ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ തടഞ്ഞത് ഉമ്മന്‍ചാണ്ടി: വയലാര്‍ രവി
രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തത് എ ഗ്രൂപ്പുകാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി. എ കെ ആന്റണിയാണ് രമേശ്ചെന്നിത്തലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം സമ്മതിച്ചു. എന്നാല്‍, ഈ തീരുമാനം കേരളത്തില്‍ എത്തിയപ്പോള്‍ എ ഗ്രൂപ്പുകാര്‍ അട്ടിമറിച്ചെന്നും വയലാര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ, ഉപമുഖ്യമന്ത്രിസ്ഥാനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സ്വയം നിരാകരിച്ചതാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ എ കെ ആന്റണിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി പദം ചെന്നിത്തലയ്ക്കു നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി. അബദ്ധം കാണിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോട് സുഹൃത്തുക്കള്‍ ഉപദേശിച്ചു. ഇതേ തുടര്‍ന്നാണ് തീരുമാനം അട്ടിമറിക്കപ്പെട്ടത്. ഉപമുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തലയും തീരുമാനിച്ചു. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്നും അതില്‍ തനിക്ക് പരിഭവമില്ലെന്നും വയലാര്‍ രവി പറഞ്ഞു.
ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടി നിഷേധിക്കുകയായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരാണ് ആദ്യം വെളിപ്പെടുത്തിയത്. ആരോപണം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ഉപമുഖ്യമന്ത്രിപദം ചെന്നിത്തല നിരാകരിക്കുകയായിരുന്നെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടന്നത് സത്യമാണെങ്കിലും നിര്‍ദേശം വേണ്ടെന്നുവച്ചത് ചെന്നിത്തല തന്നെയാണ് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. മന്ത്രിസഭാ പുനഃസംഘടനാ വേളയിലും ചെന്നിത്തല തീരുമാനം മാറ്റിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ആഭ്യന്തരമന്ത്രി പദം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയത് മുഖ്യമന്ത്രിക്ക് "നിന്ന് ഭരിക്കാന്‍" സാധിക്കാത്തതു കൊണ്ടായിരിക്കുമെന്നും രവി പരിഹസിച്ചു. ഉമ്മന്‍ചാണ്ടി എല്ലാ ജോലിയും ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒപ്പിടുന്നതു പോലും നിന്നുകൊണ്ടാണ്. സമുദായ സംഘടനകള്‍ നിര്‍ദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല മന്ത്രിമാരെ നിശ്ചയിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത്. സമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്താണ് നിശ്ചയിച്ചതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞത് അറിയില്ല. മന്ത്രിസഭാ പുനഃസംഘടനയില്‍ തനിക്ക് പങ്കില്ല. അതിനാല്‍ ഇതിനെ കുറിച്ച് അറിയില്ലെന്നും സുകുമാരന്‍നായരോടു തന്നെ ചോദിക്കണമെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ കാഴ്ചപ്പാടു കൊണ്ടും കരുത്തുകൊണ്ടും ഒന്നാമന്‍ കെ കരുണാകരനാണ്. ഘടകകക്ഷികളെയും ജാതിസംഘടനകളെയും വേണ്ടിടത്തു നിര്‍ത്താന്‍ അദ്ദേഹത്തിന് മികച്ച കഴിവുണ്ടായിരുന്നെന്നും വയലാര്‍ രവി അനുസ്മരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ