഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രാഥമിക വായ്‌പസംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഉപയോഗിച്ചുകൊണ്ടുള്ളവായ്‌പ നല്‍കാവുന്നതാണ്‌. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രോജക്‌ടുകള്‍ അപ്രൈസല്‍ നടത്തി സാമ്പത്തിക വിജയസാധ്യതയും വാണിജ്യ സാധ്യതയും ബോധ്യപ്പെട്ട്‌ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടവുഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനായി സാങ്കേതിക പിരജ്ഞാനമുള്ള വിദഗ്‌ദ്ധരെ ഉള്‍പെടുത്തി ഒരു പ്രോജക്‌ട്‌ അപ്രൈസല്‍ വിഭാഗം ജില്ലാ ബാങ്കില്‍ രൂപീകരിക്കേണ്ടതാണ്‌. കണ്‍സോര്‍ഷ്യെ വായ്‌പകള്‍ കഴിവതും സര്‍ക്കാര്‍ ഗ്യാരന്റിയിലെ നല്‍കാവൂ. തദ്ദേശ ഭരണ സ്ഥാപനത്തിന്‌ പ്ലാന്‍ ഫണ്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വായ്‌പതുകയുടെ ഒരു ഭാഗവും ബാക്കി മാസ ത്രൈമാസ തവണകളായും അടയ്‌ക്കേണ്ടതാണ.്‌ പദ്ധതിയില്‍ നിന്നുളഅള വരുമാനം അന്നന്നുതന്നെ സംഘത്തില്‍ അടയ്‌ക്കുവാനും അതു ഗ്രാമപഞ്ചായത്തിന്റെ നിക്ഷേപ അക്കൗണ്ടില്‍ വരവുവച്ച്‌ ഗഡുസമയമാകുമ്പോള്‍ വായ്‌പയില്‍ വരവുവയ്‌ക്കുവാനും വ്യവസ്ഥകളും നടപടികളും ഉണ്ടാകണം.
ചെറുകിട ഇടത്തരം പദ്ധതികള്‍ പ്രത്യുല്‍പാദന പരമാണെന്നുതോന്നിയാല്‍ പ്രാഥമിക സംഘത്തിന്‌ നേരിട്ടുവായ്‌പനല്‍കാം. അംഗങ്ങളുടെയും പൊതുജനത്തിന്റെയും നിക്ഷേപമാണ്‌ തദ്ദേശഭരണ സ്ഥാപനത്തിന്‌ പദ്ധതി വായ്‌പയായിനല്‍കുന്നതെന്ന ബോധം സംഘഭരണ സമിതിക്കും പ്രധാനകാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണം. നിക്ഷേപകരോടുള്ള കടപ്പാട്‌ വിസ്‌മരിച്ചുകൊണ്ടുള്ള വിധേയത്വം തദ്ദേശ ഭരണ സ്ഥാപനങ്ങളോട്‌ കാണിച്ചുകൂട. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കുന്ന കാര്‍ഷികാനുബന്ധ പ്രോജക്‌ടുകള്‍ സാമ്പത്തിക പരവും വാണിജ്യപരവും ആയി വിജയിക്കുമെന്ന്‌ ബോധ്യപ്പെടുന്നപക്ഷം സംഘത്തിനുതന്നെ ഏറ്റെടുത്തുനടത്താവുന്നതാണ്‌. പ്രജക്‌ടുകളുടെ ഗുണഭോക്താക്കള്‍ സംഘാംഗങ്ങളോ അംഗങ്ങളാകുവാന്‍ അര്‍ഹതയുള്ളവരോ ആണങ്കില്‍ പ്രോജക്‌ട്‌ വിജയകരമായി നടത്തുവാനുള്ള അനുഭവസമ്പത്തോ സാങ്കേതിക വൈദഗ്‌ധ്യമോ അവര്‍ക്കുണ്ടെന്നും തിരിച്ചടവുമനസ്സുള്ളവരാണെന്നും ബോധ്യപ്പെട്ട ശേഷം തൃപ്‌തികരമായ സെക്യൂരിറ്റിയില്‍ ഗുണഭോക്താക്കള്‍ക്ക്‌ നേരിട്ടും വായ്‌പ നല്‍കാം. ദാരിദ്രനിര്‍മ്മാര്‍ജന പരിപാടികളുമായി ബന്ധപ്പെട്ട സ്‌കീമിലുള്ളതും വാണിജ്യബാങ്കുകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതുമായ പദ്ധതികള്‍ സഹകരണ വായ്‌പ സംഘങ്ങളുടെ മേല്‍ ഏല്‍പ്പിച്ചുകൂട.
സഹകരണ മേഖലയില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌ സഹായ സഹകരണം ലഭിക്കുന്നതുപോലെതന്നെ മറിച്ചുള്ള സഹായങ്ങളും ഉണ്ടാകേണ്ടതുണ്ട്‌. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകളും മറ്റു സഹകരണ വായ്‌പ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നേരിട്ടുനല്‍കുന്ന വായ്‌പകള്‍ക്ക്‌ ഓഹരി അനുപാതം ബാധകമാക്കണം. ജീവനക്ഷമമല്ലാത്ത സംഘങ്ങളുടെ പുനരുദ്ധാരണത്തിനും സംഘങ്ങളുടെ വിപുലീകരണ, വൈവിധ്യവല്‍ക്കരണശ്രമങ്ങള്‍ക്കും ഗ്രാമപഞ്ചായത്തില്‍നിന്നും പദ്ധതിസഹായം ലഭ്യമാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്കുനല്‍ക്കുന്ന സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും പ്രാഥമിക വായ്‌പ സംഘത്തിലൂടെ മാത്രം വിതരണം ചെയ്യണം. ട്രാക്‌ടര്‍ ട്രില്ലര്‍, മെതിയന്ത്രം തുടങ്ങിയ കാര്‍ഷിക യന്ത്രസാമഗ്രികള്‍ പ്രാഥമിക സംഘം വാങ്ങുന്നതിനുള്ള തുക മുഴുവനും ഗ്രാമ പഞ്ചായത്ത്‌ സബ്‌സിഡിയായി നല്‍കണം. പദ്ധതി പ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി വായ്‌പനല്‍കിയ പ്രാഥമിക സംഘത്തെയോ ഏല്‍പിച്ചുകൊണ്ട്‌ വായ്‌പയും വിപണനവുമായി ബന്ധിപ്പിക്കുവാനുള്ള പ്രേരകശക്തിയായി ഗ്രാമപഞ്ചായത്ത്‌ പ്രവര്‍ത്തിക്കണം. പൊതുവിതരണത്തില്‍ ഭാഗബാക്കാകുന്ന സംഘങ്ങള്‍ക്ക്‌ അതിലൂടെ സംഭവിക്കുന്ന വ്യാപാരനഷ്‌ടം നികത്തുവാന്‍ ഗ്രാമപഞ്ചായത്തിന്റെ ബഡ്‌ജറ്റില്‍ തുക വകയിരുത്തണം.
ഉദാരവല്‍ക്കരണ കമ്പോളവല്‍ക്കരണ നയങ്ങളുടെഫലമായി സംജാതമായ മത്സരത്തില്‍ നിന്നും സഹകരണമേഖലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന്‌ സാധിക്കാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്‌ സഹകരണമേഖലയിലെ നല്ല ഇടപാടുകാരെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സഹകരണ വായ്‌പമേഖലയിലെ നിക്ഷേപ-വായ്‌പ വര്‍ദ്ധനനിനനുസൃതമായി വായ്‌പക്കാരുടെയോ നിക്ഷേപകരുടെയോ എണ്ണം വര്‍ധിക്കുന്നില്ല. പ്രാഥമിക തലങ്ങളിലും ജില്ലാതലങ്ങളിലുമുള്ള സഹകരണ വായ്‌പസ്ഥാപനങ്ങളില്‍ മിച്ചഫണ്ടുകളുണ്ട്‌. ഇങ്ങനെയൊരുസ്ഥിതിവിശേഷത്തില്‍ സഹകരണമേഖലയ്‌ക്ക്‌ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധവും യോജിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടായാല്‍ മത്സരമില്ലാത്ത സുരക്ഷിത ബിസിനസ്‌ സാധ്യതകളും കൂടുതല്‍ ജനകീയ അടിത്തറയും ഉണ്ടാവുകയും സാമൂഹികപ്രതിബദ്ധത നിറവേറ്റപ്പെടുകയും ചെയ്യും. പ്രാഥമിക സംഘങ്ങളുടെ വിഭവം വര്‍ധിപ്പിക്കുന്നതിനും അംഗങ്ങള്‍ക്കുനല്‍കുന്ന വായ്‌പകയളിലെ കുടിശിക ഗ്രാമപഞ്ചായത്തിന്റെ സഹായസഹകരണങ്ങളിലൂടെ കുറയ്‌ക്കുന്നതിനും കഴിയും.

ലോകസഹകരണ പ്രസ്ഥാനത്തിലെ കൗതുകകരമായ വസ്‌തുതകള്‍



1. എഡിന്‍ബര്‍ഗിലെ Scottish Midland Co-operative Society ക്കാണ്‌ രാജ്ഞിയുടെ വാഹനത്തിന്റെ റിപ്പയര്‍ ചുമതല.
2. ബ്രിട്ടനിലെ ഏറ്റവും വലിയ കൃഷിക്കാരന്‍ 45,000 ഏക്കറിന്റെ ഉടമയായ Co-operative Wholesale Society യാണ്‌.
3. ജെയിംസ്‌ ബോണ്ട്‌ നായകനായിരുന്ന സീന്‍കോണറി നടനാകുന്നതിന്‌ മുമ്പ്‌ എഡിന്‍ബര്‍ഗ്ഗിലെ സഹകരണ പാല്‍ വിതരണ സംഘത്തിലെ ഡ്രൈവറായാണ്‌ ജീവിതം തള്ളിനീക്കിയിരുന്നത്‌.
4. ലോക പ്രശസ്‌തമായ Lur pak വെണ്ണ ഡെന്‍മാര്‍ക്കിന്റെ സഹകരണ ക്ഷീരമേഖലയുടെ ഉല്‌പന്നമാണ്‌.
5. അമേരിക്കയിലെ മൂന്നിലൊന്ന്‌ പൗരന്മാര്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്‌.
6. 1973 ല്‍ ആദ്യമായി സൗജന്യ ബാങ്ക്‌ അക്കൗണ്ടുകള്‍ ആരംഭിച്ച ആദ്യത്തെ ക്ലിയറിംഗ്‌ ബാങ്ക്‌ ബ്രിട്ടനിലെ The Co-operative Bank ആണ്‌
7. ബ്രിട്ടനിലെ Gold credit Card കളില്‍ ഏറ്റവും പ്രചാരമുള്ളത്‌ The Co-operative Bank ന്റെ Gold card നാണ്‌.
8. ബ്രിട്ടനിലെ സഹകരണസംഘങ്ങള്‍ ഒരു വര്‍ഷം 20 ദശലക്ഷം കുപ്പി വൈന്‍ വില്‌ക്കുന്നുണ്ട്‌.
9. പോര്‍ച്ചുഗലിലെ ഒരു കണ്‍സ്യൂമര്‍ സംഘത്തിന്‌ റോക്‌ഡയില്‍ പയനീയേഴ്‌സിനെ സ്‌മരിച്ചുകൊണ്ട്‌ Novas Pioneers എന്ന്‌ പേരിട്ടിരിക്കുന്നു.
10. സ്വീഡനിലെ വനവിഭവ വ്യവസായം മുഴുവനും സഹകരണ സംഘങ്ങളാണ്‌ നടത്തിവരുന്നത്‌.
11. ജപ്പാനിലെ ചക്രവര്‍ത്തിയുടെ പാലസില്‍ ജീവനക്കാരുടെ ഒരു സഹകരണ സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌.
12. ഇറ്റലിയിലെ വടക്ക്‌ ഇമോള (Imola)എന്ന പട്ടണത്തിന്റെ വരുമാനത്തില്‍ പകുതിയിലധികം സഹ കരണ സംഘങ്ങളുടെ ബിസിനസ്സില്‍ നിന്നുള്ളതാണ്‌.
13. യൂറോപ്പില്‍ സഹകരണ മേഖല. 1.8 ദശലക്ഷം പേര്‍ക്ക്‌ ജോലി നല്‍കുന്നു.
14. ജപ്പാനിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്‌ യൂണിയനുകള്‍ സഹകരണ സംഘങ്ങളായാണ്‌ പ്രവര്‍ത്തി ച്ചുവരുന്നത്‌.
15. ലോകത്തിലെ ഏറ്റവും വലിയ 10 നിക്ഷേപസ്ഥാപനങ്ങളില്‍ ഒന്നാണ്‌ ജപ്പാനിലെ കര്‍ഷകരുടെ ഇന്‍ഷൂറന്‍സ്‌ സംഘമായ Zenkyoren.
16. ഷോര്‍ട്ട്‌ ഹാന്റ്‌ രീതി കണ്ടുപിടിച്ച സര്‍ ഐസക്‌ പിറ്റ്‌മേന്റ സഹോദരനായ ഹെന്റി പിറ്റ്‌മാനാണ്‌ 1860 ല്‍ ആദ്യത്തെ സഹകരണ പ്രസിദ്ധീകരണമായ The Co-operator ആരംഭിച്ചത്‌.
17. വന്‍കിട വൈദ്യുത ഉല്‌പാദക കമ്പനികള്‍ തങ്ങള്‍ക്ക്‌ വൈദ്യുതി വിതരണം ചെയ്യുന്നില്ലെന്നു വന്നപ്പോഴാണ്‌ അമേരിക്കയിലെ കര്‍ഷകര്‍ സ്വന്തമായി Rural Electrical Co-operatives ആരംഭിച്ചത്‌.
18. കാനഡയില്‍ ഉല്‌പാദിപ്പിക്കുന്ന ഗോതമ്പ്‌ മുഴുവനും സഹകരണസംഘങ്ങളാണ്‌ വില്‌പന നടത്തുന്നത്‌.
19. ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സഹകരണ മേഖലയുള്ളത്‌ ജപ്പാനിലാണ്‌.
20. ഓരോ വര്‍ഷവും 1,70,000 മരണാനന്തര ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ട്‌ ബ്രിട്ടന്റെ സഹ കരണ സംഘങ്ങള്‍.
21. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്ക്‌ ഫ്രഞ്ചുകര്‍ഷകരുടെ സഹകരണ സംഘമായ Credit Agricole ആണ്‌.
22. ഇറ്റലിയില്‍ ഭക്ഷ്യോല്‌പന്നങ്ങളുടെ വിതരണം ഏറ്റവുമധികം നടത്തുന്നത്‌ സഹകരണ സംഘ ങ്ങളാണ്‌.
23. London Symphony Orchestra, Philharmonic, London Philharmonic എന്നിവ സഹകരണ സ്ഥാപനങ്ങ ളാണ്‌ നടത്തുന്നത്‌.
24. ലോക പ്രശസ്‌തമായ അമേരിക്കയിലെ റിപ്പോര്‍ട്ടിങ്ങ്‌ ഏജന്‍സിയായ Associated Press (AP) ഒരു സഹകരണ സ്ഥാപനമാണ്‌.
25. സ്വിറ്റ്‌സര്‍ലന്റിലെ കൂറ്റന്‍ കണ്‍സ്യൂമര്‍ സംഘങ്ങളാണ്‌ Co-op. Suisse, Migros എന്നിവ.

മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ ആരും അവകാശപ്പെടുകയില്ല. നാളിതുവരെ കടന്നുചെല്ലാന്‍ കഴിയാത്ത ഒട്ടേറെ മേഖലകള്‍ ഇനിയും ബാക്കിയുണ്ട്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ‍സങ്കീര്‍ണ്ണമാകുന്ന ആധുനിക കാലഘട്ടത്തില്‍ പുതിയ ദൗത്യം എറ്റെടുക്കാന്‍ സഹകരണ പ്രസ്ഥാനത്തിന്‌ കരുത്തുണ്ടാവണം
.

സഹകരണമേഖലയും വെല്ലുവിളികളും



സഹകരണ തത്വങ്ങള്‍ക്ക്‌ മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്‌. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ്‌ സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക്‌ മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്‌തിട്ടുള്ളത്‌ സഹകരണ തത്വത്തിന്റെ പ്രയോഗമാണ്‌.
1904 ല്‍ ആവിര്‍ഭവിച്ച ഇന്ത്യന്‍ സഹകരണ രംഗം 102 വര്‍ഷം പിന്നിടുമ്പോള്‍ 20 കോടിയിലേറെ അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു.കൈത്തറി തുണികള്‍, പാലുല്‍പാദനം, പഞ്ചസാര എന്നിവയില്‍ അന്‍പതു ശതമാനത്തിലേറെ ഉല്‍പാദനം സഹകരണ മേഖലയിലാണുള്ളത്‌.
സംസ്ഥാന സഹകരണ ബാങ്കുകള്‍ ജില്ലാ സഹകരണബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, സംസ്ഥാന ഭൂവികസന ബാങ്ക്‌ എന്നിവ അടങ്ങുന്ന ഇന്ത്യയിലെ അതിവിപുലമായ സഹകരണ ശൃംഖല നിലനിര്‍ത്താനും, അവയെ ശക്തിപ്പെടുത്താനും മുന്‍ഗണനയും ബോധപൂര്‍വ്വമായ പരിശ്രമങ്ങളും ഉണ്ടാകേണ്ടത്‌ മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്‌.

സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം പഞ്ചവത്സര പദ്ധതികളില്‍ സഹകരണത്തിനു പ്രമുഖ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നു 1991-92 നു ശേഷം ആസൂത്രണ വികസന പദ്ധതികളില്‍ സഹകരണത്തിനു മുഖ്യ സ്ഥാനം നല്‍കപ്പെടുന്നില്ല. ലാഭക്കൊതിയുടെയും മത്സരത്തിന്റെയും മുഖമില്ലാതിരുന്ന സഹകരണ സ്ഥാപനങ്ങള്‍ കമ്പോളത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും മത്സരിച്ച്‌ നിലകൊള്ളണമെന്നുമാണ്‌ പുതിയ സിദ്ധാന്തം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വരുന്ന മാറ്റങ്ങള്‍ക്ക്‌, പല കാരണങ്ങള്‍ കൊണ്ടും അതിവേഗം ഇരയായി കൊണ്ടിരിക്കുന്ന പ്രദേശമാണ്‌ കേരളം. സാമ്പത്തിക ഉദാരവല്‍ക്കണ സമീപനത്തിനനുസൃതമായ ഒരുപാട്‌ മാറ്റങ്ങള്‍ കേരളത്തില്‍ വന്നു കൊണ്ടിരിക്കുന്നു.പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, പൊതുവിതരണ സമ്പ്രദായം എന്നീ മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക്‌ മുന്‍കാലങ്ങളിലെപ്പോലെ പ്രാഥമിക പരിഗണന നല്‍കാത്തത്‌ സാമൂഹിക ജീവിതാവസ്ഥയെയും, സാധാരണ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.
പൊതു മേഖലയും കാര്‍ഷിക രംഗവും, പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. കാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ കുറയുകയും, കാര്‍ഷിക മേഖല വന്‍തകര്‍ച്ചയെ നേരിടുകയാണ്‌. സബ്‌സിഡി നിര്‍ത്തലാക്കിയതും, പൊതു വിതരണ സമ്പ്രദായം ദുര്‍ബലമായതും ഭക്ഷ്യ സുരക്ഷയ്‌ക്കു ഭീഷണിയായിരിക്കുന്നു.
കൃഷിയെ കാര്‍ഷിക വ്യവസായമാക്കി പുന:സംഘടിപ്പിക്കുകയും ഉല്‍പാദനോപാധികളുടെ നിര്‍മ്മാണം മുതല്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, വിതരണവും വരെയുള്ള സമഗ്രമായ കാര്‍ഷിക-വ്യവസായ ശൃംഖല പടുത്തുയര്‍ത്തുകയും വേണം. കാര്‍ഷിക ചരക്കുകള്‍ സംസ്‌കരിച്ച്‌ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ ഉല്‌പാദകരുടെയും, ഉപഭോക്താക്കളുടെയും സംയുക്ത സഹകരണ സ്ഥാപനങ്ങളും പൊതു മേഖലയില്‍ കാര്‍ഷിക ഭക്ഷ്യ വ്യവസായങ്ങളും ആരംഭിക്കുന്നത്‌ കാര്‍ഷിക പ്രതിസന്ധിക്ക്‌ കുറെയേറെ പരിഹാരമാകുന്നതാണ്‌.

സഹകരണ മേഖല ഇന്ത്യയില്‍ ഏറ്റവും ശക്തമായിട്ടുള്ളത്‌ കേരളത്തിലാണ്‌. മൊത്തം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ മൂന്നു ശതമാനത്തില്‍ കുറവു മാത്രമാണ്‌ കേരളത്തിലുള്ളതെങ്കിലും, നിക്ഷേപങ്ങളുടെ കണക്കില്‍ കേരളമാണ്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. വായ്‌പാ രംഗത്ത്‌ സംസ്ഥാനം ഒട്ടേറെ മുന്നേറിയിട്ടുണ്ടെങ്കിലും, വായ്‌പേതര മേഖലകളില്‍ ഇന്നും പുറകിലാണുള്ളത്‌. പരമ്പരാഗത മേഖലകളിലെ സഹകരണ സംഘങ്ങള്‍ പലതും പ്രവര്‍ത്തന രഹിതവുമാണ്‌.കയര്‍, കൈത്തറി, ബീഡി, കശുവണ്ടി, ഓട്‌ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ രൂക്ഷമായ കമ്പോള മാന്ദ്യത്തെ നേരിടുകയാണ്‌. ഈ രംഗത്തെ തൊഴിലാളികളുടെ സ്ഥിതിയും അത്യന്തം ദയനീയമാണ്‌.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത ബാങ്കിംങ്‌ മേഖലയിലാണ്‌. വര്‍ദ്ധിച്ച കാര്യക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചിലവ്‌, വേഗത കൂടിയ കസ്റ്റമര്‍ സര്‍വ്വീസ്‌ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ ബാങ്കിംങ്‌ പരിഷ്‌കരണ നടപടികള്‍ക്കൊപ്പം ഉയര്‍ത്തിപ്പിടിക്കുന്നത്‌. പലിശ നിരക്കില്‍ തുടര്‍ച്ചയായി വരുന്ന ഏറ്റക്കുറച്ചിലുകളും, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇന്‍ഷ്യൂറന്‍സ്‌, ബിസിനസ്‌, ഓഹരി രംഗങ്ങളിലെ നിക്ഷേപ സാധ്യതകളും സഹകരണ ബാങ്കിംങ്‌ ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്‌. കുറഞ്ഞ നിക്ഷേപങ്ങള്‍ കൂടുതല്‍ ആര്‍ജ്ജിച്ചുകൊണ്ടും, സ്വരൂപിക്കപ്പെടുന്ന നിക്ഷേപം ലാഭകരമായി വിനിയോഗിച്ചു കൊണ്ടും മാത്രമേ ഈ പ്രവണതയെ നേരിടാന്‍ കഴിയൂ.
വായ്‌പയുടെ പലിശയിലും കുറവു വരുകയാണ്‌. പലിശ വരുമാനം കൊണ്ടു മാത്രം ബാങ്കുകള്‍ ലാഭകരമായി നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. വിതരണം ചെയ്യുന്ന വായ്‌പകളില്‍ കുടിശ്ശിക വര്‍ദ്ധിക്കുന്നത്‌ സുരക്ഷിതത്വത്തിനു ഭീഷണിയാണ്‌. കാര്‍ഷിക മേഖലയിലെ മുരടിപ്പ്‌ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള തിരിച്ചടവു ശേഷിയെ ദുര്‍ബലപ്പെടുത്തുകയും നിഷ്‌ക്രിയ ആസ്‌തി വര്‍ദ്ധിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്യുന്നു.സഹകരണ വായ്‌പകള്‍ ആകര്‍ഷകമാക്കി കൊണ്ടും, വായ്‌പേതരമായ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു കൊണ്ടും ഈ തിരിച്ചടികളെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ട്‌.
സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്‌ ആധുനിക സാങ്കേതിക അറിവിനെയും മേചിപ്പിക്കേണ്ടിയിരിക്കുന്നു. നാടിനു ചേര്‍ന്ന വിവര സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവ കുറഞ്ഞ ചെലവില്‍ സഹകരണ മേഖലക്ക്‌ ലഭ്യമാക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്‌. അതോടൊപ്പം മത്സരാധിഷ്‌ഠിത യാഥാര്‍ത്ഥ്യം കണക്കിലെടുത്തുകൊണ്ട്‌ സഹകാരികള്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും, ജീവനക്കാര്‍ക്കും പ്രൊഫഷണല്‍ മാനേജ്‌മെന്റില്‍ ഫലപ്രദമായ പരിശീലനം നല്‍കുകയും ചെയ്യണം.

സഹകരണ തത്വങ്ങള്‍ക്ക്‌ മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്‌. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ്‌ സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക്‌ മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്‌തിട്ടുള്ളത്‌ സഹകരണ തത്വത്തിന്റെ പ്രയോഗമാണ്‌.
പ്രതിസന്ധികളെ അതിജീവിച്ച്‌ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രാധാന്യം നല്‍കി കൊണ്ടാണ്‌ 19ാം നൂറ്റാണ്ടില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്‌. ഇതിന്റെ പ്രവര്‍ത്തന സീമ നിര്‍മ്മാണം, വിതരണം, ബേങ്കിംങ്‌, വിപണനം, ഭവനനിര്‍മ്മാണം, ഇന്‍ഷൂറന്‍സ്‌ തുടങ്ങിയ നാനാവിധ മേഖലകളിലേക്ക്‌ വ്യാപിക്കപ്പെട്ടിരിക്കുന്നു. സഹകരണ മേഖലയുടെ ലക്ഷ്യവും കാഴ്‌ചപ്പാടും സാമ്പത്തികം മാത്രമല്ല സാമൂഹികവും കൂടിയാകുമ്പോള്‍ 21-ാം നൂറ്റാണ്ടില്‍ ആഗോളവല്‍ ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഭാഗമായുണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്‌.
മദ്ധ്യ വര്‍ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തിക വിഭവങ്ങള്‍ സാമൂഹിക പുരോഗതിക്ക്‌ ഉപയുക്തമാക്കുന്ന വിധത്തില്‍, സഹകരണ സംഘങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നതാണ്‌ മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തം.
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ മുതലാളിത്വത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്കും കമ്യൂണിത്തിലേക്കുമുള്ള പരിവര്‍ത്തനങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങളാണ്‌ സഹകരണ സംഘങ്ങളെന്ന്‌ ലെനിന്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്‌.
കുടുംബശ്രീ പോലെയുള്ള സ്‌ത്രീ ശക്തി കേന്ദ്രങ്ങള്‍ വഴി നടത്തുന്ന നിശബ്‌ദ ഉല്‍പാദന, സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കി കൊണ്ട്‌ വനിതകളുടെ ശാക്തീകരണത്തിനുള്ള കടമ നിര്‍വഹിക്കുന്നതിനും സഹകരണ മേഖല മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു.
സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി വര്‍ഗ്ഗ രഹിത സമൂഹം സൃഷ്‌ടിക്കാമെന്നതാണ്‌ സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാട്‌. സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശകമായിട്ടുള്ള സഹകരണ തത്ത്വങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. സാമ്രാജ്യത്വ ആഗോള വല്‍ക്കരണ തന്ത്രങ്ങളുടെ ഭാഗമായി സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വരുന്ന കനത്ത വെല്ലുവിളികളെ നേരിടുന്നതിനു ചെറുത്തു നില്‍പ്പിന്റെ ജനകീയ രൂപമായും സഹകരണ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്‌. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ അതിജീവനത്തിന്റെ പുതിയ പാതയൊരുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്‌.